റെക്കോര്‍ഡ് കരാറുമായി ക്രിസ് ഗ്രീന്‍ സിഡ്നി തണ്ടറിലേക്ക്

ബിഗ് ബാഷ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കരാറിലെത്തി ക്രിസ് ഗ്രീന്‍. സിഡ്നി തണ്ടറുമായി ആറ് വര്‍ഷത്തെ കരാറിലേക്കാണ് താരം എത്തിയിരിക്കുന്നത്. നേരത്തെ ക്രിസ് ലിന്നുമായി ബ്രിസ്ബെയിന്‍ ഹീറ്റ് നേടിയ 5 വര്‍ഷത്തെ കരാറിനെയാണ് ഇപ്പോള്‍ ഗ്രീന്‍ മറികടന്നിരിക്കുന്നത്. തണ്ടറില്‍ 2014ല്‍ എത്തിയ ഗ്രീന്‍ ഇപ്പോളും തണ്ടറില്‍ തന്നെ തുടരുകയാണ്.

തന്നെ ആദ്യമായി പിന്തുണച്ച ടീമാണ് തണ്ടറെന്നും അതിനാല്‍ തന്നെ അവര്‍ക്കായി ഭാവിയിലും കളി തുടരാനാകുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗ്രീന്‍ വ്യക്തമാക്കി. ടി20 സ്പെഷ്യലിസ്റ്റായ ഗ്രീന്‍ ഇതുവരെ ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ ശ്രദ്ധേയമായ ഓള്‍റൗണ്ട് പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

സിഡ്നി തണ്ടറുമായി കരാറിലെത്തി ക്രിസ് ടെര്‍മൈന്‍

മെല്‍ബേണ്‍ റെനഗേഡ്സിനൊപ്പം കഴിഞ്ഞ വര്‍ഷം കിരീടം നേടിയെങ്കിലും ടീമില്‍ നിന്ന് യാത്ര പറയുവാന്‍ തീരുമാനിച്ച് ക്രിസ് ടെര്‍മൈന്‍. ബിഗ് ബാഷില്‍ സിഡ്നി തണ്ടറുമായി പുതിയ മൂന്ന് വര്‍ഷത്തെ കരാറിലേക്കാണ് താരം എത്തിയിരിക്കുന്നത്. 2012-15 സീസണില്‍ തണ്ടറിനായി കളിച്ചിട്ടുള്ള താരമാണ് ക്രിസ്. ഓസ്ട്രേലിയയ്ക്കായി നാല് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന് അന്താരാഷ്ട്ര നിലയില്‍ വലിയ നേട്ടം കൊയ്യുവാന്‍ സാധിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ സീസണില്‍ റെനഗേഡ്സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.

ക്രിസ് മോറിസിനൊപ്പം തണ്ടറിന്റെ ഓപ്പണിംഗ് ബൗളിംഗ് ഇനി മുതല്‍ ക്രിസ് ടെര്‍മൈനാവും കൈയ്യാളുക. താരത്തെ പോലെ അനുഭവസമ്പത്തുള്ള താരങ്ങളെയാണ് ടീം സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നതെന്ന് ബൗളിംഗ് കോച്ച് ഷെയന്‍ ബോണ്ടും വ്യക്തമാക്കി.

വാട്സണ്‍ ഇനി ബിഗ് ബാഷില്‍ കളിയ്ക്കില്ല

തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നതിനായി ബിഗ് ബാഷിന്റെ അടുത്ത സീസണില്‍ കളിയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ വാട്സണ്‍. 37 വയസ്സുകാരന്‍ വാട്സണ്‍ 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സിഡ്നി തണ്ടറിനു വേണ്ടി കളിച്ച് വരികയായിരുന്നുവെങ്കിലും ഇനി താരം ക്ലബിനു വേണ്ടി അഞ്ചാം തവണ കളത്തിലിറങ്ങില്ലെന്ന് വ്യക്തമാക്കി. നിലവില്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു ഷെയിന്‍ വാട്സണ്‍.

