പ്രഭ്സിമ്രാന്‍ സിംഗിനു അരങ്ങേറ്റം, ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ നിര്‍ണ്ണായകമായ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് നിരയില്‍ പ്രഭ്സിമ്രാന്‍ സിംഗ് തന്റെ അരങ്ങേറ്റം ഇന്നത്തെ മത്സരത്തില്‍ കുറിയ്ക്കും. ഇന്ന് വാര്‍ണറുടെ അവസാന മത്സരമാണ്, ഇന്നത്തെ മത്സരത്തിനു ശേഷം താരം തിരികെ നാട്ടിലേക്ക് മടങ്ങും.

മൂന്ന് മാറ്റങ്ങളാണ് സണ്‍റൈസേഴ്സ് നിരയിലുള്ളത്. അഭിഷേക് ശര്‍മ്മ, മുഹമ്മദ് നബി, സന്ദീപ് ശര്‍മ്മ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ ദീപക് ഹൂഡ, സിദ്ധാര്‍ത്ഥ് കൗള്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. പ്രഭ്സിമ്രാന്‍ സിംഗിന്റെ അരങ്ങേറ്റത്തിനപ്പം മുജീബ് ഉര്‍ റഹ്മാന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ടേ, വിജയ് ശങ്കര്‍, മുഹമ്മദ് നബി, വൃദ്ധിമന്‍ സാഹ, അഭിഷേക് ശര്‍മ്മ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ്മ

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, ഡേവിഡ് മില്ലര്‍, നിക്കോളസ് പൂരന്‍, പ്രഭ്സിമ്രാന്‍ സിംഗ്, രവിചന്ദ്രന്‍ അശ്വിന്‍, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, മുജീബ് ഉര്‍ റഹ്മാന്‍

തുടര്‍ച്ചയായ ആറാം അര്‍ദ്ധ ശതകം നേടാനാകാതെ ഡേവിഡ് വാര്‍ണര്‍, വില്ലനായത് സ്റ്റീവന്‍ സ്മിത്ത്

ഐപിഎലില്‍ തുടര്‍ച്ചയായ ആറാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടാമെന്ന ഡേവിഡ് വാര്‍ണറുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത് കൂട്ടുകാരന്‍ സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ അവിസ്മരണീയമായ ക്യാച്ച്. ഒഷെയ്ന്‍ തോമസ് എറിഞ്ഞ 13ാം ഓവറിന്റെ ആദ്യ പന്തില്‍ സ്മിത്തിനെ മിഡ് ഓഫില്‍ നിന്ന് ഓടി ഫുള്‍-സ്ട്രെച്ച് ഡൈവ് ചെയ്ത് സ്മിത്ത് പിടിച്ച് പുറത്താകുമ്പോള്‍ താരത്തിന്റെ തുടര്‍ച്ചയായ ആറാം അര്‍ദ്ധ ശതകമെന്ന മോഹത്തിനാണ് തടയിട്ടത്.

32 പന്തില്‍ നിന്ന് 37 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. വാര്‍ണര്‍ പുറത്താകുമ്പോള്‍ സണ്‍റൈസേഴ്സ് സ്കോര്‍ 103 റണ്‍സായിരുന്നു. പിന്നീട് ബാറ്റ്സ്മാന്മാര്‍ തുടരെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞപ്പോള്‍ ടീമിനു 20 ഓവറില്‍ നിന്ന് 160 റണ്‍സ് മാത്രമേ നേടാനായുള്ളു.

സ്വപ്ന തുടക്കം നല്‍കി ലിയാം-രഹാനെ കൂട്ടുകെട്ട്, വിജയം ഉറപ്പാക്കി സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിനു സണ്‍റൈസേഴ്സ് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം 5 പന്തുകള്‍ അവശേഷിക്കെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ആതിഥേയര്‍. തങ്ങളുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ പരീക്ഷിച്ചാണ് രാജസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയത്. അജിങ്ക്യ രഹാനെയ്ക്കൊപ്പം ബാറ്റ് ചെയ്യാനെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ മെല്ലെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സണ്‍റൈസേഴ്സ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് പ്രഹരിക്കുന്നതാണ് കണ്ടത്.

