അരങ്ങേറ്റക്കാരന്‍ പ്രവീണ്‍ ജയവിക്രമയ്ക്ക് മൂന്ന് വിക്കറ്റ്, തമീമിന് ശതകം നഷ്ടം

ശ്രീലങ്കയ്ക്കെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നാല് വിക്കറ്റ് നഷ്ടം. ശ്രീലങ്ക 493/7 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ആദ്യ സെഷനില്‍ തന്നെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി.

92 റണ്‍സ് നേടിയ തമീമിന്റെയും 40 റണ്‍സ് നേടിയ മുഷ്ഫിക്കുറിന്റെയും വിക്കറ്റ് ജയവിക്രമ നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ താരത്തിന് മുന്നില്‍ ബംഗ്ലാദേശ് പതറുകയായിരുന്നു

47 റണ്‍സുമായി ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കാണ് ബംഗ്ലാദേശിനായി ക്രീസിലുള്ളത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 214/4 എന്ന നിലയില്‍ ആണ്. 279 റണ്‍സ് പിന്നിലാണ് ബംഗ്ലാദേശ് ഇപ്പോളും സ്ഥിതി ചെയ്യുന്നത്.

അര്‍ദ്ധ ശതകം തികച്ച് തമീം ഇക്ബാല്‍, ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടം

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് മികച്ച രീതിയില്‍ പുരോഗമിക്കുന്നു. മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 99/2 എന്ന നിലയില്‍ ആണ്. 70 റണ്‍സുമായി തമീം ഇക്ബാലാണ് ക്രീസിലുള്ളത്.

25 റണ്‍സ് നേടിയ സൈഫ് ഹസന്റെ വിക്കറ്റ് പുതുമുഖ താരം പ്രവീണ്‍ ജയവിക്രമയാണ് നേടിയത്. ശ്രീലങ്ക നേരത്തെ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 493/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ലഞ്ചിന് തൊട്ടുമുമ്പ് റണ്ണൊന്നുമെടുക്കാത്ത ഷാന്റോയുടെ വിക്കറ്റ് രമേശ് മെന്‍ഡിസ് വീഴ്ത്തുകയായിരുന്നു.

ഒന്നാം ദിവസം മികച്ച നിലയില്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്, നജ്മുളിന് കന്നി ടെസ്റ്റ് ശതകം

ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ കരുതുറ്റ നിലയില്‍ ബംഗ്ലാദേശ്. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 302/2 എന്ന നിലയിലാണ് ബംഗ്ലാദേശ്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും മോമിനുള്‍ ഹക്കുമാണ് 150 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ക്രീസിലുള്ളത്.

നജ്മുള്‍ ഹൊസൈന്‍ ഷാന്റെ 126 റണ്‍സും മോമിനുള്‍ ഹക്ക് 64 റണ്‍സും നേടിയിട്ടുണ്ട്. സൈഫ് ഹസ്സനെ(0) നഷ്ടമായ ശേഷം ഷാന്റോയും തമീം ഇക്ബാലും 144 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 90 റണ്‍സ് നേടിയ തമീം ഇക്ബാലിനെ വീഴ്ത്തി വിശ്വ ഫെര്‍ണാണ്ടോ മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടുകയായിരുന്നു.

കരിയര്‍ ദൈര്‍ഘിപ്പിക്കുവാന്‍ ഒരു ഫോര്‍മാറ്റില്‍ വിരമിക്കുന്നത് ആലോചനയില്‍ – തമീം ഇക്ബാല്‍

തന്റെ അന്താരാഷ്ട്ര കരിയര്‍ ദൈര്‍ഘിപ്പിക്കുന്നതിന് വേണ്ടി ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ താന്‍ പ്രഖ്യാപിക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍. നിലവില്‍ താന്‍ ടി20 ലോകകപ്പില്‍ സജീവമായി പങ്കെടുക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാല്‍ തമീം ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ താരം ഈ ഫോര്‍മാറ്റില്‍ നിന്നാവും വിരമിക്കുക എന്നാണ് ഏവരും കരുതുന്നതെങ്കിലും ടി20 ലോകകപ്പ് തന്റെ പ്രധാന അജണ്ടയായി തന്നെയുണ്ടെന്ന് തമീം വ്യക്തമാക്കി.

ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് താരം വിരമിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം. തനിക്ക് ഏത് ഫോര്‍മാറ്റില്‍ നിന്നാണ് താന്‍ വിരമിക്കേണ്ടതെന്ന വ്യക്തമായ ധാരണയുണ്ടെന്നും തമീം വ്യക്തമാക്കി. തനിക്ക് 36 അല്ലെങ്കില്‍ 37 വയസ്സായിട്ടില്ലെന്നും ആറ് മാസത്തിനപ്പുറമുള്ള ലോകകപ്പ് തനിക്ക് പങ്കെടുക്കാവുന്ന ഒന്ന് തന്നെയാണെന്നും തമീം സൂചിപ്പിച്ചു.

തന്റെ കരിയര്‍ ആറ് വര്‍ഷം ദൈര്‍ഘിപ്പിക്കണമെങ്കില്‍ തനിക്ക് മൂന്ന് ഫോര്‍മാറ്റും കളിച്ചുകൊണ്ട് അത് സാധ്യമാകില്ലെന്നും താരം പറഞ്ഞു.

ഇത് പോലെ കളിച്ചാല്‍ ബംഗ്ലാദേശ് എവിടെയും എത്തില്ല – തമീം ഇക്ബാല്‍

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ കനത്ത പരാജയം ആണ് ബംഗ്ലാദേശ് ഏറ്റു വാങ്ങിയത്. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് മികവ് പുലര്‍ത്തിയെങ്കില്‍ ഇത്തവ ബാറ്റിംഗും ബൗളിംഗുമെല്ലാം പിന്നില്‍ പോകുന്ന കാഴ്ചയാണ് കണ്ടത്. ബംഗ്ലാദേശ് ടീമെന്ന നിലയില്‍ അമ്പേ പരാജയം ആയിരുന്നുവെന്നാണ് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ അഭിപ്രായപ്പെട്ടത്. ഇത്തരത്തിലാണ് ടീമിന്റെ പ്രകടനമെങ്കില്‍ ബംഗ്ലാദേശ് എവിടെയും എത്തില്ലെന്ന് തമീം ഇക്ബാല്‍ പറഞ്ഞു.

മത്സരത്തില്‍ ന്യൂസിലാണ്ട് 57/3 എന്ന നിലയിലും 120/4 എന്ന നിലയിലും പ്രതിരോധത്തിലായെങ്കിലും ഡെവണ്‍ കോണ്‍വേ – ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ട് 159 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു. ബാറ്റിംഗില്‍ ബംഗ്ലാദേശ് 154 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ബംഗ്ലാദേശ് ഈ ഫലം സൂചിപ്പിക്കുന്നതിലും മികച്ച ടീമാണെങ്കിലും ഇത്തരത്തിലാണ് തുടര്‍ന്നും കളിക്കുന്നതെങ്കില്‍ ടീമിന് വലിയ പ്രതീക്ഷ പുലര്‍ത്തുവാനാകില്ലെന്നും ഇക്ബാല്‍ പറഞ്ഞു.

ക്യാച്ചുകള്‍ കൈവിട്ടത് തിരിച്ചടിയായി – തമീം ഇക്ബാല്‍

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഏറ്റ പരാജയത്തിന് കാരണം ടീം കൈവിട്ട ക്യാച്ചുകളാണെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍. ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തുവാനുള്ള മികച്ച അവസരമാണ് ടീം കൈവിട്ടതെന്ന് തമീം ഇക്ബാല്‍ വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ 131 റണ്‍സിന് മുട്ടുമടക്കിയ ബാറ്റിംഗ് നിര രണ്ടാം മത്സരത്തില്‍ 271/6 എന്ന നിലയില്‍ സ്കോര്‍ ചെയ്ത ശേഷം 11 ഓവറില്‍ ന്യൂസിലാണ്ടിനെ 53/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് മോശം ഫീല്‍ഡിംഗും ക്യാച്ചുകള്‍ കൈവിട്ടതും ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു.

