നാടകീയമായ മത്സരത്തില്‍ തല്ലാവാസിനു പുറത്താക്കി പാട്രിയറ്റ്സ്, ഗ്ലെന്‍ ഫിലിപ്പ്സിന്റെ ശതകം വിഫലം

ആവേശകരമായ മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെ രണ്ട് വിക്കറ്റിനു പരാജയപ്പെടുത്തി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ജയിച്ച പാട്രിയറ്റ്സിനു രണ്ടാം ക്വാളിഫയറില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ നേരിടാം. അതേ സമയം ജമൈക്ക തല്ലാവാസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഒരു പന്ത് ശേഷിക്കെയാണ് ജമൈക്ക നേടിയ 191 റണ്‍സ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ പാട്രിയറ്റ്സ് മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ജമൈക്ക ഗ്ലെന്‍ ഫിലിപ്പ്സ് നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടുകയായിരുന്നു. 6 സിക്സും 9 ബൗണ്ടറിയും സഹിതം 63 പന്തില്‍ നിന്ന് ഗ്ലെന്‍ ഫിലിപ്പ്സ് 103 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ടീമിനു തിരിച്ചടിയായി. റോസ് ടെയിലര്‍ 33 റണ്‍സ് നേടിപ്പോള്‍ ഡേവിഡ് മില്ലര്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. പാട്രിയറ്റ്സിനു വേണ്ടി ബെന്‍ കട്ടിംഗ് രണ്ടും ഫാബിയന്‍ അല്ലെന്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, തബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പാട്രിയറ്റ്സ് നിരയില്‍ ആരും തന്നെ കൂറ്റന്‍ സ്കോര്‍ നേടിയില്ലെങ്കിലും അര്‍ദ്ധ ശതകം നേടിയ ആന്റണ്‍ ഡെവ്സിച്ചിന്റെ ഇന്നിംഗ്സ് നിര്‍ണ്ണായകമായി. 23 പന്തില്‍ നിന്നാണ് താരം അടിച്ച് തകര്‍ത്തത്. കുറഞ്ഞ പന്തുകളില്‍ അതി വേഗ സ്കോറുകളുമായി ഫാബിയന്‍ അല്ലെന്‍(23), ബ്രണ്ടന്‍ കിംഗ്(21), ബെന്‍ കട്ടിംഗ്(17*) എന്നിവരും ഒപ്പം കൂടിയപ്പോള്‍ ലക്ഷ്യം കൈയ്യെത്തും ദൂരത്ത് തന്നെ നിര്‍ത്തുവാന്‍ പാട്രിയറ്റ്സിനു സാധിച്ചു.

അവസാന ഓവറില്‍ 15 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന പാട്രിയറ്റ്സ് റോവ്മന്‍ പവല്‍ എറിഞ്ഞ ഓവറില്‍ ഒരു പന്ത് ശേഷിക്കെ വിജയം നേടുകയായിരുന്നു. ആദ്യ പന്തില്‍ റണ്‍സ് നേടാനായില്ലെങ്കിലും അടുത്ത പന്ത് സിക്സര്‍ പായിച്ച ബ്രാത്‍വൈറ്റിനെ മൂന്നാം പന്തില്‍ പുറത്താക്കി റോവ്മന്‍ പവല്‍ തിരിച്ചടിക്കുകയായിരുന്നു.

മൂന്ന് പന്തില്‍ 9 റണ്‍സ് നേടേണ്ടിയിരുന്ന പാട്രിയറ്റ്സിനു സഹായകരമായി തുടരെ മൂന്ന് പന്തുകള്‍ വൈഡ് എറിഞ്ഞ് റോവ്മന്‍ ലക്ഷ്യം മൂന്ന് പന്തില്‍ നിന്ന് ആറാക്കി ചുരുക്കി. നാലാം അവസരത്തില്‍ ബെന്‍ കട്ടിംഗിനെ ബീറ്റ് ചെയ്തെങ്കില്‍ അഞ്ചാം പന്ത് വീണ്ടും വൈഡ് എറിഞ്ഞ് റോവ്മന്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. അടുത്ത പന്ത് സിക്സര്‍ പറത്തി ബെന്‍ കട്ടിംഗ് ജമൈക്കയുടെയും റോവ്മന്റെയും ദുരിതത്തിനു അറുതി വരുത്തി പാട്രിയറ്റ്സിനെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തിലെ അമ്പയറിംഗിനെതിരെ ജമൈക്ക നായകന്‍ ആന്‍ഡ്രേ റസ്സല്‍ പ്രതികരിക്കുകയും ചെയ്തു.

