ഇരട്ട ശതകം നേടി കെയിന്‍ വില്യംസണ്‍, ന്യൂസിലാണ്ടിന്റെ പടുകൂറ്റന്‍ സ്കോര്‍

ടോം ലാഥം(161), ജീത്ത് റാവല്‍(132) എന്നിവരുടെ ശതകങ്ങള്‍ക്ക് ശേഷം നായകന്‍ കെയിന്‍ വില്യംസണ്‍ ഇരട്ട ശതകം നേടിയ മത്സരത്തില്‍ പടുകൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ന്യൂസിലാണ്ട്. ബംഗ്ലാദേശേിനെ 234 റണ്‍സിനു പുറത്താക്കിയ ശേഷം 715/6 എന്ന സ്കോറാണ് ന്യൂസിലാണ്ട് നേടിയത്. വില്യംസണ്‍ 200 റണ്‍സ് നേടിയതോടെ ന്യൂസിലാണ്ട് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ ഡിക്ലറേഷന്‍ നടത്തുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ സ്കോറാണ് ഇന്ന് ന്യൂസിലാണ്ട് ഹാമിള്‍ട്ടണില്‍ നേടിയത്.

വില്യംസണ്‍ 200 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നീല്‍ വാഗ്നര്‍(47), ബിജെ വാട്ളിംഗ്(31) എന്നിവര്‍ക്ക് പുറമെ വെടിക്കെട്ട് പ്രകടനവുമായി കോളിന്‍ ഡി ഗ്രാന്‍ഡോം അടിച്ച് തകര്‍ക്കുകയായിരുന്നു. 53 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് ഗ്രാന്‍ഡോം പുറത്താകാതെ നിന്നത്. സൗമ്യ സര്‍ക്കാര്‍, മെഹ്ദി ഹസന്‍ എന്നിവര്‍ ന്യൂസിലാണ്ടിനായി 2 വീതം വിക്കറ്റ് നേടി.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പെടാപ്പാട് പെടുന്ന ബംഗ്ലാദേശ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 174/4 എന്ന നിലയിലാണ്. 307 റണ്‍സ് ഇനിയും ന്യൂസിലാണ്ടിനെ ബാറ്റ് ചെയ്യിക്കുവാന്‍ നേടേണ്ട ബംഗ്ലാദേശിനു വേണ്ടി തമീം ഇക്ബാല്‍ 74 റണ്‍സുമായി തിളങ്ങി. ആദ്യ ഇന്നിംഗ്സില്‍ തമീം ശതകം(126) നേടിയിരുന്നു.

48 റണ്‍സ് നേടി അഞ്ചാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാര്‍(39*) മഹമ്മുദുള്ള(15*) കൂട്ടുകെട്ടാണ് ക്രീസില്‍ നില്‍ക്കുന്നത്. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് രണ്ടും ടിം സൗത്തി, നീല്‍ വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മികച്ച തുടക്കം കൈവിട്ടത് നിരാശാജനകം

ന്യൂസിലാണ്ടിനെതിരെ മികച്ച തുടക്കത്തിനു ശേഷം ടീം തകര്‍ന്നത് വളരെ നിരാശാജനകമായ കാര്യമെന്ന് പറഞ്ഞ് തമീം ഇക്ബാല്‍. 121/1 എന്ന മികച്ച നിലയില്‍ ഹാമിള്‍ട്ടണ്‍ ടെസ്റ്റിന്റെ ആദ്യം ദിവസം ഉച്ച ഭക്ഷണത്തോടടുത്ത് നിലകൊണ്ടിരുന്ന ബംഗ്ലാദേശ് പിന്നീട് 234 റണ്‍സിനു ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തമീം ഇക്ബാല്‍ 128 പന്തില്‍ നിന്ന് 126 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് തിളങ്ങാനാകാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

ദിവസം മുഴുവന്‍ ബാറ്റ് ചെയ്യുക എന്നതായിരുന്നു ബംഗ്ലാദേശ് ചെയ്യേണ്ടിയിരുന്നതെന്ന് തമീം പറയുകയായിരുന്നു. വിക്കറ്റ് ഇനിയങ്ങോട്ട് ബാറ്റിംഗിനു എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ടീം 234 റണ്‍സിനു പുറത്തായത് തിരിച്ചടിയാണ്. 350-400 റണ്‍സ് വരെ നേടേണ്ടതായിരുന്നു ഏറ്റവും പ്രധാനമെന്നും തമീം പറഞ്ഞു.

