റണ്ണെടുക്കാന്‍ ബുദ്ധിമുട്ടി രാജസ്ഥാന്‍ റോയല്‍സ്, സ്മിത്തിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 139 റണ്‍സിലേക്ക് എത്തി ആതിഥേയര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കണിശതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ പതറി ജോസ് ബട്‍ലര്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍. ആദ്യ പത്തോവറില്‍ നിന്ന് 56 റണ്‍സ് മാത്രമാണ് ടീമിനു നേടാനായത്. പിന്നീട് 20 ഓവര്‍ പിന്നിടുമ്പോള്‍ സ്റ്റീവ് സ്മിത്ത് നേടിയ 73 റണ്‍സിന്റെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 139 റണ്‍സിലൊതുങ്ങി. സ്മിത്ത് 59 പന്തില്‍ നിന്ന് 73 റണ്‍സ് നേടി പുറത്താകാതെ നിന്നു. 7 ബൗണ്ടറിയും ഒരു സിക്സുമാണ് സ്മിത്തിന്റെ നേട്ടം. കൊല്‍ക്കത്തയ്ക്കായി ഹാരി‍ ഗുര്‍ണേ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.

നായകന്‍ അജിങ്ക്യ രഹാനെയെ രണ്ടാം ഓവറില്‍ നഷ്ടമായ ശേഷം 72 റണ്‍സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ ജോസ് ബട്‍ലറും-സ്റ്റീവന്‍ സ്മിത്തും നേടിയെങ്കിലും കൂട്ടുകെട്ടിനു ഒരു ഘട്ടത്തിലും ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താനായിരുന്നില്ല. 12ാം ഓവറില്‍ ജോസ് ബട്‍ലറെ നഷ്ടമായതോടെ വലിയ സ്കോറെന്ന രാജസ്ഥാന്റെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായി കാര്യങ്ങള്‍.

34 പന്തില്‍ നിന്ന് 37 റണ്‍സാണ് ജോസ് ബട്‍ലര്‍ നേടിയത്. രാഹുല്‍ ത്രിപാഠിയും സ്കോറര്‍മാരെ അധികം ബുദ്ധിമുട്ടിക്കാതെ മടങ്ങിയപ്പോള്‍ 16 ഓവറില്‍ നിന്ന് 106 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. അവസാന നാലോവറില്‍ നിന്ന് 33 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ്  നേടിയത്.

ജയമില്ലാത്തത് ആര്‍സിബിയ്ക്ക് മാത്രം, ഒരു പന്ത് അവശേഷിക്കെ ജയം സ്വന്തമാക്കി രാജസ്ഥാന്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആദ്യം ബാറ്റിംഗിനു അയയ്ച്ച ശേഷം 158 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ ഐപിഎലില്‍ ഇതുവരെ ജയം നേടാനാകാത്ത ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മാറി. ജോസ് ബട്‍ലറുടെ അര്‍ദ്ധ ശതകത്തോടൊപ്പം സ്റ്റീവ് സ്മിത്ത്(38), രാഹുല്‍ ത്രിപാഠി(34) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനു ജയം ഉറപ്പാക്കിയത്.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 7.4 ഓവറില്‍ നിന്ന് ജോസ് ബട്‍ലര്‍-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 60 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. 22 റണ്‍സ് നേടിയ രഹാനെയെ ചഹാല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ രാജസ്ഥാന് ആദ്യ തിരിച്ചടി നേരിടേണ്ടി വന്നു. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ജോസ് ബട‍്‍‍ലറും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി.

12.4 ഓവറില്‍ ജോസ് ബട്‍ലറെയും ചഹാല്‍ തന്നെ പുറത്താക്കിയപ്പോള്‍ 43 പന്തില്‍ നിന്ന് 59 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് വീഴുമ്പോള്‍ 12.4 ഓവറില്‍ 104 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയിരുന്നത്. ബട്‍ലര്‍ പുറത്തായ ശേഷം റണ്‍സ് നേടുവാന്‍ പഴയ വേഗതയില്ലായിരുന്നുവെങ്കിലും ലക്ഷ്യം അത്ര വലുതല്ലാതിരുന്നത് രാജസ്ഥാനെ അലട്ടിയില്ല.

