തന്റെ അരങ്ങേറ്റ സമയത്തെ ശരീര ഭാരത്തിലേക്ക് താന്‍ എത്തി, ലോക്ക്ഡൗണ്‍ വിശേഷം പങ്കുവെച്ച് സുനില്‍ ഗവാസ്കര്‍

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ലോക്ക്ഡൗണിന് വിധേയനാക്കിയിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും ഒഴികെ ആരും തന്നെ ആവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുള്ളപ്പോള്‍ കായിക താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം തന്നെ വീട്ടില്‍ ഇരിക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലത്തെ അനുഭവം പങ്കുവെച്ച സുനില്‍ ഗവാസ്കര്‍ പറയുന്നത് തന്റെ ശരീരഭാരം ഇപ്പോള്‍ എത്തിയിരിക്കുന്നത് താന്‍ ഇന്ത്യയ്ക്കായി തന്റെ അരങ്ങേറ്റ പരമ്പര നടത്തിയപ്പോളുള്ളതിന് തുല്യമാണെന്നാണ്. നരച്ച താടിയോട് കൂടിയാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനില്‍ ഗവാസ്കര്‍ എത്തിയത്.

വൈകുന്നേരങ്ങളില്‍ ടെറസ്സില്‍ നടക്കുവാന്‍ പോകുന്നുണ്ടെന്നും കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നുണ്ടെന്നുമാണ് സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്. തന്റെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍ പറ്റിയ അവസരമാണിത് എന്നും കുടുംബത്തിലെ എല്ലാവരും കൂടെയുണ്ടായിരുന്നുവെങ്കില്‍ കൂടുതല്‍ സന്തോഷം ആയേനെ എന്നും ഗവാസ്കര്‍ പറഞ്ഞു.

താനിപ്പോള്‍ വൈകിയാണ് എഴുന്നേല്‍ക്കുന്നതെന്നും തന്റെ വീട്ടിലെ വളര്‍ത്ത് മൃഗങ്ങളുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. സത്യത്തില്‍ വീട്ടില്‍ താമസിക്കുവാന്‍ കൂടുതല്‍ സമയം കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ഓസ്ട്രേലിയയിലെ യാത്ര വിലക്ക്, ഇന്ത്യയില്‍ ടി0 ലോകകപ്പ് നടത്താന്‍ കഴിയുന്നതാണെന്ന് സുനില്‍ ഗവാസ്കര്‍

കോവിഡ് 19 മൂലം ഓസ്ട്രേലിയ തങ്ങളുടെ അതിര്‍ത്തി സെപ്റ്റംബര്‍ 30 വരെ അടച്ചിടുകയും യാത്ര വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് നടത്തിപ്പ് ആശങ്കയിലായിരിക്കുകയാണ്. എന്നാല്‍ ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള അവകാശം നല്‍കണമെന്നാണ് സുനില്‍ ഗവാസ്കര്‍ നിര്‍ദ്ദേശിച്ചത്.

ഐപിഎല്‍ 2020 സെപ്റ്റംബറില്‍ നടത്തുകയാണെങ്കില്‍ ലോകകപ്പിന് മുമ്പ് വിദേശ താരങ്ങള്‍ക്കും വേണ്ടത്ര മത്സര പരിചയം കിട്ടുമെന്നും ലോകകപ്പും ഐപിഎല്‍ ടൂര്‍ണ്ണമെന്റും ഇന്ത്യയിലാണെങ്കില്‍ ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഗവാസ്കര്‍ വ്യക്തമാക്കി. നിലവില്‍ ഓസ്ട്രേലിയ വിദേശിയരെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നില്ല അപ്പോള്‍ ലോകകപ്പ് നടത്തുക അസാധ്യമാകുവാനുള്ള സാധ്യതയുണ്ട്, അതിനാല്‍ തന്നെ ഒക്ടോബറില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ പ്രയാസകരമാകും.

