ടീമിൽ മാറ്റങ്ങൾ ഉണ്ടാവും, സൂചന നൽകി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾ നൽകി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച രാജസ്ഥാൻ റോയൽസ് തുടർന്ന് നടന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ടീമിൽ മാറ്റങ്ങൾ വന്നേക്കുമെന്ന സൂചന സ്റ്റീവ് സ്മിത്ത് പറഞ്ഞത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിന്റെ പ്ലാനുകൾ ശരിയായില്ലെന്നും എന്നാൽ ടി20 ക്രിക്കറ്റിൽ ഇതെല്ലം സഹജമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനമല്ല പുറത്തെടുത്തെന്നും എതിരാളികൾ രണ്ട് കളികളിലും രാജസ്ഥാനെക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തനിക്ക് വിചാരിച്ച പോലെ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എന്നാൽ മുംബൈ ഇന്ത്യൻസിനെതിരെ റൺസ് കണ്ടെത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഇതുവരെ ടീമിനൊപ്പം ചേരാതിരുന്ന ബെൻ സ്റ്റോക്സ് യു.എ.ഇയിൽ എത്തിയാൽ ടീമിനൊപ്പം ഉണ്ടാവുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

കൊല്‍ക്കത്ത ചേസിംഗ് ഇഷ്ടപ്പെടുന്ന ടീം, ദുബായിയില്‍ ടോസ് ലഭിച്ചിട്ടും ബൗള്‍ ചെയ്യുവാന്‍ തീരുമാനിച്ചതിനെക്കുറിച്ച് സ്മിത്ത്

വിചാരിച്ച പോലെ കാര്യങ്ങളൊന്നും നടക്കാത്ത ദിനമെന്നാണ് ഇന്നലത്തെ തോല്‍വിയെക്കുറിച്ച് മത്സര ശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ദുബായിയിലെ വലിയ ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്നത് പതിവായപ്പോള്‍ ടോസ് നേടിയിട്ടും കൊല്‍ക്കത്തയ്ക്കെതിരെ ഫീല്‍ഡിംഗാണ് സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുത്തത്.

അതിന് കാരണമായി സ്മിത്ത് പറയുന്നത് കൊല്‍ക്കത്ത ചേസ് ചെയ്യുവാന്‍ ഇഷ്ടപ്പെടുന്ന ടീമാണെന്നും അതിനാല്‍ തന്നെ അവരുടെ ഡെത്ത് ബൗളിംഗിനെ സമ്മര്‍ദ്ദത്തിലാക്കുവാനുള്ള തീരുമാനം ആയിരുന്നു രാജസ്ഥാന്റെയെന്നുമാണ്. എന്നാല്‍ തുടക്കം തന്നെ വിക്കറ്റുകള്‍ വീണപ്പോള്‍ ഇത്തരത്തിലൊരും സമ്മര്‍ദ്ദം സൃഷ്ടിച്ചെടുക്കുവാന്‍ തന്റെ ടീമിന് സാധിച്ചില്ലെന്നും രാജസ്ഥാന്‍ നായകന്‍ വ്യക്തമാക്കി.

ഏതാനും ക്യാച്ചുകള്‍ തന്റെ ടീം കൈവിട്ടതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്ന് സ്മിത്ത് പറഞ്ഞു. ഇന്നത്തെ തോല്‍വി നിരാശയുളവാക്കുന്നതാണെങ്കിലും മുന്നോട്ടുള്ള മത്സരങ്ങള്‍ക്ക് സാഹചര്യം അനുസരിച്ച് ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ സൃഷ്ടിക്കുകയാണ് പ്രധാനമെന്നും സ്മിത്ത് വ്യക്തമാക്കി.

