സെമി ഫൈനലിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും എന്ന് പ്രവചിച്ച് സൗരവ് ഗാംഗുലി

ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടും എന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. “പാകിസ്ഥാൻ ഈഡൻ ഗാർഡൻസിൽ എത്തണമെന്നും ഇന്ത്യയെ സെമിഫൈനലിൽ നേരിടണമെന്നും ഞാൻ ആഗ്രഹിക്കുന്നു. അതിനേക്കാൾ വലിയൊരു കളി ഇനി ഉണ്ടാകില്ല,” ഗാംഗുലി പറഞ്ഞു.

ഇന്ത്യ സെമി ഉറപ്പിച്ചു എങ്കിലും പാകിസ്താൻ ഇനി സെമിയിൽ എത്തും എന്ന് ഉറപ്പായിട്ടില്ല. 2023 ലോകകപ്പിന്റെ സെമിഫൈനലുകളിലൊന്ന് നവംബർ 15-ന് മുംബൈയിലും മറ്റൊന്ന് നവംബർ 16-ന് കൊൽക്കത്തയിലും ആണ് നടക്കുക. ഇന്ത്യ മികച്ച രീതിയിലാണ് ഈ ലോകകപ്പിൽ കളിക്കുന്നത് എന്നും സൗരവ് ഗാംഗുലി പറഞ്ഞു ‌

“ഈ ഇന്ത്യൻ ടീം കളിക്കുന്ന രീതിയിൽ ഇന്ത്യ മുഴുവൻ സന്തോഷിക്കുന്നു. ഈ ഇന്ത്യൻ ടീമും ടൂർണമെന്റിലെ മറ്റ് ടീമുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അവർ ഇതുപോലെ കളിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അവർ പരാജയപ്പെടുമെന്ന് ഞാൻ കരുതുന്നില്ല,” ഗാംഗുലി കൂട്ടിച്ചേർത്തു.

ഗാംഗുലിയുടെ ലോകകപ്പ് ടീമിൽ സഞ്ജു സംസണും തിലക് വർമ്മയും ഇല്ല

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്റെ 15 അംഗ ഏകദിന ലോകകപ്പ് ടീമിനെ ഇന്ന് ഒരു ചാനലിനായുള്ള ഷോയിൽ തിരഞ്ഞെടുത്തു. മധ്യനിര ബാറ്റർ തിലക് വർമ്മയെയും വിക്കറ്റ് കീപ്പർ സഞ്ജു സാംസണെയും തന്റെ 15 അംഗ ടീമിൽ ഗാംഗുലി ഉൾപ്പെടുത്തിയില്ല. തിലക്, സാംസൺ എന്നിവർക്കൊപ്പം പേസർ പ്രസിദ് കൃഷ്ണയെയും ഗാംഗുലി തന്റെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി.

രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരാണ് ഗാംഗുലിയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡിൽ ഉള്ളത്.

ഫാസ്റ്റ് ബൗളിംഗ് ബാക്ക്-അപ്പായി പ്രസിദിനെയും ബാക്ക്-അപ്പ് സ്പിന്നറായി യുസ്‌വേന്ദ്ര ചാഹലിനെയും അദ്ദേഹം ഉൾപ്പെടുത്തി. ഏതെങ്കിലും ബാറ്റർക്ക് പരിക്ക് പറ്റിയാൽ പകരക്കാരനായി തിലകിനെ കൊണ്ടുവരാമെന്നും ഗാംഗുലി സൂചിപ്പിച്ചു.

ഇന്ത്യക്ക് നാലാം നമ്പറിൽ കളിക്കൻ ഇഷ്ടം പോലെ ആൾക്കാരുണ്ട് എന്ന് ഗാംഗുലി

ഇന്ത്യക്ക് നാലാം നമ്പറിൽ കളിക്കാൻ ഒരു ബാറ്റ്സ്മാൻ ഇല്ല എന്ന് പറയുന്നത് ശരിയല്ല എന്നും താം അതിനോട് യോജിക്കുന്നില്ല എന്നും സൗരവ് ഗാംഗുലി. “നമുക്ക് നമ്പർ 4 ഇല്ലെന്ന് ആരാണ് പറഞ്ഞത്? ഞങ്ങൾക്ക് ആ സ്ഥലത്ത് ബാറ്റ് ചെയ്യാൻ കഴിയുന്ന നിരവധി താരങ്ങൾ ഉണ്ട്. ഞാൻ വ്യത്യസ്തമായി ചിന്തിക്കുന്നു; എന്റെ ചിന്താഗതി വേറെയാണ്. ഇതൊരു ഗംഭീര ടീമാണ്” കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ ഗാംഗുലി പറഞ്ഞു.

