37 റണ്‍സിന്റെ വിജയവുമായി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 37 റണ്‍സിന്റെ മികച്ച വിജയവുമായി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 147/6 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 110 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ജമൈക്കയ്ക്ക് വേണ്ടി പുറത്താകാതെ 79 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് കളിയിലെ താരം.

ഫിലിപ്പ്സിന് പുറമെ 27 റണ്‍സുമായി ജെര്‍മൈന്‍ ബ്ലാക്ക്വുഡും തിളങ്ങി. ബോണര്‍(16), ആസിഫ് അലി(14) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാട്രിയറ്റ്സിന് വേണ്ടി റയാദ് എമ്രിറ്റ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാട്രിയറ്റ്സിനായി ക്രിസ് ലിന്‍ വീണ്ടും തുടക്കത്തില്‍ പരാജയപ്പെട്ടു.എവിന്‍ ലൂയിസും കീറണ്‍ പവലും 21 റണ്‍സുമായി ടോപ് സ്കോറര്‍മാരായെങ്കിലും പാട്രിയറ്റ്സിന് യാതൊരു തരത്തിലുള്ള വെല്ലുവിളിയും മത്സരത്തില്‍ സൃഷ്ടിക്കാനായില്ല. തല്ലാവാസിന് വേണ്ടി കാര്‍ലോസ് ബ്രാത്‍വൈറ്റ് മൂന്നും വീരസാമി പെരുമാള്‍, സന്ദീപ് ലാമിച്ചാനെ, ഫിഡല്‍ എഡ്വേര്‍ഡ്സ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

14.4 ഓവറില്‍ ആറ് വിക്കറ്റ് വിജയം നേടി സൂക്ക്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് 110 റണ്‍സിന് എതിരാളികളെ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 14.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് സൂക്ക്സ് മറികടന്നത്. റഖീം കോണ്‍വാല്‍(26) ആന്‍ഡ്രേ ഫ്ലെച്ചര്‍(16), റോസ്ടണ്‍ ചേസ്(27), നജീബുള്ള സദ്രാന്‍(33) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിന് അനായാസ വിജയം നല്‍കിയത്.

നേരത്തെ മുഹമ്മദ് നബിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാട്രിയറ്റ്സിന്റെ താളം തെറ്റിച്ചത്. തന്റെ നാലോവറില്‍ വെറും 15 റണ്‍സ് വിട്ട് നല്‍കിയാണ് നബി പാട്രിയറ്റ്സിനെ മുട്ടുകുത്തിച്ചത്.

പാട്രിയറ്റ്സിനെ നാണംകെടുത്ത് മുഹമ്മദ് നബി, അഞ്ച് വിക്കറ്റുകള്‍ നേടിയ അഫ്ഗാന്‍ താരത്തിന്റെ സ്പെല്ലില്‍ ആടിയുലഞ്ഞ് ടോപ് ഓര്‍ഡര്‍

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മോശം ഫോം ഇന്നത്തെ മത്സരത്തിലും തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ സെയിന്റ് ലൂസിയ സൂക്ക്സ് 110 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു. തുടക്കത്തില്‍ മുഹമ്മദ് നബിയുടെ സ്പെല്ലില്‍ ടീം തകര്‍ന്നടിയുകയായിരുന്നു.

നബി എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ക്രിസ് ലിന്നിനെയും നിക്ക് കെല്ലിയെയും പുറത്തായപ്പോള്‍ പാട്രിയറ്റ്സിന്റെ സ്കോര്‍ ബോര്‍ഡ് തുറന്നിട്ടില്ലായിരുന്നു. തന്റെ അടുത്ത ഓവറില്‍ ദിനേശ് രാംദിനെയും എവിന്‍ ലൂയിസിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയപ്പോള്‍ പാട്രിയറ്റ്സ് 11/4 എന്ന നിലയില്‍ പതറി.

