ആഴ്സണൽ കുതിപ്പിന് സൗത്താംപ്ടണിൽ അന്ത്യം

ആഴ്സണലിന്റെ അപരാജിത കുതിപ്പ് സൗത്താംപ്ടണിൽ അവസാനിച്ചു. പുതിയ പരിശീലകൻ റാൾഫ് ഹാസൻഹട്ടിലിന്റെ കീഴിൽ സൗത്താംപ്ടൻറെ ആദ്യ ജയമാണ് ഇത്. 3- 2 നാണ് ആവേശകരമായ മത്സരത്തിന് ഒടുവിൽ സൗത്താംപ്ടൻ ജയം സ്വന്തമാക്കിയത്.

സ്വപ്ന തുല്ല്യമായ തുടക്കമാണ് സൗത്താംപ്ടൻ നേടിയത്. ആഴ്സണൽ പ്രതിരോധത്തിൽ ഉള്ള പിഴവുകൾ പരമാവധി മുതലെടുത്ത അവർക്ക് 17 ആം മിനുട്ടിൽ ലീഡ് നേടാനായി. ടാർഗേറ്റ്ന്റെ പാസിൽ നിന്ന് ഡാനി ഇങ്‌സ് ആണ് ലീഡ് നേടിയത്. പക്ഷെ മികിതാര്യനിലൂടെ 28 ആം മിനുട്ടിൽ തന്നെ ആഴ്സണൽ തിരിച്ചടിച്ചു. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപേ തന്നെ സൗത്താംപ്ടൻ ലീഡ് പുനഃസ്ഥാപിച്ചു. ഇത്തവണയും ഇങ്‌സ് തന്നെയാണ് ഗോൾ നേടിയത്.

പരിക്കേറ്റ ബെല്ലറിന് പകരം ലകസെറ്റിനെ ഉൾപ്പെടുത്തിയാണ് ആഴ്സണൽ രണ്ടാം പകുതിയിൽ ഇറങ്ങിയത്. ഈ മാറ്റം 53 ആം മിനുട്ടിൽ ഫലം ചെയ്തു. ലകസറ്റ് ഒരുക്കിയ അവസരത്തിൽ നിന്ന് മികിതാര്യൻ തന്നെയാണ് ഗോൾ നേടിയത്. പിന്നീടും ഇരു ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും അവസാന ചിരി സൗത്താംപ്ടന്റേത് ആയിരുന്നു. 85 ആം മിനുട്ടിൽ ഷെയിൻ ലോങ് ഒരുക്കിയ അവസരം മുതലാക്കി ചാർളി ഓസ്റ്റിൻ അവരുടെ വിജയ ഗോൾ സ്വന്തമാക്കി.

മുൻ ലെയ്പ്സിഗ് പരിശീലകൻ ഇനി സൗത്താംപ്ടന്റെ തന്ത്രങ്ങൾ ഒരുക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് സൗത്താംപ്ടൻ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ ലേയ്പ്സിഗ് പരിശീലകൻ റാൾഫ് ഹാസൻഹട്ടിൽ ആണ് ഇനി സെയിന്റ്സിനെ നയിക്കുക. തിങ്കളാഴ്ച്ച പുറത്താക്കപ്പെട്ട മാർക് ഹ്യുജ്സിന് പകരകാരനായാണ്‌ ഹാസൻഹട്ടിൽ എത്തുന്നത്.

മെയ് മാസത്തിൽ ലേയ്പ്സിഗ് വിട്ട ശേഷമുള്ള 51 വയുസ്സുകാരൻ ഹാസൻഹട്ടിലിന്റെ ആദ്യ ജോലിയാണ് ഇത്. ഓസ്ട്രിയക്കാരനായ ഹാസൻഹട്ടിൽ 2016 മുതൽ 2018 വരെ ലെപ്സിഗ് പരിശീലകനായിരുന്നു. ജർമ്മൻ ലീഗിൽ അരങ്ങേറ്റത്തിൽ തന്നെ രണ്ടാം സ്ഥാനത്ത് എത്താൻ അദ്ദേഹത്തിന്റെ ടീമിന് ആയിരുന്നു. നിലവിൽ പ്രീമിയർ ലീഗിൽ 18 ആം സ്ഥാനത്തുള്ള സൗത്താംപ്ടനെ തരം താഴ്ത്തലിൽ നിന്ന് രക്ഷപെടുത്തുക എന്ന വലിയ ജോലിയാണ് അദേഹത്തിന് മുന്നിലുള്ളത്.