ശതകം നേടിയ താന്‍ പോലും ടീമിന്റെ അവസ്ഥയില്‍ ദുഖിതനായിരുന്നുവെന്നാണ് തമീം ഇക്ബാല്‍ പറഞ്ഞത്. ന്യൂസിലാണ്ട് മികച്ച രീതിയി‍ല്‍ പല ഘട്ടങ്ങളായാണ് പന്തെറിഞ്ഞത്. അതിനാല്‍ തന്നെ ബംഗ്ലാദേശിനു നിലയുറപ്പിക്കുവാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും ടീമിനു അത് മുതലാക്കാനായില്ലെന്നും തമീം പറഞ്ഞു.

തമീം ഇക്ബാല്‍ ശതകത്തിനു ശേഷം തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്

ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ടോപ് ഓര്‍ഡറില്‍ തമീം ഇക്ബാല്‍ മികച്ചൊരു ശതകവുമായി പൊരുതിയെങ്കിലും ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ നീല്‍ വാഗ്നറും ടിം സൗത്തിയും കൂടി തകര്‍ത്തെറിഞ്ഞപ്പോള്‍ 234 റണ്‍സിനു ഓള്‍ഔട്ട് ആയി സന്ദര്‍ശകര്‍. ഒരു ഘട്ടത്തില്‍ 180/4 എന്ന നിലയില്‍ നിന്ന് തമീം പുറത്തായ ശേഷം 54 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റാണ് ബംഗ്ലാദേശിനു നഷ്ടമായത്.

128 പന്തില്‍ നിന്ന് 126 റണ്‍സ് നേടിയ തമീം 21 ഫോറുകളാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. ലിറ്റണ്‍ ദാസ്(29), ഷദ്മാന്‍ ഇസ്ലാം(24), മഹമ്മദുള്ള(22) എന്നിവര്‍ ചെറുത്ത് നില്പിനു ശ്രമിച്ചുവെങ്കിലും അധിക നേരം ക്രീസില്‍ നില്‍ക്കാനാകാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി. ന്യൂസിലാണ്ടിനു വേണ്ടി നീല്‍ വാഗ്നര്‍ അഞ്ചും ടിം സൗത്തി മൂന്നും വിക്കറ്റാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 86/0 എന്ന ശക്തമായ നിലയില്‍ നിലകൊള്ളുകയാണ്. 51 റണ്‍സുമായി ജീത്ത് റാവലും 35 റണ്‍സ് നേടി ടോം ലാഥവുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ലാഥം റണ്ണെടുക്കുന്നതിനു മുമ്പ് നല്‍കിയ അവസരം സൗമ്യ സര്‍ക്കാര്‍ കൈവിട്ടപ്പോള്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റാണ് എബാദത്ത് ഹൊസൈനു നഷ്ടമായത്. ബംഗ്ലാദേശ് സ്കോറിനു 148 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നതെങ്കിലും രണ്ടാം ദിവസം അവര്‍ അനായാസം അത് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നാലോവര്‍, പത്ത് റണ്‍സ്, രണ്ട് വിക്കറ്റ്, അഫ്രീദിയുടെ മികവില്‍ കോമില്ല വിക്ടോറിയന്‍സ്

ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 7 വിക്കറ്റ് ജയവുമായി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗിനെ 116 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് മത്സരം 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിക്ടോറിയന്‍സ് വിജയിച്ചത്. മഴ മൂലം 19 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഷാഹിദ് അഫ്രീദിയുടെ ബൗളിംഗാണ് ചിറ്റഗോംഗിനെ വരിഞ്ഞു മുറുക്കിയത്.

