ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്തിന്റെ പരീക്ഷണം, അരങ്ങേറ്റം കുറിച്ച് ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ഇന്ത്യയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്തിന്റെ പരീക്ഷണമാണ് ഇതെങ്കിലും പ്രധാന താരങ്ങളില്ലാതെയാണ് ശ്രീലങ്കയും മത്സരത്തിനെത്തുന്നത്. മൂന്ന് പ്രധാന താരങ്ങള്‍ക്ക് വിലക്കും ക്യാപ്റ്റന്‍ കുശല്‍ പെരേരയുടെ പരിക്കുമാണ് ടീമിന് തിരിച്ചടിയെങ്കിലും ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിനിലാണ് ഇന്ത്യ രണ്ടാം നിരയെ പരീക്ഷിക്കുന്നത്.

തങ്ങളുടെ ഏകദിന അരങ്ങേറ്റം സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും നടത്തുകയാണ് ഇന്ന് ശ്രീലങ്കയിൽ. ശ്രീലങ്കന്‍ നിരയിൽ ഭാനുക രാജപക്സ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

ശ്രീലങ്ക : Avishka Fernando, Minod Bhanuka(w), Bhanuka Rajapaksa, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Isuru Udana, Dushmantha Chameera, Lakshan Sandakan

ഇന്ത്യ : Shikhar Dhawan(c), Prithvi Shaw, Ishan Kishan(w), Manish Pandey, Suryakumar Yadav, Hardik Pandya, Krunal Pandya, Deepak Chahar, Bhuvneshwar Kumar, Yuzvendra Chahal, Kuldeep Yadav

അര്‍ജുന രണതുംഗയുടെ പരാമര്‍ശത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല

ഇന്ത്യ രണ്ടാം നിര ടീമിനെ അയയ്ച്ചത് ശ്രീലങ്കയെ അപമാനിക്കുന്നതിന് തുല്യമാണെന്ന മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയുടെ പരാമര്‍ശത്തെ ഇന്ത്യന്‍ ടീമിലാരും ഗൗനിക്കുന്നില്ലെന്ന് പറഞ്ഞ് സൂര്യകമാര്‍ യാദവ്. ടീമിലാരും ഇതിനെക്കുറിച്ച് ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും ശ്രദ്ധ പരിശീലനത്തിൽ മാത്രമാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ഈ പരമ്പര മികച്ച രീതിയിൽ കളിച്ച് വിജയിക്കുക എന്നതിൽ കുറഞ്ഞൊരു കാര്യവും ടീമംഗങ്ങള്‍ ചിന്തിക്കുന്നില്ലെന്നും സൂര്യകമാര്‍ യാദവ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ ആയതിനാൽ തന്നെ പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ ലങ്കയിലേക്ക് എത്തുന്നത്.

അതേ സമയം ലങ്കയാകട്ടെ തങ്ങളുടെ ഏറ്റവും മോശം ക്രിക്കറ്റ് ആണ് അടുത്തിടെയായി കളിക്കുന്നത്. കരാര്‍ ഒപ്പു വയ്ക്കാത്ത താരങ്ങളെ പരിഗണിക്കില്ലെന്ന് ലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇന്ത്യയ്ക്കെതിരെ ലങ്കന്‍ ബോര്‍ഡും രണ്ടാം നിരയെ അയയ്ക്കുവാനാണ് സാധ്യത.

ബാറ്റിംഗ് പൊസിഷന്‍ ഏതായാലും ഇതേ ശൈലിയിൽ കളിക്കാന്‍ താല്പര്യം – സൂര്യകുമാര്‍ യാദവ്

ബാറ്റിംഗ് പൊസിഷന്‍ ഏതായാലുംം ഇതേ ശൈലിയിൽ കളിക്കാനാണ് തനിക്ക് താല്പര്യമെന്ന് പറ‍ഞ്ഞ് സൂര്യകുമാര്‍ യാദവ്. ഐപിഎലിൽ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പുറത്തെടുക്കുന്ന പ്രകടനം താരത്തിന് ദേശീയ ടീമിലും അത്തരം മികവ് പുറത്തെടുക്കുവാനാകുമെന്നാണ് താരം തന്നെ പ്രതീക്ഷിക്കുന്നത്. എവിടെ ബാറ്റ് ചെയ്താലും താന്‍ തന്റെ ശൈലിയിൽ തന്നെ ബാറ്റ് ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ശ്രീലങ്കന്‍ ടൂറിന് മുമ്പുള്ള താരത്തിന്റെ അഭിപ്രായം.

