ടി20 ലോകകപ്പ് കളിക്കേണ്ടെന്ന് തീരുമാനിച്ചുവെങ്കിലും എവറസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കാന്‍ തയ്യാറെടുത്ത് തമീം ഇക്ബാൽ

നേപ്പാളിലെ എവറസ്റ്റ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി തമീം ഇക്ബാല്‍ എത്തുന്നു. താരത്തിന് കളിക്കുവാനുള്ള അനുമതി ബോര്‍ഡ് നൽകുകയായിരുന്നു. തമീം ഇക്ബാൽ ബംഗ്ലാദേശിന്റെ കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിൽ പരിക്ക് മൂലം കളിച്ചിരുന്നില്ല. താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാകും ഇത്. ഈ പരിക്ക് കാരണം തമീം ബംഗ്ലാദേശിന്റെ ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും പിന്മാറിയിരുന്നു.

സെപ്റ്റംബര്‍ 25 മുതൽ ഒക്ടോബര്‍ 9 വരെയാണ് ടൂര്‍ണ്ണമെന്റ്. തമീം ആദ്യം എവറസ്റ്റ് പ്രീമിയര്‍ ലീഗ് കളിച്ച് ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് കരുതിയതെങ്കിലും അവസാനം ലോകകപ്പിൽ നിന്ന് പിന്മാറുവാന്‍ തീരുമാനിക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റിൽ ഭൈരാഹ്വ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് തമീം കളിക്കുക.

തമീം ഇക്ബാല്‍ ടി20 പരമ്പര കളിക്കില്ല, താരം കുറഞ്ഞത് രണ്ട് മാസമെങ്കിലും കളത്തിന് പുറത്ത്

ഇന്നലെ ശതകത്തോട് കൂടി ബംഗ്ലാദേശിനെ മൂന്നാം ടി20യിൽ വിജയത്തിലേക്ക് നയിച്ചുവെങ്കിലും ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ കളിക്കില്ല. തന്നെ ഏറെ കാലമായി അലട്ടുന്ന കാല്‍മുട്ടിലെ പരിക്കാണ് താരത്തിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

തമീമിന് എട്ടാഴ്ചത്തെ വിശ്രമം ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നുംം അതിനാൽ തന്നെ ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നിവര്‍ക്കെതിരെ ഓഗസ്റ്റിലും സെപ്റ്റംബറിലും കളിക്കില്ലെന്നും എന്നാൽ ഒക്ടോബറിൽ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ താരം തിരികെ ടീമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കയിൽ വെച്ച് പരിക്കേറ്റ താരം അതിന് ശേഷവും പല മത്സരങ്ങളിലും കളിച്ചുവെങ്കിലും ഇടയ്ക്ക് വീണ്ടും പരിക്ക് മൂലം പിന്മാറേണ്ട സാഹചര്യം പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ താരത്തിനോട് രണ്ട് മാസത്തെ വിശ്രമത്തിന് പോകുവാനാണ് നിര്‍ദ്ദേശിച്ചത്.

തമീമിന്റെ തകര്‍പ്പന്‍ ശതകം, സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിന് വിജയം

തമീം ഇക്ബാലിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന് ശേഷം നൂറുള്‍ ഹസന്റെ നിര്‍ണ്ണായക ഇന്നിംഗ്സ് കൂടിയായപ്പോള്‍ ബംഗ്ലാദേശിന് 5 വിക്കറ്റ് വിജയം. 298 റൺസ് നേടിയ സിംബാബ്‍വേയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ 112 റൺസ് നേടിയപ്പോള്‍ ലിറ്റൺ ദാസ്(32), ഷാക്കിബ് അല്‍ ഹസന്‍(30), മുഹമ്മദ് മിഥുന്‍ (30) എന്നിവര്‍ക്കൊപ്പം നൂറുള്‍ ഹസന്‍ നേടിയ 45 റൺസാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

ഓപ്പണിംഗിൽ ലിറ്റൺ ദാസുമായി 88 റൺസ് കൂട്ടുകെട്ട് നേടിയ തമീം രണ്ടാം വിക്കറ്റിൽ ഷാക്കിബിനൊപ്പം 59 റൺസ് കൂടി നേടി. തമീം ഇക്ബാല്‍ പുറത്താകുമ്പോള്‍ 204/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മഹമ്മുദുള്ളയെ തൊട്ടടുത്ത പന്തിൽ നഷ്ടമായ ബംഗ്ലദേശ് പൊടുന്നനേ പ്രതിരോധത്തിലായെങ്കിലും പിന്നീട് നൂറുളും മിഥുനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 64 റൺസ് നേടി വിജയത്തിന് അടുത്തേക്ക് ടീമിനെ എത്തിച്ചു.

