ഓസ്ട്രേലിയയുടെ തിരിച്ചുവരവിന് തടയിട്ട് ആദില്‍ റഷീദ്

14/3 എന്ന നിലയില്‍ നിന്ന് 103 റണ്‍സ് കൂട്ടുകെട്ടുമായി ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത്-അലെക്സ് കാറെ കൂട്ടുകെട്ട് രക്ഷപ്പെടുത്തുമെന്ന് കരുതിയ നിമിഷത്തില്‍ ഇരട്ട വിക്കറ്റുകളുമായി ആദില്‍ റഷീദ്. ഇതോടെ 117/3 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയ 118/5 എന്ന നിലയിലേക്ക് പ്രതിരോധത്തിലേക്ക് വീണ്ടും വീണു. 46 റണ്‍സ് നേടിയ അലെക്സ് കാറെയേയും റണ്ണൊന്നുമെടുക്കാത്ത മാര്‍ക്കസ് സ്റ്റോയിനിസിനെയുമാണ് മത്സരത്തിന്റെ 28ാം ഓവറില്‍ റഷീദ് വീഴ്ത്തിയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ ഓസ്ട്രേലിയ 135 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ പ്രതീക്ഷകള്‍ മുഴുവനും 60 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിലാണ്.

തന്റെ ബാറ്റിംഗില്‍ ഏറ്റവും പ്രധാനം തന്റെ ബാലന്‍സ്

ആദ്യ പന്ത് മുതല്‍ ബാലന്‍സ് നഷ്ടപ്പെടാതിരിക്കുകയാണ് തന്റെ ഇപ്പോളത്തെ ബാറ്റിംഗ് തന്ത്രമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ നായകനും ഇന്നലത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചുമായ ആരോണ്‍ ഫിഞ്ച്. മികച്ച ചില ഡ്രൈവുകള്‍ നടത്തുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, തനിക്ക് ബാലന്‍സ് കൃത്യമായി ലഭിയ്ക്കുകയാണെങ്കില്‍ മികച്ച ഡ്രൈവുകള്‍ പിറക്കുമെന്ന് തനിക്കറിയാം, തന്റെ ബാറ്റിംഗിലെ പ്രധാന ഘടകം അതാണെന്നും ഫിഞ്ച് പറഞ്ഞു.

മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ കൂട്ടത്തോടെ വിക്കറ്റ് നഷ്ടമായത് ടീമിനു തിരിച്ചടിയായെങ്കിലും സ്മിത്തും മാക്സ്വെല്ലും കളിച്ച ഇന്നിംഗ്സുകള്‍ ടീമിനു വേണ്ടത്ര റണ്‍സ് നേടുന്നതില്‍ സഹായിച്ചു. സ്മിത്ത് ഗ്യാപ് കണ്ടെത്തുവാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുവാനും മിടുക്കനാണ്. ഗ്യാപ്പില്‍ പന്തടിക്കുക എന്നാല്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള കഴിവാണ്. അത് പോലെ തന്നെ മാക്സ്വെല്‍ കത്തിക്കയറുമ്പോളും അത് കാണുവാന്‍ ഏറെ രസകരമാണ്.

350നു മേലുള്ള സ്കോര്‍ തങ്ങള്‍ നേടുമെന്നാണ് കരുതിയതെങ്കിലും ടീമിനെ അതിനു സാധിപ്പിക്കാതിരുന്നതിന്റെ എല്ലാ ക്രെഡിറ്റും ശ്രീലങ്കയ്ക്ക് അര്‍ഹമാണെന്നും ഫിഞ്ച് പറഞ്ഞു.

