വട്ടം കറക്കി ചഹാലും കുല്‍ദീപും, ദക്ഷിണാഫ്രിക്ക 118 റണ്‍സിനു ഓള്‍ഔട്ട്

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വീണ്ടും കരുത്ത് കാട്ടി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. ഇന്ന് നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 118 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 32.2 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ആതിഥേയര്‍ക്ക് പിടിച്ച് നില്‍ക്കാനായത്. ഖായ സോണ്ഡോ, ജീന്‍ പോള്‍ ഡുമിനി എന്നിവര്‍ ആണ് ടീമിലെ ടോപ് സ്കോറര്‍. ഇരുവരും 25 റണ്‍സാണ് നേടിയത്. ഹാഷിം അംല(23), ക്വിന്റണ്‍ ഡിക്കോക്ക്(20) എന്നിവരും തുടക്കത്തില്‍ ക്രീസില്‍ പിടിച്ചു നിന്നുവെങ്കിലും പിന്നീട് ചെറുത്ത് നില്പ് അവസാനിപ്പിച്ച് പവലിയനിലേക്ക് ഇരുവര്‍ക്കും മടങ്ങേണ്ടി വന്നു.

യൂസുവേന്ദ്ര ചഹാല്‍ തന്റെ 8.2 ഓവറില്‍ 22 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുമായി ചഹാലിനു മികച്ച പിന്തുണ നല്‍കി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീഴ്ത്തി. ആറ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ ഇന്ത്യ ജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം നയിക്കും

എബി ഡി വില്ലിയേഴ്സ് പരിക്കേറ്റപ്പോള്‍ ടീമില്‍ ഇടം ലഭിച്ച എയ്ഡന്‍ മാര്‍ക്രം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ആതിഥേയരെ നയിക്കും. ഫാഫ് ഡു പ്ലെസി പരിക്കേറ്റ് പുറത്തായ ശേഷമാണ് താരത്തിനു നായക സ്ഥാനം കൂടി ലഭിച്ചിരിക്കുന്നത്. ഏകദിന പരമ്പരയില്‍ എയ്ഡന്‍ ടീമിനെ നയിക്കുമെങ്കിലും ടി20 പരമ്പരയിലെ നായകന്‍ ആരെന്ന് പിന്നീട് തീരുമാനിക്കുപ്പെടും.

ഭാവിയിലേക്കുള്ള കാല്‍വെപ്പ് കൂടിയാണ് ഈ തീരുമാനമെന്നാണ് ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍മാര്‍ ഈ തീരൂമാനത്തെക്കുറിച്ച് പറഞ്ഞത്. ഇതുവരെ വെറും 2 ഏകദിനങ്ങള്‍ മാത്രമാണ് എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുള്ളത്. 2014ല്‍ ദക്ഷിണാഫ്രിക്കയുടെ U-19 ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുവാനുള്ള ഭാഗ്യം മാര്‍ക്രത്തിനു ലഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡി വില്ലിയേഴ്സിനു പുറമേ ഫാഫ് ഡു പ്ലെസിയ്ക്കും പരിക്ക്

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിനങ്ങളില്‍ നിന്നും ടി20 പരമ്പരയില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി പിന്മാറി. ഇന്ത്യയ്ക്കെതിരെ ഡര്‍ബനില്‍ തന്റെ ശതകം നേടുന്നതിനിടയില്‍ കൈവിരലിനേറ്റ പരിക്കാണ് ഫാഫിനെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ പകരം നായകനെ ബോര്‍ഡ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫാഫിനു പകരം ഓള്‍റൗണ്ടര്‍ ഫര്‍ഹാന്‍ ബെഹര്‍ദ്ദീനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പരിക്കേറ്റ എബിഡി പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. മാര്‍ച്ച് 1നു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനു തയ്യാറെടുക്കാനായി ഫാഫ് ആവശ്യത്തിനു വിശ്രമവും റീഹാബിലും ഉടന്‍ തന്നെ ഏര്‍പ്പെടുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡര്‍ബനില്‍ ചരിത്രം ചേസ് ചെയ്ത് ഇന്ത്യ

വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും മധ്യനിരയില്‍ നങ്കൂരമിട്ടപ്പോള്‍ ഡര്‍ബനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതു ചരിത്രം സൃഷ്ടിച്ചു. ഇന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 6 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. വിരാട് കോഹ്‍ലി തന്റെ 33ാം ശതകം നേടിയപ്പോള്‍ രഹാനെ മികവാര്‍ന്ന ഇന്നിംഗ്സിലൂടെ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. വിരാട് 112 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെ 79 റണ്‍സ് നേടി ഇന്ത്യന്‍ നായകന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി 120 റണ്‍സുമായി ടീമിനു വേണ്ടി തിളങ്ങി. ക്രിസ് മോറിസ്(37), ക്വിന്റണ്‍ ഡിക്കോക്ക്(34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യൂസുവേന്ദ്ര ചഹാല്‍ രണ്ടും വിക്കറ്റ് നേടി.

