ബംഗ്ലാദേശിന് രണ്ടാം വിജയം, സൂപ്പർ 8-നോട് അടുത്തു

ടി ട്വന്റി ലോകകപ്പിൽ നെതർലൻസിനെ തോൽപ്പിച്ച് ബംഗ്ലാദേശ് സൂപ്പർ 8 ഉറപ്പിക്കുന്നതിന് അടുത്തെത്തി. ഇന്ന് നെതർലാൻസിന് എതിരെ 18 റൺസിന്റെ വിജയമാണ് ബംഗ്ലാദേശ് നേടിയത്. ബംഗ്ലാദേശ് ഉയർത്തിയ 160 എന്ന വിജയലക്ഷ്യം പിന്തുടർന്ന് നെതർലാൻസിന് 134 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. 33 റൺസ് എടുത്ത് എംഗൽബ്രെച് ആണ് നെതർലാൻസിനായി ടോപ് സ്കോറർ ആയത്. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്നു വിക്കറ്റുകൾ നേടി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഷാക്കിബ് അൽ ഹസന്റെ മികവിൽ ആണ് 159 റൺസ് എടുത്തത്. ഷാക്കിബ് 46 പന്തിൽ 64 റൺസ് എടുത്തു. മഹ്മുദുള്ള 25 റൺസും തൻസിദ് ഹസൻ 35 റൺസും നേടി. ഈ വിജയത്തോടെ ബംഗ്ലാദേശിന് നാല് പോയിന്റായി.

ഓപ്പണിംഗിൽ ഇന്ത്യ കോഹ്ലി-രോഹിത് സഖ്യത്തെ മാറ്റരുത് എന്ന് ലാറ

ഇന്ത്യ ഓപ്പണിംഗ് ജോഡികളായ കോഹ്ലിയെയും രോഹിത് ശർമ്മയെയും മാറ്റരുത് എന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ലോകകപ്പിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഈ ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയപ്പെട്ടിരുന്നു. കോഹ്ലി മൂന്ന് ഇന്നിംഗ്സിലും രണ്ടക്കം കണ്ടിരുന്നില്ല.രോഹിത് അവസാന രണ്ട് ഇന്നിംഗ്സിലും റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു.

“ഇന്ത്യക്ക് ഇടത്-വലത് ഓപ്പണിംഗ് കൂട്ടുകെട്ട് കളിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷെ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അവരുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി ഓപ്പണറായി ബാറ്റുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചവർ ആണ്. അവരെ തന്നെ ഇന്ത്യ ഓപ്പണിംഗിൽ നിലനിർത്തണം. മാറ്റം വരുത്തുന്നു എങ്കിൽ കോഹ്ലിയെ വൺ ഡൗണിനുൻ താഴേക്ക് മാറ്റേണ്ടി വരും. ”സ്റ്റാർ സ്‌പോർട്‌സിൽ ലാറ പറഞ്ഞു.

“ഇന്ത്യയുടെ കോമ്പിനേഷൻ നല്ലതാണെന്നും ഇന്ത്യ അവരെ പിന്തുണക്കണം എന്നുൻ ഞാൻ വിശ്വസിക്കുന്നു. യുഎസ്എയിലെ ബാറ്റിംഗ് സാഹചര്യങ്ങൾ മികച്ചതായിരുന്നില്ല. നിങ്ങൾ മത്സരങ്ങൾ വിജയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ മാറ്റങ്ങൾ വരുത്തണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസിനോടും തോറ്റു, ന്യൂസിലൻഡ് സൂപ്പർ 8 പ്രതീക്ഷകൾ അസ്തമിക്കുന്നു

ടി20 ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ് രണ്ടാം പരാജയം വഴങ്ങി. ഇന്ന് വെസ്റ്റിൻഡീസിനെ നേരിട്ട ന്യൂസിലൻഡ് 13 റൺസിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. 150 എന്ന വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ബാറ്റർമാർ ആകെ പതറുക ആയിരുന്നു. ആകെ 136/9 റൺസ് മാത്രമാണ് അവർ എടുത്തത്. 5 റൺസ് എടുത്ത കോൺവേ, 10 റൺസ് എടുത്ത രചിൻ രവീന്ദ്ര, 1 റൺ മാത്രമെ എടുത്ത കെയ്ൻ വില്യംസൺ, 12 റൺസ് എടുത്ത മിച്ചൽ എന്നിവർ നിരാശപ്പെടുത്തി.