ഐപിഎലിൽ തന്റെ ഫ്രാഞ്ചൈസിയ്ക്കും താന്‍ ഇതാണ് ചെയ്യുന്നതെന്നും അത് ദേശീയ ടീമിൽ തുടരുവാന്‍ സാധിക്കുമോ എന്നാവും താന്‍ നോക്കുകയെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ തനിക്ക് ആദ്യമായി ലഭിച്ച അവസരത്തിൽ തന്നെ 31 പന്തിൽ 57 റൺസ് നേടിയ താരം രണ്ട് ദിവസത്തിന് ശേഷം 17 പന്തിൽ 32 റൺസ് നേടിയും മികവ് പുലര്‍ത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള തന്റെ അരങ്ങേറ്റ പരമ്പരയിലും താന്‍ ശൈലി മാറ്റാതെയാണ് കളിച്ചതെന്നും ഏത് പൊസിഷനിൽ ബാറ്റ് ചെയ്യുവാനാവശ്യപ്പെട്ടാലും താന്‍ അറ്റാക്കിംഗ് റോളാണ് ഇഷ്ടപ്പെടുന്നതെന്നും സൂര്യകുമാര്‍ സൂചിപ്പിച്ചു.

ശ്രീലങ്കയിൽ താരമാകുവാൻ പോകുന്നത് സൂര്യകുമാര്‍ യാദവ്, സഞ്ജുവിനും ഇഷാൻ കിഷനും പരമ്പരയിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകും

ശ്രീലങ്കയിൽ താരമാകുവാൻ പോകുന്നത് സൂര്യകുമാര്‍ യാദവ് എന്ന് പറ‍ഞ്ഞ് മുൻ ഇന്ത്യൻ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ജൂലൈയിൽ ഇന്ത്യയുടെ ലങ്കൻ ടൂറിന് രണ്ടാം നിര ടീമിനെയാണ് ഇന്ത്യ അയയ്ക്കുവാനിരിക്കുന്നത്. ഇതുവരെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂര്യകുമാര്‍ യാദവ് ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. താരം ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ ആ മത്സരത്തിൽ അര്‍ദ്ധ ശതകം നേടിയിരുന്നു.

Indiasanju

സൂര്യകുമാര്‍ യാദവിന് പുറമെ സഞ്ജു സാംസണിനും ഇഷാൻ കിഷാനും പരമ്പരയിൽ മികവ് പുലര്‍ത്താനാകമെന്നാണ് താൻ കരുതുന്നതെന്നും അവര്‍ക്ക് മികച്ച അവസരമാണുള്ളതെന്നു പ്രസാദ് വ്യക്തമാക്കി. ഇന്ത്യൻ യുവനിരയുടെ ആത്മവിശ്വാസം മികച്ചതാണെന്നും അരങ്ങേറ്റത്തിൽ തന്നെ സൂര്യകുമാറും ഇഷാനും ഇത് തെളിയിച്ചതാണെന്നും പ്രസാദ് പറഞ്ഞു.

ഇന്ത്യയുടെ രണ്ടാം നിര ശ്രീലങ്കയെ അവരുടെ നാട്ടിൽ വെച്ച് തകര്‍ത്തെറിയുമെന്നാണ് എംഎസ്കെ പ്രസാദ് പറഞ്ഞത്.

തിളങ്ങിയത് രോഹിത്തും സൂര്യകുമാര്‍ യാദവും മാത്രം, മുംബൈയെ 131 റണ്‍സിന് ഒതുക്കി പഞ്ചാബ് കിംഗ്സ്

പഞ്ചാബ് കിംഗ്സിനെതിരെ ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 131 റണ്‍സ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ക്വിന്റണ്‍ ഡി കോക്കിനെയും(3), ഇഷാന്‍ കിഷനെയും(6) വേഗത്തില്‍ നഷ്ടമായ മുംബൈയെ മുന്നോട്ട് നയിച്ചത് രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ആയിരുന്നു. 79 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ ഇവര്‍ നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് സൂര്യകുമാര്‍ യാദവിനെ രവി ബിഷ്ണോയി പുറത്താക്കിയത്. 33 റണ്‍സായിരുന്നു സൂര്യുമാര്‍ യാദവ് നേടിയത്. അധികം വൈകാതെ രോഹിത്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 52 പന്തില്‍ നിന്നാണ് രോഹിത് 63 റണ്‍സ് നേടിയത്.

