5 വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക, ടീമിന്റെ പ്രതീക്ഷ ഹെയിന്‍റിച്ച് ക്ലാസ്സെനില്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 125/5 എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡായ 139 റണ്‍സ് മറികടക്കുവാന്‍ ദക്ഷിണാഫ്രിക്ക 14 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍ 35 റണ്‍സുമായും വിയാന്‍ മുള്‍ഡര്‍ 12 റണ്‍സുമായി സന്ദര്‍ശകര്‍ക്കായി ക്രീസില്‍ നില്‍ക്കുന്നു.

44 റണ്‍സ് നേടി സുബൈര്‍ ഹംസയാണ് ഇപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ഷഹ്ബാസ് നദീം രണ്ടും മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ ഓരോ വിക്കറ്റും നേടി. 164 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 303 റണ്‍സില്‍ അവസാനിച്ചിരുന്നു. ശുഭ്മന്‍ ഗില്‍ 90 റണ്‍സ് നേടി പുറത്തായപ്പോള്‍ ജലജ് സക്സേന(61*) ശര്‍ദ്ധുല്‍ താക്കൂര്‍(34) റണ്‍സും നേടി.

ജലജ് സക്സേനയും ശര്‍ദ്ധുല്‍ താക്കൂറും മികവ് പുലര്‍ത്തി, ഇന്ത്യയ്ക്ക് 303 റണ്‍സ്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ എട്ടാം വിക്കറ്റിന്റെ ബലത്തില്‍ 303 റണ്‍സ് നേടി ഇന്ത്യ എ. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 204/7 എന്ന നിലയിലായിരുന്ന ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരുടെ 100 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ടീമിന് നേടാനായിരുന്നു. 96 പന്തില്‍ നിന്ന് 61 റണ്‍സ് നേടി ജലജ് സക്സേന പുറത്താകാതെ നിന്നപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ 34 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗിസാനി ഗിഡിയും ഡെയിന്‍ പീഡെടും മൂന്ന് വീതം വിക്കറ്റും മാര്‍ക്കോ ജാന്‍സെന്‍, ലുഥോ സിപാംല എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ശതകം പത്ത് റണ്‍സ് അകലെ നഷ്ടമായി ഗില്‍, ഇന്ത്യയ്ക്കും ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ശതകത്തിന് പത്ത് റണ്‍സ് അകലെ പുറത്തായ ശേഷം ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 205/7 എന്ന നിലയില്‍. 177/3 എന്ന നിലയില്‍ വലിയ സ്കോറിലേക്ക് ഇന്ത്യ കുതിയ്ക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്ലിനെ നഷ്ടമായത്. 90 റണ്‍സ് നേടിയ താരത്തെ ഡെയിന്‍ പിഡെട് ആണ് പുറത്താക്കിയത്.

പിന്നെ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ ഇന്ത്യ 199/7 എന്ന നിലയിലേക്ക് വീണു. മത്സരത്തില്‍ ഇന്ത്യയ്ക്ക് 41 റണ്‍സ് ലീഡാണ് കൈവശമുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 164 റണ്‍സിന് അവസാനിച്ചിരുന്നു.

164 റണ്‍സിന് ദക്ഷിണാഫ്രിക്ക എ ഓള്‍ഔട്ട്, ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലീഡിന് 35 റണ്‍സ് പിന്നിലായി ഇന്ത്യ

ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 129/2 എന്ന നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനെ 164 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ കരുത്തുറ്റ പ്രകടനം പുറത്തെടുത്തത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ എയ്ഡന്‍ മാര്‍ക്രത്തെയും പീറ്റര്‍ മലനെയും നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക പിന്നീട് ആ പ്രഹരത്തില്‍ നിന്ന് കരകയറിയില്ല. മാര്‍ക്കത്തെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ പീറ്റര്‍ മലനെ ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക 70/7 എന്ന നിലയിലേക്ക് വീണു.

മാര്‍ക്കോ ജാന്‍സെന്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന് ഡെയിന്‍ പീഡെറ്റുമായി(33) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 31 റണ്‍സും ആറാം വിക്കറ്റില്‍ വിയാന്‍ മുള്‍ഡറും ഡെയിന്‍ പീഡെറ്റും നേടിയ 30 റണ്‍സുമാണ് ദക്ഷിണാഫ്രിക്ക നടത്തിയ ചെറുത്തുനില്പുകളില്‍ എടുത്ത് പറയാവുന്നത്. 51.5 ഓവറില്‍ 164 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും കൃഷ്ണപ്പ ഗൗതമും മൂന്ന് വീതം വിക്കറ്റും ഷഹ്ബാസ് നദീം രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ 66 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ഓപ്പണ്‍ റുതുരാജ് ഗായ്ക്വാഡ്, റിക്കി ഭുയി എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗായ്ക്വാഡ് 30 റണ്‍സും റിക്കി ഭുയി 26 റണ്‍സും നേടി. അങ്കിത് ഭാവനേ ആണ് ശുഭ്മന്‍ ഗില്ലിനൊപ്പം ക്രിസീലുള്ളത്. 38 ഓവറില്‍ 129 റണ്‍സാണ് ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

