സ്പെയിനിന് ആയി ബാലൻ ഡിയോർ നേടിയ ഏക താരമായ ലൂയിസ് സുവാരസ് അന്തരിച്ചു

സ്പെയിനിന് ആയി ബാലൻ ഡിയോർ നേടിയ ഏക താരമായ ഇതിഹാസതാരം ലൂയിസ് സുവാരസ് അന്തരിച്ചു. 88 വയസ്സ് ആയ അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആണ് മരണത്തിനു കീഴടങ്ങിയത്. 1960 ൽ ആൽഫ്രഡോ സ്റ്റിഫാനോ, ഫ്രാങ്ക് പുഷ്കാസ് തുടങ്ങിയവരെ മറികടന്നു അദ്ദേഹം ബാലൻ ഡിയോർ നേടി. 1955 മുതൽ 1961 വരെ ബാഴ്‌സലോണയിൽ കളിച്ച അദ്ദേഹം രണ്ടു ലാ ലീഗ കിരീടങ്ങൾ അവർക്ക് നേടി നൽകി.

തുടർന്ന് ഇന്റർ മിലാനിൽ എത്തിയ അദ്ദേഹം ഇന്ററിന്റെ ഇതിഹാസ ഇന്റർ ടീമിന്റെ പ്രധാന ഭാഗമായി. 1964, 1965 വർഷങ്ങളിൽ ഇന്റർ തുടർച്ചയായി യൂറോപ്യൻ കപ്പ് നേടിയപ്പോൾ അദ്ദേഹം അതിൽ പ്രധാന പങ്ക് വഹിച്ചു. 1964 ൽ സ്‌പെയിൻ യൂറോ കപ്പ് നേടിയപ്പോൾ അതിലും ബാഴ്‌സലോണ, ഇന്റർ ഇതിഹാസം ആയ അദ്ദേഹം ഭാഗമായി. കളി നിർത്തിയ ശേഷം 3 വിവിധ സമയങ്ങളിൽ ഇന്റർ പരിശീലകൻ ആയ അദ്ദേഹം കാഗ്ലിയാറി, കോമോ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

ഇറ്റലിയെ തോൽപ്പിച്ച് സ്പെയിൻ നാഷൺസ് ലീഗ് ഫൈനലിൽ

യുവേഫ നാഷൺസ് ലീഗ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് സ്പെയിൻ. ഇന്ന് നടന്ന സെമി ഫൈനലിൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ തോൽപ്പിച്ച് ആണ് സ്പെയിൻ ഫൈനലിലേക്ക് എത്തിയത്‌‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സ്പെയിനിന്റെ വിജയം. ഫൈനലിൽ ക്രൊയേഷ്യയെ ആകും സ്പെയിൻ നേരിടുക. അവർ കഴിഞ്ഞ ദിവസം നെതർലന്റ്സിനെ തോൽപ്പിച്ച് ആയിരുന്നു ഫൈനൽ ഉറപ്പിച്ചത്.

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ പത്തു മിനുട്ടുകൾക്ക് അകം തന്നെ ഇരു ടീമുകളും ഗോളടിച്ചു. മൂന്നാം മിനുട്ടിൽ ഇറ്റലിയൻ ഡിഫൻസ് സ്പെയിന്റെ പ്രസിംഗിന് മുന്നിൽ പതറിയപ്പോൾ കിട്ടിയ അവസരം മുതലെടുത്ത് പിനോ സ്പെയിനിന് ലീഡ് നൽകി. ഇതു കഴിഞ്ഞു അധികം വൈകാതെ 10ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഇമ്മൊബിലെ ഇറ്റലിക്ക് സമനില നൽകി.

ഇറ്റലി ആദ്യ പകുതിയിൽ ഒരിക്കൽ കൂടെ വല കുലുക്കി എങ്കിലും ഓഫ്സൈഡ് വിളി വന്നു. രണ്ടാം പകുതിയിൽ സ്പെയിൻ ആയിരുന്നു കൂടുതൽ നന്നായി കളിച്ചത്. അവരുടെ മികച്ച ഫുട്ബോളിന് 88ആം മിനുട്ടിൽ ഫലം ലഭിച്ചു. ഹൊസേലുവിന്റെ ഫിനിഷിൽ സ്പെയിൻ വിജയ ഗോൾ കണ്ടെത്തി‌. സ്കോർ 2-1. ജൂൺ 18ന് നെതർലാൻഡ്സിൽ വെച്ചാണ് ഫൈനൽ നടക്കുക.