ഓസീസ് റണ്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കി ആരോണ്‍ ഫിഞ്ച്, അവസാന ഓവറുകളില്‍ കസറി മാക്സ്വെല്ലും

ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണറും(26) ഉസ്മാന്‍ ഖവാജയും(10) വേഗത്തില്‍ പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ച്-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് മത്സരത്തില്‍ 173 റണ്‍സ് കൂട്ടുകെട്ട് നേടി ഓസ്ട്രേലിയയ്ക്ക് ശക്തമായ അടിത്തറ പാകിയത്. ഫിഞ്ച് 153 റണ്‍സ് നേടിയപ്പോള്‍ സ്മിത്ത് 73 റണ്‍സാണ് നേടിയത്. 50 ഓവറില്‍ നിന്ന് ഓസ്ട്രേലിയ 334 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ഈ ടൂര്‍ണ്ണമെന്റിലെ പതിവ് കാഴ്ച പോലെ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഫിഞ്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു. 48 പന്തില്‍ നിന്ന് 26 റണ്‍സ് നേടി വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ ഒന്നാം വിക്കറ്റില്‍ 80 റണ്‍സ് നേടിയിരുന്നു. വാര്‍ണറുടെ പിന്നാലെ ഉസ്മാന്‍ ഖവാജയെയും ധനന്‍ജയ ഡി സില്‍വ പുറത്താക്കിയപ്പോള്‍ 23 ഓവറില്‍ 100/2 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീഴുകയായിരുന്നു.

അതിനു ശേഷം 173 റണ്‍സ് കൂട്ടുകെട്ടാണ് ഫിഞ്ചും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നേടിയത്. 132 പന്തില്‍ നിന്ന് 15 ഫോറും 5 സിക്സും സഹിതം 153 റണ്‍സാണ് ആരോണ്‍ ഫിഞ്ച് നേടിയത്. ഫിഞ്ച് പുറത്തായി ഏറെ വൈകാതെ സ്മിത്തിനെയും ഓസ്ട്രേലിയയക്ക് നഷ്ടമായി. 59 പന്തില്‍ നിന്ന് 73 റണ്‍സാണ് സ്മിത്ത് നേടിയത്.

മാക്സ്വെല്‍ 25 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറുകള്‍ ഇസ്രു ഉഡാനയുടെ തകര്‍പ്പന്‍ റണ്ണൗട്ടുകളുടെയും മെച്ചപ്പെട്ട ബൗളിംഗിലൂടെയും തിരിച്ചുവരവ് നടത്തുവാനുള്ള ശ്രമങ്ങള്‍ ശ്രീലങ്കയും നടത്തി നോക്കി. ഒരു ഘട്ടത്തില്‍ 350നു മേല്‍ റണ്‍സ് തീര്‍ച്ചയായും എത്തുമെന്ന് കരുതിയെങ്കിലും ** റണ്‍സിലേക്ക് എത്തുവാനെ ഓസ്ട്രേലിയയ്ക്കായുള്ളു.

ഇന്ത്യന്‍ ആരാധകര്‍ മോശം പ്രവണത സൃഷ്ടിക്കുന്നത് ഇഷ്ടമല്ല, അതിനാല്‍ തന്നെ താന്‍ സ്മിത്തിനോട് മാപ്പും ചോദിക്കുന്നു

ഓവലില്‍ ഇന്ത്യന്‍ ആരാധകര്‍ സ്റ്റീവന്‍ സ്മിത്തിനെ ചതിയനെന്ന് വിളിച്ച ഇന്ത്യന്‍ ആരാധകരുടെ പ്രവൃത്തിയില്‍ മാപ്പ് ചോദിച്ച് വിരാട് കോഹ്‍ലി. ഇന്ത്യന്‍ ആരാധകരം ഇത്തരത്തിലൊരു മോശം പ്രവണത സൃഷ്ടിക്കുന്നത് തനിക്ക് താല്പര്യമില്ലെന്നും അതിനാലാണ് താന്‍ മത്സരത്തിനിടെ ഇടപെട്ടതെന്നും കോഹ്‍ലി പറഞ്ഞു. മത്സരത്തിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്മിത്തിനെതിരെ ഒരു സംഘം ഇന്ത്യന്‍ ആരാധകര്‍ ചതിയനെന്ന് വിളിയ്ക്കുകയായിരുന്നു.

