സ്വീഡനെതിരെ സമനില, യൂറോ യോഗ്യത ഉറപ്പിച്ച് സ്പെയിൻ

യൂറോ കപ്പ് യോഗ്യത ഉറപ്പിച്ച് സ്പെയിൻ. സ്വീഡനെതിരെ സമനില വഴങ്ങിയെങ്കിലും സ്പെയിൻ യൂറോ 2020 ക്കായുള്ള യോഗ്യത നേടി. സ്വീഡനോട് 1-1 ന്റെ സമനിലയാണ് സ്പെയിൻ വഴങ്ങിയത്. റോഡ്രിഗോയുടെ ഇഞ്ചുറി ടൈം ഗോളാണ് സ്പെയിന് സമനില നേടിക്കൊടുത്തത്. രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോളടിച്ചത്.

മാർക്കസ് ബെർഗ്സിന്റെ ഗോളിൽ സ്വീഡൻ ജയമുറപ്പിച്ചതായിരുന്നെങ്കിലും റോഡ്രിഗോ മൊറേനോ സ്വീഡന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. റോബിൻ ഒൽസണ്ണിന്റെ തകർപ്പൻ സേവുകൾക്കും സ്വീഡനെ രക്ഷിക്കാനയില്ല. സ്പാനിഷ് ഗോൾ കീപ്പർ ഡി ഹെയ പരിക്കേറ്റ് പുറത്ത് പോയത് സ്പാനിഷ് ടീമിന് തിരിച്ചടിയായിരുന്നു. സ്വീഡൻ ഇനി റൊമാനിയയെ ആണ് നേരിടുക. സ്പെയിൻ മാൾട്ടയേയും റൊമാനിയയേയുമാണ് നേരിടുക.

പെനാൽറ്റിയിൽ തട്ടി നിന്ന് സ്പെയിൻ, യൂറോ യോഗ്യതയ്ക്കായി കാത്തിരിക്കണം

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിന് സമനില. നോർവേയാണ് സ്പെയിനിനെ സമനിലയിൽ തളച്ചത്. 94ആം മിനുട്ടിലെ ജോഷ്വാ കിംഗിന്റെ പെനാൽറ്റിയാണ് സ്പെയിനിന്റെ വിജയക്കുതിപ്പിന് തടയിട്ടത്. എഴിൽ ഏഴും ജയിച്ച് യൂറോ കപ്പിന് യോഗ്യത നേടാമെന്ന സ്പാനിഷ് സ്വപ്നങ്ങൾക്കാണ് കിംഗിന്റെ പെനാൽറ്റിയിലൂടെ തിരിച്ചടിയേറ്റത്. സ്പെയിന്റെ യൂറോ യോഗ്യത വൈകിപ്പിക്കാൻ നോർവേക്കായി. സോൾ നിഗ്വെലാണ് സ്പെയിനിന്റെ ഗോൾ നേടിയത്.

എന്നാൽ ഒമറിനെ ബോക്സിൽ വീഴ്ത്തിയ കെപ നോർവേയുടെ ഗോളിന് വഴിയൊരുക്കുകയായിരുന്നു. സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ രാമോസ് കസിയസിനെ മറികടന്ന് സ്പെയിനിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമായി ഇന്ന്. യോഗ്യത നേടാൻ വീണ്ടും സ്കാൻഡിനേവിയയിൽ ഇറങ്ങുന്ന സ്പെയി‌ൻ നേരിടുക സ്വീഡനെയാണ്. റൊമേനിയയാണ് ഗ്രൂപ്പ് എഫിൽ നോർവേയുടെ എതിരാളികൾ.

വീണ്ടും ഇന്ത്യ, സ്പെയിനിനെതിരെ 5-1ന്റെ വിജയം

ബെല്‍ജിയം ടൂറിലെ തങ്ങളുടെ മൂന്നാം വിജയം കരസ്ഥമാക്കി ഇന്ത്യന്‍ പുരുഷ താരങ്ങള്‍. ഇന്നലെ നടന്ന മത്സരത്തില്‍ 5-1ന്റെ വിജയമാണ് സ്പെയിനിനെതിരെ ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ 6-1 എന്ന സ്കോറിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 3ാം മിനുട്ടില്‍ ഇഗ്ലേസിയാസ് അല്‍വാരോ നേടിയ ഗോളില്‍ ഇന്ത്യയെ സ്പെയിന്‍ ഞെട്ടിച്ചുവെങ്കിലും രണ്ട് മിനുട്ടുകള്‍ക്ക് ശേഷം ആകാശ്ദീപ് സിംഗ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തി. 20ാം മിനുട്ടില്‍ എസ്‍വി സുനില്‍ നേടിയ ഗോളില്‍ ഇന്ത്യ ആദ്യ പകുതി അവസാനിച്ചപ്പോള്‍ 2-1ന് മുന്നിലായിരുന്നു.