30 പന്തില്‍ ജയിക്കാന്‍ 38 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് ടൈം ഔട്ട് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ സ്റ്റീവ് സ്മിത്ത് വലിയ അടിയ്ക്ക് മുതിര്‍ന്നുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവിന്റെ അടുത്തേക്ക് മാത്രമേ അടിക്കുവാന്‍ സാധിച്ചുള്ളു. എന്നാല്‍ ചഹാലിന്റെ ഓവറില്‍ ലഭിച്ച അവസരം ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് കൈവിട്ടതോടെ ബാംഗ്ലൂരിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. തന്റെ നാലോവറില്‍ 17 റണ്‍സിനു രണ്ട് വിക്കറ്റ് നേടിയാണ് യൂസുവേന്ദ്ര ചഹാല്‍ തന്റെ സ്പെല്‍ അവസാനിപ്പിച്ചത്.

അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 34 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ 17ാം  ഓവറില്‍ 16 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്തും രാഹുല്‍ ത്രിപാഠിയും ലക്ഷ്യം 18 പന്തില്‍ 18 ആക്കി മാറ്റി. നവദീപ് സൈനിയുടെ അടുത്ത ഓവറില്‍ നിന്ന് 9 റണ്‍സ് നേടി മത്സരം രാജസ്ഥാന്റെ പക്ഷത്തേക്ക് സ്മിത്തും ത്രിപാഠിയും ചേര്‍ന്ന് മാറ്റിയിരുന്നു.

അടുത്ത ഓവറില്‍ സ്മിത്ത് വീണ്ടുമൊരു അവസരം നല്‍കിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അതും കൈവിട്ടും. മുഹമ്മദ് സിറാജിന്റെ ഓവറില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയ പവന്‍ നേഗിയാണ് ക്യാച്ച് കൈവിട്ടത്. അടുത്ത പന്തില്‍ രാഹുല്‍ ത്രിപാഠി നല്‍കിയ അവസരം മോയിന്‍ അലിയും കൈവിട്ടതോടെ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ മുഖം പൊത്തി നടക്കുന്ന കാഴ്ചയാണ് കണ്ടത്. അവസാന പന്തില്‍ സ്റ്റീവ് സ്മിത്ത് കൂറ്റനടിയ്ക്ക് ശ്രമിച്ചുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് പിടിച്ച് പുറത്തായപ്പോള്‍ സിറാജിനു ആശ്വാസ വിക്കറ്റ് ലഭിച്ചു.

അവസാന ഓവറില്‍ ജയിക്കുവാന്‍ അഞ്ച് റണ്‍സ് നേടേണ്ടിയിരുന്ന രാജസ്ഥാന്‍ ഒരു പന്ത് അവശേഷിക്കെ വിജയം ഉറപ്പാക്കുകയായിരുന്നു. ഉമേഷ് യാദവിന്റെ ഓവറിലെ അഞ്ചാം പന്തില്‍ സിക്സര്‍ നേടിയാണ് രാഹുല്‍ ത്രിപാഠി ടീമിനു വേണ്ടി ഏഴ് വിക്കറ്റ് വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ നിന്ന് രാഹുല്‍ ത്രിപാഠി 23 പന്തില്‍ നിന്ന് 34 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്സുമായിരുന്നു രാഹുല്‍ ത്രിപാഠി നേടിയത്. ചഹാല്‍ കഴിഞ്ഞാല്‍ മുഹമ്മദ് സിറാജാണ് ബാംഗ്ലൂര്‍ നിരയില്‍ മികവ് പുലര്‍ത്തിയത്. എന്നാല്‍ താരത്തിന്റെ ഓവറില്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടതോടെ താരത്തിനു ഒരു വിക്കറ്റ് കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.