ഹാര്‍ദ്ദിക് പുറത്തായ ഇടവേളയില്‍ കോഹ്‍ലി ഇവരോട് ഇതെന്താണ് കാണിക്കുന്നതെന്നും സ്മിത്തിനു വേണ്ടി കൈയ്യടിക്കുവാനും ആരാധകരോട് കോഹ്‍ലി ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ഗ്രൗണ്ടില്‍ തന്നെ ഇരുവരും കൈ കൊടുത്ത് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്മിത്ത് ബാറ്റിംഗിനറങ്ങിയപ്പോളും സമാനമായ സാഹചര്യം ഉണ്ടാകുകയും കോഹ്‍ലി മിഡ് വിക്കറ്റില്‍ ഫീല്‍‍ഡ് ചെയ്യവേ ആരാധകരോട് തിരിഞ്ഞ് കൈ കൂപ്പി ഇത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

താന്‍ ഇത് പോലെ ഒരു തെറ്റ് ചെയ്ത ശേഷം മാപ്പ് പറഞ്ഞിട്ടും ഇതേ രീതിയില്‍ തന്നെ വേട്ടയാടിയാല്‍ അത് തനിക്കും ഇഷ്ടപ്പെടുകയില്ലെന്നും അതിനാല്‍ തന്നെ താന്‍ സ്മിത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ ചെയ്ത പ്രവൃത്തിയായിരുന്നു ഇതെന്നും വിരാട് കോഹ്‍ലി പറഞ്ഞു. അദ്ദേഹത്തിനോട് താന്‍ ഈ ആള്‍ക്കൂട്ടത്തിനു വേണ്ടി മാപ്പ് പറയുന്നുവെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

കംഗാരുകളെ മെരുക്കി ഇന്ത്യ, വെല്ലുവിളി ഉയര്‍ത്തി അലെക്സ് കാറെ

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് ഇന്ത്യ നല്‍കിയ 353 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാരാതെ നിലവിലെ ലോക ചാമ്പ്യന്മാര്‍. ഇന്ത്യയുടെ ലക്ഷ്യം ചേസ് ചെയ്ത ടീമിനു 316 റണ്‍സ് മാത്രമേ നേടാനായുള്ളു. സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം അലെക്സ്  കാറെ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 36 റണ്‍സ് അകലെ വരെ എത്തുവാനെ ഓസ്ട്രേലിയയ്ക്കായുള്ളു. കാറെ 55 റണ്‍സുമായി പുറത്താകാതെ നിന്നു.

മെല്ലെയെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സ് ഓസീസ് ഓപ്പണര്‍മാര്‍ നേടിക്കൊടുത്ത ശേഷം വണ്‍ ഡൗണായി സ്റ്റീവന്‍‍ സ്മിത്തെത്തിയ ശേഷം ഓസീസ് ഇന്നിംഗ്സിനു വേഗത കൈവരിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് യൂസുവേന്ദ്ര ചഹാലായിരുന്നു. മൂന്നാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് നേടാനായെങ്കിലും ജസ്പ്രീത് ബുംറ ഉസ്മാന്‍ ഖവാജയെ(42) പുറത്താക്കിയതോടെ 69 റണ്‍സ് കൂട്ടുകെട്ടിനും അവിടെ അവസാനമായി.

അധികം വൈകാതെ സ്മിത്തിനെയും മാര്‍ക്കസ് സ്റ്റോയിനിസിനെയും തന്റെ ഒരോവറില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. സ്മിത്ത് 70 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് പുറത്തായത്. 14 പന്തില്‍ നിന്ന് 28 റണ്‍സ് നേടി ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന് കരുതിയ ഗ്ലെന്‍ മാക്സ്വെല്ലിനെ ചഹാല്‍ പുറത്താക്കിയപ്പോള്‍ 40.4 ഓവറില്‍ ഓസ്ട്രേലിയ 244/6 എന്ന നിലയിലായിരുന്നു.

