“ഗോളടിക്കാനുള്ള ഹംഗർ എപ്പോഴും തന്നിൽ ഉണ്ട്” – സുനിൽ ഛേത്രി

ഇന്ത്യൻ ഫുട്ബോളിനായി രണ്ട് പതിറ്റാണ്ട് ആയി കളിക്കുന്ന സുനിൽ ഛേത്രി ഗോളടിക്കാനുള്ള തന്റെ ഹംഗർ കുറഞ്ഞിട്ടില്ല എന്ന് പറഞ്ഞു. എ ഐ എഫ് എഫ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഛേത്രി. ഇന്ത്യക്ക് ആയി 84 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഛേത്രി.

“സ്കോർ ചെയ്യാനുള്ള എന്റെ ഹംഗർ എല്ലായ്പ്പോഴും ഉള്ളതു പോലെ തന്നെയുണ്ട്, അത് കിർഗിസ് റിപ്പബ്ലിക്കിനെതിരെയും സമാനമായിരിക്കും.” ഛേത്രി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഛേത്രി ഗോൾ നേടിയിരുന്നു എങ്കിലും ഓഫ് സൈഡ് വിധി കാരണം ആ ഗോൾ നിഷേധിക്കപ്പെട്ടിരുന്നു. ഓഫ്-സൈഡുകളും പെനാൽറ്റി തീരുമാനങ്ങളും ഗെയിമിന്റെ ഭാഗമാണ് എന്നും ഒരു നിശ്ചിത സമയത്തേക്ക് മാത്രമെ നിങ്ങൾ അവയെ കുറിച്ച് ചിന്തിക്കു എന്നും ഛേത്രി പറഞ്ഞു. ഞാൻ അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ഛേത്രി the-aiff.com-നോട് പറഞ്ഞു.

ഇന്ന് സുനിൽ ഛേത്രി ഇന്ത്യയെ നയിക്കും!! മെഹ്താബ് അരങ്ങേറും

ഇന്ന് ത്രിരാഷ്ട്ര ടൂർണമെന്റിൽ സുനിൽ ഛേത്രി ആകും ഇന്ത്യയെ നയിക്കുക. ഇന്ന് ആദ്യ മത്സരത്തിൽ മ്യാന്മാറിനെ ഇന്ത്യ നേരിടുമ്പോൾ സുനിൽ ഛേത്രി ക്യാപ്റ്റൻ ആം ബാൻഡ് അണിയും എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഐ എസ് എൽ ഫൈനലിൽ കളിച്ച താരങ്ങൾക്ക് ആദ്യ മത്സരത്തിൽ വിശ്രമം നൽകാൻ സ്റ്റിമാച് പദ്ധയിട്ടിരുന്നു. എന്നാൽ സുനിൽ ഛേത്രി ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും.

ഒഡീഷ എഫ് സിയുടെ ഗോൾ കീപ്പർ ആയ അമ്രീന്ദർ സിംഗ് ആകും ഇന്ന് വല കാക്കുക. ഗ്രുപ്രീത് ഇന്ന് ഇറങ്ങില്ല. മുംബൈ സിറ്റിയുടെ യുവതാരം മെഹ്താബ് സിംഗ് ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തുകയും ചെയ്യും. ഇന്ന് വൈകിട്ട് 6 മണിക്കാണ് ഇന്ത്യ മ്യാന്മാർ മത്സരം നടക്കുന്നത്.

ഛേത്രിക്ക് എതിരെ രൂക്ഷമായ സൈബർ ആക്രമണം

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള പോരാട്ടത്തിന്റെ വിവാദങ്ങൾ അടങ്ങുന്നില്ല.മത്സരത്തിൽ വിവാദ ഗോൾ സ്കോർ ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി വലിയ സൈബർ ആക്രമണം തന്നെ സാമൂഹിക മാധ്യമങ്ങളിൽ നേരിടുകയാണ്. സുനിൽ ചേത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ചിലർ അവരുടെ രോഷം തീർക്കുകയാണ്. ചിലരുടെ രോഷ പ്രകടനങ്ങൾ അതിരുവിടുകയും ചെയ്യുന്നു.

ഇന്ത്യൻ ക്യാപ്റ്റന് എതിരെ വംശീയാധിക്ഷേപം വരെ നടക്കുകയാണ്. പല കായിക പേജുകളിലും സുനിൽ ഛേത്രിക്ക് എതിരെ വംശീയ ആക്രമണം നടക്കുന്നുണ്ട്. ഛേത്രിയുടെ ഭാര്യയുടെ ഇൻസ്റ്റഗ്രാം പേജിലും സൈബർ ആക്രമണം നടക്കുന്നുണ്ട്. ഛേത്രിയുടെ മരണം ആശംസിച്ചു കൊണ്ടുള്ള കമന്റുകൾ അദ്ദേഹത്തിന്റെ ഭാര്യയുടെ പേജിൽ കാണാം.