“തിലക് വർമ്മയെ നാലാം നമ്പറിൽ ഒരു ഓപ്‌ഷനായാണ് ഞാൻ കാണുന്നു, അദ്ദേഹം ഒരു ഇടംകൈയ്യനുമാണ്,” ഗാംഗുലി പറഞ്ഞു. “അവൻ വളരെ മികച്ച ഒരു യുവ കളിക്കാരനാണ്, കൂടുതൽ പരിചയസമ്പത്തില്ല, പക്ഷേ അതിൽ കാര്യമില്ല.” മുൻ ക്യാപ്റ്റൻ പറഞ്ഞു.

“യുവ ഇടംകയ്യൻ ജയ്സ്വാളിനെയും ടീമിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ടീമിന്റെ ടോപ് ഓർഡറിൽ ഉണ്ടാകണം. അദ്ദേഹത്തിന് അപാരമായ കഴിവുണ്ട്, അവൻ നിർഭയനാണ്.” ഗാംഗുലി പറഞ്ഞു.

സീനിയർ താരങ്ങളും യുവതാരങ്ങളും ഇടകലർന്ന ഒരു ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി തിരഞ്ഞെടുക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

“അനുഭവപരിചയമുള്ളവരുടെയും ജയ്സ്വാൾ, വർമ്മ, ഇഷാൻ കിഷൻ എന്നിവരെപ്പോലെയുള്ള യുവതാരങ്ങളുടെയും ഒരു ടീമായിരിക്കണം ഇന്ത്യ ലോകകപ്പിലേക്ക് അയക്കേണ്ടത്. അവർക്ക് പേടിയില്ലാത്ത ക്രിക്കറ്റ് കളിക്കാൻ ആകും.” മുൻ ബിസിസിഐ പ്രസിഡന്റ് പറഞ്ഞു.

രഹാനെയെ വൈസ് ക്യാപ്റ്റനാക്കി നിയമിച്ചതിന് പിന്നിലെ ചിന്തയെന്താണെന്ന് മനസ്സിലാകുന്നില്ല – സൗരവ് ഗാംഗുലി

വെസ്റ്റിന്‍ഡീസിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലേക്ക് അജിങ്ക്യ രഹാനെയെ ഇന്ത്യ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി. 18 മാസമായി ടീമിലിടം ലഭിയ്ക്കാതിരുന്ന രഹാനെയെ വൈസ് ക്യാപ്റ്റനായി നിയമിച്ചതിന് പിന്നിലെ ചിന്ത എന്താണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഗാംഗുലി പറഞ്ഞത്.

സ്ഥിരതയും കൺടിന്യുവിറ്റിയും ആവശ്യമാണെങ്കിൽ ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നടത്തരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒന്നര വര്‍ഷത്തോളം ടീമിലിടം ലഭിച്ചില്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം ലഭിച്ച താരം മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ രഹാനെ ആയിരുന്നു. താരം 89, 46 എന്നീ സ്കോറുകളാണ് ഓവലിലെ മത്സരത്തിൽ നേടിയത്.

ഇത് പിന്നോട്ടുള്ള നീക്കമാണെന്ന് താന്‍ പറയില്ല, എന്നാൽ ഇത് ഭാവിയിലേക്കുള്ള നീക്കമല്ലെന്ന് തീര്‍ച്ചയായും പറയാനാകും. രവീന്ദ്ര ജഡേജയെ പോലുള്ള താരങ്ങളെ ഈ റോളിലേക്ക് പരിഗണിക്കാവുന്നതാണെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.