പിന്നീട് അലെക്സ് കാറെയുടെ വെടിക്കെട്ട് പ്രകടനം ഓവലില്‍ പിറന്നുവെങ്കിലും താരം മറുവശത്ത് ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ഓസ്ട്രേലിയ ഓള്‍ഔട്ട് ആവുമ്പോള്‍ കാറെ 35 പന്തില്‍ നിന്ന് 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്നും യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് വീഴ്ത്തിയത്.

സ്മിത്തിനെ കള്ളനെന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍, ആ വിളി നിര്‍ത്തൂവെന്ന് ആവശ്യപ്പെട്ട് കോഹ്‍ലി

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും വിരാട് കോഹ്‍ലിയും അടിച്ച് തകര്‍ക്കുമ്പോള്‍ ഗ്രൗണ്ടിലേ തേര്‍ഡ് മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു സ്റ്റീവ് സ്മിത്തിനെതിരെ ചില ഇന്ത്യന്‍ ആരാധകരുടെ കള്ളനെന്ന വിളികള്‍ ഉയര്‍ന്നിരുന്നു. ഹാര്‍ദ്ദിക് പുറത്തായ ആ ഇടവേളയില്‍ അത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ട് പകരം വേണമെങ്കില്‍ തനിക്ക് വേണ്ടി ചിയര്‍ ചെയ്യുവാന്‍ കോഹ്‍ലി ആവശ്യപ്പെടുകയായിരുന്നു.

ഇത് കേട്ട ഇന്ത്യന്‍ ആരാധകര്‍ സ്മിത്തിനെതിരെയുള്ള കളിയാക്കല്‍ നിര്‍ത്തുകയായിരുന്നു. കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തിനെത്തുടര്‍ന്ന വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ഇംഗ്ലണ്ടിലെ ആരാധകര്‍ കൂകിവിളികളിലൂടെയാണ് സ്വാഗതം ചെയ്തത്. ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരും സമാനമായ രീതി അവലംബിക്കുന്ന കാഴ്ചയാണ് കാണുന്നത്.

2010നു ശേഷം ഏകദിനത്തില്‍ തുടര്‍ച്ചയായ പത്താം ജയം കുറിച്ച് ഓസ്ട്രേലിയ

തങ്ങളുടെ പ്രതാപകാലത്തിനു ശേഷം 2015ല്‍ ലോകകപ്പ് നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് അതിനു ശേഷം മോശം സമയമായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലം ടീം പല വിവാദങ്ങളിലും തോല്‍വികളിലും ഉള്‍പ്പെട്ട് ആകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലൂടെയാണ് കടന്ന് പോയത്. പന്ത് ചുരണ്ടല്‍ വിവാദത്തിനെത്തുടര്‍ന്ന് സ്മിത്തും വാര്‍ണറും വിലക്ക് നേരിട്ട ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയ്ക്ക് കഷ്ടകാലമായിരുന്നു.

എന്നാല്‍ ഇന്ന് ലോകകപ്പില്‍ ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള ജയം ടീമിന്റെ തുടര്‍ച്ചയായ പത്താം ജയമായിരുന്നു. 2010നു ശേഷം ഇതാദ്യമായാണ് ടീമിനു ഇത്രയും വിജയം അടുപ്പിച്ച് നേടാനാകുന്നത്. ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര 2-0നു പിന്നില്‍ പോയ ശേഷം തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയ പിന്നീടിങ്ങോട്ട് തുടരെ ജയങ്ങളുമായി മുന്നേറുകയാണ്.