ജാമാര്‍ ഹാമിള്‍ട്ടണെ സഹീര്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 38/5 എന്ന നിലയിലേക്ക് പാട്രിയറ്റ്സ് വീണു. പിന്നീട് ബെന്‍ ഡങ്ക്-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ് ടീം സ്കോര്‍ 60 കടത്തിയത്. സ്കോര്‍ 62ല്‍ നില്‍ക്കെ 33 റണ്‍സ് നേടിയ ബെന്‍ ഡങ്കിനെ ടീമിന് നഷ്ടമായി. പിന്നീട് സൊഹൈല്‍ തന്‍വീര്‍(12), റയാദ് എമ്രിറ്റ്(16) എന്നിവരോടൊപ്പം അല്‍സാരി ജോസഫ് പുറത്താകാതെ നേടിയ 21 റണ്‍സ് കൂടി ചേര്‍ന്നപ്പോളാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന സ്കോറിലേക്ക് പാട്രിയറ്റ്സ് എത്തിയത്.

സെയിന്റ് ലൂസിയ സൂക്ക്സിന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്നലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ നേരിട്ട തോല്‍വിയ്ക്ക് ശേഷം വീണ്ടും വിജയ പാതയിലെത്തുവാനായി സെയിന്റ് ലൂസിയ സൂക്ക്സ്. ടോസ് നേടിയ ടീം ക്യാപ്റ്റന്‍ ഡാരെന്‍ സാമി ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു.പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയാണ് ഇന്ന് സൂക്ക്സ് കളത്തിലിറങ്ങുന്നത്.

ക്രിസ് ലിന്നിന്റെ ഫോമില്ലായ്മയാണ് ഈ ടൂര്‍ണ്ണമെന്റില്‍ പാട്രിയറ്റ്സിന്റെ ഏറ്റവും വലിയ തലവേദന. എവിന്‍ ലൂയിസ് കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ടീമിന് ആദ്യ ജയം സ്വന്തമാക്കുവാന്‍ കഴിഞ്ഞിരുന്നു.

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് : Chris Lynn, Evin Lewis, Denesh Ramdin(w), Jahmar Hamilton, Ben Dunk, Sohail Tanvir, Nick Kelly, Rayad Emrit(c), Imran Khan, Jon-Russ Jaggesar, Alzarri Joseph

സെയിന്റ് ലൂസിയ സൂക്ക്സ് : Andre Fletcher(w), Rahkeem Cornwall, Mark Deyal, Roston Chase, Najibullah Zadran, Mohammad Nabi, Daren Sammy(c), Javelle Glenn, Scott Kuggeleijn, Kesrick Williams, Zahir Khan

ആവേശ പോരില്‍ വിജയം പാട്രിയറ്റ്സിന്, ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം

ബാര്‍ബഡോസ് ട്രിഡന്റ്സ് നല്‍കിയ 152 റണ്‍സ് ലക്ഷ്യം 3 പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറിടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. എവിന്‍ ലൂയിസ് നേടിയ 89 റണ്‍സിനൊപ്പം 11 പന്തില്‍ 22 റണ്‍സ് നേടിയ ബെന്‍ ഡങ്കും 20 റണ്‍സ് നേടിയ ദിനേഷ് രാംദിനുമാണ് പാട്രിയറ്റ്സിന് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം നേടിക്കൊടുത്തത്.

അവസാന മൂന്നോവറില്‍ പാട്രിയറ്റ്സിന്റെ ലക്ഷ്യം 31 റണ്‍സായിരുന്നു. എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു ടീമിന്റെ പ്രതീക്ഷ. 18ാം ഓവറില്‍ എവിന്‍ ലൂയിസ് ഒരു സിക്സ് നേടിയെങ്കിലും ബെന്‍ ഡങ്കിന് കാര്യമായ പിന്തുണ മറുവശത്ത് നിന്ന് നല്‍കാനാകാതെ പോയപ്പോള്‍ ആ ഓവറില്‍ 9 റണ്‍സേ ടീമിന് നേടാനായുള്ളു.