ഛേത്രിക്ക് എതിരെയുള്ള വിമർശനങ്ങൾ അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണങ്ങളായി മാറുന്നത് കേരള ബ്ലാസ്റ്റേഴ്സ് ക്ലബോ ആരാധകരിൽ ബഹുഭൂരിപക്ഷമോ ആഗ്രഹിക്കുന്ന കാര്യമാകില്ല.

“റഫറിയോട് ചോദിച്ചാണ് ഫ്രീകിക്ക് എടുത്തത്, ലൂണ കേട്ടതാണ്” – ഛേത്രി

ഇന്ന് സുനിൽ ഛേത്രിയ വിവാദ ഗോൾ ആണ് ബെംഗളൂരു എഫ് സിയെ സെമി ഫൈനലിലേക്ക് എത്തിച്ചത്. സുനിൽ ഛേത്രി കേരളം ഡിഫൻഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് ഫ്രീകിക്ക് എടുത്തത് ഏറെ വിവാദമാവുകയും കേരള ബ്ലാസ്റ്റേഴ്സ് കളം വിടുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ചെയ്ത കാര്യം തന്റെ 22 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ ഇതുവരെ കാണാത്ത കാര്യമാണ് എന്ന് ഛേത്രി പറഞ്ഞു. എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിയില്ല. ജയിച്ചതിലും സെമിയിൽ എത്തിയതിലും താൻ സന്തോഷവാൻ ആണെന്ന് ഛേത്രി പറഞ്ഞു.

ഫ്രീകിക്ക് താം റഫറിയോട് ചോദിച്ചാണ് എടുത്തത്. റഫറി പറയാതെ താൻ എങ്ങനെ കിക്ക് എടുക്കും എന്ന് ഛേത്രി മത്സര ശേഷം പറഞ്ഞു. താൻ രണ്ടു തവണ റഫറിയോട് ചോദിച്ചു. ലൂണ ഇത് കേട്ടതാണ്. അദ്ദേഹം ആദ്യം ഫ്രീകിക്ക് തടയാൻ ശ്രമിച്ചു. രണ്ടാമതും റഫറിയോട് ചോദിച്ച ശേഷമാണ് താൻ കിക്ക് എടുത്തത് എന്ന് ഛേത്രി പറഞ്ഞു.

തനിക്ക് അങ്ങനെ കിക്ക് എടുക്കാൻ പെട്ടെന്ന് തോന്നിയത് ആണെന്നും ഈ വിവാദങ്ങൾക്ക് ഇടയിലും വിജയത്തിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് തോറ്റതായി പ്രഖ്യാപിച്ചു, വിവാദ ഗോളിൽ ബെംഗളൂരു സെമിയിൽ

ഐ എസ് എൽ പ്ലേ ഓഫിലെ ആദ്യ മത്സരം വിവാദ ഗോളിൽ ജയിച്ചു കൊണ്ട് ബെംഗളൂരു എഫ് സി സെമി ഫൈനലിൽ. കേരള ബ്ലാസ്റ്റേഴ്സ് കളി പൂർത്തിയാക്കാതെ കളം വിട്ടിരുന്നു. തിരിച്ച് ഗ്രൗണ്ടിലേക്ക് വരാതിരുന്നതോടെയാണ് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചത്. കളി എക്സ്ട്രാ ടൈമിൽ 0-0 എന്ന് നിൽക്കുമ്പോൾ ആയിരുന്നു വിവാദ ഗോൾ വന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫ്രീകിക്ക് ഡിഫൻഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് സുനിൽ ഛേത്രി ബെംഗളൂരുവിനായി ഗോൾ അടിച്ചത് ആണ് വിവാദമായത്. ഈ ഗോൾ അംഗീകരിക്കാൻ ആവാത്തത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കളം വിടുക ആയിരുന്നു. ഇതോടെ മാച്ച് കമ്മീഷണർ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ വിജയികളായി പ്രഖ്യാപിച്ചു.

ഇന്ന് ആദ്യ 90 മിനുട്ടിലും ഗോൾ പിറന്നിരുന്നില്ല. തുടർന്ന് എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ ആണ് കളി വിവാദത്തിൽ അവസാനിച്ചത്. എക്സ്ട്രാ ടൈമിന്റെ ആറാം മിനുട്ടിൽ ബെംഗളൂരുവിന് കിട്ടിയ ഫ്രീകിക്ക് സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഫ്രീകിക്ക് ഡിഫൻഡ് ചെയ്യാൻ തയ്യാറാകുന്നതിന് ഇടയിൽ സുനിൽ ഛേത്രി കിക്ക് എടുക്കുകയും ഗോൾ ആക്കുകയും ചെയ്തു. ഇതാണ് വിവാദമായത്‌. ഈ ഗോൾ അംഗീകരിക്കാൻ ആകില്ല എന്നു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകനും തീരുമാനിച്ചു. ഇവാൻ വുകമാനോവിച് താരങ്ങളോട് കളം വിടാൻ പറയുകയും ടീം കളം വിടുകയും ചെയ്തു. റഫറിയുടെ തെറ്റിനാണ് ബ്ലാസ്റ്റേഴ്സ് ഇത്ര വലിയ വില കൊടുക്കേണ്ടി വന്നത്.

ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായാ‌ണ് ഒരു ടീം കളി പൂർത്തിയാക്കാതെ പുറത്ത് പോകുന്നത്. ഈ തീരുമാനത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. ബെംഗളൂരു ഇനി സെമിയിൽ മുംബൈ സിറ്റിയെ നേരിടും.

സുനിൽ ഛേത്രി: ആരവങ്ങൾക്കുടയവൻ

സുനിൽ ഛേത്രി: ആരവങ്ങൾക്കുടയവൻ

ചരിത്രം എവിടെയും നിശ്ചലമാകുന്നില്ല. അത് ഒഴുകിക്കൊണ്ടേയിരിക്കും. ഒഴുക്കിനെ അതിജീവിക്കുന്ന, നിത്യതയിൽ വസിക്കുന്ന കുറേ പാറക്കല്ലുകളെ നമുക്ക് ചരിത്രത്തിൽ കാണാം. കാലം അവരെ തേച്ചു മിനുക്കുകയേ ഉള്ളൂ. കല്ലുകൾ വെള്ളാരങ്കല്ലുകളായി മാറുന്നത് പോലെ… വീഞ്ഞ് പഴകുമ്പോൾ വീര്യമേറുന്നത് പോലെ…

ഇന്ത്യൻ ഫുട്ബോളിൽ ഏറെ കഥകൾ നടന്നു. ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പിലേക്കുള്ള ക്ഷണം… അതേപോലെ വ്യക്തികളും. സയ്യിദ് റഹീം നബി, നെവിൽ, വിജയൻ, ബൂട്ടിയ, ഛേത്രി…
ഛേത്രി! ആ നാമത്തിൽ കാലം പോലും കുരുങ്ങിക്കിടന്നേക്കും. ഒരുനിമിഷം രോമാഞ്ചം പൂണ്ട് ഒഴുകാൻ മറന്നേക്കും. അന്താരാഷ്ട്ര ഫുട്ബാളിലെ ഏറ്റവും വലിയ ഗോൾ സ്‌കോറേഴ്‌സിലൊരാൾ എന്ന അസൂയാവഹമായ നേട്ടം ഒരിന്ത്യക്കാരന്റെ കയ്യിലാണെന്ന വസ്തുത കാലങ്ങളെ അതിജയിക്കുമെന്നത് തീർച്ചയും മൂർച്ചയുമുള്ള സത്യമാണ്.

അയാൾക്ക് കളി പഠിക്കാൻ ബാഴ്സയുടെ ലാമാസിയ കളിമുറ്റമുണ്ടായിരുന്നില്ല. വളർത്താൻ യൂറോപ്പിന്റെ ദ്രോണാചാര്യന്മാരുണ്ടായിരുന്നില്ല. അരങ്ങൊരുക്കാൻ മുച്ചൂടും മുടിഞ്ഞ aiff അല്ലാതെ മറ്റൊരു ലാവണമുണ്ടായിരുന്നില്ല. എന്നിട്ടുമയാൾ തൊടുത്ത ബാണങ്ങൾ വൈജയന്തിയായി വലകളെ ഭേദിച്ചു. കാലത്തോടയാൾ സദാ പുഞ്ചിരിച്ചു. യുദ്ധക്കളത്തിൽ ഒറ്റക്കൊരു ഭീമസേനനായി. ആരും മുന്നിൽ നിൽക്കാനില്ലാത്തപ്പോൾ ഭാരം ചുമലിലേറ്റിയ ആഞ്ജനേയനായി. മടുപ്പില്ലാത്ത കടലിനെപ്പോലെ, സദാ വലക്കണ്ണികളിൽ മുത്തമിടുന്ന ഗോളുകൾക്ക് പിന്നിലെ പതിനൊന്നാം കുപ്പായക്കാരനായി.

അയാളാർക്കും സമനല്ല. റൊണാൾഡോയോ മെസ്സിയോ ഛേത്രിയല്ല എന്നതുപോലെ, ഛേത്രി അവരുമല്ല. ഛേത്രി ഛേത്രിയാണ്. അയാൾക്ക് മാത്രം വരക്കാനാവുന്ന അഴകാർന്ന ചരിത്രം കോറിയിട്ട കലാകാരൻ. കഷ്ടപ്പാടിന്റെ പരാതിക്കെട്ടഴിക്കാതെ ഒറ്റക്കൊരു സാമ്രാജ്യം പണിതുയർത്തിയ അതികായൻ. ഉണക്കപ്പുല്ലിലും, കുത്തഴിഞ്ഞ ഫെഡറേഷന് കീഴിലും, പരിമിതികളേറെയുള്ള ക്ലബുകളിലും പന്തുതട്ടി യൂറോപ്പിലും അമേരിക്കയിലും പാദമുദ്ര പതിപ്പിച്ച ഒറ്റയാൻ. ആരവങ്ങൾ കേട്ടല്ല അയാൾ ഗോളുകൾ വർഷിച്ചത്. സദാ തീ തുപ്പുന്ന പാദങ്ങളുടെ ഉടമയെ തേടിയെത്തുകയായിരുന്നു ആരവങ്ങൾ.

