ദക്ഷിണാഫ്രിക്കയുടെ മികച്ച തുടക്കത്തിന് ശേഷം കളി മുടക്കി മഴ

22 ഓവറില്‍ 108/1 എന്ന സ്കോര്‍ നേടി നില്‍ക്കവെ ദക്ഷിണാഫ്രിക്ക എയുടെ ബാറ്റിംഗിനെ തടസ്സപ്പെടുത്തി മഴ. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ ആശ്വാസ വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് റീസ ഹെന്‍ഡ്രിക്സിന്റെ അര്‍ദ്ധ ശതകമാണ് ഇന്ന് മികച്ച തുടക്കം നല്‍കിയത്. മാത്യൂ ബ്രിറ്റ്സ്കേയുമായി ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 10 ഓവറില്‍ നിന്ന് 58 റണ്‍സ് ദക്ഷിണാഫ്രിക്ക നേടിയെങ്കിലും 25 റണ്‍സ് നേടിയ മാത്യൂവിനെ രാഹുല്‍ ചഹാര്‍ പുറത്താക്കി.

പിന്നീട് രണ്ടാം വിക്കറ്റില്‍ 50 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടിയെങ്കിലും അത്ര കനത്തതല്ലാത്ത മഴ ഇന്നിംഗ്സിന് തടസ്സം സൃഷ്ടിച്ചു. 28 റണ്‍സ് നേടിയ ടെംബ ബാവുമയാണ് 52 റണ്‍സ് നേടി നില്‍ക്കുന്ന റീസ ഹെന്‍ഡ്രിക്സിനൊപ്പം ക്രീസിലുള്ളത്.

43 ഓവര്‍ മത്സരം, ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജു സാംസണും ശിഖര്‍ ധവാനും ടീമില്‍

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള നാലാം ഏകദിനത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്നത്തെ മത്സരവും വൈകി തുടങ്ങിയതിനാല്‍ 43 ഓവറായി മത്സരം ചുരുക്കിയിട്ടുണ്ട്. സഞ്ജു സാംസണും ശിഖര്‍ ധവാനും ഇന്ന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര കരസ്ഥമാക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ശ്രേയസ്സ് അയ്യരാണ് ടീമിനെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, മാത്യൂ ബ്രീറ്റ്സ്കേ, മാര്‍ക്കോ ജാന്‍സെന്‍, ടെംബ ബാവുമ, കെഷീലേ, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, കൈല്‍ വെറിയന്നേ, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ആന്ററിച്ച് നോര്‍ട്ജേ, ജോണ്‍ ഫോര്‍ടൂയിന്‍, ലുഥേ സിംപാല

ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മന്‍ ഗില്‍, ചോപ്ര, സഞ്ജു സാംസണ്‍, ശ്രേയസ്സ് അയ്യര്‍, നിതീഷ് റാണ, ദീപക് ചഹാര്‍, ശിവം ഡുബേ, തുഷാര്‍ ദേശ്പാണ്ടേ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ പോറെല്‍

തുടക്കം പതറിയ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് നായകന്‍ മനീഷ് പാണ്ടേയും ശിവം ഡുബേയും

26/3 എന്ന നിലയില്‍ ബാറ്റിംഗ് തുടക്കം തകര്‍ന്നുവെങ്കിലും ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ വിജയം കരസ്ഥമാക്കി ഇന്ത്യ എ. 27.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയത്തിലേക്ക് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനുമായും അഞ്ചാം വിക്കറ്റില്‍ നിതീഷ് റാണയുമായും ആറാം വിക്കറ്റില്‍ ശിവം ഡുബേയുമായി ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ടുകളുമായി ടീം നായകന്‍ മനീഷ് പാണ്ടേയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

നാലാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടുകെട്ടാണ് മനീഷ് പാണ്ടേയും ഇഷാന്‍ കിഷനും ചേര്‍ന്ന് നേടിയത്. 40 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ ജോര്‍ജ്ജ് ലിന്‍ഡേ പുറത്താക്കി. 13 റണ്‍സ് നേടിയ നിതീഷ് റാണയുമായി 37 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത മനീഷ് പാണ്ടേ 59 പന്തില്‍ നിന്ന് 81 റണ്‍സ് നേടി പുറത്താകുന്നതിന് മുമ്പ് ശിവം ഡുബേയുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ 41 റണ്‍സ് കൂടി നേടിയിരുന്നു.