അവസാന രണ്ടോവറില്‍ ലക്ഷ്യം 22 ആയിരുന്നു. എവിന്‍ ലൂയിസ് ക്രീസില്‍ നില്‍ക്കവെ ലക്ഷ്യം അപ്രാപ്യമല്ലായിരുന്നു. എന്നാല്‍ ഓവറിന്റെ മൂന്നാം പന്തില്‍ കൈല്‍ മയേഴ്സ് എവിന്‍ ലൂയിസിനെ പുറത്താക്കിയപ്പോള്‍ പാട്രിയറ്റ്സ് ക്യാമ്പില്‍ നിരാശ പടര്‍ന്നു. 60 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മടക്കം. നേരത്തെ രാംദിനെ പുറത്താക്കിയ മയേഴ്സ് നേടിയ രണ്ടാമത്തെ വലിയ വിക്കറ്റായിരുന്നു ഇത്. ഓവറിലെ അവസാന മൂന്ന് പന്തില്‍ നിന്ന് 7 റണ്‍സ് നേടി ബെന്‍ ഡങ്ക് ലക്ഷ്യം അവസാന ഓവറില്‍ 13 റണ്‍സാക്കി മാറ്റി.

നയീം യംഗ് എറിഞ്ഞ അവസാന ഓവറില്‍ ബെന്‍ ഡങ്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി ലക്ഷ്യം നാല് പന്തില്‍ ആറെന്ന നിലയിലേക്ക് ആക്കിയ ബെന്‍ ഡങ്ക് അടുത്ത പന്തും സിക്സര്‍ പറത്തി വിജയം കൈപ്പിടിയലൊതുക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 7 വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സ് നേടിയത്. ടീമിനായി 19 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ കോറെ ആന്‍ഡേഴ്സണെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും ലഭിച്ച തുടക്കം 30ന് മേലെക്ക് കൊണ്ടു പോകാനായില്ല. ജോണ്‍സണ്‍ ചാള്‍സ്(24), ഷായി ഹോപ്(29), കൈല്‍ മയേഴ്സ്(22),ആഷ്‍ലി നഴ്സ്(25) എന്നിവരെല്ലാം റണ്‍സ് കണ്ടെത്തിയെങ്കിലും അധിക നേരം ക്രീസില്‍ ആര്‍ക്കും ചെലവഴിക്കാനായില്ല.

ജോണ്‍-റസ്സ് ജാഗ്ഗേസര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. തന്‍വീര്‍, അല്‍സാരി ജോസഫ്, റയാദ് എമ്രിറ്റ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അവസാന സ്ഥാനക്കാരുടെ പോരാട്ടം, പാട്രിയറ്റ്സ് ആദ്യം ഫീല്‍ഡ് ചെയ്യും

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും ബാര്‍ബഡോസ് ട്രിഡന്റ്സും തമ്മിലുള്ള ഇന്നത്തെ കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ടോസ് നേടി പാട്രിയറ്റ് ബൗളിംഗ് തിരഞ്ഞെടുത്തു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ബാര്‍ബഡോസും പാട്രിയറ്റ്സും. ടൂര്‍ണ്ണമെന്റില്‍ ഒരു ജയം പോലുമില്ലാതെയാണ് പാട്രിയറ്റ്സ് ടൂര്‍ണ്ണമെന്റില്‍ കഷ്ടപ്പെടുന്നത്.

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്: Chris Lynn, Evin Lewis, Joshua Da Silva, Nick Kelly, Denesh Ramdin(w), Ben Dunk, Sohail Tanvir, Rayad Emrit(c), Imran Khan, Jon-Russ Jaggesar, Alzarri Joseph

ബാര്‍ബഡോസ് ട്രിഡന്റ്സ്: Johnson Charles, Shai Hope(w), Corey Anderson, Kyle Mayers, Jason Holder(c), Ashley Nurse, Raymon Reifer, Nyeem Young, Mitchell Santner, Rashid Khan, Hayden Walsh

പാട്രിയറ്റ്സിനെ വീഴ്ത്തി റോസ്ടണ്‍ സ്കോട്ട് കുജ്ജെലൈനും, പാഴായി പോയത് രാംദിന്റെ ഒറ്റയാള്‍ പോരാട്ടം

173 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വീണ്ടും പരാജയം. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമില്ലാത്ത ടീമെന്ന ചീത്ത് പേരുമായാണ് ടീം ഇന്ന് തോറ്റു മടങ്ങുന്നത്. കൂറ്റന്‍ ലക്ഷ്യത്തിനിറങ്ങിയ ടീമിന് ക്രിസ് ലിന്നും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തില്‍ മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കി ലിന്‍ 14 റണ്‍സ് നേടി മടങ്ങിയ ശേഷം പാട്രിയറ്റ്സ് കഷ്ടപ്പെടുകയായിരുന്നു.