രണ്ടാം പകുതിയില്‍ ഇന്ത്യ ആധികാരികവും ഏകപക്ഷീയവുമായ പ്രകടനമാണ് പുറത്തെടുത്തത്. 35ാം മിനുട്ടില്‍ രമണ്‍ദീപ് സിംഗ്, 41, 51 മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് എന്നിവരുടെ ഗോളുകളാണ് ഇന്ത്യയുടെ പട്ടിക പൂര്‍ത്തിയാക്കിയത്.

സ്പെയിനിനെ ഗോളില്‍ മുക്കി ഇന്ത്യ

ബെല്‍ജിയം ടൂറിന്റെ ഭാഗമായുള്ള മത്സരത്തില്‍ സ്പെയിനിനെതിരെ 6-1 ന്റെ ആധികാരിക ജയം നേടി ഇന്ത്യ. 24ാം മന്‍പ്രീത് സിംഗ് ആരംഭിച്ച ഗോള്‍ വേട്ട 60ാം മിനുട്ടില്‍ രൂപീന്ദര്‍ പാല്‍ സിംഗ് ആണ് അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ ഇന്ത്യ 2-1ന് ലീഡ് ചെയ്യുകയായിരുന്നു. സ്പെയിനിന് വേണ്ടി പൗ ക്യുമേഡയാണ് ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിന്റെ 29ാം മിനുട്ടിലായിരുന്നു ഈ ഗോള്‍.

മന്‍പ്രീത് സിംഗ്(24), ഹര്‍മ്മന്‍പ്രീത് സിംഗ്(28, 32), നീലകണ്ഠ ശര്‍മ്മ(39), മന്‍ദീപ് സിംഗ്(56), രൂപീന്ദര്‍ പാല്‍ സിംഗ്(60) എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ബെല്‍ജിയത്തിനെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയിരുന്നു.

റോഡ്രിഗോയും അൽകസറും തിളങ്ങി, സ്പെയിനിന് വമ്പൻ ജയം

യൂറോ യോഗ്യത മത്സരത്തിൽ സ്പെയിനിന് വമ്പൻ ജയം. ഫറോ ഐലൻഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സ്പെയിൻ തോൽപ്പിച്ചത്.കഴിഞ്ഞ ദിവസം റൊമാനിയക്കെതിരെ നടന്ന മത്സരത്തിൽ നിന്ന് 9 മാറ്റങ്ങളുമായാണ് പരിശീലകൻ റോബർട്ട് മൊറേനോ ടീമിനെ ഇറക്കിയത്. ഇതോടെ യൂറോ യോഗ്യതത്തിൽ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്ത് സ്പെയിനിന് 7 പോയിന്റിന്റെ ലീഡായി. ഗ്രൂപ്പിൽ ഇതുവരെ കളിച്ച 6 മത്സരങ്ങളും സ്പെയിൻ ജയിച്ചിരുന്നു.

സ്പെയിനിന് വേണ്ടി ആദ്യ പകുതിയിൽ റോഡ്രിഗോയാണ് ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ റോഡ്രിഗോയിലൂടെ തന്നെ സ്പെയിൻ ലീഡ് ഇരട്ടിയാക്കി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ അൽകസർ രണ്ടു ഗോളുകൾ കൂടിയ നേടിയതോടെ ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഫറോ ഐലണ്ടിനെതിരെ സ്പെയിൻ അനായാസം ജയിക്കുകയായിരുന്നു.

സ്പാനിഷ് ഇതിഹാസം കസിയസ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

പോർട്ടോയുടെ സ്പാനിഷ് ഇതിഹാസ താരം ഐക്കർ കസിയാസിന് ഹാർട്ട് അറ്റാക്ക്. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവിധ പോർച്ചുഗീസ്, സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിന്റെ ആരോഗ്യ നിലയിൽ നിലവിൽ ആശങ്കപെടേണ്ടതില്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

പോർട്ടോയുടെ ഒന്നാം നമ്പർ ഗോളി ആയ കസിയാസ് അവരുടെ പരിശീലനത്തിന് ഇടയിലാണ് ഹാർട്ട്അറ്റാക്ക് സംഭവിച്ചത്. റയൽ മാഡ്രിഡ് ഇതിഹാസ താരമായ കസിയാസ് 2015 ലാണ് പോർട്ടോയിൽ ചേർന്നത്. 37 വയസ്സുകാരനാണ് ലോകകപ്പ് വിജയി കൂടിയായ കസിയാസ്.

