സൂപ്പർ ലീഗ് കേരള; കൊമ്പൻസിന് എതിരെ ഫോഴ്സ കൊച്ചിക്ക് വിജയം

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് ജയം. തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിയിൽ കൊമ്പൻസ് ഒരു ഗോളിന് മുന്നിലായിരുന്നു. കൊച്ചിക്കായി രാഹുലും
ഡോറിയൽട്ടനും സ്കോർ ചെയ്തപ്പോൾ കൊമ്പൻസിൻ്റെ ഗോൾ
മാർക്കോസ് വിൽഡറിൻ്റെ ബൂട്ടിൽ നിന്നായിരുന്നു. ലീഗിൽ കൊച്ചിയുടെ ആദ്യ വിജയമാണിത്.

ഗോൾകീപ്പർ സാൻ്റോസ് അമേരിക്കോസ് അടക്കം നാല് ബ്രസീൽ കരുത്തരെ അണിനിരത്തിയാണ് കൊമ്പൻസ് ഇന്നലെ കളത്തിലിറങ്ങിയത്. സന്തോഷ് ട്രോഫി താരം അർജുൻ ജയരാജ് നയിച്ച കൊച്ചി ടീമിൽ ഇന്ത്യൻ താരങ്ങൾക്കായിരുന്നു പ്രാമുഖ്യം.

ഗോൾ ലക്ഷ്യമാക്കിയുള്ള ഒരു നീക്കം പോലും കളിയുടെ ആദ്യ കാൽ മണിക്കൂറിൽ കാണാൻ കഴിഞ്ഞില്ല. കൊച്ചി താരം ആസിഫിന് ലഭിച്ച മഞ്ഞക്കാർഡ് മാത്രമായിരുന്നു പരാമർശിക്കാവുന്ന സംഭവം. പന്തിന്മേലുള്ള നിയന്ത്രണത്തിനായി ഇരു ടീമുകളും ശ്രമിച്ചപ്പോൾ അദ്യ അരമണിക്കൂറിൽ കളി മധ്യനിരയിൽ കെട്ടിക്കിടന്നു. ഇരുപത്തിനാലാം മിനിറ്റിൽ വലത് വിംഗിലൂടെ മുന്നേറി കൊമ്പൻസ് താരം മുഹമ്മദ് അസ്ഹർ തൊടുത്ത ഇടതുകാലൻ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ ബ്രസീലുകാരൻ മാർക്കോസ് വിൽഡർ നടത്തിയ ഗോൾ ശ്രമം കൊച്ചി ഗോളി ഹജ്മൽ രക്ഷപ്പെടുത്തി. മൂന്ന് മിനിറ്റിനകം കോർണറിൽ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡർ വഴി പോസ്റ്റിലേക്ക് തിരിച്ചുവിട്ട് മാർക്കോസ് കൊമ്പൻസിന് ലീഡ് നൽകി 1-0. തുടർന്നും കൊമ്പൻസ് ആക്രമണത്തിന് തുനിഞ്ഞതോടെ കൊച്ചി പ്രതിരോധം ആടിയുലഞ്ഞു. അര ഡസണിലേറെ കോർണർ കിക്കുകൾ കണ്ടെങ്കിലും ആദ്യപകുതി 1-0 ന് അവസാനിച്ചു.

രണ്ടാം പകുതിയിലും ഫോഴ്സ കൊച്ചി ലക്ഷ്യ ബോധമില്ലാതെയാണ് കളി തുടങ്ങിയത്. ഗോൾ കീപ്പർ ഹജ്മലാണ് അവർക്ക് പലപ്പോഴും രക്ഷകനായത്. അൻപത്തിനാലാം മിനിറ്റിൽ ആസിഫിനെ പിൻവലിച്ച് കൊച്ചി സിരി ഒമ്രാനെ കളത്തിലിറക്കി. അതോടെ കളി മാറി. അറുപത്തിമൂന്നാം മിനിറ്റിൽ കൊച്ചി സമനില പിടിച്ചു. ബ്രസീലുകാരൻ ഡോറിയൽ ഗോമസ് നൽകിയ പാസ് കൃത്യമായി പോസ്റ്റിൽ എത്തിച്ച് പകരക്കാരൻ രാഹുലാണ് കൊച്ചിയുടെ രക്ഷകനായത് 1-1. പതിയെ കളിയിൽ മേധാവിത്വം നേടിയ കൊച്ചിക്കായി എഴുപത്തിയാറാം മിനിറ്റിൽ ബ്രസീൽ താരം
ഡോറിയൽട്ടൻ ലീഡ് നൽകി 1-2. വലതു ഭാഗത്ത് നിന്ന് ലഭിച്ച ക്രോസ്സ് ഫസ്റ്റ് ടൈം ടച്ചിൽ ബ്രസീൽ താരം പോസ്റ്റിൽ കയറ്റി. കളിയുടെ അവസാന നിമിഷങ്ങളിൽ ലീഡ് ഉയർത്താൻ കൊച്ചിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. നാല് കളിയിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും അഞ്ച് പോയൻ്റ് വീതമായി.

നോർത്തേൺ ഡെർബി ഇന്ന് ( സെപ്റ്റംബർ 28)

സൂപ്പർ ലീഗ് കേരളയുടെ അഞ്ചാം റൗണ്ട് മത്സരങ്ങൾക്ക് നോർത്തേൺ ഡെർബിയോടെ ഇന്ന് (സെപ്റ്റംബർ 28) തുടക്കം. വടക്കൻ കേരളത്തിലെ രണ്ട് ടീമുകളായ കാലിക്കറ്റ് എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും തമ്മിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.

ലീഗ് പാതിയിലേക്ക് എത്തുമ്പോൾ നാല് കളികളിൽ എട്ട് പോയൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും ഇത്രയും കളികളിൽ ആറ് പോയൻ്റുമായി കാലിക്കറ്റ് രണ്ടാമതുമാണ്. ഇന്ന് ജയിക്കുന്ന ടീമിന് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം.

ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമുകൾ എന്ന നിലയിൽ ഇന്നത്തെ കാലിക്കറ്റ് – കണ്ണൂർ മത്സരം പൊടിപാറും. ആക്രമണ ഫുട്ബോളിൻ്റെ മനോഹാരിത മൈതാനത്ത് കാണാം. നാല് കളിയിൽ ആറ് ഗോൾ സ്കോർ ചെയ്യാൻ കണ്ണൂരിനും ഏഴ് ഗോൾ എതിർ വലയിൽ എത്തിക്കാൻ കാലിക്കറ്റ് ടീമിനും കഴിഞ്ഞിട്ടുണ്ട്. ലീഗ് ടോപ് സ്കോറർ പട്ടികയിൽ ഇരു സംഘങ്ങളുടെയും കളിക്കാർ ആണ് ഉള്ളത്. കാലിക്കറ്റ് എഫ്സിക്കായി ഗനി നിഗം മൂന്ന് ഗോളും സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡെ കണ്ണൂർ ടീമിനായി രണ്ട് ഗോളും നേടിയിട്ടുണ്ട്.

ലൈവ്

മത്സരം സ്റ്റാർ സ്പോർട്സ് വൺ ചാനിലിൽ കാണാം. ഡിസ്നി ഹോട്ട് സ്റ്റാറിലും മനോരമ മക്സിലും (മിഡിൽ ഈസ്റ്റ്) ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.