നാഷൻസ് ലീഗ് സെമി ഫൈനൽ; സ്പാനിഷ് ടീം പ്രഖ്യാപിച്ചു

നാഷൻസ് ലീഗ് സെമി ഫൈനലിൽ ഇറ്റലിയെ നേരിടാനുള്ള സ്പാനിഷ് ടീമിനെ കോച്ച് ഡെ ലാ ഫ്‌വെന്റെ പ്രഖ്യാപിച്ചു. യൂറോ ക്വാളിഫിക്കെഷന് വേണ്ടി തെരഞ്ഞെടുത്ത ടീമിൽ നിന്നും പല മാറ്റങ്ങളും വരുത്തിയാണ് ഇത്തവണ ടീം പ്രഖ്യാപിച്ചത്. കീപ്പർ സ്ഥാനത്തേക്ക് ഉനയ് സൈമൺ മടങ്ങിയെത്തുമ്പോൾ റോബർട്ടോ സാഞ്ചസ് ടീമിൽ ഇടം പിടിച്ചില്ല. ഫോമിലുള്ള വെറ്ററൻ താരം ജീസസ് നവാസ് ടീമിൽ എത്തിയത് അപ്രതീക്ഷിതമായി. സോസിഡാഡ് താരം റോബിൻ ലെ നോർമന്റിന് അർഹിച്ച വിളിയെത്തിയപ്പോൾ ബാഴ്‌സലോണ വിടുന്നതായി പ്രഖ്യാപിച്ച ജോർഡി ആൽബയും ഇടം പിടിച്ചു. പരിക്കേറ്റ് പുറത്തായ പെഡ്രിയാണ് ടീമിലെ നിർണായ അസാന്നിധ്യം. കർവഹാളും ലപോർടയും ഇടം പിടിച്ചെങ്കിലും ഇനിഗോ മർട്ടിനസ്, നാച്ചോ അടക്കമുള്ള സെന്റർ ബാക്കുകളുടെ അഭാവം ടീമിൽ ഉണ്ട്.

മധ്യനിരയിൽ പതിവ് താരങ്ങൾ എല്ലാം എത്തിയപ്പോൾ സെബയ്യോസ് ടീമിൽ നിന്നും പുറത്തായി. റോഡ്രി, സുബിമെന്റി, ഫാബിയൻ റൂയിസ് തുടങ്ങിയവർ ടീമിൽ ഉണ്ട്. മുൻനിരയിൽ ഇയാഗോ ആസ്‌പാസ്, ഓയർസബാൽ എന്നീ സീനിയർ താരങ്ങൾക്ക് സ്ഥാനം നേടാനാവാതെ പോയപ്പോൾ യുവതാരമായ യെരെമി പിനോ തിരിച്ചെത്തി. ഡാനി ഓൾമോ, മൊറാട, അസെൻസിയോ തുടങ്ങിയ അനുഭവസമ്പന്നരുള്ള മുന്നേറ്റ നിരക്ക് കരുത്തു പകരാൻ നിക്കോ വില്യംസും ജോസെലുവും എത്തും. ഇന്ത്യൻ സമയം ജൂൺ 16നാണ് ഇറ്റലിയും സ്പെയിനും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം. ജയം നേടുന്ന ടീം ക്രോയേഷ്യ – നെതർലാണ്ട്സ് മത്സര വിജയികളെ 18ന് നടക്കുന്ന ഫൈനലിൽ നേരിടും.

ലോകകപ്പ് സ്ക്വാഡിൽ നിന്നും വലിയ മാറ്റങ്ങൾ; പുതിയ പരിശീലകന്റെ സ്പാനിഷ് ടീം എത്തി

യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കായുള്ള സ്പാനിഷ് ടീം പ്രഖ്യാപിച്ചു. പുതിയ കോച്ച് ലൂയിസ് ഡെ ലാ ഫ്‌വന്റെയുടെ കീഴിൽ ആദ്യ മത്സരങ്ങൾക്കുള്ള ടീമിൽ, ഖത്തർ ലോകകപ്പിൽ ഉൾപ്പെട്ടിരുന്ന പതിനഞ്ച് താരങ്ങൾ പുറത്തു പോയി. എങ്കിലും യുവ താരങ്ങൾക്കൊപ്പം പരിചയ സമ്പന്നരെയും ഉൾപ്പെടുത്താൻ കോച്ച് ശ്രദ്ധിച്ചു. നോർവേ, സ്കോട്ലാന്റ് ടീമുകളെ ആണ് സ്പെയിനിന് നേരിടാൻ ഉള്ളത്.

കെപ്പ, ഡേവിഡ് റയ, ഫാബിയൻ റൂയിസ്, സെബയ്യോസ്, ബ്രയാൻ ഗിൽ, ഇയാഗോ ആസ്‌പാസ് എന്നിവർ എല്ലാം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ടീം:
കീപ്പർ: ഡേവിഡ് റയ, റോബർട് സാഞ്ചസ്, കെപ്പ
ഡിഫന്റെഴ്സ്: ബാൾടേ, ജോസ് ഗയ, ലപോർട്, ഇനിഗോ മാർട്ടിനസ്, നാച്ചോ, ഡേവിഡ് ഗർഷ്യ, പെഡ്രോ പൊറോ, കാർവഹാൾ
മിഡ്ഫീൽഡേഴ്സ്: പെഡ്രി, സെബയ്യോസ്, മൈക്കൽ മോറിനോ, ഫാബിയൻ റൂയിസ്, സുബിമേന്റി, റോഡ്രി, ഗവി
ഫോർവേർഡ്സ്: മൊറാട, ഡാനി ഓൾമോ, നിക്കോ വില്യംസ്, ബ്രയാൻ ഗിൽ, ഒയർസബാൽ, ഇയാഗോ ആസ്‌പാസ്, ജെറാർഡ് മൊറീനോ, ജോസെലു.