അതെ സമയം അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയിലാണെന്നതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ടൂര്‍ണ്ണമെന്റുകള്‍ പരസ്പരം മാറ്റാവുന്നതാണെന്ന് ഗവാസ്കര്‍ വ്യക്തമാക്കി. ഈ ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് ഇന്ത്യയും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടത്തേണ്ട ടൂര്‍ണ്ണമെന്റ് ഓസ്ട്രേലിയയ്ക്കും കൈമാറിയാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഗവാസ്കര്‍ സൂചിപ്പിച്ചു.

എന്നാല്‍ ഇതിന് ആദ്യം ആവശ്യമായത് യുഎഇയില്‍ സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യ കപ്പ് മാറ്റുക എന്നതാണെന്ന് സുനില്‍ പറഞ്ഞു. ആ ടൂര്‍ണ്ണമെന്റും നടത്താനാകുമോ എന്ന സംശയത്തിലായതിനാല്‍ തന്നെ ഏഷ്യ കപ്പ് ഡിസംബറിലേക്ക് മാറ്റാവുന്നതാണെന്നും സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബറില്‍ യുഎഇയില്‍ ഉയര്‍ന്ന താപനിലയാണെന്നതും കൂടി കണക്കിലാക്കുമ്പോള്‍ ടൂര്‍ണ്ണമെന്റ് ഡിസംബറിലേക്ക് മാറ്റാവുന്നതാണെന്ന് ഗവാസ്കര്‍ വ്യക്തമാക്കി.

അക്തറിന്റെ നര്‍മ്മ ബോധം കൊള്ളാം – സുനില്‍ ഗവാസ്കര്‍

ഷൊയ്ബ് അക്തര്‍ തനിക്ക് തന്ന ട്വിറ്ററിലെ മറുപടി കണ്ട് അദ്ദേഹത്തിന് നര്‍മ്മ ബോധമുണ്ടെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്കര്‍. ഷൊയ്ബ് അക്തറിന്റെ കോവിഡ് പ്രതിരോധത്തിന് വേണ്ടി ഇന്ത്യ – പാക് പരമ്പര എന്ന ആശയത്തെ നേരത്തെ സുനില്‍ ഗവാസ്കര്‍ തള്ളിയിരുന്നു.

ഇന്ത്യ പാക് പരമ്പരയെക്കാള്‍ കൂടുതല്‍ സാധ്യത ലാഹോറില്‍ മഞ്ഞ് പെയ്യുന്നതിനാണ് സാധ്യത എന്നാണ് സുനില്‍ ഗവാസ്കര്‍ അക്തറിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ അതിനുള്ള മറുപടിയുമായി അക്തര്‍ എത്തിയിട്ടുണ്ട്.

സണ്ണി ഭായ്, കഴിഞ്ഞ വര്‍ഷം ലാഹോറില്‍ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു, അപ്പോള്‍ ഒന്നും അസാധ്യമല്ല എന്നാണ് അക്തര്‍ ട്വിറ്ററില്‍ മറുപടി നല്‍കിയത്. ഈ ട്വീറ്റ് വായിച്ച ശേഷം മിഡ്-ഡേ എന്ന പത്രത്തില്‍ തന്റെ കോളത്തിലാണ് നല്ല നര്‍മ്മബോധമുള്ളയാളാണ് അക്തറെന്ന് താരം വ്യക്തമാക്കി.

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് വമ്പൻ സഹായവുമായി സുനിൽ ഗാവസ്‌കർ

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് വലിയ സഹായവുമായി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗാവസ്‌കർ. 59 ലക്ഷം രൂപയാണ് ഗാവസ്‌കർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. ഇതിൽ 35 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും 24 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സംഭാവനയായി നൽകിയത്.

