ധോണിയോടും ഫ്ലെമിംഗിനോടും എന്നും കടപ്പെട്ടിരിക്കുന്നു : വാട്സൺ

തന്നിൽ വിശ്വാസം അർപ്പിച്ചതിന് തനിക്ക് എല്ലാ കാലത്തും മുൻ ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിംഗിനോടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോടും കടപ്പെട്ടിരിക്കുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഷെയിൻ വാട്സൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരങ്ങളാണ് വാട്സണും ധോണിയും. ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനാണ് സ്റ്റീഫൻ ഫ്ലെമിംഗ്. കഴിഞ്ഞ ഐ.പി.എല്ലിൽ തുടർച്ചയായി മോശം പ്രകടനം പുറത്തെടുത്തിട്ടും തന്നെ ധോണിയും ഫ്ലെമിംഗും ടീമിൽ ഉൾപ്പെടുത്തിയതിന് തനിക്ക് അവരോട് എല്ലാ കാലവും നന്ദി ഉണ്ടാവുമെന്ന് വാട്സൺ പറഞ്ഞു.

വേറെ ഏതൊരു ടീമിൽ ആയിരുന്നെങ്കിലും താൻ പകരക്കാരുടെ ബെഞ്ചിൽ ഇരുന്ന് താരങ്ങൾക്ക് വെള്ളം കൊടുക്കേണ്ടിവരുമായിരുന്നെന്നും വാട്സൺ പറഞ്ഞു. കഴിഞ്ഞ വർഷം ഫൈനലിൽ ഷെയിൻ വാട്സൺ നടത്തിയ വിരോചിത പ്രകടനം ചെന്നൈ സൂപ്പർ കിങ്സിനെ കിരീടം നേടുന്നതിന്റെ തൊട്ടടുത്ത്‌ എത്തിച്ചിരുന്നു. അന്ന് 59 പന്തിൽ നിന്ന് 80 റൺസാണ് വാട്സൺ നേടിയത്. 2018ലെ ഫൈനലിലും 57 പന്തിൽ 117 റൺസ് എടുത്ത് വാട്സൺ തന്റെ കരുത്ത് തെളിയിച്ചിരുന്നു.

ഏഴായിരം ടെസ്റ്റ് റണ്‍സ് തികച്ച് റോസ് ടെയിലര്‍, നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ കീവീസ് താരം

ഇംഗ്ലണ്ടിനെതിരെ ഹാമിള്‍ട്ടണില്‍ ന്യൂസിലാണ്ടിന്റെ രക്ഷകനായപ്പോള്‍ റോസ് ടെയിലര്‍ മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കിയിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി ഏഴായിരം ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് പുറത്താകാതെ 105 റണ്‍സ് നേടുന്നതിനിടെ ഈ സീനിയര്‍ താരം സ്വന്തമാക്കിയത്.

ഈ നേട്ടം പേരിലാക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് റോസ് ടെയിലര്‍. 7172 റണ്‍സ് നേടിയ സ്റ്റീഫന്‍ ഫ്ലെമിംഗ് ആണ് പട്ടികയിലെ ഒന്നാമന്‍. റോസ് ടെയിലറിന് 7022 റണ്‍സാണ് ഇപ്പോള്‍ സ്വന്തമായുള്ളത്.

ബ്രണ്ടന്‍ മക്കല്ലം 6453 റണ്‍സുമായി മൂന്നാം സ്ഥാനത്തും 6322 റണ്‍സുമായി നിലവിലെ ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ നാലാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു.

ഫ്ലെമിംഗ് നോട്ടിംഗാം ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും

ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലേക്ക് പരിശീലകനായി സ്റ്റീഫന്‍ ഫ്ലെമിംഗും എത്തുന്നു. നോട്ടിംഗാം ആസ്ഥാനമായിട്ടുള്ള ടീമിനെയാണ് ഫ്ലെമിംഗ് പരിശീലിപ്പിക്കുക. 2005 മുതല്‍ 2007 വരെ നോട്ടിംഗാമില്‍ താരമായി കളിച്ചിട്ടുള്ള ഫ്ലെമിംഗിന് ഇത് അങ്ങോട്ടുള്ള മടങ്ങി വരവ് കൂടിയാണ്. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലകനായ ഫ്ലെമിംഗിനാണ് ഏറ്റവും അധികം കിരീടങ്ങളിലേക്ക് ടീമിനെ നയിച്ച പരിശീലകനെന്ന ബഹുമതി. ഫ്ലെമിംഗ് മൂന്ന് തവണയാണ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.

