ഇന്ത്യ ഇംഗ്ലണ്ട് മത്സരം മഴ കൊണ്ടു പോയാൽ എന്താകും വിധി?

നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിന് മഴ ഭീഷണി കുറവാണ്. കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ നാളെ തെളിഞ്ഞ കാലാവസ്ഥ ആകും അഡ്ലൈഡിൽ. എന്നാൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഈ ലോകകപ്പിൽ പലപ്പോഴും മഴ വില്ലനായി എത്തുകയും മത്സരം ഉപേക്ഷിക്കേണ്ടതായും വന്നിരുന്നു. സെമിയിലും ഫൈനലിലും മഴ എത്തില്ല എന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

സെമി ഫൈനലുകൾക്കും ഫൈനലിനും മഴ പെയ്താൽ ഒരു ദിവസം റിസേർവ്സ് ഡേ അനുവദിച്ചിട്ടുണ്ട്. ആ ദിവസം മത്സരം നടത്താൻ അധികൃതർക്ക് ആകും. എന്നാൽ റിസേർവ് ഡേക്കും മഴ പെയ്താൽ സൂപ്പർ 12 ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയവർക്ക് ആകും മുൻതൂക്കം. ഇന്ത്യ അവരുടെ ഗ്രൂപ്പിൽ 8 പോയിന്റുമായി ഒന്നാമത് ആയിരുന്നു. ഇംഗ്ലീഷ് ടീം 7 പോയിന്റുമായി അവരുടെ പോയിന്റിൽ രണ്ടാമതും ഫിനിഷ് ചെയ്തു. അതുകൊണ്ട് തന്നെ മഴ കളി ഇല്ലാതെ ആക്കിയാൽ ഇന്ത്യ ആകും ഫൈനലിലേക്ക് മുന്നേറുക.

മഴ പെയ്യില്ല എന്നാണ് അപ്പോഴും പ്രതീക്ഷ‌. ഇന്ത്യയുടെ ഒരു മത്സരവും മഴ കാരണം ഓസ്ട്രേലിയയിൽ ഇത്തവണ ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല. നാളെ ആണ് ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനൽ നടക്കേണ്ടത്.

“സൂര്യകുമാറിനെ താനുമായി താരതമ്യം ചെയ്യുന്നതിൽ പ്രശ്നമില്ല, പക്ഷെ ദീർഘകാലം ഈ മികവ് കാണിക്കണം..” – ഡി വില്ലിയേഴ്സ്

ഇന്ത്യൻ ജേഴ്സിയിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന സൂര്യകുമാറിനെ പ്രശംസിച്ച് എ ബി ഡി വില്ലിയേഴ്സ്. സൂര്യയെ ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്, അവൻ ഒരുപാട് ദൂരം മുന്നോട്ട് പോയെന്ന് ഞാൻ കരുതുന്നു. അവൻ കളിക്കുന്ന രീതി കാണുമ്പോൾ ഇത് പോലെ അദ്ദേഹം കളിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നും എ ബി ഡി പറഞ്ഞു.

അവൻ കരിയറിന്റെ തുടക്കത്തിൽ വളരെ യാഥാസ്ഥിതിക ഷോട്ടുകൾ മാത്രം കളിക്കുന്ന താരമായിരുന്നു ഇപ്പോൾ സൂര്യകുമാർ അങ്ങനെയുള്ള താരമേ അല്ല. ഇപ്പോൾ ബൗളർമാർക്ക് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തിന് ആകുന്നു. അതിശയകരമാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ. സൂര്യകുമാറിന്, ശോഭനമായ ഭാവിയുമുണ്ട് എന്നും ഡിവില്ലിയേഴ്‌സ് പിടിഐയോട് പറഞ്ഞു

താനുമായി ആൾക്കാർ സ്കൈയെ താരതമ്യം ചെയ്യുന്നത് ശരിയാണ് എന്നും എന്നാൽ അവൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യം അവന്റെ സ്ഥിരതയിലാണ് എന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. 5 മുതൽ 10 വർഷം വരെ അദ്ദേഹം ഇത് പോലെ കളിക്കേണ്ടി വരും. അങ്ങനെ ചെയ്താൽ അദ്ദേഹം ക്രിക്കറ്റിന്റെ സുവർണ്ണ പുസ്തകങ്ങളിൽ ഇടം കണ്ടെത്തും. എ ബി ഡി കൂട്ടിച്ചേർത്തു.