തല്ലാവാസിനു വേണ്ടി ഒഷെയ്ന്‍ തോമസ്, ഇഷ് സോധി എന്നിവര്‍ മൂന്നും സ്റ്റീവന്‍ ജോബ്സ് ഒരു വിക്കറ്റും നേടി.

ബാര്‍ബഡോസിനു ആറാം തോല്‍വി നല്‍കി ഫാബിയന്‍ അലെന്‍

തുടര്‍ച്ചയായ ആറാം തോല്‍വി ഏറ്റുവാങ്ങി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് പുലര്‍ച്ചെ നടന്ന പ്രാഥമിക റൗണ്ടിലെ 26ാം മത്സരത്തില്‍ ഫാബിയന്‍ അലെന്റെ ബാറ്റിംഗ് മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് ബാര്‍ബഡോസിനെ തറപറ്റിക്കുകയായിരുന്നു. 2 പന്തുകള്‍ ശേഷിക്കെയാണ് രണ്ട് വിക്കറ്റ് ജയം പാട്രിയറ്റ്സ് സ്വന്തമാക്കിയത്. മത്സരത്തിനു യാതൊരു വിധ പ്രസക്തിയുണ്ടായിരുന്നില്ലെങ്കില്‍ മത്സരം വീക്ഷിക്കാനെത്തിയവര്‍ക്ക് കൊടുത്ത പൈസ മുതലാവുന്ന പ്രകടനമാണ് ടീമുകള്‍ പുറത്തെടുത്തത്.

അവസാന ഓവറില്‍ 17 റണ്‍സ് ജയത്തിനായി ആവശ്യമായിരുന്ന പാട്രിയറ്റ്സിനു വേണ്ടി ആദ്യ മൂന്ന് പന്തില്‍ നിന്ന് തന്നെ ഫാബിയന്‍ അലെന്‍ സ്കോറുകള്‍ ഒപ്പമെത്തിയ്ക്കുകയായിരുന്നു. ആദ്യ രണ്ട് പന്തുകള്‍ സിക്സും മൂന്നാം പന്ത് ബൗണ്ടറിയും കടത്തിയ ഫാബിയന്‍ നാലാം പന്തില്‍ ലെഗ് ബൈയിലൂടെ നേടിയ ഒരു റണ്‍സിന്റെ ബലത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഒരു ഘട്ടത്തില്‍ 92/6 എന്ന നിലയിലായിരുന്ന പാട്രിയറ്റ്സിനെ 34 പന്തില്‍ നിന്ന് 64 റണ്‍സ് നേടി പുറത്താകാതെ നിന്ന ഫാബിയന്‍ അലെന്‍ ആണ് വിജയിപ്പിച്ചത്. 6 ബൗണ്ടറിയും നാല് സിക്സും നേടിയ താരമാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മറ്റു താരങ്ങളില്‍ കാര്യമായ സംഭാവനകള്‍ ആരും നടത്തിയില്ലെങ്കിലും ക്രിസ് ഗെയില്‍(22), എവിന്‍ ലൂയിസ്(19) എന്നിവരാണ് ടീമിലെ പ്രധാന സ്കോറര്‍മാര്‍. ബാര്‍ബഡോസിനു വേണ്ടി മുഹമ്മദ് ഇര്‍ഫാന്‍ മൂന്നും ഇമ്രാന്‍ ഖാന്‍ രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടുകയായിരുന്നു. നിക്കോളസ് പൂരന്‍(44), റോഷ്ടണ്‍ ചേസ്(38*), ജേസണ്‍ ഹോള്‍ഡര്‍ 11 പന്തില്‍ പുറത്താകാതെ 30 റണ്‍സ് എന്നിവരാണ് തിളങ്ങിയ താരങ്ങള്‍. തബ്രൈസ് ഷംസി രണ്ട് വിക്കറ്റ് നേടി പാട്രിയറ്റ്സ് ബൗളര്‍മാരില്‍ മികവ് തെളിയിച്ചു.