സുനിൽ ഗാവസ്‌കർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ വിവരം മുൻ മുംബൈ താരം അമുൽ മുജ്ഉംദർ ആണ് പുറത്തുവിട്ടത്. ഇന്ത്യക്ക് വേണ്ടി 35 സെഞ്ചുറികളും മുംബൈക്ക് വേണ്ടി 24 സെഞ്ചുറികളും ഗാവസ്‌കർ നേടിയിട്ടുണ്ട്. ഇതിന് അനുപാതികമായിട്ടാണ് ഗാവസ്‌കർ സംഭാവന നൽകിയത്. സുനിൽ ഗവാസ്കറിനെ കൂടാതെ ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ പൂജാരയും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് സംഭാവന നൽകിയിരുന്നു. എന്നാൽ എത്ര തുകയാണ് നൽകിയതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

ലോകകപ്പ് കിരീടം നേടാൻ ഇന്ത്യ ഫീൽഡിങ് മെച്ചപ്പെടുത്തണമെന്ന് സുനിൽ ഗാവസ്‌കർ

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 കിരീടം ഇന്ത്യ നേടണമെങ്കിൽ ഇന്ത്യയുടെ ഫീൽഡിങ് ഇനിയും മെച്ചപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഫീൽഡിങ് ഒരു പ്രധാന ഘടകമാണെന്നും ഫീൽഡിങ്ങിൽ റൺസ് സേവ് ചെയ്യുമ്പോൾ എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ കഴിയുമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.

അതെ സമയം ആദ്യം ബാറ്റ് ചെയ്ത് എതിർ ടീമിനെ പ്രതിരോധിക്കുന്നതിൽ ഇന്ത്യ മാത്രമല്ല മറ്റു ടീമുകളും മികച്ചതല്ലെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ 200ന് മുകളിൽ വെസ്റ്റിൻഡീസ് നേടിയിട്ടും പരാജയപ്പെട്ടത് സുനിൽ ഗാവസ്‌കർ ഓർമിപ്പിച്ചു. രണ്ടാമത് ബൗൾ ചെയ്യുമ്പോൾ മഞ്ഞ് കാരണം ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനുമുള്ള ബുദ്ധിമുട്ടും സുനിൽ ഗാവസ്‌കർ എടുത്തുപറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ട് ടി20യിൽ മോശം ഫീൽഡിങ്ങിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾ വിമർശനങ്ങൾക്ക് വിധേയരായിരുന്നു. മത്സരം ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ചിരുന്നു. മോശം ഫീൽഡിങ് ആണെങ്കിൽ എത്ര റൺസ് എടുത്തിട്ടും കാര്യമില്ലെന്നാണ് വിരാട് കോഹ്‌ലി പറഞ്ഞത്.

ലോകകപ്പ് ജയിക്കണമെങ്കിൽ ഇന്ത്യൻ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്ന് ഗവാസ്‌കർ

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് ജയിക്കണമെങ്കിൽ ഇന്ത്യ ഇനിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. അടുത്ത ലോകകപ്പിന് മുൻപ് വലിയ മത്സരങ്ങൾ ജയിച്ച് ഇന്ത്യ റാങ്കിങ് ഉയർത്തിയില്ലെങ്കിൽ ഇന്ത്യക്ക് കിരീടം നേടാനാവില്ലെന്ന് ഗാവസ്കർ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 7 വിക്കറ്റിന് തോറ്റിരുന്നു. തുടർന്നാണ് സുനിൽ ഗവാസ്കറിന്റെ പ്രതികരണം. ഐ.സി.സി ടി20 റാങ്കിങ്ങിൽ ഇന്ത്യ നിലവിൽ അഞ്ചാം സ്ഥാനത്ത് ആണെന്നും രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തണമെങ്കിൽ ഇന്ത്യ വലിയ മത്സരങ്ങൾ ജയിക്കണമെന്നും ഗാവസ്‌കർ പറഞ്ഞു. അല്ലാത്ത പക്ഷം അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു.