ലോകകപ്പിലെ തന്നെ ആദ്യ രണ്ട് മത്സരങ്ങളും ടീം ജയിക്കുകയുണ്ടായി. അതേ സമയം ഇന്നത്തെ മത്സരത്തില്‍ തകര്‍ച്ച നേരിട്ട ശേഷം ബാറ്റിംഗില്‍ സ്മിത്തും കോള്‍ട്ടര്‍‍-നൈലും ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ടീമിനെ കരപിടിച്ചു കയറ്റിയത്. വിന്‍ഡീസ് മത്സരം പിടിച്ചടക്കുമെന്ന് കരുതിയ നിമിഷത്തിലാണ് തന്റെ രണ്ടോവറില്‍ നാല് വിക്കറ്റുകളുമായി കളി ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് സ്റ്റാര്‍ക്ക് മാറ്റി മറിച്ചത്.

അവിശ്വസനീയ ഇന്നിംഗ്സുമായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍, സ്മിത്തിനും അര്‍ദ്ധ ശതകം, അലെക്സ് കാറെയുടെയും നിര്‍ണ്ണായക ഇന്നിംഗ്സ്

ഓസ്ട്രേലിയയുടെ പേര് കേട്ട ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസ് പേസ് പടയ്ക്ക് മുന്നില്‍ മുട്ട് കുത്തിയപ്പോള്‍ ടീമിന്റെ രക്ഷകനായി അവതരിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. സ്മിത്തിന്റെ പൊരുതി നേടിയ അര്‍ദ്ധ ശതകത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ തകര്‍പ്പനടികളിലൂടെ നേടിയ അര്‍ദ്ധ ശതകത്തിന്റെയും അലെക്സ് കാറെയുടെ ചെറുത്ത് നില്പിന്റെയും ബലമായി ഓസ്ട്രേലിയ 79/5 എന്ന നിലയില്‍ നിന്ന് 288 എന്ന സ്കോറിലേക്ക് ഉയരുകയായിരുന്നു. കോള്‍ട്ടര്‍-നൈല്‍ എത്തിയ ശേഷമാണ് ഓസ്ട്രേലിയയുടെ സ്കോറിംഗിനു വേഗത കൂടിയത്. 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി പുറത്തായ കോള്‍ട്ടര്‍-നൈലിന്റെ ഇന്നിംഗ്സാണ് മത്സരഗതിയെ ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കി മാറ്റിയത്. 8 ഫോറും 4 സിക്സുമാണ് കോള്‍ട്ടര്‍-നൈല്‍ നേടിയത്.

ഷെല്‍ഡണ്‍ കോട്രെല്‍ നയിച്ച വിന്‍ഡീസ് പേസ് നിര ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ടീം 38/4 എന്ന നിലയിലേക്ക് വീണിരുന്നു. സ്മിത്തും സ്റ്റോയിനിസുമാണ് ഓസ്ട്രേലിയയുടെ രക്ഷാപ്രവര്‍ത്തനം ആദ്യം ആരംഭിച്ചത്. 41 റണ്‍സ് നേടി കൂട്ടുകെട്ടിനെ മുന്നോട്ട് നയിക്കവെ സ്റ്റോയിനിസിനെ വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ പുറത്താക്കി 19 റണ്‍സാണ് താരം നേടിയത്. പിന്നീട് ഓസ്ട്രേലിയയെ 67 റണ്‍സുമായി ആറാം വിക്കറ്റില്‍ സ്മിത്ത്-കാറെ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

45 റണ്‍സ് നേടിയ കാറെയെ ആന്‍ഡ്രേ റസ്സല്‍ പുറത്താക്കിയപ്പോള്‍ പകരമെത്തിയ നഥാന്‍ കോള്‍ട്ര്‍ നൈല്‍ സ്മിത്തിനു മികച്ച പിന്തുണ നല്‍കി. കോള്‍ട്ടര്‍-നൈല്‍ അതിവേഗം സ്കോറിംഗ് തുടര്‍ന്ന് തന്റെ അര്‍ദ്ധ ശതകം നേടുക കൂടി ചെയ്തപ്പോള്‍ പൊരുതാവുന്ന സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങി.

