നിര്‍ണ്ണായക പോരാട്ടത്തിനായ സണ്‍റൈസേഴ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

eറോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അവസാന നിമിഷം വരെ പൊരുതിയെങ്കിലും തോല്‍വിയേറ്റു വാങ്ങേണ്ടി വന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമാണുള്ളത്. പക്ഷേ ഒരു മത്സരം കുറവാണ് സണ്‍റൈസേഴ്സ് കളിച്ചിട്ടുള്ളത്.

മൂന്ന് മാറ്റങ്ങളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നത്തെ നിര്‍ണ്ണായക മത്സരത്തില്‍ ടീമില്‍ വരുത്തിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരം യാര പൃഥ്വി രാജ്, കുെസി കരിയപ്പ, റിങ്കു സിംഗ് എന്നിവര്‍ ടീമിലെത്തും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, ശുഭ്മന്‍ ഗില്‍, നിതീഷ് റാണ, റിങ്കു സിംഗ്, ദിനേശ് കാര്‍ത്തിക്, ആന്‍ഡ്രേ റസ്സല്‍, പിയൂഷ് ചൗള, കെസി കരിയപ്പ, ഹാരി ഗുര്‍ണേ, യാര പൃഥ്വി രാജ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, കെയിന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഷഹ്ബാസ് നദീം, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, ഖലീല്‍ അഹമ്മദ്

മനീഷ് പാണ്ടേ തിരിച്ച് വരവ് നടത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ടോം മൂഡി

സണ്‍റൈസേഴ്സിന്റെ മധ്യ നിര ബാറ്റ്സ്മാന്‍ മനീഷ് പാണ്ടേ തന്റെ മോശം ഫോം മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടോം മൂഡി. മുന്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഫോം മോശമായതിനെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഡല്‍ഹിയ്ക്കെതിരെ താരത്തിനെ യൂസഫ് പത്താനൊപ്പം പുറത്തിരുത്തിയെങ്കിലും യൂസഫ് പത്താന്‍ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മനീഷ് പാണ്ടേയുടെ സ്ഥാനം ടീമിനു പുറത്തായിരുന്നു.

മത്സര സാഹചര്യത്തിനനുസരിച്ചുള്ള ടീമുകളെ തിരഞ്ഞെടുക്കുകയാണ് തങ്ങള്‍ പാലിച്ച് പോകുന്നത്. അതിനാല്‍ തന്നെ വരും മത്സരങ്ങളില്‍ മനീഷ് ടീമിലേക്ക് വരുകയും ഫോം കണ്ടെത്തുകയും ചെയ്യുമെന്ന് കോച്ച് ടോം മൂഡി പറഞ്ഞു. മനീഷിനു തന്നെ തന്റെ മോശം ഫോമില്‍ അതൃപ്തിയുണ്ട്, അതിനാല്‍ തന്നെ താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നാണ് ടോം മൂഡി അഭിപ്രായപ്പെട്ടത്.

ചെന്നൈ ബൗളര്‍മാരെ നിലംതൊടിക്കാതെ ഡേവിഡ് വാര്‍ണര്‍, വാര്‍ണര്‍ പുറത്തായ ശേഷം അടിതുടങ്ങി ബൈര്‍സ്റ്റോ

ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 133 റണ്‍സെന്ന അനായാസ ലക്ഷ്യം ബുദ്ധിമുട്ടില്ലാതെ അടിച്ചെടുത്തപ്പോള്‍ സണ്‍റൈസേഴ്സിനു 6 വിക്കറ്റ് വിജയം. ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് തുടക്കത്തിനു ശേഷം രണ്ട് വിക്കറ്റുകള്‍ ചെന്നൈ വീഴ്ത്തിയപ്പോള്‍ പതിവു പോലെ സണ്‍റൈസേഴ്സ് മധ്യനിര തകരുമെന്ന് കരുതിയെങ്കിലും ബൈര്‍സ്റ്റോയും അടി തുടങ്ങിയതോടെ കാര്യങ്ങളൊന്നും ചെന്നൈ വിചാരിച്ച പോലെ നടന്നില്ല.