“ഐ പി എൽ ജയിക്കുന്നത് ലോകകപ്പ് ജയിക്കുന്നതിനേക്കാൾ പ്രയാസം, രോഹിതിൽ പൂർണ്ണ വിശ്വാസം” – ഗാംഗുലി

വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആയി കൊണ്ടു വന്നത് ശരിയായ തീരുമാനം ആണെന്ന് സൗരവ് ഗാംഗുലി. “വിരാട് പോയതിന് ശേഷം സെലക്ടർമാർക്ക് ഒരു ക്യാപ്റ്റനെ ആവശ്യമായിരുന്നു, രോഹിത് ആ സമയത്ത് മികച്ചതായിരുന്നു. 5 ഐ‌പി‌എൽ ട്രോഫികൾ നേടിയ അദ്ദേഹം അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം നടത്തി; അവൻ ഏഷ്യാ കപ്പ് നേടി. അവൻ മികച്ച ഓപ്ഷൻ ആയിരുന്നു. തോറ്റെങ്കിലും ഇന്ത്യയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിച്ചു.” ഗാംഗുലി പറഞ്ഞു.

“എനിക്ക് രോഹിതിൽ പൂർണ വിശ്വാസമുണ്ട്. അദ്ദേഹവും എംഎസ് ധോണിയും 5 ഐപിഎൽ കിരീടങ്ങൾ വീതം നേടിയിട്ടുണ്ട്. കഠിനമായ ടൂർണമെന്റായതിനാൽ ഐപിഎൽ ജയിക്കുക എളുപ്പമല്ല. ഐപിഎൽ വിജയിക്കുക എന്നത് ഒരു ലോകകപ്പ് നേടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്.” ഗാംഗുലി പറഞ്ഞു.

“കാരണം നിങ്ങൾ പ്ലേ ഓഫിൽ പങ്കെടുക്കാനായി 14 മത്സരങ്ങൾ കളിക്കണം. ലോകകപ്പിൽ സെമിയിലെത്താൻ 4-5 മത്സരങ്ങൾ മാത്രം മതി. ഐപിഎല്ലിൽ നിങ്ങൾക്ക് ചാമ്പ്യന്മാരാകാൻ 17 മത്സരങ്ങൾ വേണ്ടിവരും,” അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ആദ്യ ടെസ്റ്റ് റൺസ് നേടിയ അതേ ടെന്‍ഷനായിരുന്നു ഡൽഹിയുടെ ആദ്യ പോയിന്റിനായുള്ള കാത്തിരിപ്പ് – സൗരവ് ഗാംഗുലി

തന്റെ ആദ്യ ടെസ്റ്റ് റൺസ് നേടിയ അതേ ടെന്‍ഷനിലായിരുന്നു താന്‍ ഡൽഹിയുടെ കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിനായി ഡഗ്ഔട്ടില്‍ ഇരുന്നതെന്ന് പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സൗരവ് ഗാംഗുലി.

അഞ്ച് മത്സരങ്ങള്‍ കളിച്ച ഡൽഹിയ്ക്ക് അഞ്ചിലും തോൽവിയായിരുന്നു ഫലമെങ്കിലും കൊൽക്കത്തയ്ക്കെതിരെ തങ്ങളുടെ ഈ ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം ആണ് ടീം ഇന്നലെ കുറിച്ചത്.

ടീമിന്റെ ബൗളിംഗ് മികച്ചതാണെന്നും എന്നാൽ പ്രശ്നം ബാറ്റിംഗ് ആണെന്നും സൗരവ് ഗാംഗുലി സൂചിപ്പിച്ചു.

റിഷഭ് പന്തിന്റെ അഭാവം നികത്താൻ ആവാത്തതാണ് എന്ന് ഗാംഗുലി

റിഷഭ് പന്തിന്റെ അഭാവം വലുതായി ഡെൽഹി ക്യാപിറ്റൽസിനെ ബാധിക്കും എന്ന് സമ്മതിച്ച് സൗരവ് ഗാംഗുലി. ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾക്ക് പകരം ആളെ കണ്ടെത്തുക എളുപ്പമല്ലെന്ന് ഡൽഹി ക്യാപിറ്റൽസ് ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലി പറഞ്ഞു. പന്തിന്റെ അഭാവം ക്യാപിറ്റൽസിന്റെ സജ്ജീകരണത്തിൽ വലിയൊരു വിടവ് സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗാംഗുലി സമ്മതിച്ചു, എന്നാൽ യുവതാരത്തിന്റെ അഭാവം മറ്റ് ബാറ്റർമാർക്ക് മുന്നേറാനുള്ള അവസരമാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