29 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ അടക്കം മൂന്ന് വിക്കറ്റ് റോസ്ടണ്‍ ചേസ് നേടിയതോടെ കാര്യങ്ങള്‍ പാട്രിയറ്റ്സിന് കൂടുതല്‍ പ്രയാസകരമായി. പിന്നീട് ദിനേശ് രാംദിന്‍ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും ജയം പാട്രിയറ്റ്സിന് അപ്രാപ്യമായിക്കൊണ്ടിരിക്കുകയായിരുന്നു. റോസ്ടണ്‍ ചേസ് തന്റെ നാലോവറില്‍ വെറും 12 റണ്‍സ് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

അധികം വൈകാതെ രാംദിനെയും കീറണ്‍ പവലിനെയും സൊഹൈല്‍ തന്‍വീറിനെയും സ്കോട്ട് കുജ്ജെലൈനും പുറത്താക്കിയതോടെ മത്സരത്തിലെ പാട്രിയറ്റ്സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അവസാന ഓവറില്‍ ലക്ഷ്യം 28 റണ്‍സെന്നിരിക്കെ ഷെല്‍ഡണ്‍ കോട്രെല്‍ ചില കൂറ്റനടികള്‍ക്ക് ശ്രമിച്ചുവെങ്കിലും മത്സരത്തില്‍ സൂക്ക്സ് 10 റണ്‍സ് വിജയം നേടി. 11 പന്തില്‍ നിന്ന് 26 റണ്‍സാണ് കോട്രെല്‍ നേടിയത്. 20 ഓവറില്‍ 162/8 എന്ന നിലയിലാണ് പാട്രിയറ്റ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.

സ്കോട്ട് കുജ്ജെലൈന്‍ നാലും റോസ്ടണ്‍ ചേസ് മൂന്നും വിക്കറ്റ് നേടിയാണ് സൂക്ക്സിന്റെ വിജയ ശില്പികളായത്.

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സൂക്ക്സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി നബി

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 172 റണ്‍സ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്.

റഖീം കോണ്‍വാല്‍ തുടക്കത്തില്‍ റിട്ടേര്‍ഡ് ആയെങ്കിലും മികച്ച തുടക്കമാണ് സെയിന്റ് ലൂസിയ സൂക്ക്സിന് ലഭിച്ചത്. ഫ്ലെച്ചറും മാര്‍ക്ക് ദേയാലും ചേര്‍ന്ന് മികച്ച തുടക്കം നേടിയ ശേഷം 17 പന്തില്‍ 30 റണ്‍സ് നേടിയ മാര്‍ക്ക് ദേയാല്‍ പുറത്താകുമ്പോള്‍ സ്കോര്‍ 73 റണ്‍സായിരുന്നു. 11.5 ഓവറില്‍ ആന്‍ഡ്രേ ഫ്ലെച്ചറെ നഷ്ടമായ ശേഷമാണ് സൂക്ക്സിന്റെ തകര്‍ച്ചയുടെ തുടക്കം.

33 പന്തില്‍ 46 റണ്‍സ് നേടിയ ഫ്ലെച്ചറിനെയും റോസ്ടണ്‍ ചേസിനെയും അടുത്തടുത്ത ഓവറുകള്‍ ജോണ്‍-റസ് ജാഗേസര്‍ പുറത്താക്കിയ ശേഷം സൊഹൈല്‍ തന്‍വീര്‍ നജീബുള്ള സദ്രാനെയും ഡാരെന്‍ സാമിയെയും പുറത്താക്കിയപ്പോള്‍ 123/5 എന്ന നിലയിലേക്ക് 14.4 ഓവറില്‍ സൂക്ക്സ് പ്രതിരോധത്തിലായി.

തിരികെ ബാറ്റിംഗിനെത്തിയ റഖീം കോണ്‍വാല്‍ റണ്ണൗട്ടാകുമ്പോള്‍ 16 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ 19ാം ഓവറില്‍ സൊഹൈല്‍ തന്‍വീറിനെ രണ്ട് സിക്സറുകള്‍ പറത്തിയാണ് സെയിന്റ് ലൂസിയ ഇന്നിംഗ്സിന് അവസാനം ആശ്വാസം പകര്‍ന്നത്. ഒരു ഘട്ടത്തില്‍ ഇരുനൂറിനടുത്ത് സ്കോറിലേക്ക് എത്തുമെന്ന് കരുതിയ ടീമിന് 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനായത്. മുഹമ്മദ് നബി 22 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.