സൂര്യകുമാറിനെ പൂട്ടും എന്ന് ബെൻ സ്റ്റോക്സ്

സൂര്യകുമാർ യാദവിന്റെ ആക്രമണം ഇംഗ്ലണ്ടിനെതിരെ നടക്കാതെ നോക്കുമെന്ന് ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. സൂര്യകുമാർ വന്ന് ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുക ആണെന്ന് ബെൻ സ്റ്റോക്സ് സെമി ഫൈനലിന് മുന്നോടിയായി പറഞ്ഞു.. അവൻ ഒരു മികച്ച കളിക്കാരനാണ്, ചില ഷോട്ടുകൾ അവൻ കളിക്കുമ്പോൾ തലയിൽ കൈവെച്ചു പോകും എന്ന് സ്റ്റോക്സ് പറഞ്ഞു.

എന്നാൽ സൂര്യകുമാർ മികച്ച ഫോമിലാണെങ്കിലും ഇംഗ്ലണ്ട് ടീമിന് അദ്ദേഹത്തെ തടയാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും ഇംഗ്ലീഷ് താരം കൂട്ടിച്ചേർത്തു.

“സൂര്യകുമാർ മികച്ച ഫോമിലാണ്, പക്ഷേ നമുക്ക് അദ്ദേഹത്തെ പൂട്ടാൻ ആകും. അതിനായി ശ്രമിക്കാം, അവന്റെ ആക്രമണ ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ട് അനുവദിക്കില്ല എന്നും സ്റ്റോക്സ് കൂട്ടിച്ചേർത്തു.

“രോഹിത് ശാന്തനായ ക്യാപ്റ്റൻ” – ബട്ലർ

രോഹിത ശർമ്മ ഒരു മികച്ച ക്യാപ്റ്റൻ ആണെന്ന് ഇംഗ്ലീഷ് താരം ജോസ് ബട്ലർ. ഇന്ത്യ ഒരു മികച്ച ടീമാണ്, രോഹിത് ശർമ്മ ഒരു മികച്ച ക്യാപ്റ്റനും. കൂടുതൽ ക്രിയാത്മകമായും കൂടുതൽ സ്വാതന്ത്ര്യത്തോടെയും ടീമിനെ കളിക്കാൻ രോഹിത് അനുവദിക്കുന്നു എന്ന് ബട്ലർ പറഞ്ഞു. മുമ്പ് ബട്ലർ രോഹിതിന്റെ കീഴിൽ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുണ്ട്.

എന്റെ ഐ‌പി‌എൽ യാത്രയിൽ രോഹിത് വളരെ നല്ല ക്യാപ്റ്റൻ ആയാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്ന് ബട്ലർ പറഞ്ഞു. രോഹിത് എപ്പോഴും നല്ല തീരുമാനങ്ങൾ എടുക്കുന്നു, സെമി ഫൈനലിൽ ഇന്ത്യയെ നേരിടുന്നതിന് മുന്നോടിയായൊ സംസാരിക്കവെ ബട്ട്‌ലർ പറഞ്ഞു.

ചുറ്റും എന്ത് നടക്കുമ്പോഴും രോഹിതിന് ഒരു ശാന്തതയുണ്ട്. അവൻ ബാറ്റ് ചെയ്യുമ്പോഴും അതുപോലെയാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ അനായാസമായി തോന്നും. ബട്ട്‌ലർ കൂട്ടിച്ചേർത്തു.

സെമി കടുത്താൽ, ഫൈനൽ പൊളിക്കും

ആരും പ്രതീക്ഷിക്കാത്ത പാകിസ്ഥാനും, ഐസിസി ഉൾപ്പടെ എല്ലാവരും ആഗ്രഹിച്ച ഇന്ത്യയും, ഓസ്‌ട്രേലിയൻ സ്വപ്നങ്ങളെ തകർത്തു ഇംഗ്ലണ്ടും, ആരോടും പരാതിയില്ലാതെ ന്യൂസീലൻഡും ഇക്കൊല്ലത്തെ T20 വേൾഡ് കപ്പ് സെമിയിൽ എത്തിക്കഴിഞ്ഞു. മഴയും കൂടി കളിച്ച ആദ്യ റൗണ്ടുകളിൽ പല കളികളും ആവേശകരമായി എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് എല്ലാവരും ഇതിനോടകം സമ്മതിച്ചതാണ്. സെമിയിൽ എത്തിയ ടീമുകൾ നാലെണ്ണവും ഫാൻസിന്റെ പ്രീതി പിടിച്ചു പറ്റിയ ടീമുകൾ ആണെന്ന് മാത്രമല്ല, കടക്ക് പുറത്ത് എന്നു മറ്റ് ടീമുകളോടെ പറയാൻ അർഹതയുള്ള ടീമുകളാണ് അവയെല്ലാം.