ചെൽസി വിട്ടതോടെ മൊറാത്തയുടെ കളി മെച്ചപ്പെട്ടു- എൻറികെ

ചെൽസിയിൽ നിന്ന് അത്ലറ്റികോ മാഡ്രിഡിലേക് മാറിയതോടെ ആൽവാരോ മൊറാത്തയുടെ കളി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സ്‌പെയിൻ പരിശീലകൻ ലൂയിസ് എൻറികെ. ഈ ജനുവരിയിലാണ് ചെൽസിയിൽ നിന്ന് മാറി താരം അത്ലറ്റികോ മാഡ്രിഡിലേക്ക് എത്തിയത്. ചെൽസിയിൽ തീർത്തും നിറം മങ്ങിയ താരം സ്‌പെയിനിൽ ബേധപെട്ട പ്രകടനമാണ്‌ നടത്തുന്നത്.

നോർവേക്ക് എതിരായ സ്‌പെയിനിന്റെ മത്സര ശേഷമാണ് എൻറികെ തന്റെ സ്‌ട്രൈക്കറുടെ പ്രകടനത്തെ കുറിച്ചുള്ള വിലയിരുത്തൽ നടത്തിയത്. ചെൽസിയിൽ കളിക്കുമ്പോൾ ദേശീയ ടീമിലേക് എത്തിയിരുന്ന മൊറാത്തയെക്കാൾ എത്രയോ മികച്ച രീതിയിലാണ് താരം ഇപ്പോൾ ടീമിൽ എത്തുന്നത്, ആത്മവിശ്വാസം കൂടിയ താരം ഇപ്പോൾ തന്റെ തീരുമാനങ്ങളിലും വ്യക്തത പുലർത്തുന്നുണ്ട് എന്നാണ് സ്പാനിഷ് പരിശീലകന്റെ പക്ഷം.

റാമോസിന്റെ പനേങ്കയിൽ സ്പെയിനിന് ജയം

യൂറോ കപ്പ് യോഗ്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗ്രൂപ്പ് എഫിൽ സ്പെയിനിന് ജയം. നോർവേയെയാണ് സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.  മത്സരത്തിന്റെ തുടക്കം മുതൽ കളം നിറഞ്ഞു കളിച്ചെങ്കിലും റാമോസിന്റെ പെനാൽറ്റി ഗോളിലാണ് സ്പെയിൻ ജയിച്ചത്.

മത്സരത്തിന്റെ 16ആം മിനുട്ടിലാണ് റോഡ്രിഗോയിലൂടെ സ്പെയിൻ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ജോർഡി അൽബയുടെ പാസിൽ നിന്നായിരുന്നു വലൻസിയ താരത്തിന്റെ ഗോൾ. എന്നാൽ മത്സരത്തിൽ സ്പെയിൻ പൂർണ്ണമായ ആധിപത്യം പുലർത്തിയിട്ടും രണ്ടാം പകുതിയിൽ ജോഷ് കിങ്ങിന്റെ ഗോളിൽ നോർവേ സമനില പിടിച്ചു. ജോൺസണെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് നോർവേ സമനില ഗോൾ നേടിയത്.

എന്നാൽ നോർവേ സമനില പിടിച്ച് അധിക വൈകാതെ തന്നെ സ്പെയിൻ മത്സരത്തിൽ വീണ്ടും മുൻപിലെത്തി. ഇത്തവണ പെനാൽറ്റിയിലൂടെ റാമോസാണ് സ്പെയിനിന് ഗോൾ നേടി കൊടുത്തത്. നോർവേ താരം ഗോൾ കീപ്പർക്ക് നൽകിയ മൈനസ് പാസ് പിടിച്ചെടുത്ത മൊറാട്ടയെ ജർസ്റ്റെയ്ൻ ഫൗൾ ചെയ്യുകയും റഫറി പെനാൽറ്റി വിധിക്കുകയുമായിരുന്നു.

