വാവറിങ്കയെയും കാണികളേയും തോൽപ്പിച്ച് മെദ്വദേവ്‌ യു.എസ് ഓപ്പൺ സെമിഫൈനലിൽ

23 സീഡും മുൻ ജേതാവും ആയ സ്റ്റാൻ വാവറിങ്കയെയും തനിക്കെതിരെ തിരിഞ്ഞ യു.എസ് ഓപ്പൺ ആരാധകരെയും തോൽപ്പിച്ച് റഷ്യയുടെ അഞ്ചാം സീഡ് ഡാനിൽ മെദ്വദേവ്‌ യു.എസ് ഓപ്പൺ സെമിഫൈനലിൽ കടന്നു. ആദ്യ സെറ്റിൽ അലട്ടിയ പരിക്ക് അതിജീവിച്ചാണ് സിൻസിനാറ്റി ജേതാവ് കൂടിയായ മെദ്വദേവ്‌ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ വാവറിങ്കയെ മറികടന്നത്. ദ്യോക്കോവിച്ചിനെ മറികടന്ന് ക്വാട്ടർ ഫൈനലിൽ എത്തിയ വാവറിങ്കക്ക് എതിരെ മിന്നും പ്രകടനം ആണ് റഷ്യൻ താരം പുറത്ത് എടുത്തത്. ആദ്യത്തെ സെറ്റിൽ പുറത്തെടുത്ത ആധിപത്യം മെദ്വദേവിനു തുടരാൻ സാധിക്കാത്തതോടെ സെറ്റ് ടൈബ്രേക്കറിലേക്ക്. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് നേടിയ മെദ്വദേവ്‌ മത്സരത്തിൽ മുൻതൂക്കം നേടി.

രണ്ടാം സെറ്റിൽ തന്റെ കളി കൂടുതൽ നന്നാക്കിയ റഷ്യൻ താരം സ്വിസ് താരത്തിന്റെ വെല്ലുവിളിയെ അനായാസം അതിജീവിച്ചു. 6-3 നു രണ്ടാം സെറ്റും അഞ്ചാം സീഡിന് സ്വന്തം. എന്നാൽ മൂന്നാം സെറ്റിൽ മത്സരത്തിൽ തുടരാൻ സെറ്റ് നേടേണ്ടിയിരുന്ന സ്വിസ് താരം സകലകഴിവും എടുത്ത് പൊരുതി. പലപ്പോഴും വിട്ടകൊടുക്കാൻ തയ്യാറാകാതെ പൊരുതിയ മെദ്വദേവിനെ 6-3 നു മറികടന്ന വാവറിങ്ക മത്സരത്തിൽ തിരിച്ചെത്തി. എന്നാൽ നാലാം സെറ്റിൽ വാവറിങ്കക്ക് ഒരവസരവും നൽകാൻ റഷ്യൻ താരം തയ്യാറായില്ല. 6-1 നു നാലാം സെറ്റും മത്സരവും റഷ്യൻ താരത്തിന് സ്വന്തം. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന മെദ്വദേവ്‌ ഇന്നത്തെ പ്രകടത്തിലൂടെ വലിയ മുന്നറിയിപ്പ് ആണ് എതിരാളികൾക്ക് നൽകിയത്. കന്നി ഗ്രാന്റ്‌ സ്‌ലാം നേടാൻ റഷ്യൻ താരത്തിന് ആവുമോ എന്നു കണ്ട് തന്നെ അറിയണം.

സ്റ്റാൻ ദ മാൻ! ദ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നിന്ന് പരിക്കേറ്റു പുറത്ത്

നൊവാക് ദ്യോക്കോവിച്ചിന്റെ മറ്റൊരു സമഗ്രാധിപത്യം ഈ യു.എസ് ഓപ്പണിൽ കാണുകയില്ലെന്നു ഉറപ്പായി. നാലാം റൗണ്ടിൽ സ്റ്റാൻ വാവറിങ്കക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റു പിന്മാറിയതോടെയാണ് ഒന്നാം സീഡും നിലവിലെ ജേതാവും ആയ സെർബിയൻ താരം പുറത്തേക്കുള്ള വഴി കണ്ടത്. 2016 ലെ ഫൈനലിൽ ഏറ്റ തോൽവിക്ക് പ്രതികാരം തേടിയാണ് നൊവാക് സ്വിസ് താരവും 23 സീഡുമായ വാവറിങ്കക്ക് എതിരായ മത്സരത്തിനു ഇറങ്ങിയത്. എന്നാൽ മുമ്പേ പരിക്ക് അലട്ടിയ നൊവാക് പൂർണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ല എന്ന സംശയം ആദ്യമേ ഉണ്ടായിരുന്നു.