റഷീദ് ഖാന്റെ ഓവറില്‍ ലിവിംഗ്സ്റ്റണ്‍ 26 പന്തില്‍ 44 റണ്‍സ് നേടി വിക്കറ്റിനു പിന്നില്‍ സാഹ പിടിച്ച് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 9.1 ഓവറില്‍ 78 റണ്‍സാണ് നേടിയത്. എന്നാല്‍ ഏതാനും ഓവറുകള്‍ക്ക് ശേഷം അജിങ്ക്യ രഹാനെയെയും(39) ടീമിനു നഷ്ടമായതോടെ കാര്യങ്ങള്‍ പഴയത് പോലെ കടുപ്പമേറിയതാകുമെന്ന പ്രതീതി കൊണ്ടുവന്നു. ഷാക്കിബിനാണ് രഹാനെയുടെ വിക്കറ്റ്.

സഞ്ജുവും സ്മിത്തും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ രാജസ്ഥാനെ വിജയത്തിനടുത്തേക്ക് കൂടുതല്‍ അടുപ്പിയ്ക്കുകയായിരുന്നു. ഇടയ്ക്ക് വ്യക്തിഗത സ്കോര്‍ 30ല്‍ നില്‍ക്കെ സഞ്ജു നല്‍കിയ ക്യാച്ച് റഷീദ് ഖാന്‍ കൈവിട്ടതോടെ മത്സരത്തിലേക്ക് തിരിച്ചുവരുവാനുള്ള സണ്‍റൈസേഴ്സിന്റെ അവസരം ടീം കൈവിടുകയായിരുന്നു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ എട്ട് വിക്കറ്റ് കൈവശമുള്ള രാജസ്ഥാന് ജയത്തിനായി നേടേണ്ടിയിരുന്നത് 29 റണ്‍സ് മാത്രമായിരുന്നു.

തുടര്‍ന്ന് 30 പന്തില്‍ നിന്ന് തങ്ങളുടെ 50 റണ്‍സ് കൂട്ടുകെട്ട് നേടിയ സഞ്ജു-സ്മിത്ത് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സിനെ മുന്നോട്ട് നയിച്ചു. തന്റെ സ്പെല്ലിലെ അവസാന പന്തിലാണ് സ്മിത്തിനെ ഖലീല്‍ പുറത്താക്കിയത്. 16 പന്തില്‍ നിന്ന് സ്മിത്ത് 22 റണ്‍സാണ് നേടിയത്. സ്മിത്ത് പുറത്താകുമ്പോള്‍ വിജയത്തിനായി മൂന്നോവറില്‍ നിന്ന് 13 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.  55 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സഞ്ജു-സ്മിത്ത് കൂട്ടുകെട്ട് നേടിയത്.

സഞ്ജുവിനും ആഷ്ടണ്‍ ടര്‍ണറിനു വലിയ ഷോട്ടുകള്‍ പിന്നീടുള്ള രണ്ടോവറില്‍ നേടുവാന്‍ സാധിക്കാതെ പോയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 4 റണ്‍സായി. ഇന്നിംഗ്സിലെ 18, 19 ഓവറില്‍ വെറും 9 റണ്‍സാണ് രാജസ്ഥാന് സണ്‍റൈസേഴ്സ് വിട്ട് നല്‍കിയത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ഷാക്കിബിനെ ബൗണ്ടറി കടത്തി സഞ്ജു വിജയം രാജസ്ഥാന് നേടിക്കൊടുത്തു.

32 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു.

 

വാര്‍ണര്‍-മനീഷ് പാണ്ടേ കൂട്ടുകെട്ടിനെ തകര്‍ത്ത ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ പുറത്തായ ശേഷം മധ്യ നിര തകരുന്ന പതിവു പല്ലവിയുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനു നേടാനായത് 160/8 റണ്‍സ്. ഓപ്പണറായി ടീമിലേക്ക് തിരികെ എത്തിയ കെയിന്‍ വില്യംസണ് തുടക്കത്തില്‍ തന്നെ 13 റണ്‍സിനു നഷ്ടമായ ശേഷം ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും കൂടി രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ 12.1 ഓവറില്‍ 103 റണ്‍സ് വരെ എത്തിച്ചുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലേക്ക് തിരികെ വന്നത്.