26 റൺസ് എടുത്ത ഫിൻ അലനു മികച്ച തുടക്കം കിട്ടി എങ്കിലും ഒരു ദീർഘ ഇന്നിംഗ്സ് കളിക്കാൻ ആയില്ല. അവസാനം ഗ്ലെൻ ഫിലിപ്സ് പൊരുതി നോക്കി എങ്കിലും വിജയം ദൂരെ ആയിരുന്നു. 33 പന്തിൽ 40 റൺസ് എടുത്ത് ഫിലിപ്സ് പുറത്തായി. വെസ്റ്റിൻഡീസിനായി അൽസാരി ജോസഫ് നാല് വിക്കറ്റും ഗുദകേശ് മൂന്ന് വിക്കറ്റും നേടി. ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനോടും പരാജയപ്പെട്ടിരുന്നു. ന്യൂസിലൻഡിന്റെ സൂപ്പർ 8 പ്രതീക്ഷകൾ ഇതോടെ മങ്ങിയിരിക്കുകയാണ്‌.

ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 149 റൺസ് ആണ് എടുത്തത്. ഒരു ഘട്ടത്തിൽ 30/5 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും വാലറ്റത്തിൽ മറ്റു താരങ്ങളും ചേര്‍ന്നുള്ള നിര്‍ണ്ണായക സംഭാവനകളാണ് മുന്നോട്ട് നയിച്ചത്. 39 പന്തിൽ നിന്ന് 68 റൺസാണ് റൂഥര്‍ഫോര്‍ഡ് നേടിയത്. 6 സിക്സുകള്‍ അടക്കം ആയിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

റൂഥര്‍ഫോര്‍ഡ് 68 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 17 റൺസ് നേടിയ നിക്കോളസ് പൂരന്‍ മാത്രമാണ് വിന്‍ഡീസ് ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയ മറ്റൊരു താരം. അകീൽ ഹൊസൈന്‍(15), ആന്‍ഡ്രേ റസ്സൽ (14), റൊമാരിയോ ഷെപ്പേര്‍ഡ് (13) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളും ടീമിന് തുണയായി.

19ാം ഓവറിൽ ഡാരിൽ മിച്ചലിനെ മൂന്ന് സിക്സറുകള്‍ പറത്തി റൂഥര്‍ ഫോര്‍ഡ് തന്റെ അര്‍ദ്ധ ശതകം അതേ ഓവറിലെ അവസാന പന്തിൽ സ്വന്തമാക്കി. 33 പന്തിൽ നിന്നായിരുന്നു വെസ്റ്റിന്‍ഡീസ് താരത്തിന്റെ ഈ നേട്ടം.

ന്യൂസിലാണ്ടിന് വേണ്ടി ബോള്‍ട്ട് മൂന്നും സൗത്തി, ഫെര്‍ഗൂസൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ട് 16 റൺസ് വിട്ട് നൽകിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

സ്കൈ ഈസ് ദി മാന്‍!!! വിജയം ഇന്ത്യയ്ക്ക്, പാക്കിസ്ഥാന് പ്രതീക്ഷ

യുഎസ്എയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ. പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ ഇന്ത്യയുടെ ഈ വിജയം കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ശിവം ദുബേയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 72 റൺസാണ് ഇന്ത്യയെ 18.2 ഓവറിൽ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ 8ൽ കടന്നു.

ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ ഇന്ത്യ 10 റൺസ് മാത്രമാണ് നേടിയത്. വിരാടിനെ രണ്ടാം പന്തിലും മൂന്നാം ഓവറിൽ രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ഇരു വിക്കറ്റും സൗരഭ് നെത്രാവൽക്കര്‍ ആണ് നേടിയത്. 29 റൺസ് രണ്ടാം വിക്കറ്റിൽ നേടി ഋഷഭ് പന്ത് – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും അലി ഖാന്‍ 18 റൺസ് നേടിയ പന്തിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു.