110 റണ്‍സ് നേടി പുറത്താകാതെ നിന്ന ന്യൂസിലാണ്ട് നായകന്‍ ടോം ലാഥത്തിന് 58, 67 എന്നീ സ്കോറുകളില്‍ ക്യാച്ചുകള്‍ കൈവിട്ട് ബംഗ്ലാദേശ് അവസരം നല്‍കുകയായിരുന്നു. ഇതിലും മികച്ച അവസരം ഇനി ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തുവാന്‍ ബംഗ്ലാദേശിന് ലഭിയ്ക്കുമോ എന്നതില്‍ തനിക്ക് ഉറപ്പില്ലെന്ന് തമീം പറഞ്ഞു.

ഈ മത്സരം എന്ത് വിലകൊടുത്തും ജയിക്കേണ്ട ഒന്നായിരുന്നുവെന്നും സ്വന്തം രാജ്യത്തിന് പുറത്ത് ഇത്തരം അവസരങ്ങള്‍ ലഭിയ്ക്കുക പ്രയാസകരമാണെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

തമീം ഇക്ബാലിനും മുഹമ്മദ് മിഥുനും അര്‍ദ്ധ ശതകം, രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20യില്‍ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനവുമായി ബംഗ്ലാദേശ്. ആദ്യ ഏകദിനത്തില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരം 131 റണ്‍സിന് പുറത്താകുകയായിരുന്നുവെങ്കില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി.

അര്‍ദ്ധ ശതകങ്ങള്‍ നേടിയ തമീം ഇക്ബാല്‍, മുഹമ്മദ് മിഥുന്‍ എന്നിവരുടെ പ്രകടനം ആണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. മുഷ്ഫിക്കുര്‍ റഹിം(34), സൗമ്യ സര്‍ക്കാര്‍(32) എന്നിവരും നിര്‍ണ്ണായക സംഭാവന ടീമിനായി നല്‍കി.

തമീം 78 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് മിഥുന്‍ 57 പന്തില്‍ നിന്ന് 73 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

Nzban

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ നഷ്ടമായ ടീമിന് പിന്നീട് രണ്ടാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാര്‍ – തമീം ഇക്ബാല്‍ കൂട്ടുകെട്ട് 81 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇക്ബാലും മുഷ്ഫിക്കുറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 48 റണ്‍സാണ് നേടിയത്. തമീം ഇക്ബാല്‍ പുറത്തായ ശേഷം മുഹമ്മദ് മിഥുന്‍ ഒറ്റയ്ക്കാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്. മുഷ്ഫിക്കുറുമായി നാലാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടുകെട്ട് നേടിയ താരം 43 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കുവാന്‍ എന്തെങ്കിലും ഒരു സ്കോര്‍ നല്‍കുവാന്‍ ബാറ്റ്സ്മാന്മാര്‍ തയ്യാറാകണം

ആദ്യ ഏകദിനത്തിലെ ദയനീയമായ ബാറ്റിംഗ് പരാജയത്തെ പഴി പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ തമീം ഇക്ബാല്‍. ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കുവാന്‍ കഴിയുന്ന എന്തെങ്കിലും സ്കോര്‍ നേടുവാന്‍ ബാറ്റ്സ്മാന്മാര്‍ തയ്യാറാകണം എന്നാണ് തമീം പറഞ്ഞത്. ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ 131 റണ്‍സിനാണ് ബംഗ്ലാദേശ് ഓള്‍ഔട്ട് ആയത്. തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഒഴിവുകഴിവുകള്‍ പാടില്ലെന്നാണ് തമീം പറഞ്ഞത്. ക്വാറന്റീന്‍ കാലത്തും ആവശ്യത്തിന് പരിശീലനം ടീം നടത്തിയെന്നും ന്യൂസിലാണ്ടിലെത്തിയ ശേഷം ക്യൂന്‍സ്‍ലാന്‍ഡിലും ഡൂനേഡിനിലും ടീമിന് പരിശീലനം നടത്താനായെന്നും അതിനാല്‍ തന്നെ പരിശീലനിമില്ലാത്തത് അല്ല തോല്‍വിയുടെ കാരണമെന്നും തമീം വ്യക്തമാക്കി.