മനീഷ് പാണ്ടേ പുറത്തായതോടെ ഇന്ത്യന്‍ പ്രതിരോധത്തിലാവുമെന്ന് കരുതിയെങ്കിലും ആദ്യ മത്സരത്തിലെ ഹീറോകളായി ശിവം ഡുബേ അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് വിജയം ഉറപ്പാക്കുകയായിരുന്നു. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 28 പന്തില്‍ നിന്ന് 45 റണ്‍സുമായി ശിവം ഡുബേ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ്ജ് ലിന്‍ഡേ, ആന്‍റിച്ച് നോര്‍ട്ജേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

30 ഓവറില്‍ 207 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക, 21 പന്തില്‍ 44 റണ്‍സുമായി ക്ലാസ്സെന്‍

ഇന്ത്യ എ യ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എയ്ക്ക് 207 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍ 44 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ദക്ഷിണാഫ്രിക്കയെ 200 കടക്കുവാന്‍ സഹായിച്ചത്. വെറും 21 പന്തില്‍ നിന്നാണ് ക്ലാസ്സെന്‍ തന്റെ 44 റണ്‍സ് നേടിയത്. ജാനേമാന്‍ മലന്‍(37), മാത്യൂ ബ്രീറ്റ്സ്കേ(36), ടെംബ ബാവുമ(27), സോണ്ടോ(21) എന്നിവര്‍ക്കൊപ്പം ജോര്‍ജ്ജ് ലിന്‍ഡേയും 17 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. 5 ഓവറില്‍ 23 റണ്‍സ് മാത്രമാണ് താരം നല്‍കിയത്. ദീപക് ചഹാര്‍ ക്ലാസ്സെന്റെ വിക്കറ്റുള്‍പ്പെടെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ യൂസുവേന്ദ്ര ചഹാല്‍ ഒരു വിക്കറ്റ് നേടി. ശര്‍ദ്ധുല്‍ താക്കൂറിന് ഒരു വിക്കറ്റ് ലഭിച്ചു.

മൂന്നാം മത്സരത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

ഗ്രൗണ്ട് മത്സരയോഗ്യമല്ലാത്തതിനാല്‍ വൈകി തുടങ്ങിയ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്ന് ജയത്തോടെ പരമ്പര സ്വന്തമാക്കാനാകും ലക്ഷ്യം വയ്ക്കുന്നത്. ആദ്യ മത്സരം 47 ഓവര്‍ നടന്നപ്പോള്‍ രണ്ടാം മത്സരം വെറും 21 ഓവര്‍ മാത്രമാണ് നടന്നത്. ഇന്ത്യന്‍ സമയം 11.45നാണ് ഇന്ന് ടോസ് നടന്നത്. ഇന്നത്തെ മത്സരം 30 ഓവറായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക: ജാനേമാന്‍ മലന്‍, റീസ ഹെന്‍ഡ്രിക്സ്, മാത്യൂ ബ്രീറ്റ്സ്കെ, ടെംബ ബാവുമ, ജോണ്‍ ഫോര്‍ടൂയിന്‍, ജോര്‍ജ്ജ് ലിന്‍ഡേ, ഖായേലിഹ്ലേ സോണ്ടോ, ആന്‍റിച്ച് നോര്‍ട്ജേ, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ജൂനിയര്‍ ഡാല, ലുഥോ സിംപാല

ഇന്ത്യ: റിക്കി ഭുയി, റുതുരാജ് ഗായ്ക്വാഡ്, മനീഷ് പാണ്ടേ, ഇഷാന്‍ കിഷന്‍, ശിവം ഡുബേ, ക്രുണാല്‍ പാണ്ഡ്യ, നിതീഷ് റാണ, അക്സര്‍ പട്ടേല്‍, യൂസുവേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍

അനൗദ്യോഗിക ടെസ്റ്റ് ഇന്ത്യയെ ഗില്ലും സാഹയും നയിക്കും

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ ശുഭ്മന്‍ ഗില്ലും വൃദ്ധിമന്‍ സാഹയും നയിക്കും. സെപ്റ്റംബര്‍ 9ന് തിരുവനന്തപുരത്താണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗില്‍ ആദ്യ മത്സരത്തിലും സാഹ രണ്ടാം മത്സരത്തിലുമാണ് ടീമിനെ നയിക്കുക. രണ്ട് മത്സരങ്ങള്‍ക്കും ഏറെക്കുറെ വ്യത്യസ്തമായ ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് താരങ്ങള്‍ ഇരു ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്. ശുഭ്മന്‍ ഗില്‍, അന്മോല്‍പ്രീത് സിംഗ്, ഷാബാസ് നദീം, മുഹമ്മദ് സിറാജ്, ശിവം ഡുബേ, കൃഷ്ണപ്പ ഗൗതം, വിജയ് ശങ്കര്‍ എന്നിവര്‍ ഇരു ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്.