കൃഷ്ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന് നിലയില്‍ ജലജ് സക്സേനയെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന് വേണ്ടിയുള്ള ഇന്ത്യ എ ടീമില്‍ ജലജ് സക്സേനയെ ഉള്‍പ്പെടുത്തി. ടീമിലെ കൃഷ്ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന നിലയില്‍ ആണ് സക്സേനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കേരളത്തിന് വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിച്ച താരം ദുലീപ് ട്രോഫിയില്‍ ഏവ് വിക്കറ്റ് നേടിയിരുന്നു. സെപ്റ്റംബര്‍ 9ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഏകദിന പരമ്പരയില്‍ 4-1ന്റെ ആധികാരിക ജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ആ ആധിപത്യം ടെസ്റ്റ് മത്സരങ്ങളിലും തുടരാനാവും ടീമിന്റെ ലക്ഷ്യം.

വിജയത്തോടെ ഏകദിന പരമ്പര അവസാനിപ്പിച്ച് ഇന്ത്യ എ

4-1ന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടിയ ടീമിന് തുണയായത് സഞ്ജു സാംസണിന്റെ(91) വെടിക്കെട്ട് പ്രകടനവും ശിഖര്‍ ധവാന്‍(51), ശ്രേയസ്സ് അയ്യര്‍ (36) എന്നിവരുടെ ബാറ്റിംഗ് മികവുമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ നിന്ന് 168 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിലെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇതോടെ 36 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പരയിലെ നാലാം വിജയം കരസ്ഥമാക്കി. കഴിഞ്ഞ മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിന് ഇന്ത്യയ്ക്ക് കൈവിടേണ്ടി വന്നിരുന്നു. ഇന്ന് റീസ ഹെന്‍ഡ്രിക്സ്(59), കൈല്‍ വെറൈന്നേ(44) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു. ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റ് ലഭിച്ചു.

സ്പോര്‍ട്സ് ഹബ്ബിലെ കാണികള്‍ക്ക് വിരുന്നൊരുക്കി സഞ്ജു സാംസണ്‍, ശതകം 9 റണ്‍സ് അകലെ നഷ്ടം, കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അവസാന ഏകദിനം മഴ മൂലം 20 ഓവറാക്കി ചുരുക്കിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ യ്ക്ക് പ്രശാന്ത് ചോപ്രയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 204/4 എന്ന സ്കോര്‍ നേടി ഇന്ത്യ. സഞ്ജുവിനൊപ്പം ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 135 റണ്‍സാണ് നേടിയത്. 36 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ധവാന്‍ പുറത്തായ ശേഷവും സഞ്ജു സാംസണ്‍ തന്റെ സ്ഫോടനാത്മകമായ ബാറ്റിംഗ് തുടരുകയായിരുന്നു.

15.5 ഓവറില്‍ സഞ്ജു പുറത്താകുമ്പോള്‍ 160/3 എന്ന നിലയിലായിരുന്നു ഇന്ത്യ. 48 പന്തില്‍ നിന്ന് 6 ഫോറും 7 സിക്സും അടക്കമായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. 91 റണ്‍സ് നേടിയ താരത്തെയും ശിഖര്‍ ധവാനെയും പുറത്താക്കിയത് ജോര്‍ജ്ജ് ലിന്‍ഡേയായിരുന്നു. സഞ്ജു പുറത്തായ ശേഷം ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ ബാറ്റിംഗിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് ഇന്ത്യ നേടിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 36 റണ്‍സ് നേടി പുറത്തായി.

അവസാന മത്സരവും 20 ഓവര്‍, ടോസ് നേടി ഇന്ത്യ എ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകളുടെ പരമ്പരയിലെ അവസാന മത്സരവും മഴ കാരണം 20 ഓവര്‍ ആയി വെട്ടിച്ചുരുക്കി. പരമ്പരയില്‍ ആദ്യ മൂന്ന് മത്സരവും ഇന്ത്യ വിജയിച്ചപ്പോള്‍ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം നാല് റണ്‍സിന്റെ വിജയം നേടാനായി. 3-1 ന് ഇന്ത്യയാണ് പരമ്പരയില്‍ മുന്നില്‍. അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സ് നേടിയിട്ടുണ്ട്.