25 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് വെടിക്കെട്ട് തുടക്കം സണ്‍റൈസേഴ്സിനു നല്‍കിയത്. വാര്‍ണര്‍ അടിതുടങ്ങിയപ്പോള്‍ ബൈര്‍സ്റ്റോ സിംഗിളുകള്‍ എടുത്ത് സ്ട്രൈക്ക് മാറുകയായിരുന്നു. വാര്‍ണര്‍ പുറത്താകുമ്പോള്‍ പവര്‍പ്ലേയ്ക്ക് ഉള്ളില്‍ തന്നെ ഒന്നാം വിക്കറ്റില്‍ 66 റണ്‍സാണ് ആതിഥേയര്‍ നേടിയത്.

അടുത്ത ഓവറില്‍ നായകന്‍ കെയിന്‍ വില്യംസണെ ഇമ്രാന്‍ താഹിര്‍ പുറത്താക്കി മത്സരത്തിലേക്ക് ചെന്നൈയുടെ സാധ്യതകളെ സജീവമാക്കി. പിന്നീട് താഹിറും രവീന്ദ്ര ജഡേജയും ഏതാനും ഓവറുകള്‍ മികച്ച രീതിയില്‍ എറിഞ്ഞുവെങ്കിലും അധികം വൈകാതെ ബൈര്‍സ്റ്റോ അടി തുടങ്ങുകയായിരുന്നു. ലക്ഷ്യം 28 റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ ഇമ്രാന്‍ താഹിര്‍ വിജയ് ശങ്കറെ പുറത്താക്കി.

താഹിര്‍ തന്റെ 4 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തന്റെ രണ്ട് വിക്കറ്റ് നേടിയത്. രവീന്ദ്ര ജഡേജയും തന്റെ നാലോവര്‍ വെറും 22 റണ്‍സിനു എറിഞ്ഞ് തീര്‍ത്തുവെങ്കിലും ചെന്നൈയുടെ മറ്റു ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയതും ലക്ഷ്യം തീരെ ചെറുതായതിനാലും അധികം ബുദ്ധിമുട്ടില്ലാതെ ബൈര്‍സ്റ്റോയും ദീപക് ഹൂഡയും ലക്ഷ്യത്തിനടുത്തെത്തിച്ചു.

ദീപക് ഹൂഡയെ(13) നഷ്ടമാകുമ്പോള്‍ 2 റണ്‍സ് ജയത്തിനു വേണ്ടിയിരുന്ന സണ്‍റൈസേഴ്സ് ബൈര്‍സ്റ്റോ സിക്സ് അടിച്ച് മത്സരം അവസാനിപ്പിച്ചു. 16.5 ഓവറിലാണ് സണ്‍റൈസേഴ്സ് 133 റണ്‍സെന്ന ലക്ഷ്യം മറികടന്നത്. 44 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ ബൈര്‍സ്റ്റോ മൂന്ന് വീതം സിക്സും ഫോറുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

സണ്‍റൈസേഴ്സിനായി 3000 ഐപിഎല്‍ റണ്‍സ് തികച്ച് ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്സിനായി 3000 ഐപിഎല്‍ റണ്‍സ് തികച്ച് ഡേവിഡ് വാര്‍ണര്‍. 67 ഇന്നിംഗ്സുകളില്‍ നിന്നാണ് താരത്തിന്റെ ഈ മികവാര്‍ന്ന പ്രകടനം. അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ അടുത്ത പന്തില്‍ തന്നെ താരം പുറത്താകുമ്പോള്‍ 25 പന്തില്‍ നിന്നാണ് ഡേവിഡ് വാര്‍ണര്‍ തന്റെ 50 റണ്‍സ് നേടിയത്. 10 ബൗണ്ടറിയുള്‍പ്പെടെയായിരുന്നു ഇന്നത്തെ വാര്‍ണറുടെ പ്രകടനം.