37 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ സ്റ്റീവന്‍ സ്മിത്ത് തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ഒഷെയ്‍ന്‍ തോമസ് തന്റെ ആദ്യ വിക്കറ്റ് നേടി. ഏറെ വൈകാതെ മനീഷ് പാണ്ടേയെ ശ്രേയസ്സ് ഗോപാല്‍ പുറത്താക്കുകയായിരുന്നു. മികച്ചൊരു സ്റ്റംപിംഗ് സഞ്ജു പുറത്തെടുത്തുവെങ്കിലും അതിനു മുമ്പ് തന്നെ മനീഷ് പന്ത് എഡ്ജ് ചെയ്തിരുന്നു. 36 പന്തില്‍ നിന്ന് 9 ബൗണ്ടറി സഹിതം 61 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്.

103/1 എന്ന നിലയില്‍ നിന്ന് സണ്‍റൈസേഴ്സ് പൊടുന്നനെ 127/5 എന്ന നിലയിലേക്ക് തകരുകയായിരുന്നു. ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ ഇതിലും ചെറിയ സ്കോറിനു സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടുവാന്‍ രാജസ്ഥാന് ആകുമായിരുന്നു. അവസാന ഓവറില്‍ റഷീദ് ഖാന്‍ നേടിയ ഒരു ബൗണ്ടറിയും സിക്സും സഹിതമാണ് സണ്‍റൈസേഴ്സ് 160 റണ്‍സിലേക്ക് എത്തിയത്.

രാജസ്ഥാന് വേണ്ടി വരുണ്‍ ആരോണ്‍, ഒഷെയ്‍ന്‍ തോമസ്, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട് എന്നിവര്‍ രണ്ട് വീതം നേടി.

നിര്‍ണ്ണായക പോരാട്ടം, രാജസ്ഥാന് അതിജീവനത്തിന്റെ, സണ്‍റൈസേഴ്സിനു പ്ലേ ഓഫ് സ്വപ്നങ്ങളുടെ

രാജസ്ഥാന്‍ റോയല്‍സിനും സണ്‍റൈസേഴ്സ് ഹൈദ്രാബാദിനും ഇന്നത്തെ പോരാട്ടം ഏറെ നിര്‍ണ്ണായകമാണ്. രാജസ്ഥാന് തങ്ങളുടെ നേരിയ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുവാന്‍ ഇന്നത്തെ ജയം അനിവാര്യമാണെങ്കില്‍ പ്ലേ ഓഫിനു യോഗ്യത നേടുവാന്‍ കൂടുതല്‍ സാധ്യതയുള്ള സണ്‍റൈസേഴ്സിനും ഇന്നത്തെ ജയം മത്സരം ഏറെ നിര്‍ണ്ണായകമാണ്.

മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ സേവനം നഷ്ടമാകുന്നുണ്ടെങ്കിലും അത് കൂടുതല്‍ അലട്ടുക രാജസ്ഥാന്‍ റോയല്‍സിനെയാണ്. രണ്ട് മാറ്റങ്ങളാണ് രാജസ്ഥാന്‍ നിരയിലുള്ളത്. രാജസ്ഥാനു വേണ്ടി ലിയാം ലിവിംഗ്സ്റ്റണും ആഷ്ടണ്‍ ടര്‍ണറും ടീമിലേക്ക് എത്തുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കും ബെന്‍ സ്റ്റോക്സിനും പകരമാണ് ഇരുവരും എത്തുന്നത്. അതേ സമയം കെയിന്‍ വില്യംസണ്‍ സണ്‍റൈസേഴ്സിനു വേണ്ടി ടീമിലേക്ക് എത്തുന്നു.

ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ടേ, വിജയ് ശങ്കര്‍, ഷാകിബ് അല്‍ ഹസന്‍, വൃദ്ധിമന്‍ സാഹ, ദീപക് ഹൂഡ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹമ്മദ്

രാജസ്ഥാന്‍ റോയല്‍സ്: അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, റിയാന്‍ പരാഗ്, ആഷ്ടണ്‍ ടര്‍ണര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, സ്റ്റുവര്‍ട് ബിന്നി, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട്, വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്