തെറി പറഞ്ഞവരെ തിരുത്തി തെവാത്തിയ, ഞാന്‍ ഹീറോയാടാ ഹീറോ

ആദ്യം പതറിയെങ്കിലും രാഹുല്‍ തെവാത്തിയയുടെ തകര്‍പ്പന്‍ തിരി്ചുവരവില്‍ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഒരു ഘട്ടത്തില്‍ സഞ്ജു പുറത്തായ ശേഷം മത്സരം രാജസ്ഥാന്‍ കൈവിടുമെന്ന് തോന്നിച്ചുവെങ്കിലും തെവാത്തിയയും ജോഫ്രയും റോബിന്‍ ഉത്തപ്പയുമെല്ലാം നല്‍കിയ നിര്‍ണ്ണായക സംഭാവനകളുടെ ബലത്തില്‍ ലക്ഷ്യമായ 224 റണ്‍സ് 3 പന്ത് അവശേഷിക്കവേ ജയിച്ചു. 4 വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

ജോസ് ബട്‍ലറെ (4) തുടക്കത്തിലെ നഷ്ടമായ ശേഷം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും സഞ്ജു സാംസണും കൂടി കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അതിര്‍ത്തി കടത്തുകയായിരുന്നു. 9 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സ് എത്തിയപ്പോളാണ് സ്മിത്തിനെ രാജസ്ഥാന് നഷ്ടമായത്. 27 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ സ്മിത്തിനെ ജെയിംസ് നീഷം ആണ് പുറത്താക്കിയത്.

Stevesmith

ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ പിന്നീട് രാജസ്ഥാന്റെ തന്ത്രം പിഴയ്ക്കുന്ന കാഴ്ചയാണ് ഷാര്‍ജ്ജയില്‍ കണ്ടത്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ രാഹുല്‍ തെവാത്തിയ മത്സരഗതിയ്ക്കെതിരെ ബാറ്റ് വീശുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

തെവാത്തിയ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും സഞ്ജു മറുവശത്ത് സിക്സറുകള്‍ യഥേഷ്ടം നേടുകയായിരുന്നു. 17ാം ഓവറിന്റെ ആദ്യത്തെ പന്തില്‍ സഞ്ജു മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ രാജസ്ഥാന്റെ കാര്യങ്ങള്‍ അവതാളത്തിലായി. സഞ്ജു 4 ഫോറും 7 സിക്സുമാണ് നേടിയത്.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 51 റണ്‍സായിരുന്നു രാജസ്ഥാന്‍ ജയത്തിനായി നേടേണ്ടിയിരുന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറിലെ അഞ്ച് സിക്സ് നേടിയ തെവാത്തിയ മത്സരം വീണ്ടും രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ അടുത്ത ഓവറില്‍ മുഹമ്മദ് ഷമി റോബിന്‍ ഉത്തപ്പയെ പുറത്താക്കിയതോടെ വീണ്ടും കിംഗ്സ് ഇലവന്‍ ക്യാമ്പില്‍ പ്രതീക്ഷയുയര്‍ന്നു.

പിന്നീട് ക്രീസിലെത്തിയ ജോഫ്ര ആര്‍ച്ചറും മുഹമ്മദ് ഷമിയെ സിക്സറുകള്‍ പറത്തിയതോടെ മത്സരം രാജസ്ഥാന്‍ വിജയിക്കുമെന്ന നിലയിലേക്ക് എത്തി. എന്നാല്‍ ഷമി തെവാത്തിയയെ പുറത്താക്കിയെങ്കിലും ലക്ഷ്യം വെറും രണ്ട് റണ്‍സ് അകലെയായിരുന്നു.

31 പന്തില്‍ 53 റണ്‍സ് നേടിയായിരുന്നു തെവാത്തിയയുടെ മടക്കം. അവസാന ഓവറില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് റിയാന്‍ പരാഗിനെ നഷ്ടമായെങ്കിലും ടോം കറന്‍ വന്ന് ബൗണ്ടറി നേടി വിജയം ഉറപ്പാക്കി.

