നഥാൻ റെഡ്മണ്ടും തുർക്കിയിലേക്ക്

സതാമ്പ്ടൺ താരം നഥാൻ റെഡ്മുണ്ട് തുർക്കിയിലേക്ക് പോകും. ഡെലെ അലിയെ സ്വന്തമാക്കിയ ക്ലബായ ബെസിക്‌റ്റാസ് ആണ് റെഡ്മണ്ടിനെയും സ്വന്തമാക്കുന്നത്. 4 മില്യൺ പൗണ്ടിന്റെ നീക്കത്തിന് സതാമ്പ്ടൺ സമ്മതിച്ചിരിക്കുകയാണ്.

ഫെനർബാച്ചെയും റെഡ്മണ്ടിനായി രംഗത്ത് ഉണ്ടായിരുന്നു. വ്യാഴാഴ്ച ആണ് തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത്.

2016-ൽ നോർവിച്ച് സിറ്റിയിൽ നിന്ന് ആയിരുന്നു റെഡ്മണ്ട് സതാമ്പ്ടണിൽ ചേർന്നത്. 232 മത്സരങ്ങൾ സതാമ്പ്ടണായി കളിച്ച താരം 30 ഗോളുകൾ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് യുവതാരങ്ങളെ സതാമ്പ്ടണിൽ എത്തി

സതാമ്പ്ടൺ രണ്ട് മാഞ്ചസ്റ്റർ സിറ്റി യുവതാരങ്ങളെ ക്ലബിൽ എത്തിച്ചു. ഡിഫൻഡർ ജുവാൻ ലാരിയോസിനെയും വിങ്ങർ സാമുവൽ എഡോസിയെയും ആണ് സതാമ്പ്ടൺ സ്വന്തമാക്കിയത്.

അഞ്ച് വർഷത്തെ കരാറിൽ ആണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് 18 കാരനായ ഡിഫൻഡർ ജുവാൻ ലാരിയോസിനെ സ്താമ്പ്ടൺ ടീമിൽ എത്തിച്ചത്. 2020ൽ ആയിരുന്നു താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. പ്രീമിയർ ലീഗ് 2ൽ സിറ്റിയുടെ എലൈറ്റ് ഡെവലപ്‌മെന്റ് സ്ക്വാഡിലെ സ്ഥിരം സ്റ്റാർട്ടറായിരുന്നു ലാരിയോസ്.

പ്രാഥമികമായി ഒരു ലെഫ്റ്റ് ബാക്ക് ആയ ലാരിയോസ് റൈറ്റ് ബാക്കിലും വിംഗിലും കളിച്ചിട്ടുള്ള ഒരു വേർസറ്റൈൽ കളിക്കാരനാണ്.

സാമുവൽ എഡോസിയും അഞ്ച് വർഷത്തെ കരാർ ആണ് സൈന്റ്സിൽ ഒപ്പുവെച്ചത്. 19-കാരൻ ഇംഗ്ലണ്ട് അണ്ടർ-19 ഇന്റർനാഷണലാണ്.

ചെൽസി പതറുകയാണ്!! സതാമ്പ്ടണ് മുന്നിൽ എല്ലാം പാളി

ചെൽസിക്ക് സീസണിലെ രണ്ടാം പരാജയം. ഇന്ന് ലീഗിൽ എവേ മത്സരത്തിൽ സതാമ്പ്ടണെ നേരിട്ട ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം ആണ് ഏറ്റുവാങ്ങിയത്.

