അവസരം നല്‍കുകയാണെങ്കില്‍ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുവാന്‍ തയ്യാര്‍

കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. 18 മാസത്തെ വിലക്കിന് ശേഷം തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

തനിക്ക് ക്യാപ്റ്റന്‍സി അവസരം നല്‍കുകയാണെങ്കില്‍ താന്‍ വീണ്ടും അത് ഏറ്റെടുക്കുവാന്‍ തയ്യാറാണെന്നാണ് സ്മിത്ത് ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്. സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് നായക സ്ഥാനം ടിം പെയിന്‍ ഏറ്റെടുക്കുകയായിരുന്നു.

ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗില്‍ ആഷസ് നിലനിര്‍ത്തുവാന്‍ ടിം പെയിനിന് സാധിച്ചുവെങ്കിലും താരത്തിന് 36 വയസ്സാണെന്നുള്ളതാണ് ഇനി ഭാവി എന്തെന്നുള്ള ചോദ്യത്തിലേക്ക് നയിക്കുന്നത്.

ഓസ്ട്രേലിയയുടെ നിലവിലെ ഉപ നായകനായ പാറ്റ് കമ്മിന്‍സ് ആണ് മറ്റൊരു ക്യാപ്റ്റന്‍സി സ്ഥാനമോഹിയെങ്കിലും പൊതുവില്‍ ഓസ്ട്രേലിയ ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റനാക്കുന്നതില്‍ വിമുഖത പ്രകടപ്പിക്കുന്ന രാജ്യമാണ്.

1956ല്‍ റേ ലിന്‍ഡ്വാള്‍ ആണ് അവസാനമായി ഓസ്ട്രേലിയയെ നയിച്ച ഫാസ്റ്റ് ബൗളര്‍. സ്മിത്ത് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് ഈ നീക്കത്തിനോട് താല്പര്യമുണ്ടോയെന്നതില്‍ വ്യക്തതയില്ല.

സ്മിത്തിനെ രാജസ്ഥാന്‍ റിലീസ് ചെയ്തേക്കുമെന്ന് സൂചന, സഞ്ജു ക്യാപ്റ്റനാകുമോ?

ഐപിഎല്‍ 2021 ലേലം ഉടന്‍ നടക്കാനിരിക്കവെ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തേക്കുമെന്ന് സൂചന. ജനുവരി 20ന് അകം ടീമുകളോട് അവര്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അവസാന ലിസ്റ്റ് നല്‍കണമെന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

2020 ഐപിഎല്‍ സീസണില്‍ അവസാന സ്ഥാനക്കാരായി മാറിയ രാജസ്ഥാന് വേണ്ടി സ്റ്റീവ് സ്മിത്തിന് 14 ലീഗ് മത്സരങ്ങളില്‍ നിന്ന് 311 റണ്‍സാണ് 131 സ്ട്രൈക്ക് റേറ്റില്‍ നേടാനായത്. താരം മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ടീമിന് വേണ്ടി പ്രഭാവമുള്ള ഇന്നിംഗ്സോ നായകന്റെ ഗുണങ്ങളോ താരത്തിന് പുറത്തെടുക്കാനായില്ല.

2018 ലേലത്തിന് മുമ്പ് സ്റ്റീവ് സ്മിത്തിനെ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയതെങ്കിലും താരത്തിന് കേപ് ടൗണിലെ ബോള്‍ ടാംപെറിംഗ് സംഭവത്തോടെ സീസണില്‍ കളിക്കാനായില്ല. എന്നാല്‍ 2019ലെ മോശം പ്രകടനത്തിന് ശേഷം രഹാനെയില്‍ നിന്ന് സ്മിത്തിന് ക്യാപ്റ്റന്‍സി നല്‍കുവാന്‍ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