വീണ്ടുമൊരു ലോകകപ്പ് കാലം മുന്നിലെത്തുമ്പോൾ, ഛേത്രിയുടെ കട്ടൗട്ടുകളും പ്രതീക്ഷയെ പേറുന്ന വാചകങ്ങളും കാണുമ്പോൾ ചുണ്ടുകോട്ടുന്നവരുണ്ട്. അവരോട് പറയാനുള്ളത് ഛേത്രിയെ കുറിച്ച് ഈ ലോകകപ്പ് കാലത്ത് ഫിഫ ഒരു ഡോക്യൂമെന്ററി പുറത്തിറക്കി എന്നതാണ്. അയാളൊരിക്കൽ പോലും പന്തുതട്ടിയിട്ടില്ലാത്ത ലോകവേദിക്ക് പോലും അയാളെ അവഗണിക്കാൻ കഴിയുന്നില്ലെന്നതാണ്.

കിക്കുകളുടെ അസാധ്യതയിലോ പേരെടുത്ത പെരുമകളിലോ അല്ല അയാളെ വിലയിരുത്തേണ്ടത്. അയാൾ എവിടുന്ന് കേറിവന്നു എന്നത് നോക്കിയാണ്. അന്താരാഷ്ട്ര ഗോൾ സ്കോറിങ്ങിന്റെ നെറുകയിൽ പാദമൂന്നുമ്പോൾ ഛേത്രിയുടെ കാലുകൾ നിറയെ, കാലങ്ങളായി ചവിട്ടിക്കേറി വന്ന ചരൽക്കല്ലുകളുടെ വടുക്കളാണ്. ആ കാലുകളിൽ ഉണങ്ങിത്തീരാത്ത മുറിവുകൾക്കെല്ലാം, ഒരു ഇന്ത്യൻ ഫുട്ബോളറുടെ അവിശ്വസനീയമായ കഥകൾ പറയാനുണ്ട്.ആ കഥകളറിയുന്നവർ അയാളെ വാഴ്ത്തും, അപദാനങ്ങൾ പാടും, കട്ടൗട്ടുകൾ ആകാശമുയരെ ഉയർത്തും. അയാളുടെ വിലാസം ഇന്ത്യയാണെന്നതിലുപരി, ഇന്ത്യയുടെ വിലാസമാണയാൾ.

ആവനാഴിയൊഴിയാത്ത അമരക്കാരനേ, അരുണനും തിങ്കളുമായവനേ, ആരവങ്ങൾക്കുടയവനേ, അനുപമതാരകമേ… ഞങ്ങളെ ഇനിയുമിനിയും അലംകൃത മുഹൂർത്തങ്ങളാൽ വിരുന്നൂട്ടിയാലും.

റൊണാൾഡോയെയും മെസ്സിയെയും അറിയാം, ഛേത്രിയെ അറിയാമോ? അഭിമാനമായി നമ്മുടെ ക്യാപ്റ്റൻ

ഫിഫയുടെ ക്യാപ്റ്റൻ ഫന്റാസ്റ്റിക് സീരീസിന്റെ പുതിയ എപിസോഡിൽ സുനിൽ ഛേത്രിയുടെ കഥ ആണ് പറയുന്നത്. ഇന്റർ നാഷൺസ് ഫുട്ബോളിലെ ആക്റ്റീവ് കളിക്കാരിൽ ഗോളടിയിൽ മൂന്നാമത് നിൽക്കുന്ന സുനിൽ ഛേത്രിയെ പരിചയപ്പെടുത്തുന്ന അര മണിക്കൂർ നീളുന്ന എപിസോഡ് ആണ് ഫിഫ കഴിഞ്ഞ ദിവസം പുറത്ത് ഇറക്കിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും നിങ്ങൾക്ക് അറിയാം. സുനിൽ ഛേത്രിയെ അറിയാമോ എന്നായിരുന്നു ഫിഫയുടെ ചോദ്യം. ഫിഫ പങ്കുവെച്ച വീഡിയോക്ക് ട്വിറ്ററിൽ മാത്രം 12k റിട്വീറ്റും 50000ത്തോളം ലൈക്സും ലഭിച്ചു.

ഈ ലിങ്കിൽ പോയാൽ എപിസോഡ് കാണാം
https://www.fifa.com/fifaplus/en/watch/series/1ieRgLbXaPkBeRzZWbKYCo/4OC0gmDobIAJEBmvscvrPo/5ts0Ve3KyJEyIVNhl8ZnTf#ReadMore

ഡ്യൂറണ്ട് കപ്പ് 2022; വിജയത്തോടെ ബെംഗളൂരു എഫ് സി തുടങ്ങി | Bengaluru FC got a bright winning start

ഡ്യൂറണ്ട് കപ്പ്; ബെംഗളൂരു എഫ് സിക്ക് വിജയ തുടക്കം.