73 റണ്‍സ് നേടി സ്മിത്തിനെ പുറത്താക്കി ഒഷെയ്‍ന്‍ തോമസ് ആണ് ഓസ്ട്രേലിയയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. 102 റണ്‍സാണ് ഏഴാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. 103 പന്തില്‍ നിന്നാണ് സ്മിത്തിന്റെ ഇന്നിംഗ്സ്. 49 ഓവറില്‍ 288 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. വിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്‍വൈറ്റ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒഷെയ്‍ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പാക്കിസ്ഥാന് പിന്നാലെ ഓസ്ട്രേലിയയെയും എറിഞ്ഞിട്ട് വിന്‍ഡീസ് പേസ് പട, കംഗാരുകള്‍ക്ക് നഷ്ടമായത് 5 വിക്കറ്റ്

പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയതിനു ശേഷം ഓസ്ട്രേലിയെയും വെള്ളം കുടിപ്പിച്ച് വിന്‍ഡീസ് പേസ് പട. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എതിരാളികളെ 38/4 എന്ന നിലയിലേക്ക് വിന്‍ഡീസ് പേസ് പട എറിഞ്ഞിട്ട ശേഷം സ്റ്റീവന്‍ സ്മിത്ത്-മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് നേടി ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകര്‍ന്നത്.

എന്നാല്‍ ഡ്രിംഗ്സിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് സ്റ്റോയിനിസിനെയും നഷ്ടമായി. 18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റീവന്‍ സ്മിത്ത് 23 റണ്‍സും അലെക്സ് കാറെ റണ്ണൊന്നും എടുക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ രണ്ട് വിക്കറ്റ് നേടി.

കാണികളുടെ പെരുമാറ്റം പ്രതീക്ഷിച്ചത്, അവ നേരിടുവാന്‍ തയ്യാറെടുത്ത് തന്നെയാണ് എത്തിയത്

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് എത്തിയ ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും ഇംഗ്ലണ്ടിലെ കാണികള്‍ വരവേറ്റത്ത് കൂകി വിളികളോടു കൂടിയാണ്. സന്നാഹ മത്സരത്തില്‍ ഇവയെ മറികടന്ന് സ്മിത്ത് ശതകം നേടിയപ്പോള്‍ ഇന്നലെ ബ്രിസ്റ്റോളില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാനുള്ള നിയോഗം വാര്‍ണര്‍ക്കായിരുന്നു. താരം ഇന്നലെ പുറത്താകാതെ 89 റണ്‍സ് നേടിയാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.

തന്റെ പതിവ് ശൈലിയില്‍ അല്ലെങ്കിലും നിര്‍ണ്ണായക പ്രകടനമാണ് വാര്‍ണര്‍ ഇന്നലെ പുറത്തെടുത്തത്. ഇന്നലെയും പ്രതീക്ഷിച്ച പെരുമാറ്റം തന്നെയാണ് കാണികളില്‍ നിന്ന് നേരിട്ടത്. ബ്രിസ്ബെയിനിലെ ക്യാമ്പില്‍ തന്നെ ഇതിനെക്കുറിച്ച് തങ്ങള്‍ വിശദീകരിച്ചുവെന്ന് ഓരോരുത്തരും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ വെളിപ്പെടുത്തിയത്. ഈ പെരുമാറ്റത്തെ എങ്ങനെ നേരിടുമെന്നും എങ്ങനെ പ്രതികരിക്കുമെന്നു ടീം കൂട്ടായി ചര്‍ച്ച ചെയ്തതാണെന്നാണ് ഓസ്ട്രേലിയന്‍ താരം ആഡം സംപയും പറയുന്നത്.