ഇത് കൊണ്ടു തന്നെ, സെമിയിൽ കളികൾ കടുക്കും, പിച്ചിൽ പോരാട്ടം തീ പാറും, ഗാലറികളിൽ വികാരവിക്ഷോഭങ്ങൾ തിരതള്ളും. പാകിസ്ഥാൻ ന്യൂസിലാൻഡ് കളിയാണ് ആദ്യം നടക്കുന്നത്. ഇതിൽ മുൻതൂക്കം കിവികൾക്കാണെങ്കിലും, നമ്മുടെ അയൽക്കാരുടെ കളി പ്രവചനാതീതമാണ് എന്നു നമുക്കറിയാം. 11ൽ ഏത് കളിക്കാരനും ഫോമിലേക്ക് വന്നേക്കാം, അതാണ് അവരുടെ പ്ലസ് പോയിന്റ്. പക്ഷെ പാക് ടീമിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു വൻ വിജയം സാധ്യമാണെന്ന് അവർ പോലും വിശ്വസിക്കുന്നുണ്ട് എന്നു കരുതാനാവില്ല. കളി അവസാന പന്തിലേക്ക് എത്താൻ സാധ്യത കുറവാണ്. പക്ഷെ അങ്ങനെ അവസാന പന്തിലേക്ക് എത്തിയാൽ പാകിസ്ഥാൻ ജയിച്ചേക്കും, അല്ലെങ്കിൽ ലോക ക്രിക്കറ്റിലെ ജന്റിൽമൻ ടീമായ ന്യൂസിലാൻഡിന് തന്നെയാണ് വിദഗ്ധർ ഫൈനൽ സാധ്യത കൽപ്പിക്കുന്നത്.

ഇന്ത്യ നേരിടുന്നത് ഇംഗ്ലണ്ടിനെയാണ് എന്നത് നമുക്ക് കുറച്ചു ആശ്വാസം നൽകുന്നുണ്ട്. പരസ്പരം നന്നായി അറിയാവുന്ന കളിക്കാരാണ് തമ്മിൽ ഏറ്റ്മുട്ടുന്നത്. പണ്ട് ഇന്ദ്രനും ചന്ദ്രനും ഇടയിലൂടെ നടന്ന കഥകൾ പല തവണ കേട്ടിട്ടുള്ളത് കൊണ്ട്, അതൊന്നും ഈ കളിയിൽ വിലപ്പോകില്ല. കളിയുടെ അന്ന് പുറത്തെടുക്കുന്ന അടവുകൾ ആരുടേതാണ് മെച്ചം എന്നത് മാത്രമാകും വിജയിയെ തീരുമാനിക്കാൻ ഉതകുന്ന ഏക ഘടകം. കഴിഞ്ഞ കളികളിലെ പ്രകടനങ്ങൾ വച്ചു നോക്കുമ്പോൾ, ഇന്ത്യക്കാണ് മുൻതൂക്കം. ഇന്ത്യൻ മുൻനിര ബാറ്റേഴ്സും ബോളേഴ്‌സും ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെടുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഇംഗ്ലണ്ട് ടീമിലാണെങ്കിൽ സ്ഥിരമായ ഒരു മാച്ച് വിന്നറുടെ അഭാവം അവരെ അലട്ടുന്നുണ്ട് താനും.