തിരിച്ചു വരവ് ഗംഭീരമാക്കി റനിയേരി, ഫുൾഹാമിന് ആവേശ ജയം

പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ആദ്യ മത്സരം ആവേശമാക്കി ക്ലാഡിയോ റനിയേരി. സൗത്താംപ്ടനെ നേരിട്ട അവർ 3-2 എന്ന സ്കോറിനാണ് ജയം ഉറപ്പാക്കിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഫുൾഹാം തിരിച്ചു വരവിലൂടെ ജയം നേടിയത്. ജയത്തോടെ 8 പോയിന്റുള്ള അവർ ലീഗിൽ അവസാന സ്ഥാനക്കാർ എന്ന ചീത്ത പേരിൽ നിന്ന് തൽക്കാലം രക്ഷപെട്ടു. നിലവിൽ 19 ആം സ്ഥാനത്താണ് അവർ.

മത്സരത്തിൽ പതിനെട്ടാം മിനുട്ടിൽ ആംസ്ട്രോങ്ങിലൂടെ സൗത്താംപ്ടൻ മുന്നിൽ എത്തിയെങ്കിലും ശക്തമായ തിരിച്ചടിയാണ് ഫുൾഹാം നൽകിയത്. 33 ആം മിനുട്ടിൽ മിട്രോവിച്ചിലൂടെ സമനില ഗോൾ നേടിയ അവർ 10 മിനിട്ടുകൾക്ക് അപ്പുറം ശുർലെയുടെ ഗോളിൽ ലീഡ് നേടി ആദ്യ പകുതി സ്വന്തം പേരിലാക്കി.

രണ്ടാം പകുതിയിൽ പക്ഷെ തുടക്കത്തിൽ തന്നെ സൗത്താംപ്ടൻ മത്സരത്തിൽ തിരിച്ചെത്തി. സ്റ്റുവർട്ട്‌ ആംസ്ട്രോങ് തന്നെയാണ് ഇത്തവണയും ഗോൾ നേടിയത്. സ്കോർ 2-2. പക്ഷെ സീസൺ തുടക്കത്തിലെ പ്രകടനം ഓർമ്മിപ്പിച്ച് മിട്രോവിച് വീണ്ടും ഫുൾഹാമിന്റെ രക്ഷക്ക് എത്തി. 63 ആം മിനുട്ടിൽ മിട്രോവിച്ചിലൂടെ ലീഡ് ഉയർത്തിയ ഫുൾഹാം ലീഡ് കാത്തതോടെ റനിയേരിയുടെ അരങ്ങേറ്റം ഗംഭീരമായി.

ന്യൂ കാസിലിന് ആദ്യ ജയം ഇനിയും അകലെ, സൗത്താംപ്ടനോട് സമനില

ഒരു വിജയം എന്ന ന്യൂ കാസിലിന്റെ ആഗ്രഹം സൗത്താംപ്ടണിലും നടന്നില്ല. സെന്റ് മേരീസ് സ്റ്റേഡിയത്തിൽ വിരസമായ ഗോൾ രഹിത സമനിലയിൽ ഇരു ടീമുകളും പോയിന്റ് പങ്ക് വച്ചു പിരിഞ്ഞു. ലീഗിൽ 10 മത്സരങ്ങൾ പിന്നിട്ടിട്ടും ബെനീറ്റസിന്റെ ടീമിന് ജയമില്ല. ലീഗിൽ 3 പോയിന്റ് മാത്രമുള്ള അവർ 19 ആം സ്ഥാനത്താണ്. 7 പോയിന്റുള്ള സൗത്താംപ്ടൻ 16 ആം സ്ഥാനത്തും.

