പരിക്ക് ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും ശ്രീകാന്ത് കിഡംബി കളിയ്ക്കില്ല

അടുത്ത കാലത്തായി തന്റെ മികച്ച ഫോമില്‍ കളിക്കാനാകാതെ ബുദ്ധിമുട്ടുന്ന ശ്രീകാന്ത് കിഡംബിയ്ക്ക് തലവേദനയായി പരിക്കും. കാല്‍മുട്ടിനുള്ള പരിക്ക് കാരണം താരം വരാനിരിക്കുന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും കളിക്കുകയില്ലെന്ന് അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് ആരാധകരെ ഈ വിവരം താരം അറിയിച്ചത്. 2019ല്‍ കാര്യമായ പ്രകടനം താരത്തില്‍ നിന്ന് ഇതുവരെയുണ്ടായിട്ടില്ല. പല ടൂര്‍ണ്ണമെന്റുകളിലും ആദ്യ റൗണ്ടില്‍ തന്നെ കിഡംബി പുറത്തായിരുന്നു. ഇപ്പോള്‍ പരിക്ക് താരത്തിന് അവസരങ്ങള്‍ കൂടി നഷ്ടപ്പെടുത്തുകയാണ്.

ഒളിമ്പിക്സിന് മുന്നോടിയായി പരിക്ക് മാറി തന്റെ ഫോം പൂര്‍ണ്ണമായും ശ്രീകാന്ത് കിഡംബിയ്ക്ക് വീണ്ടെടുക്കാനാകട്ടെ എന്നാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകരുടെ പ്രതീക്ഷ.

സിന്ധുവിന് വിജയം, കിഡംബി പുറത്ത്, സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം, ഇത് ചരിത്ര നേട്ടം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ജയം. അതേ സമയം പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി തോറ്റ് പുറത്തായി. 21-14, 21-6 എന്ന സ്കോറിനാണ് അമേരിക്കയുടെ ബീവെന്‍ സാംഗിനോട് സിന്ധു വിജയിച്ചത്. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

12ാം സീഡായ തായ്‍ലാന്‍ഡിന്റെ കാന്റാഫോണ്‍ വാംഗ്ചാരോന്‍ ആണ് കിഡംബിയെ പരാജയപ്പെടുത്തിയത്. 40 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. സ്കോര്‍: 14-21, 13-21.

തുടര്‍ച്ചയായ ആറ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ വനിത താരമായി പിവി സിന്ധു. ഇന്ന് സിംഗിള്‍സ് പോരാട്ടത്തില്‍ തന്റെ അമേരിക്കന്‍ എതിരാളിയെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു കീഴടക്കിയത്. ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടമായാണ് സിന്ധുവിന്റെ ഈ നേട്ടത്തെ വിലയിരുത്തുന്നത്. തന്റെ കരിയറിലെ ആദ്യ ആറ് അവസരങ്ങളില്‍ തന്നെ സിന്ധു ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കുകയായിരുന്നു.

കിഡംബിയ്ക്കും ആദ്യ റൗണ്ടില്‍ പൊരുതി നേടിയ വിജയം, സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി

ആദ്യ ഗെയിം നഷ്ടമായ ശേഷം വിജയിച്ച് കയറി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. അയര്‍ലാണ്ട് താരം ഹാറ്റ് ഗുയെനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്ത് ഇന്നലെ വിജയം കരസ്ഥമാക്കിയത്. ആദ്യ ഗെയിമില്‍ 17-21 ന് പിറകില്‍ പോയ ശേഷം കിഡംബി 21-16നാണ് രണ്ടാം ഗെയിം വിജയിച്ചത്. മൂന്നാം ഗെയിമില്‍ എതിരാളിയ്ക്ക് യാതൊരു അവസരവും നല്‍കാതെ മത്സരം ഇന്ത്യന്‍ താരം പോക്കറ്റിലാക്കി. 66 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍ 17-21, 21-16, 21-6.

അതേ സമയം സമീര്‍ വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ ഞെട്ടിയ്ക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 10ാം സീഡായ ഇന്ത്യന്‍ താരം ഇന്തോനേഷ്യയുടെ കുറഞ്ഞ റാങ്കുള്ള താരത്തോട് തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് സമീറിന്റെ തോല്‍വി. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-15, 15-21, 10-21.