രാജസ്ഥാനു വേണ്ടി നാട്ടില്‍ ആദ്യമായി കളിക്കാന്‍ ലഭിയ്ക്കുന്ന അവസരം ഉറ്റുനോക്കുന്നതായി – സ്റ്റീവ് സ്മിത്ത്

രാസ്ഥാനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ടെങ്കിലും ഐപിഎലില്‍ ജയ്പൂരില്‍ നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുവാന്‍ സ്റ്റീവന്‍ സ്മിത്തിനു കഴിഞ്ഞിരുന്നില്ല. 2014ല്‍ ടീമിലെത്തിയപ്പോള്‍ ആ വര്‍ഷം ഹോം മത്സരങ്ങള്‍ അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷനെ ലളിത് മോഡിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിനാല്‍ ബിസിസിഐ സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. 2015ലും സമാനമായ സ്ഥിതി തുടര്‍ന്നു.

പിന്നീട് ഐപിഎല്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 2016, 17 വര്‍ഷങ്ങളില്‍ ഫ്രാഞ്ചൈസിയെ വിലക്കിയപ്പോള്‍ സ്മിത്ത് പൂനെയിലേക്ക് ചേക്കേറി. അതിനു ശേഷം 2018ല്‍ താരം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് ഐപിഎലില്‍ നിന്ന് വിലക്കപ്പെടുകയായിരുന്നു. വീണ്ടും നാട്ടില്‍ കാണികളുടെ മുന്നില്‍ കളിക്കാനാകുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നാണ് സ്മിത്ത് പറയുന്നത്.

താന്‍ വീണ്ടും പരിശീലനത്തില്‍ സജീവമാകുന്നുണ്ടെന്നും മികച്ച ഫോമിലേക്ക് ഉടനെ മടങ്ങിയെത്തുവാനാകുമെന്നും ടീമിനൊപ്പമുള്ള പരിശീലനം തനിക്ക് ഗുണം ചെയ്യുമെന്നുമാണ് താരത്തിന്റെ പ്രതീക്ഷ.

ജോസ് ബട്‍ലര്‍ തന്റെ കാര്യങ്ങള്‍ എളുപ്പമാക്കും – സ്മിത്ത്

നീണ്ട കാലത്തെ വിലക്കിനു ശേഷം അത്ര മികച്ച ഫോം കണ്ടെത്താനാകാതെയും പരിക്ക് മൂലവും കഷ്ടപ്പെടുന്ന സ്റ്റീവ് സ്മിത്ത് ഐപിഎല്‍ കളിക്കുന്നതിനായി രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെത്തിയിട്ടുണ്ട്. തന്റെ കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ ജോസ് ബട്‍ലറുടെ ബാറ്റിംഗിനു സാധിക്കുമെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്. ജോസ് ബട്‍ലറിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ തന്റെ മേല്‍ അധികം സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നാണ് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്.

2018 ഐപിഎലില്‍ അഞ്ച് തുടര്‍ ഫിഫ്റ്റികളുമായി രാജസ്ഥാനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജോസ് ബട്‍ലര്‍ വഹിച്ചത്. പ്ലേ ഓഫ് ഉറപ്പാക്കിയ ശേഷമാണ് താരം നാട്ടിലേക്ക് ദേശീയ ഡ്യൂട്ടിയ്ക്ക് പോയത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് ജോസ് ബട്‍ലര്‍ എന്നാണ് സ്റ്റീവ് സ്മിത്ത് ഇംഗ്ലീഷ് താരത്തെ വിശേഷിപ്പിച്ചത്.