ആക്രമണ നിരയുടെ ഫോമില്ലാഴ്മയാണ് ന്യൂ കാസിലിന് വിനയായത്. മുട്ടോ നയിച്ച ആക്രമണ നിരക്ക് പന്തെത്തിക്കുന്നതിൽ മധ്യനിര തീർത്തും പരാജയപെട്ടപ്പോൾ മത്സരത്തിൽ സൗത്താംപ്ടൻ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായികാൻ അവർക്കായില്ല. ക്യാപ്റ്റൻ ലാസെൽസ് നയിച്ച പ്രതിരോധത്തിന്റെ മിടുക്കാണ് അവർക്ക് ഒരു പോയിന്റ് എങ്കിലും നൽകിയത്. മറുവശത്ത് സൗത്താംപ്ടൻ ഇങ്സിലൂടെ ഏതാനും അവസരങ്ങൾ നേടിയെങ്കിലും ഫിനിഷിങിലെ പോരാഴ്മ അവർക്ക് വിനയായി.

സൗത്താംപ്ടണെ തോൽപ്പിച്ച് വിജയ വഴിയിൽ തിരിച്ചെത്തി ചെൽസി

അവസാന രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയ ചെൽസി പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി. സൗത്താംപ്ടണെയാണ് ചെൽസി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ചെൽസിക്ക് വേണ്ടി ഹസാർഡും റോസ് ബാർക്ലിയും മൊറാട്ടയുമാണ് ഗോളുകൾ നേടിയത്. ചെൽസിയുടെ പാസിംഗ് കളിയെ തടയാൻ സൗത്താംപ്ടൺ പലപ്പോഴും കഠിനമായ ഫൗളുകൾക്കും മുതിർന്നതോടെ റഫറി മഞ്ഞകാർഡുകൾ എടുക്കേണ്ടി വന്നു. 7 സൗത്താംപ്ടൺ താരങ്ങളാണ് മത്സരത്തിൽ മഞ്ഞ കാർഡ് കണ്ടത്.

സൗത്താംപ്ടണിന്റെ മുന്നേറ്റം കണ്ടുകൊണ്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ സൗത്താംപ്ടൺ താരം ഡാനി ഇങ്‌സിന് കിട്ടിയ അവസരം താരം അവിശ്വസിനീയമാം വിധം പുറത്തടിച്ചു കളയുകയായിരുന്നു. തുടർന്നായിരുന്നു മത്സരത്തിൽ ലീഡ് നേടിയ ചെൽസിയുടെ ഗോൾ പിറന്നത്. സൗത്താംപ്ടണിൽ നിന്ന് പന്ത് പിടിച്ചെടുത്ത റോസ് ബാർക്ലി ഹസാർഡിനു പാസ് കൊടുക്കുകയും ഹസാർഡ് ഗോളകുകയുമായിരുന്നു.

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിലും മികച്ച പ്രകടനം പുറത്തെടുത്ത സൗത്താംപ്ടൺ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. അതിനു ശേഷമാണു ബാർക്ലിയുടെ രണ്ടാമത്തെ ഗോൾ പിറന്നത്. വില്ല്യന്റെ ഫ്രീ കിക്കിൽ നിന്നും ജിറൂദ് നൽകിയ പാസ് ഗോളാക്കിയാണ് ബാർക്ലി ചെൽസിയുടെ ലീഡ് ഇരട്ടിയാക്കിയത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് പകരക്കാരനായി ഇറങ്ങിയ മൊറാട്ട ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഹസാർഡിന്റെ ത്രൂ ബോൾ സ്വീകരിച്ച മൊറാട്ട സൗത്താംപ്ടൺ ഗോൾ കീപ്പർ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.

അപരാജിത കുതിപ്പ് തുടരാൻ ലിവർപൂൾ ഇന്ന് സൗത്താപ്ടനെതിരെ

സീസണിൽ അപരാജിത കുതിപ്പ് തുടരുന്ന ലിവർപൂളിന് ഇന്ന് ആൻഫീൽഡിൽ സൗത്താപ്റ്റന്റെ വെല്ലുവിളി. ഇതുവരെ കളിച്ച 6 മത്സരങ്ങളും ജയിച്ച ലിവർപൂൾ സീസണിലെ 7 ആം ജയമാകും ലക്ഷ്യമിടുക. ആൻഫീൽഡിൽ കാര്യമായ റെക്കോർഡ് ഇല്ലാത്ത സൗത്താംപ്ടനെതിരെ അത് നേടാനാകും എന്ന് തന്നെയാവും ക്ളോപ്പിന്റെ പ്രതീക്ഷ.