സ്മിത്ത് പുറത്ത് പോകുന്ന പക്ഷം പുതിയൊരു ക്യാപ്റ്റനെ നിയമിക്കുക എന്ന ദൗത്യമാണ് രാജസ്ഥാന്‍ റോയല്‍സിന് മുന്നിലുള്ളത്. ജോസ് ബട്‍ലറിനും ബെന്‍ സ്റ്റോക്സിനും ക്യാപ്റ്റന്‍സി ലഭിയ്ക്കുവാന്‍ ഏറെ സാധ്യതയുണ്ടെങ്കിലും ഇരുവരും സീസണ്‍ മുഴുവന്‍ ഇല്ലാത്തതിനാല്‍ തന്നെ സഞ്ജു സാംസണിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുവാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നത്. കേരളത്തിനെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ നയിക്കുകയാണ് സഞ്ജു സാംസണ്‍ ഇപ്പോള്‍.

2020 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു സഞ്ജു സാംസണ്‍. കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിന് പുറമെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.

ഓസ്ട്രേലിയയുടെ ലീഡ് മുന്നൂറിനടുത്തേക്ക്, ലാബൂഷാനെയ്ക്കും സ്മിത്തിനും അര്‍ദ്ധ ശതകം

സിഡ്നി ടെസ്റ്റില്‍ നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 182/4 എന്ന നിലയില്‍. മത്സരത്തില്‍ 276 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്ക് കൈവശമുള്ളത്. മത്സരത്തില്‍ അഞ്ച് സെഷനുകള്‍ അവശേഷിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. മാര്‍നസ് ലാബൂഷാനെ, മാത്യു വെയിഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് ഇന്ന് നഷ്ടമായത്.

Labuschagne

73 റണ്‍സ് നേടിയ ലാബൂഷാനെയുടെയും 4 റണ്‍സ് നേടിയ മാത്യു വെയിഡിന്റെയും വിക്കറ്റുകള്‍ നവ്ദീപ് സൈനി ആണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി 58 റണ്‍സുമായി സ്മിത്തും 20  റണ്‍സ് നേടി കാമറൂണ്‍ ഗ്രീനുമാണ് ക്രീസിലുള്ളത്.

സ്മിത്ത് ഉടന്‍ ഫോമിലേക്ക് എത്തും, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ആന്‍‍ഡ്രൂ മക്ഡൊണാള്‍ഡ്

സ്റ്റീവന്‍ സ്മിത്ത് ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ സഹ പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഇന്ത്യയ്ക്ക് മാര്‍നസ് ലാബൂഷാനെയെയും സ്റ്റീവ് സ്മിത്തിനെയും അവരുടെ ലെഗ് സൈഡ് തിയറിയിലൂടെ നിയന്ത്രിക്കാനായാതാണ് ഒരു പരിധി വരെ ഓസ്ട്രേലിയന്‍ ബാറ്റിംഗിന്റെ പരാജയത്തിന്റെ കാരണമെന്നും മക്ഡൊണാള്‍ഡ് വ്യക്തമാക്കി.

സ്മിത്ത് ക്രീസില്‍ അധികം സമയം ചെലവഴിക്കുവാന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപത്തോട് തനിക്ക് അനുകൂലമായ നിലപാടല്ലെന്നും മക്ഡൊണാള്‍ഡ് വ്യക്തമാക്കി. ഇന്ത്യ പ്രത്യേക പദ്ധതികളുമായാണ് ഇവരെ പിടിച്ചുകെട്ടിയതെന്നും എന്നാലും വരുന്ന ടെസ്റ്റില്‍ അതിനെ മറികടന്ന് റണ്‍സ് സ്മിത്ത് കണ്ടെത്തുമെന്നും മക്ഡൊണാള്‍ഡ് സൂചിപ്പിച്ചു.