സൂര്യകുമാര്‍ യാദവും ശിവം ദുബേയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിനരികിലേക്ക് എത്തിച്ചു. ഓവറുകള്‍ ആരംഭിയ്ക്കുവാന്‍ വൈകുന്നത് മൂന്ന് തവണ ആവര്‍ത്തിച്ചപ്പോള്‍ 5 പെനാള്‍ട്ടി റൺസും യുഎസ്എയ്ക്കെതിരെ ചുമത്തി.

സ്കൈ 50 റൺസും ശിവം ദുബേ 31 റൺസുമാണ് ഇന്ത്യയ്ക്കായി നേടിയത്.

 

സൂപ്പർ 8ൽ എത്തിയാൽ പാകിസ്ഥാൻ മികച്ച ക്രിക്കറ്റ് കളിക്കും എന്ന് ഉറപ്പ് തരുന്നു – ഹാരിസ് റഹൂഫ്

2024ലെ ടി20 ലോകകപ്പിൽ സൂപ്പർ 8ലേക്ക് യോഗ്യത നേടാനാകും എന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം എന്ന് പാകിസ്ഥാൻ ബൗളർ ഹാരിസ് റഹൂഫ്. സൂപ്പർ 8ൽ എത്താനുള്ള കണക്കുകളെ ഓർത്ത് പാകിസ്ഥാൻ ആശങ്കപ്പെടുന്നില്ലെന്നും ഹാരിസ് റൗഫ് പറഞ്ഞു.

“കണക്കുകളെ കുറിച്ചുള്ള ആശങ്കകൾ ഒന്നും ഞങ്ങളുടെ മനസ്സിൽ വരുന്നില്ല. ഞങ്ങളുടെ മത്സരത്തിലും എങ്ങനെ കളിക്കണം എന്നതിലും മാത്രമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾ ശേഷിക്കുന്ന മത്സരം വിജയിച്ചാൽ അതിനു ശേഷം എന്ത് സംഭവിച്ചാലും ഞങ്ങൾ അംഗീകരിക്കും,” റൗഫ് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു

“ഈ വിജയം വളരെ പ്രധാനമാണെന്ന് നമുക്ക് അറിയാം. ഞങ്ങളുടെ ശ്രദ്ധ ഞങ്ങളുടെ മത്സരങ്ങളിൽ ആണ്, അടുത്ത മത്സരത്തിൽ ഞങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് എന്ത് സംഭവിച്ചാലും, ഞങ്ങൾ യോഗ്യത നേടിയാൽ, ഭാവിയിൽ ഞങ്ങൾ മികച്ച ക്രിക്കറ്റ് കളിക്കും, ”റൗഫ് പറഞ്ഞു.

5 ഓവറിലേക്ക് കളി ജയിച്ച് ഓസ്ട്രേലിയ സൂപ്പർ 8-ൽ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ നമീബിയയെ തകർത്ത് ഓസ്ട്രേലിയ. വെറും 5.4 ഓവറിലേക്ക് നമീബയെ തോൽപ്പിക്കാൻ ഓസ്ട്രേലിയക്ക് ആയി. നമീബിയ ഉയർത്തിയ 73 എന്ന വിജയലക്ഷ്യം 5.4 ഓവറിലേക്ക് ഓസ്ട്രേലിയ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്.

വാർണർ 8 പന്തിൽ 20 റൺസ് എടുത്ത പുറത്തായി. ഈ വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. ട്രാവിസ് ഹെഡ് 17 പന്തിൽ 34 റൺസ് എടുത്തും മിച്ചൽ മാർഷ് 9 പന്തിൽ 18 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത നമീബിയയെ 17 ഓവറിൽ 72 റൺസിന് ഓള്‍ഔട്ട് ആക്കാൻ ഓസ്ട്രേലിയക്ക് ആയി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ആഡം സംപയാണ് നാല് വിക്കറ്റുമായി മികച്ച് നിന്നത്. ജോഷ് ഹാസൽവുഡ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

36 റൺസ് നേടിയ നമീബിയയുടെ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എറാസ്മസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 10 റൺസ് നേടിയ മൈക്കൽ വാന്‍ ലിന്‍ഗെന്‍ ആണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ നേടിയത്. ടീം 72 റൺസ് നേടിയപ്പോള്‍ അതിൽ പകുതി സ്കോര്‍ നേടിയത് എറാസ്മസ് ആയിരുന്നു. 9ാം വിക്കറ്റായി ആണ് അദ്ദേഹം പുറത്തായത്.

ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് എതിരെ, സഞ്ജു കളിക്കാൻ സാധ്യത

ഇന്ന് സൂപ്പർ 8 ഉറപ്പിക്കാൻ ആയി ഇന്ത്യ ലോകകപ്പിൽ ഇറങ്ങുന്നു. ഇന്ന് ഇന്ത്യ ആതിഥേയരായ അമേരിക്കയെ ആണ് നേരിടുന്നത്. ന്യൂയോർക്കിൽ നടക്കുന്ന മത്സരം ഇന്ന് രാത്രി എട്ടുമണിക്കാണ് ആരംഭിക്കുക. കളി തൽസമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും കാണാനാകും. ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. അമേരിക്കയും അവർ കളിച്ച ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചിരുന്നു.

അമേരിക്ക പാകിസ്ഥാനെ അട്ടിമറിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയെ അങ്ങനെ ലാഘവത്തോടെ എടുക്കാൻ ആകില്ല. പാകിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചിരുന്നുവെങ്കിലും ഇന്ത്യൻ ബാറ്റിംഗ് പ്രതീക്ഷിക്കുന്നു ഉയർന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ഇന്ന് ബാറ്റിംഗ് ലൈനപ്പിൽ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. സഞ്ജു ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ശിവം ദൂബെക്ക് പകരം സഞ്ജുവിനെ കളിപ്പിക്കാനുള്ള ആലോചനയിലാണ് ഇന്ത്യ.

ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് സൂപ്പർ 8 ഉറപ്പിക്കാൻ ആകും. ആദ്യ മത്സരങ്ങളിൽ തിളങ്ങാതിരുന്ന വിരാട് കോഹ്ലി് സൂര്യകുമാർ യാദവ് തുടങ്ങിയവർ ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ രണ്ടു മത്സരങ്ങളും ബൗളർമാരുടെ മികവിൽ ആയിരുന്നു ഇന്ത്യ വിജയിച്ചത്. രണ്ടും മത്സരങ്ങളിലും കളിയിലെ താരമായ ബുമ്രയിൽ തന്നെയാകും ഇന്നും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.

അവസാനം പാകിസ്ഥാന് ഒരു ജയം!! കാനഡയെ തോൽപ്പിച്ചു

ഈ ലോകകപ്പിൽ പാകിസ്ഥാൻ ആദ്യമായി വിജയിച്ചു. ഇന്ന് കാനഡയെ നേരിട്ട പാകിസ്താൻ 7 വിക്കറ്റ് വിജയമാണ് നേടിയത്. 107 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 17.3 ഓവറിൽ ലക്ഷ്യം കണ്ടു. റിസുവാനും ബാബറും ആണ് പാകിസ്താനായി തിളങ്ങിയത്. റിസുവാൻ 53 റൺസുമായി പുറത്താകാതെ നിന്നു. ബാബർ അസം 33 റൺസും എടുത്തു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത കാനഡ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 106 റൺസ് എടുത്തത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ കാനഡ ആക്രമിച്ചു കളിച്ചു എങ്കിലും പിന്നീട് തുടരെ തുടരെ കാനഡക്ക് വിക്കറ്റുകൾ നഷ്ടമായി. അർദ്ധ സെഞ്ച്വറി എടുത്ത ഓപ്പണർ ജോൺസൺ ആണ് കാനഡയെ 100 കടക്കാൻ സഹായിച്ചത്.