ഐസിസിയും, സംഘാടകരും, ഭൂരിപക്ഷം കാണികളും ആഗ്രഹിക്കുന്നത് ഇന്ത്യ പാകിസ്ഥാൻ ഫൈനലാണ് എന്നതാണ് രസകരമായ കാര്യം. ഓരോ കൂട്ടർക്കും ആഗ്രഹിക്കാൻ ഓരോ കാരണങ്ങളുണ്ട് എന്നതും വ്യക്തമാണ്. പക്ഷെ അങ്ങനെയൊരു കളി ഫൈനലിൽ ഒത്ത് വരികയാണെങ്കിൽ, അത് മറ്റൊരു ഇതിഹാസമായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

ബാബറും റിസുവാനും അവസാന ഘട്ടത്തിൽ ഫോമിൽ എത്തും എന്ന് ഹെയ്ഡൻ

പാകിസ്താൻ ലോകകപ്പ് സെമിയിൽ എത്തി എങ്കിലും അവരുടെ രണ്ട് ഓപ്പണർമാരുടെയും ഫോം ആശങ്ക നൽകുന്നത് ആയിരുന്നു. എന്നാൽ ബാബറും റിസുവാനും വലിയ താരങ്ങൾ ആണെന്നും അവർ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ ഫോമിലേക്ക് ഉയരും എന്നും പാകിസ്താൻ ടീം മെന്റർ ഹെയ്ഡൻ പറഞ്ഞു.

ബാബറും റിസ്വാനും മികച്ച ഒന്നാം നമ്പർ കോമ്പിനേഷനാണ്. ഇവരുടെ ഫോമിനെ നിങ്ങൾ വിമർശിച്ചിക്കുമ്പോൾ എനിക്ക് നിങ്ങളെ മറ്റൊരു ലോകകപ്പിലേക്ക് കൊണ്ടുപോകാൻ ആണ് താല്പര്യം, അത് 2007 ലോകകപ്പായിരുന്നു, ആദം ഗിൽക്രിസ്റ്റിന് അത് അത്ര നല്ല ലോകകപ്പ് ആയിരുന്നില്ല. പക്ഷെ ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരം നിങ്ങൾ ഓർക്കുകയാണെങ്കിൽ, അദ്ദേഹം അവിശ്വസനീയമായ ഒരു സെഞ്ച്വറി നേടുകയും ആ ടൂർണമെന്റിൽ തന്റെ കഴിവ് എന്താണെന്ന് കാണിച്ചു തരുകയും ചെയ്തു. ഹെയ്ഡൻ പറഞ്ഞു.

ഇതുപോലെ മികച്ച താരങ്ങൾ എപ്പോഴും അവർ എന്താണെന്ന് നിർണായക ഘട്ടത്തിൽ ലോകത്തിന് കാണിച്ചു കൊടുക്കും എന്ന് അദ്ദേഹം പറഞ്ഞു ‌ ബാബർ അസം ഈ ലോകകപ്പിൽ ആകെ 39 റൺസ് ആണ് ഇതുവരെ നേടിയത്.

രോഹിതിന്റെ തീരുമാനങ്ങൾ മികച്ചത്, അദ്ദേഹം ക്യാപ്റ്റൻസി ആസ്വദിക്കുകയാണ്”

ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റൻ ആയ രോഹിത ശർമ്മയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്. ഈ ലോകകപ്പിലുടനീളം രോഹിത് ക്യാപ്റ്റൻസി ആസ്വദിക്കുന്നതാണ് താൻ കാണുന്നത് എന്ന് മിതാലി പറഞ്ഞു. അദ്ദേഹത്തിന്റെ കളത്തിലെ തീരുമാനങ്ങൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു എന്നും മിതാലി പറഞ്ഞു.

അദ്ദേഹത്തിന് ഇതിലും മികച്ച കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് ചിലർ വാദിച്ചേക്കാം, എന്നാൽ ഓരോ ക്യാപ്റ്റനും ഒരോ നിമിഷത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ആ സമയത്തെ മറ്റ് നിരവധി ഘടകങ്ങൾ പരിഗണിച്ചാകും എന്ന് മിതാലി പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ ലക്ഷ്യങ്ങൾ നേടുക എന്നതാണ്. അദ്ദേഹം അത് നന്നായി ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പ്രശ്നങ്ങൾ അവിടെയും ഇവിടെയും സംഭവിക്കും, പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള ഒരു ടൂർണമെന്റിൽ. പക്ഷേ ക്യാപ്റ്റൻ എന്ന നിലയിൽ ടീമിന്റെ ശ്രദ്ധ കിരീടത്തിലേക്ക് തന്നെയാക്കാൻ രോഹിതിനാകുന്നുണ്ട്. മിതാലി കൂട്ടിച്ചേർത്തു

ഒരു കളി കൊണ്ട് അല്ല താരങ്ങളെ വിലയിരുത്തുന്നത്, പന്തിനെ പ്രതിരോധിച്ച് ദ്രാവിഡ്

ഇന്നലെ സിംബാബ്‌വെക്ക് എതിരെ കാർത്തികിന് പകരം പന്തിനെ ഇന്ത്യൻ ടീമിൽ എത്തിച്ചിരുന്നു എങ്കിലും തിളങ്ങാൻ ആയിരുന്നില്ല. എന്നാൽ ആ പ്രകടനം മാത്രം വെച്ച് പന്തിനെ വിലയിരുത്താൻ ആകില്ല എന്ന് കോച്ച് ദ്രാവിഡ് പറഞ്ഞു.