സൂപ്പർ ലീഗ് കേരള; കൊച്ചിക്കെതിരെ തിരുവിതാംകൂർ

ഫോഴ്സ ആഫ്രിക്ക Vs സാംബാ കൊമ്പൻസ്

രക്തം ചിന്തിപ്പൊരുതിയ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിൻ്റെ സ്മരണകൾ ഉറങ്ങുന്ന കൊച്ചിയും തിരുവിതാംകൂറും ഇന്ന് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ പോരാട്ട ഭൂമിയിൽ നേർക്കുനേർ. ബ്രസീലിയൻ താരങ്ങൾ നിറഞ്ഞ തിരുവനന്തപുരം കൊമ്പൻസ് ആഫ്രിക്കൻ പവർ ഫുട്ബോളുമായി ഇറങ്ങുന്ന ഫോഴ്സ കൊച്ചിയെ നേരിടുന്നത് കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ. കിക്കോഫ് രാത്രി 7.30 ന്.

ലീഗിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലാത്ത കൊമ്പൻസ് ഇന്ന് ജയിക്കുന്ന പക്ഷം ലീഗ് ടേബിളിൽ ഒന്നാംസ്ഥാനത്ത് നിലയുറപ്പിക്കും. മൂന്ന് കളികളിൽ രണ്ട് സമനില മാത്രമുള്ള ഫോഴ്സ കൊച്ചിക്ക് സ്വന്തം ഗ്രൗണ്ടിൽ വിജയം മാത്രമാണ് ലക്ഷ്യം.

വണ്ടി വിട്ടോളൂ കലൂർക്ക്

കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ട് ഐഎസ്എൽ മത്സരങ്ങൾക്ക് ശേഷമാണ് കലൂർ സ്റ്റേഡിയം വീണ്ടും സൂപ്പർ ലീഗ് കേരളക്കായി വേദിയാവുന്നത്. ഇവിടെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചി മലപ്പുറം എഫ്സിയോട് രണ്ട് ഗോളിന് തോറ്റിരുന്നു. ലീഗിൽ സജീവമായി നിലനിൽക്കാൻ ഇന്നത്തെ മത്സരത്തിൽ പൃഥ്വി ആൻഡ് ടീമിന് ജയിച്ചേ പറ്റൂ. നഗരത്തിലെ കാണികൾക്കൊപ്പം സൂപ്പർ ലീഗ് കേരളക്ക് വേദിയല്ലാത്ത തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ളവരും സ്റ്റേഡിയത്തിലെത്തുമെന്ന് ഉറപ്പ്. ഫോർസ ആരാധകപ്പടയും ഗ്യാലറി നിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

കരുത്തോടെ കൊച്ചി

പറങ്കി പരിശീലകൻ മരിയോ ലെമോസ് തന്ത്രമോതുന്ന ഫോഴ്‌സ കൊച്ചി ആഫ്രിക്കൻ താരങ്ങളാൽ സമ്പന്നമാണ്. ടുണീഷ്യൻ ഇൻ്റർനാഷണൽ മുഹമ്മദ് നിദാൽ, ഐവറി കോസ്റ്റിൽ നിന്നുള്ള ജീൻ ബാപ്പിസ്റ്റെ, ദക്ഷിണാഫ്രിക്കക്കാരൻ സിയാൻഡ ഗുമ്പോ,
കൊളംബിയൻ താരം ലൂയിസ് റോഡ്രിഗസ്, ബ്രസീലിയൻ റാഫേൽ അഗസ്റ്റോ തുടങ്ങിയവർ ബൂട്ടണിയുന്നു.

സന്തോഷ് ട്രോഫി താരങ്ങളായ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ആസിഫ്, നൗഫൽ, അജയ് അലക്സ് സംഘവും ടീമിന് കരുത്താവും. മുൻ ഇന്ത്യൻതാരം ജോ പോൾ അഞ്ചേരിയാണ് ഫോഴ്സയുടെ സഹപരിശീലകൻ.

ബ്രസീലിയൻ ബ്രാൻഡ്

തിരുവനന്തപുരം കൊമ്പൻസ് ടീമിന്റെ ശരാശരി പ്രായം 22 വയാസാണ്. ഈ യുവ ടീമിൻ്റെ കരുത്ത് ബ്രസീലിയൻ താരങ്ങളും. പരിശീലകൻ അലക്സാന്ദ്രേക്കൊപ്പം ടീമിലെ ആറ് കളിക്കാരും ബ്രസീലിൽ നിന്നുള്ളവരാണ്.
ഡവി കൂൻ, ഔതമർ ബിസ്പോ, മാർക്കോസ് വീൽഡർ, റിനാൻ ജനാരിയോ, പാട്രിക് മോത്ത, ഗോൾകീപ്പർ മിഷേൽ അമേരിക്കോ എന്നീ ബ്രസീൽ താരങ്ങളാണ് ടീമിന്റെ കരുത്ത്. സീസൺ , ശരത്ത്, അസ്ഹർ, അഖിൽ തുടങ്ങിയ മലയാളി താരങ്ങളുമുണ്ട്. തമിഴ്നാട്ടുകാരൻ കാലി അലാവുദ്ദീനാണ് ടീമിൻ്റെ സഹപരിശീലകൻ.

ലൈവ്

മത്സരം സ്റ്റാർ സ്പോർട്സ് വൺ ചാനിലിൽ കാണാം. ഡിസ്നി ഹോട്ട് സ്റ്റാറിലും മനോരമ മക്സിലും (മിഡിൽ ഈസ്റ്റ്) ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.

സൂപ്പർ ക്ലാസിക്കോയിൽ മലപ്പുറത്തിന് കണ്ണീർ നൽകി കണ്ണൂർ

സൂപ്പർ ക്ലാസിക്കോയിൽ
മലപ്പുറം എഫ്സിയെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 2-1 ന് തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്സ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ പോയൻ്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. എസിയർ, അഡ്രിയാൻ എന്നിവർ കണ്ണൂരിനായും
ഫസലു റഹ്മാൻ മലപ്പുറത്തിനായും സ്കോർ ചെയ്തു.

ആൾഡലിർ – ജോസബ – സാഞ്ചസ് എന്നീ സ്പാനിഷ് താരങ്ങളെ മധ്യ – മുന്നേറ്റനിരകളിൽ വിന്യസിച്ചാണ് കോച്ച് ജോൺ ഗ്രിഗറി ഇന്നലെ മലപ്പുറത്തെ അണിനിരത്തിയത്. മറുഭാഗത്ത് അൽവാരോ – എസിയർ – അഡ്രിയാൻ സ്പാനിഷ് ത്രയത്തെ മാനുവൽ സാഞ്ചസും കണ്ണൂരിനായി ആദ്യ ഇലവനിൽ കളത്തിലിറക്കി.

നായകൻ അനസ് എടത്തൊടികയെ വാം അപ്പനിടെയേറ്റ പരിക്കിനെ തുടർന്ന് ഇന്നലെ മലപ്പുറത്തിന് കളത്തിലിറക്കാൻ സാധിച്ചില്ല. പകരം
ആൾഡലിർ ആണ് ടീമിനെ നയിച്ചത്.

മൂന്നാം മിനിറ്റിൽ ഫസലു റഹ്മാനിലൂടെ മലപ്പുറമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത് എങ്കിലും പതിനാലാം മിനിറ്റിൽ കണ്ണൂർ ഗോൾ നേടി. എസിയർ നീക്കി നൽകിയ പന്തിൽ കണ്ണൂർ നായകൻ അഡ്രിയാൻ എതിർ ഗോളിക്ക് അവസരം നൽകാതെ അനായാസം സ്കോർ ചെയ്തു 1-0. മത്സരം കൃത്യം അരമണിക്കൂർ പിന്നിടുമ്പോൾ കണ്ണൂർ ലീഡ് ഇരട്ടിയാക്കി. യുവതാരം മുഹമ്മദ് റിഷാദ് നൽകിയ പന്ത് രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് എസിയർ വലയിലേക്ക് അടിച്ചു കയറ്റി 2-0.