ഇരുവരുടെയും വിക്കറ്റുകള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായതും പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യാനും സാധിക്കാതെ പോയപ്പോള്‍ മുംബൈയുടെ സ്കോര്‍ 131 റണ്‍സില്‍ ഒതുങ്ങി.

മുഹമ്മദ് ഷമിയും രവി ബിഷ്ണോയിയും 21 റണ്‍സ് വിട്ട് കൊടുത്ത് 2 വിക്കറ്റ് വീതമാണ് നേടിയത്.

മികച്ച തുടക്കം ലഭിച്ചുവെങ്കിലും മധ്യ ഓവറില്‍ ടീം ശരിയായ രീതിയില്‍ ബാറ്റ് ചെയ്തില്ല – രോഹിത് ശര്‍മ്മ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച തുടക്കമാണ് മുംബൈയ്ക്ക് ലഭിച്ചതെങ്കിലും മധ്യ ഓവറുകളില്‍ ടീമിന്റെ ബാറ്റിംഗ് മോശമായതാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടീമിനെ രണ്ടാം വിക്കറ്റില്‍ 58 റണ്‍സാണ് നേടിക്കൊടുത്തത്. വെറും 29 പന്തില്‍ നിന്നായിരുന്നു ഈ കൂട്ടുകെട്ട്.

എന്നാല്‍ സൂര്യകുമാര്‍ യാദവ് പുറത്താകുന്നതിന് മുമ്പ് 67/1 എന്ന നിലയിലായിരുന്നു മുംബൈ പിന്നീട് 84/6 എന്ന നിലയിലേക്ക് തകരുകയായിരുന്നു. ജയന്ത് യാദവും ഇഷാന്‍ കിഷനും ഏഴാം വിക്കറ്റില്‍ നേടിയ 39 റണ്‍സാണ് മുംബൈയെ നൂറ് കടത്തുവാന്‍ സഹായിച്ചത്.

ഈ മധ്യ ഓവറുകളിലെ പരാജയം അടിക്കടി സംഭവിയ്ക്കുന്നുണ്ടെന്നും അത് ബാറ്റിംഗ് യൂണിറ്റ് മനസ്സിലാക്കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു. ഡല്‍ഹി ബൗളര്‍മാര്‍ കാര്യങ്ങള്‍ ടൈറ്റായി നിലനിര്‍ത്തി വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

സൂര്യകുമാര്‍ യാദവിന്റെ പുറത്താകലിന് ശേഷം താളം തെറ്റി മുംബൈ ബാറ്റിംഗ്, റസ്സലിന് അഞ്ച് വിക്കറ്റ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് തങ്ങളുടെ ഐപിഎലിലെ രണ്ടാം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 152 റണ്‍സ്. മുംബൈ ഈ സ്കോറിന് ഇന്നിംഗ്സിലെ അവസാന പന്തില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം മുംബൈ ബാറ്റിംഗിന് താളം തെറ്റുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ 86/1 എന്ന അതിശക്തമായ നിലയിലായിരുന്നു മുംബൈ 10.2 ഓവറില്‍.

സൂര്യകുമാര്‍ യാദവ് 36 പന്തില്‍ നിന്ന് നേടിയ 56 റണ്‍സും രോഹിത് ശര്‍മ്മ നേടിയ 43 റണ്‍സുമാണ് മുംബൈ ടോപ് ഓര്‍ഡറില്‍ തിളങ്ങിയത്.

ക്രിസ് ലിന്നിന് പകരം ടീമിലെത്തിയ ക്വിന്റണ്‍ ഡി കോക്കിനെ(2) രണ്ടാം ഓവറില്‍ തന്നെ മുംബൈയ്ക്ക നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയായിരുന്നു വിക്കറ്റ് നേടിയത്. പിന്നീട് രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 76 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

മികച്ച ഫോമില്‍ ബാറ്റ് വീശുകയായിരുന്നു സൂര്യകുമാര്‍ യാദവ് 36 പന്തില്‍ നിന്ന് 56 റണ്‍സ് നേടി മുന്നേറുന്നതിനിടെ ഷാക്കിബിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഇഷാന്‍ കിഷനെയും രോഹിത് ശര്‍മ്മയെയും(43) പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ മുംബൈ 115/4 എന്ന നിലയിലേക്ക് 15.2 ഓവറില്‍ ഒതുങ്ങി.