നാലാം മത്സരം സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും സ്പെയിനും

പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയും സ്പെയിനും സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇന്ത്യ രണ്ട് ഗോളിനു മുന്നിട്ട് നിന്ന ശേഷം രണ്ട് ഗോളും രണ്ടാം പകുതിയില്‍ മടക്കി സ്പെയിന്‍ സമനില പിടിച്ചെടുക്കുകയായിരുന്നു. 8ാം മിനുട്ടില്‍ ദീപും 26ാം മിനുട്ടില്‍ നവനീതും ഇന്ത്യയ്ക്കായി ഗോളുകള്‍ നേടി. മൂന്നാം മത്സരത്തില്‍ മികച്ച വിജയം നേടിയ ഇന്ത്യ ഈ മത്സരവും സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും രണ്ടാം പകുതിയ ആരംഭിച്ച് ആദ്യ പത്ത് മിനുട്ടില്‍ തന്നെ സ്പെയിന്‍ രണ്ട് ഗോളും മടക്കി.

ലൂസിയ(35), ക്ലാര(39) എന്നിവരാണ് സ്പെയിനിന്റെ ഗോള്‍ സ്കോറര്‍മാര്‍. ആദ്യ മത്സരം സ്പെയിന്‍ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. മൂന്നാം മത്സരത്തില്‍ ഇന്ത്യ വലിയ വിജയം നേടിയിരുന്നു.

ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് മറുപടിയുമായി ഇന്ത്യ, സ്പെയിനിനെ കീഴടക്കിയത് 5-2 എന്ന സ്കോറിനു

സ്പെയിനിനെതിരെ മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ആദ്യ മത്സരത്തില്‍ 2-3നു പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ 1-1നു സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ഒരു ഗോളിനു പിന്നില്‍ പോയെങ്കിലും പിന്നീട് മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 7ാം മിനുട്ടില്‍ സ്പെയിന്‍ ബോണാസ്ട്രേയിലൂടെ ലീഡ് നേടുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് ഗോള്‍ മടക്കാനായില്ല.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലാല്‍റെംസിയാമിയിലൂടെ സമനില ഗോളഅ‍ കണ്ടെത്തി. നാല് മിനുട്ടുകള്‍ക്ക് ശേഷം നേഹ ഗോയല്‍ ഇന്ത്യയ്ക്ക് ലീഡ് നേടി കൊടുത്തു. 25ാം മിനുട്ടില്‍ ബോണാസ്ട്രേ സ്പെയിനിനു വേണ്ടി വീണ്ടും വലകുലുക്കിയപ്പോള്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും 2-2നു പിരിഞ്ഞു.

രണ്ടാം പകുതിയില്‍ ഇന്ത്യയുടെ മേധാവിത്വമാണ് കണ്ടത്. 32ാം മിനുട്ടില്‍ നവനീത് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. റാണി രാംപാല്‍ ഇന്ത്യയ്ക്കായി 51ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കുവാന്‍ ഏതാനും മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ലാല്‍റെംസിയാമി തന്റെ രണ്ടാം ഗോളും ഇന്ത്യയുടെ അഞ്ചാം ഗോളും നേടി മത്സരം ഇന്ത്യയ്ക്കനുകൂലമാക്കി മാറ്റി.

സാന്റി കസോള- മനകരുത്തിന്റെ പുതിയ ഹീറോ

ഫുട്‌ബോളിലെ മനകരുത്തിന്റെ പുതിയ പര്യായമായി സാന്റി കസോള. നടക്കാൻ സാധിച്ചാൽ വലിയ ഭാഗ്യമെന്ന് ഡോക്ടർമാർ അടക്കം വിധി എഴുതിയ നിലയിൽ നിന്ന് റയൽ മാഡ്രിഡിന്റെ വലയിലേക്ക് 2 ഗോളുകൾ അടിച്ചു കയറ്റാൻ പാകത്തിൽ തിരിച്ചെത്തിയ കരുത്തായി മാറി സാന്റി കസോള എന്ന സ്പാനിഷ് താരം. ല ലീഗെയിൽ റയൽ മാഡ്രിഡിനെതിരെ വില്ല റയലിനായി 2 ഗോളുകൾ നേടി താരം വാർത്തകളിൽ നിറയുമ്പോൾ അത് ആരും അഭിനന്ദിക്കുന്ന തിരിച്ചു വരവായി മാറി.