മത്സരത്തിന്റെ 48ാം ഓവറിൽ അഫീഫ് ഹൊസൈന്‍ ലൂക്ക് ജോംഗ്വേയെ ഒരു സിക്സും ഫോറും പറത്തി കളി വേഗത്തിലവസാനിപ്പിക്കുകയായിരുന്നു. അഫിഫ് 17 പന്തിൽ 26 റൺസ് നേടി.

 

എതിരാളികളാരെന്ന് അറിയാത്ത സാഹചര്യം അരോചകം – തമീം ഇക്ബാല്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുവാനിരിക്കവേ തങ്ങള്‍ ആര്‍ക്കെതിരെയാണ് കളിക്കുക എന്നത് ബംഗ്ലാദേശിന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. പരമ്പരയ്ക്കുള്ള സ്ക്വാഡ് ഇതുവരെ പ്രഖ്യാപിക്കാത്ത സിംബാബ്‍വേയുടെ നീക്കം അരോചകമെന്നാണ് ബംഗ്ലാദേശ് പരിമിത ഓവര്‍ നായകന്‍ തമീം ഇക്ബാല്‍ വ്യക്തമാക്കിയത്.

മത്സരത്തിന് 24 മണിക്കൂറിൽ താഴെ മാത്രമുള്ളപ്പോളാണ് ഈ സാഹചര്യമെന്നും വളരെ അസാധാരണമായ ഒരു സംഭവം ആണ് ഇതെന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി. പത്ത് ദിവസം ക്വാറന്റീന്‍ കഴിയാതെ വില്യംസിനെയും ഇര്‍വിനെയും കളിപ്പിക്കുവാനാണോ സിംബാബ്‍വേ ലക്ഷ്യമിടുന്നതെന്നും തമീം സംശയം പ്രകടിപ്പിച്ചു.

എതിരാളികള്‍ ആരെന്ന് അറിയാതെ തങ്ങള്‍ക്ക് ടീം മീറ്റിംഗ് പോലും നടത്താനാകാത്ത സാഹചര്യം ആണെന്നും തമീം വ്യക്തമാക്കി.

ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ കളിക്കും, തമീം കളിച്ചേക്കില്ല

സിംബാബ്‍‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ റഹീം കളിക്കും. അതേ സമയം തമീം ഇക്ബാല്‍ കളിക്കുമെന്നത് ഉറപ്പില്ല. ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു താരങ്ങളും പരിക്കിന്റെ പിടിയലാണ്. ഇതിൽ മുഷ്ഫിക്കുര്‍ ജൂലൈ ഏഴിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുമ്പ് ഫിറ്റായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

സന്നാഹ മത്സരങ്ങളിലും ഇരു താരങ്ങളെയും ബംഗ്ലാദേശ് ടീം മാനേജ്മെന്റ് കളിപ്പിച്ചിരുന്നില്ല. പരിക്ക് കാരണം ഇരു താരങ്ങളും ധാക്ക പ്രീമിയര്‍ ലീഗിലെ അവസാന റൗണ്ട് മത്സരത്തിലും പങ്കെടുത്തില്ല. തമീമിനോട് ദൈര്‍ഘ്യമേറിയ വിശ്രമമാണ് ഓസ്ട്രേലിയക്കാരന്‍ കൺസള്‍ട്ടന്റ് ഡേവിഡ് യംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. താരത്തിന്റെ മുട്ടിനും മുഷ്ഫിക്കുറിന്റെ വിരലുകള്‍ക്കുമാണ് പരിക്ക്.

മുഷ്ഫിക്കുര്‍ കളിക്കുമെന്ന് ഉറപ്പാണെങ്കിലും തമീമിന്റെ കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്നും റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

ധാക്ക പ്രീമിയര്‍ ലീഗിൽ നിന്ന് പിന്മാറി തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും

ധാക്ക പ്രീമിയര്‍ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും. തമീം തന്റെ മുട്ടിനേറ്റ പരിക്കിന്റെ റീഹാബ് നടപടികളുമായാണ് ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുന്നതെങ്കിൽ ഷാക്കിബ് അമേരിക്കയിലുള്ള തന്റെ കുടുംബത്തോടൊപ്പം ചേരുവാനാണ് ടൂര്‍ണ്ണമെന്റ് മതിയാക്കുന്നത്.

പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് തമീം ഇക്ബാല്‍ ധാക്ക് പ്രീമിയര്‍ ലീഗിൽ കളിക്കുന്നത്. സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് പൂര്‍ണ്ണമായി ഫിറ്റ് ആകുന്നതിന് വേണ്ടിയാണ് താരം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് പറയുന്നത്.

വിക്കറ്റുകള്‍ക്കിടയിൽ ഓടുമ്പോള്‍ കാലിന് കുറച്ച് ദിവസമായി വേദനയുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മെഡിക്കൽ സ്റ്റാഫുമായി കൂടിയാലോചിച്ച ശേഷമാണ് തന്റെ ഈ തീരുമാനം എന്നും തമീം വ്യക്തമാക്കി. അതേ സമയം ഷാക്കിബ് തനിക്ക് നേരിടേണ്ടി വന്ന മൂന്ന് മത്സരങ്ങളുടെ വിലക്കിന് ശേഷം മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന് വേണ്ടി കഴിഞ്ഞ മത്സരം കളിച്ചിരുന്നു.

എന്നാൽ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടത്തിന് താനുണ്ടാകില്ലെന്നും ജൂൺ 18ന് താന്‍ അമേരിക്കയിലുള്ള തന്റെ കുടുംബത്തോടൊപ്പം ചേരുവാനൊരുങ്ങുകയാണെന്നാണ് ഷാക്കിബ് പറഞ്ഞത്. സിംബാബ്‍വേയിൽ ടീമിനൊപ്പം താരം അമേരിക്കയിൽ നിന്ന് നേരിട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമീം ഇക്ബാലിനെതിരെ പിഴ ചുമത്തി ഐസിസി

അസഭ്യമായ ഭാഷ ഉപയോഗിച്ചതിന് തമീം ഇക്ബാലിനെതിരെ പിഴ ചുമത്തി ഐസിസി. ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ തന്റെ പുറത്താകൽ റിവ്യൂ ചെയ്ത് ശേഷം അനുകൂല വിധി ലഭിയ്ക്കാതിരുന്നപ്പോളാണ് താരം ഇപ്രകാരത്തിൽ അസഭ്യ പരാമർശം നടത്തിയത്. താരത്തിനെതിരെ 15 ശതമാനം മാച്ച് ഫീസും പിഴയായി ഈടാക്കിയിട്ടുണ്ട്. ഇതിന് പുറെ ഒരു ഡീ മെറിറ്റ് പോയിന്റും തമീമിനെതിരെ ചുമത്തി.

മത്സരത്തിൽ ബംഗ്ലാദേശിന്റെ ഇന്നിംഗ്സിലെ പത്താം ഓവറിലാണ് സംഭവം. ഐസിസി പെരുമാറ്റ ചട്ടത്തിലെ ലെവൽ 1 ആണ് താരം ലംഘിച്ചത്. 24 മാസ കാലയളവിൽ താരത്തിന്റെ ആദ്യത്തെ പെരുമാറ്റ ചട്ട ലംഘനം ആണ് ഇത്.

ഈ നഷ്ടപ്പെട്ട പത്ത് പോയിന്റുകൾ തിരിച്ചടിയായേക്കാം – തമീം ഇക്ബാൽ

ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ലോകകപ്പ് സൂപ്പർ ലീഗിലെ മുഴുവൻ പോയിന്റും നേടാൻ സാധിച്ചിരുന്നില്ല. അവസാന മത്സരം തോറ്റതോടെ ടീമിന് പത്ത് പോയിന്റ് നഷ്ടമാകുകയും ശ്രീലങ്ക തങ്ങളുടെ ആദ്യത്തെ ലോകകപ്പ് സൂപ്പർ ലീഗ് പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. മുപ്പത് പോയിന്റ് നേടുവാനുള്ള അവസരം നഷ്ടപ്പെടുത്തിയ ബംഗ്ലാദേശിന് ഇത് അവസാനം തിരിച്ചടിയായി മാറുമോ എന്ന ഭയം ആണ് ടീം ക്യാപ്റ്റൻ തമീം ഇക്ബാൽ പങ്കുവെച്ചത്.