ഇംഗ്ലണ്ടില്‍ സാധാരണ വരുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാവുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞു. സ്ക്വാഡിലെ ഓരോരുത്തുരും ഇതിനു വേണ്ടി തയ്യാറെടുപ്പ് നടത്തിയെന്നും കോള്‍ട്ടര്‍-നൈല്‍ വ്യക്തമാക്കി.

കൂകിവിളികളും ചതിയന്മാരെന്ന വിളി കേട്ടും സ്മിത്തും വാര്‍ണറും, ശതകത്തിലൂടെ മറുപടി നല്‍കി സ്മിത്ത്

ഇന്നലെ ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയയുടെ വിവാദ താരങ്ങള്‍ക്കെതിരെ ബാര്‍മി ആര്‍മിയുടെ ആക്രോശങ്ങള്‍. സ്മിത്തിനെയും വാര്‍ണറെയും കൂകി വിളിച്ചും ചതിയന്മാരെന്നും വിളിച്ചാണ് ബാര്‍മി ആര്‍മി വരവേറ്റത്. മത്സരത്തില്‍ ആരോണ്‍ ഫിഞ്ച് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി വാര്‍ണര്‍ എത്തിയ ഉടനെയായിരുന്നു കൂകി വിളി തുടങ്ങിയത്, ഒപ്പം ചതിയനെന്ന് ഉറക്കെ വിളിക്കുകയും ചെയ്തു.

സമാനമായ രീതിയില്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗിനിറങ്ങിയപ്പോളും ഇംഗ്ലണ്ട് കാണികള്‍ ഇതാവര്‍ത്തിച്ചു. എന്നാല്‍ ഇവരുടെ കളിയെ ഇത് ബാധിച്ചില്ല. ഡേവിഡ് വാര്‍ണര്‍ 43 റണ്‍സും സ്റ്റീവ് സ്മിത്ത് 116 റണ്‍സും നേടി മികവ് തെളിയിച്ചിരുന്നു മത്സരത്തില്‍. എന്നാല്‍ ശതകം നേടിയ സ്മിത്ത് ബാറ്റുയര്‍ത്തിയപ്പോളും ചിലര്‍ കൂകുന്നത് കാണാമായിരുന്നു.

വിവാദ താരങ്ങള്‍ക്ക് മാന്യമായ പെരുമാറ്റം ഇംഗ്ലണ്ട് ആരാധകരില്‍ നിന്ന് ലഭിയ്ക്കുമെന്ന് പ്രതീക്ഷ

ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മിയില്‍ നിന്ന് മാന്യമായ പെരുമാറ്റം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ഒരു വര്‍ഷത്തെ വിലക്കിനു ശേഷം ഓസ്ട്രേലിയയ്ക്കായി കളിയ്ക്കാനെത്തുന്ന താരങ്ങളെ ഇംഗ്ലണ്ടിന്റെ വിഖ്യാതമായ ആരാധക്കൂട്ടം എങ്ങനെ വരവേല്‍ക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റ് ആസ്വദിക്കാനാകണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് മോയിന്‍ അലി പറഞ്ഞത്. കാര്യങ്ങള്‍ വ്യക്തിപരമായി ആകാതെ രസകരമായ വിധത്തില്‍ നിലനിന്നാല്‍ കാര്യങ്ങള്‍ ആസ്വാദ്യകരമാകും. ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങളും മനുഷ്യരാണ്, വികാരങ്ങള്‍ക്കും മറ്റും ഉടമകള്‍. വാര്‍ണറും സ്മിത്തും നല്ല വ്യക്തികളാണ്, അവര്‍ക്ക് മാന്യമായ പ്രതികരണങ്ങള്‍ ലഭിയ്ക്കണമെന്നാണ് തന്റെ ആഗ്രഹം. അവരുടെ ക്രിക്കറ്റ് മാത്രമാകണം വിലയിരുത്തപ്പെടേണ്ടത് എന്നും മോയിന്‍ അലി പറഞ്ഞു.

Exit mobile version