ജോൺസൺ 44 പന്തിൽ 52 റൺസ് എടുത്തു. നാല് സിക്സും ആറ് ഫോറും ജോൺസൺ ഇന്ന് അടിച്ചു. ആരോൺ ജോൺസൺ അല്ലാതെ ആകെ രണ്ടു താരങ്ങൾ മാത്രമാണ് ഇന്ന് കാനഡ നിരയിൽ രണ്ടക്കം കടന്നത്. പാകിസ്ഥാനായി മുഹമ്മദ് അമീർ, ഹാരിസ് റഹൂഫ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

കാനഡയെ 106ൽ ഒതുക്കി പാകിസ്ഥാൻ

ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ കാനഡയ്ക്ക് 106 റൺസ്. ഇന്ന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് കാനഡ 106 റൺസ് എടുത്തത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ കാനഡ ആക്രമിച്ചു കളിച്ചു എങ്കിലും പിന്നീട് തുടരെ തുടരെ കാനഡക്ക് വിക്കറ്റുകൾ നഷ്ടമായി. അർദ്ധ സെഞ്ച്വറി എടുത്ത ഓപ്പണർ ജോൺസൺ ആണ് കാനഡയെ 100 കടക്കാൻ സഹായിച്ചത്.

ജോൺസൺ 44 പന്തിൽ 52 റൺസ് എടുത്തു. നാല് സിക്സും ആറ് ഫോറും ജോൺസൺ ഇന്ന് അടിച്ചു. ആരോൺ ജോൺസൺ അല്ലാതെ ആകെ രണ്ടു താരങ്ങൾ മാത്രമാണ് ഇന്ന് കാനഡ നിരയിൽ രണ്ടക്കം കടന്നത്. പാകിസ്ഥാനായി മുഹമ്മദ് അമീർ, ഹാരിസ് റഹൂഫ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

പാകിസ്ഥാൻ ടീമിനെ മൊത്തത്തിൽ മാറ്റണം എന്ന് വസീം അക്രം

ഇന്ത്യക്ക് എതിരായ പരാജയത്തിനു ശേഷം പാകിസ്ഥാൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ ഇതിഹാസ താരം വസീം അക്രം. പാകിസ്താൻ ടീം മുഴുവൻ ആയു പിരിച്ചു വിടണം എന്ന് വസീം അക്രം പറഞ്ഞു. കളിക്കാർ ഒട്ടും പ്രൊഫഷണൽ അല്ല എന്നും അദ്ദേഹം പറഞ്ഞു

“ഇതിൽ പലരും 10 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു, എനിക്ക് അവരെ പഠിപ്പിക്കാൻ കഴിയില്ല. റിസ്വാന് കളി എന്താണെന്ന് ബോധമില്ല. വിക്കറ്റ് വീഴ്ത്താൻ ആണ് ബുംറയ്ക്ക് പന്ത് നൽകിയെന്നും ആ പന്തുകൾ കരുതലോടെ കളിക്കുകയായിരുന്നു ബുദ്ധിയെന്നും അദ്ദേഹം അറിയണമായിരുന്നു. എന്നാൽ റിസ്വാൻ ഒരു വലിയ ഷോട്ടിന് പോയി വിക്കറ്റ് നഷ്ടമാക്കി, ”അക്രം പറഞ്ഞു.

“ഇഫ്തിഖർ അഹമ്മദിന് ലെഗ് സൈഡിൽ ഒരു ഷോട്ട് അറിയാം. വർഷങ്ങളായി അദ്ദേഹം ടീമിൻ്റെ ഭാഗമാണ്, പക്ഷേ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പരിശീലകരെ പുറത്താക്കുമെന്നും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും പാക് കളിക്കാർ കരുതുന്നു. പരിശീലകരെ നിലനിർത്താനും ടീമിനെ മുഴുവൻ മാറ്റാനുമുള്ള സമയമാണിത്,” അക്രം കൂട്ടിച്ചേർത്തു

“ഈ ടീമിൽ പരസ്പരം സംസാരിക്കാൻ ആഗ്രഹിക്കാത്ത കളിക്കാരുണ്ട്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്, നിങ്ങൾ നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഈ കളിക്കാരെ വീട്ടിൽ ഇരുത്തണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ് ബോളിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളർ ആണ് ബുമ്ര – ഇർഫാൻ പഠാൻ