ഡ്യൂറണ്ട് കപ്പ്; ബെംഗളൂരു എഫ് സിക്ക് വിജയ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ജംഷദ്പൂർ എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. ബെംഗളൂരുവിന്റെ പുതിയ അറ്റാക്കിങ് കൂട്ടുകെട്ടായ റോയ് കൃഷ്ണയും സുനിൽ ഛേത്രിയും തിളങ്ങിയത് ബെംഗളൂരു എഫ് സിയുടെ ജയത്തിന് കരുത്തായി.

23ആം മിനുട്ടിൽ സുനിൽ ഛേത്രിയാണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകിയത്. ഈ ഗോളിന്റെ ബലത്തിൽ ആദ്യ പകുതി 1-0ന് അവസാനിപ്പിക്കാൻ ബെംഗളൂരു എഫ് സിക്ക് ആയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോയ് കൃഷ്ണയും ഛേത്രിയും കൂടെ ചേർന്ന് നടത്തിയ ഒരു സുന്ദര നീക്കം റോയ് കൃഷ്ണയുടെ ഫിനിഷിൽ ഗോളായി മാറി.

62ആം മിനുട്ടിൽ റിഷിയാണ് ജംഷദ്പൂരിന് ആശ്വാസ ഗോൾ നൽകിയത്. ഗ്രൂപ്പ് എയിൽ ഇതോടെ ബെംഗളൂരു എഫ് സിക്കും മൊഹമ്മദൻസിനും 3 പോയിന്റ് വീതമായി.

For More Pictures

Story Highlight: Goals from Chhetri and Krishna give the Bengaluru FC a winning start

ഡ്യൂറണ്ട് കപ്പ്; മലയാളികൾ തിളങ്ങിയ ആദ്യ മത്സരം, നെമിലിനും ഫസലുറഹ്മാനും ഗോൾ, ജയം മൊഹമ്മദൻ സ്പോർടിംഗിന്

“ഫിഫ വിലക്കും എന്നോർത്ത് ശ്രദ്ധ മാറരുത്, ഫുട്ബോൾ താരങ്ങൾ അവരുടെ മികച്ചത് കളത്തിൽ കൊടുക്കാൻ വേണ്ടി തയ്യാറാവുക” – സുനിൽ ഛേത്രി

ഫിഫ ഇന്ത്യയെ വിലക്കുമോ ഇല്ലയോ എന്ന് ആലോചിച്ച് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ അവരുടെ ശ്രദ്ധ നഷ്ടപ്പെടുത്തരുത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. വിലക്ക് വരുമോ ഇല്ലയോ എന്നത് കളിക്കാരായ നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തത് ആണ്‌. അതുകൊണ്ട് തന്നെ ഇത് അധികം ശ്രദ്ധിക്കരുതെന്നാണ് എന്റെ ഉപദേശം,. ഛേത്രി പറഞ്ഞു..

ബെംഗളൂരു എഫ്‌സി സംഘടിപ്പിച്ച വെർച്വൽ മീഡിയ മീറ്റിൽ സംസാരിക്കുക ആയിരുന്നു ഛേത്രി.

“സാധ്യമായ ഏറ്റവും മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ ഈ കാര്യങ്ങളിൽ ഉൾപ്പെട്ട ആളുകൾ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാവരും അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. കളിക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ ജോലി ശരിയായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക ആണ് വേണ്ടത്.” ഛേത്രി പറയുന്നു.

.
“ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ സ്വയം മെച്ചപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കണം. നിങ്ങളുടെ ക്ലബ്ബിനെയോ രാജ്യത്തെയോ പ്രതിനിധീകരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, നിങ്ങളുടെ മികച്ചത് ചെയ്യേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

Story Highlight: Sunil chhethri’s advice to Indian Players

ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരങ്ങളായി സുനിൽ ഛേത്രിയും മനീഷ കല്യാണും

ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള എ ഐ എഫ് എഫ് പുരസ്കാരം മനീഷ കല്യാണും സുനിൽ ഛേത്രിയും സ്വന്തമാക്കി. AIFF വനിതാ ഫുട്‌ബോളറായി മനീഷയും പുരുഷ ഫുട്‌ബോളറായി ഛേത്രിയും തിരഞ്ഞെടുക്കപ്പെട്ടു. മനീഷ മുമ്പ് വനിതാ എമർജിംഗ് ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേയ്യിയ താരമാണ്. സുനിൽ ഛേത്രി ഈ അവാർഡ് നേടുന്നത് ഇത് ഏഴാം തവണയാണ്.

സൈപ്രസ് ചാമ്പ്യൻമാരായ അപ്പോളോൺ ലേഡീസിൽ അടുത്തിടെ കരാർ ഒപ്പുവെച്ച മനീഷ ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന താരമാണ്. സുനിൽ ഛേത്രിക്ക് കഴിഞ്ഞ സീസൺ നല്ലതായിരുന്നു. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ 3 കളികളിൽ നിന്ന് 4 ഗോളുകൾ അദ്ദേഹം നേടിയിരുന്നു.

