സബ്ജൂനിയർ ഫുട്ബോൾ; മലപ്പുറത്തെ തോൽപ്പിച്ച് കാസർഗോഡ് കിരീടം സ്വന്തമാക്കി

44ആമത് സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ചാമ്പ്യന്മാരായി. ഇന്ന് നടക്കാവ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് കാസർകോട് കിരീടം നേടിയത്‌. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കാസർഗോഡിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാനായിരുന്നില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കാസർകോട് വിജയിച്ചു.

റണ്ണേഴ്സ് അപ്പായ മലപുറം ടീം

കാസർകോടിനായി ശ്രീനാഥ്, മുഹമ്മദ് ആരിഫ് ഖാൻ, മേഖ്രാജ്, ആരുഷ് കെ വി എന്നിവർ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു. മലപ്പുറത്തിന് വേണ്ടി അഭിഷേക്, അഷ്‌ഫാക്ക്, ശ്രീനന്ദൻ എന്നിവരാണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. അവരുടെ രണ്ടു പെനാൽറ്റികൾ നഷ്ടപ്പെട്ടു.

ഇന്ന് രാവിലെ നടന്ന മൂന്നാം സ്ഥാനത്തിനായി ഉള്ള മത്സരത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് പാലക്കാട് മൂന്നാം സ്ഥാനം സ്വന്തമാക്കി.

സബ്ജൂനിയർ ഫുട്ബോൾ, ഉദ്ഘാടന ദിവസം ഇരട്ട വിജയവുമായി മലപ്പുറം

44ആമത് സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം മലപ്പുറത്തിന് രണ്ട് വിജയങ്ങൾ. ഇന്ന് നടക്കാവ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണ്ണമെൻറിൽ ഗ്രൂപ്പ് എയിൽ മലപ്പുറം ആലപ്പുഴയെയും ഇടുക്കിയും പരാജയപ്പെടുത്തി. ആലപ്പുഴയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഇടുക്കിയെ എതിരില്ലാത്ത നാലു ഗോളുകൾക്കുമാണ് മലപ്പുറം പരാജയപ്പെടുത്തിയത്.

മലപ്പുറത്തിനായി ആലപ്പുഴക്ക് എതിരെ ഹാട്രിക്ക് അടിച്ച ശ്രീനന്ദൻ

ആലപ്പുഴയ്ക്കെതിരെ മലപ്പുറത്തിനായി ശ്രീനന്ദൻ ഹാട്രിക് ഗോളുകളും മുഹമ്മദ് ശരീഫ് അമർ അസിം എന്നിവർ ഓരോ ഗോളും നേടി. ഇടുക്കിക്കെതിരെ മലപ്പുറത്താനായി മുഹമ്മദ് അഷ്‌ഫാക് ഇരട്ട കൂടുതൽ നേടിയപ്പോൾ ശ്രീനന്ദൻ, കാഷിഫ് മിന്ഹാജ് എന്നിവർ ഓരോ ഗോളും നേടി.

കണ്ണൂർ ടീം

ഇന്ന് നടന്ന മറ്റു രണ്ടു മത്സരങ്ങളിൽ കണ്ണൂർ ഇടുക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ മറ്റൊരു മത്സരത്തിൽ കണ്ണൂരും ആലപ്പുഴയും 1-1 എന്ന സമനിലയിലും പിരിഞ്ഞു. നാളെയും നാലു മത്സരങ്ങൾ നടക്കും.

സബ് ജൂനിയർ ഫുട്ബോൾ, കോഴിക്കോടിനെ തോൽപ്പിച്ച് എറണാകുളത്തിന് കിരീടം

പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജേതാക്കൾ. കലിക്കറ്റ് യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന പെൺകുട്ടികളുടെ സബ് ജൂനിയർ സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കോഴികോടിനെ 2-0 ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. ആലിയയുടെ ഇരട്ട ഗോളുകൾ ആണ് എറണാകുളത്തിന് വിജയം നൽകിയത്. 42, 54 മിനുട്ടുകളിൽ ആയിരുന്നു ആലിയയുടെ ഗോളുകൾ.

മലപ്പുറത്തെ 3 – 1 ന് പരാജയപ്പെടുത്തി കാസർക്കോട് മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിലെ ഏറ്റവും നല്ല കളിക്കാരിയായി എറണാകുളത്തിന്റെ ആലിയ കെ വിയെ തിരഞ്ഞെടുത്തു. ചടങ്ങിൽ മുൻ ഇന്റർ നാഷണൽ ഫുട്ബാളർ അനസ് എടത്തൊടിക ട്രോഫികൾ വിതരണം ചെയ്തു. ശ്രീനിജൻ MLA , ജലീൽ മയൂരാ, പ്രഫ. പി. അഷറഫ് , ഡോ. പിയം സുധീർ കുമാർ, ഹൃഷികേഷ് കുമാർ , നയീം ചേറൂർ, എം. മുനീർ, മുഹമ്മദ് ഇസ്മയിൽ, മൻസൂർ അലി, ഫിറോസ് , ബഷീർ ചെമ്മാട് എന്നിവർ പങ്കെടുത്തു.