ബിഗ് ബാഷില്‍ നാല് സീസണുകളില്‍ രണ്ടെണ്ണത്തിലും ഫൈനലിലേക്ക് മെല്‍ബേണ്‍ സ്റ്റാര്‍സിനെ നയിച്ച പാരമ്പര്യവും ഫ്ലെമിംഗിനുണ്ട്. മുന്‍ യോര്‍ക്ക്ഷയര്‍ താരം സാല്ലിയന്‍ ബ്രിഗ്സ് ആണ് വനിത ടീമിന്റെ പരിശീലക.

മെല്‍ബേണ്‍ സ്റ്റാര്‍സിനു പുതിയ കോച്ച്, ഫ്ലെമിംഗിനു പകരമെത്തുന്നത് ഡേവിഡ് ഹസ്സി

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ പുതിയ കോച്ചായി ഡേവിഡ് ഹസ്സി. രണ്ട് വര്‍ഷത്തേക്കാണ് ക്ലബ്ബുമായി താരം കരാറിലെത്തുന്നത്. ഇതോടെ താരം ക്രിക്കറ്റ് വിക്ടോറിയ ബോര്‍ഡില്‍ നിന്ന് രാജി വയ്ക്കേണ്ടതായി വരും. ഡേവിഡ് ഹസ്സി സ്റ്റീഫന്‍ ഫ്ലെമിംഗിനു പകരമാണ് കോച്ചിന്റെ സ്ഥാനത്തേക്ക് എത്തുന്നത്.

സ്റ്റീഫന്‍ ഫ്ലെമിംഗ് തന്റെ കരാര്‍ നീട്ടേണ്ടതില്ലാന്ന് തീരുമാനിച്ചതോടെയാണ് പകരക്കാരനെ തേടി ഫ്രാഞ്ചൈസി രംഗത്തെത്തിയത്. ഏഴ് സീസണുകളിലായി സ്റ്റാര്‍സിനു വേണ്ടി 48 മത്സരങ്ങളില്‍ നിന്ന് 855 റണ്‍സ് നേടിയ താരമാണ് ഡേവിഡ് ഹസ്സി. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ മെല്‍ബേണ്‍ റെനഗേഡ്സിനോടാണ് സ്റ്റാര്‍സ് പരാജയമേറ്റു വാങ്ങിയത്.

പവര്‍പ്ലേയിലെ പ്രകടനമാണ് ടീമിനെ അലട്ടുന്നത്

ചെന്നൈയുടെ ബാറ്റിംഗിലെ പ്രധാന പ്രശ്നം പവര്‍പ്ലേയിലെ പ്രകടനമാണെന്ന് തുറന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ വെറും രണ്ട് തവണ മാത്രമാണ് ടീമിനു 50 റണ്‍സിനു മേല്‍ ആദ്യ ആറോവറുകളില്‍ നേടുവാനായിട്ടുള്ളത്. ഈ ഘട്ടത്തില്‍ ടീം 29 വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. ബാറ്റിംഗ് ആധിപത്യം ഉറപ്പിയ്ക്കുവാനുള്ള അവസരം കൂടിയായ പവര്‍പ്ലേയിലെ പ്രകടനങ്ങളാണ് ടീമിന്റെ ഏറ്റവും വലിയ തലവേദനയെന്ന് ആണ് വിലയിരുത്തപ്പെടുന്നത്.