മാർട്ടിന തോക്‌ചോമിനെ 2021-22 വനിതാ എമർജിംഗ് ഫുട്‌ബോളറായും വിക്രം പർതാപ് സിംഗിനെ മികച്ച പുരുഷ എമേർജിങ് താരമായും തിരഞ്ഞെടുത്തു.


AIFF Awards at a glance:

2021-22 AIFF Women’s Footballer of the Year: Manisha Kalyan.

2021-22 Men’s Footballer of the Year: Sunil Chhetri

2021-22 AIFF Women’s Emerging Footballer of the Year: Martina Thokchom.

2021-22 Men’s Emerging Footballer of the Year: Vikram Partap Singh.

2021-22 AIFF Best Referee of the Year: Crystal John.

2021-22 AIFF Best Assistant Referee of the Year: Ujjal Halder.

Story Highlight: Manisha Kalyan and Sunil Chhetri have been named as the 2021-22 AIFF Women’s Footballer of the Year, and the 2021-22 Men’s Footballer of the Year,

സുനിൽ ഛേത്രി: ആവനാഴിയൊഴിയാത്ത അമരക്കാരൻ

ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മുന്നേറ്റനിരക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ എം വിജയൻ കളമൊഴിയുമ്പോൾ, അദ്ദേഹത്തിന്റെ ബൂട്ടിന് പാകമാകുന്ന കാലുകളുമായി ബൈചുങ് ബൂട്ടിയ ഉദയം ചെയ്തിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ബയേൺ മ്യൂണിച്ചുമായുള്ള മത്സരത്തിന് ശേഷം ബൈചുങ് കാണികളോട് വിടചൊല്ലുമ്പോഴും ഇന്ത്യൻ ഫുട്ബോൾ അനാഥമായിരുന്നില്ല. സുനിൽ ഛേത്രി അന്നേ താരമായിരുന്നു, ഒപ്പം ജെജെ ലാൽപെഖ്ലുവയും. പതിനെട്ടു വർഷമായി സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ടീമിന്റെ കീപ്ലെയറായും ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശ്രദ്ധ നേടുന്ന താരമായും വിരാജിക്കുന്നു.

സുനിൽ ഛേത്രിയുടെ 2005 ലെ ദേശീയ ടീം അരങ്ങേറ്റം മുതലുള്ള കാര്യങ്ങളെല്ലാം എഴുതുകയെന്നത് മണ്ടത്തരമായിപ്പോവും, ഫുട്ബോളിനെ ഇന്ത്യ സാകൂതം വീക്ഷിക്കുന്ന പുതിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇന്ത്യക്കായി ഏറ്റവുമധികം തവണ കളത്തിലിറങ്ങിയ താരം, ഏറ്റവും കൂടുതൽ ഗോളടിച്ചയാൾ എന്നീ റെക്കോഡുകൾ സുനിൽ ഛേത്രിയുടെ കയ്യിലാണ്, ഈ നാഴികക്കല്ലുകൾ ഇനിയൊരാൾ ഭേദിക്കാത്തത്രയും സുരക്ഷിതമാണുതാനും.

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ, നിലവിൽ കളിക്കുന്നവരിൽ രാജ്യത്തിനായി ഗോൾ നേടിയത് രണ്ടുപേരാണ്. 84 ഗോളുകൾ വീതം നേടിയ ലിയോണൽ മെസ്സിയും സുനിൽ ഛേത്രിയും. ഇന്ത്യക്കാരടക്കം പരിഹസിക്കുന്ന ഒരു നേട്ടമാണിത്. ഛേത്രി ആർക്കെതിരെയാണ് ഗോളടിച്ചത് എന്നാണ് ആ ചിരിയുടെ ഉള്ളടക്കം. ഇങ്ങനെ സൂക്ഷ്മനിരീക്ഷണം നടത്തുകയാണെങ്കിൽ ഛേത്രിയുടെ സഹതാരങ്ങൾ ആരൊക്കെ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. അയാൾ വളർന്നു വന്ന സാഹചര്യം ചോദിക്കേണ്ടി വരും. അയാൾക്ക് ലഭ്യമായ പരിശീലന സൗകര്യങ്ങൾ, രാജ്യത്തെ ജനങ്ങളും സർക്കാരും ഫുട്ബോൾ അസോസിയേഷനും ഫുട്ബോളിന് കൊടുക്കുന്ന പ്രാധാന്യം ഒക്കെ കുടഞ്ഞു ചോദിക്കേണ്ടി വരും. ഒരു റെക്കോർഡ് എന്നാൽ താരങ്ങൾ തമ്മിലുള്ള മികവിന്റെ താരതമ്യമല്ല. അതേസമയം ഗോളടിച്ച കണക്കിൽ ഛേത്രി മെസ്സിയുടെ തോളൊപ്പം എത്തിനിൽക്കുന്നു. പരിഹാസവാക്കുകൾ കൊണ്ട് വസ്തുതയെ മായ്ച്ചുകളയാനാകില്ല.