ഈ രണ്ട് താരങ്ങളും ഇന്ത്യയുടെ ലെഗ് സൈഡ് തിയറിയെ അതിജീവിക്കുവാന്‍ അവരുടെ തന്നെ രീതിയുമായി വരുമെന്നും ഇവരുടെ ഇപ്പോളത്തെ പരാജയത്തിന് ടെക്നിക്കുമായി ഒരു ബന്ധവുമില്ലെന്നും മക്ഡൊണാള്‍ഡ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ബൗളര്‍മാരുടെയും ക്യാപ്റ്റന്മാരുടെയും തന്ത്രങ്ങളെ ഇവര്‍ എങ്ങനെ മറികടക്കുന്നു എന്നത് മാത്രമാണ് കാത്തിരുന്ന് കാണേണ്ടതെന്നും ഇന്ത്യയ്ക്ക് മുന്നറിയിപ്പെന്ന രീതിയില്‍ മക്ഡൊണാള്‍ഡ് പറഞ്ഞു.

ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി കെയിന്‍ വില്യംസണ്‍, കോഹ്‍ലിയെയും സ്മിത്തിനെയും മറികടന്നു

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ബേ ഓവലില്‍ പാക്കിസ്ഥാനെതിരെ നേടിയ 129 റണ്‍സാണ് താരത്തെ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. സ്റ്റീവന്‍ സ്മിത്തിനെയും വിരാട് കോഹ്‍ലിയെയും മറികടന്നാണ് വില്യംസണ്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്.

2015 ഡിസംബറില്‍ ഇതിന് മുമ്പ് വില്യംസണ്‍ ഒന്നാം റാങ്കില്‍ എത്തിയത്. 890 റേറ്റിംഗ് പോയിന്റുള്ള വില്യംസണ്‍ വിരാട് കോഹ്‍ലിയെക്കാള്‍ 11 പോയിന്റും സ്റ്റീവ് സ്മിത്തിനെക്കാള്‍ 13 പോയിന്റും മുന്നിലാണ്.

പരിശീലനം മതിയാക്കി സ്റ്റീവ് സ്മിത്ത് മടങ്ങി, ആശങ്കയില്‍ ഓസ്ട്രേലിയന്‍ ക്യാമ്പ്

ഇന്ത്യയ്ക്കെതിരെ 17ന് ആരംഭിക്കുവാരിക്കുന്ന അഡിലെയ്ഡ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് കളിക്കുമോ എന്ന സംശയത്തില്‍ ഓസ്ട്രേലിയന്‍ ആരാധകര്‍. താരം ഇന്ന് തന്റെ പരിശീലന സെഷന് നേരത്തെ മതിയാക്കി മടങ്ങിയതാണ് ഓസ്ട്രേലിയന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയത്. താരം നെറ്റ്സില്‍ വാംഅപ്പിന് ശേഷം ബാറ്റിംഗിനിറങ്ഹാതെ മടങ്ങുകയായിരുന്നു.

താരത്തിനെ പുറംവേദന അലട്ടുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. സ്മിത്ത് നാളെ മത്സരത്തിന്റെ തലേ ദിവസം വീണ്ടും പരിശീലനത്തിനിറങ്ങുമെന്നാണ് ലഭിയ്ക്കുന്ന വിവരം. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറുടെ സേവനം നിലവില്‍ നഷ്ടമായിട്ടുണ്ട്. മറ്റൊരു ഓപ്പണര്‍ വില്‍ പുകോവസ്കിയും ആദ്യ മത്സരത്തില്‍ കളിക്കില്ല.

വെയിഡും സ്മിത്തും കസറി, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. 32 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ മാത്യൂ വെയിഡും 38 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തും തിളങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലും(22) മോയിസസ് ഹെന്‍റിക്സുമെല്ലാം(26) നിര്‍ണ്ണായക പ്രകടനങ്ങളാണ് പുറത്തെടുത്തത്. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ്(16*), ഡാനിയേല്‍ സാംസ്(8*) എന്നിവരും അവസാന ഓവറുകളില്‍ റണ്‍ വാരിക്കൂട്ടുകയായിരുന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഡാര്‍സി ഷോര്‍ട്ടിനെ കാഴ്ചക്കാരനാക്കി മാത്യൂ വെയിഡ് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. 47 റണ്‍സ് ആണ് കൂട്ടുകെട്ട് നേടിയത്. വെയിഡ് പുറത്തായ ശേഷം സ്മിത്തിനായിരുന്നു ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുവാനുള്ള ദൗത്യം.