ഫോമിലുള്ള പെഡ്രോ പൊറോ, സെബയ്യോസ് എന്നിവർക്ക് ടീമിലേക്ക് അർഹിച്ച വിളി തന്നെ എത്തി. സെബയ്യോസ് മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്ന് ടീം പ്രഖ്യാപിച്ചു കൊണ്ട് കോച്ച് പറഞ്ഞു. അതേ സമയം സീനിയർ താരങ്ങൾ ആയ ഉനയി സൈമൻ, ജോർഡി ആൽബ, പാവോ ടോറസ്, കാർലോസ് സോളർ, കൊകെ, അസെൻസിയോ, സറാബിയ, ആസ്പലികുറ്റ എന്നിവർ എല്ലാം ടീമിന് പുറത്തായി. ഫെറാൻ ടോറസ്, ഫാറ്റി, ലോറന്റെ, എറിക് ഗർഷ്യ, ഗ്വിയ്യാമോൺ, യേറെമി പിനോ എന്നിവർക്കും പട്ടികയിൽ ഇടം പിടിക്കാൻ ആയില്ല.

ആവേശപ്പോരിൽ സ്പെനിയിനെ പിന്തള്ളി ഓസ്ട്രേലിയ, ബെൽജിയവും സെമിയിൽ

ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ഓസ്ട്രേലിയയും ബെൽജിയവും. ന്യൂസിലാണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെൽജിയം സെമിയിലെത്തിയതെങ്കിൽ സ്പെയിനിന്റെ കടുത്ത ചെറുത്ത്നില്പ് മറികടന്നാണ് ഓസ്ട്രേലിയ സെമി സ്ഥാനം നേടിയത്.

മത്സരത്തിന്റെ ഒരു ഘട്ടത്തിൽ സ്പെയിന്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതി അവസാനിക്കുവാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നിൽക്കെ 2-0ന് മുന്നിലായിരുന്ന സ്പെയിനിനെതിരെ ഓസ്ട്രേലിയ ഒരു ഗോള്‍ മടക്കി.

അതിന് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ ഓസ്ട്രേലിയ 3 ഗോളുകള്‍ നേടി മത്സരത്തിൽ 4-2ന്റെ ലീഡ് നേടി. സ്പെയിന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്തുവാന്‍ അവര്‍ക്കായില്ല.

ജയിച്ച് തുടങ്ങി ഇന്ത്യ, സ്പെയിനിനെതിരെ രണ്ട് ഗോളിന്റെ ഏകപക്ഷീയമായ വിജയം

ഒഡീഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ വിജയിച്ച് തുടങ്ങി ഇന്ത്യ. ഇന്ന് നടന്ന പൂള്‍ ഡി മത്സരത്തിൽ ഇന്ത്യ സ്പെയിനിനെ 2-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 12ാം മിനുട്ടിൽ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി അമിത് രോഹിദാസ് ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 26ാം മിനുട്ടിൽ ഹാര്‍ദ്ദിക് സിംഗ് ഫീൽഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീടുള്ള ഇരു ക്വാര്‍ട്ടറുകളിലും ഇന്ത്യയ്ക്കോ സ്പെയിനിനോ ഗോള്‍ നേടുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യ മത്സരം സ്വന്തമാക്കി.

ഇന്നത്തെ ആദ്യ മത്സരത്തിൽ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ 1-0 ന് പരാജയപ്പെടുത്തിയപ്പോള്‍ പൂള്‍ എയിലെ തന്നെ രണ്ടാം മത്സരത്തിൽ ഫ്രാന്‍സിനെതിരെ ഗോള്‍ മഴ തീര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പ് പര്യടനം ആരംഭിച്ചത്. 8-0 എന്ന സ്കോറിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് വെയിൽസിനെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.

സ്പെയിൻ പരിശീലകനായി ഇനി ലൂയി എൻറികെ ഇല്ല

ലോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ സ്പെയിൻ അവരുടെ പരിശീലകനെ പുറത്താക്കി‌‌. ലൂയിസ് എൻറികെ ടീമിന്റെ പരിശീലകനായി തുടരില്ല എന്ന് ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ സ്പെയിൻ അറിയിച്ചു. പ്രീക്വാർട്ടറിൽ മൊറോക്കോയോട് പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റായിരുന്നു സ്പെയിൻ പുറത്തായത്. എൻറികെ ഫുട്ബോൾ ശൈലി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു‌. ലോകകപ്പ് ടീമിൽ അദ്ദേഹം റാമോസിനെ പോലുള്ള താരങ്ങളെ തഴഞ്ഞതും ചർച്ചാ വിഷയമായിരുന്നു.

കഴിഞ്ഞ യൂറോ കപ്പിൽ സ്പെയിനിന്റെ യുവ ടീമിനെ സെമി വരെ എത്തിക്കാൻ എൻറികെയ്ക്ക് ആയിരുന്നു. മുൻ ബാഴ്സലോണ പരിശീലകൻ ഇനു ക്ലബ് ഫുട്ബോളിലേക്ക് മടങ്ങി പോകാൻ ആണ് സാധ്യത.

സ്പെയിൻ പുതിയ പരിശീലകനെ വരും ദിവസങ്ങളിൽ തീരുമാനിക്കും. സ്പെയിന്റെ അണ്ടർ 21 പരിശീലകൻ ലൂയിസ് ഡെ ല ഫുന്റെ അടുത്ത പരിശീലകനാകും എന്ന് റിപ്പോർട്ടുകൾ ഉണ്ട്‌.