വാട്സണ്‍ നെരുപ്പുഡാ!!! ചെന്നൈയുടെ വിജയമൊരുക്കി ഓപ്പണിംഗ് ബാറ്റ്സ്മാന്‍

വിജയത്തിനായി 176 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ജയത്തിലേക്ക് നയിച്ച് ഷെയിന്‍ വാട്സണ്‍. സണ്‍റൈസേഴ്സ് ബൗളര്‍മാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാട്സണ്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ തങ്ങളുടെ 6 വിക്കറ്റ് ജയം സ്വന്തമാക്കിയത്. തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ താരത്തിനു സാധിച്ചില്ലെങ്കിലും വാട്സണ്‍ പുറത്താകുമ്പോള്‍ ചെന്നൈയുടെ ലക്ഷ്യം 16 റണ്‍സ് അകലെ മാത്രമായിരുന്നു.  മികച്ചൊരു ക്യാച്ചിലൂടെ വാട്സണെ ജോണി ബൈര്‍സ്റ്റോ പിടിച്ച് പുറത്താക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ് ലഭിച്ചത്.

53 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയ വാട്സണൊപ്പം 38 റണ്‍സ് നേടിയ സുരേഷ് റെയ്‍ന നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 9 ബൗണ്ടറിയും ആറ് സിക്സുമാണ് വാട്സണ്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. വാട്സണ്‍ പുറത്തായെങ്കിലും അമ്പാട്ടി റായിഡുവും(21) കേധാര്‍ ജാഥവും(11*) ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

അവസാന ഓവറില്‍ 9 റണ്‍സ് വേണ്ട സ്ഥിതിയില്‍ കേധാര്‍ ജാഥവ് നേടിയ സിക്സ് ഏറെ നിര്‍ണ്ണായകമാകുകയായിരുന്നു. അതിനു ശേഷം അമ്പാട്ടി റായിഡു പുറത്തായെങ്കിലും ജയം പിടിച്ചെടുക്കുവാന്‍ ഒരു പന്ത് അവശേഷിക്കെ ചെന്നൈയ്ക്കായി.

ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി മനീഷ് പാണ്ടേ, വാര്‍ണറിനും അര്‍ദ്ധ ശതകം

ഐപിഎല്‍ 2019 സീസണില്‍ മോശം ഫോമില്‍ ബാറ്റ് വീശുകയും ടീമിലെ സ്ഥാനം നഷ്ടപ്പെടുന്ന ഘട്ടം വരെയെത്തിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി മനീഷ് പാണ്ടേ. ടീമിലേക്ക് തിരികെ എത്തി വണ്‍ ഡൗണായി ബാറ്റിംഗിനെത്തിയ മനീഷ് പാണ്ടേയുടെയും വാര്‍ണറുയെടും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് 175 റണ്‍സാണ് 20 ഓവറില്‍ നിന്ന് നേടിയത്. 3 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ പൂജ്യത്തിനു നഷ്ടമാകുമ്പോള്‍ വെറും 5 റണ്‍സാണ് സണ്‍റൈസേഴ്സ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും ചേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കണ്ടത്. ഓവറുകളിലെല്ലാം ബൗണ്ടറിയോ സിക്സോ നേടി മനീഷും വാര്‍ണറും കുതിയ്ക്കുമ്പോളും കൂടുതല്‍ അപകടകരമായ ബാറ്റിംഗ് പുറത്തെടുത്തത് മനീഷ് പാണ്ടേയായിരുന്നു.

വാര്‍ണര്‍ക്ക് മുന്നെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം മനീഷ് പാണ്ടേ ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടയില്‍ ഡേവിഡ് വാര്‍ണറെ മികച്ചൊരു സ്റ്റംപിംഗിലൂടെ ധോണി പുറത്താക്കി. ഹര്‍ഭജന്‍ സിംഗിനായിരുന്നു രണ്ട് വിക്കറ്റും ലഭിച്ചത്. വാര്‍ണര്‍ പുറത്താകുമ്പോള്‍ 13.3 ഓവറില്‍ 120 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടിയത്. രണ്ടാം വിക്കറ്റില്‍ 115 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍-മനീഷ് പാണ്ടേ കൂട്ടുകെട്ട് നേടിയത്.

വാര്‍ണര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ വിജയ് ശങ്കറും റണ്‍സ് കണ്ടെത്തിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ സണ്‍റൈസേഴ്സ് 47 റണ്‍സ് നേടി.  26 റണ്‍സ് നേടിയ വിജയ് ശങ്കറുടെ വിക്കറ്റ് ദീപക് ചഹാറിനാണ് ലഭിച്ചത്. 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 175 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്.