സണ്‍റൈസേഴ്സിനായി 2 ശതകങ്ങളും 31 അര്‍ദ്ധ ശതകങ്ങളും താരം നേടിയിട്ടുണ്ട്.

ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിനു ശേഷം തകര്‍ന്ന് ചെന്നൈ ബാറ്റിംഗ് നിര

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഷെയിന്‍ വാട്സണും ഫാഫ് ഡു പ്ലെസിയും നല്‍കിയ മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ടീം നേടിയത്. എംഎസ് ധോണിയില്ലാതെ കളത്തിലിറങ്ങിയ ചെന്നൈ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പന്ത് വ്യത്യാസത്തില്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായതോടെ മത്സരത്തില്‍ സണ്‍റൈസേഴ്സ് പിടി മുറുക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 79 റണ്‍സ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ ശേഷം 10ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഷഹ്ബാസ് നദീം ആണ് ഷെയിന്‍ വാട്സണെ പുറത്താക്കിയത്. 29 പന്തില്‍ നിന്ന് 31 റണ്‍സാണ് താരം നേടിയത്. മൂന്ന് പന്തുകള്‍ക്ക് ശേഷം അടുത്ത ഓവറില്‍ ഫാഫ് ഡു പ്ലെസിയെ പുറത്താക്കി വിജയ് ശങ്കര്‍ മത്സരം ചെന്നൈയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. 31 പന്തില്‍ 45 റണ്‍‍സ് നേടി മൂന്ന് വീതം സിക്സും ഫോറും നേടി ഹൈദ്രാബാദിനു അപകടമായി തീരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വിജയ് ശങ്കര്‍ ഡു പ്ലെസിയെ പുറത്താക്കിയത്.

പിന്നീടുള്ള ഓവറുകളില്‍ സുരേഷ് റെയ്‍നയെയും(13) കേധാര്‍ ജാഥവിനെയും(1) റഷീദ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ഇരുവരും തീരുമാനം റിവ്യൂ ചെയ്തുവെങ്കിലും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല. ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ സാം ബില്ലിംഗ്സ് പൂജ്യത്തിനു പുറത്തായതോടെ ചെന്നൈ 14.4 ഓവറില്‍ 101/5 എന്ന നിലയിലായി.

ആറാം വിക്കറ്റില്‍ 31 റണ്‍സ് നേടിയ റായിഡു-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ടീമിനെ 132 റണ്‍സിലേക്ക് എത്തിച്ചത്. റായിഡു 21 പന്തില്‍ നിന്ന് 25 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 10 റണ്‍സ് നേടി. സണ്‍റൈസേഴ്സിനു വേണ്ടി നാലോവറില്‍ വെറും 17 റണ്‍സ് വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഖലീല്‍ അഹമ്മദ്, ഷഹ്ബാസ് നദീം, വിജയ് ശങ്കര്‍ എന്നിവരാണ് വിക്കറ്റ് നേടിയ മറ്റു ബൗളര്‍മാര്‍.

ധോണിയില്ലാത്ത ചെന്നൈയെ തടയാനാകുമോ സണ്‍റൈസേഴ്സിനു

തുടര്‍ച്ചയായ മൂന്ന് തോല്‍വിയില്‍ നിന്ന് രക്ഷ നേടുവാനുള്ള മോഹവുമായി എത്തുന്ന സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം ഇന്ന് ചെന്നൈയെ സുരേഷ് റെയ്‍നയാണ് നയിക്കുന്നത്. എംഎസ് ധോണിയ്ക്ക് വിശ്രമം നല്‍കുകയായിരുന്നു.