തനിക്ക് ബംഗ്ലാദേശ് ബാറ്റിംഗിനെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷയുണ്ടെന്നും പ്രയാസകരമായ ബാറ്റിംഗ് സാഹചര്യത്തില്‍ പോലും ടീം 131 ന് ഓള്‍ഔട്ട് ആകുവാന്‍ പാടുള്ളതല്ലെന്ന് താരം പറഞ്ഞു. 4-5 പുറത്താകലുകള്‍ സോഫ്ട് ആയിരുന്നുവെന്നും ഷോട്ട് സെലക്ഷനുകളിലെ പാളിച്ചകളാണ് ടീമിന് തിരിച്ചടിയായതെന്നും തമീം പറഞ്ഞു. ഈ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് 260-270 സ്കോര്‍ നേടുവാനായാല്‍ മത്സരത്തിലെ ഫലം വ്യത്യസ്തമാകുമെന്നും തമീം പറഞ്ഞു.

തമീം ഇക്ബാല്‍ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പിന്മാറി

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് തമീം ഇക്ബാല്‍ പിന്മാറി. ടീം മാനേജ്മെന്റിനോട് താന്‍ തന്റെ തീരുമാനം അറിയിച്ചുവെന്നും തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണെന്നും തമീം വ്യക്തമാക്കി. നേരത്തെ സീനിയര്‍ താരം ഷാക്കിബ് ടീമിനൊപ്പം ന്യൂസിലാണ്ടിലേക്ക് യാത്രയാകുന്നില്ലെന്ന് അറിയിച്ചിരുന്നു. തമീം ഏകദിന പരമ്പരയില്‍ പങ്കെടുത്ത ശേഷമാവും നാട്ടിലേക്ക് മടങ്ങുക.

ഷാക്കിബ് ഇല്ലാത്തത് ഏകദിനത്തില്‍ ടീമിന് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് തമീം പറഞ്ഞത്, എല്ലാ സമയവും എല്ലാ താരങ്ങളുടെയും സേവനം ടീമുകള്‍ക്ക് ഉറപ്പിക്കാനാകില്ലെന്നും അത്തരം സാഹചര്യത്തില്‍ ടീമിന് ഇതെങ്ങനെ തരണം ചെയ്യാമെന്നതാണ് നോക്കേണ്ടതെന്നും തമീം വ്യക്തമാക്കി.

ന്യൂസിലാണ്ടില്‍ ചരിത്രം കുറിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് തമീം ഇക്ബാല്‍

ന്യൂസിലാണ്ടില്‍ ബംഗ്ലാദേശിന് വിജയം കുറിയ്ക്കാന്‍ ഇതുവരെ ആയിട്ടില്ല. 13 ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും ബംഗ്ലാദേശ് പരാജയം ഏറ്റുവാങ്ങുന്നതാണ് കണ്ടിട്ടുള്ളത്. ഇത്തവണ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഫെബ്രുവരി 24ന് ന്യൂസിലാണ്ടിലെത്തിയ ബംഗ്ലാദേശ് തങ്ങളുടെ 14 ദിവസത്തെ ക്വാറന്റീനിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ വിദേശ പര്യടനം ആണ് ഇതെന്നും തന്റെ ടീം ആദ്യ ഏകദിനത്തിനു മുമ്പ് പൂര്‍ണ്ണ സജ്ജരായിരിക്കുമെന്നും ഇത്തവണ ന്യൂസിലാണ്ടില്‍ ചരിത്രം കുറിയ്ക്കുവാന്‍ ടീമിന് സാധിക്കുമെന്നുമാണ് ബംഗ്ലാദേശ് നായകന്‍ തമീം ഇക്ബാലിന്റെ പ്രതീക്ഷ.