സബ് ജൂനിയർ ഫുട്ബോൾ, ഫൈനലിൽ കോഴിക്കോടും എറണാകുളവും ഏറ്റുമുട്ടും

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലൈനപ്പ് ആയി. ഫൈനലിൽ എറണാകുളം കോഴിക്കോടും തമ്മിൽ ആകും എറ്റുമുട്ടുക. ഇന്ന് നടന്ന ആദ്യ സെമിയിൽ എറണാകുളം മലപ്പുറത്തെ 3-0 ന് പരാജയപ്പെടുത്തി. എറണാകുളത്തിനായി ആദിശ്രീ, ശിവാനന്ദ, ആലിയ എന്നിവർ ആണ് ഗോൾ നേടിയത്.

രണ്ടാം സെമിയിൽ കോഴിക്കോട് 4-1 ന് കാസർകോടിനെ പരാജയപ്പെടുത്തി. കോഴിക്കോടിനായി വാണി ശ്രീ ഹാട്രിക്ക് നേടി. നന്ദ വിയും ഗോൾ നേടി. 30/8/23ന് രാവിലെ 7നു ലൂസേഴ്സ് ഫൈനലും 8.30നു ഫൈനലും ആരംഭിക്കും. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കോഴിക്കോടും എറണാകുളവും ഏറ്റുമുട്ടിയപ്പോൾ എറണാകുളം 4-1ന് വിജയിച്ചിരുന്നു.

പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പ് ആയി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ പ്രാരംഭ ലീഗ് റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. എ ഗ്രൂപിൽ നിന്ന് ജേതാക്കളായി എറണാകുളവും രണ്ടാം സ്ഥാനക്കാരായി കോഴിക്കോടും, ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കാസർക്കോടും, സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി മലപ്പുറവും സെമി ഫൈനലിൽ പ്രവേശിച്ചു.

ഇന്ന് രാവിലെ നടന്ന മത്സരത്തിൽ മലപ്പുറം ശക്തരായ കണ്ണൂരിനെ 4-2 ന് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ ഏറണാകുളം 4-1 ന് കോഴിക്കോടിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ കാസർക്കോട് 6-3ന് ആലപ്പുഴയെ പരാജയപ്പെടുത്തി. നാളെ രാവിലെ 7 നും 8.30 നുo സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. ആദ്യ സെമിയിൽ മലപ്പുറം എറണാകുളത്തേയും, രണ്ടാം സെമിയിൽ കോഴിക്കോട് കാസർകോടിനേയും നേരിടും .

പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിന് തുടക്കമായി

പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി എം കെ ജയരാജ് ഉൽഘാടനം ചെയ്തു. ആദ്യ മത്സരത്തിൽ എറണാകുളം 6-0 പാലക്കാടിനേയും, കോഴിക്കോട് 4-0 ന് കൊല്ലത്തേയും,
ആലപ്പുഴ 9 – 1 ന് തിരുവനന്തപുരത്തേയും, മലപ്പുറം 5 – 0 വയനാടിനേയും,
കോഴിക്കോട് 7-0 പാലക്കാടിനേയും,
എറണാകുളം 4-0 ന് കൊല്ലത്തേയും,
കാസർക്കോട് 4-0 ന് തിരുവനന്തപുരത്തേയും,
കണ്ണൂർ 7-0 ന്‌ വയനാടിനേയും പരാജയപ്പെടുത്തി.

ചടങ്ങിൽ ഡോ. വി പി സക്കീർ ഹുസൈൻ, മയൂര ജലീൽ , എം മുഹമ്മദ് സലീം, പ്രഫ. പി അഷറഫ്, ഡോ. പി എം സുധീർ കുമാർ , നയീം, കെ എ നാസർ, സുരേഷ് സി, കെ വി ഖാലിദ്, കെ കെ കൃഷ്ണനാഥ് എന്നിവർ സംസാരിച്ചു.
നാളെ കൊല്ലം പാലക്കാടിനേയും,
എറണാകുളം കോഴിക്കോടിനേയും,
ആലപ്പുഴ കാസർകോടിനേയും, മലപ്പുറം കണ്ണൂരിനേയും നേരിടും.

സബ് ജൂനിയർ ഫുട്ബോൾ; പാലക്കാട് ചാമ്പ്യന്മാർ

തൊടുപുഴയിൽ വെച്ച് നടക്കുന്ന 43ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാടിന് കിരീടം. ഇന്ന് നടന്ന ഫൈനലിൽ തൃശ്ശൂരിനെ തോൽപ്പിച്ച് ആണ് പാലക്കാട് കിരീടം ഉയർത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു പാലക്കാടിന്റെ വിജയം. പാലക്കാടിനായി മുഹമ്മദ് സിനാൻ രണ്ട് ഗോളുകൾ നേടി‌. അഞ്ചാം മിനുറ്റിലും 57ആം മിനുട്ടിലും ആയിരുന്നു ഗോളുകൾ. മുഹമ്മദ് ഫിനാൻ അജ്മൽ തൃശ്ശൂരിന്റെ ഏക ഗോൾ നേടി.