ഇരു ടീമുകളിലും രണ്ട് മാറ്റങ്ങളാണുള്ളത്. ചെന്നൈ നിരയില്‍ സാന്റനറിനും ധോണിയ്ക്കും പകരം കരണ്‍ ശര്‍മ്മയും സാം ബില്ലിംഗ്സും ടീമിലെത്തുമ്പോള്‍ ഹൈദ്രാബാദ് റിക്കി ഭുയി, അഭിഷേക് ശര്‍മ്മ എന്നിവരെ പുറത്തിരുത്തി യൂസഫ് പത്താനെയും ഷഹ്ബാസ് നദീമിനെയും ടീമിലുള്‍പ്പെടുത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയിന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസി, സുരേഷ് റെയ്‍ന, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, സാം ബില്ലിംഗ്സ്, രവീന്ദ്ര ജഡേജ, കരണ്‍ ശര്‍മ്മ, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍

സണ്‍റൈസേഴ്സ്: ഡ‍േവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, കെയിന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, ദീപക് ഹൂഡ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ്മ, ഷഹ്ബാസ് നദീം

ഷാക്കിബ് ലോകകപ്പിനായി സണ്‍റൈേഴ്സ് ക്യാമ്പ് വിടാനൊരുങ്ങുന്നു

ഏപ്രില്‍ 22നു ആരംഭിയ്ക്കുന്ന ലോകകപ്പ് സന്നാഹ ക്യാമ്പില്‍ ഷാക്കിബ് അല്‍ ഹസന്‍ എത്തുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അതിനര്‍ത്ഥം താരം ഉടന്‍ തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസിയായി സണ്‍റൈസേഴ്സില്‍ നിന്ന് ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്. താരത്തിനു ഇത് സംബന്ധിച്ച കത്ത് ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

22നോ 23നോ താരം ക്യാമ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി. ഐപിഎലില്‍ താരത്തിനു അവസരങ്ങള്‍ അത്ര ലഭിച്ചിട്ടില്ലാത്തതിനാല്‍ ഷാക്കിബിന്റെ മടക്കം സണ്‍റൈസേഴ്സിനെ അധികം ബാധിയ്ക്കാനിടയില്ല. ആദ്യ മത്സരത്തില്‍ അവസരം കിട്ടിയ ശേഷം താരത്തിനു പിന്നീട് മത്സരങ്ങളിലൊന്നും തന്നെ കളിയ്ക്കുവാനായിരുന്നില്ല.

പരിശീലന ക്യാമ്പിനു ശേഷം അയര്‍ലണ്ടില്‍ ത്രിരാഷ്ട്ര മത്സരങ്ങള്‍ കളിയ്ക്കാനായി ബംഗ്ലാദേശ് യാത്രയാകും. വിന്‍ഡീസ് ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം. ജൂണ്‍ 2നു കെന്നിംഗ്സ്റ്റണ്‍ ഓവലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നതിനു മുമ്പ് ബംഗ്ലാദേശ് പാക്കിസ്ഥാനും ഇന്ത്യയ്ക്കും എതിരെ സന്നാഹ മത്സരങ്ങളില്‍ കളിയ്ക്കും.

സണ്‍റൈസേഴ്സിന്റെ കോര്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ താന്‍ ഭാഗമല്ല

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കളിക്കാതിരുന്ന സണ്‍റൈസേഴ്സ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ടീമിലേക്ക് തിരികെ എത്തിയെങ്കിലും തന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ടീമിനെ നയിച്ച് ഐപിഎല്‍ റണ്ണേഴ്സ് അപ്പ് ആക്കി മാറ്റിയ കെയിന്‍ വില്യംസണ് തന്നെയാണ് ടീമിനെ ഇപ്പോളും നയിക്കുന്നത്. വില്യംസണ്‍ കളിക്കാത്ത മത്സരങ്ങളില്‍ ടീമിനെ ഭുവനേശ്വര്‍ കുമാര്‍ നയിച്ചു.