ബിഗ് ബാഷില്‍ 1058 റണ്‍സും 20 വിക്കറ്റുമാണ് താരം 42 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത്. അതേ സമയം ലോകത്തെ മറ്റു ടി20 ടൂര്‍ണ്ണമെന്റുകളില്‍ ഷെയിന്‍ വാട്സണ്‍ സജീവമായി തന്നെ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയിലെ വേനല്‍ക്കാല അവധി സമയത്ത് നടക്കുന്ന ബിഗ് ബാഷ് ടൂര്‍ണ്ണമെന്റിന്റെ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിയ്ക്കുവാനുള്ള അവസരം നഷ്ടമാകുന്നുവെന്നതാണ് വാട്സണ്‍ എടുത്ത തീരുമാനത്തിനു പിന്നിലുള്ള കാരണം.

കാമറൂണ്‍ ബോയസിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ജയം സ്വന്തമാക്കി റെനഗേഡ്സ്

കാമറൂണ്‍ ബോയസ് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ സിഡ്നി തണ്ടറിനെതിരെ 27 റണ്‍സ് വിജയവുമായി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ബോയസ് 22 പന്തില്‍ നിന്ന് 51 റണ്‍സും ബൗളിംഗില്‍ രണ്ട് വിക്കറ്റും നേടിയാണ് തിളങ്ങിയത്. 5 സിക്സും 4 ബൗണ്ടറിയും ഉള്‍പ്പെടെയുള്ള കാമറൂണ്‍ ബോയസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് റെനഗേഡ്സ് നേടിയത്. മുഹമ്മദ് നബിയാണ് 36 റണ്‍സുമായി തിളങ്ങിയ മറ്റൊരു റെനഗേഡ്സ് താരം. തണ്ടറിനു വേണ്ടി ജോനാഥന്‍ കുക്ക്, ക്രിസ് ജോര്‍ദ്ദാന്‍, ഫവദ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കെയിന്‍ റിച്ചാര്‍ഡ്സണ്‍ മൂന്നും കാമറൂണ്‍ ബോയസ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ സിഡ്നി തണ്ടറിന്റെ ഇന്നിംഗ്സ് 19.1 ഓവറില്‍ 113 റണ്‍സിനു അവസാനിക്കുകയായിരുന്നു. 37 റണ്‍സ് നേടി ബാക്സ്റ്റര്‍ ജെ ഹോള്‍ട്ടും 28 റണ്‍സ് നേടിയ കാല്ലം ഫെര്‍ഗൂസണും ആണ് സിഡ്നി തണ്ടര്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്.

അടിച്ച് തകര്‍ത്ത് ഷോണ്‍ മാര്‍ഷ്, അതിനെ വെല്ലുന്ന പ്രകടനവുമായി കാല്ലം ഫെര്‍ഗൂസണ്‍

സിഡ്നി തണ്ടറിനോട് തോറ്റ് കീഴടങ്ങിയ പെര്‍ത്ത് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് തന്നെ. ഷോണ്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 181/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും മാര്‍ഷിന്റെ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി കാല്ലം ഫെര്‍ഗൂസണ്‍ മത്സരം തണ്ടറിനു അനുകൂലമാക്കുകയായിരുന്നു. 4 പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം സിഡ്നി തണ്ടര്‍ മറികടക്കുകയായിരുന്നു.

55 പന്തില്‍ 5 വീതം ബൗണ്ടറിയും സിക്സും നേടി ഷോണ്‍ മാര്‍ഷ് 95 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മിച്ചല്‍ മാര്‍ഷ്(31), ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്(20) എന്നിവരുടെയും മികവില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് 4 വിക്കറ്റിന്റെ നഷ്ടത്തില്‍ 181 റണ്‍സ് നേടി. നിക്ക് ഹോബ്സണ്‍ പുറത്താകാതെ 15 റണ്‍സ് നേടി നിന്നു. ക്രിസ് ഗ്രീനിനു രണ്ടും ഗുരീന്ദര്‍ സന്ധു, നഥാന്‍ മക്ആന്‍ഡ്രൂ എന്നിവര്‍ ഓരോ വിക്കറ്റും സിഡ്നിയ്ക്കായി നേടി.

എന്നാല്‍ ഇവരെ വെല്ലുന്ന ബാറ്റിംഗ് പ്രകടനമാണ് കാല്ലം ഫെര്‍ഗൂസണും ഓപ്പണര്‍ മാത്യൂ ഗില്‍ക്സും നേടിയത്. അവസാനത്തോടടുത്ത് തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ജയം ഉറപ്പാക്കി കാല്ലം ഫെര്‍ഗൂസണ്‍ പുറത്താകാതെ നിന്നു. 53 പന്തില്‍ നിന്ന് 113 റണ്‍സ് നേടി ഫെര്‍ഗൂസണ്‍ 8 വീതം ബൗണ്ടറിയും സിക്സും നേടുകയായിരുന്നു.