ആദ്യ പകുതി അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ മലപ്പുറം ഒരു ഗോൾ തിരിച്ചടിച്ചു. പെനാൽറ്റി ബോക്സിൻ്റെ ഇടത് പാർശ്വത്തിൽ നിന്ന് ലോങ് റെയ്ഞ്ചർ പറത്തി
ഫസലു റഹ്മാനാണ് സ്കോർ ചെയ്തത് 2-1. ലീഗിൽ ഫസലുവിൻ്റെ രണ്ടാം ഗോൾ. ആദ്യ പകുതി 2-1 ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ മലപ്പുറം കൂടുതൽ കരുത്തോടെ ആക്രമണത്തിനിറങ്ങി. അൻപത്തിരണ്ടാം മിനിറ്റിൽ സാഞ്ചസിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹെഡ്ഡർ പുറത്തേക്ക് പോയി. അറുപത്തിയഞ്ചാം മിനിറ്റിൽ ബ്രസീൽ താരം ബാർബോസ മലപ്പുറത്തിനായി ലക്ഷ്യം കണ്ടെങ്കിലും റഫറി സുരേഷ് ദേവരാജ് ഓഫ്സൈഡ് വിധിച്ചു. കളിക്കാരെ നിരന്തരം മാറ്റി പരീക്ഷിച്ച് ഇരു ടീമുകളും രണ്ടാം പകുതിയിൽ ഗോളിനായി ശ്രമിച്ചെങ്കിലും വലയനങ്ങിയില്ല. തുടർച്ചയായി മൂന്ന് മത്സരം ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ കളിച്ചെങ്കിലും ഇവിടെ ഒരു വിജയം നേടാൻ മലപ്പുറത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നാല് കളികളിൽ എട്ട് പോയൻ്റുമായി കണ്ണൂർ പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ ഇത്രയും കളികളിൽ നാല് പോയൻ്റുള്ള മലപ്പുറം നാലാമതാണ്.

മലപ്പുറം എഫ്സി – കണ്ണൂർ വാരിയേഴ്സ്, മഞ്ചേരിയിൽ ഇന്ന് സൂപ്പർ ക്ലാസിക്കോ

ആരാധകരുടെ പ്രിയ മൈതാനമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് സൂപ്പർ ക്ലാസിക്കോ. മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ മലപ്പുറം എഫ്സി കണ്ണൂർ വാരിയേഴ്സുമായി മാറ്റുരയ്ക്കും. കിക്കോഫ് രാത്രി 7.30 ന്. കേരള ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ മലപ്പുറവും കണ്ണൂരും ഏറെ നിർണായകമായ മത്സരത്തിനാണ് ഇന്ന് ബൂട്ടുമുറുക്കുന്നത്.

ഗോളും വിജയവും കാത്ത് അൾട്രാസ്

ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് അവരുടെ തട്ടകത്തിൽ ഇരട്ടപ്രഹരം നൽകിയാണ് മലപ്പുറം എഫ്സി തുടങ്ങിയത്. പിന്നീട് രണ്ടു മത്സരങ്ങൾ സ്വന്തം മൈതാനത്ത് കളിച്ചെങ്കിലും വിജയമോ ഒരു ഗോളോ സ്കോർ ചെയ്യാൻ മലപ്പുറത്തിന് കഴിഞ്ഞില്ല. കാലിക്കറ്റ് എഫ്സിയോട് മൂന്ന് ഗോളിന് തകർന്നപ്പോൾ തൃശൂർ മാജിക് എഫ്സിയോട് ഗോൾരഹിത സമനില വഴങ്ങി. ഫിനിഷിങ് പോരായ്മകളാണ് ടീമിനെ ഗോളിൽ നിന്നകറ്റുന്നത്.
ഐ ലീഗ് സൂപ്പർ താരം അലക്സ് സാഞ്ചസ്, ഉറൂഗ്വക്കാരൻ പെഡ്രോ മൻസി എന്നിവരെ മുന്നേറ്റനിരയിൽ കെട്ടഴിച്ചുവിട്ടാവും ഇന്ന് ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറി മലപ്പുറത്തിൻ്റെ ഗോൾ ദാരിദ്ര്യത്തിന് പരിഹാരം തേടുക.

സ്പാനിഷ് താരങ്ങളായ റൂബൻ, ജോസബ എന്നിവർക്കൊപ്പം കഴിഞ്ഞ മത്സരത്തിൽ തകർത്തുകളിച്ച ബുജൈറും ഫസലുവും ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. നായകൻ അനസ് എടത്തൊടിക ഫോമിലേക്ക് ഉയർന്നതും ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

ഫിനിഷിങ് കുറവുകൾ പരിഹരിച്ച് ആരാധകർ മോഹിച്ച വിജയം സമ്മാനിക്കാനാണ് ടീം ഒരുങ്ങുന്നതെന്ന് നായകൻ അനസ് എടത്തൊടിക പറഞ്ഞു. ലീഗിലെ ഏറ്റവും വലിയ ആരാധക സംഘമാണ് ‘ അൾട്രാസ് ‘ അവർ ടീമിന് നൽകുന്ന പിന്തുണ വളരെ വലുതാണ് – മുൻ ഇന്ത്യൻ താരം സൂചിപ്പിച്ചു.

കളി പിടിക്കാൻ വടക്കൻ പട

മൂന്ന് കളികളിൽ അഞ്ച് പോയൻ്റുള്ള കണ്ണൂർ നാല് പോയൻ്റുള്ള മലപ്പുറത്തെ നേരിടുമ്പോൾ തകർപ്പൻ വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറുകയാണ് വടക്കൻ പടയുടെ മോഹം. പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടുഗോൾ തിരിച്ചടിച്ച് ജയിച്ച അനുഭവം കണ്ണൂർ ടീമിന് കരുത്താകും.

മികവോടെ പന്ത് തട്ടുന്ന ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താതെയാവും സ്പാനിഷ് ബോസ് മനോലോ സാഞ്ചസ് ഇന്ന് ടീമിനെ വിന്യസിക്കുക. അജ്മൽ വല കാക്കുമ്പോൾ വികാസും അൽവാരോയും കോട്ടകെട്ടും. റിഷാദും അക്ബറും പാർശ്വങ്ങളിലൂടെ ആക്രമണം നയിക്കും. സ്പാനിഷ് താരങ്ങളായ അഡ്രിയാൻ സെർദിനെറോയും ഐസിയർ ഗോമസും ഗോളടിക്കാൻ കാത്തിരിക്കും. തകർപ്പൻ ഷോട്ടുകളും പാസുകളുമായി കാമറൂൺക്കാരൻ ലവ്സാംബ മധ്യനിര ഭരിക്കും.

തോൽവിയറിയാത്ത കുതിപ്പ് തുടരാൻ കണ്ണൂരും സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം എന്ത് വില നൽകിയും നേടാൻ മലപ്പുറവും അൾട്രാസ് എന്ന ആരാധക കൂട്ടത്തെ സാക്ഷിനിർത്തി പോരിനിറങ്ങുന്നോൾ പയ്യനാട് സ്റ്റേഡിയം ഒരു ക്ലാസിക് കാൽപന്ത് പോരാട്ടത്തിനാവും ഇന്ന് സാക്ഷ്യം വഹിക്കുക.

തത്സമയം

മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും (ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ഗള്‍ഫ് മേഖലയിലുള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിംഗ് കാണാം.

സൂപ്പർ ലീഗ് കേരള; കാലിക്കറ്റിൽ തൃശൂർ മാജിക്

അവിശ്വസനീയ തിരിച്ചുവരവ് കണ്ട മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ
തൃശൂർ മാജിക് എഫ്സി 2-2 ന് കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ചു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു തൃശൂർ ടീമിൻ്റെ തിരിച്ചു വരവ്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ എന്നിവർ കാലിക്കറ്റ് എഫ്സിക്കായും ബ്രസീൽ താരങ്ങളായ ഫിലോ, ലൂക്കാസ് സിൽവ എന്നിവർ തൃശൂർ ടീമിനായും സ്കോർ ചെയ്തു.