ടീമിന്റെ ടോപ് സ്കോറര്‍ ആന്‍ഡ്രേ ഫ്ലെച്ചറാണെങ്കിലും 3 സിക്സുകളുടെ സഹായത്തോടെ 35 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ വെടിക്കെട്ട് പ്രകടനം സൂക്ക്സ് ഇന്നിംഗ്സിന്റെ ഗതി മാറ്റുകയായിരുന്നു. സൊഹൈല്‍ തന്‍വീര്‍, ജോണ്‍-റസ് ജാഗ്ഗേസര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ ആണ് പാട്രിയറ്റ്സ് നിരയില്‍ കണക്കറ്റ് പ്രഹരം വാങ്ങിയത്.

ആദ്യ ജയം തേടി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, ആദ്യം ബൗള്‍ ചെയ്യും

ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും സെയിന്റ് ലൂസിയ സൂക്ക്സും ഏറ്റമുട്ടുമ്പോള്‍ സൂക്ക്സ് ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ പാട്രിയറ്റ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ എല്ലാ ടീമുകളും രണ്ട് വീതം മത്സരം കളിച്ചപ്പോള്‍ പാട്രിയറ്റ്സ് മാത്രമാണ് വിജയം നേടാത്ത ടീം. ഇന്ന് വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ടീം കളത്തിലിറങ്ങുന്നത്.

സെയിന്റ് ലൂസിയ സൂക്ക്സ്: Rahkeem Cornwall, Andre Fletcher(w), Najibullah Zadran, Mohammad Nabi, Daren Sammy(c), Mark Deyal, Roston Chase, Scott Kuggeleijn, Kesrick Williams, Obed McCoy, Saad Bin Zafar

സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സ്: Chris Lynn, Evin Lewis, Joshua Da Silva, Ben Dunk, Kieran Powell, Denesh Ramdin(w), Sohail Tanvir, Rayad Emrit(c), Ish Sodhi, Jon-Russ Jaggesar, Sheldon Cottrell

 

കീമോ പോളിന്റെ ബൗളിംഗ് മികവില്‍ പാട്രിയറ്റ്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, വെടിക്കെട്ട് ബാറ്റിംഗുമായി ഹെറ്റ്മ്യര്‍

ബൗളര്‍മാരുടെ മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ മികവാര്‍ന്ന ജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 127/8 എന്ന സ്കോറാണ് നേടിയത്. ലക്ഷ്യം പതിനേഴ് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗയാന മറികടന്നു.

മികച്ച തുടക്കത്തിന് ശേഷം സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയത് കീമോ പോളിന്റെ ബൗളിംഗ് പ്രകടനം ആണ്. എവിന്‍ ലൂയിസ് 18 പന്തില്‍ 30 റണ്‍സ് നേടി പുറത്താകുമ്പോള്‍ 5.4 ഓവറില്‍ 53/2 എന്ന നിലയിലായിരുന്ന ടീമിനെ പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി കീമോ പോള്‍ ആണ് പ്രതിസന്ധിയിലാക്കിയത്.

ബെന്‍ ഡങ്ക് 29 റണ്‍സ് നേടി. റയാദ് എമ്രിറ്റ്(17), ക്രിസ് ലിന്‍(16) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഗയാനയ്ക്ക് വേണ്ടി കീമോ പോള്‍ നാലും ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റും നേടി.

മറ്റു താരങ്ങളുടെ ബാറ്റിംഗ് പ്രകടനം മോശമായെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ 44 പന്തില്‍ നിന്നുള്ള 71 റണ്‍സാണ് ഗയാനയുടെ വിജയത്തിന്റെ അടിത്തറ. പാട്രിയറ്റ്സിന് വേണ്ടി റയാദ് എമ്രിറ്റ് മൂന്ന് വിക്കറ്റ് നേടി.

ബാര്‍ബഡോസ് ട്രിഡന്റ്സിന് ആറ് റണ്‍സ് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ആവേശകരമായ 6 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സ് 9 വിക്കറ്റ് നഷ്ടത്തില് 153 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സേ നേടിയുള്ളു.