മാത്യൂ ഗില്‍ക്സ് 38 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. 120 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് സിഡ്നി തണ്ടറിന്റെ വിജയത്തിനു അടിത്തറയായത്. 138/1 എന്ന നിലയില്‍ നിന്ന് 151/4 എന്ന നിലയിലേക്ക് സിഡ്നി വീണെങ്കിലും ഫെര്‍ഗൂസണിന്റെ ഇന്നിംഗ്സ് മത്സരം മാറ്റി മറിച്ചു. 48 പന്തില്‍ നിന്നാണ് ഫെര്‍ഗൂസണ്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്.

12 റണ്‍സ് വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്

ആരോണ്‍ ഫിഞ്ചും കാമറൂണ്‍ വൈറ്റും തിളങ്ങിയ മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു 12 റണ്‍സിന്റെ ജയം. 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മെല്‍ബേണ്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിനു അഞ്ച് വിക്കറ്റുകളെ നഷ്ടമായുള്ളുവെങ്കിലും 20 ഓവറില്‍ നിന്ന് 140 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. കാല്ലം ഫെര്‍ഗൂസണും ജേസണ്‍ സംഘയും അര്‍ദ്ധ ശതകം നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ല.

54 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചും 40 റണ്‍സ് നേടിയ കാമറൂണ്‍ വൈറ്റുമാണ് മെല്‍ബേണ്‍ നിരയില്‍ തിളങ്ങിയത്. തണ്ടറിനു വേണ്ടി ബൗളിംഗില്‍ മൂന്ന് വീതം വിക്കറ്റ് നേടി ഡാനിയേല്‍ സാംസ്, ഗുരീന്ദര്‍ സന്ധു എന്നിവര്‍ തിളങ്ങി.

ജേസണ്‍ സംഘ പുറത്താകാതെ 54 റണ്‍സ് നേടി ക്രീസില്‍ നിന്നപ്പോള്‍ ഫെര്‍ഗൂസണ്‍ 52 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. 15 പന്തില്‍ 20 റണ്‍സ് നേടി ജേ ലെന്റണ്‍ പുറത്താകാതെ നിന്നുവെങ്കിലും ടീമിനു 12 റണ്‍സ് അകലെ വരെ എത്തുവാനെ സാധിച്ചുള്ളു. ഹാരി ഗുര്‍ണേ രണ്ട് വിക്കറ്റ് നേടി മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും ലഭിച്ചു. കെയിന്‍ റിച്ചാര്‍ഡ്സണും രണ്ട് വിക്കറ്റ് ലഭിച്ചു.

സിഡ്നി തണ്ടറിന്റെ ആവശ്യം തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ

ബ്രിസ്ബെയിനില്‍ വൈദ്യുതി തടസ്സം മൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി വിജയം വിധിക്കണമെന്ന സിഡ്നി തണ്ടറിന്റെ അപ്പീല്‍ തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ. ഷെയിന്‍ വാട്സണ്‍ നേടിയ ശതകത്തിന്റെ മികവില്‍ 186 റണ്‍സ് നേടിയ തണ്ടര്‍ ബൗളിംഗില്‍ 10 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി ബ്രിസ്ബെയിന്‍ ഹീറ്റിനെ പ്രതിരോധത്തിലാക്കിയ നിമിഷത്തിലാണ് വൈദ്യതി തടസ്സം മൂലം ഫ്ലഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായത്. ഇതോടെ മത്സരം ഉപേക്ഷിച്ച് ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് നല്‍കുകയായിരുന്നു.

