നടരാജന്റെ ആത്മവിശ്വാസത്തെ പ്രകീർത്തിച്ച് ഹർഭജൻ സിംഗ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ യുവ ബൗളർ നടരാജനെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. നടരാജന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും തന്നിൽ വിശ്വാസമർപ്പിച്ച് കഠിനാധ്വാനം ചെയ്താൽ എന്തും നടക്കും എന്നതിന്റെ തെളിവാണ് താരത്തിന്റെ പ്രകടനമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

ടി20 പരമ്പരയിൽ നടരാജൻ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഇന്ത്യക്ക് വിക്കറ്റ് ആവശ്യമുള്ള സമയത്തെല്ലാം നടരാജൻ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവ് താരത്തിന് ഉണ്ടെന്നും താരത്തിന്റെ ആത്മവിശ്വാസം വളരെ മികച്ചതാണെന്നും ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ 2 ടി20 മത്സരങ്ങളിൽ കളിച്ച നടരാജൻ രണ്ട് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റും വീഴ്ത്തിയിരുന്നു. നിലവിൽ ആദ്യ 2 ടി20 മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.

സൈനിയുടെ ബാക്കപ്പായി നടരാജന്‍ ഏകദിന സ്ക്വാഡില്‍

ഇന്ത്യയുടെ ഏകദിന ടീമില്‍ നവ്ദീപ് സൈനിയ്ക്ക് ബാക്കപ്പ് എന്ന നിലയില്‍ ടി നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തി ബിസിസിഐ. സൈനി തന്റെ പുറംവേദനയെക്കുറിച്ച് ടീം മാനേജ്മെന്റിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം. എന്നാല്‍ ആദ്യ മത്സരത്തില്‍ അന്തിമ ഇലവനില്‍ സൈനി കളിക്കുന്നുണ്ട്.

എന്തെങ്കിലും പ്രശ്നം സംഭവിക്കുകയാണെങ്കില്‍ പകരം താരമെന്ന നിലയിലാണ് നടരാജനെ ഉള്‍പ്പെടുത്തയിരിക്കുന്നത്. നേരത്തെ ടൂറിനുള്ള നെറ്റ്സ് ബൗളര്‍മാരില്‍ ഒരാളായാണ് നടരാജനെ ഉള്‍പ്പെടുത്തിയതെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുട പരിക്ക് താരത്തിന് ടി20 സ്ക്വാഡില്‍ അവസരം നല്‍കുകയായിരുന്നു.

കമലേഷ് നാഗര്‍കോടി, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ പോറെല്‍ എന്നിവരാണ് മറ്റു നെറ്റ്സ് ബൗളര്‍മാര്‍.

പരിക്ക്, വരുണ്‍ ചക്രവര്‍ത്തി ടി20 ടീമില്‍ നിന്ന് പുറത്ത്, പകരം നടരാജന്‍

ഐപിഎലിലെ മിന്നും പ്രകടനങ്ങളുടെ ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഇടം പിടിക്കുവാന്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചുവെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. തോളിനേറ്റ പരിക്കിനെ ത്തുടര്‍ന്ന് താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പകരം ഐപിഎലിലെ മറ്റൊരു മിന്നും പ്രകടനക്കാരനായ നടരാജനാണ് ടീമില്‍ ഇടം ലഭിച്ചിരിക്കുന്നത്.

നേരത്തെ നടരാജനെ നെറ്റ് ബൗളര്‍ ആയി ഓസ്ട്രേലിയയിലേക്ക് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

ഏകനായി എബിഡി, ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജേസണ്‍ ഹോള്‍ഡര്‍

ഐപിഎലില്‍ ഇന്ന് എലിമിനേറ്ററില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ നഷ്ടമായ ആര്‍സിബിയ്ക്ക് പിന്നെ മത്സരത്തില്‍ തുടരെ വിക്കറ്റ് വീഴുന്നതാണ് കണ്ടത്.

Abdevilliers

എബി ഡി വില്ലിയേഴ്സിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 131 റണ്‍സാണ് ടീം നേടിയത്. ആരോണ്‍ ഫിഞ്ച് 32 റണ്‍‍സ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ നേടിയ മൂന്ന് വിക്കറ്റുകളാണ് റോയല്‍ ചലഞ്ചേഴ്സിന്റെ നടുവൊടിച്ചത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ വാഷിംഗ്ടണ്‍ സുന്ദറിനെയും എബിഡിയെയും ഒരേ ഓവറില്‍ പുറത്താക്കി നടരാജനും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 56 റണ്‍സാണ് എബിഡിയുടെ സംഭാവന.