“തീർച്ചയായും, ടീമിൽ ഋഷഭ് പന്തിന്റെ അഭാവം ഉണ്ടാകും, എന്നാൽ ഇത് മറ്റുള്ളവർക്ക് മുന്നേറാനുള്ള അവസരമാണ്. ഫ്രാഞ്ചൈസി ടൂർണമെന്റുകളിൽ ബുംറ, ഋഷഭ്, ശ്രേയസ് എന്നിവരെപ്പോലുള്ള കളിക്കാർക്ക് പകരം ആളെ കണ്ടെത്തുക എളുപ്പമല്ല.” ഗാംഗുലി പറഞ്ഞു.

“എംഎസ് ധോണി കളിക്കുന്നത് നിർത്തിയതിന് ശേഷമാണ് ഋഷഭ് പന്ത് മികച്ച കളിക്കാരനായി ഉയരുന്നത്. അതുപോലെ പുതിയ ആരെങ്കിലും മികച്ചവരാകാനുള്ള അവസരമായാണ് ഞാൻ ഇതിനെ കാണുന്നത്. അങ്ങനെയാണ് കളിക്കാർ ഉണ്ടാകുന്നത്.” ഗാംഗുലി കൂട്ടിച്ചേർത്തു

ഗാംഗുലിയുടെ സമയം കഴിഞ്ഞു, ഇനി റോജർ ബിന്നി ബി സി സി ഐ പ്രസിഡന്റ്

ബി സി സി ഐയുടെ പുതിയ പ്രസിഡന്റ് ആയി റോജർ ബിന്നിയെ തിരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ബിസിസിഐ എജിഎം യോഗത്തിൽ സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നിയെ ബിസിസിഐയുടെ തലപ്പത്തേക്ക് തിരഞ്ഞെടുത്തു. 1983 ലോകകപ്പ് ജേതാവായ ബിന്നു എതിരില്ലാതെ ആണ് വിജയിച്ചത്. ഗാംഗുലി മാറി എങ്കിലും ജയ് ഷാ സെക്രട്ടറിയായി തുടരും.

സെക്രട്ടറി ജയ് ഷാ, ആശിഷ് ഷെലാർ (ട്രഷറർ), രാജീവ് ശുക്ല (വൈസ് പ്രസിഡന്റ്), ദേവജിത് സൈകിയ (ജോയിൻ സെക്രട്ടറി) എന്നിവരും ഐകകണ്‌ഠേന തന്നെ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന ട്രഷറർ അരുൺ ധുമാൽ പുതിയ ഐപിഎൽ ചെയർമാനാകും.

സൗരവ് ഗാംഗുലി ഐ എസ് സി തലപ്പത്ത് എത്താനായാണ് ബി സി സി ഐ സ്ഥാനം ഒഴിയുന്നത് എന്നാണ് സൂചനകൾ.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആവാൻ മത്സരിക്കും എന്നു സൗരവ്‌ ഗാംഗുലി

ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന താൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും എന്നു സൗരവ്‌ ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് ആയി കഴിഞ്ഞ 3 വർഷം സേവനം അനുഷ്ടിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനു രണ്ടാം അവസരത്തിനു താൽപ്പര്യം ഉണ്ടെങ്കിലും ബിസിസിഐ നിയമം അത് അനുവദിച്ചില്ല.

ഇതിനെ തുടർന്ന് ആണ് തന്റെ സംസ്ഥാനം ആയ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഗാംഗുലി തീരുമാനം എടുത്തത്. മുമ്പ് 5 വർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയി ഗാംഗുലി പ്രവർത്തിച്ചിരുന്നു. നേരത്തെ ഐ.പി.എൽ ചെയർമാൻ സ്ഥാനം ഗാംഗുലി നിരസിച്ചിരുന്നു എന്ന സൂചനകൾ വന്നിരുന്നു.