ഛേത്രിയെ കുറിച്ചുള്ള ഏറ്റവും മികച്ച ഓർമ്മകളിലൊന്ന് 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പാണ്. ടൂർണമെന്റിലെ ആദ്യമത്സരത്തിൽ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ഇന്ത്യ കെനിയക്കെതിരെ 5-0ന്റെ വിജയം നേടി. ഗാലറി ശുഷ്കമായിരുന്നു. ആ മത്സരത്തിന് ശേഷം ഛേത്രി ഒരു വീഡിയോയിലൂടെ നടത്തിയ അഭ്യർത്ഥന ചരിത്രമായി. ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്ന ആ വീഡിയോ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അടുത്ത മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നെന്നു മാത്രമല്ല, ഇന്ത്യ ജയം കണ്ടെത്തുകയും ചെയ്തു. ഛേത്രി ഇരട്ടഗോളുകൾ നേടിക്കൊണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾസ്കോറിങ്ങിൽ മെസ്സിക്കൊപ്പമെത്തി. ക്ഷണം സ്വീകരിച്ചെത്തിയ കാണികൾക്ക് മധുരസ്വാഗതമോതുന്ന പ്രകടനം!

ഇതെഴുതുന്നയാൾ ആദ്യമായി ഒരു ഐ എസ് എൽ മത്സരം കാണുന്നത് കൊവിഡിന് തൊട്ടുമുൻപുള്ള സീസണിലാണ്. ഇഷ്ട ടീമായ ബെംഗളൂരു എഫ്‌സി ശ്രീകണ്ഠീരവയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നു. ടീം വാംഅപ്പിനിറങ്ങിയപ്പോൾ ടണലിൽ നിന്നും പുറത്തേക്ക് വരുന്ന ഛേത്രിയെ ഇതാദ്യമായി കണ്ടു. കളി കാണാനല്ല, ഈയൊരു നിമിഷത്തിനാണ് ബെംഗളൂരു വരെ വന്നത് എന്ന് തോന്നിപ്പോയി. മീറ്ററുകൾ മാത്രമകലെ ഇതിഹാസം വാംഅപ്പ് ചെയ്യുന്നു. മൊബൈലിൽ ഫോട്ടോ പകർത്തി കടുത്ത ഛേത്രി ഫാനായ സുഹൃത്തിനയച്ചുകൊടുത്തു. മത്സരം തുടങ്ങി അൻപത്തി അഞ്ചാം മിനിറ്റ്. സ്‌കോർ 0-0. കാര്യമായ നീക്കങ്ങളൊന്നും നടക്കാത്തതിനാൽ മൊബൈലിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആരവങ്ങളുയർന്നത് കേട്ട് തലയുയർത്തി നോക്കി. ഡിമാസിന്റെ കോർണർ പുറപ്പെട്ടു കഴിഞ്ഞിരുന്നു. ബോക്സിലേക്ക് ഇരച്ചെത്തിയ ഛേത്രിയുടെ കാലുകളിപ്പോൾ നിലത്തല്ല. തല കൊണ്ടുതിർത്ത പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവലയിൽ! ഗോൾ!! മത്സരം കഴിഞ്ഞപ്പോൾ ആ ഒരൊറ്റ ഗോളിൽ ബ്ലൂസ് ജയിച്ചു. ബെംഗളൂരു എഫ്‌സിയുടെ കളിയും ജയവും കണ്ടു, ഛേത്രിയെ കണ്ടു, ഛേത്രിയുടെ ഗോൾ കണ്ടു… ആനന്ദലബ്ധിക്കിനിയെന്തുവേണം!

പതിനെട്ട് വർഷങ്ങൾക്കിടയിൽ സുനിൽ ഛേത്രി നമ്മെ പലവുരു ആനന്ദിപ്പിച്ചിരിക്കുന്നു. കമന്ററിയുടെ ചാരുതയുള്ള സംസാരം, കാതങ്ങൾ താണ്ടിയാലും ആർക്കുമെത്തിപ്പിടിക്കാനാകാത്ത നാഴികക്കല്ലുകൾ, അങ്ങേയറ്റം ബാലൻസോടെ, പ്രണയത്തോടെ പന്തിനെ കാലിൽ കൊരുത്തു വെക്കാനുള്ള കാന്തികപ്രഭാവമുള്ള പാടവം, ഏഷ്യൻ ഐക്കൺ പുരസ്‌കാരം, അർജുന, പദ്മശ്രീ… അറ്റം കാണാത്ത നദിയൊഴുക്കിന്‌ സമാനമാണ് ഛേത്രി ചുരത്തുന്ന ആനന്ദം.