ആദ്യ സെറ്റ് 6-4 നേടിയ സ്റ്റാൻ ദ്യോക്കോവിച്ച് ആരാധകർക്ക് ആദ്യ ഞെട്ടൽ സമ്മാനിച്ചു. രണ്ടാം സെറ്റിൽ തനിക്ക് ആവും വിധം പൊരുതുന്ന ദ്യോക്കോവിച്ചിനെ കണ്ടു. എന്നാൽ വിട്ട് കൊടുക്കാൻ വാവറിങ്ക തയ്യാറായിരുന്നില്ല.7-5 നു രണ്ടാം സെറ്റും സ്വിസ് താരത്തിന് സ്വന്തം. ഇതോടെ മത്സരത്തിൽ തിരിച്ചു വരിക പ്രയാസം ആണെന്ന് സെർബിയൻ താരം തിരിച്ചറിഞ്ഞു. മൂന്നാം സെറ്റിൽ 2-1 നു പിന്നിൽ നിൽക്കുമ്പോൾ പരിക്ക് ഒരിക്കൽ കൂടി അലട്ടിയതോടെ പിന്മാറാൻ സെർബിയൻ താരം നിർബന്ധിതനായി. ഇതോടെ വർഷത്തെ മൂന്നാം ഗ്രാന്റ്‌ സ്‌ലാം എന്ന ലക്ഷ്യം ആണ് നോവാക്കിന്‌ നഷ്ടമാവുന്നത്.

താരത്തിന്റെ പുറത്താകൽ വലിയ സാധ്യത ആണ് മറ്റ് താരങ്ങൾക്ക് നൽകുക. 2016 ആവർത്തിക്കാൻ ആവും വാവറിങ്കയുടെ ശ്രമം. അതേസമയം ജർമ്മനിയുടെ ഡൊമനിക് കോപ്ഫറെ ആദ്യ സെറ്റിൽ പിറകെ നിന്ന ശേഷം മറികടന്ന റഷ്യയുടെ അഞ്ചാം സീഡ് ഡാനി മെദ്വദേവും ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷം അടുത്ത രണ്ടു സെറ്റും നേടിയ റഷ്യൻ താരം നാലാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് മത്സരം സ്വന്തമാക്കിയത്. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന മെദ്വദേവ്‌ വാവറിങ്ക ക്വാട്ടർ ഫൈനൽ തീപാറും എന്നുറപ്പാണ്. സ്‌കോർ 3-6,6-3,6-2,7-6

ദിമിത്രോവ്, സ്റ്റാൻ മുന്നോട്ട്

ഓസ്‌ട്രേലിയയുടെ നിക് കൈരൂയിസിനെ വാശിയേറിയ പോരാട്ടത്തിൽ തോല്പിച്ച് സ്വിസ്സ്‌ താരം സ്റ്റാൻ വാവ്രിങ്ക റോജേഴ്‌സ് കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. പരിക്ക് മൂലം ഏകദേശം ഒരു വർഷത്തിന് ശേഷം ഈയിടെ മാത്രം മടങ്ങിയെത്തിയ സ്റ്റാൻ പഴയ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനകൾ നൽകിയാണ് ഇന്നലെ വിജയിച്ചത്.

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം രണ്ടും മൂന്നും സെറ്റുകൾ നേടിയായിരുന്നു സ്റ്റാനിന്റെ വിജയം. കൈരൂയിസിനെ പോലൊരു എതിരാളിയ്ക്കെതിരെ നേടിയ വിജയം സ്റ്റാനിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുറപ്പ്. അടുത്ത മത്സരങ്ങൾ നദാലും, സ്റ്റാനും ജയിച്ചാൽ ഇരുവരും തമ്മിലൊരു ആവേശപ്പോരാട്ടം പ്രതീക്ഷിക്കാം.

സ്‌പെയിനിന്റെ വേർദാസ്‌കോയെ സമാന രീതിയിൽ തോൽപിച്ചാണ് ദിമിത്രോവ് മുന്നേറിയത്. ആദ്യ സെറ്റ് അടിയറ വച്ച ശേഷമായിരുന്നു ദിമിത്രോവിന്റെ വിജയം. ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് ബെർണ കോറിച്ചിനെ തോൽപ്പിച്ച് പ്രീക്വാർട്ടർ ഉറപ്പാക്കി.

വനിതകളിൽ വോസ്‌നിയാക്കി, അസരങ്ക, ഹാലെപ് വീനസ് വില്ല്യംസ് എന്നിവർ പ്രീക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version