49 പന്തില്‍ പുറത്താകാതെ നിന്ന മനീഷ് പാണ്ടേയാണ് ടീമിന്റെ നെടുംതൂണായത്. 7 ഫോറും 3 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ മനീഷ് പാണ്ടേ നേടിയത്.

ടോസ് നേടി ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തു, കെയിന്‍ വില്യംസണ്‍ ഇല്ലാതെ സണ്‍റൈസേഴ്സ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കെയിന്‍ വില്യംസണിനു പകരം സണ്‍റൈസേഴ്സിനെ ഭുവനേശ്വര്‍ കുമാര്‍ ആണ് നയിക്കുന്നത്. ചെന്നൈ നിരയില്‍ ഒരു മാറ്റമാണുള്ളത്. ഹര്‍ഭജന്‍ സിംഗ് ശര്‍ദ്ധുല്‍ താക്കൂറിനു പകരം ടീമിലേക്ക് എത്തുമ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി മനീഷ് പാണ്ടേ ഷഹ്ബാസ് നദീമിനു പകരം ടീമിലേക്ക് എത്തുന്നു. കെയിന്‍ വില്യംസണിനു പകരം ഷാക്കിബ് അല്‍ ഹസനും ടീമിലേക്ക് എത്തി സണ്‍റൈസേഴ്സ് നിരയ്ക്ക് കരുത്തേകുന്നു.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, മനീഷ് പാണ്ടേ, വിജയ് ശങ്കര്‍, ഷാക്കിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, ദീപക് ഹൂഡ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, ഖലീല്‍ അഹമ്മദ്

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയിന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസി, സുരേഷ് റെയ്‍ന, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍

ഹൈദരാബാദിന് കനത്ത തിരിച്ചടി, ചെന്നൈക്കെതിരെ വില്യംസൺ ഇല്ല

പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാൻ ഒരുങ്ങുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കളിക്കില്ല. വില്യംസണിന്റെ അഭാവത്തിൽ ഫാസ്റ്റ് ബൗളർ ബുവനേശ്വർ കുമാർ ഹൈദരാബാദിനെ നയിക്കും. കെയ്ൻ വില്യംസൺ പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ അഞ്ചു മത്സരങ്ങളിൽ ബുവനേശ്വർ കുമാർ ആയിരുന്നു ഹൈദരാബാദിനെ നയിച്ചത്.

വില്യംസണിന്റെ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് താരത്തിന് ഇന്നത്തെ മത്സരം നഷ്ടമാവുക. അടുത്ത ശനിയാഴ്ച നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് താരം തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങൾ തുടർച്ചയായി ജയിച്ച ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

ബംഗ്ലാദേശ് ക്യാമ്പ് വേണ്ട ഐപിഎല്‍ മതിയെന്ന് തീരൂമാനിച്ച് ഷാക്കിബ് അല്‍ ഹസന്‍

ബംഗ്ലാദേശ് ക്യാമ്പില്‍ താരത്തിനോട് എത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെങ്കിലും താരം ഐപിഎലില്‍ തന്നെ തുടരുവാന്‍ തീരുമാനിക്കുകയും ബോര്‍ഡ് താരത്തിനു അതിനുള്ള അനുമതി നല്‍കുകയും ചെയ്തുവെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍. ഏപ്രില്‍ 22നു ദേശീയ ടീമിന്റെ സന്നാഹ ക്യാമ്പില്‍ താരം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ടീമില്‍ താരത്തിനു സ്ഥാനം ലഭിയ്ക്കാത്തതിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഉടന്‍ മടങ്ങുമെന്നതിനാല്‍ വീണ്ടും ഷാക്കിബിനു അവസരം ലഭിച്ചേക്കുമെന്നതിനാല്‍ താരം ടീമിനൊപ്പം തുടരുവാന്‍ തീരുമാനിക്കുകയായിരുന്നു.