വാര്‍ണറെയും സ്മിത്തിനെയും പുറത്തിരുത്തുവാനുള്ള തീരുമാനം അബദ്ധം

ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ഹീലി. മാര്‍ച്ച് 29നു ഇരു താരങ്ങളുടെയും വിലക്ക് മാറി കളിക്കാന്‍ തയ്യാറാണെന്നിരിക്കെ താരങ്ങളെ പരമ്പരയിലെ ടീമില്‍ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിരുന്നില്ല. ഐപിഎലില്‍ കളിച്ച് തിരികെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതാണ് താരങ്ങള്‍ക്ക് നല്ലതെന്നും പാക്കിസ്ഥാന്‍ പരമ്പര ഗുണം ചെയ്യില്ലെന്നുമായിരുന്നു സെലക്ടര്‍മാരുടെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പ്രധാനികളുടെയും തീരുമാനം.

ഇരു താരങ്ങളും പരിക്കേറ്റ് പുറത്തായിരുന്നതിനാലും ഐപിഎലില്‍ ഫിറ്റ്നെസ്സ് തെളിയിക്കട്ടെ എന്ന നിലപാടായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ. എന്നാല്‍ ലോകകപ്പിനു മുമ്പ് ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ച് കഴിവ് തെളിയിക്കുവാനുള്ള അവസരമാണ് ഈ തീരുമാനത്തോടെ ബോര്‍ഡ് താരങ്ങള്‍ക്ക് നിഷേധിച്ചതെന്നാണ് ഹീലിയുടെ അഭിപ്രായം.

താനായിരുന്നുവെങ്കില്‍ ഇരുവരെയും സ്ക്വാഡില്‍ ആദ്യം മുതല്‍ ഉള്‍പ്പെടുത്തി അവസാന രണ്ട് മത്സരങ്ങളിലും താരഹ്ങളെ കളിച്ചിക്കുമായിരുന്നുവെന്ന് ഇയാന്‍ ഹീലി പറഞ്ഞു. അതേ സമയം തന്റെ ഗ്രേഡ് സൈഡായ റാന്‍‍ഡ്വിക്-പീറ്റര്‍ഷാമിനു വേണ്ടി കഴിഞ്ഞ ദിവസം വാര്‍ണര്‍ 77 പന്തില്‍ 110 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു.

സ്മിത്ത്-വാര്‍ണര്‍ എന്നിവരോട് ചോദിച്ച ശേഷം മാത്രമുള്ള തീരുമാനം

ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും പാക്കിസ്ഥാന്‍ പരമ്പരയിലെ അവസാന രണ്ട് മത്സരത്തിലേക്ക് പരിഗണിക്കാതിരുന്നത് താരങ്ങളോടു കൂടി കൂടിയാലോചിച്ച ശേഷമെടുത്ത തീരുമാനമാണെന്ന് അറിയിച്ച് ദേശീയ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സ്. ഗ്രെഗ് ചാപ്പല്‍, ജസ്റ്റിന്‍ ലാംഗര്‍, ബെലിന്‍ഡ കാര്‍ക്ക്, മെഡിക്കല്‍ സംഘം എന്നിവരും താരങ്ങളും കൂടി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനമെന്ന് ഹോണ്‍സ് അറിയിച്ചു.

പരിക്കേറ്റ് റീഹാബ് നടത്തുകയായിരുന്നു താരങ്ങള്‍ ഐപിഎലില്‍ വേണ്ടത്ര മത്സര പരിചയം ലഭിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്നതാണ് മികച്ചതെന്ന് ഇരുവരും സമ്മതിയ്ക്കുകയായിരുന്നുവെന്നും ഹോണ്‍സ് പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇവരുടെ ഐപിഎല്‍ ക്ലബ്ബുകളുമായി ചേര്‍ന്ന് ഇവരുടെ പുരോഗതി വിലയിരുത്തിയ ശേമാവും ഐസിസി ലോകകപ്പ്, ആഷസ് പോലുള്ള മത്സരങ്ങള്‍ക്കായി ഇവരെ സജ്ജരാക്കുന്നതെന്നും ഹോണ്‍സ് വ്യക്തമാക്കി.