സഞ്ജു സാംസൺ അടിക്കുന്നതെല്ലാം സിക്സ് ആവുമെന്ന് തോന്നി : സ്റ്റീവ് സ്മിത്ത്

രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ അടിക്കുന്ന പന്തുകൾ എല്ലാം സിക്സ് ആവുമെന്ന് തോന്നിയെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ സഞ്ജു സാംസന്റെ ബാറ്റിങ്ങിനെ പറ്റി സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 32 പന്തിൽ 74 റൺസ് എടുത്ത സഞ്ജു സാംസന്റെ മികവിൽ രാജസ്ഥാൻ റോയൽസ് 16 റൺസിന് ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയിരുന്നു.

സഞ്ജുവിന്റെ ഇന്നിങ്സിൽ 9 സിക്സുകളും ഉണ്ടായിരുന്നു. മത്സരത്തിൽ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. തനിക്ക് സഞ്ജുവിന് സ്ട്രൈക്ക് കൊടുക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നെന്നും അത് സഞ്ജുവിന് ഒരുപാട് ആത്മവിശ്വാസം നൽകുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. രാജസ്ഥാൻ ഇന്നിങ്സിന്റെ അവസാനം ഇറങ്ങി 8 പന്തിൽ 27 റൺസ് എടുത്ത ജോഫ്ര ആർച്ചറുടെ പ്രകടനത്തെയും സ്റ്റീവ് സ്മിത്ത് പുകഴ്ത്തി.

യശസ്വി ജൈസ്വാലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ മികച്ച സ്കോറിംഗുമായി രാജസ്ഥാന്‍ റോയല്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 54 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്‍ലറുടെ അഭാവത്തില്‍ യശസ്വി ജൈസ്വാലിനൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുവാനായി എത്തിയത്. ദീപക് ചഹാറിന് വിക്കറ്റ് നല്‍കി ജൈസ്വാല്‍ (6) പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 11 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്.

പിന്നീട് സ്മിത്തിനൊപ്പം ചേര്‍ന്ന സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാന്റെ സ്കോര്‍ മുന്നോട്ട് നയിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ സഞ്ജു 12 പന്തില്‍ 24 റണ്‍സും 23 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് രാജസ്ഥാനായി ക്രീസിലുള്ളത്.

രാജസ്ഥാൻ റോയൽസിന് ആശ്വാസം, സ്റ്റീവ് സ്മിത്ത് ആദ്യ മത്സരത്തിൽ കളിക്കും

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ആശ്വാസ വാർത്ത. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ കളിക്കുമെന്ന് പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ പരിശീലനത്തിനിടെ തലക്ക് പന്ത് കൊണ്ട് സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിച്ചിരുന്നില്ല.

ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആണ് അവരുടെ എതിരാളികൾ. അതെ സമയം രാജസ്ഥാൻ റോയൽസിന് തങ്ങളുടെ ആദ്യ മത്സരത്തിൽ ജോസ് ബട്ലറുടെയും സ്റ്റീവ് സ്മിത്തിന്റേയും സേവനം നഷ്ട്ടമാകും. ബെൻ സ്റ്റോക്സ് ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.എയിൽ എത്തിയിട്ടില്ല. അതെ സമയം ജോസ് ബട്ലർ യു.എ.ഇയിലെത്തിയതിന് ശേഷമുള്ള നിർബന്ധിത ക്വറ്റന്റൈനിലാണ്.

രാജസ്ഥാൻ റോയൽസ് വിദേശ താരങ്ങളുടെ കൊറോണ ഫലം നെഗറ്റീവ്

ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയിൽ നിന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ രാജസ്ഥാൻ റോയൽസ് വിദേശ താരങ്ങളുടെ കൊറോണ ഫലം നെഗറ്റീവ്. രാജസ്ഥാൻ റോയൽസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ജോഫ്ര ആർച്ചർ, ജോസ് ബട്ലർ എന്നുവരുടെ കൊറോണ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ സെപ്റ്റംബർ 22നുള്ള രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിന് താരങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പായി. ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.