ചെൽസി ഈ സീസണിൽ രണ്ട് മത്സരങ്ങൾ വിജയിച്ചിരുന്നു എങ്കിലും അവർ അവരുടെ മികവിൽ നിന്ന് ഏറെ ദൂരെ ആയിരുന്നു ആ മത്സരങ്ങളിൽ. ഇന്ന് ചെൽസി സ്ക്വാഡിൽ വിടവുകൾ കൂടുതൽ വ്യക്തമാകുന്നതാണ് കാണാൻ ആയത്. സതാമ്പ്ടണ് എതിരെ നല്ല തുടക്കമായിരുന്നു ചെൽസിക്ക് ലഭിച്ചത്. അവർ 23ആം മിനുട്ടിൽ സ്റ്റെർലിങിലൂടെ ലീഡ് എടുത്തു. രണ്ട് മത്സരങ്ങൾക്ക് ഇടയിൽ സ്റ്റെർലിങ്ങിന്റെ മൂന്നാം ഗോൾ.

ലീഡ് എടുത്തതോടെ ചെൽസിയുടെ ഊർജ്ജം തീർന്നു. പിന്നെ സതാമ്പ്ടന്റെ കളി ആയിരുന്നു. നാലു മിനുട്ടിനകം സമനില ഗോൾ വന്നു. ബെൽജിയൻ താരം റൊമിയോ ലാവിയയുടെ സ്ട്രൈക്ക് മെൻഡിക്ക് തടയാൻ ആയില്ല. ലെവിയയുടെ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്‌.

ഈ ഗോളിനു ശേഷം സതാമ്പ്ടൺ അറ്റാക്ക് തുടർന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം സതാമ്പ്ടൺ ലീഡും എടുത്തു. ആംസ്ട്രോങിന്റെ സ്ട്രൈക്ക് ആണ് ഇത്തവണ മെൻഡിയെ കീഴ്പ്പെടുത്തിയത്. ആദ്യ പകുതി സതാമ്പ്ടൺ 2-1ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ ചെൽസി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും സതാമ്പ്ടന്റെ ഹാഡ് വർക്ക് ചെൽസിയെ തടഞ്ഞു. സതാമ്പ്ടൺ മറുവശത്ത് പല തവണ മൂന്നാം ഗോളിന് അടുത്ത് എത്തുകയും ചെയ്തു.

സതാമ്പ്ടന്റെ ഈ സീസണിൽ ആദ്യ ഹോം വിജയം ആണിത്. അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സതാമ്പ്ടണും ചെൽസിക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണ് എതിരെ, വിജയം തുടരാൻ ആകുമോ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണ് എതിരെ ഇറങ്ങും. എവേ മത്സരത്തിൽ അവസാന കുറച്ച് കാലമായി വിജയിച്ചിട്ടില്ലാത്ത യുണൈറ്റഡ് ഇന്ന് വിജയം മാത്രമാകും ലക്ഷ്യമിടുന്നത്. അവസാന മത്സരത്തിൽ ലിവർപൂളിനെ തോൽപ്പിച്ചത് യുണൈറ്റഡിന് ഊർജ്ജവും ആത്മവിശ്വാസവും നൽകുന്നുണ്ട്. എങ്കിലും ടെൻ ഹാഗിന്റെ ടീമിന് ഇന്ന് കൂടെ വിജയിച്ചാലെ അവർ ശരിയായ പാതയിൽ ആണെന്ന് അടിവരയിടാൻ ആവുകയുള്ളൂ.

മൂന്ന് മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 3 പോയിന്റ് ആണ് യുണൈറ്റഡിന് ഉള്ളത്. ഇന്ന് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കുമോ എന്നത് കണ്ടറിയണം. റൊണാൾഡോയും മഗ്വയറും ഇന്നും ബെഞ്ചിൽ ആവാൻ ആണ് സാധ്യത. മാർഷ്യൽ, റാഷ്ഫോർഡ്, സാഞ്ചോ എന്നിവരുടെ അറ്റാക്കിംഗ് ത്രീ ആകും ഇന്ന് ഇറങ്ങുക.

കഴിഞ്ഞ കളിയിൽ തിളങ്ങിയ മലാസിയ, ലിസാൻഡ്രോ എന്നിവർ ആദ്യ ഇലവനിൽ തുടരും. മധ്യനിരയിൽ പുതിയ സൈനിംഗ് ആയ കസെമിറോ ഇറങ്ങുന്നതും ഇന്ന് കാണാൻ ആകും.