മൊറോക്കൻ അത്ഭുതം!! സ്പെയിനിനെ പുറത്താക്കി ലോകകപ്പ് ക്വാർട്ടറിൽ

സ്പെയിനെ അട്ടിമറിച്ച് മൊറൊക്കോ ക്വാർട്ടറിൽ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ എത്തുന്നത്‌. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മൊറോക്കോയുടെ വിജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായതോടെ കളി പെനാൾട്ടിയിൽ എത്തിയത്. ഷൂട്ടൗട്ടിൽ 3-0നാണ് മൊറോക്കോ ജയിച്ചത്. മൂന്ന് പെനാൾട്ടിയാണ് മൊറോക്ക് കീപ്പർ ബുനോ സേവ് ചെയ്തത്.

ഇന്ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സ്പെയിനിന്റെ ടിക്കി ടാക്ക് എല്ലാം മൊറോക്കോയുടെ മുന്നിൽ തകരുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്‌. മൊറോക്കോയുടെ താരങ്ങൾ സ്പെയിനിന്റെ എല്ലാ നീക്കവും സമർത്ഥമായി തടയുകയും നല്ല അവസരങ്ങൾ എതിർ ഭാഗത്ത് സൃഷ്ടിക്കുകയും ചെയ്തു. ഹകീമിയും സിയെചും സ്പെയിൻ ഡിഫൻസിന് നിരന്തരം വെല്ലുവിളിയായി.

26ആം മിനുട്ടിൽ മൊറോക്കോ കീപ്പർ ബോനോയുടെ ഒരു മിസ് പാസ് സ്പെയിന് അവസരം നൽകി. ഡാനി ഓൽമോ തൊടുത്ത ഷോട്ട് ഗോൾ കീപ്പറും പോസ്റ്റും കൂടിയാണ് തടഞ്ഞത്. അത് ഗോളായിരുന്നു എങ്കിലും കണക്കിൽ വരില്ലായിരുന്നു. സൈഡ് ലൈൻ റഫറിയുടെ ഫ്ലാഗ് ഉയർന്നിരുന്നു.

33ആം മിനുട്ടിൽ മസറോയിയുടെ ഒരു ലോങ് ഷോട്ട് സിമോൺ തടഞ്ഞു. ആദ്യ പകുതിയിൽ മൊറോക്കോ തന്നെ ആയിരുന്നു മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചത്.

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ഡാനി ഓൽമോ ഒരു ഫ്രീകിക്കിൽ നിന്ന് ബോനോയെ പരീക്ഷിച്ചു. സ്പെയിന്റെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് ആയി ഇത്. സ്പെയിൻ ആൽവാരോ മൊറാട്ടോയെയും നികോ വില്യംസിനെയും ഇറക്കി ഗോളടിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സ്പെയിൻ നോക്കി. മൊറോക്കോയും നിരവധി മാറ്റങ്ങൾ വരുത്തി.

88ആം മിനുട്ടിൽ നികോ വില്യംസിന് കിട്ടിയ മികച്ച ഒരു അവസരം സോഫിയാൻ അമ്രബെറ്റിന്റെ മികച്ച ബ്ലോക്കിലൂടെ ആണ് തടയപ്പെട്ടത്. ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടിൽ സ്പെയിനിന്റെ ഒരു ഫ്രീകിക്ക് ബോനോയുടെ സേവിൽ ആണ് രക്ഷപ്പെട്ടത്‌. അവസാനം കളി എക്സ്ട്രാ ടൈമിൽ എത്തി.

എക്സ്ട്രാ ടൈമിൽ അമ്രാബറ്റ് ഒരു പാസിലൂടെ സാബിരിയെ കണ്ടെത്തി. സാബിരി ഷോട്ട് തൊടുക്കിന്നതിന് തൊട്ടു മുമ്പ് ഒരു ടാക്കിളിലൂടെ ലപോർടെ സ്പെയിനിനെ രക്ഷിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ഉനായ് സിമന്റെ വലിയ സേവ് സ്പെയിനിനെ രക്ഷിച്ചു. ചെദിരയുടെ ഷോട്ട് പോയിന്റെ ബ്ലാങ്കിൽ വെച്ചാണ് ഇനായ് സിമൺ സേവ് ചെയ്ത് രക്ഷിച്ചത്.

എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം സരാബിയയുടെ ഷോട്ട് പോസ്റ്റിൽ തട്ടിമടങ്ങുന്നതും കാണാൻ ആയി.

120 മിനുട്ട് കഴിഞ്ഞിട്ടും ഗോൾ വരാതെ ആയതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ കിക്ക് എടുത്തത് മൊറോക്കോയുടെ സബീരി. ഉനായ് സിമണെ മറികടന്ന് വലയിൽ. സ്പെയിനു വേണ്ടി സരാബിയ ആണ് ആദ്യ കിക്ക് എടുത്തത്. സരാബിയയുടെ പെനാൾട്ടിയും പോസ്റ്റിൽ തട്ടി മടങ്ങി. മൊറോക്കോ 1-0 സ്പെയിൻ. സിയെചും മൊറോക്കോയ്ക്ക് ആയി കിക്ക് വലയിൽ എത്തിച്ചു. സോളർ സ്പെയിന്റെ രണ്ടാം കിക്ക് ബൂണോ സേവ് ചെയ്തു. മൊറോക്കോ 2-0.