വിജയം ലക്ഷ്യമിട്ട് തോയി സിംഗ്, ഗനി നിഗം, ബെൽഫോർട്ട് ത്രിമൂർത്തികളെ ആക്രമണത്തിൽ അണിനിരത്തിയാണ് കാലിക്കറ്റ് കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ ഇന്നലെ ടീമിനെ വിന്യസിച്ചത്. നായകൻ സി കെ വിനീതിനൊപ്പം ബ്രസീൽ താരങ്ങളായ മാർസലോ, അലക്സ് സാൻ്റോസ് എന്നിവരെയിറക്കി തൃശൂർ മാജിക് എഫ്സിയും മുന്നേറ്റനിര ശക്തിപ്പെടുത്തി.

തൃശൂർ ടീം തൊട്ടുനീക്കിയ പന്തിൽ ആദ്യ ഗോൾ മണമുള്ള നീക്കം കാണാൻ പത്താം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് വിനീത് കാലിക്കറ്റ് വലയിൽ എത്തിച്ചെങ്കിലും റഫറിയുടെ ഓഫ്സൈഡ് കൊടി പൊങ്ങി. കാലിക്കറ്റ് എഫ്സിയുടെ ഗോൾവേട്ടക്കാരൻ ഗനി നിഗമിനെ കൃത്യമായി മാർക്ക് ചെയ്യാൻ തൃശൂർ ഡിഫൻസിന് സാധിച്ചതോടെ ആദ്യ പകുതിയിൽ മത്സരം കാര്യമായ മുന്നേറ്റങ്ങൾ ഒന്നുമില്ലാതെ ഗോൾ രഹിതമായി അവസാനിച്ചു.

ഗോളുകളുടെ രണ്ടാം പകുതി

രണ്ടാം പകുതിയിൽ പി എം ബ്രിട്ടോയെ കൊണ്ടുവന്ന് കാലിക്കറ്റും ഷംനാദിനെ ഇറക്കി തൃശൂരും ആക്രമണത്തിന് കരുത്ത് കൂട്ടി. നാല്പത്തി ഒൻപതാം മിനിറ്റിൽ തന്നെ ഫലം കണ്ടു. ഗനി നൽകിയ പന്തിൽ താളം പിടിച്ച് വെട്ടിയൊഴിഞ്ഞ് മുന്നേറിയ ബ്രിട്ടോ പറത്തിയ കരുത്തുറ്റ ഷോട്ട് തൃശൂർ ഗോളി ജോയ് തട്ടിയിട്ടു. റീബൗണ്ടിന് കൃത്യം പൊസിഷനിൽ ഹാജരായ യുവതാരം മുഹമ്മദ് റിയാസ് പന്ത് പോസ്റ്റിൽ നിക്ഷേപിച്ചു. കാലിക്കറ്റിന് ലീഡ് 1-0. അറുപത്തിയേഴാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം റിയാസ് പുറത്തേക്കടിച്ച് തുലച്ചു.
എൺപത്തിയൊന്നാം മിനിറ്റിൽ അഭിറാം നൽകിയ പാസ് ഹെഡ്ഡർ വഴി ഗോളാക്കി മാറ്റി ബ്രിട്ടോ കാലിക്കറ്റ് എഫ്സിയുടെ ലീഡ് ഇരട്ടിയാക്കി. വിജയം ഉറപ്പിച്ച കാലിക്കറ്റ് എഫ്സി ആരാധകരെ അമ്പരപ്പിച്ച് കളിയുടെ അവസാന നിമിഷങ്ങളിൽ
ഫിലോ, ലൂക്കാസ് സിൽവ എന്നിവരിലൂടെ ഗോൾ കണ്ടെത്തിയ തൃശൂർ വിജയസമാനമായ സമനില പിടിച്ചുവാങ്ങി.

സമനിലയോടെ നാല് കളിയിൽ ആറ് പോയൻ്റ് നേടിയ കാലിക്കറ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് കളിയിൽ രണ്ട് പോയൻ്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്താണ്.

സൂപ്പർ ലീഗ് കേരള, നാലാം റൗണ്ട് മത്സരങ്ങൾ ഇന്ന് മുതൽ

പോയൻ്റ് പട്ടികയിൽ പോരാട്ടം ശക്തമായ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് (സെപ്. 24), തുടക്കം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സിക്ക് തൃശൂർ മാജിക് എഫ്സിയാണ് എതിരാളികൾ. മലപ്പുറം എഫ്സി – കണ്ണൂർ വാരിയേഴ്സ് (സെപ്. 25), ഫോഴ്സ കൊച്ചി – തിരുവനന്തപുരം കൊമ്പൻസ് (സെപ്. 27) പോരാട്ടങ്ങളും നാലാം റൗണ്ടിനെ കൊഴുപ്പിക്കും.

മൂന്നാം റൗണ്ടിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ചപ്പോൾ അഞ്ച് പോയൻ്റ് വീതം നേടി മൂന്ന് ടീമുകൾ തലപ്പത്തുണ്ട്. ഗോൾ ശരാശരിയാണ് കോഴിക്കോടിനെ ഒന്നാമതും തിരുവനന്തപുരത്തെ രണ്ടാമതും കണ്ണൂരിനെ മൂന്നാമതും നിർത്തുന്നത്. മലപ്പുറം (നാല്), കൊച്ചി (രണ്ട്), തൃശൂർ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുടീമുകളുടെ പോയൻ്റ് നില.

ഗോളടി മേളം

ഒൻപത് കളികളിൽ നിന്നായി ലീഗിൽ ഇതുവരെ പിറന്നത് 16 ഗോളുകൾ. ഒരു മത്സരത്തിൽ ശരാശരി 1.77 ഗോൾ. തിരുവനന്തപുരത്തിനെതിരെ കണ്ണൂരിൻ്റെ കാമറൂൺ താരം ഏണസ്റ്റോ ലവ്സാംബ പറത്തിയ ലോങ് റേഞ്ചർ ഗോൾ, മലപ്പുറത്തിനെതിരെ കാലിക്കറ്റ് എഫ്സിയുടെ ഗനി നിഗം നേടിയ സോളോ ഗോൾ ഉൾപ്പടെ ലോകോത്തര നിലവാരത്തിലുള്ള ഗോളുകളും ലീഗിൽ പിറന്നു.

മൂന്ന് റൗണ്ട് മത്സരം പൂർത്തിയായതോടെ ടീമുകളിലെ കളിക്കാർ തമ്മിലുള്ള കെമിസ്ട്രിയും മെച്ചപ്പെട്ടു. കൂടാതെ എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാൻ പരിശീലകർക്കും ഇതിനോടകം അവസരം ലഭിച്ചു. ഇത് വരും മത്സരങ്ങളെ കൂടുതൽ കടുപ്പമേറിയതും ആവേശം നിറഞ്ഞതുമാക്കുമെന്ന് തൃശൂർ മാജിക് എഫ്സിയുടെ സഹ പരിശീലകൻ സുശാന്ത് മാത്യൂ പറയുന്നു.

ആവേശം ഗ്യാലറി നിറയെ

മഹീന്ദ്ര സൂപ്പർ ലീഗിൻ്റെ നാല് വേദികളിലേക്കും കാണികൾ ഒഴുകിയെത്തുന്നുവെന്നതാണ് മൂന്ന് റൗണ്ട് മത്സരം പിന്നിടുമ്പോൾ കാണുന്ന മറ്റൊരു പ്രത്യേകത. മലപ്പുറം – കാലിക്കറ്റ് മലബാർ ഡെർബിക്കും കാലിക്കറ്റ് – കൊച്ചി സിറ്റി ഡെർബിക്കും 20000 ത്തോളം കാണികളെത്തി. മറ്റുമത്സരങ്ങൾക്കും ഗ്യാലറിയിൽ 8000 മുതൽ 10000 വരെ ആരാധകരുണ്ടായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കലൂർ സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം ആരാധക സംഘങ്ങൾ ഒരുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ കേരള ഫുട്ബോളിൽ നവ്യാനുഭവമാണ്.