കൂറ്റന്‍ സ്കോര്‍ നേടി തല്ലാവാസ്, മഴ നിയമത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനു ജയം

റോവ്മന്‍ പവലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് 206/6 എന്ന സ്കോര്‍ നേടിയെങ്കിലും ജയം നേടാനാകാതെ ജമൈക്ക തല്ലാവാസ്. മഴ മൂലം 11 ഓവറില്‍ നിന്ന് 118 റണ്‍സ് എന്ന് രീതിയില്‍ വിജയ ലക്ഷ്യം പുനക്രമീകരിച്ചത് 10.1 ഓവില്‍ 3 വിക്കറ്റ് ജയം നേടിയത് വഴി പാട്രിയറ്റ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയായിരുന്നു.

റോവ്‍മന്‍ പവലല്‍ 40 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍(32), ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്പ്സ്(40) എന്നിവരും ടീമിനായി തിളങ്ങി. ബെന്‍ കട്ടിംഗ് രണ്ടും ഓരോ വിക്കറ്റുമായി ഫാബിയന്‍ അലെന്‍, അല്‍സാരി ജോസഫ്, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവരും പാട്രിയറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി.

രണ്ടാം ഓവറില്‍ പൂജ്യം റണ്‍സിനു എവിന്‍ ലൂയിസിനെ നഷ്ടമായെങ്കിലും 24 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ക്രിസ് ഗെയിലും അത്രയും തന്നെ പന്തില്‍ 45 റണ്‍സ് നേടിയ റാസി വാന്‍ ഡെര്‍ ഡൂസനും ചേര്‍ന്ന് പാട്രിയറ്റ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പുറത്താകാതെ നിന്ന ഡൂസനു കൂട്ടായി മഹമ്മദുള്ള 11 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു.

അടിച്ച് തകര്‍ത്ത് മണ്‍റോ, ട്രിന്‍ബാഗോയ്ക്ക് 46 റണ്‍സ് ജയം

കോളിന്‍ മണ്‍റോ പുറത്താകാതെ 50 പന്തില്‍ നിന്ന് നേടിയ 76 റണ്‍സിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 46 റണ്‍സ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് 199/4 എന്ന സ്കോര്‍ നേടിയ ട്രിന്‍ബോഗോയ്ക്കെതിരെ സെയിന്റ് കിറ്റ്സിനു 153/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

മണ്‍റോയ്ക്ക് പുറമേ ബ്രണ്ടന്‍ മക്കല്ലം(35), ഡ്വെയിന്‍ ബ്രാവോ(37*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഷെല്‍ഡണ്‍ കോട്രെല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും പാട്രിയറ്റ്സിനായി നേടി.

എവിന്‍ ലൂയിസ് നേടിയ അര്‍ദ്ധ ശതകം(52) മാത്രമാണ് പാട്രിയറ്റ്സ് നിരയിലെ ചെറുത്ത് നില്പ്. ഡെവണ്‍ തോമസ് 23 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റ് 21 റണ്‍സും നേടി പുറത്തായി. ആന്‍ഡേഴ്സണ്‍ ഫിലിപ്പ് മൂന്നും ഫവദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി ട്രിന്‍ബാഗോ ബൗളര്‍മാരില്‍ തിളങ്ങി.

അവസാന ഓവറില്‍ ത്രില്ലര്‍ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ അവസാന ഓവറില്‍ ജയം 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. അവസാന ഓവറില്‍ 3 റണ്‍സ് മാത്രം വേണ്ടിയിരുന്ന വാരിയേഴ്സിനു ഒരു പന്ത് ശേഷിക്കെയാണ് വിജയത്തിലെത്തുവാന്‍ സാധിച്ചത്. 19ാം ഓവറില്‍ രണ്ട് സിക്സര്‍ പറപ്പിച്ച് വിജയ സമയത്ത് 20 പന്തില്‍ നിന്ന് 37 റണ്‍സുമായി പുറത്താകാതെ നിന്ന സൊഹൈല്‍ തന്‍വീര്‍ ആണ് ടീമിന്റെ വിജയ ശില്പിയും മാന്‍ ഓഫ് ദി മാച്ചും.