അതെ സമയം ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിന് ഉണ്ടാവുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ തലക്ക് പന്ത് കൊണ്ട് സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരോഗ്യ സംഘത്തിന്റെ ഉറപ്പ് കിട്ടിയാൽ മാത്രമാവും ആദ്യ മത്സരത്തിന് ഇറങ്ങുക. അതെ സമയം കൊറോണ വൈറസ് ഫലം നെഗറ്റീവ് ആയെങ്കിലും താരങ്ങൾ 36 മണിക്കൂർ നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കണം. ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയിലെ ബയോ സുരക്ഷ സൗകര്യത്തിൽ നിന്ന് വരുന്നത്കൊണ്ട് താരങ്ങൾക്ക് 6 ദിവസത്തെ ക്വറന്റൈനിൽ നിന്ന് ബി.സി.സി.ഐ ഇളവ് അനുവദിച്ചിരുന്നു.

അവസാന ഏകദിനത്തിൽ സ്റ്റീവ് സ്മിത്ത് കളിക്കും

പരിശീലനത്തിനിടെ തലക്ക് പന്തുകൊണ്ട് പരിക്കേറ്റ സ്റ്റീവ് സ്മിത്ത് അവസാന ഏകദിനത്തിൽ കളിച്ചേക്കുമെന്ന സൂചന നൽകി പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. നേരത്തെ പരിശീലനത്തിനിടെ തലക്ക് പന്ത് കൊണ്ട സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും കളിച്ചിരുന്നില്ല. ടീം സ്റ്റീവ് സ്മിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട കൺകഷൻ നിയമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടെന്നും നാളെ നടക്കുന്ന അവസാന ഏകദിന മത്സരത്തിന് താരം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ലാങ്ങർ പറഞ്ഞു.

സ്റ്റീവ് സ്മിത്ത് ഇന്ന് നെറ്റ്സിൽ പരിശീലനം നടത്തുമെന്നും നാളെ നടക്കുന്ന ഏകദിനത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു. നിലവിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര 1-1ന് സമനിലയിലാണ്.

കൺകഷൻ ടെസ്റ്റ് പാസ്സായി, സ്റ്റീവ് സ്മിത്ത് രണ്ടാം ഏകദിനത്തിൽ കളിക്കും

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ പുറത്തിരുന്ന സ്റ്റീവ് സ്മിത്ത് രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയൻ ടീമിന് വേണ്ടി ഇറങ്ങും. താരത്തിന് നടത്തിയ രണ്ടാം കൺകഷൻ ടെസ്റ്റിൽ ജയിച്ചതോടെയാണ് സ്റ്റീവ് സ്മിത്ത് രണ്ടാം ഏകദിനത്തിൽ കളിക്കുന്ന കാര്യം തീരുമാനമായത്. നേരത്തെ പരിശീലനത്തിനിടെ തലക്ക് പന്ത് കൊണ്ടതിനെ തുടർന്നാണ് താരത്തെ ആദ്യ ഏകദിനത്തിൽ നിന്ന് പുറത്തിരുത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഒന്നാം ഏകദിന മത്സരത്തിൽ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി മർകസ് സ്റ്റോയ്‌നിസ് ആണ് ഇറങ്ങിയത്.

തുടർന്ന് ഇന്നലെ താരത്തിന് ആദ്യ കൺകഷൻ ടെസ്റ്റ് നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടന്ന രണ്ടാം കൺകഷൻ ടെസ്റ്റും ജയിച്ചതോടെയാണ് താരം നാളെ ആരംഭിക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ കളിക്കുമെന്ന് സൂചന നൽകിയത്. ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 19 റൺസിന് ജയിച്ച് ഓസ്ട്രേലിയ പരമ്പരയിൽ മുൻപിലാണ്.