ബുംറയുടെ കാര്യത്തിൽ ഇനിയും പ്രതീക്ഷയുണ്ട് – സൗരവ് ഗാംഗുലി

പരിക്കേറ്റ് ദക്ഷിണാഫ്രിക്ക പരമ്പരയിൽ നിന്ന് പുറത്ത് പോയ ജസ്പ്രീത് ബുംറ ലോകകപ്പിനും ഉണ്ടാകില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാൽ ബുംറ ഇതുവരെ റൂള്‍ഡ് ഔട്ട് ആയിട്ടില്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. ബുംറ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്നും താരത്തിന്മേൽ പ്രതീക്ഷയായി ഇനിയും സമയം ഉണ്ടെന്നാണ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്.

ബാക്ക് സ്ട്രെസ് ഫ്രാക്ച്ചര്‍ കാരണം ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി ലോകകപ്പിനുണ്ടാകില്ലെന്നും ഷമി, ദീപക് ചഹാര്‍, സിറാജ് എന്നിവരിൽ ഒരാള്‍ പ്രധാന ടീമിലേക്ക് വരുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. വേള്‍ഡ് കപ്പിന് ഇനിയും സമയം ഉണ്ടെന്നും ഇപ്പോളെ നമ്മള്‍ മുന്‍വിധികളോടെ ഈ വിഷയത്തെ സമീപിക്കേണ്ടെന്നുമാണ് ഗാംഗുലി പറഞ്ഞത്.

സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന ടീമിലുണ്ടെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി

സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന ടീമില്‍ ഉണ്ടെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് മുമ്പ് തലസ്ഥാനത്ത് എത്തിയ സൗരവ് ഗാംഗുലിയോട് മാധ്യമങ്ങള്‍ സഞ്ജുവിനെ അവഗണിക്കുകയാണോ എന്ന് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് സൗരവ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.

സഞ്ജുവിനെ ആരും അവഗണിക്കുന്നില്ലെന്നും സഞ്ജു ഇന്ത്യയ്ക്കായി നേരത്തെ തന്നെ കളിച്ചിട്ടുണ്ടെന്നും വരുന്ന ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ താരം ഉണ്ടെന്നും സൗരവ് പറഞ്ഞു. നിര്‍ഭാഗ്യവശാൽ ലോകകപ്പിനുള്ള ടീമിൽ താരത്തിന് സ്ഥാനം ലഭിച്ചില്ലെന്നേയുള്ളുവെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

സഞ്ജു ഐപിഎലിലും തന്റെ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി മികച്ച പ്രകടനം ആണ് പുറത്തെടുത്തതെന്നും സൗരവ് ഗാംഗുലി സൂചിപ്പിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് പിച്ചിന് പുറത്തെ നോബോളുകൾ

ഇന്ത്യൻ ക്രിക്കറ്റ് ഭരണ സംവിധാനം എന്ന ഓജിയൻ തൊഴുത്തിനെ കഴുകി വൃത്തിയാക്കാൻ ലോധ കമ്മിറ്റി നിർദ്ദേശിച്ച് നടപ്പിലാക്കിയ ചട്ടങ്ങളിൽ വെള്ളം ചേർത്തിരിക്കുന്നു. ഒരു കൂട്ടം ആളുകൾ കാലാകാലങ്ങളോളം ബിസിസിഐ സ്ഥാനങ്ങൾ കയ്യടക്കി വച്ചു അഴിമതി നടത്തി വന്നിരുന്നത് നിറുത്തലാക്കാൻ ഉദ്ദേശിച്ചു സുപ്രീം കോടതി തന്നെ മുൻകൈ എടുത്തു നടപ്പിലാക്കിയ നിർദ്ദേശങ്ങളാണ് ഇപ്പോൾ തകിടം മറിക്കപ്പെട്ടിരിക്കുന്നത്.

ഈ ആവശ്യം പറഞ്ഞു ബിസിസിഐ തന്നെയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. മുന്തിയ വക്കീലന്മാരെ ഇറക്കി, നിരന്തരം ആവശ്യപ്പെട്ട് അവർക്ക് വേണ്ട രീതിയിൽ ലോധ കമ്മിറ്റി റിപ്പോർട്ട് മാറ്റിയെഴുതിച്ചു കഴിഞ്ഞു.