ബുമ്ര ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച വൈറ്റ് ബൗളർ ആണ് എന്ന് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ. ഇന്നലെ പാക്കിസ്ഥാനെതിരെ മത്സരത്തിൽ ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ ഹീറോയായി മാറിയിരുന്നു. ബുംറ ഇന്നലെ 4 ഓവർ പന്തെറിഞ്ഞ് 14 റൺസിന് 3 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

“ജസ്പ്രീത് ബുംറ തൻ്റെ അവസാന രണ്ട് ഓവർ എറിയുന്നതിന് മുമ്പ് കമൻ്ററി ബോക്സിൽ ഞാൻ പറഞ്ഞു, അവൻ ഇന്ത്യൻ ബാങ്കാണെന്ന്. അവൻ അത്ര സുരക്ഷിതത്വം നൽകുന്നു. അവൻ എത്ര മികച്ച ബൗളറാണ്, അവൻ എപ്പോൾ വേണമെങ്കിലും പന്തെറിയാൻ ആകുമെന്ന് നിങ്ങൾക്കറിയാം. ആ ലൈനും ലെങ്തും ബൗൾ ചെയ്യുക, അത് ഇന്ത്യൻ ടീമിനെ കളിയിൽ നിലനിർത്തും, അതൊരു പ്രത്യേക കഴിവാണ്,” മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിൽ ഇർഫാൻ പത്താൻ പറഞ്ഞു.

“കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ വൈറ്റ് ബോൾ ബൗളറാണ് അദ്ദേഹം. ആരും അവൻ്റെ അടുത്തേക്ക് വരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ബൗളറാണ് അദ്ദേഹം. ” പഠാൻ പറഞ്ഞു. .

“ഈ വിജയം സന്തോഷം നൽകുന്നു, ഇനിയും ഞങ്ങൾ മെച്ചപ്പെടണം” – ബുമ്ര

ഇന്ന് പാകിസ്താന് എതിരായ വിജയത്തിൽ ഏറെ സന്തോഷം ഉണ്ടെന്ന് ഇന്ത്യൻ ബൗളർ ജസ്പ്രിത് ബുമ്ര. ഇന്ന് 3 വിക്കറ്റുകൾ വീഴ്ത്തിയ ബുമ്ര പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. ഈ പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുക ആയിരുന്നു ബുമ്ര.

“ഈ വിജയം ശരിക്കും സന്തോഷം നൽകുന്നു. ഞങ്ങൾ എടുത്ത റൺസ് അൽപ്പം കുറവാണെന്ന് ഞങ്ങൾക്ക് തോന്നി, വെയിൽ വന്നതോടെ വിക്കറ്റ് കുറച്ചുകൂടി മെച്ചപ്പെടുക്കയും ചെയ്തു. ഞങ്ങൾ ശരിക്കും അച്ചടക്കത്തോടെ ബൗൾ ചെയ്തു, അത് ഗുണം ചെയ്തു.” ബുമ്ര പറഞ്ഞു.

“എനിക്ക് കഴിയുന്നത്ര പേസിൽ ബൗൾ ചെയ്യാൻ ആണ് ശ്രമിച്ചത്, എൻ്റെ എക്സിക്യൂഷൻ ഇന്ന് ശരിയായി വന്നു, എല്ലാം നന്നായി വന്നതിനാൽ എനിക്ക് സന്തോഷം തോന്നി.” ബുമ്ര പറയുന്നു.

“ഇന്ന് ആരാധകരുടെ പിന്തുണ ഞങ്ങൾ ഇന്ത്യയിൽ കളിക്കുന്നത് പോലെ തോന്നിപ്പിച്ചു. ഈ പിന്തുണയിൽ ശരിക്കും സന്തോഷമുണ്ട്, അത് കളിക്കളത്തിൽ ഞങ്ങൾക്ക് ഊർജം നൽകുന്നു. ഞങ്ങൾ ഇപ്പോൾ ഒരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങൾ രണ്ട് കളികൾ കളിച്ചു, നന്നായി കളിച്ചു. ഈ പ്രകടനം തുടരുകയും മെച്ചപ്പെടുകയും വേണം.” – അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version