ഇന്ന് ചെറിയ കളിയല്ല

ഹോം ഗ്രൗണ്ടിൽ ആദ്യ വിജയം മോഹിച്ചാണ് കാലിക്കറ്റ് എഫ്സി ഇന്ന് കോഴിക്കോട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിയെ നേരിടുക. ഇവിടെയിറങ്ങിയ രണ്ടു കളികളിലും കാലിക്കറ്റ് ടീം സമനില വഴങ്ങി. ഇന്ന് ജയത്തോടെ മൂന്ന് പോയൻ്റ് സ്വന്തമാക്കി ഒന്നാംസ്ഥാനം ഭദ്രമാക്കാനാവും പരിശീലകൻ ഇയാൻ ആൻഡ്രൂ ഗിലാൻ്റെ പ്ലാൻ. ഗോളടി തുടരുന്ന ഗനി നിഗം തന്നെയാവും ഇന്നും ടീമിൻ്റെ തുറുപ്പുചീട്ട്. ലീഗിൽ മൂന്ന് ഗോളുമായി ഗനി ടോപ് സ്കോറർ സ്ഥാനത്ത് തുടരുകയാണ്. നായകൻ ജിജോ ജോസഫ്, ഹെയ്ത്തിക്കാരൻ വിംഗർ ബെൽഫോർട്ട് തുടങ്ങിയവരുടെ ഫോമും ആതിഥേയ ടീമിന് പ്രതീക്ഷയേകുന്നു.

ആദ്യ രണ്ടു കളികളും തോറ്റ തൃശൂർ അവസാന മത്സരത്തിൽ മലപ്പുറത്തെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് കരുത്തറിയിച്ചിട്ടുണ്ട്. ലീഗിൽ ഗോളടിക്കാൻ പ്രയാസപ്പെടുന്ന ടീമാണ് തൃശൂർ. ഇന്ന് നായകൻ സികെ വിനീതിനൊപ്പം മാർസലോ, അഭിജിത്ത് എന്നിവരും ഗോൾപോസ്റ്റ് ലക്ഷ്യമിട്ടാൽ ആദ്യജയം എന്ന തൃശൂർ മോഹം സഫലമാകും. കൂടാതെ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന പരിശീലകൻ ജിയോവാനി സാനൂ ഇന്ന് തൃശൂർ ടീമിൻ്റെ ഡഗ്ഔട്ടിൽ ഉണ്ടാവും എന്നതും അവർക്ക് ഗുണകരമാണ്.

………

സൂപ്പർ ലീഗ് കേരള; കണ്ണൂർ വാരിയേഴ്സ് തിരുവനന്തപുരം പോരാട്ടം സമനിലയിൽ

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്സും സമനിലയിൽ പിരിഞ്ഞു 1-1. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ അൻപത്തിയേഴാം മിനിറ്റിൽ കാമറൂൺ താരം ഏണസ്റ്റൻ ലവ്സാംബ കണ്ണൂരിനായും കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ വാരിയേഴ്സിനായി ഗണേശൻ സമനില ഗോളും നേടി. ലീഗിൽ മൂന്ന് റൗണ്ട് മത്സരം പൂർത്തിയാവുമ്പോൾ കാലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂർ ടീമുകൾക്ക് അഞ്ച് പോയൻ്റ് വീതമാണ് ഉള്ളത്.

തലസ്ഥാന നഗരിയുടെ എംപി ശശി തരൂരിൻ്റെ ആശീർവദത്തോടെയാണ് ഇന്നലെ കൊമ്പൻസ് – വാരിയേഴ്സ് പോരാട്ടത്തിന് സമാരംഭം കുറിച്ചത്. വിജയം ലക്ഷ്യമിട്ട് ഇരു സംഘങ്ങളും മുന്നേറ്റനിരയിൽ മൂന്ന് പേർക്ക് ചുമതല നൽകിയാണ് ആദ്യ ഇലവനെ ഇറക്കിയത്. അഞ്ചാം മിനിറ്റിൽ കണ്ണൂരിൻ്റെ ഗോഗോയ് എടുത്ത ഫ്രീകിക്ക് തിരുവനന്തപുരത്തിൻ്റെ ബ്രസീലിയൻ ഗോളി സാൻ്റോസ് ക്രോസ്സ് ബാറിന് മുകളിലേക്ക് പ്രയാസപ്പെട്ട് കുത്തിയകറ്റി. എട്ടാം മിനിറ്റിൽ കോർണറിൽ നിന്ന് വന്ന പന്ത് കണ്ണൂർ താരം അക്ബർ സിദ്ദീഖ് എതിർ പോസ്റ്റിൽ എത്തിച്ചെങ്കിലും ഓഫ് സൈഡ് വിസിൽ മുഴങ്ങി.

പന്ത്രണ്ടാം മിനിറ്റിൽ കണ്ണൂരിൻ്റെ സ്പാനിഷ് നായകൻ അഡ്രിയാൻ കോർപ്പയും സ്കോർ ചെയ്തെങ്കിലും റഫറി സുരേഷ് ദേവരാജ് വീണ്ടും ഓഫ്‌സൈഡ് വിധിച്ചു. ആദ്യ പകുതിയിൽ കണ്ണൂർ വാരിയേഴ്സ് വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ അക്മൽ ഷാൻ, സീസൺ എന്നിവരുടെ ഒറ്റയാൻ ശ്രമങ്ങളിൽ മാത്രം ഒതുങ്ങി തിരുവനന്തപുരത്തിൻ്റെ മുന്നേറ്റങ്ങൾ. ഒന്നാം പകുതി അവസാനിക്കാനിരിക്കെ തിരുവനന്തപുരം നായകൻ മോട്ട രണ്ടാം മഞ്ഞക്കാർഡും ഒപ്പം ചുവപ്പ് കാർഡും വാങ്ങി പുറത്തു പോയി.

പത്ത് പേരിലേക്ക് ചുരുങ്ങിയ കൊമ്പൻസിനെതിരെ രണ്ടാം പകുതിയിൽ മുഹമ്മദ് ഫഹീസിനെ ഇറക്കി കണ്ണൂർ ആക്രമണം കനപ്പിച്ചു. എന്നാൽ 4-4-1 ഫോർമേഷനിലേക്ക് മാറി ഗോൾ വഴങ്ങാതിരിക്കാനായിരുന്നു കൊമ്പൻസിൻ്റെ നീക്കം.

അൻപത്തിയേഴാം മിനിറ്റിൽ കണ്ണൂർ നായകൻ കോർപ്പ നീക്കിനൽകിയ പന്തുമായി മുന്നേറിയ കാമറൂൺ താരം ലവ്സാംബ ബോക്സിന് പുറത്ത് നിന്ന് പറത്തിയ ഷോട്ട് കൊമ്പൻസ് പോസ്റ്റിൽ കയറി. സൂപ്പർ ലീഗ് കേരളയിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്ന് കണ്ണൂരിന് ലീഡ് നൽകി 1-0. അവസാന മിനിറ്റുകളിൽ പകരക്കാരെ ഇറക്കി സമനിലക്കായി കൊമ്പൻസും സ്കോർ നില ഉയർത്താൻ വാരിയേഴ്സും ശ്രമിക്കുന്നതിനിടെ എൺപത്തിയഞ്ചാം മിനിറ്റിൽ സമനില ഗോൾ പിറന്നു. കണ്ണൂർ ബോക്സിന് തൊട്ടു മുന്നിൽ വെച്ച് ലഭിച്ച ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് പകരക്കാരൻ ഗണേശൻ വലയിലെത്തിച്ചു 1-1. അപ്രതീക്ഷിതമായി നേടിയ ഗോളും സമനിലയും തിരുവനന്തപുരം താരങ്ങളും ആരാധകരും ആഘോഷിച്ചു.