മികച്ച ഫോമില്‍ കളിയ്ക്കുന്ന വാര്‍ണര്‍ 400 റണ്‍സുമായി ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണെങ്കിലും അത്രയധികം വിജയങ്ങള്‍ ടീമിനായി നേടിക്കൊടുക്കുവാന്‍ വാര്‍ണര്‍ക്കുമായിട്ടില്ല. വാര്‍ണര്‍-ബൈര്‍സ്റ്റോ കൂട്ടുകെട്ട് തകര്‍ന്നാല്‍ സണ്‍റൈസേഴ്സ് തകരുന്ന കാഴ്ചയാണ് ഈ ടൂര്‍ണ്ണമെന്റിലെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം മത്സരമാണ് സണ്‍റൈസേഴ്സ് തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടത്. 15 റണ്‍സിനു അവസാന 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ടീമിന്റെ തകര്‍ച്ച. മനീഷ് പാണ്ടേയെയും യൂസഫ് പത്താനെയും പുറത്താക്കിയ ടീമിന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് മാനേജ്മെന്റിന്റെ തീരുമാനമാണെന്നും താന്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്ന സംഘത്തിന്റെ ഭാഗമല്ലെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്.

എന്താണ് മാനേജ്മെന്റിനെ അത്തരം തീരുമാനത്തിലേക്ക് എത്തുവാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ല, എന്നാലും അനുഭവസമ്പത്തുള്ള താരങ്ങളെ പുറത്താക്കിയാല്‍ അത് ടീമിനെ ഏറെ ബാധിക്കുമെന്നും വാര്‍ണര്‍ പറഞ്ഞു. പുതുതായി വരുന്ന താരങ്ങള്‍ക്ക് വന്നയുടനെ കളിയ്ക്കുവാനും പാടാണെന്ന് വാര്‍ണര്‍ പറഞ്ഞു.

സണ്‍റൈസേഴ്സിനെ തകര്‍ത്തത് കീമോ പോളിന്റെ സ്പെല്‍, ഒപ്പം ചേര്‍ന്ന് റബാഡയും ക്രിസ് മോറിസും

ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് പുറത്തായ ശേഷം വീണ്ടും തകരുന്ന പതിവ് കാഴ്ചയുമായി സണ്‍റൈസേഴ്സിന്റെ മധ്യനിര. 9.4 ഓവറില്‍ 72/0 എന്ന ശക്തമായ നിലയില്‍ നിന്ന് 44 റണ്‍സ് കൂടി നേടി 18.5 ഓവറില്‍ 116 റണ്‍സിനു സണ്‍റൈസേഴ്സ് ഓള്‍ഔട്ട് ആയപ്പോള്‍ 39 റണ്‍സിന്റെ ജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഡല്‍ഹി ഉയര്‍ന്നു. കീമോ പോള്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കാഗിസോ റബാഡയും ക്രിസ് മോറിസും ചേര്‍ന്ന് നേടുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ നിന്ന് 72 റണ്‍സ് നേടിയ ശേഷം ജോണി ബൈര്‍സ്റ്റോയെ(41) കീമോ പോള്‍ പുറത്താക്കുകയായിരുന്നു. കെയിന്‍ വില്യംസണെ(3) വേഗത്തില്‍ നഷ്ടമായ ശേഷം റിക്കി ഭുയിയുമായി(7) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 23 റണ്‍സ് ചേര്‍ത്തുവെങ്കിലും ഭുയിയെ നഷ്ടമായപ്പോള്‍ സണ്‍റൈസേഴ്സ് 15.2 ഓവറില്‍ 101/3 എന്ന നിലയിലായിരുന്നു. അനായാസം ജയിക്കുമെന്ന നിലയില്‍ നിന്ന് പൊടുന്നനെ നാലോവറില്‍ ജയിക്കുവാന്‍ 52 റണ്‍സെന്ന നിലയിലായി. കീമോ പോള്‍ തന്റെ നാലോവില്‍ 17 റണ്‍സിനാണ് മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയത്.

