സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം കോട്ടയം സ്വന്തമാക്കി

60ആമത് സംസ്ഥാന സീനിയർ പുരുഷ ഫുട്ബോൾ കിരീടം കോട്ടയം സ്വന്തമാക്കി‌. ഇന്ന് പാലയിൽ നടന്ന ഫൈനലിൽ തിരുവനന്തപുരത്തെ നേരിട്ട കോട്ടയം എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ ഫെബിൻ നസിം ആണ് കോട്ടയത്തിനായി ഗോൾ നേടിയത്.

ഇന്ന് രാവിലെ നടന്ന മത്സരത്തിൽ മലപ്പുറത്തെ തോൽപ്പിച്ച് തൃശ്ശൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തൃശ്ശൂർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ രണ്ടാം തീയതി ആരംഭിക്കും

അറുപതാമത് സീനിയർ പുരുഷ സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ രണ്ടാം തീയതി ആരംഭിക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പ് പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക. കേരളത്തിലെ 14 ജില്ലാ ടീമുകളും ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ദിവസവും രണ്ടു മത്സരങ്ങൾ ആയിരിക്കും നടക്കുക. രണ്ടാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഇടുക്കിയും കാസർകോടും തമ്മിൽ ഏറ്റുമുട്ടും.

സെമിഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ ഏഴിനും സെപ്റ്റംബർ എട്ടിനും നടക്കും. ഫൈനൽ സെപ്റ്റംബർ പത്താം തീയതി വൈകിട്ട് നാലു മണിക്കാകും നടക്കുക.

സീനിയർ ഫുട്ബോൾ, കണ്ണൂരിനെ തോൽപ്പിച്ച് തൃശ്ശൂർ കിരീടം ഉയർത്തി

സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം തൃശ്ശൂർ സ്വന്തമാക്കി. ഇന്ന് കോട്ടപ്പടി മൈതാനത്ത് നടന്ന ഫൈനലിൽ കണ്ണൂരിനെ തോൽപ്പിച്ച് ആണ് തൃശ്ശൂർ കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു കണ്ണൂരിന്റെ വിജയം. ഇന്ന് 34ആം മിനുട്ടിൽ മിഥിലാജിന്റെ ഗോളിൽ തൃശ്ശൂർ ആണ് ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ റിസുവാനിലൂടെ കണ്ണൂർ സമനില പിടിച്ചു.

83ആം മിനുട്ടിൽ ബിജേഷ് ബാലൻ തൃശ്ശൂരിനായി വിജയ ഗോൾ നേടി. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഇടുക്കിയെ 2-0 എന്ന സ്കോറിന് തോൽപ്പിച്ച് മലപ്പുറം മൂന്നാം സ്ഥാനം സ്വന്തമാക്കി.

സീനിയർ ഫുട്ബോൾ, ഇടുക്കിയെ തകർത്ത് കണ്ണൂർ ഫൈനലിൽ

കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോളിൽ കണ്ണൂർ ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് ഇടുക്കിയെ നേരിട്ട കണ്ണൂർ ഏകപക്ഷീയമായ വിജയമാണ് നേടിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് കണ്ണൂർ വിജയിച്ചത്. കണ്ണൂരിനു വേണ്ടി മുഹമ്മദ് സഫാദും കൃഷ്ണരാജും ഇരട്ട ഗോളുകൾ നേടി. 17, 86 മിനുട്ടുകളിൽ ആയിരുന്നു സഫാദിന്റെ ഗോളുകൾ. 44,45 മിനുട്ടുകളിൽ ആയിരുന്നു കൃഷ്ണരാജിന്റെ ഗോളുകൾ.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ മലപ്പുറം തൃശ്ശൂരിനെ നേരിടും.

സീനിയർ ഫുട്ബോൾ: മലപ്പുറം സെമി ഫൈനലിൽ

സംസ്ഥാന സീനിയർ ഫുട്ബോളിൽ മലപ്പുറം സെമി ഫൈനലിൽ. ഇന്ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോട്ടയത്തെ നേരിട്ട മലപ്പുറം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ജുനൈൻ മലപ്പുറത്തിന്റെ ഹീറായി.

ജുനൈനും അക്മൽ ഷായും ആണ് ഗോൾ നേടിയത്. അക്മൽ ഷായുടെ ഗോൾ ജുനൈനിന്റെ ക്രോസിൽ നിന്നായിരുന്നു. രണ്ടാം പകുതിയിൽ സാലിമിലൂടെ ഒരു ഗോൾ കോട്ടയം മടക്കി എങ്കിലും വിജയം ഉറപ്പിക്കാൻ മലപ്പുറത്തിനായി. സെമി ഫൈനലിൽ നാളെ കണ്ണൂർ ഇടുക്കിയെയും, മറ്റന്നാൾ മലപ്പുറം തൃശ്ശൂരിനെയും നേരിടും.