ഒരു കളി കൊണ്ട്‌ നമ്മൾ താരങ്ങളെ വിലയിരുത്തുന്നില്ല, നമ്മൾ അവരെ കളിപ്പിക്കുമോ ഇല്ലയോ എന്നത് ഒരു ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള തീരുമാനം ആയിരിക്കില്ല എന്നും ദ്രാവിഡ് പറഞ്ഞു.

താരങ്ങളെ ടീമിൽ എടുക്കുന്നത് പലപ്പോഴും ടീമിലെടുക്കുന്നത് എതിരാളികളെ കൂടെ കണക്കിൽ എടുത്തായിരിക്കും എന്ന് ദ്രാവിഡ് പറഞ്ഞു.

ഋഷഭ് പന്തിലുള്ള ആത്മവിശ്വാസം ഞങ്ങൾക്ക് ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങളുടെ 15 കളിക്കാരിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ലോകകപ്പിന്റെ ഭാഗമാണ് എന്നതിന്റെ അർത്ഥം ഞങ്ങൾക്ക് അവരിൽ വിശ്വാസമുണ്ട് എന്നാണ്. എപ്പോൾ വേണമെങ്കിലും അവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താം എന്നും ദ്രാവിഡ് പറഞ്ഞു.

“അവസാന ഘട്ടത്തിൽ രോഹിത് ശർമ്മ കൂടെ ഫോമിൽ ആകണം”

ഇന്ത്യ സെമിക്കും ഫൈനലിനും ആയി ഒരുങ്ങുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ കൂടെ ഫോമിലേക്ക് ഉയരണം എന്നാണ് തന്റെ ആഗ്രഹം എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് ശർമ്മ നന്നായി ബാറ്റ് ചെയ്യുന്നില്ല എന്നതിൽ എനിക്ക് സംശയമില്ല. ഓസ്‌ട്രേലിയയിലെ സൂര്യകുമാർ യാദവ് തിളങ്ങുന്നുണ്ട്, അത് ഇന്ത്യയ്ക്ക് നല്ല സൂചനയാണ്. കഠിനമായ പിച്ചുകളിലും യാദവിന്റെ ബാറ്റിംഗ് കരുത്ത് മികച്ചു നിൽക്കുന്നു. ഹർഭജൻ പറയുന്നു.

സൂര്യകുമാർ തിളങ്ങുന്നത് കൊണ്ട് തന്നെ വിരാട് കോഹ്‌ലിക്ക് ഇനിയും ബാറ്റിംഗ് നിരയെ തോളിലേൽക്കേണ്ട. ഹർഭജൻ പറഞ്ഞു. രോഹിത് ഇതുവരെ വലിയ റൺസ് അടിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് അവസാന ഘട്ടത്തിൽ ഫോമിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഭാജി പറയുന്നു

സൂര്യകുമാർ യാദവും അർഷ്ദീപും തിളങ്ങിയതുപോലെ മറ്റുള്ളവരും തിളങ്ങും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കപ്പിന് രണ്ട് ചുവടുകൾ മാത്രം അകലെയാണ് ഇന്ത്യ ഇപ്പോൾ. കിരീടം നേടുന്നതിന് സമ്മർദ്ദം മറികടക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ പാകിസ്താൻ ഫൈനൽ വേണം എന്ന് അക്തർ

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഷൊഹൈബ് അക്തർ. സെമി ഫൈനലിന് ശേഷം ഇന്ത്യയും പാകിസ്ഥാനും നാട്ടിലേക്ക് മടങ്ങില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് ഇന്ത്യ-പാക് ഫൈനൽ കാണണം. ബ്രോഡ്കാസ്റ്റർമാർക്കും ഐസിസിക്കും ആകും ഇതേറ്റവും സന്തോഷം നൽകുക. ”അക്തർ പറഞ്ഞു.