4 ഓവറില്‍ 10 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തിയ അഫ്രീദിയ്ക്കൊപ്പം മുഹമ്മദ് സൈഫുദ്ദീന്‍, വഹാബ് റിയാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ മൊസ്ദേക്ക് ഹൊസൈനും 33 റണ്‍സ് നേടിയ മുഹമ്മദ് ഷെഹ്സാദ്ദുമാണ് ചിറ്റഗോംഗ് വൈക്കിംഗ്സിനു വേണ്ടി തിളങ്ങിയത്. 8 വിക്കറ്റ് നഷ്ടത്തിലാണ് 116 റണ്‍സ് ചിറ്റഗോംഗ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ലയ്ക്ക് വേണ്ടി തമീം ഇക്ബാല്‍ പുറത്താകാതെ 54 റണ്‍സും ഷംസൂര്‍ റഹ്മാന്‍ 36 റണ്‍സും നേടി വിജയം ഉറപ്പാക്കുകയായിരുന്നു. 16.4 ഓവറിലാണ് ടീമിന്റെ വിജയം. വൈക്കിംഗ്സിനു വേണ്ടി അബു ജയേദ് രണ്ട് വിക്കറ്റ് നേടി.

ഫോമിലേക്കുയര്‍ന്ന് തമീം ഇക്ബാല്‍, വിജയം കുറിച്ച് കോമില്ല വിക്ടോറിയന്‍സ്

ജൂനൈദ് സിദ്ദിക്കിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി തമീം ഇക്ബാല്‍ തിളങ്ങിയപ്പോള്‍ ഖുല്‍ന ടൈറ്റന്‍സിനെതിരെ വിജയം കരസ്ഥമാക്കി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സ് 181/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി വിക്ടോറിയന്‍സ് വിജയം ഉറപ്പാക്കുകയായിരുന്നു.

സിദ്ദിക്ക്(70), അല്‍-അമീന്‍(32) ദാവീദ് മലന്‍(29) എന്നിവരാണ് ഖുല്‍ന നിരയില്‍ തിളങ്ങിയത്. വിക്ടോറിയന്‍സിനു വേണ്ടി അഫ്രീദി 3 വിക്കറ്റും വഹാബ് റിയാസ് രണ്ടും വിക്കറ്റ് നേടി.

42 പന്തില്‍ 73 റണ്‍സ് നേടിയ തമീം ഇക്ബാലിനും 40 റണ്‍സ് നേടിയ അനാമുള്‍ ഹക്കിനും ശേഷം ഇമ്രുല്‍ കൈസ് 28 റണ്‍സ് നേടിയെങ്കിലും വിക്കറ്റുകള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വീണത് വിക്ടോറിയന്‍സ് ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാല്‍ തിസാര പെരേര 18 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

8 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

വിന്‍ഡീസ് നല്‍കിയ 199 റണ്‍സ് വിജയ ലക്ഷ്യം 38.3 ഓവറില്‍ സ്വന്തമാക്കി ബംഗ്ലാദേശ്. 2 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി വിജയം സ്വന്തമാക്കുമ്പോള്‍ പരമ്പരയും ബംഗ്ലാദേശ് 2-1നു നേടി. തമീം ഇക്ബാല്‍(81*), സൗമ്യ സര്‍ക്കാര്‍(80) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും കീമോ പോള്‍ ആണ് വീഴ്ത്തിയത്. ലിറ്റണ്‍ ദാസ്(23) പുറത്തായപ്പോള്‍ വിജയ സമയത്ത് തമീമിനൊപ്പം മുഷ്ഫിക്കുര്‍ റഹിം 16 റണ്‍സുമായി പുറത്താകാതെ നിന്നു.

4 വിക്കറ്റ് നേടിയ മെഹ്ദി ഹസന്‍ കളിയിലെ താരമായപ്പോള്‍ വിന്‍ഡീസ് നിരയില്‍ 108 റണ്‍സുമായി പുറത്താകാതെ പൊരുതിയ ഷായി ഹോപാണ് പരമ്പരയിലെ താരം. കഴിഞ്ഞ മത്സരത്തിലും പുറത്താകാതെ നേടിയ 146 റണ്‍സുമായി ഷായി ഹോപ് വിന്‍ഡീസ് ജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ടീമിലെ സഹതാരങ്ങളുടെ മോശം പ്രകടനം വിനയാകുകയായിരുന്നു.

തമീം ഇല്ല, ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയും

ഐപിഎല്‍ ലേലത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ മാത്രം. മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയുമാണ് ഈ താരങ്ങള്‍. അതേ സമയം ഓപ്പണര്‍ തമീം ഇക്ബാലിനു ലേലത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിയ്ക്കാനായില്ല. ഷാക്കിബ് അല്‍ ഹസനെ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിലനിര്‍ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല.