മൊറോക്കോയുടെ മൂന്നാം പെനാൾട്ടി ഉനായ് സിമൺ സേവ് ചെയ്തത് സ്പെയിന് പ്രതീക്ഷ തിരികെ നൽകി. ബുസ്കറ്റ്സിന്റെ കിക്കും ബുനോ സേവ് ചെയ്തു. ആ പ്രതീക്ഷ അസ്തമിച്ചു. സ്കോർ 2-0 തന്നെ. ഹകീമിയുടെ കിക്ക് മൊറോക്കോയെ ക്വാർട്ടറിലേക്ക് എത്തിച്ചു.

ജിബ്രാൾട്ടർ കടലിടുക്കിലേക്ക് ചുരുങ്ങുന്ന നോകൗട്ട് പോരാട്ടം; പുതുചരിത്രം കുറിക്കാൻ മൊറോക്കോ, പിഴവുകൾ പരിഹരിച്ച് സ്പെയിൻ

ഖത്തർ ലോകകപ്പിൽ നോകൗട്ട് പോരാട്ടം ജിബ്രാൾട്ടർ കടലിടുക്കിന്റെ ഇരുകരകളിലേക്കും ചുരുങ്ങുമ്പോൾ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ നേരിടാൻ പുത്തൻ ആഫ്രിക്കൻ ശക്തികൾ ആയ മൊറോക്കോ ഒരുങ്ങുന്നു. ടീമിന്റെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ നോകൗട്ട് വിജയത്തിലാണ് മൊറോക്കോ കണ്ണ് വെക്കുന്നതെങ്കിൽ, അടുത്ത കാലത്ത് യൂറോ കപ്പിലടക്കം വമ്പൻ പോരാട്ടങ്ങളിൽ ഇറങ്ങിയ ടീമിന്റെ മത്സര പരിചയം എതിർ ടീമിനേക്കാൾ മുൻതൂക്കം നൽകും എന്ന പ്രതീക്ഷയിൽ ആണ് സ്പെയിൻ.

ബെൽജിയവും കാനഡയും ക്രൊയേഷ്യയും അടങ്ങിയ ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് മൊറോക്കോ എത്തുന്നത്. ക്രൊയേഷ്യയെ സമനിലയിൽ തളച്ചപ്പോൾ ബെൽജിയത്തെയും കാനഡയേയും വീഴ്ത്താനും അവർക്കായി. അടുത്ത കാലത്ത് യൂറോപ്യൻ ഫുട്ബോളിൽ ഉയർന്ന് വന്ന ഒരുപിടി മികച്ച താരങ്ങൾ ആണ് മൊറോക്കോയുടെ കരുത്ത്. അതിൽ തൊട്ടടുത്തുള്ള സ്പെയിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട് എന്നതും രസകരമായ വസ്തുതയാണ്. ഒന്നാം സ്‌ട്രൈക്കർ ആയ എൻ – നെസൈരി, കീപ്പർ ബോനോ എന്നിവർ സെവിയ്യയുടെ താരങ്ങൾ ആണ്. റൈറ്റ് ബാക്ക് അഷറഫ് ഹകിമി മാഡ്രിഡ് താരമായിരുന്നു. ഇവരെ കൂടാതെ ആമ്രബാത്, സിയച്ച്, മാസ്രോയി എന്നിവരും കൂടി ചേരുമ്പോൾ ഏത് വമ്പനെയും വീഴ്ത്താൻ പോന്ന ടീമായി മൊറോക്കോ മാറുന്നു. ഗ്രൂപ്പ് സ്റ്റേജിലെ പ്രകടനം സ്പെയിനിനെതിരെയും ആവർത്തിക്കാൻ ആയാൽ ചരിത്രം കുറിക്കാം എന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ കരുത്തർ.

ലോകകപ്പിൽ ഇതുവരെ താഴോട്ടാണ് സ്പെയിനിന്റെ ഗ്രാഫ്. വമ്പൻ ജയവുമായി തുടങ്ങിയ ശേഷം ജർമനിയോട് സമനിലയും ജപ്പാനോട് തോൽവിയും നേരിടേണ്ടി വന്നു. ഇരു ടീമിന്റെയും വേഗതക്കെതിരെ പതറിയ സ്പെയിൻ പ്രതിരോധത്തിൽ ആവും മൊറോക്കോയുടെ കണ്ണുകൾ. അതേ സമയം ടികി ടാക കൈമോശം വന്നിട്ടില്ലെന്ന് സ്‌പെയിൻ ഇതിനിടയിലും തെളിയിച്ചു. ജപ്പാനെതിരെ ബെഞ്ചിൽ ഇരുന്ന ലപോർട ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും. തുടർച്ചയായി ഗോൾ കണ്ടെത്തുന്ന മൊറാട്ട ഒരിക്കൽ കൂടി പകരക്കാരനായി എത്തിയേക്കും. ഓൾമോ, ഫെറാൻ ടോറസ് എന്നിവർ തന്നെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. മധ്യനിരയിൽ എൻറിക്വെയുടെ വിശ്വസ്ത ത്രയമായ പെഡ്രി – ബാസ്ക്വറ്റ്‌സ് – ഗവി തന്നെ എത്തും. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ പരിഹരിച്ച് ടീം ഇറക്കാൻ തന്നെയാവും കോച്ചിന്റെ ശ്രമം.

ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച വൈകിട്ട് 8.30 എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക.

മരണ ഗ്രൂപ്പിലെ മരണക്കളികൾ; സ്‌പെയിനിൽ പ്രതീക്ഷ അർപ്പിച്ച് ജർമനി, തളരാത്ത എഞ്ചിനുമായി ജപ്പാൻ

പ്രതീക്ഷിച്ച പോലെ മരണ ഗ്രൂപ്പ് ആവുമെന്ന് കരുതിയ ഗ്രൂപ്പ് ഈ, ഫുട്ബോൾ ആരാധകർക്ക് ഒട്ടും നിരാശ സമ്മാനിക്കാതെ ആദ്യ രണ്ടു സ്ഥാനക്കാരെ അറിയാനുള്ള അവസരം അവസാന മത്സര ദിനത്തിലേക്ക് നീട്ടിയിരിക്കുകയാണ്. സ്പെയിൻ ജപ്പാനെയും കോസ്റ്ററിക്ക ജർമനിയേയും ആണ് അവസാന ദിനത്തിൽ നേരിടുന്നത്. നോക്ഔട്ടിലേക്ക് കടക്കാൻ സമനില മാത്രം മതിയായ സ്പെയിൻ ആണ് അവസാന ദിനത്തിൽ കുറച്ചെങ്കിലും ആശ്വസിക്കാൻ ഉള്ളത്. ജപ്പാനെതിരായ തോൽവി അവരുടെയും സാധ്യതകളെ ബാധിച്ചേക്കും. ജർമനി ആവട്ടെ, കോസ്റ്ററിക്കയെ തകർക്കുന്നതിന് പിറമേ സ്പെയിനിന്റെ വിജയവും ഉറ്റു നോക്കുന്നുണ്ട്.

എന്നാൽ അല്ലാതെയും ജർമനിക്ക് ആശ്വസിക്കാൻ വകയുണ്ട്. സ്പെയിൻ – ജപ്പാൻ മത്സരം സമനില ആയാൽ രണ്ടു ഗോൾ വ്യത്യാസത്തിൽ കോസ്റ്ററിക്കെയെ തകർക്കാൻ ആയാൽ ജർമനിക്ക് ഗ്രൂപ്പിൽ നിന്നും മുന്നേറാം. ഇത് തന്നെയാണ് ജപ്പാനെ അങ്കലാപ്പിൽ ആക്കുന്നതും. സ്പെയിനിനെതിരെ സമനില ലക്ഷ്യമിട്ട് ഇറങ്ങുന്നത് അതുകൊണ്ടു തന്നെ ജപ്പാൻ സ്വപ്നത്തിൽ പോലും കണക്ക് കൂട്ടുന്നുണ്ടാവില്ല. സ്പെയിൻ ഗോളുകൾ കൊണ്ട് ആറാടിയ കോസ്റ്ററിക്കയെ ജർമനിയും ഉന്നമിടും എന്നുറപ്പാണ്. അത് പോലെ തന്നെ ജപ്പാനോട് തോൽവി പിണഞ്ഞാലും കോസ്റ്ററിക്കയുടേയോ ജർമനിയുടെയോ വമ്പൻ ജയം മാത്രമേ സ്‌പെയിനിനെ പുറത്താക്കൂ. വമ്പൻ ജയം എന്നു പറയുമ്പോൾ ജപ്പാനോട് അവർ മൂന്ന് ഗോൾ വഴങ്ങും എന്നു കരുതിയാൽ തന്നെ ജർമനി അഞ്ചു ഗോളിനോ കോസ്റ്ററിക്ക പത്ത് ഗോളിനോ എങ്കിലും ജയിക്കണം. ഇത് അസാധ്യം എന്നു തന്നെ കരുതാം.

നിലവിലെ സാഹചര്യത്തിൽ ഗോൾ അടിച്ചു കൂട്ടാൻ ജർമനിയും വിജയം തേടി ജപ്പാനും കോസ്റ്ററിക്കയും ഇറങ്ങും എന്നാണ് കരുതേണ്ടത്. ജപ്പാനെ വീഴ്ത്തിയ കോസ്റ്ററിക്ക തങ്ങളെ അങ്ങനെ അങ്ങു എഴുതള്ളണ്ട എന്ന സൂചന നൽകി കഴിഞ്ഞു. സ്പെയിൻ വിജയിക്കുന്ന പക്ഷം ജർമനിയോടുള്ള വിജയം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ അവരെ സഹായിക്കും. മറ്റ് സാധ്യതകൾ പരിശോധിക്കുമ്പോൾ വഴങ്ങിയ ഗോളുകളുടെ എണ്ണം അവർക്ക് വൻ തിരിച്ചടി ആണ്.