രണ്ടാം ഏകദിനത്തിന് മുമ്പ് സ്മിത്തിന് ഒരു കണ്‍കഷന്‍ ടെസ്റ്റ് കൂടി

ഒരു കണ്‍കഷന്‍ ടെസ്റ്റ് കൂടി നടത്തി ആ പരിശോധനയില്‍ താരം പാസ്സായാല്‍ മാത്രമേ സ്റ്റീവന്‍ സ്മിത്ത് ഓസ്ട്രേലിയയ്ക്കായി രണ്ടാം ഏകദിനത്തില്‍ കളിക്കുകയുള്ളുവെന്ന് അറിയിച്ച് ടീം മാനേജ്മെന്റ്. പരിശീലനത്തിനിടെ തലയില്‍ പന്ത് കൊണ്ട സ്മിത്ത് ആദ്യ എകദിനത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. വ്യാഴാഴ്ച നടത്തിയ കണ്‍കഷന്‍ ടെസ്റ്റില്‍ സ്മിത്ത് പാസ്സായിരുന്നുവെങ്കിലും കരുതല്‍ നടപടിയെന്ന നിലയിലാണ് വെള്ളിയാഴ്ച നടന്ന ആദ്യ ഏകദിനത്തില്‍ നിന്ന് താരത്തെ മാറ്റി നിര്‍ത്തിയത്.

ഞായറാഴ്ചയാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരം. സ്മിത്തിന്റെ അഭാവത്തില്‍ ഓസ്ട്രേലിയ മാര്‍ക്കസ് സ്റ്റോയിനിസിനെയാണ് മൂന്നാം നമ്പറില്‍ കളിപ്പിച്ചത്. താരം 43 റണ്‍സ് നേടി മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ 19 റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി: സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. നിലവിലെ ലോക ക്രിക്കറ്റിൽ ഏറ്റവു മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ എന്ന് പറഞ്ഞത്.

കൂടാതെ രാജസ്ഥാൻ റോയൽസിൽ സ്റ്റീവ് സ്മിത്തിന്റെ സഹ താരമായ മലയാളി താരം സഞ്ജു സാംസണെയും താരം പ്രശംസിച്ചു. സഞ്ജു സാംസൺ കഴിവുള്ള താരമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സ്റ്റീവ് സ്മിത്തിന് കീഴിലാണ് ഇറങ്ങുന്നത്. തന്റെ എക്കാലത്തെയും ഇഷ്ട്ടപെട്ട രണ്ട് ഫീൽഡർമാർ മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങും ആണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

സ്മിത്തിനും ഡിവില്ലിയേഴ്സിനുമെതിരെ പന്ത് എറിയുക വെല്ലുവിളിയെന്ന് കുൽദീപ് യാദവ്

ഓസ്‌ട്രേലിയൻ താരമായ സ്റ്റീവ് സ്മിത്തിനെതിരെയും മുൻ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലേഴ്‌സിനെതിരെയും പന്ത് എറിയുക കടുത്ത വെല്ലുവിളിയാണെന്ന് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ഇരു താരങ്ങൾക്കും മികച്ച രീതിയിൽ ബാറ്റ് ചെയ്യാനുള്ള സവിശേഷ കഴിവുകൾ ഉണ്ടെന്നും കുൽദീപ് യാദവ് പറഞ്ഞു.

സ്റ്റീവ് സ്മിത്ത് എപ്പോഴും ബാക് ഫൂട്ടിലാണ് തന്നെ നേരിടുകയെന്നും വളരെ വൈകിയാണ് താരം പന്തിനെ നേരിടുകയെന്നും അത് തനിക്ക് വലിയ വെല്ലുവിളിയാണെന്നും കുൽദീപ് യാദവ് പറഞ്ഞു. ഏകദിനത്തിൽ ഡിവില്ലേഴ്‌സിന് സവിശേഷമായ ഒരു ശൈലി ഉണ്ടനും അദ്ദേഹം മികച്ച താരമായിരുന്നെന്നും കുൽദീപ് യാദവ് പറഞ്ഞു. ഡിവില്ലേഴ്‌സ് വിരമിച്ചത് നന്നായെന്നും വേറെ ഒരു ബാറ്സ്മാനും തനിക്കെതിരെ ഇത്ര റൺസ് നേടുമെന്ന പേടി തനിക്ക് ഇല്ലെന്നും കുൽദീപ് യാദവ് പറഞ്ഞു.

Exit mobile version