ആദ്യ മത്സരം: Shubman Gill (Captain), Ruturaj Gaikwad, Anmolpreet Singh, Ricky Bhui, Ankeet Bawne, KS Bharat (wicket-keeper), K Gowtham, Shahbaz Nadeem, Shardul Thakur, Mohammed Siraj, Tushar Deshpande, Shivam Dube, Vijay Shankar

രണ്ടാം മത്സരം: Priyank Panchal, Abhimanyu Easwaran, Shubman Gill, Anmolpreet Singh, Karun Nair, Wriddhiman Saha (Captain & wicket-keeper), K Gowtham, Kuldeep Yadav, Shahbaz Nadeem, Vijay Shankar, Shivam Dube, Umesh Yadav, Mohammed Siraj, Avesh Khan

എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും വിജയം കൈവിടാതെ ഇന്ത്യ

ടി20യിലും ഒരോവര്‍ മാത്രം അധികമുണ്ടായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 2 വിക്കറ്റിന്റെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ എ ടീം. ഇഷാന്‍ കിഷന്‍ 24 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും സഹിതം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലെ കാണിക്കള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കിയപ്പോള്‍ അവസാന പന്തിലാണ് ഇന്ത്യയുടെ വിജയം. 15 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പാണ്ഡ്യ പുറത്താകാതെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

അന്മോല്‍പ്രീത് സിംഗ്(30), ശുഭ്മാന്‍ ഗില്‍(21) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡാല രണ്ട് വിക്കറ്റ് നേടി. 57/3 എന്ന നിലയില്‍ നിന്ന് ഇഷാന്‍ കിഷനും-മനീഷ് പാണ്ടേയും നേടിയ 58 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായത്. ആറാം വിക്കറ്റില്‍ അക്സര്‍ പട്ടേലും ക്രുണാല്‍ പാണ്ഡ്യയും 26 റണ്‍സ് നേടിയെങ്കിലും ജൂനിയര്‍ ഡാല ഒരേ ഓവറില്‍ അക്സറിനെയും ദീപക് ചഹാറിനെയും പുറത്താക്കി ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ഹാര്‍ദ്ദിക് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

രണ്ടാം ജയത്തിനായി ഇന്ത്യ നേടേണ്ടത് 163 റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍ നിന്ന് 52 റണ്‍സുമായി താരം പുറത്താകാതെ നിന്നു.

ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ മഴ കാരണം ഉച്ചയ്ക്ക് ശേഷം മാത്രം ആരംഭിച്ച മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞ മത്സരത്തിലെ ഹീറോ റീസ ഹെന്‍ഡ്രിക്സിനെ തുടക്കത്തിലെ നഷ്ടമായി 15/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ടെംബ ബാവുമ-സോണ്ടോ കൂട്ടുകെട്ട് ടീമിനെ 48 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി വലിയ തകര്‍ച്ചയില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോയി.

എന്നാല്‍ സോണ്ടോയെ അക്സര്‍ പട്ടേലും ടെംബ ബാവുമയെ ചഹാലും പുറത്താക്കിയതോടെ 75/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു. ഖായേലിഹിലേ സോണ്ടോ 24 റണ്‍സും ടെംബ ബാവുമ 33 പന്തില്‍ 40 റണ്‍സുമാണ് നേടിയത്. തുടര്‍ന്ന് ക്രീസിലെത്തിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് 52 റണ്‍സാണ് നേടിയത്.

31 റണ്‍സ് നേടി ക്ലാസ്സെനെ ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ ജോര്‍ജ്ജ് ലിഡേ 39 റണ്‍സുമായി പുറത്താകാതെ നിന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 162 റണ്‍സാണ് 21 ഓവറില്‍ നിന്ന് നേടിയത്.

21 ഓവര്‍ മത്സരം, ഇന്ത്യ എ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു, ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എ ബൗളിംഗ് തിരഞ്ഞെടുത്തു. മഴ മൂലം 21 ഓവറാക്കി മത്സരം ചുരുക്കിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യ 69 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 ഓവറില്‍ 20/2 എന്ന നിലയിലാണ്.

ജനേമാന്‍ മലന്‍(6), റീസ ഹെന്‍ഡ്രിക്സ്(1) എന്നിവരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദ് റീസ ഹെന്‍ഡ്രിക്സിനെ പുറത്താക്കിയപ്പോള്‍ മലന്‍ റണ്ണൗട്ട് ആവുകയായിരുന്നു.