ആഴ്സണൽ താരമായിരിക്കെ 2 വർഷം മുൻപാണ് താരത്തിന് പരിക്ക് പറ്റുന്നത്. കാലിലെ അകിലിസിന് പരിക്കേറ്റ താരത്തിന് സാധാരണ ശസ്ത്രക്രിയയിലൂടെ തിരിച്ചു വരാൻ ആവുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. ഓപ്പറേഷൻ ചെയ്ത മുറിവിൽ വീണ്ടും അണുബാധ ഏറ്റതോടെ പിന്നീട് 2 വർഷ കാലയളവിൽ വേണ്ടി വന്നത് 11 ഓപ്പറേഷനുകളാണ്. നിങ്ങളുടെ കുട്ടികളുടെ കൂടെ മുറ്റത്ത് പന്ത് തട്ടാനായാൽ അത് തന്നെ വലിയ ഭാഗ്യമായി കരുതുക എന്നാണ് തന്നോട് അന്ന് ഡോക്ടർമാർ പറഞ്ഞത് എന്ന് പിന്നീട് താരം വെളിപ്പെടുത്തിയിരുന്നു. പക്ഷെ പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ച താരത്തിന് പതുക്കെ ആണെങ്കിലും പരിപൂർണ്ണ കായിക ക്ഷമത വീണ്ടെടുക്കാനായി.

2016 ഒക്ടോബറിൽ പറ്റിയ പരിക്കിൽ നിന്ന് 2018 പകുതിയോടെ മുക്തനായി 2019 ജനുവരിയിൽ റയൽ മാഡ്രിഡിനെതിരെ ഇരട്ട ഗോളടിക്കുന്നത് വരെയുള്ള താരത്തിന്റെ പോരാട്ടവും ശുഭ പ്രതീക്ഷയും ഏത് കായിക താരത്തിനും പ്രചോദനമാകുന്ന ഒന്നാണ്.

2012 മുതൽ 2018 വരെ ആഴ്സണൽ താരമായിരുന്ന കസോള വില്ല റയൽ ആകാദമിയിലൂടെ വളർന്ന് വന്ന താരമാണ്‌. പരിക്ക് മാറി എത്തിയ ഉടനെ ആഴ്സണലുമായുള്ള കരാർ അവസാനിച്ചതോടെ താരത്തിന് തന്റെ തിരിച്ചു വരവിന് അവസരം നൽകിയതും വില്ല റയലായിരുന്നു.

വിളിച്ചാൽ ഇനിയും സ്‌പെയിനിന് വേണ്ടി കളിക്കാൻ തയ്യാർ- കസിയസ്

സ്‌പെയിൻ ദേശീയ ടീമിലേക്ക് തിരിച്ചു വിളിച്ചാൽ കളിക്കാൻ തയ്യാറാണെന്ന് സ്‌പെയിൻ ഇതിഹാസ താരം ഐക്കർ കസിയസ്. പോർട്ടോ താരമായ കസിയസ് ടീമിനെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ എത്തിച്ച ശേഷം സംസാരിക്കുകയായിരുന്നു.

ദേശീയ ടീമിലേക്ക് മടക്കം എന്ന ആശയത്തോട് തനിക്ക് പോസിറ്റീവ് സമീപനമാണ്, പക്ഷെ അത് തീർത്തും സ്‌പെയിൻ പരിശീലകൻ ലൂയിസ് എൻറിക്കെയുടെ തീരുമാനമാണ്. സ്‌പെയിൻ ടീമിൽ നല്ല മത്സരമാണ് ഉള്ളത്. എങ്കിലും തന്നെ വിളിച്ചാൽ കളിക്കാൻ തയ്യാറാണ് എന്നാണ് കസിയസ് പ്രതികരിച്ചത്‌. പ്രായം പ്രശ്നമാക്കില്ലേ എന്നതിന് പ്രകടനമാണ്‌ നോക്കേണ്ടത് എന്നും ജനന സർട്ടിഫിക്കറ്റിൽ ഉള്ള തിയതിയല്ല എന്നും താരം കൂട്ടിച്ചേർത്തു.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ഡി ഹെയ ആണ് സ്‌പെയിനിന്റെ ഒന്നാം നമ്പർ ഗോളി. ചെൽസി ഗോളി കെപ്പ അരിതബലാകയും മികച്ച ഫോമുമായി ദേശീയ ടീമിൽ ഉണ്ട്. ഈ സാഹചര്യത്തിൽ കസിയസിനെ എൻറിക്കെ തിരികെ വിളിക്കാനുള്ള സാധ്യത വിരളമാണ്.

Exit mobile version