അഫ്ഗാനിസ്ഥാനില്‍ നിന്ന് എട്ട് താരങ്ങളും അേരിക്കയില്‍ നിന്ന് മുഹമ്മദ് ഖാനും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്‍ ലേലം ഡിസംബര്‍ 18നു ജയ്പൂരില്‍ നടക്കും.

അര്‍ദ്ധ ശതകങ്ങളുമായി മുഷ്ഫിക്കുര്‍ റഹിമും തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും

വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു 255 റണ്‍സ്. ഷാക്കിബ് അല്‍ ഹസനും തമീം ഇക്ബാലും മുഷ്ഫിക്കുര്‍ റഹിമും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. മഹമ്മദുള്ളയും(30) നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി. ബംഗ്ലാദേശിനു വേണ്ടി മുഷ്ഫിക്കുര്‍ റഹിം 62 റണ്‍സ് നേടി പുറത്തായപ്പോള്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 50 റണ്‍സ് നേടി പുറത്തായി. ഷാക്കിബ് അല്‍ ഹസന്‍ 65 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

വിന്‍ഡീസിനു വേണ്ടി ഒഷെയ്‍ന്‍ തോമസ് മൂന്നും ദേവേന്ദ്ര ബിഷൂ, റോവ്മന്‍ പവല്‍, കെമര്‍ റോച്ച്,  കീമോ പോള്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഏകദിനങ്ങള്‍ക്കായി തമീമും ഷാക്കിബും മടങ്ങിയെത്തുന്നു

ബംഗ്ലാദേശിന്റെ ഏകദിന ടീമുകളിലേക്ക് തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും മടങ്ങിയെത്തുന്നു. വിന്‍‍ഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണ് ഇന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ തമീം ഏറെ നാളായി കളത്തിനു പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ധാക്കയില്‍ ഡിസംബര്‍ 9നു ആരംഭിയ്ക്കും. 11, 14 തീയ്യതികളാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ബംഗ്ലാദേശ്: മഷ്റഫെ മൊര്‍തസ, തമീം ഇക്ബാല്‍ ഇമ്രുല്‍ കൈസ്, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, നസ്മുള്‍ ഇസ്ലാം അപു, മുഹമ്മദ് മിഥുന്‍, സൈഫ് ഉദ്ദിന്‍, അബു ഹൈദര്‍ റോണി, ആരിഫുള്‍ ഹക്ക്

തന്റെ തിരിച്ചുവരവ് വിന്‍ഡീസ് ഏകദിനങ്ങളിലെന്ന പ്രതീക്ഷയില്‍ തമീം ഇക്ബാല്‍

അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് പരിക്കില്‍ നിന്ന് മോചിതനായി താന്‍ തിരിച്ചു വരുന്നതിനു വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ സാക്ഷ്യം വഹിച്ചേക്കുമെന്ന് അഭിപ്രായപ്പെട്ട് തമീം ഇക്ബാല്‍. ഏഷ്യ കപ്പിന്റെ ആരംഭത്തില്‍ തന്നെ കൈക്കുഴയ്ക്ക് പരിക്കേറ്റ താരം വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കിടെ തിരികെ എത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താരത്തിനു പരിശീലനത്തിനിടെ വീണ്ടും ചെറിയ അസ്വാസ്ഥ്യങ്ങള്‍ പ്രകടമായതോടെ തിരിച്ചുവരവ് വീണ്ടും വൈകുകയായിരുന്നു.

ഡിസംബര്‍ 9നു ആരംഭിയ്ക്കുന്ന ഏകദിന പരമ്പരയില്‍ തിരിച്ചെത്തുന്നതിനു മുമ്പ് ഡിസംബര്‍ 6ലെ സന്നാഹ മത്സരത്തില്‍ കളിച്ച് തമീം തന്റെ മാച്ച് ഫിറ്റ്നെസ് തെളിയിക്കേണ്ടതുണ്ട്. എല്ലാം ശരിയായ ദിശയില്‍ നീങ്ങിയാല്‍ താന്‍ ഡിസംബര്‍ 9നു വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് താരം തന്നെ വ്യക്തമാക്കിയത്. സന്നാഹ മത്സരത്തിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ തമീം ഇക്ബാലിനു അവസരം നല്‍കിയിട്ടുണ്ട്.