ഒരിക്കൽ കൂടി ഇന്ത്യയെ നേരിടാം എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. എന്നാൽ ഇരു ടീമുകളും സെമിയിൽ പുറത്തായാൽ അത് വലിയ തമാശയായി മാറും എന്നുൻ അക്തർ പറയുന്നു. പാക്കിസ്ഥാന് സെമിയിൽ ജയിക്കേണ്ടതുണ്ട്.. പാകിസ്ഥാന് ന്യൂസിലൻഡിനെതിരെ നലൽ റെക്കോർഡ് ആണ്. ന്യൂസിലൻഡ് ഒരുപാട് തവണ ഞങ്ങൾക്ക് എതിരെ പരാജയപ്പെട്ടിട്ടുണ്ട്. അക്തർ പറഞ്ഞു.

പാകിസ്താനും ഇന്ത്യയും നേരത്തെ സൂപ്പർ 12ൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്ക് ഒപ്പം ആയിരുന്നു.

“സൂര്യകുമാർ എല്ലാവരുടെയും സമ്മർദ്ദം ഇല്ലാതാക്കുന്നു” – രോഹിത് ശർമ്മ

സിംബാബ്‌വെക്ക് എതിരെ പ്ലയർ ഓഫ് ദി മാച്ച് ആയ സൂര്യകുമാറിനെ പുകഴ്ത്തി കൊണ്ട് രോഹിത് ശർമ്മ രംഗത്ത്. സൂര്യകുമാർ ടീമിനായി ചെയ്യുന്ന കാര്യങ്ങൾ അത്ഭുതകരമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. മറ്റു ബാറ്റ്‌സ്മാൻമാരിൽ നിന്ന് സമ്മർദ്ദം ഒഴിവാക്കാൻ സൂര്യകുമാറിന്റെ ഇന്നിങ്സുകൾക്ക് ആകുന്നു എന്നും ടീമിന്റെ മൊത്തം സമ്മർദ്ദവും ഇല്ലാതാക്കുന്ന പ്രകടനമാണ് സൂര്യകുമാർ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത് എന്നും രോഹിത് ശർമ്മ പറഞ്ഞു.

ടീമിനെ സംബന്ധിച്ചെടുത്തോളം സ്കൈയുടെ പ്രകടങ്ങൾ പ്രധാനമാണ് എന്നും ക്യാപ്റ്റൻ പറഞ്ഞു. അവന്റെ കഴിവ് ഞങ്ങൾക്കറിയാം, സൂര്യകുമാറിന്റെ ഇന്നിങ്സുകൾ മറ്റ് താരങ്ങൾക്ക് സമയം നൽകുന്നു. എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രകടനങ്ങൾ ആണ് ഞങ്ങൾ സൂര്യകുമാറിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്നും രോഹിത് കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് ഇംഗ്ലണ്ട്, പാകിസ്താന് ന്യൂസിലൻഡ്, ഒരു ഇന്ത്യ പാക് ഫൈനൽ ഉണ്ടാകുമോ?

സൂപ്പർ 12ലെ അവസാന മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെയെ തോൽപ്പിച്ചതോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഒപ്പം ലോകകപ്പ് സെമി ഫൈനൽ ഫിക്സ്ചറും ഇതോടെ തീരുമാനം ആയി. ഇന്ത്യക്ക് ഇംഗ്ലണ്ടും പാകിസ്താന് ന്യൂസിലൻഡും ആകും സെമിയിലെ എതിരാളികൾ. നവംബർ 9ന് ഉച്ചക്ക് ഇന്ത്യൻ സമയം 1.30ന് നടക്കുന്ന ആദ്യ സെമിയിൽ ന്യൂസിലൻഡ് പാകിസ്താനെ നേരിടും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആകും ഈ മത്സരം നടക്കുക.

നവംബർ 10ന് ഉച്ചക്ക് 1.30ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യയുടെ സെമി മത്സരം അഡ്ലൈഡിൽ വെച്ചാകും നടക്കുക. ഇന്ത്യ പാകിസ്താൻ എന്ന സ്വപന ഫൈനൽ നടക്കാനുള്ള സാധ്യതയും ഇതോടെ സജീവമായി. ഇരു ടീമുകളും സെമി ജയിച്ചാൽ ഫൈനലിൽ ഒരു വമ്പൻ പോരാട്ടം തന്നെ കാണാം. സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ കോഹ്ലിയുടെ മികവിൽ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

Exit mobile version