മൂന്ന് മത്സരങ്ങളിൽ 4 പോയിന്റുള്ള സതാമ്പടൺ ഇപ്പോൾ യുണൈറ്റഡിനേക്കാൾ മുന്നിലാണ്. ലെസ്റ്റർ സിറ്റിയെ ഇതിനകം തോൽപ്പിച്ച സതാമ്പ്ടൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും തോൽപ്പിക്കാൻ തന്നെയാകും ശ്രമിക്കുക. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

ഒമ്പത് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് സതാമ്പ്ടൺ സമനില പിടിച്ചു

പ്രീമിയർ ലീഗ് രണ്ടാം വാരത്തിലെ ആവേശകരമായ മത്സരത്തിൽ സതാംപ്ടണും ലീഡ്‌സും സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോൾ ലീഡുമായി വിജയം ഉറപ്പിച്ച ലീഡ്സിനെ ഒൻപത് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചു നേടി സതാംപ്ടൻ പിടിച്ചു കെട്ടി. ലീഡ്‌സിനായി ഇരു ഗോളുകളും റോഡ്രിഗോ നേടിയപ്പോൾ സതാംപ്ടനിന്റെ ഗോളുകൾ വാക്കർ പീറ്റഴ്സും ജോ അരിബോയും നേടി.

ലക്ഷ്യത്തിലേക്ക് ആദ്യം ഉന്നം വെച്ച് റോഡ്രിഗോ തന്നെയാണ് ലീഡ്സിന്റെ മുന്നേറ്റങ്ങൾക്ക് തുടക്കം ഇട്ടത്. പരിക്ക് മൂലം ബംഫോർഡിനെ ഇരുപതിയെട്ടാം മിനിറ്റിൽ തന്നെ തിരിച്ചു വിളിക്കെണ്ടി വന്നത് ലീഡ്സിന് തിരിച്ചടി ആയി. സ്‌കോർ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതിക്ക് പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്‌കോർ ബോർഡ് ചലിച്ചു. നാല്പത്തിയാറാം മിനിറ്റിൽ ഹാരിസൻ നൽകിയ പാസിൽ ഇടങ്കലൻ ഷോട്ടുമായി റോഡ്രിഗോ ഗോൾ നേടി. അറുപതാം മിനിറ്റിൽ രണ്ടാം ഗോളുമായി റോഡ്രിഗോ ലീഡ് ഉയർത്തിയതോടെ സതാംപ്ടൻ അപകടം മണത്തു. ആംസ്ട്രോങ്, അരിബോ, മാര എന്നിവരെ കളത്തിൽ ഇറക്കി. കളത്തിൽ എത്തി രണ്ടു മിനിറ്റിനുള്ളിൽ അരിബോ ടീമിന്റെ ആദ്യ ഗോൾ നേടി.

പകരക്കാരായി ഇറങ്ങിയ താരങ്ങളുടെ സാന്നിധ്യം ഗോളിൽ നിർണായകമായി. സ്വന്തം ഗ്രൗണ്ടിൽ തോൽവി ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ച സതാംപ്ടനിന് ആശ്വാസമായി എണ്പത്തിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. മാരയുടെ അസിസ്റ്റിൽ വാക്കർ പീറ്റേഴ്‌സ് ആണ് ഗോൾ നേടിയത്. തുടർന്ന് ലീഡ്‌സും മാറ്റങ്ങളുമായി മത്സരം തിരികെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇരു ടീമുകളും പോയിന്റ് പങ്കു വെച്ചു പിരിഞ്ഞു.