9 പന്തില്‍ നിന്ന് 23 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനിസും ഡാനിയേല്‍ സാംസും ഒപ്പം കൂടിയപ്പോള്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സ്കോര്‍ നേടുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ നാലോവറില്‍ വെറും 20 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ നടരാജന്റെ പ്രകടനമാണ് മികച്ച് നിന്നത്.

ശതകം ശീലമാക്കി സ്മിത്ത്, റണ്‍സ് വാരിക്കൂടി ഓസ്ട്രേലിയ, എന്ത് ചെയ്യണമെന്നറിയാതെ ഇന്ത്യന്‍ ബൗളര്‍മാര്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ഒരു പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങിയ ബാറ്റ്സ്മാന്മാര്‍ എല്ലാം റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്. 389 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ നേടിയത്.

ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 142 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. ഷമി ഫിഞ്ചിനെ പുറത്താക്കുമ്പോള്‍ താരം 60 റണ്‍സാണ് നേടിയത്. അധികം വൈകാതെ ഡേവിഡ് വാര്‍ണര്‍ റണ്ണൗട്ടായപ്പോള്‍ താരം 77 പന്തില്‍ നിന്ന് 83 റണ്‍സാണ് നേടിയത്.

പിന്നീട് സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബൂഷാനെയും ചേര്‍ന്നാണ് സ്കോറിംഗ് മുന്നോട്ട് നയിച്ചത്. 104 റണ്‍സ് നേടിയ സ്മിത്ത് പുറത്താകുമ്പോള്‍ മൂന്നാം വിക്കറ്റില്‍ ലാബൂഷാനെയുമായി ചേര്‍ന്ന് താരം 136 റണ്‍സാണ് നേടിയത്. 64 പന്തില്‍ നിന്നാണ് സ്മിത്ത് ഈ സ്കോര്‍ നേടിയത്. മാര്‍നസ് ലാബൂഷാനെ 70 റണ്‍സ് നേടി പുറത്തായപ്പോള്‍ മാക്സ്വെല്ലുമായി നാലാം വിക്കറ്റില്‍ 45 പന്തില്‍ നിന്ന് 80 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്.

ഗ്ലെന്‍ മാക്സ്വെല്ലും തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഓസ്ട്രേലിയ 50 ഓവറില്‍ 389 റണ്‍സ് നേടി. മാക്സ്വെല്‍ 29 പന്തില്‍ നിന്നാണ് 63 റണ്‍സ് നേടിയത്.

ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെല്ലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് നേടി.

ഒന്നാം വിക്കറ്റില്‍ വാര്‍ണറും ചേര്‍ന്ന് 156 റണ്‍സാണ് നേടിയത്. 76 പന്തില്‍ 69 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. സ്മിത്തിനൊപ്പം 108 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടിയ ശേഷമാണ് ഫിഞ്ച് പുറത്തായത്. ബുംറയ്ക്കായിരുന്നു 114 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ നായകന്റെ വിക്കറ്റ്.

താന്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി മാര്‍ക്കസ് സ്റ്റോയിനിസും മടങ്ങിയപ്പോള്‍ ഓസ്ട്രേലിയ 264/1 എന്ന നിലയില്‍ നിന്ന് 271/3 എന്ന നിലയിലേക്ക് വീണുവെങ്കിലും ഗ്ലെന്‍ മാക്സ്വെല്‍ ക്രീസിലെത്തി അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചഹാലിനാണ് സ്റ്റോയിനിസിന്റെ വിക്കറ്റ്.