പല മത്സരങ്ങളില്‍ ധോണിയും വാലറ്റത്തിലെ മറ്റു താരങ്ങളും കൂടിയാണ് ടീമിനെ മികച്ച സ്കോറിലേക്കോ വിജയത്തിലേക്കോ നയിച്ചിട്ടുള്ളത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ വേണ്ടത്ര വേഗത നേടുവാന്‍ ടീമിനു സാധിക്കുന്നില്ലെന്നത് സത്യമാണെന്ന് പറഞ്ഞ ഫ്ലെമിംഗ് 7 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ തങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

ചെന്നൈയിലെ പിച്ചുകളുടെ സ്വഭാവവും ടീമിന്റെ ഈ മോശം പ്രകടനത്തിന്റെ ഒരു ഉദാഹരണമാണ്. റണ്‍ സ്കോറിംഗ് മെല്ലെയാകുമെന്നുറപ്പുള്ള പിച്ചില്‍ മധ്യ ഓവറുകളില്‍ ബാറ്റിംഗ് ദുഷ്കരമാകുവാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ ആറോവറില്‍ വേണ്ടത്ര റണ്‍സ് നേടേണ്ടതായിട്ടുണ്ടെങ്കിലും ചെന്നൈയ്ക്ക് അതിനു സാധിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ.

മധ്യ ഓവറുകളില്‍ കൂടതല്‍ ആക്രമിച്ച് കളിയ്ക്കുവാന്‍ ശ്രമിച്ചാല്‍ ടീം 100നു താഴെ പുറത്താകുവാനുള്ള സാധ്യതയുണ്ട്, അതിനാല്‍ തന്നെ മധ്യ ഓവറുകളില്‍ കരുതലോടെ വേണം ബാറ്റ് ചെയ്യുവാന്‍, എന്നാല്‍ അതിനു സാധ്യമാകണമെങ്കില്‍ പവര്‍പ്ലേയില്‍ റണ്‍സ് വരേണ്ടതുണ്ടെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. മിക്ക മത്സരങ്ങളിലും അവസാന ആറോവറില്‍ നേടുന്ന റണ്‍സാണ് ടീമിനെ വലപ്പോഴും പൊരുതാവുന്ന ടോട്ടലുകളിലേക്ക് എത്തിയ്ക്കാറെന്നും ഫ്ലെമിംഗ് പറഞ്ഞു.

കാര്യത്തില്‍ വ്യക്തത മാത്രമാണ് ധോണി ആവശ്യപ്പെട്ടത്

ഇന്നലത്തെ വിവാദത്തില്‍ മാച്ച് ഫീസിന്റെ 50% പിഴയായി അടയ്ക്കേണ്ടി വരുമെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയ്ക്ക് പിന്തുണയുമായി സ്റ്റീഫന്‍ ഫ്ലെമിംഗ്. സംഭവത്തില്‍ വ്യക്തത വരുത്തുക എന്ന ഉദ്ദേശത്തോടു മാത്രമാണ് ഗ്രൗണ്ടിലെ അമ്പയര്‍മാരോട് സംസാരിക്കാനായി ധോണി പോയതെന്നാണ് ചെന്നൈയുടെ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറയുന്നത്.

അവസാന ഓവറിലെ നോബോളുമായി ബന്ധപ്പെട്ട തകര്‍ക്കത്തിനിടെയാണ് അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനായി ധോണി ഗ്രൗണ്ടിലെത്തിയത്. പതിവിനു വിപരീതമായി ദേഷ്യപ്പെട്ട് കണ്ട ധോണിയുടെ പെരുമാറ്റം ഐപിഎല്‍ ചട്ടത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയാണ് പിഴ വിധിച്ചത്.

വിഷയത്തില്‍ വ്യക്തതവരാത്തതിനാലാണ് താരം അത് ചര്‍ച്ച ചെയ്യുവാനായി അമ്പയര്‍മാരുടെ അടുത്തേക്ക് പോയതെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗിന്റെ വിശദീകരണം. മത്സരശേഷം താന്‍ ധോണിയായി ചര്‍ച്ച ചെയ്തപ്പോളും തനിക്ക് അതാണ് മനസ്സിലായതെന്ന് ഫ്ലെമിംഗ് പറഞ്ഞു.