പ്രശാന്ത് ചോപ്രയെ ടീമിന് നഷ്ടമായപ്പോള്‍ ശിഖര്‍ ധവാനും സഞ്ജു സാംസണും ക്രീസില്‍ നില്‍ക്കുന്നു.

അര്‍ദ്ധ ശതകം നേടി ധവാന്‍, അടിച്ച് തകര്‍ത്ത് ഡുബേ, അവസാന നാലോവറില്‍ തിരിച്ച് പിടിച്ച് ദക്ഷിണാഫ്രിക്ക

മഴ മൂലം രണ്ട് ദിവസങ്ങളിലേക്ക് നീണ്ട ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള നാലാം ഏകദിനത്തില്‍ 4 റണ്‍സിന്റെ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം നിര്‍ണ്ണായക പ്രകടനവുമായി ശ്രേയസ്സ് അയ്യരും ശിവം ഡുബേയും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചുവെങ്കിലും അവസാന നാലോവറില്‍ മത്സരം ദക്ഷിണാഫ്രിക്ക തിരിച്ച് പിടിക്കുകയായിരുന്നു. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 137 റണ്‍സാണ് നേടിയതെങ്കിലും ഇന്ത്യയുടെ ലക്ഷ്യം 193 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു.

ശുഭ്മന്‍ ഗില്ലിനെ ആദ്യമേ നഷ്ടമായ ശേഷം ശിഖര്‍ ധവാനും പ്രശാന്ത് ചോപ്രയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ചോപ്രയെ (26) നഷ്ടമാകുമ്പോള്‍ 92 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍ 79 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 52 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും ഇന്ത്യയയ്ക്ക് നഷ്ടമായി. 19 ഓവറില്‍ ദക്ഷിണാഫ്രിക്ക നേടിയ 137 റണ്‍സിനൊപ്പമെത്തുവാന്‍ ഇന്ത്യയ്ക്കായെങ്കിലും വിജയത്തിനായി ആറോവറില്‍ നിന്ന് ടീം 56 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ലുഥോ സിംപാല എറിഞ്ഞ മത്സരത്തിലെ 20ാം ഓവറില്‍ ശിവം ഡുബേ ഉഗ്രരൂപം പൂണ്ടതോടെ ഓവറില്‍ നിന്ന് 24 റണ്‍സാണ് പിറന്നത്. ഇതോടെ അവസാന നാലോവറിലെ ലക്ഷ്യം 32 റണ്‍സായി മാറി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ശിവം ഡുബേയെയും ശ്രേയസ്സ് അയ്യരെയും പുറത്താക്കി ആന്‍റിച്ച് നോര്‍ട്ജേ ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രമായിരുന്നു. 17 പന്തില്‍ നിന്ന് 31 റണ്‍സാണ് ശിവം ഡുബേ നേടിയതെങ്കിലും 26 റണ്‍സ് നേടുവാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് സാധിച്ചു.

പിന്നീട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കേണ്ട ദൗത്യം സഞ്ജു സാംസണിലേക്കും നിതീഷ് റാണയിലേക്കും വന്ന് ചേരുകയായിരുന്നു. സിപാംല ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവും പുറത്തായി മടങ്ങിയതോടെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയായി. അതേ ഓവറില്‍ നിതീഷ് റാണയെയും സിപാംല പുറത്താക്കി. മത്സരം അവസാന രണ്ടോവറിലേക്ക കടന്നപ്പോള്‍ 17 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

ആ ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും തുഷാര്‍ ദേശ്പാണ്ടേയെയും മാര്‍ക്കോ ജാന്‍സെന്‍ പുറത്താക്കിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 15 റണ്‍സായി. രാഹുല്‍ ചഹാര്‍ പൊരുതി നിന്ന് 17 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം ഇന്ത്യ 4 റണ്‍സ് അകലെ കൈവിടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിന് ബൗളര്‍മാരുടെ അവസാന ഓവര്‍ സ്പെല്ലുകള്‍ക്കാണ് നന്ദി പറയേണ്ടത്. തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ റണ്‍ ചേസിനെ അവര്‍ തുരങ്കം വെച്ചു. മൂന്ന് വീതം വിക്കറ്റ് നേടി ലുഥോ സിപാംല, ആന്‍റിച്ച് നോര്‍ട്ജേ, മാര്‍ക്കോ ജാന്‍സെന്‍ എന്നിവരാണ് മത്സരം  മാറ്റി മറിച്ചത്.