ജോണി ബൈര്‍സ്റ്റോ തിരികെ പോകുന്നതിനാല്‍ ഈ അവസരം താരം വിനിയോഗിക്കുവാന്‍ ശ്രമിക്കുകയാണെന്നാണ് അറിയുന്നത്. താരം തങ്ങളോട് ഹൈദ്രാബാദ് ടീമില്‍ ചില താരങ്ങള്‍ മടങ്ങിയതിനാല്‍ അവസരം ലഭിയ്ക്കുമെന്നും അതിനാല്‍ ഐപിഎലില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കൊടുംകാറ്റായി വാർണറും ബാരിസ്റ്റോയും, കൊൽക്കത്തയെ തച്ചുടച്ച് ഹൈദരാബാദ്

ഹൈദരാബാദിന് വേണ്ടി വാർണറും ബാരിസ്റ്റോയും കൊടുംകാറ്റായപ്പോൾ കൊൽക്കത്തക്ക് നാണംകെട്ട തോൽവി. 9 വിക്കറ്റിനാണ് കൊൽക്കത്തയെ ഹൈദരാബാദ് നാണം കെടുത്തിയത്. കൊൽക്കത്ത പടുത്തുയർത്തിയ 160 എന്ന ലക്‌ഷ്യം ഹൈദരാബാദ് അനായാസം മറികടക്കുകയായിരുന്നു.

ഓപ്പണിങ് കൂട്ടുകെട്ടിൽ 131 റൺസ് പടുത്തുയർത്തിയ വാർണർ – ബാരിസ്റ്റോ സഖ്യമാണ് ഹൈദരാബാദിന്റെ വിജയം അനായാസമാക്കിയത്. 67 റൺസ് എടുത്ത വാർണർ പ്രിത്വി രാജിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും  പുറത്താവാതെ 43 പന്തിൽ 80 റൺസ് എടുത്ത ബാരിസ്റ്റോയും 8 റൺസ് എടുത്ത വില്യംസണും കൊൽക്കത്തയുടെ തോൽവി ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ട്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത കൊൽക്കത്ത 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുത്തത്. ലിന്നും നരേനും ചേർന്ന് മികച്ച തുടക്കം നൽകിയിട്ടും അത് മുതലാക്കാനാവാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. ലിൻ 51 റൺസും നരേൻ 8 പന്തിൽ നിന്ന് 25 റൺസും നേടി. വാലറ്റത്ത് റിങ്കു സിംഗിന്റെ 30 റൺസാണ് കൊൽക്കത്ത സ്കോർ 160 കടത്തിയത്.

സ്ഫോടനാത്മക തുടക്കത്തിന് ശേഷം തകർന്ന് കൊൽക്കത്ത

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പൊരുതാവുന്ന സ്കോർ. ലിന്നിന്റെ അർദ്ധ സെഞ്ചുറിയുടെ പിൻബലത്തിൽ കൊൽക്കത്ത 6 നഷ്ടത്തിൽ 159 റൺസ് എടുത്തു. ലിന്നും സുനിൽ നരേനും കൂടി കൊൽക്കത്തയ്ക്ക് സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. 8 പന്തിൽ 25 വാരിക്കൂട്ടിയ നരേൻ മൂന്നാം ഓവറിൽ പുറത്താവുമ്പോൾ കൊൽക്കത്തയുടെ സ്കോർ 42 റൺസിൽ എത്തിയിരുന്നു.

എന്നാൽ തുടർന്ന് വന്ന ആർക്കും ലിന്നിനു പിന്തുണ നൽകാനാവാതെ പോയതോടെ സൺറൈസേഴ്‌സ് ബൗളർമാർ മേൽക്കോഴ്മ നേടുകയായിരുന്നു. അവസാന ഓവറുകളിൽ 25 പന്തിൽ 30 റൺസ് എടുത്ത റിങ്കു സിങ് മാത്രമാണ് കൊൽക്കത്ത നിരയിൽ പിടിച്ചു നിന്നത്. ലിൻ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടയിൽ 51 റൺസ് എടുത്ത്പുറത്തായി. ഒന്നിന് പിറകെ ഒന്നായി വിക്കറ്റ് നഷ്ടപ്പെട്ടതോടെ മികച്ച സ്കോർ കണ്ടെത്തുന്നതിൽ കൊൽക്കത്ത പരാജയപ്പെടുകയായിരുന്നു. അവസാന ഓവറുകളിൽ 9 പന്തിൽ 15 റൺസ് നടത്തി റസ്സൽ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും കൊൽക്കത്തയുടെ ഇന്നിംഗ്സ് 159 റൺസിൽ അവസാനിക്കുകയായിരുന്നു.  സൺറൈസേഴ്സിന് വേണ്ടി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റും വീഴ്ത്തി.

Exit mobile version