സണ്‍റൈസേഴ്സിന്റെ പ്രതീക്ഷയായ ഡേവിഡ് വാര്‍ണറെ അടുത്ത ഓവറില്‍ കാഗിസോ റബാഡ പുറത്താക്കിയതോടെ മറ്റൊരു തകര്‍ച്ച കൂടി ഹൈദ്രാബാദിലെ സ്റ്റേഡിയത്തിലെത്തിയ സണ്‍ൈസേഴ്സ് ആരാധകര്‍ സാക്ഷ്യം വഹിച്ചു. 51 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ഓവറിലെ അടുത്ത പന്തില്‍ ശങ്കറിനെയും റബാഡ പുറത്താക്കിയതോടെ സണ്‍റൈസേഴ്സിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

അടുത്ത ഓവറില്‍ ദീപക് ഹൂഡയെയും റഷീദ് ഖാനെയും പുറത്താക്കി ക്രിസ് മോറിസ് അഭിഷേക് ശര്‍മ്മയെ പുറത്താക്കി ഓവറിലെ മൂന്നാം വിക്കറ്റ് നേടി. റബാഡ തന്റെ അവസാന ഓവറില്‍ ശേഷിക്കുന്ന സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാരെക്കുടി പുറത്താക്കിയപ്പോള്‍ ഡല്‍ഹി 39 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

കാഗിസോ റബാഡ 3.5 ഓവറില്‍ 22 റണ്‍സിനു 4 വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് മോറിസ് 3 ഓവറില്‍ 22 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തി. അതേ സമയം ടോപ് ഓര്‍ഡറിലെ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയ കീമോ പോള്‍ തന്റെ മൂന്നോവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടിയില്ലെങ്കിലും അമിത് മിശ്രയും ഇഷാന്ത് ശര്‍മ്മയും മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഇഷാന്ത് 3 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ അമിത് മിശ്ര തന്റെ മൂന്നോവറില്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

മൂന്ന് വിക്കറ്റുമായി ഖലീല്‍ അഹമ്മദ്, ഡല്‍ഹിയെ തളച്ച് സണ്‍റൈസേഴ്സ്

കോളിന്‍ മണ്‍റോയും ശ്രേയസ്സ് അയ്യരും പ്രതീക്ഷയാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 155 റണ്‍സില്‍ തളച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും കോളിന്‍ ഇന്‍ഗ്രാമിനു പകരം ടീമില്‍ അവസരവും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റവും ലഭിച്ച കോളിന്‍ മണ്‍റോയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് സണ്‍റൈസേഴ്സിനെ 20/2ല്‍ നിന്ന് 69/3 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും 24 പന്തില്‍ 40 റണ്‍സുമായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുകയായിരുന്ന കോളിന്‍ മണ്‍റോയെ പുറത്താക്കി അഭിഷേക് ശര്‍മ്മ സണ്‍റൈസേഴ്സിനു മികച്ച ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 56 റണ്‍സ് നേടി ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോളാണ് ശ്രേയസ്സിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടി നല്‍കിയത്. 45 റണ്‍സാണ് ശ്രേയസ്സ് നേടിയത്. അടുത്ത ഓവറില്‍ ഖലീല്‍ വീണ്ടും ബൗളിംഗിലേക്ക് എത്തി പന്തിനെ പുറത്താക്കിയപ്പോള്‍ ഡല്‍ഹി 125/3 എന്ന നിലയില്‍ നിന്ന് 127/5 എന്ന നിലയിലേക്ക് വീണു.