ഗോൾ വീഡിയോ:

സീനിയർ ഫുട്ബോൾ, കാസർഗോഡിനെ തോൽപ്പിച്ച് കണ്ണൂർ സെമി ഫൈനലിൽ

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന 59അമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സെമിയിൽ എത്തി. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കാസർകോഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ കണ്ണൂരിനായി. രണ്ടാം പകുതിയിൽ ആയിരുന്നു ഗോളുകൾ എല്ലാം വന്നത്. 47ആം മിനുട്ടിൽ ആദിൽ അബ്ദുള്ള കണ്ണൂരിന് ലീഡ് നൽകി.

69 ആം മിനിറ്റിൽ ജ്യോതിഷിലൂടെ കാസർകോഡ് സമനില കണ്ടെത്തിയതോടെ കളി ആവേശകരമായി മാറി. എന്നാൽ 72 ആം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് വാങ്ങി ജ്യോതിഷിന് കളം വിട്ടതോടെ കാസർഗോഡ് 10 പേരായി ചുരുങ്ങി. ഇത് കാര്യങ്ങൾ കണ്ണൂരിന് അനുകൂലമാക്കി. 81 ആം മിനിറ്റിൽ കണ്ണൂരിന് ഒരു പെനാൾട്ടി കൂടെ ലഭിച്ചു. പെനാൽറ്റി കൃഷ്ണ രാജ് ലക്ഷ്യത്തിൽ എത്തിച്ച് കണ്ണൂരിനെ സെമിയിലേക്ക് എത്തിച്ചു‌.

സംസ്ഥാന സീനിയർ ഫുട്ബോൾ മലപ്പുറത്ത്, സെപ്റ്റംബർ 2ന് ആരംഭിക്കും

അമ്പത്തി ഒമ്പതാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സെപ്റ്റംബർ രണ്ടിന് തുടക്കമാകും. മലപ്പുറം ആകും ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. സെപ്റ്റംബർ 2ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രാവിലെ 7.00ന് കണ്ണൂർ ആലപ്പുഴയെ നേരിടും.

സെപ്റ്റംബർ 9ആം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കോട്ടപ്പടി സ്റ്റേഡിയമാണ് വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.

സെപ്റ്റംബർ 7ന് ആദ്യ സെമിയും 8ആം തീയതി രണ്ടാം സെമി ഫൈനലും നടക്കും. സെപ്റ്റംബർ 9നാകും ഫൈനൽ നടക്കുക.

ഫിക്സ്ചറുകൾ ചുവടെ:

സംസ്ഥാന സീനിയർ ഫുട്ബോൾ; തിരുവനന്തപുരത്തിനും കണ്ണൂരിനും മികച്ച വിജയം

തിരുവല്ലയിൽ നടക്കുന്ന 24-ാമത് സീനിയർ വനിതാ അന്തർ ജില്ലാ സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലെ ആവേശകരമായ മത്സരത്തിൽ പാലക്കാടിനെതിരെ 5-2 ന്റെ തകർപ്പൻ ജയത്തോടെ തിരുവനന്തപുരം അടുത്ത റൗണ്ടിലേക്ക് മുന്നേറി. 54, 76, 85 മിനിറ്റുകളിൽ ഗോളുകൾ നേടി ഹാട്രിക്ക് സ്വന്തമാക്കിയ തിരുവനന്തപുരത്തിന്റെ ക്യാപ്റ്റൻ അൽഫോൻസിയയാണ് കളിയിലെ താരമായത്. 45, 50 മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടിയ നിത്യയും ടീമിന്റെ വിജയത്തിൽ കാര്യമായ സംഭാവന നൽകി.

പാലക്കാടിന് വേണ്ടി സാബിമോൾ രണ്ട് ഗോളുകൾ നേടിയെങ്കിലും ടീമിന് പരാജയം ഒഴിവാക്കാൻ അത് മതിയായില്ല. 43, 80 മിനിറ്റുകളിലായിരുന്നു അവളുടെ ഗോളുകൾ.

ഇന്ന് രാവിലെ നടന്ന മറ്റൊരു മത്സരത്തിൽ കണ്ണൂർ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കൊല്ലത്തെയും പരാജയപ്പെടുത്തി. കണ്ണൂരിനായി രേഷ്മ, മഞ്ജു, അനുജ, വൈഷ്ണ എന്നിവർ ഇന്ന് ഗോൾ നേടി. സേതുലക്ഷ്മി ആണ് കൊല്ലത്തിന്റെ ആശ്വാസ ഗോൾ നേടിയത്.

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നവംബർ 1 മുതൽ

അമ്പത്തി അഞ്ചാമത് സംസ്ഥാന സീനിയർ ഫുട്ബോൾ നവംബർ 1 മുതൽ തിരുവനന്തപുരത്ത് നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ തന്നെയാകും നടക്കുക.

നവംബർ 1ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ തിരുവനന്തപുരം പത്തനംതിട്ടയെ നേരിടും. നവംബർ ആറാം തീയതി ആദ്യ സെമിയും ഏഴാ തീയതി രണ്ടാം സെമി ഫൈനലും നടക്കും. നവംബർ 8നാകും ഫൈനൽ നടക്കുക. മത്സരത്തിന് കാണികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.

Exit mobile version