169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗയാനയുടെ തുടക്കം മോശമായിരുന്നു. ലൂക്ക് റോഞ്ചി(28), ജേസണ്‍ മുഹമ്മദ്(36) എന്നിവര്‍ പുറത്തായ ശേഷം മറ്റു താരങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാനാകാതെ പോയ ഘട്ടത്തിലാണ് തന്‍വീറിന്റെ വെടിക്കെട്ട് പ്രകടനം. അവസാന രണ്ടോവറില്‍ 19 റണ്‍സായിരുന്നു ടീമിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തിലും അവസാന പന്തിലും സിക്സര്‍ നേടിയാണ് തന്‍വീര്‍ മത്സര ഗതിയെ മാറ്റിയത്. പാട്രിയറ്റ്സിനു വേണ്ടി ബെന്‍ കട്ടിംഗും കാര്‍ലോസ് ബ്രാത്‍വൈറ്റും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ക്രിസ് ഗെയില്‍(40), എവിന്‍ ലൂയിസ്(28), ആന്റണ്‍ ഡെവ്സിച്ച്(35) എന്നിവര്‍ക്കൊപ്പം 9 പന്തില്‍ 19 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ് എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. ഇമ്രാന്‍ താഹിര്‍ തന്റെ നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റുമായി പാട്രിയറ്റ്സ് കുതിപ്പിനു തടയിടുകയായിരുന്നു.

മുഹമ്മദ് ഇര്‍ഫാന്റെ മാന്ത്രിക സ്പെല്ലിനും ബാര്‍ബഡോസിനെ ജയിപ്പിക്കാനായില്ല

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ലെ 16ാം മത്സരത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനു ജയം. ബാര്‍ബഡോസിനു വേണ്ടി മാന്ത്രിക സ്പെല്ലുമായി മുഹമ്മദ് ഇര്‍ഫാന്‍ രംഗത്തെത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ നല്‍കിയ സ്കോര്‍ തീരെ ചെറുതായിരുന്നതിനാല്‍ പാട്രിയറ്റ്സ് 18.5 ഓവറില്‍ അത് മറികടക്കുകയായിരുന്നു. തന്റെ നാലോവറില്‍ നിന്ന് ഒരു റണ്‍സ് മാത്രം വിട്ടു നല്‍കി മുഹമ്മദ് ഇര്‍ഫാന്‍ 2 വിക്കറ്റാണ് നേടിയത്. 3 മെയിഡനുകള്‍ അടങ്ങിയ സ്പെല്ലിന്റെ പേരില്‍ മുഹമ്മദ് ഇര്‍ഫാന്‍ ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 20 ഓവറില്‍ നിന്ന് 147/6 എന്ന സ്കോര്‍ നേടുകയായിരുന്നു. ടീം ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ 35 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ ഷായി ഹോപ് 26 റണ്‍സ് നേടി. ബെന്‍ കട്ടിംഗ്, ആന്റണ്‍ ഡെവ്സിച്ച് എന്നിവര്‍ രണ്ടും ഷെല്‍ഡണ്‍ കോട്രെല്‍ ഒരു വിക്കറ്റും പാട്രിയറ്റ്സിനു വേണ്ടി നേടി.

ആദ്യ പന്തില്‍ ക്രിസ് ഗെയിലിനെയും മൂന്നാം ഓവറില്‍ എവിന്‍ ലൂയിസിനെയും പുറത്താക്കി ഇര്‍ഫാന്‍ പാട്രിയറ്റ്സിനെ 7/2 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയെങ്കിലും ബ്രണ്ടന്‍ കിംഗ്-ഡെവണ്‍ തോമസ് കൂട്ടുകെട്ട് 88 റണ്‍സ് നേടി പാട്രിയറ്റ്സിനെ തിരികെ ട്രാക്കിലാക്കി. ഡെവണ്‍ തോമസ് 32 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ കിംഗ് 60 റണ്‍സ് നേടി പുറത്തായി. ബെന്‍ കട്ടിംഗ് 29 റണ്‍സും ടോം കൂപ്പര്‍ 13 റണ്‍സും നേടി വിജയ സമയത്ത് പുറത്താകാതെ നിന്നു.

നാണംകെട്ട തോല്‍വിയുമായി ലൂസിയ സ്റ്റാര്‍സ്, പാട്രിയറ്റ്സിനു 7 വിക്കറ്റ് ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗ് 13ാം മത്സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങി സെയിന്റ് ലൂസിയ സ്റ്റാര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 12.3 ഓവറില്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 24 റണ്‍സ് നേടിയ കൈസ് അഹമ്മദും 1 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മാത്രമാണ് ടീമിനു വേണ്ടി രണ്ടക്കം കടന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ മൂന്ന് വിക്കറ്റും മഹമ്മദുള്ള, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി പാട്രിയറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി.