ബ്രാവോയുടെ പരിക്ക് ടീമിനെ ബാധിച്ചു, എന്നാല്‍ ഞങ്ങള്‍ തുടരുന്നും മികച്ച പ്രകടനം പുറത്തെടുക്കുവാനാണ് ലക്ഷ്യമാക്കുന്നത്

ഡ്വെയിന്‍ ബ്രോവോയുടെ പരിക്ക് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ബ്രാവോയില്ലാത്തതിനാല്‍ തന്നെ ഞങ്ങള്‍ക്കുള്ള വൈവിധ്യങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ തന്നെ കൊല്‍ക്കത്തയ്ക്കെതിരെയുള്ള കളിയെ സമീപിപ്പിക്കുമെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി.

സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനു വേണ്ട മികച്ച ടീമിനെ ഒരുക്കുക എന്നതാണ് ടീം ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. കൊല്‍ക്കത്ത മികച്ച ടീമാണ് എന്നാല്‍ അതിനാല്‍ ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരു മാറ്റവും സംഭവിക്കില്ലെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

യോ-യോ ടെസ്റ്റില്‍ വലിയ കാര്യമില്ലെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന ഘടകമായി യോ-യോ ടെസ്റ്റ് മാറിക്കഴിഞ്ഞുവെങ്കിലും ഐപിഎലിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനു സംഭവത്തിനോട് വലിയ താല്പര്യമില്ല. ടീമിന്റെ പരിശീലന മുറയില്‍ ഒരിക്കലും യോ-യോ ടെസ്റ്റ് ഭാഗമായിട്ടില്ലെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് പറയുന്നത്. വേറെ പല കാര്യങ്ങള്‍ക്കുമാണ് ടീം എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്നും ഫ്ലെമിംഗ് പറഞ്ഞു.

താരങ്ങള്‍ ഏത് രീതിയില്‍ കളിക്കണമെന്നതിലേക്ക് അവരെ എത്തിക്കുകയാണ് ഞങ്ങള്‍ കൈക്കൊണ്ടിട്ടുള്ള നിലപാട്. ഫിറ്റ്നെസ്സ് വേണമെന്നത് തീര്‍ച്ചയാണ് എന്നാല്‍ യോ-യോ ടെസ്റ്റിനു താരങ്ങളെ വിധേയരാക്കി ആ നിലവാരത്തിലേക്ക് എത്തിക്കുവാനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബദ്ധപ്പെടാറില്ലെന്ന് ഫ്ലെമിംഗ് പറഞ്ഞു.

ഫ്രാഞ്ചൈസിയ്ക്ക് കളിക്കുന്നത് പോലെയല്ല ദേശീയ ടീമിനു കളിക്കുന്നതെന്നും അതിനാല്‍ തന്നെ അവിടെ യോ-യോ ടെസ്റ്റിനു ഏറെ പ്രാധാന്യമുണ്ടെന്നും ഫ്ലെമിംഗ് അഭിപ്രായപ്പെട്ടു. ചെന്നൈ താരം അമ്പാട്ടി റായിഡു കഴിഞ്ഞ ഐപിഎല്‍ കഴിഞ്ഞ് ഉടനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയെങ്കിലും യോ-യോ ടെസ്റ്റ് പരാജയപ്പെട്ടതോടെ ടീമില്‍ നിന്ന് പുറത്തായി.

സ്റ്റീഫന്‍ ഫ്ലെമിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് പടിയിറങ്ങുന്നു

നാല് വര്‍ഷത്തെ ചുമതലയ്ക്ക് ശേഷം ടീമിനെ രണ്ട് തവണ ബിഗ് ബാഷ് ഫൈനലില്‍ എത്തിച്ച ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ മുഖ്യ കോച്ചെന്ന ചുമതല ഒഴിഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. ഇത്തവണത്തെ ഫൈനലില്‍ മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ജയിക്കാവുന്ന സ്ഥിതിയില്‍ നിന്ന് കാലിടറി 13 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ഫ്ലെമിംഗിന്റെ ഈ തീരുമാനം.