എല്ലാ താരങ്ങളും മികവ് പുലര്‍ത്തണമെന്ന് അതീവ ആഗ്രഹം ഉള്ള വ്യക്തികളാണെന്നും അതിനാല്‍ തന്നെ ഇത്തവണ ശുഭപ്രതീക്ഷയുണ്ടെന്നും തമീം വ്യക്തമാക്കി. ഒരു ഗ്രൂപ്പെന്ന നിലയില്‍ കളിച്ച് തങ്ങളുടെ പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയാല്‍ ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള ശേഷം ബംഗ്ലാദേശിന് ഉണ്ടെന്നും തമീം വ്യക്തമാക്കി.

മെഹ്ദി ഹസന്‍ പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം

ധാക്കയില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 231 റണ്‍സ് വിജയ ലക്ഷ്യം തേടിയിങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും മെഹ്ദി ഹസന്‍ വാലറ്റത്തോടൊപ്പം നിന്ന് ബംഗ്ലാദേശിനെ വിജയത്തിന് തൊട്ടരുകിലെത്തിച്ചുവെങ്കിലും താരം 31 റണ്‍സ് നേടി അവസാന വിക്കറ്റായി വീണപ്പോള്‍ ബംഗ്ലാദേശിനെതിരെ 17 റണ്‍സിന്റെ വിജയം വിന്‍ഡീസ് നേടി.

231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 59/0 എന്ന നിലയിലായിരുന്നുവെങ്കിലും തുടര്‍ന്ന് ബാറ്റിംഗ് തകര്‍ച്ച നേരിട്ട ടീം 213 റണ്‍സിന് ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് കണ്ടത്. 50 റണ്‍സ് നേടിയ തമീം ഇക്ബാല്‍ കഴിഞ്ഞാല്‍ 31 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി.

തമീം ഇക്ബാല്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ മോമിനുള്‍ ഹക്ക്(26), ലിറ്റണ്‍ ദാസ്(22) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിക്കുമെന്ന തോന്നല്‍ ബംഗ്ലാദേശ് ആരാധകര്‍ക്ക് നല്‍കിയെങ്കിലും വേഗത്തില്‍ മടങ്ങുകയായിരുന്നു. ഒട്ടുമിക്ക ബാറ്റ്സ്മാന്മാരും രണ്ടക്കത്തിലേക്ക് കടന്നുവെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ ആര്‍ക്കും സാധിച്ചില്ല.

വിന്‍ഡീസിന് വേണ്ടി റഖീം കോര്‍ണ്‍വാല്‍ നാലും ജോമല്‍ വാരിക്കന്‍, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി.

അര്‍ദ്ധ ശതകം നേടി തമീം ഇക്ബാല്‍ പുറത്ത്, ഏഴ് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശ് നേടേണ്ടത് 141 റണ്‍സ്

ധാക്കയില്‍ 231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ 25 ഓവറില്‍ ബംഗ്ലാദേശ് 90/3 എന്ന നിലയില്‍. തമീം ഇക്ബാല്‍ 46 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. സൗമ്യ സര്‍ക്കാര്‍(13) , നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(11) എന്നിവരുടെ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി.

ക്രെയിഗ് ബ്രാത്‍വൈറ്റിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. ഇതില്‍ തമീം ഇക്ബാലിന്റെ വിക്കറ്റും ഉള്‍പ്പെടുന്നു. റഖീം കോര്‍ണ്‍വാളിനും ഒരു വിക്കറ്റ് ലഭിച്ചു. മത്സരത്തില്‍ നാല് സെഷനുകള്‍ ആണ് ഇനി ബാക്കിയുള്ളത്. 7 വിക്കറ്റ് കൈവശമുള്ള ബംഗ്ലാദേശ് 141 റണ്‍സാണ് ഇനി വിജയത്തിനായി നേടേണ്ടത്.

59 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷമാണ് ബംഗ്ലാദേശിന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.

Exit mobile version