സ്‌പെയിനിനെ നേരിടുന്ന ജപ്പാൻ കഴിഞ്ഞ ജർമനി സ്പെയിൻ മത്സരത്തിൽ നിന്നും പാഠം ഉൾക്കൊണ്ടിട്ടുണ്ടാകും എന്നുറപ്പാണ്. സാനെ കൂടി കളത്തിൽ എത്തിയ ശേഷം മുസ്യാലയുടെയും സാനെയുടെയും അതിവേഗ നീക്കങ്ങൾക്ക് മുന്നിൽ പകച്ചു നിന്ന സ്പാനിഷ് ഡിഫെൻസ് അവർക്ക് ശുഭ സൂചനയാണ്. ജർമനിയെ വീഴ്ത്തിയപ്പോഴും അവർക്ക് തുണയായത് തങ്ങളുടെ അതിവേഗ നീക്കങ്ങൾ തന്നെ ആയിരുന്നു. ഇതേ തന്ത്രം തന്നെ സ്പെയിനിനെതിരെയും അവർ പ്രയോഗിച്ചേക്കും. തോൽവി ഒഴിവാക്കിയാൽ മതി എന്നതിനാൽ സ്പെയിൽ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. കഴിഞ്ഞ ദിവസം പരിശീലനത്തിൽ നിന്നും മാറി നിന്ന ഗവി, റോഡ്രി എന്നിവർക്ക് വിശ്രമം അനിവദിച്ചേക്കും. ജർമൻ ടീമിൽ ആവട്ടെ സ്പെയിനിനെതിരെ ഗോൾ നേടിയ ഫുൾക്രൂഗോ സാനെയോ ഹൻസി ഫ്ലിക്കിന്റെ ആദ്യ ഇലവനിൽ എത്തും. വമ്പന്മാരെ മറികടക്കാൻ ജപ്പാനും കോസ്റ്ററിക്കകും ഇനിയും അവസരം ഉണ്ടെന്നിരിക്കെ മരണ ഗ്രൂപ്പ് ആരുടെയൊക്കെ മരണം വിധിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. വെള്ളിയാഴ്ച്ച പുലർച്ചെ 12.30നാണ് ഇരു മത്സരങ്ങളും ആരംഭിക്കുക.

ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ കളിക്കണം എന്ന് സ്പെയിൻ കോച്ച്

ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടാൻ ആഗ്രഹിക്കുന്നതായി സ്പെയിൻ പരിശീലകൻ ലൂയി എൻറികെ. ഗ്രൂപ്പിൽ ഇപ്പോൾ രണ്ടാമത് ഫിനിഷ് ചെയ്താൽ സ്പെയിന് ക്വാർട്ടറിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാം. എന്നാൽ അത് ചെയ്യില്ല എന്ന് ലൂച പറഞ്ഞു.

ഞങ്ങൾ ഗ്രൂപ്പിൽ ഒന്നാമത് ആകാൻ ആഗ്രഹിക്കുന്നു. ആദ്യം പ്രീക്വാർട്ടർ കളിക്കണം. പിന്നീട് ക്വാർട്ടറിൽ ബ്രസീൽ ആയിരിക്കും എതിരാളികൾ. ബ്രസീലിനെതിരെ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എൻറികെ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാമതെത്തിയാൽ അത് നടക്കും. ഏത് ലോകകപ്പ്, ഏത് വർഷം നടന്നാലും അന്നൊക്കെ ബ്രസീൽ ഒരു വലിയ ശക്തി തന്നെ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ബ്രസീൽ എന്നും ഫേവറിറ്റ്സ് ആയിരിക്കും. അവർക്ക് വ്യക്തിഗതമായും കൂട്ടായും വളരെയധികം ഗുണവും കഴിവും ഉണ്ട്. അവർക്ക് എങ്ങനെ കളിക്കണമെന്ന് കൃത്യമായി അറിയാം, അവരാണ് ഫേവറിറ്റ്സ് എന്ന് വ്യക്തമാണ്. ലോകകപ്പിൽ ബ്രസീൽ എപ്പോഴും ഫേവറിറ്റുകളാണ്, എൻറിക്വെ കൂട്ടിച്ചേർത്തു.

ആവേശം ചോരാത്ത സമനില, സ്പെയിനെതിരെ വിട്ടുകൊടുക്കാതെ ജർമ്മനി

ജർമ്മനിയും സ്പെയിനും ഇന്ന് ഖത്തറിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ പിറന്നത് ഒരു ആവേശ സമനില. നല്ല അറ്റാക്കിംഗ് ഫുട്ബോൾ കണ്ട മത്സരം 1-1 നിലയിൽ ആണ് അവസാനിച്ചത്‌. വിജയം വേണമായിരുന്നു എങ്കിലും ഈ സമനിലയും ജർമ്മനിയുടെ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തും‌‌. സ്പെയിനും പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇനി അവസാന മത്സരം വരെ കാത്തുനിൽക്കേണ്ടി വരും.

ഗ്രൂപ്പ് ഇയിലെ ഏറ്റവും വലിയ പോരാട്ടത്തിൽ ആവേശകരമായ തുടക്കമാണ് അൽ ബൈത് സ്റ്റേഡിയത്തിൽ ലഭിച്ചത്. മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ സ്പെയിന് ക്ലൊയർ കട്ട് അവസരം ലഭിച്ചു . ഗവിയും അസൻസിയോയും ചേർന്ന് നടത്തിയ മുന്നേറ്റം ഡാനി ഒൽമോയിലേക്ക് എത്തി. ഓൽമോയുടെ ഷോട്ട് നോയറും ഒപ്പം ഗോൾ പോസ്റ്റും വേണ്ടി വന്നു ഗോളിൽ നിന്ന് അകറ്റി നിർത്താൻ.