സെമി ഫൈനലിൽ കണ്ണൂരിനെ തോൽപ്പിച്ച് ആയിരുന്നു പാലക്കാട് ഫൈനലിലേക്ക് എത്തിയത്. അതിനു മുമ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരാകാനും പാലക്കാടിനായിരുന്നു. കാസർഗോഡിനെതിരെയും പത്തനംതിട്ടക്ക് എതിരെയും ആറ് ഗോളടിച്ച് വലിയ വിജയം നേടിയാണ് പാലക്കാട് ഗ്രൂപ്പ് സി ചാമ്പ്യന്മാരായത്.

സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ, സെമി ലൈനപ്പ് ആയി

തൊടുപുഴയിൽ വെച്ച് നടക്കുന്ന 43ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ സെമി ഫൈനൽ ലൈനപ്പ് ആയി. നാളെ നടക്കുന്ന ആദ്യ സെമി ഫൈനലിൽ കണ്ണൂർ പാലക്കാടിനെ നേരിടും. വൈകിട്ട് 3 മണിക്കാണ് ആദ്യ സെമി നടക്കുക. വൈകിട്ട് 4.30ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കോഴിക്കോട് തൃശ്ശൂരിനെ നേരിടും.

ഗ്രൂപ്പ് എയിൽ തിരുവനന്തപുരം, എറണാകുളം, വയനാട് എന്നിവരെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായണ് കണ്ണൂർ സെമിയിൽ എത്തിയത്. കോട്ടയത്തോട് തോറ്റെങ്കിലും കൊല്ലത്തെയും മലപ്പുറത്തെയും തോൽപ്പിച്ച് കോഴിക്കോട് സെമി ഉറപ്പിച്ചു.

കാസർഗോഡിനെതിരെയും പത്തനംതിട്ടക്ക് എതിരെയും ആറ് ഗോളടിച്ച് വലിയ വിജയം നേടിയാണ് പാലക്കാട് ഗ്രൂപ്പ് സി ചാമ്പ്യന്മാരായത്. ആലപ്പുഴയെ തോൽപ്പിക്കുകയും ഇടുക്കിയെ സമനിലയിൽ തളക്കുകയും ചെയ്ത് തൃശ്ശൂർ ഗ്രൂപ്പ് ഡിയിൽ നിന്നും സെമിയിലേക്ക് മുന്നേറി.

സബ്ജൂനിയർ ഫുട്ബോൾ; കണ്ണൂർ സെമിയിൽ

59ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലാ ടീം സെമിയിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് കണ്ണൂർ അവസാന നാലിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കണ്ണൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എറണാകുളത്തെ തോൽപ്പിച്ചു. കണ്ണൂരിനു വേണ്ടി 21ആം മിനുട്ടിൽ മുഹമ്മദ് അദ്നാനും, 25ആം മിനുട്ടിൽ ഷനിലും ഗോൾ കണ്ടെത്തി.

ഇന്നലെ ആദ്യ മത്സരത്തിൽ വയനാടിനെ ഏകപക്ഷീയമായ ഒരു ഗോളിനും രണ്ടാം മത്സരത്തിൽ തിരുവനന്തപുരത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. ആ രണ്ട് മത്സരത്തിലും സബ് ആയി എത്തി സുഹൈർ ഹൈദരലിൽ ആയിരുന്നു കണ്ണൂരിനായി ഗോളുകൾ നേടിയത്.

22ന് നടക്കുന്ന സെമി പോരാട്ടത്തിൽ കണ്ണൂർ ഗ്രൂപ്പ് സി ചാമ്പ്യന്മാരെ നേരിടും.

തൃശ്ശൂരിനെ തകർത്ത് കാസർഗോഡ് ചാമ്പ്യൻസ്!!

സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ കാസർഗോഡിന് കിരീടം. ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ തൃശ്ശൂരിനെ തോൽപ്പിച്ച് ആണ് കാസർഗോഡ് കിരീടം നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു കാസർഗോഡിന്റെ വിജയം. കാസർഗോഡിനായി അബ്ദുള്ള റൈഹാൻ ഇരട്ട ഗോളുകളുമായി സ്റ്റാർ ആയി.

കാസർഗോഡ് ജില്ലാ ടീം

35ആം മിനുട്ടിലും 60ആം മിനുട്ടിലും ആയിരുന്നു റൈഹാന്റെ ഗോളുകൾ.ഇതിൽ ഒന്ന് പെനാൾട്ടിയും ആയിരുന്നു. മുഹമ്മദ് ഷമിൽ ആണ് കാസർഗോഡിന്റെ മറ്റൊരു സ്കോറർ. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ വയനാട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എറണാകുളത്തെ തോൽപ്പിച്ചിരുന്നു.

തൃശ്ശൂർ ജില്ലാ ടീം
Exit mobile version