മൂന്ന് റണ്‍സിനിടെ നാല് വിക്കറ്റ്, മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്ത്, പൊരുതി പുറത്തായി സഞ്ജു സാംസണ്‍, കേരളത്തിനു തോല്‍വി

തമിഴ്നാടിനെതിരെ 8 ഓവറുകള്‍ അകലെ വരെ പിടിച്ചു നിന്നുവെങ്കിലും തോല്‍വി ഒഴിവാക്കാനാകാതെ കേരളം. പ്രതീക്ഷ നല്‍കിയ ആദ്യ സെഷനു ശേഷമുള്ള രണ്ട് സെഷനുകളിലായി നാല് വീതം വിക്കറ്റുകള്‍ വീണതാണ് കേരളത്തിനു തിരിച്ചടിയായത്. വിജയം അപ്രാപ്യമായിരുന്നതിനാല്‍ കേരളം തുടക്കം മുതല്‍ സമനിലയ്ക്കായിരുന്നു ശ്രമിച്ചത്. മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടി സിജോമോന്‍ ജോസഫ്(55)-സഞ്ജു സാംസണ്‍ കൂട്ടുകെട്ട് കേരളത്തിനു സമനില പ്രതീക്ഷ നല്‍കിയതായിരുന്നുവെങ്കിലും രണ്ടാം സെഷനില്‍ സിജോമോനെ പുറത്താക്കി നടരാജന്‍ തമിഴ്നാടിനു ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. 157/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. 3 റണ്‍സ് നേടുന്നതിനിടയില്‍ നിര്‍ണ്ണായകമായ നാല് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 91 റണ്‍സ് നേടിയ സഞ്ജു സാംസണിനെയും വിഷ്ണു വിനോദിനെയും(14) പുറത്താക്കി 2 നിര്‍ണ്ണായക വിക്കറ്റാണ് മത്സരത്തില്‍ ബാബ അപരാജിത് നേടിയത്.

സന്ദീപ് വാര്യറെ വിക്കറ്റിനു മുന്നില്‍ കുടുക്കി ടി നടരാജന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ 89 ഓവറില്‍ കേരളം 217 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 151 റണ്‍സിന്റെ വിജയമാണ് തമിഴ്നാട് സ്വന്തമാക്കിയത്.

കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് നടരാജന്‍, അവസാന പ്രതീക്ഷ സഞ്ജുവില്‍

തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധം ഭേദിച്ച് ടി നടരാജന്‍. ആദ്യ സെഷനില്‍ സിജോമോന്‍ ജോസഫുമായി സഞ്ജു കേരളത്തിനെ കരകയറ്റുമെന്ന് തോന്നിച്ചുവെങ്കിലും രണ്ടാം സെഷനില്‍ 55 റണ്‍സ് നേടിയ സിജോയെ പുറത്താക്കി നടരാജന്‍ തമിഴ്നാടിനെ തിരികെ കൊണ്ടുവന്നു. അടുത്ത ഓവറില്‍ രാഹുല്‍ റണ്ണൗട്ടാവുകയും സച്ചിന്‍ ബേബി പൂജ്യത്തിനു പുറത്താകുകയും ചെയ്തതോടെ കേരളം കൂടുതല്‍ പ്രതിരോധത്തിലായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിഎ ജഗദീഷും റണ്‍സ് സ്കോര്‍ ചെയ്യാതെ മടങ്ങി.

സഞ്ജു സാംസണ്‍ 77 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ 74 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ കേരളം 195 റണ്‍സ് നേടിയിട്ടുണ്ട്. സഞ്ജുവിനു കൂട്ടായി 14 റണ്‍സുമായി വിഷ്ണു വിനോദാണ് ക്രീസില്‍ നില്‍ക്കുന്നത്. മധ്യ നിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായത് കേരളത്തിനു തിരിച്ചടിയായി മാറിയപ്പോള്‍ മത്സരത്തില്‍ പരാജയം ഒഴിവാക്കുവാന്‍ കേരളം ഒരു സെഷന്‍ അതിജീവിക്കേണ്ടതുണ്ട്. നാല് വിക്കറ്റുകളാണ് ടീമിന്റെ കൈവശമുള്ളത്.

അവശേഷിക്കുന്നത് ഒരു വിക്കറ്റ്, 117 റണ്‍സ് പിന്നിലായി കേരളം, അര്‍ദ്ധ ശതകം നേടി രാഹുല്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം. തമിഴ്നാടിനെ 268 റണ്‍സിനു പുറത്താക്കിയ ശേഷം കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 151/9 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍. 28 റണ്‍സുമായി സിജോമോന്‍ ജോസഫും റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യറുമാണ് ക്രീസില്‍.. രോഹന്‍ പ്രേമിനു പകരം ടീമിലെത്തിയ രാഹുല്‍ പി നേടിയ അര്‍ദ്ധ ശതകം മാത്രമാണ് എടുത്ത് പറയാവുന്ന ബാറ്റിംഗ് പ്രകടനം. കഴിഞ്ഞ മത്സരത്തിലെ താരങ്ങളായ സച്ചിന്‍ ബേബിയും(1) വിഷ്ണു വിനോദും(0) എളുപ്പത്തില്‍ പുറത്താകുകയായിരുന്നു.

ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക്(22), അക്ഷയ് ചന്ദ്രന്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. തമിഴ്നാടിനു വേണ്ടി നടരാജനും രാഹില്‍ ഷായും മൂന്ന് വീതം വിക്കറ്റും സായി കിഷോര്‍ രണ്ട് വിക്കറ്റും നേടി.

Exit mobile version