19 പന്തില്‍ നിന്ന് 45 റണ്‍സ് നേടി മാക്സ്വെല്‍ മടങ്ങിയെങ്കിലും ഓസ്ട്രേലിയയുടെ സ്കോര്‍ മുന്നൂറ് കടന്നിരുന്നു. സ്മിത്തുമായി ചേര്‍ന്ന് താരം 57 റണ്‍സാണ് 25 പന്തില്‍ നിന്ന് മാക്സ്വെല്‍ നേടിയത്. മുഹമ്മദ് ഷമിയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ മാര്‍നസ് ലാബൂഷാനെയെ പുറത്താക്കി സൈനിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

62 പന്തില്‍ നിന്ന് തന്റെ ശതകം നേടിയ സ്റ്റീവന്‍ സ്മിത്ത് 105 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അലെക്സ് കാറെ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി.

സ്മിത്തിനെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് തളര്‍ത്താമെന്ന് കരുതേണ്ട – ഓസ്ട്രേലിയന്‍ ഉപ പരിശീലകന്‍

സ്റ്റീവന്‍ സ്മിത്തിനെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് പിടിച്ച് കെട്ടാമെന്ന് കരുതേണ്ടതില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ സഹ പരിശീലകന്‍ ആയ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഇന്ത്യന്‍ പേസര്‍മാര്‍ സ്മിത്തിനെതിരെ അത് പ്രയോഗിക്കുകയാണെങ്കില്‍ ഫലപ്രദമായേക്കില്ല എന്ന മുന്നറിയിപ്പും ആന്‍ഡ്രൂ നല്‍കി.

സ്മിത്തിനെ ഈ രീതിയില്‍ ഇന്ത്യ നേരിടുമെന്ന് ഉറപ്പാണെന്ന് പറഞ്ഞ ആന്‍ഡ്രു പക്ഷേ ഇന്ത്യയ്ക്ക് ഒരു പ്ലാന്‍ ബി ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്നും വ്യക്തമാക്കി. മുമ്പും ഈ സമീപനം സ്മിത്തിനെതിരെ ഇവര്‍ പുറത്തെടുത്തുവെങ്കിലും വിജയം കണ്ടില്ലെന്നാണ് കാണാനാകുന്നതെന്ന് ആന്‍ഡ്രൂ വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ ഇത് പ്രയോഗിച്ച് സ്മിത്തിന്റെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിപ്പിച്ചുവെങ്കിലും അതിന് ശേഷം സ്മിത്ത് റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്.

തുടക്കം സ്റ്റോക്സിന്റെ വെടിക്കെട്ടോടെ, സഞ്ജുവിന്റെ റണ്ണൗട്ടിന് ശേഷം രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച് ക്യാപ്റ്റന്‍ സ്മിത്ത്

186 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച വിജയം. 17.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഏറെ നിര്‍ണ്ണായകമായ വിജയം നേടിയത്. ബെന്‍ സ്റ്റോക്സ് നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ രാജസ്ഥാന്‍ ടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ സഞ്ജുവും സ്മിത്തും റോബിന്‍ ഉത്തപ്പയും ബട്‍ലറുമെല്ലാം തിളങ്ങുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്.

ടോപ് ഓര്‍ഡറില്‍ ബെന്‍ സ്റ്റോക്സിന്റെ മിന്നും ഇന്നിംഗ്സാണ് വലിയ സ്കോര്‍ ചേസ് ചെയ്യുവാനുള്ള തുടക്കം രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്. 5.3 ഓവറില്‍ 60 റണ്‍സ് കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ നേടിയപ്പോള്‍ അതില്‍ 50 റണ്‍സും ബെന്‍ സ്റ്റോക്സ് ആണ് നേടിയത്. 26 പന്ത് നേരിട്ട താരത്തിന് എന്നാല്‍ അര്‍ദ്ധ ശതകത്തിന് ശേഷം റണ്‍സൊന്നും നേടാനായില്ല. 6 ഫോറും മൂന്ന് സിക്സുമാണ് ബെന്‍ സ്റ്റോക്സ് നേടിയത്. ക്രിസ് ജോര്‍ദ്ദാനാണ് സ്റ്റോക്സിന്റെ വിക്കറ്റ്.