തുടക്കത്തിലും ആദ്യ പകുതിയിലും പന്ത് അധികവും സ്പെയിനിന്റെ കാലിൽ ആയിരുന്നു. 24 മിനുട്ടിലാണ് ജർമ്മനിയുടെ ആദ്യ നല്ല അവസരം വരുന്നത്. സ്പാനിഷ് ഗോൾ കീപ്പൻ ഉനായ് സിമൺ നൽകിയ പാസ് നേരെ എത്തിയ ഗ്നാബറിയിൽ ആയിരുന്നു‌. അദ്ദേഹം തൊടുത്ത ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല.

33ആം മിനുട്ടിൽ സ്പെയിൻ ഇടതു വിങ്ങിലൂടെ നല്ല അവസരം സൃഷ്ടിച്ചു. ഫെറാൻ ടോറസിന് ഗോളടിക്കാനുള്ള അവസരം ഉണ്ടായി. ടോറസിന്റെ ഇടം കാലൻ ഷോട്ട് നൂയറിന്റെയും ഗോൾ പോസ്റ്റിന്റെയും മുകളിലൂടെ പുറത്ത് പോയി‌. ഈ നീക്കം പിന്നീട് ഓഫ്സൈഡ് ആണെന്ന് ഫ്ലാഗ് ഉയർന്നു എങ്കിലും നല്ല നീക്കമായുരുന്നു‌.

39ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് റൂദിഗർ ജർമ്മനിക്കായി ഗോൾ നേടി‌. പക്ഷെ ആഹ്ലാദിക്കും മുമ്പ് തന്നെ വാർ ഓഫ്സൈഡ് ആണെന്ന് വിധിച്ചു. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ആവേശം ചോർന്നില്ല. 56ആം മിനുട്ടിൽ ഒരു തവണ കൂടെ സ്പാനിഷ് കീപ്പർ ഉനായ് സിമന്റെ പാസ് പാളി‌. അതിൽ പിറന്ന അവസരം മുതലെടുത്ത് കിമ്മിച് തൊടുത്ത ഷോട്ട് സിമൺ തന്നെ തടഞ്ഞു രക്ഷിച്ചു.

62ആം മിനുട്ടിൽ ആണ് കളിയിൽ ഏവരും കാത്തു നിന്ന ഗോൾ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ആൽബ നൽകിയ ക്രോസ് ആൽവാരോ മൊറാട്ട ഫ്രണ്ട് പോസ്റ്റിക് വെച്ച് ഒരു ഫ്ലിക്കോടെ വലയിലേക്ക് തിരിച്ചുവിട്ടു. നൂയറിനെ കാഴ്ചക്കാരനാക്കി സ്പെയിൻ ഒരു ഗോളിന് മുന്നിൽ. മൊറാട്ട സബ്ബായി എത്തിയിട്ട് 8 മിനുട്ടേ ആയിട്ടുണ്ടായിരുന്നുള്ളൂ ആ ഗോൾ പിറക്കുമ്പോൾ.

ഇതിനു പിന്നാലെ 66ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ ഉള്ള അവസരം സ്പെയിന് ലഭിച്ചു. പെനാൾട്ടി ബോക്സിക് ഫ്രീ സ്പേസ് കണ്ടെത്തിയ അസൻസിയോ തിരിക്കു പിടിച്ച് ഷോട്ട് എടുത്തത് കൊണ്ട് മാത്രം ആ ഗോൾ പിറന്നില്ല.

ജർമ്മനി ഒരുപാട് മാറ്റങ്ങൾ വരുത്തി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. 74ആം മിനുട്ടിൽ ജമാൽ മുസിയാലക്ക് കിട്ടിയ സുവർണ്ണാവസരം താരം നേരെ ഗോൾ കീപ്പർക്ക് നേരെയാണ് അടിച്ചത്‌. സ്കോർ 1-0 എന്ന് തന്നെ നിന്നു.

84ആം മിനുട്ടിൽ ജർമ്മനി സമനില ഗോൾ കണ്ടെത്തി. സബ്ബായി എത്തിയ ഫുൾകർഗിന്റെ സ്ട്രൈക്ക് ആണ് ജർമ്മനിയെ സ്പെയിന് ഒപ്പം എത്തിച്ചത്. വെർഡർബ്ര‌മന്റെ താരം തോടുത്ത ഷോട്ട് ഒരു ഗോൾ കീപ്പർക്കും തടയാൻ ആകാത്ത അത്ര പവർഫുൾ ആയിരുന്നു.

ഇതിനു ശേഷം വിജയിക്കാൻ ഇരു ടീമുകളും ആഞ്ഞു ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. ഈ സമനിലയോടെ സ്പെയിൻ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റിൽ എത്തി‌. ഒരു പോയിന്റ് ആണ് ജർമ്മനിക്ക് ഉള്ളത്. ജർമ്മനി അവസാന മത്സരത്തിൽ കോസ്റ്റാറിക്കയെ നേരിടും. സ്പെയിൻ ജപ്പാനെയും നേരിടും.

Exit mobile version