തായ്‍ലാന്‍ഡ് ഓപ്പണ്‍: കിഡംബിയും കശ്യപും പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യന്‍ താരങ്ങള്‍. ഇന്നത്തെ മത്സരങ്ങളില്‍ ശ്രീകാന്ത് കിഡംബി ലോക 32ാം നമ്പര്‍ താരം ഖോസിറ്റ് ഫെട്പ്രാഡാബിനോട് 21-11, 16-21, 12-21 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് കിഡംബിയുടെ തോല്‍വി. അതേ സമയം പാരുപ്പള്ളി കശ്യപ് നേരിട്ടുള്ള ഗെയിമില്‍ ലോക മൂന്നാം റാങ്കുകാരനായ ചൗ ടിയന്‍ ചെന്നിനോട് 9-21, 14-21 എന്ന സ്കോറിന് അടിയറവ് പറഞ്ഞു.

ലോക ഒന്നാം നമ്പര്‍ താരത്തോട് മൂന്ന് ഗെയിമില്‍ തോറ്റ് പുറത്തായി ശ്രീകാന്ത് കിഡംബി

2019 സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരവമായ ജപ്പാന്റെ കെന്റോ മോമോട്ടയാണ് ഇന്ന് ശ്രീകാന്തിനെ പുറത്താക്കിയത്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ പരാജയം. മത്സരത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം ശ്രീകാന്ത് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിമില്‍ നിഷ്പ്രഭമാകുകയായിരുന്നു.

സ്കോര്‍: 18-21, 21-19, 9-21.

സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് സമീര്‍ വര്‍മ്മയും കിഡംബിയും, പ്രണോയ്ക്കും പാരുപ്പള്ളി കശ്യപിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മയും ശ്രീകാന്ത് കിഡംബിയും. അതേ സമയം എച്ച് എസ് പ്രണോയും പാരുപ്പള്ളി കശ്യപിനും തോല്‍വിയായിരുന്നു ഫലം. സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമില്‍ ചൈനയുടെ ലൂ ഗുവാംഗ്സുവിനെയും (സ്കോര്‍ :21-15, 21-18) കിഡംബി ഡെന്മാര്‍ക്ക് താരം ഹാന്‍സ്-ക്രിസ്റ്റ്യനെയും 21-12, 23-21 എന്ന സ്കോറിനാണ് കീഴടക്കിയത്.

ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് ചൈനയുടെ ചെന്‍ ലോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പരാജയപ്പെട്ടത്. ആദ്യ ഗെയിം കൈവിട്ട ശേഷം കശ്യപ് രണ്ടാം ഗെയിം നേടിയെങ്കിലും പിന്നീട് മത്സരത്തില്‍ പിന്നോട്ട് പോയി. സ്കോര്‍: 9-21, 21-15, 15-21. അതേ സമയം എച്ച് എസ് പ്രണോയ് ജപ്പാന്റെ കെന്റോ മോമോട്ടയോട് നേരിട്ടുള്ള ഗെയിമില്‍ കീഴടങ്ങി. സ്കോര്‍: 11-21, 11-21.

അനായാസ ജയത്തോടെ കിഡംബി പ്രീക്വാര്‍ട്ടറില്‍

മലേഷ്യ ഓപ്പണില്‍ ഇന്ത്യയ്ക്ക് ആശ്വാസമയി കിഡംബിയുടെ ജയം. നേരത്തെ പ്രണോയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. നേരിട്ടുള്ള ഗെയിമിലായിരുന്നു ശ്രീകാന്തിന്റെ വിജയം. ഇന്തോനേഷ്യയുടെ ലോക റാങ്കിംഗില്‍ 41ാം സ്ഥാനത്തുള്ള ഇഹ്സാന്‍ മൗലാന മുസ്തഫയോടാണ് ശ്രീകാന്തിന്റെ ജയം. 38 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-18, 21-16 എന്ന സ്കോറിനായിരുന്നു ജയം.

അടുത്ത റൗണ്ടില്‍ ലോക റാങ്കിംഗില്‍ 18ാം നമ്പര്‍ താരത്തെയാണ് ശ്രീകാന്ത് നേരിടുന്നത്. അതേ സമയം പുരുഷ ഡബിള്‍സ് സഖ്യമായ മനു അട്രി, സുമീത് റെഡ്ഢി കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ ചൈനീസ് താരങ്ങളോട് പരാജയപ്പെട്ട് പുറത്തായി. 16-21, 6-21 എന്ന നിലയില്‍ വെറും 22 മിനുട്ടിനുള്ളിലാണ് ഇന്ത്യന്‍ ജോഡികള്‍ പുറത്തായത്.