എന്നാല്‍ ഈ വിധിയ്ക്കെതിരെ അപ്പീല്‍ പോയെങ്കിലും ബിഗ്ബാഷ് 2018-19ന്റെ നിയമാവലി പ്രകാരം ശരിയായ തീരുമാനമാണ് കൈക്കൊണ്ടതെന്നും അതിനാല്‍ തന്നെ ഇതില്‍ ഇനി ഒരു പുനഃപരിശോധന ആവശ്യമില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

സ്പിന്നര്‍മാരെ മാത്രം പന്തെറിയിപ്പിക്കാമെന്ന് ഷെയിന്‍ ബോണ്ട്, വെളിച്ചം അതിനും അപര്യാപ്തമെന്ന് വെട്ടോറി

ഉറപ്പായ രണ്ട് പോയിന്റുകളാണ് സിഡ്നി തണ്ടറിനു ഇന്ന് നഷ്ടമായത്. ഷെയിന്‍ വാട്സണ്‍ വെടിക്കെട്ടിലൂടെ നേടിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ബ്രിസ്ബെയിന്‍ ഹീറ്റ് രണ്ട് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായി നില്‍ക്കവെയാണ് ബ്രിസ്ബെയിനിലെ പവര്‍കട്ടിനെത്തുടര്‍ന്ന് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകളും പണിമുടക്കിയത്. തങ്ങള്‍ക്ക് ലഭിക്കേണ്ട 2 പോയിന്റ് നേടുവാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുവാനും സിഡ്നി തണ്ടര്‍ മടിച്ചില്ല.

ആവശ്യത്തിനു വെളിച്ചമുണ്ടെന്നും സ്പിന്നര്‍മാരെ മാത്രം പന്തെറിയിപ്പിക്കാമെന്നും സിഡ്നി കോച്ച് ഷെയിന്‍ ബോണ്ട് പറഞ്ഞു നോക്കിയെങ്കിലും മത്സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും തുല്യമായ വെളിച്ചം അനിവാര്യമാണെന്ന് പറഞ്ഞ് ഡാനിയേല്‍ വെട്ടോറി ഈ ഉപാധി നിരസിക്കുകയായിരുന്നു. തങ്ങള്‍ക്ക് ക്രിക്കറ്റ് മത്സരം നടന്ന് കാണമെന്നുള്ളതിനാലാണ് ഈ സമീപനം സ്വീകരിച്ചതെന്ന് ബോണ്ട് പറഞ്ഞുവെങ്കിലും ലക്ഷ്യം രണ്ട് പോയിന്റ് തന്നെയാണെന്ന് വ്യക്തമാണ്.

എന്നാല്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ബ്രിസ്ബെയിന്‍ ഇതിലെ അപകടം മനസ്സിലാക്കി തങ്ങള്‍ക്ക് ഈ വെളിച്ചത്തില്‍ കളിക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അമ്പയര്‍മാര്‍ക്ക് വെളിച്ചം അപര്യാപ്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, അതേ സമീപനം തന്നെയാണ് ഞങ്ങള്‍ക്കെന്ന് ഡാനിയേല്‍ വെട്ടോറി പറഞ്ഞു

കണ്ണഞ്ചിപ്പിക്കുന്ന വാട്സണ്‍ ശതകം, കണ്ണ് ചിമ്മി ഫ്ലഡ് ലൈറ്റുകള്‍

ഈസ്റ്റ് ബ്രിസ്ബെയിനിലെ പവര്‍കട്ട് മൂലം ബിഗ് ബാഷ് ലീഗില്‍ ഇന്ന് നടന്ന മത്സരം ഉപേക്ഷിക്കപ്പെട്ടു. സിഡ്നി തണ്ടറും ബ്രിസ്ബെയിന്‍ ഹീറ്റും തമ്മിലുള്ള മത്സരമാണ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഉപേക്ഷിക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടുകയായിരുന്നു. തണ്ടര്‍ നായകന്‍ ഷെയിന്‍ വാട്സണ്‍ നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിലാണ് ടീം ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. 62 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ ഷെയിന്‍ വാട്സണ്‍ 8 ഫോറും 6 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി.

10 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ബ്രിസ്ബെയിന്‍ തോല്‍വി ഉറപ്പാക്കിയ നിമിഷത്തിലാണ് ഫ്ലഡ് ലൈറ്റുകള്‍ കണ്ണ് ചിമ്മിയത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയും ടീമുകള്‍ ഓരോ പോയിന്റ് പങ്കുവയ്ക്കുകയും ചെയ്തു.