സൂപ്പർ ലീഗ് കേരള; മലപ്പുറം തൃശ്ശൂർ പോരാട്ടം സമനിലയിൽ

മലപ്പുറം എഫ്സി – 0 തൃശൂർ മാജിക് എഫ്സി – 0

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം എഫ്സി – തൃശൂർ മാജിക് എഫ്സി മത്സരം സമനിലയിൽ പിരിഞ്ഞു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട തൃശൂർ ഇന്നലെ ആദ്യ പോയൻ്റ് സ്വന്തമാക്കി. മൂന്ന് കളിയിൽ മലപ്പുറത്തിന് നാല് പോയൻ്റുണ്ട്.

ഗോൾ കീപ്പർ സ്ഥാനത്ത് ടെൻസിൻ, മുന്നേറ്റനിരയിൽ ബുജൈർ എന്നിവരെ ആദ്യ ഇലവനിൽ കൊണ്ടുവന്നാണ് കോച്ച് ജോൺ ഗ്രിഗറി ഇന്നലെ മലപ്പുറം ഇലവനെ കളത്തിലിറക്കിയത്. സ്പാനിഷ് താരം പെഡ്രോക്കൊപ്പം ഫസലു റഹ്മാനും ആതിഥേയരുടെ മുന്നേറ്റനിരയിൽ ഇറങ്ങി. ബ്രസീൽ താരങ്ങളായ ലൂക്കാസ്, മൈൽസൺ എന്നിവരെ പ്രതിരോധം ഏൽപ്പിച്ചാണ് തൃശൂർ ടീം തന്ത്രങ്ങൾ മെനഞ്ഞത്.

തുടക്കം മുതൽ തകർത്തു കളിച്ച മലപ്പുറത്തിൻ്റെ പതിനാലാം നമ്പർ താരം ബുജൈർ പത്താം മിനിറ്റിൽ പറത്തിയ പൊള്ളുന്ന ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോകുന്നത് കണ്ടാണ് ആരാധകർ നിറഞ്ഞ മഞ്ചേരി സ്റ്റേഡിയം കളിയിലേക്ക് ഉണർന്നത്. ആദ്യ അരമണിക്കൂറിനിടെ നിർണായകമായ ഫ്രീകിക്കുകൾ നേടിയെടുക്കാൻ തൃശൂരിന് കഴിഞ്ഞെങ്കിലും രണ്ടുതവണയും ലൂക്കാസിൻ്റെ ശ്രമങ്ങൾക്ക് ലക്ഷ്യബോധം ഉണ്ടായിരുന്നില്ല. മുപ്പത്തി അഞ്ചാം മിനിറ്റിൽ തൃശൂർ നായകൻ സി കെ വിനീതിന് തുറന്ന അവസരം കൈവന്നു. ഗോളി മാത്രം മുന്നിൽ നിൽക്കെ പന്തിലേക്ക് ഓടിയെത്താൻ മുൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. നാല്പതാം മിനിറ്റിൽ മലപ്പുറത്തിൻ്റെ ശ്രമം ബാറിൽ തട്ടി തെറിച്ചതോടെ ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാംപകുതിയുടെ തുടക്കം മുതൽ ഇരു സംഘങ്ങളും ഗോളിനായി ആഞ്ഞുശ്രമിച്ചതോടെ കളി ആവേശകരമായി. അൻപത്തിയേഴാം മിനിറ്റിൽ നന്നായി കളിച്ച ബുജൈറിനെ പിൻവലിച്ച് മലപ്പുറം റിസ്‌വാൻ അലിയെ കൊണ്ടുവന്നു. അഭിജിത്ത്, ജസീൽ എന്നിവരെയിറക്കി തൃശൂരും ആക്രമണത്തിന് മൂർച്ചകൂട്ടി. എഴുപത്തി ഒന്നാം മിനിറ്റിൽ തൃശൂരിൻ്റെ കോർണർ വഴിയുള്ള ആക്രമണത്തിന് ക്രോസ്സ് ബാർ വിലങ്ങായി. തുടർന്നും ഗോളിനുള്ള ശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടായെങ്കിലും റഫറി അജയ് കൃഷ്ണൻ ഫൈനൽ വിസിൽ മുഴക്കുമ്പോൾ സ്കോർ ബോർഡിൽ തെളിഞ്ഞത് മലപ്പുറം എഫ്സി – 0 തൃശൂർ മാജിക് എഫ്സി – 0. ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി കണ്ണൂർ വാരിയേഴ്സ് എഫ്സിയെ നേരിടും. കിക്കോഫ് രാത്രി 7.30 ന്.

ഇന്ന് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം തൃശ്ശൂർ പോരാട്ടം

അലകടലായ് എത്തുന്ന മലപ്പുറം എഫ്സിയുടെ ആരാധകക്കൂട്ടം ‘ അൾട്രാസിന് ‘ ഹോം ഗ്രൗണ്ടിൽ ഒരു ആവേശവിജയം സമ്മാനിക്കാനാണ് ടീം ഇന്ന് ഇറങ്ങുകയെന്ന് ഗോൾകീപ്പർ വി മിഥുൻ. മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുമ്പോൾ കേരളത്തിൻ്റെ ഇതിഹാസ ഗോൾകീപ്പർമാരിൽ ഒരാളായ മിഥുന് പ്രതീക്ഷയേറെ. ഫോർസ കൊച്ചിയെ അവരുടെ ഗ്രൗണ്ടിൽ തോല്പിച്ചുകൊണ്ടാണ് മലപ്പുറം എഫ്സി മഹീന്ദ്ര സൂപ്പർ ലീഗിൽ അരങ്ങേറിയത്. പക്ഷേ, രണ്ടാം അങ്കത്തിൽ കാലിക്കറ്റ് എഫ്സിയോട് മൂന്ന് ഗോളിൻ്റെ തോൽവി വഴങ്ങി. അത് ഏവരെയും ഞെട്ടിച്ചു. ആ ഷോക്കിൽ നിന്ന് തിരിച്ചുകയറാനാണ് മലപ്പുറം എഫ്സി ബൂട്ട് കെട്ടുന്നത്. ആദ്യ രണ്ടു കളികളിലും സുല്ലിട്ട തൃശൂർ വിജയത്തിൽ കുറഞ്ഞ ഒന്നിലും സംതൃപ്തരാവില്ല. അതുകൊണ്ട് തന്നെ ഒരു ‘ യുദ്ധത്തിനാവും ‘ ഇന്ന് മഞ്ചേരി സ്റ്റേഡിയം സാക്ഷിയാവുക.

മഞ്ചേരി; ലക്കി ഗ്രൗണ്ട്

കണ്ണൂർക്കാരൻ മിഥുന് മഞ്ചേരി എന്നത് ഭാഗ്യമൈതാനമാണ്. ടച്ച് ലൈനിൽ വരെ കാണികളെ നിർത്തി 2022 ൽ കേരളം അവസാനമായി സന്തോഷ് ട്രോഫി ജയിക്കുന്നത് ഇവിടെ വെച്ചാണ്. ബംഗാളിൻ്റെ വമ്പ് ഷൂട്ടൗട്ടിൽ മറികടന്ന് കേരളം കിരീടം നേടുമ്പോൾ പോസ്റ്റിന് കാവൽ നിന്നത് ഈ കണ്ണൂർക്കാരൻ. 2018 ൽ കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ബംഗാളിനെ തോൽപ്പിച്ച് കേരളം ദേശീയ ചാമ്പ്യന്മാർ ആവുമ്പോഴും മിഥുൻ തന്നെ ഹീറോ. അന്ന് ഷൂട്ടൗട്ടിൽ രണ്ട് ബംഗാളി കിക്കുകൾ സേവ് ചെയ്താണ് മിഥുൻ പതിറ്റാണ്ടുകൾക്കു ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടമെത്തിച്ചത്. എട്ട് തവണ കേരളത്തെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ച മിഥുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ്.