ഐപിഎല്‍ പോലുള്ള ലോക താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുന്നതാവും വെറും രണ്ട് മത്സരങ്ങള്‍ക്കായി ദേശീയ ടീമിലേക്ക് വരുന്നതിലും താരങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് എല്ലാവരുടെയും വിലയിരുത്തലെന്നും ട്രെവര്‍ പറഞ്ഞു.

സ്മിത്തും വാര്‍ണറും വേണ്ടെന്ന് തീരുമാനിച്ചു, പാക്കിസ്ഥാനെതിരെ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരങ്ങളും ഇപ്പോള്‍ വിലക്ക് നേരിടുന്ന താരങ്ങളെയും ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരൂമാനിച്ച ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍. മാര്‍ച്ച് 28നു ഇരുവരുടെയും വിലക്ക് അവസാനിക്കുകയും അവസാന രണ്ട് മത്സരങ്ങളിലും ഇവരെ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നില നിന്നിരുന്നുവെങ്കിലും ഇന്ത്യയ്ക്കെതിരെയുള്ള അതേ ഏകദിന സംഘത്തെ നിലനിര്‍ത്തുവാന്‍ ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

ഇരുവരും ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ അംഗമല്ലാത്തതിനാല്‍ ഇവര്‍ക്ക് ഐപിഎല്‍ മാര്‍ച്ച് 23നു ആരംഭിക്കുമ്പോള്‍ അതാത് ഫ്രാഞ്ചൈസികളിലേക്ക് എത്താനാകുമെന്നാണ് കരുതപ്പെടുന്നത്. ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് സംഘത്തിലും സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനൊപ്പവുമാണ് ഐപിഎലില്‍.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, ആഷ്ടണ്‍ ടര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജൈ റിച്ചാര്‍ഡ്സണ്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, നഥാന്‍ ലയണ്‍, ആഡം സംപ

വിലക്ക് മാറിയ ഉടനെ താരങ്ങളെ ടീമിലെത്തിക്കണോ? ഫിഞ്ചിന്റെ മറുപടി ഇങ്ങനെ

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും വിലക്ക് മാര്‍ച്ച് 29, 2019നു അവസാനിക്കാനിരിക്കെ താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഉടനെ തിരികെ എത്തിക്കണമോ വേണ്ടയോ എന്നതില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ താരങ്ങളുടെ വിലക്ക് മാറിയ ശേഷം നടക്കാനിരിക്കെ ഇരുവരെയും ആ മത്സരങ്ങള്‍ക്ക് ടീമില്‍ കളിപ്പിക്കണോ എന്നതില്‍ തനിക്ക് ഉറപ്പില്ല എന്നാണ് ആരോണ്‍ ഫിഞ്ചിന്റെ മറുപടി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങള്‍ മാര്‍ച്ച് 29, 31 തീയ്യതികളിലാണ് നടക്കാനിരിക്കുന്നത്. അതിനാല്‍ തന്നെ മാര്‍ച്ച് 29ലെ മത്സരത്തില്‍ താരങ്ങള്‍ കളിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ഫിഞ്ചിന്റെ മറുപടി. ഒരു മത്സരത്തിലേക്ക് മാത്രമായി താരങ്ങളെ പരമ്പരയില്‍ ഉള്‍പ്പെടുത്തുമോ എന്നും തനിക്കറിയില്ലെന്ന് ഫിഞ്ച് പറഞ്ഞു.