ലിവർപൂൾ നിരയിൽ അവസാന പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ഫിർമിനോ പൂർണാമായും കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. സൗതാംപ്ടൻ നിരയിൽ മികച്ച ഫോമിലുള്ള ഡാനി ഇങ്സിന് ഇന്ന് കളിക്കാനാവില്ല. ലിവർപൂളിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന താരത്തിന് സ്വന്തം ടീമിനെതിരെ കളിക്കാനാവില്ല. മനോലോ ഗാബിയദീനിയും ഇന്ന് കളിച്ചേക്കില്ല.

ഇന്ന് ജയിക്കാനായാൽ ക്ലബ്ബ് ചരിത്രത്തിൽ ആദ്യമായാവും ലിവർപൂൾ ആദ്യത്തെ 7 മത്സരങ്ങൾ ജയിക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് കിക്കോഫ്.

സൗത്താംപ്ടണ്‍ തോല്‍വിയ്ക്ക് കാരണം അശ്വിന്‍: ഹര്‍ഭജന്‍ സിംഗ്

സൗത്താംപ്ടണില്‍ തോല്‍വിയേറ്റു വാങ്ങി ഇംഗ്ലണ്ട് പരമ്പര അടിയറവ് പറഞ്ഞതിനു പൂര്‍ണ്ണ ഉത്തരവാദി അശ്വിനെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. മോയിന്‍ അലി രണ്ട് ഇന്നിംഗ്സുകളിലായി 9 വിക്കറ്റുകള്‍ വീഴ്ത്തിയ പിച്ചില്‍ അശ്വിന്‍ നിറം മങ്ങിയതാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണമായത് മുന്‍ ഇന്ത്യന്‍ ചാമ്പ്യന്‍ ബൗളറായ ഹര്‍ഭജന്‍ സിംഗ്. സൗത്താംപ്ടണില്‍ സ്പിന്‍ അനുകൂലമായ സാഹചര്യങ്ങളെ മുതലാക്കുവാന്‍ അശ്വിനായില്ല, അതേ സമയം മോയിന്‍ അലി അത് വ്യക്തമായി മുതലാക്കുകയും ചെയ്തുവെന്ന് ഹര്‍ഭജന്‍ ചൂണ്ടികാട്ടി.

ചില പ്രത്യേക സ്ഥലങ്ങളില്‍ പന്തെറിയുക മാത്രം ചെയ്താല്‍ വിക്കറ്റ് ലഭിയ്ക്കുമെന്നിരിക്കെയാണ് ഇരു ബൗളര്‍മാര്‍ തമ്മില്‍ ഇത്രയും വലിയ അന്തരമെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. മോയിന്‍ അലി അശ്വിനെക്കാള്‍ നന്നായി പന്തെറിഞ്ഞത് തന്നെയാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണം. ചരിത്രത്തില്‍ ആദ്യമായാണ് ഞാന്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ മികവ് പുലര്‍ത്തുന്നെത് കണ്ടത്തെന്നും ഭജ്ജി പറഞ്ഞു.

അശ്വിനു വിക്കറ്റ് നേടാന്‍ കഴിയാതെ പോയത് തന്നെയാണ് ഇന്ത്യന്‍ തോല്‍വിയ്ക്ക് കാരണം. നിര്‍ണ്ണായകമായ മൂന്നാം ദിവസം വിക്കറ്റ് നേടുന്നതില്‍ താരത്തിനു പിഴച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബെന്‍ സ്റ്റോക്സിനെ മാത്രമാണ് അശ്വിനു വീഴ്ത്താനായത്. രണ്ടോ മൂന്നോ വിക്കറ്റ് കൂടി താരം വീഴ്ത്തിയിരുന്നുവെങ്കില്‍ കളി മാറിയേനെ എന്നും അശ്വിന്റെ പ്രകടനത്തെ സൂചിപ്പിച്ച് ടര്‍ബണേറ്റര്‍ പറഞ്ഞു.