*കണ്ണൂരിൻ്റെ മുത്ത്, മലപ്പുറത്തിൻ്റെ സ്വത്ത്

  • മുഴുപ്പിലങ്ങാട് ബീച്ചിലും കണ്ണൂർ എസ്എൻ കോളേജിലും കളിച്ചുതെളിഞ്ഞ മിഥുൻ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഗോൾകീപ്പറായി എത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. നിർണായക ഘട്ടങ്ങളിൽ ടീമിന് തുണയായി മിഥുൻ എന്ന ഗോൾകീപ്പർ ഉയിർക്കും എന്ന വിശ്വാസം. കേരള പോലീസ് താരമായിരുന്ന മുരളിയുടെ മകനായി ജനിച്ച മിഥുന് ആരാധകരുടെ ആവേശം വളരെ വേഗം തിരിച്ചറിയാൻ കഴിയും. അവരുടെ വികാരങ്ങളെ ഉൾക്കൊള്ളാൻ പറ്റും. തൃശൂർ ഘടികൾ എത്തും

ഇന്ന് മലപ്പുറം എഫ്സിയുടെ ആരാധകർ മാത്രമാവില്ല മഞ്ചേരി സ്റ്റേഡിയത്തിൽ ആരവം മുഴക്കുക. മലപ്പുറത്തിനൊപ്പം തൃശൂർ ടീമിൻ്റെയും ഹോം ഗ്രൗണ്ടാണ് മഞ്ചേരി സ്റ്റേഡിയം. ഇവിടെ നടന്ന തൃശൂർ – കണ്ണൂർ മത്സരത്തിന് നിരവധി തൃശൂർ ഘടികൾ എത്തിയിരുന്നു. കൂടുതൽ കരുത്തോടെ അവർ വീണ്ടും നാളെ ഗ്യാലറിയിൽ ഉണ്ടാവും. ക്ലാസിക് പോരാട്ടത്തിൻ്റെ ടിക്കറ്റ് ഇന്നലെ ഉച്ചയോടെ തന്നെ 60 ശതമാനം വിറ്റുതീർന്നിട്ടുണ്ട്.

ഇനിയുമുണ്ട് ടിക്കറ്റ്

ഗ്യാലറി ടിക്കറ്റ് പരിമിതമാണ് എങ്കിലും
പേടിഎം വഴി ഇനിയും ലഭ്യമാണ്. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്. കളികളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1ൽ. വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്സിലും മഹീന്ദ്ര സൂപ്പർ ലീഗ് മത്സരങ്ങൾ കാണാം.

സൂപ്പർ ലീഗ് കേരള: തൃശൂർ മാജിക്കിനെ തോൽപ്പിച്ച് ട്രിവാൻഡ്രം കൊമ്പൻസ്

തിരുവനന്തപുരം: തൃശൂർ മാജിക് എഫ് സിയെ 2-0ന് തകർത്ത് ട്രിവാൻഡ്രം കൊമ്പൻസ് സൂപ്പർ ലീഗ് കേരള സീസണിലെ ആദ്യ ജയം ഉറപ്പിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഹോം ടീം ആധിപത്യം പുലർത്തി, കളിയിലുടനീളം മികച്ച നിയന്ത്രണവും ടീം വർക്കും അവർ പ്രദർശിപ്പിച്ചു.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഹോം ഫാൻസിന് ആഹ്ലാദം പകരുന്ന വഴിത്തിരിവ് ഉണ്ടായി. 16-ാം മിനിറ്റിൽ ക്യാപ്റ്റൻ മോട്ട ഉജ്ജ്വലമായ ക്രോസിലൂടെ വിഷ്ണു ടിഎമ്മിനെ കണ്ടെത്തി, അത് വിഷ്ണു ഹെഡറിലൂടെ വലയിലെത്തിച്ചു. 1-0 ന് മുന്നിൽ.

തൃശൂർ ഒരു മറുപടി ഗോൾ കണ്ടെത്താൻ പാടുപെട്ടു, ഫൈനൽ തേർഡിൽ അവരുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, അവർ സൃഷ്ടിച്ച കുറച്ച് അവസരങ്ങൾ മുതലാക്കുന്നതിൽ അവർ പരാജയപ്പെട്ടു.

69-ാം മിനിറ്റിൽ ട്രിവാൻഡ്രം ലീഡ് ഇരട്ടിയാക്കി. മോട്ട തൻ്റെ പ്ലേമേക്കിംഗ് കഴിവുകൾ ഒരിക്കൽ കൂടി കാണിച്ചു തന്നു, മറ്റൊരു പിൻപോയിൻ്റ് അസിസ്റ്റ് അദ്ദേഹം നൽകി, ഇത്തവണ ലാൽമംഗൈഹ്‌സങ്ക പന്ത് അനായാസം ഗോൾകീപ്പറെ കീഴ്പ്പെടുത്തി വലയിൽ എത്തിച്ചു.

ഈ വിജയം ട്രിവാൻഡ്രം കൊമ്പൻസിൻ്റെ ഈ സീസണിലെ ആദ്യത്തെ ജയമാണ്. തൃശൂർ മാജിക്ക് ഇപ്പോഴും ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്‌.

മലബാർ ഡർബി കാലിക്കറ്റിന് സ്വന്തം, മലപ്പുറത്ത് ചെന്ന് തകർപ്പൻ ജയം

സൂപ്പർ ലീഗ് കേരളയിലെ ആദ്യ മലബാർ ഡർബിയിൽ കാലിക്കറ്റ് എഫ് സി സ്വന്താമാക്കി. ഇന്ന് മലപ്പുറം മഞ്ചേരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. കാലിക്കറ്റ് എഫ് സിയുടെ സീസണിലെ ആദ്യ വിജയമാണിത്. ഇരട്ട ഗോളുമായി ഗനി ആണ് കാലിക്കറ്റിന്റെ ഹീറോ ആയത്.

മത്സരത്തിൽ 22ആം മിനുട്ടിൽ മലയാളി താരം ഗനി നിഗം ആണ് കാലിക്കറ്റിന് ലീഡ് നൽകിയത്. നല്ല ചിപ്പ് ഫിനിഷിലൂടെ ആയിരുന്നു ഗനിയുടെ ഗോൾ. ആദ്യ പകുതിയിൽ 1-0ന്റെ ലീഡ് നിലനിർത്താൻ കാലിക്കറ്റിനായി. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ കാലിക്കറ്റ് ലീഡ് ഇരട്ടിയാക്കി.

ഡിഫൻസിലെ ഒരു അബദ്ധം മുതലെടുത്ത് ബെൽഫോർട്ട് പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0. മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ ഗനി വീണ്ടും ഗോൾ നേടിയതോടെ കാലിക്കറ്റ് ജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ കാലിക്കറ്റിന് 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് ആയി. മലപ്പുറത്തിന് 3 പോയിന്റുമാണുള്ളത്.