മലയാളി താരത്തിന്റെ ബൗളിംഗ് മികവില്‍ സിഡ്നി തണ്ടര്‍, അഡിലെയ്ഡിനു കൂറ്റന്‍ തോല്‍വി

മലയാളിതാരം അര്‍ജ്ജുന്‍ നായരുടെ ബൗളിംഗ് മികവില്‍ മികച്ച വിജയം നേടി സിഡ്നി തണ്ടര്‍. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ 168/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെ 97 റണ്‍സിനു പുറത്താക്കി ടീം 71 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഷെയിന്‍ വാട്സണ്‍(68), ജേസണ്‍ സംഘ(30) എന്നിവര്‍ക്കൊപ്പം ആന്റണ്‍ ഡെവ്സിച്ച്(21), ജേയ് ലെന്റണ്‍(27) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് സിഡ്നി തണ്ടര്‍ 168/6 എന്ന സ്കോറിലേക്ക് എത്തുന്നത്. ബില്ലി സ്റ്റാന്‍ലേക്ക്, റഷീദ് ഖാന്‍ എന്നിവര്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനാിയ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഡിലെയ്ഡിനായി കോളിന്‍ ഇന്‍ഗ്രാം മാത്രമാണ് തിളങ്ങിയത്. 30 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ ഇന്‍ഗ്രാമിനു പിന്തുണ നല്‍കുവാന്‍ ആര്‍ക്കും തന്നെ സാധിക്കാതെ വന്നപ്പോള്‍ 17.4 ഓവറില്‍ 97 റണ്‍സിനു ഓള്‍ഔട്ട് ആയി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് വലിയ തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു.

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് വിനയായി, മഴ നിയമത്തില്‍ വീണ് സിഡ്നി തണ്ടര്‍

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ വലിയ സ്കോറായ 186 റണ്‍സ് പിന്തുടര്‍ന്ന സിഡ്നി തണ്ടറിനു മഴ നിയമത്തില്‍ 15 റണ്‍സിന്റെ തോല്‍വി. 5.3 ഓവറുകള്‍ പിന്നിടുമ്പോള്‍ 34 റണ്‍സ് നേടിയെങ്കിലും രണ്ട് വിക്കറ്റുകള്‍ വീണതാണ് ടീമിനു തിരിച്ചടിയായത്. തണ്ടറിന്റെ കാലം ഫെര്‍ഗൂസണെ മഴ തടസ്സം സൃഷ്ടിക്കുന്നതിനു 3 പന്തുകള്‍ മുന്നേ നഷ്ടമായതും ടീമിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്പിച്ചു. ഫെര്‍ഗൂസണ്‍ 16 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷെയിന്‍ വാട്സണ്‍ 13 റണ്‍സ് നേടി മടങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹീറ്റിനു വേണ്ടി ബ്രണ്ടന്‍ മക്കല്ലവും ക്രിസ് ലിന്നും അര്‍ദ്ധ ശതകങ്ങള്‍ നേടുകയായിരുന്നു. മക്കല്ലം 35 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയപ്പോള്‍ ക്രിസ് ലിന്‍ 30 പന്തില്‍ നിന്ന് 54 റണ്‍സ് നേടി പുറത്തായി. തണ്ടറിനു വേണ്ടി ജോനാഥന്‍ കുക്ക് മൂന്നും ഫവദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി.

സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു ജയം, മാക്സ്വെല്ലും കസറി

സിഡ്നി തണ്ടറിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇന്നലെ നടന്ന ആദ്യ ബിഗ് ബാഷ് മത്സരത്തില്‍ സിഡ്നി തണ്ടര്‍ 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ 17.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 2 വിക്കറ്റും 34 റണ്‍സും നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

25 പന്തില്‍ 42 റണ്‍സ് നേടിയ ഡാനിയേല്‍ സാംസ് ആണ് തണ്ടറിന്റെ ടോപ് സ്കോറര്‍. ജോ റൂട്ട് 26 റണ്‍സ് നേടിയെങ്കിലും 28 പന്തുകളാണ് ഇംഗ്ലണ്ട് നായകന്‍ നേരിടേണ്ടി വന്നത്. സ്റ്റോയിനിസിനു പുറമെ സ്റ്റാര്‍സിനായി സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റ് നേടി.

നിക് ലാര്‍ക്കിനും ഗ്ലെന്‍ മാക്സ്വെല്ലും പുറത്താകാതെ 41 റണ്‍സ് വീതം നേടി ക്രീസില്‍ നിന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 80 റണ്‍സ് നേടിയാണ് സ്റ്റാര്‍സിന്റെ വിജയം ഉറപ്പാക്കിയത്.

Exit mobile version