സ്മിത്തും വാര്‍ണറും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്മിത്തിനു കുറച്ചധിക കാലം വിശ്രമം ആവശ്യമായി വരികയും താരം അടുത്തിടെ വീണ്ടും നെറ്റ്സിലെത്തുകയുമായിരുന്നു. ഇരുവരും ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടാകുമോ എന്നതിലും സംശയം ഉടലെടുത്തിരിക്കുന്ന സാഹചര്യമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിലുള്ളത്. വേണ്ടത്ര മാച്ച് പ്രാക്ടീസില്ലാത്തതും ഫോമില്ലായ്മയും താരങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തുന്നത്.

സ്മിത്തിനു ലോകകപ്പ് നഷ്ടമായേക്കും

വിലക്ക് കഴിഞ്ഞ് തിരിച്ച് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുവാനിരിക്കുന്ന സ്റ്റീവ് സ്മത്തിനും ഡേവിഡ് വാര്‍ണര്‍ക്കും അടുത്ത് കാലത്തായി മികച്ച ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പല ടി20 ലീഗുകളിലും അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ഇരു താരങ്ങളും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. അതേ സമയം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കിക്കുന്നതിനിടെ ഇരു താരങ്ങള്‍ക്കും പരിക്കും ഏറ്റു.

പാക്കിസ്ഥാനെതിരെ യുഎഇയില്‍ നടക്കുന്ന പരമ്പരയില്‍ സ്റ്റീവ് സ്മിത്ത് തിരികെ എത്തുമെന്നാണ് കരുതിയതെങ്കിലും ഇപ്പോള്‍ പരിക്ക് മൂലം താരത്തിന്റെ മടങ്ങി വരവ് വൈകുമെന്നാണ് അറിയുന്നത്. കൂടാതെ ആവശ്യത്തിനു മത്സര പരിചയം ഇല്ലാത്തതിനാല്‍ താരത്തെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

പകരം ഓസ്ട്രേലിയ എ ടീമിനൊപ്പം കളിച്ച് ആവശ്യത്തിനു മത്സര പരിചയം ഉണ്ടായ ശേഷം താരത്തെ ആഷസിനു പരിഗണിക്കുവാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. ടീമിന്റെ കോച്ച് ജസ്റ്റിന്‍ ലാംഗറും നേരിട്ടല്ലെങ്കിലും ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കിയിരുന്നു.

വ്യക്തികളെയല്ല മികച്ച ടീമിനെയാണ് നോക്കുന്നതെന്ന് പറഞ്ഞ ലാംഗര്‍ അവര്‍ എത്ര മികച്ച കളിക്കാരാണെന്ന് ഏവര്‍ക്കും അറിയാം എന്നാല്‍ അന്നും ഇന്നും അവര്‍ എങ്ങനെ കളിച്ചു കളിക്കുന്നു എന്നതിനെ നോക്കിയാവും ടീം സെലക്ഷനെന്നാണ് ലാംഗര്‍ പറഞ്ഞത്.

അതേ സമയം ഡേവി‍ഡ് വാര്‍ണര്‍ തിരികെ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മാര്‍ച്ച് 29നു വിലക്ക് കഴിഞ്ഞ ശേഷം പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര താരം കളിക്കും. ആ അവസരം വിനിയോഗിച്ചാല്‍ താരത്തിനു ലോകകപ്പ് സാധ്യതയുണ്ടാകും. ഡേവിഡ് വാര്‍ണറിനും പരിക്കേറ്റുവെങ്കിലും സ്മിത്തിന്റെ അത്രയും ഗുരുതരമല്ലാത്ത ശസ്ത്രക്രിയയാണ് വാര്‍ണര്‍ വിധേയനായത്.