ഹാര്‍ദ്ദിക് പാണ്ഡ്യ(15)യുടെ വിക്കറ്റ് വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ മുംബൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. കീറണ്‍ പൊള്ളാര്‍ഡിനെയും മാര്‍ക്കോ ജാന്‍സനെയും പുറത്താക്കി ആന്‍ഡ്രേ റസ്സലും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മുംബൈ 126/7 എന്ന നിലയിലേക്ക് വീണു. 40 റണ്‍സ് നേടുന്നതിനിടെയാണ് ആറ് വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായത്.

എട്ടാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും രാഹുല്‍ ചഹാറും ചേര്‍ന്ന് 12 പന്തില്‍ നിന്ന് നേടിയ 24 റണ്‍സ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് എത്തുവാന്‍ മുംബൈയെ സഹായിച്ചത്. 9 പന്തില്‍ 15 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയെ ആന്‍ഡ്രേ റസ്സല്‍ അവസാന ഓവറില്‍ പുറത്താക്കുകയായിരുന്നു.

18ാം ഓവറില്‍ മാത്രം തന്റെ ബൗളിംഗ് ആരംഭിച്ച ആന്‍ഡ്രേ റസ്സല്‍ 5 വിക്കറ്റാണ് നേടിയത്. 8 റണ്‍സ് നേടിയ രാഹുല്‍ ചഹാര്‍ ആണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്.

മുംബൈ ഇന്ത്യന്‍സ് അരങ്ങേറ്റം ഉജ്ജ്വലമാക്കി ക്രിസ് ലിന്‍, മുംബൈയുടെ കുതിപ്പിന് തടസ്സമായി ഹര്‍ഷല്‍ പട്ടേലിന്റെ അഞ്ച് വിക്കറ്റുകള്‍

ഐപിഎല്‍ 2021ന്റെ ഉദ്ഘാടന മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം താളം തെറ്റി മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ്. ഒരു ഘട്ടത്തില്‍ 200നടുത്ത് സ്കോറിലേക്ക് മുംബൈ കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകളുമായി ഹര്‍ഷല്‍ പട്ടേല്‍ 159 റണ്‍സില്‍ മുംബൈയെ ഒതുക്കുവാന്‍ ആര്‍സിബിയെ സഹായിക്കുകയായിരുന്നു. 5 വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈ ബാറ്റിംഗില്‍ വിലങ്ങ് തടിയായി മാറിയത്.

ടോസ് നഷ്ടമായ മുംബൈയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയായിരുന്നു. 19 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ലിന്നും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 43 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയാണ് മുംബൈയെ മുന്നോട്ട് നയിച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ മുംബൈ 86/1 എന്ന നിലയിലായിരുന്നു.

23 പന്തില്‍ 31 റണ്‍സ് നേടിയ സൂര്യകുമാറിനെ പുറത്താക്കിയാണ് കൈല്‍ ജാമിസണ്‍ ആര്‍സിബിയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. അധികം വൈകാതെ ക്രിസ് ലിന്നിനെ സ്വന്തം ബൗളിംഗില്‍ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ആര്‍സിബിയ്ക്കായി മൂന്നാം വിക്കറ്റ് നേടി. 35 പന്തില്‍ 49 റണ്‍സാണ് ലിന്‍ നേടിയത്.

ലിന്‍ പുറത്തായ ശേഷം ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും 30 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ 13 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അവസാന ഓവറില്‍ റണ്‍ റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിനിടെ 28 റണ്‍സ് നേടിയ ഇഷാന്‍ കിഷനും പുറത്തായി. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്. നേരത്തെ കിഷന്റെ രണ്ട് ക്യാച്ചുകളാണ് ആര്‍സിബി ഫീല്‍ഡര്‍മാര്‍ കൈവിട്ടത്.