ജോഷ്വ ഡാ സില്‍വ പുറത്താകാതെ 41 റണ്‍സുമായി പാട്രിയറ്റ്സിനായി നില കൊണ്ടുവെങ്കിലും ബാറ്റിംഗിന് വേഗത ഇല്ലാതിരുന്നത് തിരിച്ചടിയായി. ബെന്‍ ഡങ്ക് 34 റണ്‍സ് നേടി. വാലറ്റത്തില്‍ സൊഹൈല്‍ തന്‍വീര്‍ 10 പന്തില്‍ നിന്ന് 16 റണ്‍സ് നേടി പൊരുതിയെങ്കിലും ലക്ഷ്യം അപ്രാപ്യമായി നിന്നു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു വിജയത്തിനായി പാട്രിയറ്റ്സ് നേടേണ്ടിയിരുന്നത്. ബാര്‍ബഡോസിന് വേണ്ടി മിച്ചല്‍ സാന്റനറും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. തന്റെ നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ട് നല്‍കിയ മിച്ചല്‍ സാന്റനര്‍ ആണ് കളിയിലെ താരം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസിനേ വേണ്ടി മയേഴ്സ് 37 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 38 റണ്‍സും നേടി. സാന്റനര്‍ ഇന്നിംഗ്സ് അവസാനത്തോടെ 20 റണ്‍സും റഷീദ് ഖാന്‍ 26 റണ്‍സും നേടി പുറത്താകാതെ നിന്നതാണ് ടീമിനെ 153 റണ്‍സിലേക്ക് എത്തിച്ചത്. പാട്രിയറ്റ്സിന് വേണ്ടി റയാദ് എമ്രിറ്റ്, സൊഹൈല്‍ തന്‍വീര്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രാംദിന്റെ പരിചയസമ്പത്ത് പാട്രിയറ്റ്സിന് ഗുണം ചെയ്യുമെന്ന് കോച്ച് സൈമണ്‍ ഹെല്‍മോട്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിലേക്ക് എത്തിയ ദിനേശ് രാംദിന്റെ അനുഭവസമ്പത്ത് മികച്ച രീതിയില്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുതിയ കോച്ച് സൈമണ്‍ ഹെല്‍മോട്ട്. ടീം ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് പേസര്‍ റയാദ് എമ്രിറ്റിനെയാണെങ്കിലും രാംദിന് തന്റെ മുന്‍കാല പരിചയം ടീമിന്റെ മികവിനായി ഉപയോഗിക്കാനാകുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ.

റോബിന്‍ സിംഗില്‍ നിന്നാണ് ഹെല്‍മോട് പാട്രിയറ്റ്സിന്റെ കോച്ചിംഗ് സ്ഥാനത്തേക്ക് എത്തുന്നത്. 2017, 18 സീസണുകളില്‍ ട്രിന്‍ബാഗോ കിരീടം നേടിയപ്പോള്‍ ടീമില്‍ കളിച്ച താരമായ രാംദിനെ പോലെ നിലവാരമുള്ള താരത്തിന്റെ സാന്നിദ്ധ്യം തന്റെ ജോലി എളുപ്പമാക്കുന്നുവന്നും താരത്തിന്റെ നേതൃത്വ ഗുണം എമ്രിറ്റിനും തനിക്കും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് സൈമമ്‍ വ്യക്തമാക്കി.

മികച്ച താരങ്ങളാണ് തന്റെ ടീമിലുള്ളതെന്നും എവിന്‍ ലൂയിസ്, ഫാബിയന്‍ അല്ലെന്‍, ഷെല്‍ഡണ്‍ കോട്രെല്‍, അല്‍സാരി ജോസഫ് എന്നിവര്‍ ടീമിന് മികച്ച സന്തുലിതാവസ്ഥയാണ് നല്‍കുന്നതെന്നും ഡ്രാഫ്ടില്‍ ഈ ടീമിനെ കൂടുതല്‍ കരുത്തരാക്കുവാനുള്ള നടപടികള്‍ ഉണ്ടാകുമന്നും സെമണ്‍ സൂചിപ്പിച്ചു.

Exit mobile version