270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ (20) തുടക്കത്തില്‍ നഷ്ടമായി. മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു ശിഖര്‍ ധവാന്‍ റണ്‍ഔട്ട് ആയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 67 ആയിരുന്നു. ധവാന്‍ 35 റണ്‍സാണ് നേടിയത്. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ വിരാട് കോഹ്‍ലി-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റുകയായിരുന്നു. 189 റണ്‍സാണ് സഖ്യം മൂന്നാം വിക്കറ്റില്‍ നേടിയത്. 79 റണ്‍സ് നേടി രഹാനെ പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിനു 14 റണ്‍സ് മാത്രം അകലെയായിരുന്നു.

രഹാനയെയും വിരാട് കോഹ്‍ലിയെയും പുറത്താക്കി ആന്‍ഡിലെ ഫെഹ്ലുക്വായോ ആണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മുന്നില്‍ നിന്നത്. മോണേ മോര്‍ക്കലിനാണ് ഒരു വിക്കറ്റ്. വിരാട് കോഹ്‍ലിയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡര്‍ബനില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

ഡര്‍ബനില്‍ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ടോസ് നേടിയ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എബിഡിക്ക് പകരം നാലാം നമ്പറില്‍ എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയ്ക്കായി ഇറങ്ങും. ബാക്കി ടീമില്‍ കാര്യമായ മാറ്റമൊന്നുമില്ല എന്നാണ് ടോസിനു ശേഷം ഫാഫ് അറിയിച്ചത്. ചേസിംഗ് മികച്ച രീതിയില്‍ ചെയ്യുന്നൊരു ടീമാണ് തങ്ങളെന്നാണ് ടോസ് നഷ്ടമായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിരാട് കോഹ്‍ലി പറഞ്ഞത്. ടെസ്റ്റ് പരമ്പരയെക്കാള്‍ ആത്മവിശ്വാസത്തോടെയാണ് ഏകദിനത്തില്‍ തങ്ങളിറങ്ങുന്നതെന്നും കോഹ്‍ലി പറഞ്ഞു.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല, ഫാഫ് ഡു പ്ലെസി, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ജീന്‍ പോള്‍ ഡുമിനി, ആന്‍ഡിലെ ഫെഹ്‍ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, മോണേ മോര്‍ക്കല്‍

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡിവില്ലിയേഴ്സിനു പകരം അന്തിമ ഇലവനിലെത്തുക എയ്ഡന്‍ മാര്‍ക്രം

ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ എബി ഡി വില്ലിയേഴ്സിനു പകരം അന്തിമ ഇലവനില്‍ കളിക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. നാലാം നമ്പറിലാവും താരം ഇറങ്ങുകയെന്നും ഫാഫ് അറിയിച്ചു. ഇതിനു മുമ്പ് ഒരു ഏകദിന മത്സരം കളിച്ച താരം ബംഗ്ലാദേശിനെതിരെ റണ്‍സ് നേടിയിരുന്നു.

കൈവിരലിനേറ്റ പരിക്കാണ് ആദ്യ മൂന്ന് ഏകദിന മത്സരങ്ങളില്‍ നിന്ന് ഡി വില്ലിയേഴ്സിനെ വിട്ടു നില്‍ക്കുവാന്‍ പ്രേരിപ്പിച്ചത്. ഡി വില്ലിയേഴ്സ് നാലാം ഏകദിനത്തിന്റെ സമയത്ത് പൂര്‍ണ്ണാരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യൂത്ത് ലോകകപ്പ്: അഞ്ചാം സ്ഥാനം ദക്ഷിണാഫ്രിക്കയ്ക്ക്

ബംഗ്ലാദേശിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ജയത്തോടെ ടൂര്‍ണ്ണമെന്റിലെ അഞ്ചാം സ്ഥാനം ദക്ഷിണാഫ്രിക്ക നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 178 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തില്‍ 38.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ബംഗ്ലാദേശിന്റെ 5 വിക്കറ്റ് വീഴ്ത്തിയ ഫ്രേസര്‍ ജോണ്‍സ് ആണ് കളിയിലെ താരം.

ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിരയില്‍ അഫിഫ് ഹൊസൈന്‍(63), ഷകീല്‍ ഹൊസൈന്‍(61) എന്നിവരൊഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല. 41.4 ഓവറില്‍ ടീം 178 റണ്‍സിനു ഓള്‍ഔട്ട് ആയി. ഫ്രേസറിനു പുറമേ അഖോന മന്യാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

82 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ റയനാര്‍ഡ് വാന്‍ ടോണ്ടറും ഹെര്‍മ്മന്‍ റോല്‍ഫെസ്(44*) എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിനെ 38.3 ഓവറില്‍ വിജയത്തിലേക്ക് നയിച്ചത്. മാത്യൂ ബ്രീറ്റ്സ്കേ(36), ജീവേഷന്‍ പിള്ളൈ(12) എന്നിവരാണ് പുറത്തായ താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പകരക്കാരനെ പ്രഖ്യാപിക്കാതെ ദക്ഷിണാഫ്രിക്ക, ആദ്യ മൂന്ന് ഏകദിനം എബിഡി യ്ക്ക് നഷ്ടമാവും

കൈവിരലിനേറ്റ പരിക്ക് മൂലം എബി ഡി വില്ലിയേഴ്സ് ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ മൂന്ന് ഏകദിനങ്ങളില്‍ പങ്കെടുക്കുകയില്ല. താരത്തിനു പകരക്കാരനെ പ്രഖ്യാപിക്കേണ്ടതില്ല എന്ന് ദക്ഷിണാഫ്രിക്ക തീരുമാനിക്കുകയായിരുന്നു. ആറ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് താരം ഫിറ്റാവുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക.

ജോഹാന്നസ്ബര്‍ഗിലെ ടെസ്റ്റിനിടെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ കോഹ്‍ലിയുടെ ക്യാച്ച് എടുക്കുമ്പോളാണ് ഡി വില്ലിയേഴ്സിനു പരിക്കേറ്റത്. ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗ് ചെയ്തുവെങ്കിലും ഏറെ നേരം താരം ഫീല്‍ഡില്‍ നിന്ന് വിട്ടുനിന്നിരുന്നു. രണ്ട് ആഴ്ചയോളം പരിക്ക് ഭേദമാകുവാന്‍ വേണ്ടി വരുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ മെഡിക്കല്‍ ടീം അറിയിച്ചത്.

പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 1നു കിംഗ്സ്മെയിഡില്‍ അരങ്ങേറും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോഹാന്നസ്ബര്‍ഗിലെ വിജയം ഇന്ത്യയ്ക്ക് ഉറപ്പാക്കിയത് ഒന്നാം സ്ഥാനം

പരമ്പര നഷ്ടമായെങ്കിലും ജോഹാന്നസ്ബര്‍ഗില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം പിടിച്ചെടുത്തത് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ഉറപ്പാക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്ക തങ്ങളുടെ നാല് ടെസ്റ്റ് മത്സരങ്ങളും വിജയിച്ചാലും ഏപ്രില്‍ 3നു വരുന്ന പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയെ മറികടക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആവില്ല എന്നത് ഇതോടെ ഉറപ്പാവുകയായിരുന്നു.

ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ എത്തുമ്പോള്‍ ടെസ്റ്റില്‍ 124 പോയിന്റാണ് കൈവശമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ 13 പോയിന്റ് പിന്നിലായി 111 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു. 2-1 നു പരമ്പര പരാജയപ്പെട്ടുവെങ്കിലും 121 പോയിന്റാണ് ഇന്ത്യയുടെ കൈവശമുള്ളത്. ദക്ഷിണാഫ്രിക്കയാകട്ടെ 115 പോയിന്റാണ് നേടിയിരിക്കുന്നത്. ഇതോടു കൂടി ഏപ്രിലിലെ കട്ട്-ഓഫ് സമയത്തും ടെസ്റ്റിലെ ഒന്നാം സ്ഥാനം ഇന്ത്യയുടെ കൈവശം തന്നെയെന്ന് കോഹ്‍ലിയും സംഘവും ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയെയും പിച്ചിനെയും മറികടന്ന് ഇന്ത്യക്ക് 63 റൺസ് ജയം

ദക്ഷിണാഫ്രിക്കകെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യക്ക് ജയം.  63 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചത്. 241 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 177 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. 28 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. സ്കോർ ഇന്ത്യ 187  & 247, ദക്ഷിണാഫ്രിക്ക194, 177. ബാറ്റുകൊണ്ടും ബൗളുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഭുവനേശ്വർ കുമാറാണ് പ്ലയെർ ഓഫ് ദി മാച്ച്.

രണ്ടാം വിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച എൽഗറും ഹാഷിം ആംലയും 119 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർന്ന് വന്ന ആർക്കും ഇന്ത്യൻ ബൗളർമാരെ തടഞ്ഞു  നിർത്താനായില്ല.  52 റൺസ് എടുത്ത ആംലയെ ഇഷാന്ത് ശർമ പുറത്താക്കുകയായിരുന്നു. 86 റൺസോടെ എൽഗർ ഒരു വശത്ത് പുറത്താവാതെ നിന്നെങ്കിലും ആർക്കും പിന്തുണ നൽകാനായില്ല. ദക്ഷിണാഫ്രിക്കൻ നിരയിൽ ആംലയും എൽഗറും ഫിലാൻഡറും ഒഴിക്കെ മറ്റാർക്കും രണ്ടക്ക സംഖ്യ കടക്കാനായില്ല.

ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമി 28 റൺസ് വഴങ്ങി 5 വിക്കറ്റ് എടുത്തപ്പോൾ ബുംറയും ഇഷാന്ത് ശർമയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മോശം പിച്ചിന്റെ അവസ്ഥയിൽ മത്സരം നിർത്തിവെക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

100നു നാല്, ഇന്ത്യയുടെ ലീഡ് 93 റണ്‍സ്

മൂന്നാം ദിവസത്തിന്റെ ആദ്യ സെഷനില്‍ കരുത്ത് കാട്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ മൂന്ന് മുന്‍ നിര വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ ആദ്യ സെഷനില്‍ നേടിയത്. 41ാം ഓവറിന്റെ അഞ്ചാം പന്തില്‍ മുരളി വിജയുടെ പ്രതിരോധം റബാഡ ഭേദിച്ചതോടെ ലഞ്ചിനു പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 100/4 എന്ന നിലയില്‍ ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. വിരാട് കോഹ്‍ലി 27 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

49/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമാണ് മൂന്നാം ദിവസത്തെ ആദ്യ ഏതാനും ഓവറുകളില്‍ ദക്ഷിണാഫ്രിക്ക നല്‍കിയത്. ഫിലാന്‍ഡര്‍ രാഹുലിനെയും(16) മോര്‍ക്കല്‍ പുജാരയെയും(1) പുറത്താക്കിയപ്പോള്‍ ഇന്ത്യ 57/3 എന്ന നിലയിലായി. പിന്നീട് വിജയ്-കോഹ്‍ലി കൂട്ടുകെട്ട് 43 റണ്‍സ് കൂടി നേടി ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മുരളി വിജയിനെ(25) ഇന്ത്യയ്ക്ക് നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇതുപോലൊരു പിച്ചില്‍ കളിച്ചിട്ടില്ല: അംല, സമാനമായ അഭിപ്രായം പങ്കുവെച്ച് ബുംറയും

വാണ്ടറേഴ്സിലേതിനു സമാനമായൊരു പിച്ചില്‍ താന്‍ ഇതുവരെ കളിച്ചിട്ടില്ല എന്ന് തുറന്ന് പറഞ്ഞ് ഹാഷിം അംല. ഞാന്‍ കളിച്ചതില്‍ ഏറ്റവും “സ്പൈസി” ആയിട്ടുള്ള വിക്കറ്റെന്നാണ് അംല ജോഹാന്നസ്ബര്‍ഗിലെ പിച്ചിനെക്കുറിച്ച് പറഞ്ഞത്. ഇംഗ്ലണ്ടില്‍ ഇതുപോലെ ഒന്നോ രണ്ടോ വിക്കറ്റുകള്‍ ഉണ്ടായേക്കാം എന്നാല്‍ ഇതു ബാറ്റ്സ്മാന്മാരെ സംബന്ധിച്ചോളം ഏറ്റവും കഠിനമായ പരീക്ഷണമാണെന്ന് അംല പറഞ്ഞു. ജസ്പ്രീത് ബുംറയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ബാറ്റ്സ്മാന്മാര്‍ക്ക് ഒന്നും തന്നെ ഈ പിച്ചില്‍ ചെയ്യാനില്ല എന്നാണ് ബുംറ അഭിപ്രായപ്പെട്ടത്.

ദക്ഷിണാഫ്രിക്കന്‍ നിര 194 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഹാഷിം അംലയാണ് ടീമിന്റെ ടോപ് സ്കോറര്‍. 61 റണ്‍സാണ് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ അംല നേടിയത്. ചില സമയങ്ങളില്‍ ബൗളര്‍മാര്‍ക്ക് യാതൊരു മുന്‍തൂക്കവുമില്ലാത്ത വിക്കറ്റുകളിലാണ് കളി നടക്കുന്നത്. അന്ന് വളരെ അധികം റണ്‍സ് സ്കോര്‍ ചെയ്യാം. ഇന്ന് ആനുകൂല്യം ബൗളര്‍മാര്‍ക്കാണ് എന്നും അംല തുറന്ന് സമ്മതിച്ചു.

ഇന്ത്യന്‍ നിരയില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയത് ജസ്പ്രീത് ബുംറയാണ്. തന്റെ കന്നി ടെസ്റ്റ് അഞ്ച് വിക്കറ്റ് നേട്ടവും ബുംറ ഇന്ന് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version