ഡെവണ്‍ സ്മിത്ത് പുറത്താകാതെ 38 റണ്‍സുമായി ചെറിയ സ്കോര്‍ 7.4 ഓവറില്‍ മറികടക്കുവാന്‍ പാട്രിയറ്റ്സിനെ സഹായിച്ചു. ബ്രണ്ടന്‍ കിംഗ് 17 റണ്‍സും എവിന്‍ ലൂയിസ് 13 റണ്‍സും നേടി പുറത്തായി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നൈറ്റ് റൈഡേഴ്സിനു തോല്‍വി, പാട്രിയറ്റ്സിനു 42 റണ്‍സ് ജയം

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ 42 റണ്‍സിന്റെ ജയം സ്വന്തമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 203 റണ്‍സ് നേടുകയായിരുന്നു. ഡെവണ്‍ സ്മിത്ത് നേടിയ 58 റണ്‍സിന്റെയും കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെയും ബലത്തിലാണ് 200 കടക്കാന്‍ പാട്രിയറ്റ്സിനു സാധിച്ചത്. 15 പന്തില്‍ നിന്ന് 41 റണ്‍സാണ് ബ്രാത്‍വൈറ്റ് നേടിയത്.

ക്രിസ് ഗെയില്‍(35), ബെന്‍ കട്ടിംഗ്(25*) എന്നിവരും പാട്രിയറ്റ്സ് നിരയില്‍ തിളങ്ങി. നൈറ്റ് റൈഡേഴ്സിനു വേണ്ടി അലി ഖാന്‍ മൂന്ന് വിക്കറ്റും സുനില്‍ നരൈന്‍ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് പക്ഷേ 20 ഓവറില്‍ നിന്ന് 161 റണ്‍സ് മാത്രമേ നേടാനായുള്ളു. 22 പന്തില്‍ നിന്ന് പുറത്താകാതെ 42 റണ്‍സുമായി നിന്ന കെവന്‍ കൂപ്പര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 41 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോയും ടീമിനായി തിളങ്ങി. കോളിന്‍ മണ്‍റോ 35 റണ്‍സ് നേടി പുറത്തായി. 17 പന്തില്‍ നിന്ന് മികച്ച തുടക്കമാണ് മണ്‍റോ നല്‍കിയ്.

8 വിക്കറ്റുകളാണ് ട്രിന്‍ബാഗോയ്ക്ക് നഷ്ടമായത്. 2 വീതം വിക്കറ്റുമായി കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജെര്‍മിയ ലൂയിസ്, ബെന്‍ കട്ടിംഗ് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഒരു വിക്കറ്റ് നേടിയ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ പതിവു പോലെ കണിശതയോടെ പന്തെറിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗെയില്‍ വെടിക്കെട്ടിനെ മുക്കി ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഗയാന ആമസോണ്‍ വാരിയേഴ്സിനു മികച്ച ജയം

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 6 വിക്കറ്റ് ജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്ന് നടന്ന സിപിഎല്‍ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടുകയായിരുന്നു. ക്രിസ് ഗെയില്‍ നേടിയ 86 റണ്‍സ് പ്രകടനത്തിനു പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും കഴിയാതെ പോയതും ടീമിനു തിരിച്ചടിയായി. ഗെയില്‍ പോലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അല്ല ബാറ്റ് വീശിയത്. 65 പന്തുകളാണ് 86 റണ്‍സ് നേടുവാന്‍ ഗെയില്‍ നേരിട്ടത്. കീമോ പോള്‍ രണ്ട് വിക്കറ്റും സൊഹൈല്‍ തന്‍വീര്‍, ക്രിസ് ഗ്രീന്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്സ് 16.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ജയം ഉറപ്പാക്കി. 45 പന്തില്‍ നിന്ന് 79 റണ്‍സുമായി പുറത്താകാതെ നിന്ന ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആണ് കളിയിലെ താരം. ക്രിസ് ഗ്രീന്‍ 25 റണ്‍സ് നേടി ക്രീസില്‍ ഹെറ്റ്മ്യറിനു കൂട്ടായി നിലയുറപ്പിച്ചു. ഷെല്‍ഡണ്‍ കോട്രെല്ലും നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version