മഴ മൂലം ഗ്രീന്‍ഫീല്‍ഡില്‍ കളി വൈകും

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് രണ്ട് ദിവസമായി ഇടവിട്ട് പെയ്യുന്ന മഴ കാരണമാണ് മത്സരം വൈകുന്നത്. മഴ പൂര്‍ണ്ണമായി മാറിയാല്‍ മിനുട്ടുകള്‍ കൊണ്ട് മത്സരയോഗ്യമാകുന്ന സംവിധാനമാണ് സ്പോര്‍ട്സ് ഹബ്ബിലേതെന്നതിനാല്‍ തന്നെ ഇന്ന് ഓവര്‍ ചുരുക്കിയാണെങ്കിലും കളി നടക്കുവാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരമ്പരയിലെ ആദ്യ മത്സരവും 47 ഓവര്‍ ആയി ചുരുക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 69 റണ്‍സിന്റെ വിജയം സ്വന്തമാക്കാനായിരുന്നു.

ശതകവുമായി വെല്ലുവിളി ഉയര്‍ത്തി റീസ ഹെന്‍ഡ്രിക്സ്, ചഹാലിന് അഞ്ച് വിക്കറ്റില്‍ വീണ് ദക്ഷിണാഫ്രിക്ക

ഇന്ത്യ എയുടെ സ്കോറായ 327 റണ്‍സ് തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക എ ടീമിന് 69 റണ്‍സിന്റെ തോല്‍വി. മത്സരത്തില്‍ റീസ ഹെന്‍ഡ്രിക്സ് ശതകവും ഹെയിന്‍റിച്ച് ക്ലാസ്സെന്‍ അര്‍ദ്ധ ശതകവും നേടിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക പതറുകയായിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ചും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയുടെ റണ്‍വേട്ടയെ ഇല്ലായ്മ ചെയ്തത്. 45 ഓവറില്‍ ദക്ഷിണാഫ്രിക്ക 258 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

110 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സും, 58 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെനുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. ആദ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ ചഹാല്‍ തന്നെയാണ് വാലറ്റത്തെയും തുടച്ച് നീക്കിയത്.

ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മഴ പെയ്യിച്ച് ശിവം ഡുബേയും അക്സര്‍ പട്ടേലും, ഇന്ത്യ എ യ്ക്ക് പടുകൂറ്റന്‍ സ്കോര്‍

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത മികച്ച സ്കോര്‍ നേടി ഇന്ത്യ എ. 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 327 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 169/5 എന്ന നിലയിലേക്ക് വീണ ടീമിനെ ശിവം ഡുബേ-അക്സര്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് 300നു മുകളിലേക്കുള്ള സ്കോറിലേക്ക് നയിച്ചത്. നേരത്തെ 47 ഓവറായി മത്സരം ചുരുക്കിയിരുന്നു.

ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും റുതുരാജ് സിംഗും 54 റണ്‍സ് നേടിയെങ്കിലും റുതുരാജ് 10 റണ്‍സ് മാത്രമാണ് നേടിയത്.

തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് നയിക്കുവാന്‍ ടീമിനാകാതെ വന്നപ്പോള്‍ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണു. 169/5 എന്ന നിലയിലേക്ക് വീണ ശേഷം ശിവും ഡുബേയും അക്സര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയെ 47 ഓവറില്‍ 327 എന്ന സ്കോറിലേക്ക് നയിച്ചത്.

ശിവം ഡുബേ 79 റണ്‍സും അക്സര്‍ പട്ടേല്‍ 60 റണ്‍സും നേടി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മന്‍ ഗില്‍(46), മനീഷ് പാണ്ടേ(39), ഇഷാന്‍ കിഷന്‍(37), അന്മോല്‍പ്രീത് സിംഗ്(29) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഏഴാം വിക്കറ്റില്‍ 101 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 6 സിക്സും 3 ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് ശിവം ഡുബേ 60 പന്തില്‍ നിന്ന് നേടിയത്. അതേ സമയം 36 പന്തില്‍ നിന്നാണ് അക്സര്‍ പട്ടേല്‍ തന്റെ 60 റണ്‍സ് നേടിയത്. 6 ഫോറും 3 സിക്സും താരം നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ജോണ്‍ ഫാര്‍ടുയിന്‍ എന്നിവര്‍ രണ്ടും ആന്‍റിച്ച് നോര്‍ട്ജേ, ജൂനിയര്‍ ഡാല എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version