റിസര്‍വ്വ് ഡേയിലെ മത്സരം അല്പ സമയത്തിനുള്ളില്‍ ആരംഭിയ്ക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം റിസര്‍വ്വ് ഡേയിലേക്ക് നീട്ടിയെങ്കിലും തലേദിവസത്തെ കനത്ത മഴയും രാവിലെ പെയ്ത മഴയും എല്ലാം കാരണം മത്സരം ആരംഭിയ്ക്കുന്നത് വൈകിയെങ്കിലും ഇപ്പോള്‍ വെയില്‍ തെളിഞ്ഞ നിമിഷത്തില്‍ മത്സരം 1.15ന് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 25 ഓവറായി ചുരുക്കിയ മത്സരത്തില്‍ നിന്ന് 137 റണ്‍സ് നേടിയിരുന്നു.

ഇന്ത്യ 7.4 ഓവറില്‍ 56/1 എന്ന നിലയില്‍ നില്‍ക്കവേയാണ് മഴ കളി തടസ്സപ്പെടുത്തിയത്. 17.2 ഓവറില്‍ നിന്ന് 137 റണ്‍സാണ് ഇന്ത്യ വിജയിക്കാനായി നേടേണ്ടത്. 33 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ശിഖര്‍ ധവാനിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

കനത്ത മഴ, മത്സരം റിസര്‍വ്വ് ദിവസത്തിലേക്ക്

ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ എന്നിവരുടെ നാലാം ഏകദിന മത്സരം ഇന്നത്തെ ദിവസത്തേക്ക് ഉപേക്ഷിച്ചു. തിരുവനന്തപുരത്തെ കനത്ത മഴയെത്തുടര്‍ന്ന് പലയാവര്‍ത്തി മത്സരത്തില്‍ തടസ്സം നേരിട്ട ശേഷം ഇന്ന് ഇനി കളി നടക്കില്ലെന്ന സാഹചര്യം ഉടലെടുക്കുകയായിരുന്നു. മത്സരത്തിന് റിസര്‍വ്വ് ഡേയുള്ളതിനാല്‍ നാളെ ഇന്ന് അവസാനിച്ച നിലയില്‍ നിന്ന് മത്സരം പുനരാരംഭിക്കും.

നേരത്തെ 25 ഓവറില്‍ നിന്ന് ദക്ഷിണാഫ്രിക്ക 137 റണ്‍സാണ് ഒരു വിക്കറ്റ് നേടിയത്. റീസ ഹെന്‍ഡ്രിക്സ് 60 റണ്‍സും ടെംബ ബാവുമ 28 റണ്‍സ് നേടി റിട്ടയര്‍ ഹര്‍ട്ട് ചെയ്തപ്പോള്‍ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ 12 പന്തില്‍ നിന്ന് മൂന്ന് സിക്സ് സഹിതം 21 റണ്‍സ് നേടി. പിന്നീട് ഇന്ത്യയുടെ ലക്ഷ്യം 25 ഓവറില്‍ നിന്ന് 193 റണ്‍സായി പുനഃക്രമീകരിച്ചിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 7.4 ഓവറില്‍ 56 റണ്‍സ് നേടി നില്‍ക്കവെയാണ് വീണ്ടും മഴ വില്ലനായി എത്തിയത്. 12 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 21 പന്തില്‍ നിന്ന് 33 റണ്‍സുമായി ശിഖര്‍ ധവാനും 6 റണ്‍സ് നേടി പ്രശാന്ത് ചോപ്രയുമാണ് ക്രീസിലുള്ളത്. 17.2 ഓവറില്‍ നിന്ന് 9 വിക്കറ്റ് കൈവശമുള്ള ഇന്ത്യ 137 റണ്‍സാണ് വിജയത്തിനായി നേടേണ്ടത്.

മത്സരം 25 ഓവര്‍ ആയേക്കുമെന്ന് സൂചന, ദക്ഷിണാഫ്രിക്ക ഇനി മൂന്നോവര്‍ കൂടി ബാറ്റ് ചെയ്യും

നേരത്തെ 43 ഓവറായി ചുരുക്കിയ മത്സരം ഇനി മഴ മാറി തുടങ്ങുമ്പോള്‍ 25 ഓവറായി ചുരുക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. അതിനര്‍ത്ഥം ദക്ഷിണാഫ്രിക്ക എയുടെ ഇന്നിംഗ്സ് ഇനി വെറും 3 ഓവര്‍ കൂടി മാത്രമേ ഉണ്ടാകുകയുള്ളു. 22 ഓവറില്‍ 108/1 എന്ന നിലയില്‍ നില്‍ക്കവെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനെ മഴ തടസ്സപ്പെടുത്തിയത്. 50 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി റീസ ഹെന്‍ഡ്രിക്സും(52*) ടെംബ ബാവുമയും(28*) ആണ് ക്രീസിലുള്ളത്.

25 റണ്‍സ് നേടിയ മാത്യൂ ബ്രീട്സ്കേയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

Exit mobile version