ക്രിസ് മോറിസിനും അധികം ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ റഷീദ് ഖാന്‍ താരത്തെ പുറത്താക്കി. 20 ഓവറില്‍ 155 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. അക്സര്‍ പട്ടേല്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഖലീല്‍ അഹമ്മദ് 3 വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടും അഭിഷേക് ശര്‍മ്മ, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കെയിന്‍ വില്യംസണ്‍ നായകനായി തിരികെ, ഡല്‍ഹിയെ ബാറ്റിംഗിനയയ്ച്ച് ഹൈദ്രാബാദ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിനയയ്ച്ച് ഹൈദ്രാബാദ്. ഇന്ന് കെയിന്‍ വില്യംസണ്‍ തിരികെ നായക സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ടോസ് നേടുവാന്‍ സണ്‍റൈസേഴ്സിനു സാധിച്ചിരുന്നു. മത്സരത്തില്‍ രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി വരുത്തിയിട്ടുള്ളത്. കോളിന്‍ ഇന്‍ഗ്രാമിനു പകരം കോളിന്‍ മണ്‍റോയും രാഹുല്‍ തെവാത്തിയയ്ക്ക് പകരം അമിത് മിശ്രയും ടീമിലേക്ക് എത്തുന്നു.

അതേ സമയം സണ്‍റൈസേഴ്സ് നിരയില്‍ നാല് മാറ്റമാണുള്ളത്. മുഹമ്മദ് നബിയ്ക്ക് പകരം കെയിന്‍ വില്യംസണും സിദ്ധാര്‍ത്ഥ് കൗളിനു പകരം ഖലീല്‍ അഹമ്മദും മനീഷ് പാണ്ടേ, യൂസഫ് പത്താന്‍ എന്നിവര്‍ക്ക് റിക്കി ഭുയിയും അഭിഷേക് ശര്‍മ്മയും ടീമിലേക്ക് എത്തുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, കോളിന്‍ മണ്‍റോ, പൃഥ്വി ഷാ, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ക്രിസ് മോറിസ്, കാഗിസോ റബാഡ, അക്സ്‍ പട്ടേല്‍, കീമോ പോള്‍, ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര

സണ്‍റൈസേഴ്സ്: ഡ‍േവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, കെയിന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, റിക്കി ഭുയി, ദീപക് ഹൂഡ, അഭിഷേക് ശര്‍മ്മ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ്മ

ബൗളര്‍മാരുടെ പ്രകടനത്തില്‍ അഭിമാനം

തന്റെ ബൗളര്‍മാരുടെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ഇത്രയും കടുപ്പമേറിയ സാഹചര്യത്തില്‍ മത്സരം അവസാനം വരെ എത്തിച്ചത് തന്നെയാണ് ഈ തോല്‍വിയിലും ടീമിനു പ്രതീക്ഷയായി മാറിയതെന്ന് പറഞ്ഞ് സണ്‍റൈസേഴ്സ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍. ഇത്രയും മഞ്ഞുവീഴ്ചയ്യുള്ളതിനാല്‍ തന്നെ യോര്‍ക്കറുകളും സ്ലോവര്‍ ബോളുകളും എറിയുക പ്രയാസമായിരുന്നു, എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തെ മറികടന്ന് ഞങ്ങള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്നും താരം കൂട്ടിചേര്‍ത്തു.

ആദ്യ പകുതിയില്‍ ബാറ്റിംഗിനു ദുഷ്കരമായ പിച്ച് രണ്ടാം പകുതിയില്‍ അനായാസമായി മാറുകയും കിംഗ്സ് ഇലവന്‍ പഞ്ചാബ് 9 വിക്കറ്റ് ജയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ നിന്നാണ് സന്ദീപ് ശര്‍മ്മയും സിദ്ധാര്‍ത്ഥ് കൗളും മികച്ച രീതിയില്‍ പന്തെറിഞ്ഞ് അവസാന മൂന്നോവറില്‍ 19 റണ്‍സെന്ന ലക്ഷ്യം അവസാന ഓവറില്‍ പതിനൊന്ന് എന്ന നിലയിലേക്ക് മാറ്റിയത്. എന്നാല്‍ കെഎല്‍ രാഹുല്‍ സമചിത്തതയോടെ കാര്യങ്ങളെ സമീപിച്ച് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

Exit mobile version