തമീമിന്റെ പരിക്ക്, സിംബാബ്‍വേ പരമ്പര നഷ്ടമായേക്കും

ശ്രീലങ്കയ്ക്കെതിരെ ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തില്‍ പരിക്കേറ്റ തമീം ഇക്ബാലിനു ഏഷ്യ കപ്പ് മാത്രമല്ല അതിനു ശേഷം വരുന്ന സിംബാബ്‍വേ പര്യടനവും നഷ്ടമായേക്കുമെന്ന് സൂചന. കൈക്കുഴയ്ക്ക് പരിക്കേറ്റ താരം ഉദ്ഘാടന മത്സരത്തില്‍ പത്താം വിക്കറ്റില്‍ നിര്‍ണ്ണായകമായ കൂട്ടുകെട്ടിനായി മുഷ്ഫിക്കുര്‍ റഹിമിനു പിന്തുണ നല്‍കാനായി തിരികെ ബാറ്റ് ചെയ്യാനെത്തിയത് ഏറെ വീരോചിതമായ പ്രവൃത്തിയായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്.

ഒറ്റക്കൈയ്യില്‍ ബാറ്റേന്തിയ തമീമിനൊപ്പം 32 റണ്‍സ് കൂട്ടിചേര്‍ത്ത് മുഷ്ഫിക്കുര്‍ മത്സരത്തില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുവാന്‍ ബംഗ്ലാദേശിനെ സഹായിച്ചു. രണ്ടാം ഓവറില്‍ പരിക്കേറ്റ് പുറത്ത് പോയ താരം ഒമ്പതാം വിക്കറ്റ് വീണപ്പോള്‍ തിരികെ ക്രീസിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് വേണ്ടത്ര വേഗത്തില്‍ ഭേദമാകുന്നില്ലെങ്കില്‍ താരത്തിനു ശസ്ത്രക്രിയ അനിവാര്യമായി മാറും.

ഒക്ടോബര്‍ 21നു ആരംഭിക്കുന്ന സിംബാബ്‍വേ പരമ്പര ഈ സാഹചര്യത്തില്‍ താരത്തിനു നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കില്‍ 4-6 ആഴ്ച വരെ താരത്തിനു വിശ്രമത്തിനും റീഹാബ് പ്രക്രിയയ്ക്കുമായി വേണ്ടി വരുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

തമീം ഇക്ബാല്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്ത്

സുരംഗ ലക്മലിന്റെ ഓവറില്‍ കൈക്കുഴയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാലിനു ഏഷ്യ കപ്പ് നഷ്ടമാകും. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിനിടെയാണ് സംഭവം. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ പരിക്കേറ്റ തമീം ഉടന്‍ തന്നെ ആശുപസ്ത്രിയില്‍ പോയി എക്സ്റേ എടുത്ത് മടങ്ങിയെത്തിയ തമീം ഇന്നിംഗ്സിലെ ഒമ്പതാം വിക്കറ്റ് വീണപ്പോള്‍ മുഷ്ഫിക്കുര്‍ റഹീമിനു കൂട്ടായി ക്രീസില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ താരത്തിനു ഇനി തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകില്ലെന്നാണ് അറിയുന്നത്.

ഒറ്റക്കൈയാല്‍ ബാറ്റ് ചെയ്ത തമീമിനെക്കുട്ടുനിര്‍ത്തി റഹിം ബംഗ്ലാദേശിന്റെ സ്കോര്‍ 261 റണ്‍സിലേക്ക് എത്തിച്ചിരുന്നു. തമീം ഇക്ബാല്‍ ഏഷ്യ കപ്പില്‍ തുടര്‍ന്ന് കളിക്കൂലെന്നാണ് പ്രാഥമിക വിവരമെങ്കിലും ബംഗ്ലാദേശ് മാനേജര്‍ ഖാലിദ് മഹമ്മുദ് പറയുന്നത് താരത്തിന്റെ അവസ്ഥയെക്കുറിച്ച് പിന്നീട് മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നാണ്.

Exit mobile version