ശ്രീലങ്കയ്ക്കെതിരെ ചരിത്രത്തിലാദ്യമായി ഒരു ബൈലാറ്ററൽ പരമ്പര സ്വന്തമാക്കിയെങ്കിലും ഈ കൈവിട്ട പത്ത് പോയിന്റുകൾ നിരാശ നൽകുന്നുവെന്നാണ് തമീം പറഞ്ഞത്. പരമ്പര വിജയിച്ചുവെങ്കിലും ഈ പത്ത് പോയിന്റ് നിർണ്ണായകമായിരുന്നുവെന്നും വൈറ്റ് വാഷ് വിജയം നേടേണ്ടത് ബംഗ്ലാദേശിന് വളരെ ആവശ്യമായിരുന്നുവെന്നും തമീം മത്സരശേഷം പറഞ്ഞു. ഈ നഷ്ടമായ പത്ത് പോയിന്റ് എപ്പോൾ തിരിഞ്ഞ് കൊത്തുമെന്ന് ഒരിക്കലും പറയാനാകില്ലെന്നും തമീം വ്യക്തമാക്കി.

ബംഗ്ലാദേശ് വേണ്ട രീതിയിൽ ബാറ്റ് വീശിയില്ലെന്നും ആദ്യ രണ്ട് മത്സരങ്ങളിലും മുഷ്ഫിക്കുറും മഹമ്മുദുള്ളയും ആണ് ടീമിന്റെ രക്ഷകരായതെന്നും താൻ മുമ്പ് പറഞ്ഞ പോലെ പരമ്പര വിജയിച്ചുവെങ്കിലും ടീമിന്റെ മികച്ച പ്രകടനം ഇതുവരെ വന്നിട്ടില്ലെന്നും തമീം സൂചിപ്പിച്ചു.

മികച്ച പ്രകടനമല്ലെങ്കിലും രണ്ട് വിജയം സ്വന്തമാക്കുവാൻ ഭാഗ്യം തുണച്ചു – തമീം ഇക്ബാൽ

രണ്ട് മത്സരങ്ങൾ വിജയിക്കുവാൻ ഭാഗ്യം ബംഗ്ലാദേശിനെ തുണച്ചുവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റൻ തമീം ഇക്ബാൽ. ഇതുവരെ ബംഗ്ലാദേശ് പെർഫെക്ട് കളി പുറത്തെടുത്തിട്ടില്ലെന്നും മധ്യ ഓവറുകളിൽ വളരെ അധികം വിക്കറ്റുകൾ നഷ്ടമായി 200 പോലും കടക്കുമോ എന്ന നിലയിലായിരുന്നുവെന്നും എന്നാൽ മഹമ്മുദുള്ളയും മുഷ്ഫിക്കുറും ചേർന്ന് ടീമിനെ സുരക്ഷിതമായ സ്കോറിലേക്ക് എത്തിച്ചുവെന്നും തമീം പറഞ്ഞു.

ടോട്ടൽ അത്ര മികച്ചതല്ലായിരുന്നുവെങ്കിലും ബൗളിംഗ് വളരെ മികച്ചതായിരുന്നുവെന്നും സ്പെഷ്യൽ പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നുവെന്നും തമീം വ്യക്തമാക്കി. ബൗളിംഗും ഫീൽഡിംഗും ഒന്നാന്തരമായിരുന്നുവെങ്കിലും ഇതുവരെ ബംഗ്ലാദേശ് തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുത്തിട്ടില്ലെന്നും തമീം സൂചിപ്പിച്ചു.

ഫീൽഡിംഗ് ഇനിയും അല്പം കൂടി മെച്ചപ്പെടാനുണ്ടെന്നും കൈവിട്ട ക്യാച്ചുകൾ കൂടി ടീം എടുക്കുന്നത് കാണാനായാൽ താൻ സന്തോഷവാനായ ഒരു ക്യാപ്റ്റനാവുമെന്നും തമീം വ്യക്തമാക്കി.

പല ഫോര്‍മാറ്റിലായി പത്ത് മത്സരങ്ങളോളം തോല്‍വിയേറ്റ് വാങ്ങിയ ശേഷം വിജയിക്കാനായതില്‍ സന്തോഷം – തമീം ഇക്ബാല്‍

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള വിജയം ഏറെ സന്തോഷം നല്‍കുന്നതെന്ന് പറഞ്ഞ് തമീം ഇക്ബാല്‍. മൂന്ന് ഫോര്‍മാറ്റുകളിലായി പത്തോളം മത്സരങ്ങളാണ് ബംഗ്ലാദേശ് പരാജയമേറ്റുവാങ്ങിയതെന്നും ഒടുവില്‍ ഒന്നില്‍ വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും തമീം ഇക്ബാല്‍ പറഞ്ഞു.

വിജയമെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും അതില്‍ ടീമംഗങ്ങള്‍ക്കെല്ലാം സന്തോഷമുണ്ടെന്നും തമീം പറഞ്ഞു. മഹമ്മുദുള്ളയും മുഷ്ഫിക്കുറും ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചുവെന്നും ബാറ്റിംഗ് പ്രയാസമായ പിച്ചില്‍ ഈ സ്കോര്‍ ഡീസന്റ് ആയിരുന്നുവെന്നും തമീം വ്യക്തമാക്കി.

ഇത് പോലെ മികവ് അടുത്ത മത്സരത്തിലും പുറത്തെടുക്കാനാകുമെന്നാണ് കരുതുന്നതെന്നും തമീം പറഞ്ഞു.

മുഷ്ഫിക്കുറിന് ശതകം നഷ്ടം, ബംഗ്ലാദേശിനെ 257 റണ്‍സില്‍ ഒതുക്കി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരെ എതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം, തമീം ഇക്ബാല്‍, മഹമ്മുദുള്ള എന്നിവരാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ലിറ്റണ്‍ ദാസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ ബംഗ്ലാദേശിന് ഷാക്കിബിന്റെ(15) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 43 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ തമീം ഇക്ബാലും മുഷ്ഫിക്കുര്‍ റഹിമും ചേര്‍ന്ന് ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് ധനന്‍ജയ ഡി സില്‍വ തമീമിനെയും മുഹമ്മദ് മിഥുനിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബംഗ്ലാദേശിനെ 99/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയത്.

Mahmudullahmushfiqur

52 റണ്‍സാണ് തമീം നേടിയത്. തുടര്‍ന്ന് 109 റണ്‍സിന്റെ മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി മുഷ്ഫിക്കുര്‍ റഹിമും മഹമ്മുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.

84 റണ്‍സ് നേടിയ റഹിം തന്റെ ശതകം പൂര്‍ത്തിയാക്കാനാകാതെ മടങ്ങിയപ്പോള്‍ മഹമ്മുദുള്ള അര്‍ദ്ധ ശതകം തികച്ചു. 54 റണ്‍സ് നേടിയ മഹമ്മുദുള്ളയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് അടുത്തതായി നഷ്ടമായത്. ആ വിക്കറ്റും ധനന്‍ജയ ഡി സില്‍വയാണ് നേടിയത്.

ഏഴാം വിക്കറ്റില്‍ അഫിഫ് ഹൊസൈനും(27*) മൊഹമ്മദ് സൈഫുദ്ദീനും(13*) ചേര്‍ന്ന് നേടിയ 27 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ 257 റണ്‍സിലേക്ക് എത്തിച്ചത്.

പരിചയസമ്പത്ത് ഏറെ പ്രാധാന്യമുള്ളത്, എന്നാല്‍ ഏറ്റവും പ്രധാനം അതാത് ദിവസത്തെ പ്രകടനം – തമീം ഇക്ബാല്‍

ക്രിക്കറ്റില്‍ പരിചയസമ്പത്ത് വലിയ ഘടകമാണെങ്കിലും ടീമിന്റെ വിജയത്തെ സ്വാധീനിക്കുക അതാത് ദിവസത്തെ പ്രകടനമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ തമീം ഇക്ബാല്‍. ശ്രീലങ്കയ്ക്കെതിരെയുള്ള ബംഗ്ലാദേശ് ടീമിന്റെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു തമീം ഇക്ബാല്‍.

പരിചയസമ്പത്ത് കുറഞ്ഞ ശ്രീലങ്കന്‍ ടീമിനെ വില കുറച്ച് കാണരുതെന്നും മുമ്പ് പലതവണ ശ്രീലങ്കയോട് ഏറ്റുമുട്ടിയപ്പോളെല്ലാം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്നത് തന്റെ ടീമിംഗങ്ങള്‍ ഓര്‍ക്കണമെന്നും തമീം സൂചിപ്പിച്ചു. ശ്രീലങ്കയെ തോല്പിക്കുവാന്‍ നൂറ് ശതമാനം പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ബംഗ്ലാദേശിന് സാധിക്കുകയുള്ളുവെന്ന് തമീം പറഞ്ഞു.

ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് തങ്ങളുടെ ടീം പ്രഖ്യാപിച്ചതെങ്കിലും ശ്രീലങ്കയാകട്ടെ യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുകയും സീനിയര്‍ താരങ്ങളായ ആഞ്ചലോ മാത്യസ്, ലഹിരു തിരിമന്നേ, ദിമുത് കരുണാരത്നേ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്.

Exit mobile version