സ്റ്റോക്സിന് പകരം ക്രീസിലെത്തിയ സഞ്ജു മികച്ച രീതിയില്‍ തുടങ്ങിയപ്പോള്‍ മറുവശത്ത് റോബിന്‍ ഉത്തപ്പയും തന്നാലാവുന്ന തരത്തില്‍ റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് 51 റണ്‍സ് നേടിയെങ്കിലും 23 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ഉത്തപ്പയെ മുരുഗന്‍ അശ്വിന്‍ ആണ് പുറത്താക്കിയത്.

അവസാന ആറോവറില്‍ വെറും 42 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് എന്നാല്‍ വലിയ തിരിച്ചടിയാണ് അടുത്ത ഓവറില്‍ നേരിടേണ്ടി വന്നത്. ടീമിന്റെ ചേസിംഗ് മുന്നോട്ട് നയിച്ച സഞ്ജു സാംസണ്‍ അനാവശ്യമായ ഒരു റണ്ണൗട്ടിലൂടെ പുറത്തായപ്പോള്‍ വീണ്ടും രാജസ്ഥാന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരന്നു.

25 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സഞ്ജു നാല് ഫോറും മൂന്ന് സിക്സുമാണ് നേടിയത്. സ്മിത്തുമായി ചേര്‍ന്ന് 34 റണ്‍സാണ് സഞ്ജു മൂന്നാം വിക്കറ്റില്‍ നേടിയത്. 24 പന്തില്‍ നിന്ന് 30 റണ്‍സെന്ന നിലയില്‍ മുഹമ്മദ് ഷമി എറിഞ്ഞ ഓവറില്‍ മൂന്ന് ബൗണ്ടറി സ്മിത്തും അവസാന പന്തില്‍ ജോസ് ബട്‍ലറും ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 19 റണ്‍സാണ് വന്നത്.

സ്മിത്ത് 20 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്ലര്‍ 11 പന്തില്‍ 22 റണ്‍സ് നേടി. രണ്ട് നിര്‍ണ്ണായക സിക്സുകള്‍ അടക്കമായിരുന്നു ബട്‍ലറുടെ ഇന്നിംഗ്സ്.

 

ബയോ ബബിള്‍ മടുത്തു, ബിഗ് ബാഷ് കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം

സിഡ്നി സിക്സേര്‍സിന് വേണ്ടി ഇത്തവണത്തെ ബിഗ് ബാഷ് കളിക്കുവാന്‍ താനില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായി കളിക്കുന്ന താരത്തിന് എന്നാല്‍ നാട്ടില്‍ നടക്കുന്ന ബിഗ് ബാഷിനായി ബയോ ബബിളില്‍ തുടരാന്‍ വയ്യെന്നാണ് പറയുന്നത്.

ഇംഗ്ലണ്ടിലെ പരമ്പരയ്ക്ക് ശേഷം ഐപിഎലിലെ ബയോ ബബിളിലേക്കാണ് സ്മിത്ത് പറന്നെത്തിയത്. ഐപിഎല്‍ കഴിഞ്ഞ് തിരികെ ബിഗ് ബാഷിനായി ബബിളില്‍ തുടരുവാന്‍ വയ്യെന്നും അത് കഴിഞ്ഞ് ഇന്ത്യയുമായുള്ള പരമ്പരയുള്ളതിനാല്‍ തന്നെ അല്പം വിശ്രമം ആവശ്യമാണെന്നുമാണ് സ്മിത്ത് പറയുന്നത്.

ഡിസംബര്‍ 3നാണ് ബിഗ് ബാഷ് ലീഗ് ആരംഭിക്കുന്നത്. സ്മിത്തിന്റെ ചുവട് പിടിച്ച് മറ്റു താരങ്ങളും ഈ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുമോ എന്നതാണ് ഇനി നോക്കേണ്ട കാര്യം.

Exit mobile version