ഈ ടീമിലെ മൂന്ന് നാല് താരങ്ങളെ പുറത്താക്കിയേ മതിയാകൂ: ഗവാസ്കര്‍

സൗത്താംപ്ടണിലെ തോല്‍വിയ്ക്ക് പിന്നാലെ മൂന്ന് താരങ്ങളെ പുറത്താക്കുവാന്‍ ആവശ്യപ്പെട്ട് സുനില്‍ ഗവാസ്കര്‍. താരം നേരത്തെ തന്നെ വിമര്‍ശിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പുറമേ പേര് പറഞ്ഞില്ലെങ്കിലും സുനില്‍ ഗവാസ്കര്‍ ലക്ഷ്യം വെച്ചത് രവി ചന്ദ്രന്‍ അശ്വിനെയും ദിനേശ് കാര്‍ത്തിക്കിനെയും ലോകേഷ് രാഹുലിനെയുമാണെന്നാണ് പൊതുവേയുള്ള നിഗമനം.

ഹാര്‍ദ്ദിക് പാണ്ഡ്യയെ മാത്രമല്ല താന്‍ ലക്ഷ്യമാക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മറ്റു താരങ്ങളാരാണെന്ന് സുനില്‍ ഗവാസ്കര്‍ പേര് വെളിപ്പെടുത്തിയില്ല. മൂന്ന് നാല് താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കേണ്ടതില്ലെന്ന അഭിപ്രായക്കാരനാണ് താനെന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞത്. അന്തിമ ഇലവനില്‍ അല്ല സ്ക്വാഡില്‍ പോലും ഇവര്‍ക്ക് ഇടം പാടില്ലെന്നാണ് ഗവാസ്കര്‍ പറഞ്ഞത്.

ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനു, സൗത്താംപ്ടണില്‍ ഇന്ത്യയ്ക്കെതിരെ 60 റണ്‍സ് ജയം

നേരത്തെ സൂചിപ്പിച്ചത് പോലെ 245 റണ്‍സ് എന്ന ശ്രമകരമായ ലക്ഷ്യം നേടാനാകാതെ ഇന്ത്യ 184 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 60 റണ്‍സ് ജയം. ജയത്തോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 3-1 നു വിജയിച്ചു. തുടക്കം പിഴച്ച ഇന്ത്യയ്ക്ക് പ്രതീക്ഷയായി നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 101 റണ്‍സുമായി വിരാട് കോഹ്‍ലിയും(58) അജിങ്ക്യ രഹാനെയും(51) പൊരുതിയെങ്കിലും ചായയ്ക്ക് മുമ്പ് കോഹ്‍ലി പുറത്തായതോടെ ഇന്ത്യ തകരുകയായിരുന്നു. അശ്വിന്‍ 25 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

കോഹ്‍ലിയെ പുറത്താക്കിയ മോയിന്‍ അലി തന്നെയാണ് അജിങ്ക്യ രഹാനയെയും വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. മത്സരത്തില്‍ നിന്ന് മോയിന്‍ അലി നാലും ജെയിംസ് ആന്‍ഡേഴ്സണ്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. സ്റ്റുവര്‍ട് ബ്രോഡിനും സാം കറനും ഓരോ വിക്കറ്റ് ലഭിച്ചു.

ലീഡ് തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്, മൂന്ന് വിക്കറ്റ് നഷ്ടം

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ലഞ്ചിനു തൊട്ട് മുമ്പ് ഇംഗ്ലണ്ടിനു തിരിച്ചടി. ആദ്യ മണിക്കൂറില്‍ തന്നെ ഓപ്പണര്‍മാര്‍ നഷ്ടമായ ശേഷം കീറ്റണ്‍ ജെന്നിംഗ്സും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ലഞ്ചിനു തൊട്ടുമുമ്പ് ഇംഗ്ലണ്ടിനു കീറ്റണ്‍ ജെന്നിംഗ്സിനെ(36) നഷ്ടമായി. മുഹമ്മദ് ഷമിയാണ് താരത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. മത്സരത്തിന്റെ മൂന്നാം ദിവസം 6/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു 33 റണ്‍സ് എടുക്കുന്നതിനിടെ കുക്കിനെയും(12), മോയിന്‍ അലിയെയും(9) നഷ്ടമായിരുന്നു.