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായി അവസാനിച്ച ശേഷം ഫൈനല്‍ വരെ എത്തിയത് മികച്ച പ്രകടനമെന്നാണ് ഫ്ലെമിംഗ് വിലയിരുത്തിയത്. ക്ലബ് ഇപ്പോള്‍ മികച്ച നിലയിലാണ് പോകുന്നതെങ്കിലും പുതിയ ആരെങ്കിലും ചുമതലയേറ്റെടുത്ത് മുന്നോട്ട് നയിക്കുവാനുള്ള അനുയോജ്യമായ സമയമാണ് ഇതെന്നാണ് ഫ്ലെമിംഗിന്റെ ഭാഷ്യം.

ടീമിന്റെ അന്താരാഷ്ട്ര ടാലന്റ് അഡ്വൈസറായി ഫ്ലെമിംഗ് തുടരുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ടീമിനു ഇതുവരെ നല്‍കിയ സേവനങ്ങള്‍ക്ക് എന്നും ഫ്ലെമിംഗിനോട് കടപ്പെട്ടിരിക്കുമെന്നും സ്റ്റാര്‍സിന്റെ പ്രസിഡന്റ് എഡ്ഡി മക്ഗുയിര്‍ പറഞ്ഞു.

ടി10 ലീഗ് രണ്ടാം പതിപ്പില്‍ സ്റ്റീഫന്‍ ഫ്ലെമിംഗും

യുഎഇയില്‍ നവംബറില്‍ ആരംഭിക്കുന്ന ടി10 ലീഗിന്റെ രണ്ടാം പതിപ്പില്‍ ബംഗാള്‍ ടൈഗേഴ്സ് പരിശീലകനായി സ്റ്റീഫന്‍ ഫ്ലെമിംഗ് എത്തുന്നു. ടൂര്‍ണ്ണമെന്റിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് ഇത് സ്ഥിതീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പില്‍ മൂന്ന് പുതിയ ടീമുകള്‍ എത്തുമ്പോള്‍ ശ്രീലങ്കയില്‍ നിന്നുള്ള ടീം ഇത്തവണ ടൂര്‍ണ്ണമെന്റിനുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം 6 ടീമുകളായിരുന്നുവെങ്കില്‍ ഇത്തവണ അത് എട്ടായി ഉയരും.

സെപ്റ്റംബര്‍ 24നാണ് ടൂര്‍ണ്ണമെന്റിന്റെ ഡ്രാഫ്ട് കഴിഞ്ഞത്.

പഴയ കോച്ചുമാരും ചെന്നൈ ടീമില്‍

രണ്ട് വര്‍ഷം മുമ്പ് ഐപിഎല്‍ വിലക്ക് നേരിടുന്ന കാലത്തെ കോച്ചുകളെ തിരികെ ടീമിലെത്തിച്ചു ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുഖ്യ കോച്ചായി സ്റ്റീഫന്‍ ഫ്ലെമിംഗിനെയും ബൗളിംഗ് കോച്ചായി ലക്ഷ്മിപതി ബാലാജിയെയുമാണ് ചെന്നൈ തിരികെ കൊണ്ടുവന്നത്. നേരത്തെ സൂപ്പര്‍ താരങ്ങളായ ധോണി, റൈന, ജഡേജ ത്രയത്തെയും ഐപിഎല്‍ നിലനിര്‍ത്തല്‍ കാലാവധിയില്‍ ടീം നിലനിര്‍ത്തിയിരുന്നു. ബാറ്റിംഗ് കോച്ചായി മൈക്കല്‍ ഹസിയെയും ടീം ഫിസിയോ ടോമി സിംസെകിനെയും നേരത്തെ തന്നെ ടീം സ്വന്തമാക്കിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അടിസ്ഥാന ടീമിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അതിനാല്‍ തന്നെയാണ് പഴയ താരങ്ങളെയും കോച്ചിംഗ് സ്റ്റാഫിനെയും തിരികെ എത്തിക്കുന്നതെന്ന് സിഇഒ കെ എസ് വിശ്വനാഥന്‍ അറിയിച്ചു. 2017ല്‍ ബാലാജി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. വിലക്കിന്റെ കാലയളവില്‍ ഫ്ലെമിംഗ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് കോച്ചായി പ്രവര്‍ത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version