2013ൽ ഉയർന്ന ഐപിഎൽ കോഴക്കേസുകളും, കോൺഫ്ലിക്റ്റ് ഓഫ് ഇൻെറസ്റ്റ് പ്രശ്നങ്ങളും പരിഹരിക്കാൻ വേണ്ടി സുപ്രീം കോടതി നിയമിച്ചതാണ് ലോധ കമ്മിറ്റിയെ. 2016ൽ അവരുടെ നിർദ്ദേശങ്ങളിൽ പ്രധാനമായിരുന്നു 3 വർഷം കഴിഞ്ഞുള്ള കൂളിംഗ് ഓഫ് പീരിയഡ്.

സംസ്ഥാന സമിതികളിൽ അല്ലെങ്കിൽ ബിസിസിഐ ഭരണസമിതിയിൽ 3 വർഷം ഇരിക്കുന്നവർ അടുത്ത മൂന്ന് വർഷം പുറത്തിരിക്കണം എന്നായിരുന്നു പ്രധാന നിർദ്ദേശം.

സുപ്രീം കോടതിക്ക് സ്വൈര്യം കൊടുക്കാതെ പുറകെ നടന്ന് 2018ൽ അതിനു ഒരു ഭേദഗതി ബിസിസിഐ വാങ്ങിച്ചെടുത്തു. അത് പ്രകാരം സംസ്ഥാന സമിതിയിലെ 3 വർഷവും, ബിസിസിഐ ഭരണ സമിതിയിലെ 3 വർഷവും ചേർത്തു ഒരുമിച്ചുള്ള 6 വർഷം കഴിഞ്ഞു മതി 3 വർഷത്തെ ബ്രേക്ക് എന്നായി പുതിയ ചട്ടം.

കഴിഞ്ഞ ദിവസം ഇത് ഒരുമിച്ചുള്ള 12 വർഷം എന്നാക്കിയെടുത്തിട്ടുണ്ട്. സംസ്ഥാന സമിതിയിലെ 3 വർഷം കഴിഞ്ഞു ഉടൻ ബിസിസിഐയിൽ വരുന്നവർക്ക് അടുത്ത 6 വർഷം തുടർച്ചയായി തുടരാം എന്നതാണ് പുതിയ ചട്ടം. ഇതോടു കൂടി എന്ത് സദുദ്ദേശത്തോട് കൂടിയാണോ സുപ്രീംകോടതി ആറ് വർഷം മുൻപ് ഈ ചട്ടങ്ങൾ നടപ്പിലാക്കിയത്, അതു നിരാകരിക്കപ്പെട്ടിരിക്കുന്നു. അതും സുപ്രീം കോടതിയുടെ അനുമതിയോടെ തന്നെ. ഇനിയിപ്പോൾ സ്ഥാനങ്ങൾ അലങ്കരിക്കാൻ അനിയനെയോ അളിയനെയോ അന്വേഷിക്കേണ്ട, അവരവർക്ക് തന്നെ തുടരാം.

പറഞ്ഞു കേൾക്കുന്ന പോലെ, ഗാംഗുലി ഐസിസിയിലേക്ക് ചേക്കേറുമ്പോൾ, ജയ് ഷായ്ക്ക് പ്രസിഡന്റ് ആകാം, എഴുതി കൊടുക്കുന്ന പ്രസ്താവനകൾ വായിക്കാം, പ്രതിഭാസമ്പന്നരായ കളിക്കാരെ ഭരിക്കാം, കളിയെ കുറിച്ചു ഒന്നും അറിയാതെ തന്നെ പിച്ചിന് പുറത്തിരിന്നു വീണ്ടും കളിക്കാം. ഇത് ഒരാളുടെ മാത്രം കാര്യമായി ചുരുക്കി കാണരുത്, പക്ഷെ കളിയുടെ സാമ്പത്തികത്തെ നിയന്ത്രിക്കാൻ ആക്രാന്തം കാണിക്കുന്ന ഒരു കോക്കസിന്റെ അഭിലാഷമായി വേണം കാണാൻ. ഇത് കൊണ്ടു ക്രിക്കറ്റ് കളിക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്നു മാത്രമല്ല, എന്ത് കാരണങ്ങൾ കൊണ്ടാണോ ലോധ കമ്മിറ്റിയെ നിയമിച്ചത്, അവയെല്ലാം തിരികെ വരികയും ചെയ്യും.

Exit mobile version