അതിനു ശേഷം 59 റണ്‍സ് കൂട്ടുകെട്ട് നേടി മൂന്നാം വിക്കറ്റില്‍ ജെന്നിംഗ്സും-ജോ റൂട്ടും ഇംഗ്ലണ്ടിന്റെ പ്രതിരോധമായി മാറിയെങ്കിലും ലഞ്ചിനു തൊട്ട് മുമ്പ് വിക്കറ്റ് നഷ്ടമായത് ടീമിനു തിരിച്ചടിയായി. ഇംഗ്ലണ്ടിനായി 30 റണ്‍സുമായി ജോ റൂട്ടാണ് ക്രീസില്‍ നില്‍ക്കുന്നത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ഷമിയ്ക്ക് പുറമേ ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടിയത്.

മത്സരത്തില്‍ ഇംഗ്ലണ്ടിനു 65 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

പുജാരയ്ക്ക് ശതകം, നേരിയ ലീഡ് ഇന്ത്യയ്ക്ക്, മോയിന്‍ അലിയ്ക്ക് അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണില്‍ 273 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ. 27 റണ്‍സിന്റെ നേരിയ ലീഡ് ഇന്ത്യയ്ക്ക് മത്സരത്തില്‍ സ്വന്തമാക്കാനായിട്ടുണ്ട്. ചേതേശ്വര്‍ പുജാര പൊരുതി നേടിയ ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യ 273 റണ്‍സിലേക്ക് എത്തിയത്. തന്റെ 15ാം ശതകമാണ് പുജാര ഇന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ വെച്ചുള്ള ആദ്യ ശതകവും ഇംഗ്ലണ്ടിനെതിരെ ആദ്യത്തെതുമാണ് പുജാരയുടെ ഇന്നത്തെ ശതകം. 142/2 എന്ന നിലയില്‍ ശക്തമായി മുന്നേറുകയായിരുന്ന ഇന്ത്യ വിരാട് കോഹ്‍ലി പുറത്തായ ശേഷം തകരുകയായിരുന്നു. പുജാരയ്ക്ക് പിന്തുണയേകുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പുജാര 132 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുവാന്‍ സഹായിച്ചു. പുജാരയ്ക്ക് പിന്തുണ നല്‍കി ഇഷാന്ത് ശര്‍മ്മയും(14), ജസ്പ്രീത് ബുംറയും(6) ഇന്നിംഗ്സിന്റെ അവസാനത്തോട് നടത്തിയ ചെറുത്ത് നില്പാണ് ഇന്ത്യയ്ക്ക് ലീഡ് നേടുവാന്‍ സഹായിച്ചത്. ഇംഗ്ലണ്ടിനായി മോയിന്‍ അലിയാണ് ഇന്ത്യന്‍ മധ്യനിരയെയും വാലറ്റത്തെയും കുഴക്കി അഞ്ച് വിക്കറ്റ് നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 6/0 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍.

റോസ് ബൗളില്‍ ടോസ് നേടി ഇംഗ്ലണ്ട്, ബാറ്റിംഗ് തിരഞ്ഞെടുത്തു

സൗത്താംപ്ടണിലെ റോസ് ബൗളില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.. പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 2-1 നു മുന്നിലാണ്. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചപ്പോള്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നലെ തന്നെ തങ്ങളുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചിരുന്നു. സാം കുറനും മോയിന്‍ അലിയും ക്രിസ് വോക്സിനും ഒല്ലി പോപ്പിനും പകരം ടീമിലെത്തുമ്പോള്‍ ഇന്ത്യന്‍ ടീം മാറ്റങ്ങളൊന്നുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്.

ഏറെക്കാലത്തിനു ശേഷമാണ് കോഹ്‍ലിയുടെ കീഴില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ മാറ്റമില്ലാതെ കളിക്കുന്നത്.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിംഗ്സ്, ജോ റൂട്ട്, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, സാം കറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍

ഇന്ത്യ: ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

Exit mobile version