ബംഗ്ളദേശിനോടേറ്റ പരാജയത്തിൽ നിന്ന് ഇന്ത്യൻ പാഠം ഉൾക്കൊള്ളണമെന്നും ഇന്ത്യയുടെ ഇന്നിങ്സിൽ 55 ഡോട്ട് ബോളുകൾ ഉള്ളത് നല്ലതല്ലെന്നും ഗാവസ്‌കർ പറഞ്ഞു. അടുത്ത 1-2മത്സരങ്ങളിൽ ശിഖർ ധവാൻ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ താരത്തിനെതിരെ ചോദ്യങ്ങൾ ഉയരുമെന്നും ഗാവസ്‌കർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കി രോഹിത് ശര്‍മ്മ. ഇന്ന് തന്റെ ഇരട്ട ശതകത്തിന് തൊട്ടടുത്തെത്തി 199 റണ്‍സില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ്മ ഇതുവരെ പരമ്പരയില്‍ മൂന്ന് ശതകം ഉള്‍പ്പെടെയാണ് റണ്‍സ് വാരിക്കൂട്ടിയിരിക്കുന്നത്. 1996/97 സീസണില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 388 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിന്റെ പ്രകടനം.

വിനൂ മങ്കഡ്, ബുധി കുന്ദേരന്‍, സുനില്‍ ഗവാസ്കര്‍, വിരേന്ദര്‍ സേവാഗ് എന്നിവരാണ് ഒരു പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ഇതില്‍ സുനില്‍ ഗവാസ്കര്‍ അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

രമാകാന്ത് അചരേക്കറെ പോലൊരു ഗുരുനാഥനെ ലഭിച്ചത് തന്റെ ഭാഗ്യം, ക്രിക്കറ്റിലെ തന്റെ ഹീറോകളെക്കുറിച്ചും സച്ചിന്‍

തന്റെ കരിയറിന്റെ തുടക്കത്തില്‍ രമാകാന്ത് അചരേക്കറിനെപ്പോലൊരു മെന്ററെയും ഗുരുനാഥനെയും ലഭിച്ചത് വലിയ ഭാഗ്യമായെന്ന് അഭിപ്രായപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐസിസി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ഈ നേട്ടത്തിന് പിന്നില്‍ തന്റെ മാതാപിതാക്കള്‍ക്കും സഹോദരന്‍ അജിത്തിനും ഭാര്യ അഞ്ജലിയ്ക്കും വലിയ പങ്കുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ഇവരെല്ലാം തന്റെ ജീവിതത്തില്‍ കരുത്താര്‍ന്ന തൂണുകളായി നിലകൊണ്ടവരാണെന്ന് സച്ചിന്‍ പറഞ്ഞു.

തന്റെ അച്ഛനാണ് തന്റെ ജീവിതത്തിലെ ഹീറോയെന്നും ക്രിക്കറ്റിലെ ഹീറോകളാണെങ്കില്‍ വിവിയന്‍ റിച്ചാര്‍ഡ്സും സുനില്‍ ഗവാസ്കറുമാണ് തന്റെ ഹീറോകളമെന്ന് സച്ചിന്‍ വ്യക്തമാക്കി. 2011ലെ ലോകകപ്പ് വിജയമാണ് തന്റെ ക്രിക്കറ്റിംഗ് ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ നിമിഷമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ തീരുമാനങ്ങളെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍

ഇന്ത്യ 5/3 എന്ന നിലയിലേക്ക് വീണപ്പോള്‍ എംഎസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കാതെ ദിനേശ് കാര്‍ത്തിക്കിനെ പരിഗണിച്ചതുള്‍പ്പെടെ ഇന്ത്യയുടെ സെമി ഫൈനലിലെ തീരുമാനങ്ങളെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍. അത് കൂടാതെ അമ്പാട്ടി റായിഡുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നും ഗവാസ്കര്‍ വ്യക്തമാക്കി. നിരവധി താരങ്ങള്‍ക്ക് പരിക്ക് പറ്റിയെങ്കിലും അമ്പാട്ടി റായിഡുവിനെ പരിഗണിക്കാതിരുന്നത് ഇന്ത്യന്‍ ടീമിന്റെ മണ്ടത്തരമാണെന്നാണ് ഗവാസ്കര്‍ പറയുന്നത്. അതിനെത്തുടര്‍ന്ന് തനിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യ പല മണ്ടത്തരങ്ങളും വരുത്തിയിട്ടുണ്ടെന്നാണ് ഇന്ത്യ സെമിയില്‍ പുറത്തായ ശേഷം സുനില്‍ ഗവാസ്കര്‍ അഭിപ്രായം പറഞ്ഞത്. അത് കൂടാതെ മയാംഗ് അഗര്‍വാളിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെയും ഗവാസ്കര്‍ ചോദ്യം ചെയ്തു. ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത താരത്തെയാണ് ഇന്ത്യ ലോകകപ്പിലേക്ക് അയയ്ച്ചത്. സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലെ താരങ്ങളെ അവഗണിച്ചാണ് ഈ തീരുമാനമെന്നതും മറക്കരുതെന്ന് ഗവാസ്ക്ര‍ പറഞ്ഞു.