ഹര്‍ഷല്‍ പട്ടേല്‍ തന്റെ നാലോവറില്‍ 27 റണ്‍സ് വിട്ട് നല്‍കിയാണ് 5 വിക്കറ്റ് നേടിയത്. കൈല്‍ ജാമിസണ്‍(4 ഓവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റ്), മുഹമ്മദ് സിറാജ്(4 ഓവറില്‍ 22 റണ്‍സ് എന്നിവരും ഭേദപ്പെട്ട രീതിയില്‍ ആര്‍സിബിയ്ക്ക് വേണ്ടി പന്തെറിഞ്ഞു.

മുംബൈ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് തന്റെ മൂന്ന് വിക്കറ്റുകള്‍ ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയത്. അവസാന പത്തോവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്.

 

പാണ്ഡ്യ സഹോദരന്മാരും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു

ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ചേര്‍ന്നു. ഐപിഎല്‍ 2021 ആരംഭിക്കുവാന്‍ ഏതാനും ആഴ്ച മാത്രം അവശേഷിക്കവെയാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് താരങ്ങള്‍ നേരിട്ട് മുംബൈയില്‍ എത്തിയത്. മുംബൈ ടീം താമസിക്കുന്ന റെനയസന്‍സ് മുംബൈ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹോട്ടലിലേക്കാണ് ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് താരങ്ങളെത്തിയത്.

ഇന്നലെ അവസാന ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം ഉടന്‍ താരങ്ങള്‍ മുംബൈയിലേക്ക് യാത്രയാകുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ബയോ ബബിളില്‍ നിന്ന് വരുന്നതിനാല്‍ തന്നെ താരങ്ങള്‍ക്ക് ഇനി പ്രത്യേക ക്വാറന്റീന്‍ ഒന്നുമില്ല. ഇവര്‍ മുംബൈ ഇന്ത്യന്‍സിന്റെ ബയോ ബബിളിലേക്ക് ചേര്‍ന്ന് ഉടന്‍ പരിശീലനം ആരംഭിയ്ക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

 

അഞ്ചാം ടി20യില്‍ സിക്സടി മേളവുമായി ഇന്ത്യന്‍ താരങ്ങള്‍, ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്കോര്‍

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ അഞ്ചാം ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. രോഹിത് ശര്‍മ്മ തുടങ്ങി വെച്ച വെടിക്കെട്ട് ബാറ്റിംഗ് താരം പുറത്തായ ശേഷം സൂര്യകുമാര്‍ യാദവും വിരാട് കോഹ്‍ലിയും മുന്നോട്ട് നയിച്ചപ്പോള്‍ ഇന്ത്യ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. രോഹിത് 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് , സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക്ക് എന്നിവര്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു.

മത്സരത്തില്‍ ഇന്ത്യ 11 സിക്സുകളാണ് അടിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – കോഹ്‍ലി കൂട്ടുകെട്ട് 94 റണ്‍സാണ് നേടിയത്. തുടര്‍ന്ന് സ്റ്റോക്സ് രോഹിത്തിനെ പുറത്താക്കിയെങ്കിലും പകരം എത്തിയ സൂര്യകുമാര്‍ യാദവ് തന്റെ ഫോം രണ്ടാം മത്സരത്തിലും തുടരുന്ന കാഴ്ചയാണ് കണ്ടത്.

രണ്ടാം വിക്കറ്റില്‍ യാദവും കോഹ്‍ലിയും ചേര്‍ന്ന് 49 റണ്‍സാണ് നേടിയത്. 26 പന്തില്‍ നിന്നാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ ഇവര്‍ നേടിയത്. 17 പന്തില്‍ 32 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി ആദില്‍ റഷീദ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. കോഹ്‍ലി 37 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം തികച്ചത്.

മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ ഇരുനൂറും കടന്ന് മുന്നേറി. ഇരുവരും ചേര്‍ന്ന് 40 പന്തില്‍ 81 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. കോഹ്‍ലി 52 പന്തില്‍ 80 റണ്‍സും ഹാര്‍ദ്ദിക് 17 പന്തില്‍ 39 റണ്‍സും നേടി പുറത്താകാതെ നിന്നു.