ഫൈനലില്‍ കീഴടങ്ങി കിഡംബി, അക്സെല്‍സെന് കിരീടം

ഇന്ത്യ ഓപ്പണ്‍ 2019 ബാഡ്മിന്റണ്‍ ഫൈനലില്‍ കിഡംബിയ്ക്ക് കാലിടറി. ഇന്ന് നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു കിഡംബിയുടെ പരാജയം. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍െന്നിനോട് 7-21, 20-22 എന്ന സ്കോറിനായിരുന്നു തോല്‍വി. ആദ്യ ഗെയിമില്‍ പൊരുതാതെ കീഴടങ്ങിയ കിഡംബിയ്ക്ക് രണ്ടാം ഗെയിമില്‍ തിരിച്ചുവരവ് നടത്താനായെങ്കിലും ജയം സ്വന്തമാക്കാനായില്ല.

ഇന്ത്യ ഓപ്പണില്‍ ഇന്ന് സൂപ്പര്‍ ഫൈനല്‍

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ല്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനെ കീഴടക്കിയാണ് അക്സെല്‍സെന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ലോക റാങ്കിംഗില്‍ നിലവില്‍ നാലാം സ്ഥാനത്താണ് വിക്ടര്‍ അക്സെല്‍സെന്‍.

കി‍ഡംബിയാകട്ടെ ചൈനീസ് താരം ഹുവാംഗ് യൂസിയാംഗിന്റെ കടുത്ത വെല്ലുവിളിയെ അതീജീവിച്ചാണ് ഫൈനലിലേക്ക് എത്തിയത്. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് ശ്രീകാന്ത് കിഡംബി. ന്യൂ ഡല്‍ഹിയിലെ കെഡി ജാഥവ് ഇന്‍ഡോര്‍ ഹാളിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം നാല് മണി കഴിഞ്ഞാവും മത്സരം ആരംഭിക്കുക.

കിഡംബി ഫൈനലില്‍, അക്സെല്‍സെനു മുന്നില്‍ കശ്യപിനും രക്ഷയില്ല

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ശ്രീകാന്ത് കിഡംബി. സെമി ഫൈനലില്‍ ചൈനയുടെ യൂസിയാംഗ് ഹുവാംഗിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ ജയം. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി ഫൈനലിലേക്ക് യോഗ്യത നേടിയത്. 16-21, 21-14, 21-19 എന്ന സ്കോറിനു 63 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമാണ് കിഡംബിയുടെ ജയം.

എച്ച് എസ് പ്രണോയിയെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയെത്തിയ ഡെന്മാര്‍ക്കിന്റെ അക്സെല്‍സെന്നിനു മുന്നില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനും പരാജയം. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ അക്സെല്‍സെന്ന് നേരിട്ടുള്ള ഗെയിമുകളില്‍ കശ്യപിനെ പരാജയപ്പെടുത്തി. 43 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 11-21, 17-21 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ പരാജയം.

കശ്യപ് സെമിയില്‍, പ്രണീതിനെ കീഴടക്കി കിഡംബിയും

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ച് പാരുപള്ളി കശ്യപും ശ്രീകാന്ത് കിഡംബിയും. തായ്‍വാന്റെ സു വീ വാംഗിനെ നേരിട്ടുള്ള ഗെയിമിലാണ് പാരുപ്പള്ളി കശ്യപ് പുറത്താക്കിയത്. 21-16, 21-11 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. 2015 ഏപ്രിലിനു ശേഷം ഇതാദ്യമായാണ് കശ്യപ് ഒരു വലിയ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ എത്തുന്നത്.

അതേ സമയം ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ സായി പ്രണീതിനെ വീഴ്ത്തി ശ്രീകാന്ത് കിഡംബി ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തി. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി തിരിച്ചുവരവ് നടത്തിയത്. 62 മിനുട്ട് നീണ്ട മത്സരത്തില്‍ 21-23, 21-11, 21-19 എന്ന സ്കോറിനായിരുന്നു കിഡംബിയുടെ വിജയം.

മരിനോട് സിന്ധുവിനു തോല്‍വി, സൈന സെമിയില്‍, കിഡംബിയും പുറത്ത്

കരോളിന മരിനോട് തോല്‍വിയേറ്റു വാങ്ങി ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് സ്പെയിനിന്റെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനോട് സിന്ധു കീഴടങ്ങിയത്. 11-21, 12-21 എന്ന സ്കോറിനായിരുന്നു തോല്‍വി. അതേ സമയം തായ്‍ലാന്‍ഡ് താരം പോംപാവെ ചോചുവുംഗിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കി സൈന നെഹ്‍വാല്‍ സെമിയില്‍ കടന്നു. 33 മിനുട്ട് നീണ്ട മത്സരത്തില്‍ 21-7, 21-8 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം.

പുരുഷ വിഭാഗത്തില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി തോല്‍വിയേറ്റു വാങ്ങി. 18-21, 19-21 എന്ന സ്കോറിനാണ് കിഡംബിയുടെ തോല്‍വി.

Exit mobile version