Story Highlight: Southampton leeds united 2-2

ലമ്പാർഡിന്റെ എവർട്ടണിനെ വീഴ്ത്തി സെയിന്റ്സ് മുന്നേറ്റം

പ്രീമിയർ ലീഗിൽ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടണിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി തങ്ങളുടെ സമീപകാലത്തെ മികവ് തുടർന്ന് സൗതാപ്റ്റൺ. സ്വന്തം മൈതാനത്ത് 58 ശതമാനം പന്ത് കൈവശം വച്ച സെയിന്റ്സ് ആണ് മത്സരത്തിൽ അവസരങ്ങൾ എല്ലാം തുറന്നത്. 18 ഷോട്ടുകൾ ഉതിർത്ത അവരുടെ ശ്രമങ്ങൾ രണ്ടു തവണ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ചെ ആദംസിന്റെ പാസിൽ നിന്നു അതുഗ്രൻ ഷോട്ടിലൂടെ സ്റ്റുവർട്ട് ആംസ്‌ട്രോങ് ആണ് സെയിന്റ്സിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്. മത്സരത്തിൽ സെയിന്റ്സിനെ എവർട്ടൺ അധികമൊന്നും ബുദ്ധിമുട്ടിച്ചില്ല. 84 മത്തെ മിനിറ്റിൽ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഷെയിൻ ലോങ് സൗതാപ്റ്റൺ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ സൗതാപ്റ്റൺ പത്താം സ്ഥാനത്ത് എത്തിയപ്പോൾ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടൺ ലീഗിൽ പതിനാറാം സ്ഥാനത്ത് ആണ്.

മാഞ്ചസ്റ്റർ സിറ്റിയെ സതാമ്പ്ടൺ സമനിലയിൽ തളച്ചു

പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർ ജയങ്ങൾക്ക് അവസാനം. ഇന്ന് സതാമ്പ്ടൺ സിറ്റിയെ സമനിലയിൽ തളച്ചു. 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ വാൾക്കർ പീറ്റേഴ്സിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ സിറ്റി കൂടുതൽ അറ്റാക്ക് നടത്തി എങ്കിലും ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ സതാമ്പ്ടണ് ആയി.

രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ലപോർടെയുടെ ഹെഡറിലൂടെ സിറ്റി സമനില പിടിച്ചു‌. ഡി ബ്രുയിനെടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ലപോർടെയുടെ ഗോൾ. ഇതിനു ശേഷം സിറ്റിയുടെ വിജയ ഗോളിനായുള്ള ശ്രമം ആയിരുന്നു. ഡിബ്രുയിന്റെ ഒരു ലോങ്റേഞ്ചർ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത് സിറ്റിക്ക് തിരിച്ചടിയായി. അവസാനം വരെ നന്നായി ഡിഫൻഡ് ചെയ്ത ഒരു പോയിന്റ് സതാമ്പ്ടൺ സ്വന്തമാക്കി.

23 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി സിറ്റി ഇപ്പോഴും ഒന്നതാണ്. സതാമ്പ്ടൺ 25 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.

കൊറോണ വൈറസ് ബാധ; ന്യൂകാസിൽ യുണൈറ്റഡ് – സൗതാമ്പ്ടൺ മത്സരം മാറ്റിവെച്ചു

പ്രീമിയർ ലീഗിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ന്യൂകാസിലും സൗതാമ്പ്ടണും തമ്മിൽ നടക്കേണ്ട മത്സരം മാറ്റിവെച്ചു. ന്യൂകാസിൽ ടീമിൽ കൊറോണ കേസുകൾ കൂടിയതും താരങ്ങളുടെ പരിക്കുമാണ് ഞായറഴ്ച നടക്കേണ്ട മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ന്യൂകാസിൽ യുണൈറ്റഡിന്റെ എവർട്ടണെതിരായ മത്സരവും ഇതേ കാരണം കൊണ്ട് മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് 8 താരങ്ങളെ മാത്രമാണ് പകരക്കാരുടെ ബെഞ്ചിൽ ഇരുത്താൻ ന്യൂ കാസിൽ യൂണൈറ്റഡിനായത്. തുടർന്നാണ് ന്യൂ കാസിൽ യുണൈറ്റഡ് മത്സരം മാറ്റിവെക്കാൻ പ്രീമിയർ ലീഗിനോട് അഭ്യർത്ഥിച്ചത്.