 

 

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് എന്നുമുണ്ടായിരുന്ന സ്വപ്നം, അത് ഇത്തരത്തിലായതില്‍ ഏറെ സന്തോഷം

ബാറ്റിംഗിനായി തനിക്ക് ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ അര്‍ദ്ധ ശതകവും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയാണ് സൂര്യകുമാര്‍ യാദവ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷിച്ചത്. കാര്യങ്ങള്‍ ഇത്തരത്തില്‍ അവസാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മത്സരം വിജയിച്ച ശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിക്കവേ സൂര്യകുമാര്‍ യാദവ് പറഞ്ഞു. താന്‍ ഇന്ത്യയ്ക്കായി കളിക്കുന്നത് എന്നും സ്വപ്നം കണ്ടിട്ടുള്ളതാണെന്നും ടീമിനായി വിജയങ്ങള്‍ നേടുവാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും സൂര്യകുമാര്‍ യാദവ്.

ടീം മാനേജ്മെന്റും വിരാട് കോഹ്‍ലിയും തന്നോട് കാര്യങ്ങള്‍ ലളിതമായി നിലനിര്‍ത്തുവാനാണ് ആവശ്യപ്പെട്ടതെന്നും താന്‍ ഐപിഎലില്‍ എന്താണോ ചെയ്യുന്നത് അത് തുടരുവാനുമാണ് ആവശ്യപ്പെട്ടതെന്ന് സൂര്യകുമാര്‍ വ്യക്തമാക്കി. താന്‍ തന്നോട് തന്നെ സംസാരിക്കുന്ന പ്രകൃതക്കാരനാണെന്നും ബാറ്റിംഗിനിടയില്‍ താന്‍ കാര്യങ്ങള്‍ സാധാരണ നിലയില്‍ നിര്‍ത്തുവാനാണ് ശ്രമിച്ചതെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി 31 പന്തില്‍ 57 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് വിവാദപരമായ ഒരു തീരുമാനത്തിലൂടെയാണ് പുറത്തായത്.

ആദ്യാവസരത്തില്‍ അര്‍ദ്ധ ശതകം, സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍, അവസാന ഓവറില്‍ കത്തിക്കയറി ശ്രേയസ്സ് അയ്യരും

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗിനയയച്ച ഇന്ത്യക്ക് സൂര്യകുമാര്‍ യാദവിന്റെ അരങ്ങേറ്റത്തിലെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 185 റണ്‍സ്. 28 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച സൂര്യകുമാര്‍ യാദവ് 57 റണ്‍സ് നേടി പുറത്തായപ്പോള്‍ നേരിട്ടത് വെറും 31 പന്തുകളാണ്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ശ്രേയസ്സ് അയ്യരും തിളങ്ങിയപ്പോളാണ് ഇന്ത്യ ഈ സ്കോറിലേക്ക് എത്തിയത്.

രോഹിത് ശര്‍മ്മ(12), ലോകേഷ് രാഹുല്‍(14), വിരാട് കോഹ്‍ലി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വേഗത്തില്‍ നഷ്ടമായത്.

രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുലമായി ചേര്‍ന്ന് 42 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. രാഹുലും കോഹ്‍ലിയും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ ഇന്ത്യ 70/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് ഋഷഭ് പന്തിനൊപ്പം നാലാം വിക്കറ്റില്‍ 40 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. വിവാദമായ ഒരു തീരുമാനത്തിലാണ് സൂര്യകുമാര്‍ യാദവിന്റെ പുറത്താകല്‍.

യാദവ് പുറത്തായ ശേഷം പന്തിന് കൂട്ടായി എത്തിയ ശ്രേയസ്സ് അയ്യരും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ ഇന്ത്യ അഞ്ചാം വിക്കറ്റില്‍ 34 റണ്‍സ് നേടി. 23 പന്തില്‍ 30 റണ്‍സ് നേടി പന്തിന്റെ വിക്കറ്റ് ജോഫ്ര ആര്‍ച്ചറാണ് വീഴ്ത്തിയത്.  18 പന്തില്‍ നിന്ന് അയ്യര്‍ 37 റണ്‍സാണ് നേടിയത്.

ഇന്ത്യയുടെ എട്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ തന്റെ ഏറ്റവും മികച്ച ടി20 ബൗളിംഗ് പ്രകടനവുമായി നാല് വിക്കറ്റ് നേടി.

Exit mobile version