ഇങ്ങനെ ഒരു താരത്തെ ലോകകപ്പിന്റെ സെമിയിലോ ഫൈനലിലോ അരങ്ങേറ്റം ഇന്ത്യന്‍ ടീം നല്‍കുവാന്‍ മുതിരുമായിരുന്നു. ഓപ്പണ്‍ ചെയ്യേണ്ട ഒരു സാഹചര്യം വന്നാല്‍ മയാംഗിനെയാണ് പരിഗണിക്കുമായിരുന്നതെന്ന് നിരാശാജനകമായ കാര്യമാണ്. വിജയ് ശങ്കറുടെ പരിക്ക് വരുമ്പോള്‍ അമ്പാട്ടി റായിഡുവിനെയായിരുന്നു ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ബാധകം – സുനില്‍ ഗവാസ്കര്‍

ധോണിയുടെ ബലിദാന്‍ ഗ്ലൗസിനെ വിലക്കിയ ഐസിസിയുടെ തീരുമാനത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ പറയുന്നത് നിയമം എല്ലാവര്‍ക്കും ബാധകം എന്നാണ്. ഐസിസിയ്ക്ക് നിയമങ്ങളുണ്ട്, അത് എല്ലാവരും അനുസരിക്കേണ്ടതാണെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു. അതിനാണ് ഇവയെ തയ്യാറാക്കിയിരിക്കുന്നതെന്നും. മോയിന്‍ അലി 2014ല്‍ സേവ് ഗാസ, ഫ്രീ പലസ്തീന്‍ റിസ്റ്റ് ബാന്‍ഡുകള്‍ ധരിച്ച് ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ കളിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനെതിരെ പിഴ ഈടാക്കിയിരുന്നു.

ഐസിസി താരം പിന്നീട് ആ മത്സരത്തില്‍ ഇത്തരം കാര്യങ്ങള്‍ ധരിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. സമാനമായ സാഹചര്യമാണിതെന്നും സുനില്‍ ഗവാസ്കര്‍ അറിയിച്ചു. ധോണിയെ ഇത്തരത്തില്‍ ഗ്ലൗസ് ധരിക്കാന്‍ അനുവദിച്ചാല്‍ മറ്റു രാജ്യങ്ങളിലെ താരങ്ങളും ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തേക്കാം. നിയമങ്ങള്‍ വരുന്നതിന് മുമ്പാണ് ഇത്തരം കാര്യങ്ങളെ എതിര്‍ക്കേണ്ടിയിരുന്നത്. നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ നിയമം വന്ന ശേഷം ചെയ്യണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സോഷ്യല്‍ മീഡിയയിലെ മുറവിളിയെ ചൂണ്ടിക്കാണിച്ച് ഗവാസ്കര്‍ പറഞ്ഞു.

കാര്യം ഇതാണെങ്കിലും ബിസിസിഐ ധോണിയ്ക്ക് ഈ വിഷയത്തില്‍ പിന്തുണ നല്‍കിയിരിക്കുന്നതിനാല്‍ താരത്തിനെതിരെ നടപടിയൊന്നും ഇന്ത്യന്‍ ബോര്‍ഡില്‍ നിന്നുണ്ടാവില്ല.