സ്മിത്തിനു പകരക്കാരനായി ആന്‍ഡ്രേ റസ്സല്‍

പരിക്കേറ്റ് ആറാഴ്ചയോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരുന്ന സ്റ്റീവന്‍ സ്മിത്തിനു പകരക്കാരനെ പ്രഖ്യാപിച്ച് മുല്‍ത്താന്‍ സുല്‍ത്താന്‍സ്. പകരം ആന്‍ഡ്രേ റസ്സലിനെയാണ് മുല്‍ത്താന്‍ ടീമിലെത്തിച്ചിരിക്കുന്നത്. മുമ്പ് ഇസ്ലാമാബാദ് യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ആന്‍ഡ്രേ റസ്സല്‍. മുല്‍ത്താന്‍ ടീമില്‍ മറ്റൊരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ജോ ഡെന്‍ലിയ്ക്ക് പകരം ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജെയിംസ് വിന്‍സിനെയാണ് ടീം ടീമിലെത്തിച്ചിരിക്കുന്നത്.

ഫെബ്രുവരി 14നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ആരംഭിക്കുക. എട്ട് മത്സരങ്ങളോളം പാക്കിസ്ഥാനിലാവും നടക്കുക. ലാഹോറില്‍ മൂന്നും കറാച്ചിയില്‍ അഞ്ച് മത്സരങ്ങളുമാണ് ഇത്തവണ നടക്കുക. ഫെബ്രുവരി 14ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡ് ലാഹോര്‍ ഖലന്തേഴ്സിനെ നേരിടും. ദുബായിയിലാണ് മത്സരം.

ശസ്ത്രക്രിയ ആവശ്യം, സ്മിത്ത് ആറാഴ്ചയോളം കളിയ്ക്കില്ല

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നതിനിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു ശസ്ത്രക്രിയ ആവശ്യമെന്ന് റിപ്പോര്‍ട്ട്. താരം ആറാഴ്ചയോളം കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്നും അറിയുന്നു. വലത് കൈമുട്ടിലെ ലിഗമെന്റിനാണ് തകരാറെന്നും അത് ശരിയാക്കുവാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് അറിയുന്നത്.

12 മാസം വിലക്ക് നേരിടുന്ന മുന്‍ ഓസീസ് നായകന് ഓസ്ട്രേലിയന്‍ ദേശീയ ടീമിനും ആഭ്യന്തര ക്രിക്കറ്റിലും കളിക്കാനാകില്ലായിരുന്നു. അതേ സമയം മാര്‍ച്ചിനു ശേഷം താരത്തിനു വീണ്ടും ക്രിക്കറ്റില്‍ സജീവമാകാം. എന്നാല്‍ ലോകകപ്പ് ടീമില്‍ സ്മിത്തിന്റെ സ്ഥാനത്തിനു തിരിച്ചടിയാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശസ്ത്രക്രിയയുടെ രൂപത്തില്‍ എത്തുന്നത്.

പരിക്കേറ്റ് സ്മിത്ത് നാട്ടിലേക്ക് മടങ്ങി

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി സ്റ്റീവ് സ്മിത്ത്. തന്റെ കൈമുട്ടിനേറ്റ പരിക്കിന്റെ എംആര്‍ഐ സ്കാനിംഗിനു വേണ്ടിയാണ് സ്മിത്ത് ഉടനടി നാട്ടിലേക്ക് മടങ്ങിയത്. കോമില്ല വിക്ടോറിയന്‍സ് നായകനായ സ്മിത്ത് പരിശോധനയ്ക്ക് ശേഷം കാര്യമായ പരിക്കില്ലെങ്കില്‍ തിരികെ ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.

രണ്ട് മത്സരങ്ങളില്‍ നിന്ന് വലിയ റണ്‍സ് ഒന്നും കണ്ടെത്തുവാന്‍ സ്മിത്തിനു സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 16 റണ്‍സ് നേടിയ സ്മിത്ത് രണ്ടാം മത്സരത്തില്‍ പൂജ്യത്തിനു പുറത്താകുകയായിരുന്നു. അടുത്ത രണ്ട് മത്സരങ്ങള്‍ എന്തായാലും താരത്തിന്റെ സേവനം കോമില്ല വിക്ടോറിയന്‍സിനു നഷ്ടമാകുമെന്ന് ഉറപ്പാണ്.

Exit mobile version