പ്രായം മുപ്പത്തിയെട്ടും കഴിഞ്ഞ് കരിയറിന്റെ അസ്തമനത്തിലും ആവനാഴിയൊഴിയാതെ ഗോൾവർഷം തുടരുകയാണ് സുനിൽ ഛേത്രി. ദേശീയ ടീമിലെ സ്ഥിരം സ്‌കോറർ ഇപ്പോഴും ഈ വെറ്ററൻ തന്നെ. 2023 എ എഫ് സി ഏഷ്യൻ കപ്പോടെ സുനിൽ ഛേത്രി കളമൊഴിയും. അന്ന് ഇന്ത്യൻ ഫുട്ബോളിനെ നയിക്കാൻ ശേഷിയുള്ള പ്രതിഭാധനർ ടീമിലുണ്ടാകുമായിരിക്കും. ലിസ്റ്റൻ കൊളാസോ, മൻവീർ സിങ്, സഹൽ അബ്ദുൽസമദ്… അങ്ങനെയാരെങ്കിലും, അല്ലെങ്കിൽ മറ്റുചിലർ ഇന്ത്യയെ മുന്നോട്ടുനയിക്കും. പക്ഷേ ഛേത്രി ഒഴിച്ചിടുന്ന വിടവ് ഒരു നഷ്ടത്തിന്റെ സ്‌മാരകമെന്നോണം കാലങ്ങളോളം ഇന്ത്യൻ ഫുട്ബോളിൽ മുഴച്ചുനിൽക്കും. അയാൾക്ക് പകരം നിൽക്കാനാളില്ല എന്നത് തന്നെയാണ് അയാളുടെ വലിപ്പം. അതാണ് ഇന്ത്യൻ ഫുട്ബോളിൽ അയാൾ പതിപ്പിച്ച മുദ്രണത്തിന്റെ ആഴം.
ഇന്ത്യൻ ഫുട്ബോളിന്റെ പകരക്കാരനില്ലാത്ത അമരക്കാരന് പിറന്നാൾ പൊലിവുകൾ…

Story Highlights: An Article on Sunil Chhetri Written by Unais KP

ക്യാപ്റ്റൻ, ലീഡർ, ലെജൻഡ്!! സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിൽ ഇന്ത്യയുടെ വിജയം

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് കംബോഡിയയെ നേരിട്ട ഇന്ത്യ വിജയത്തോടെ തുടങ്ങി. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇന്ത്യയുടെ ആധിപത്യം പുലർത്തിയ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ക്യാപ്റ്റൻ സുനിൽ ചേത്രി ആണ് രണ്ട് ഗോളുകളും നേടിയത്.

മികച്ച രീതിയിൽ കളി തുടങ്ങിയ ഇന്ത്യ 13ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒരു പെനാൾട്ടിയിൽ നിന്നാണ് ഗോൾ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ലിസ്റ്റൺ കൊളാസോ കംബോഡിയ ഡിഫൻസിനെ വിറപ്പിച്ചു മുന്നേറി. അവസാനം രക്ഷയില്ലാതെ ലിസ്റ്റണെ കംബോഡിയ താരങ്ങൾക്ക് വീഴ്ത്തേണ്ടി വന്നു. തുടർന്ന് ലഭിച്ച പെനാൾട്ടി സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു.

ഇതിനു ശേഷം ഇന്ത്യ പന്ത് കൈവശം വെച്ചു എങ്കിലും തുറന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ആവാത്തത് പ്രശ്നമായി. 42ആം മിനുട്ടിൽ ആകാശ് മിശ്രയുടെ ഒരു ഷോട്ട് മികച്ച സേവിലൂടെ കംബോഡിയ ഗോൾ കീപ്പർ തടഞ്ഞത് ഒരൊറ്റ ഗോളിൽ തന്നെ കളി നിർത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ നേടാൻ ഉറച്ചായിരുന്നു ഇന്ത്യ ഇറങ്ങിയത്. 59ആം മിനുട്ടിൽ സുനിൽ ഛേത്രി തന്നെ ഇന്ത്യക്ക് രണ്ടാം ഗോളും നൽകി. ഒരു ഷോർട്ട് കോർണറിനു ശേഷം ബ്രാണ്ടൺ നൽകിയ ക്രോസ് ഒരു ക്ലാസിക് ഹെഡറിലൂടെ സുനിൽ ഛേത്രി വലയിൽ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലെ 82ആം ഗോളായിരുന്നു ഇത്‌.

ഛേത്രിയെ ഹാട്രിക്ക് അടിക്കും മുമ്പായി സ്റ്റിമാച് പിൻവലിച്ചു. ആശിഖും സഹലും രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങി. ഇന്ത്യ ആധിപത്യം തുടർന്നു എങ്കിലും പിന്നീട് കൂടുതൽ ഗോളുകൾ പിറന്നില്ല. ആശിഖിന് കളിയിൽ അവസാനം നല്ല അവസരം ലഭിച്ചു എങ്കിലും ഗോൾ കീപ്പർ തടസ്സമായി നിന്നു.

ഇനി അടുത്ത മത്സരത്തിൽ അഫ്ഗാനിസ്താനെ നേരിടും.

Exit mobile version