ടി20യില്‍ മാക്സ്വെല്ലിന്റേത് ഹൈ ക്ലാസ് ശതകം – സുനില്‍ ഗവാസ്കര്‍

പുറത്താകാതെ 113 റണ്‍സ് നേടി ഓസ്ട്രേലിയയെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഒരു ടി20 പരമ്പര വിജയത്തിലേക്ക് നയിച്ച ഗ്ലെന്‍ മാക്സ്വെല്ലിന്റെ ശതകം ഒരു ഹൈ ക്ലാസ് പ്രകടനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. 191 എന്ന് ശ്രമകരമായ ദൗത്യം ഓസ്ട്രേലിയ മറികടക്കുമ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍ ആണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ മത്സരത്തിലെ വിജയത്തില്‍ മാക്സ്വെല്‍ 56 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തിരുന്നു.

വിരാട് കോഹ്‍ലിയുടെ 38 പന്തില്‍ നിന്നുള്ള 72 റണ്‍സ് പ്രകടനത്തെ വെല്ലുന്ന 55 പന്തില്‍ നിന്നുള്ള 113 റണ്‍സാണ് മാക്സ്വെല്‍ പുറത്തെടുത്തത്. 9 സിക്സുകളും 7 ഫോറുമാണ് താരം തന്റെ വെടിക്കെട്ട് ഇന്നിംഗ്സില്‍ നേടിയത്. ഈ പരമ്പര വിജയം ഓസ്ട്രേലിയയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും ഏകദിനത്തില്‍ ഏറെക്കാലമായുള്ള മോശം പ്രകടനത്തില്‍ നിന്ന് പുറത്ത് കടക്കുവാന്‍ ടീമിനെ സഹായിച്ചേക്കുമെന്നുമാണ് സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്.

നാട്ടില്‍ ലോകേഷ് രാഹുല്‍ വ്യത്യസ്തനായ താരം

കെഎല്‍ രാഹുല്‍ ഇന്ത്യയില്‍ വളരെ അധികം അപകടകാരിയായ താരമാണെന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര കൈവിട്ട ഇന്ത്യന്‍ നിരയില്‍ 50, 47 എന്നീ സ്കോറുകള്‍ നേടി മികവ് പുലര്‍ത്തിയ ചുരുക്കം താരങ്ങളില്‍ ഒരാളായിരുന്നു ലോകേഷ് രാഹുല്‍. പ്രകടനം ഏകദിന ടീമില്‍ താരത്തിനു ഇടം നല്‍കിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ താരത്തെ വ്യത്യസ്തനായ താരമാക്കി മാറ്റുകയാണെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ഇലവനും 15 അംഗ സംഘവും ഏറെക്കുറെ നിശ്ചയിക്കപ്പെട്ടതാണെങ്കിലും കെഎല്‍ രാഹുല്‍ അമ്പാട്ടി റായിഡുവിന്റെ നാലാം നമ്പറിനു അവകാശം ഉന്നയിക്കുവാന്‍ സാധ്യതയുള്ള താരമായാണ് ഏവരും വിലയിരുത്തുന്നത്. ടി20യില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന താരം അമ്പാട്ടി റായിഡിവിനു നാലാം നമ്പറില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്.

അടുത്തിടെ കഴിഞ്ഞ ടി20 പരമ്പരയിലെ ഫോം കണക്കിലാക്കുമ്പോള്‍ റായിഡുവിന്റെ സ്ഥാനത്തിനു വെല്ലുവിളിയുര്‍ത്തുവാന്‍ സാധ്യതയുള്ള താരമാണ് ലോകേഷ് രാഹുല്‍. നാട്ടിലെ പരിചിതമായ പിച്ചുകളില്‍ എതിര്‍ ബൗളര്‍മാരെ കടന്നാക്രമിക്കുവാന്‍ തെല്ലും മടിയില്ലാത്ത താരമാണ് രാഹുല്‍ എന്നും സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

97 റണ്‍സുമായി ടി2 പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയി മാറുവാനും കെഎല്‍ രാഹുലിനായെങ്കിലും രണ്ട് ഇന്നിംഗ്സുകളിലും ടീമിനു വിജയം നേടാനായില്ല എന്നത് ഇന്നിംഗ്സിന്റെ പ്രസക്തി കുറയ്ക്കുകയായിരുന്നു.

Exit mobile version