ഇന്ന് സൂപ്പർ ലീഗ് കേരളയിൽ മലബാർ ഡർബി

കേരള ഫുട്ബോളിലെ മഹത്തായ രണ്ട് സാമ്രാജ്യങ്ങളാണ് കോഴിക്കോടും മലപ്പുറവും. ആരാധകക്കരുത്തിലും താരസമ്പത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് പ്രദേശങ്ങൾ. മഹീന്ദ്ര സൂപ്പർ ലീഗ്‌ കേരളയിൽ ഇരുദേശങ്ങളെയും പ്രതിനിധീകരിക്കുന്നത്   മലപ്പുറം എഫ്സിയും കലിക്കറ്റ്‌ എഫ്‌സിയും. ഇവർ തമ്മിലുള്ള മലബാർ ഡർബിക്ക്‌ ഇന്ന് മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയം സാക്ഷിയാകും.

രാത്രി ഏഴിനാണ്‌ പെരുംപോരാട്ടത്തിൻ്റെ കിക്കോഫ്. മൈതാനത്തെ  വീറിനൊപ്പം ഗ്യാലറിയിലും വാശിനുരയുമെന്നതാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്, ആരാധകരെ ത്രസിപ്പിക്കുന്നത്. 

ഇരുടീമുകൾക്കും വമ്പൻ ഫാൻ ബെയ്സുള്ളതിനാൽ ​ഗാലറി നിറഞ്ഞൊഴുകും. ടിക്കറ്റുകളുടെ വിൽപ്പന ഓൺലൈനിലും ഓഫ് ലൈനിലും തകർക്കുകയാണ്. 

ഹോം ടീമായ മലപ്പുറം എഫ്സിയുടെ ആരാധക സംഘം ‘അൾട്രാസ്‌ ’   മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തുന്നത്‌. സർപ്രൈസ് ആഘോഷങ്ങളും ഗ്യാലറിയിൽ നടക്കുമെന്ന് ഉറപ്പ്. കാണികളെ എത്തിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഉൾപ്പെടെ  ഏർപ്പെടുത്തിയിട്ടുണ്ട്‌ അൾട്രാസ്.  

മലപ്പുറം എഫ്‌സി സ്വന്തം തട്ടകത്തിൽ ആദ്യ കളിക്കിറങ്ങുമ്പോൾ അതിനെ അവിസ്മരണീയമാക്കാനാണ് ‘ അൾട്രാസ്‌ ‘ പദ്ധതിയിടുന്നത്. 

കലൂർ സ്‌റ്റേഡിയത്തിൽ നടന്ന മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ഉദ്‌ഘാടന മത്സത്തിൽ മലപ്പുറവും കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ സാക്ഷിയാവാനായി പതിനായിരക്കണക്കിന് സാധാരണക്കാർ പോലും മലപ്പുറത്ത് നിന്ന് കൊച്ചിയിൽ എത്തി. അവർ കൂടുതൽ കരുത്തോടെ ഇന്ന് പയ്യനാട് ഉണ്ടാവും. ‘ബീക്കൺസ്‌ ബ്രിഗേഡ്‌ ’ എന്ന പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് എഫ്സിയുടെ ആരാധകപ്പടയും ചില്ലറക്കാരല്ല. അവരും വനിതാ ആരാധകരെ ഉൾപ്പടെ ആയിരങ്ങളെ ഗ്യാലറിയിൽ എത്തിക്കും.

 വമ്പും കൊമ്പുമയി ഇറങ്ങിയ ഫോഴ്‌സ കൊച്ചിയെ അവരുടെ തട്ടകത്തിൽ രണ്ടുഗോളുകൾക്ക് കശാപ്പ് ചെയ്താണ് മലപ്പുറം എഫ്സി സൂപ്പർ ലീഗ് കേരളയിൽ പൂജകുറിച്ചത്. രണ്ടാം മത്സരവും ജയിച്ച് പോയൻ്റ് പട്ടികയിൽ പോൾ പോസിഷനിൽ തുടരാനാവും ഇന്ത്യൻ താരം അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറംപടയുടെ ലക്ഷ്യം.

ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറി തന്ത്രങ്ങൾ ഒരുക്കുന്ന മലപ്പുറം എഫ്‌സിയിൽ നാട്ടുകാർക്ക് പ്രിയങ്കരായ മിഥുൻ, ഫസലു, റിസ്വാൻ അലി, അജയ്, ജാസിം തുടങ്ങിയവർ ബൂട്ടുകെട്ടുന്നു. ഒപ്പം ഐ ലീഗ് സ്റ്റാർ അലക്സ് സാഞ്ചസ്, ബാർബോസ തുടങ്ങിയ വിദേശ താരങ്ങളും പറന്നുകളിക്കും. 

യൂറോപ്യൻ ഫുട്ബോളിൻ്റെ പരിചയസമ്പത്തുള്ള ഇയാൻ ആൻഡ്രൂ ഗിലാൻ ഒരുക്കുന്ന കാലിക്കറ്റ് എഫ്സി ആദ്യമത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനോട് 1-1 ന് സ്വന്തം ഗ്രൗണ്ടിൽ സമനില  വഴങ്ങിയിരുന്നു. കിരീട നേട്ടത്തിലേക്ക് കണ്ണെറിയുന്ന മലബാറിൻ്റെ തലസ്ഥാന നഗരിയിൽ നിന്നുള്ള ടീമിന് രണ്ടാം മത്സരം ജയിക്കത്തെ വയ്യ. അതിനാൽ പയ്യനാട്ടെ യുദ്ധം ജയിക്കാൻ എല്ലാ പടക്കോപ്പുകളും അവർ പുറത്തെടുക്കും. കേരളത്തിൻ്റെ സന്തോഷ് ട്രോഫി നായകൻ ജിജോ ജോസഫ് നായകൻ്റെ ആം ബാൻഡ് അണിയുന്ന ടീമിൽ വിശാൽ, ഹക്കു, ഗനി, ബ്രിട്ടോ, അഷ്റഫ് തുടങ്ങിയ നാട്ടുകരുത്തും പടവെട്ടും. വിദേശതാരങ്ങൾക്കൊപ്പം ഇന്ത്യൻ ഫുട്ബോളിൻ്റെ നഴ്സറിയായ നോർത്ത് ഈസ്റ്റ് ബൂട്ടുകളും ടീമിൻ്റെ വജ്രായുധങ്ങളാണ്.  

ഒളിമ്പ്യൻ റഹ്മാൻ, എൻ എം നജീബ്, പ്രേംനാഥ് ഫിലിപ്പ്, സേതുമാധവൻ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ഓർമ്മകൾ കരുത്താക്കി കാലിക്കറ്റ് എഫ്സി പടക്കളത്തിൽ ഇറങ്ങുമ്പോൾ മലപ്പുറം എഫ്സിക്കുമുണ്ട് അതിനൊപ്പം നിൽക്കുന്ന പാരമ്പര്യം. ഇന്ത്യക്കും പാക്കിസ്ഥാനും കളിച്ച മൊയ്തീൻ കുട്ടിമാർ, എം ആർ സി അബൂബക്കറും കൊറ്റനും കുഞ്ഞനും. ഒപ്പം ശറഫലിയും ജാബിറും നയിച്ച പോരാട്ടങ്ങളും മലപ്പുറം എഫ്സിക്കും കരുത്താവും.  ഭൂത – വർത്തമാന – ഭാവി ജീവിതങ്ങൾ ഫുട്ബോളിൽ കോർത്തുവെച്ച രണ്ടു ദേശങ്ങൾ നാളെ ഉത്രാടനാളിൽ മുഖാമുഖം നിൽക്കുമ്പോൾ അതിനായി പ്രകൃതി പോലും മഴമാറ്റി വെളിച്ചം പ്രസരിപ്പിച്ച് കാത്തിരിക്കുന്നു. ഒപ്പം ആയിരക്കണക്കിന് ആരാധകരും. 

…..

പേടിഎംവഴിയാണ്‌ മത്സരത്തിൻ്റെ ടിക്കറ്റ് ബുക്കിങ്‌. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ ലഭ്യമാണ്.

മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1ൽ, വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും

Exit mobile version