വെസ്റ്റ്ഹാമിന്റെ കഷ്ടകാലം തുടരുന്നു, സൗതാമ്പ്ടണോടും തോൽവി

പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോവുന്ന വെസ്റ്റ്ഹാമിന്റെ വീണ്ടും തോൽവി. ഇത്തവണ ആവേശകരമായ മത്സരത്തിൽ സൗതാമ്പ്ടൺ ആണ്‌ വെസ്റ്റ്ഹാമിനെ തോല്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സൗതാമ്പ്ടന്റെ ജയം. അവസാന 7 ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വെസ്റ്റ്ഹാമിനെ ജയിക്കാനായത്. അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ ബെഡ്നറെക്കിന്റെ ഗോളാണ് സൗതാമ്പ്ടണ് ജയം നേടിക്കൊടുത്തത്. മത്സരത്തിൽ രണ്ട് പിറകിൽ പോയതിന് ശേഷം വെസ്റ്റ്ഹാം സമനില പിടിച്ചെങ്കിലും ബെഡ്നറെക്കിന്റെ ഗോൾ മത്സരത്തിന്റെ വിധി എഴുതുകയായിരുന്നു.

എൽയുനൗസിയുടെ ഗോളിൽ എട്ടാം മിനുറ്റിൽ തന്നെ സൗതാമ്പ്ടൺ മുൻപിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ മൈക്കിൾ അന്റോണിയോയുടെ ഗോളിൽ വെസ്റ്റ്ഹാം സമനില പിടിച്ചെങ്കിലും പെനാൽറ്റി ഗോളിലൂടെ വാർഡ് പ്രൗസ് സൗതാമ്പ്ടണെ വീണ്ടും മത്സരത്തിൽ മുൻപിൽ എത്തിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ ബെൻറഹ്‌മയുടെ ഗോളിൽ വെസ്റ്റ്ഹാം രണ്ടാം തവണയും സമനില പിടിച്ചു. തുടർന്നാണ് മത്സരത്തിന്റെ വിധി നിർണയിച്ച ബെഡ്നറെക്കിന്റെ ഗോൾ പിറന്നത്.

ജയത്തോടെ ചെൽസി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ സൗതാമ്പ്ടണെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. സൗതാമ്പ്ടൺ താരം വാർഡ് പ്രൗസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമയുമാണ് സൗതാമ്പ്ടൺ കളി അവസാനിപ്പിച്ചത്. സ്വന്തം ഗ്രൗണ്ടിൽ തുടക്കം മുതൽ ചെൽസി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർന്ന് ഒൻപതാം മിനുറ്റിൽ ചലോബയുടെ ഗോളിൽ ചെൽസി മുൻപിലെത്തുകയും ചെയ്തു. തുടർന്നും മികച്ച പ്രകടനം പുറത്തെടുത്ത ചെൽസി വെർണറിലൂടെയും ലുകാകുവിലൂടെയും സൗതാമ്പ്ടൺ വല കുലുക്കിയെങ്കിലും രണ്ട് ഗോളും വാർ ഗോൾ നിഷേധിക്കുകയായിരുന്നു.

തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗതാമ്പ്ടൺ മത്സരത്തിൽ പെനാൽറ്റിയിലൂടെ സമനില പിടിക്കുകയും ചെയ്തു. സൗതാമ്പ്ടൺ താരം ലിവ്രമെന്റോയോ ചെൽസി പ്രതിരോധ താരം ചിൽവെൽ ഫൗൾ ചെയ്തതിന് റഫറി സൗതാമ്പ്ടണ് അനുകൂലമായി പെനാൽറ്റി വിളിക്കുകയായിരുന്നു. തുടർന്ന് പെനാൽറ്റി എടുത്ത വാർഡ് പ്രൗസ് സൗതാമ്പ്ടണ് സമനില നേടികൊടുക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ 77ആം മിനുറ്റിൽ ഗോൾ നേടിയ വാർഡ് പ്രൗസ് ചുവപ്പ് കാർഡ് കണ്ടതോടെ മത്സരം ചെൽസിക്ക് അനുകൂലമാവുകയായിരുന്നു. തുടർന്ന് ടിമോ വെർണറിലൂടെ ലീഡ് നേടിയ ചെൽസി അധികം താമസിയാതെ ചിൽവെല്ലിലൂടെ മൂന്നാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ ചെൽസി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.

ചെൽസി യുവതാരം ബ്രോജ സൗതാമ്പ്ടണിൽ

ചെൽസി യുവതാരം അർമാണ്ടോ ബ്രോജ പ്രീമിയർ ലീഗ് ക്ലബായ സൗതാമ്പ്ടണിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം സൗതാമ്പ്ടണിൽ എത്തിയത്. ഈ സീസൺ അവസാനിക്കുന്നത് വരെ താരം സൗതാമ്പ്ടണിൽ തുടരും. ഡാനി ഇങ്സ്‌ ആസ്റ്റൺ വില്ലയിലേക്ക് പോയതോടെയാണ് സൗതാമ്പ്ടൺ പുതിയ സ്‌ട്രൈക്കർക്കായി തിരച്ചിൽ തുടങ്ങിയത്.

കഴിഞ്ഞ മാസമാണ് താരം ചെൽസിയിൽ അഞ്ച് വർഷത്തെ പുതിയ കരാറിൽ ഏർപ്പെട്ടത്. കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിൽ വിറ്റെസ്സയിൽ ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിരുന്നു. നേരത്തെ ചെൽസിയിൽ നിന്നുള്ള രണ്ട് താരങ്ങളെ സൗതാമ്പ്ടൺ സ്ഥിരം കരാറിൽ സ്വന്തമാക്കിയിരുന്നു. ചെൽസി യുവതാരങ്ങളായ ടിനോ ലിവ്‌റമെന്റോ, ഡേയ്‌നിൽ സിമ്യു എന്നിവരെയാണ് സൗതാമ്പ്ടൺ നേരത്തെ ചെൽസിയിൽ നിന്ന് സ്വന്തമാക്കിയത്.

ചെൽസി യുവതാരം സതാംപ്ടണിൽ

ചെൽസി യുവ പ്രതിരോധ താരം ലിവ്‌റമെന്റോ പ്രീമിയർ ലീഗ് ടീമായ സതാംപ്ടണിൽ. 5 മില്യൺ പൗണ്ടിനാണ് ലിവ്‌റമെന്റോ സതാംപ്ടണിൽ എത്തിയത്. ചെൽസിയിൽ ഒരു വർഷം മാത്രം കരാർ ബാക്കി നിൽക്കെയാണ് താരം സതാംപ്ടണിലേക്ക് പോവുന്നത്.

നേരത്തെ ലിവ്‌റമെന്റോയെ സ്വന്തമാക്കാൻ മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റനും ശ്രമം നടത്തിയിരുന്നു. എന്നാൽ സതാംപ്ടൺ ബ്രൈറ്റനെ മറികടന്ന് താരത്തിന്റെ ഒപ്പ് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ട് അണ്ടർ 19 താരമായ ലിവ്‌റമെന്റോ വിങ് ബാക്ക് ആയും കളിക്കാൻ കഴിവുള്ള താരമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് മാത്രമാണ് ലിവ്‌റമെന്റോ ചെൽസിയുടെ ഏറ്റവും മികച്ച അക്കാദമി താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്.

Exit mobile version