ഇന്ത്യയുടെ ഭാവി കോച്ച്, പോണ്ടിംഗിനെ പരിഗണിക്കാവുന്നതാണ്

റിക്കി പോണ്ടിംഗിനെ ഇന്ത്യയുടെ ഭാവി കോച്ചെന്ന നിലയില്‍ പരിഗണിക്കേണ്ട വ്യക്തിയാണെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പോണ്ടിംഗിനോടൊപ്പം സഹകരിച്ച് വരുന്ന സൗരവ് ഗാംഗുലി. എന്നാല്‍ പോണ്ടിംഗ് 8-9 മാസം വീട്ടില്‍ നിന്ന് മാറി നില്‍ക്കുവാന്‍ തയ്യാറാണോ എന്നത് പോണ്ടിംഗിനോട് തന്നെ ചോദിക്കേണ്ട കാര്യമാണെന്നും ഗാംഗുലി പറഞ്ഞു.

ഈ ഒരു കാര്യം മാറ്റി വെച്ചാല്‍ ഇന്ത്യ കോച്ചിംഗ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ഒരാള്‍ തന്നെയാണ് റിക്കി പോണ്ടിംഗ് എന്ന് ഗാംഗുലി പറഞ്ഞു.

ഐപിഎലില്‍ തന്റെ ഈ വര്‍ഷത്തെ പ്രിയപ്പെട്ട താരം ശുഭ്മന്‍ ഗില്‍, ഗില്ലും പൃഥ്വി ഷായും ഇന്ത്യയുടെ ഭാവി താരങ്ങള്‍

ഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം ശുഭ്മന്‍ ഗില്‍ ആണെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. താരത്തില്‍ ഒരു എക്സ്-ഫാക്ടര്‍ ഉണ്ടെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. ശുഭ്മന്‍ ഗില്ലും പൃഥ്വി ഷായുമാണ് ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലും വരും കാലങ്ങളില്‍ തിളങ്ങാന്‍ പോകുന്ന താരമെന്നും ഗാംഗുലി പറഞ്ഞു.

ആദ്യ മത്സരങ്ങളില്‍ കൊല്‍ക്കത്ത നിരയില്‍ ബാറ്റിംഗ് അവസരം ശുഭ്മന്‍ ഗില്ലിനു അധികം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് താരത്തിനു ഓപ്പണറായി സ്ഥാനക്കയറ്റം നല്‍കിയതിനു ശേഷമാണ് താരം ഐപിഎലില്‍ തന്റെ മിന്നും ഫോമിലേക്ക് എത്തുന്നത്. അതേ സമയം പൃഥ്വി ഷാ ഒരു മത്സരത്തില്‍ 99 റണ്‍സ് നേടിയ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഐപിഎലില്‍ കണ്ടത്.

ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ വിന്‍ഡീസ് – ഗാംഗുലി

ഈ ലോകകപ്പില്‍ ആന്‍ഡ്രേ റസ്സലിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമാകുമെന്നും താരത്തിന്റെ സാന്നിദ്ധ്യം വിന്‍ഡീസിനെ ലോകകപ്പിലെ കറുത്ത കുതിരകളാക്കി മാറ്റുമെന്നും അഭിപ്രായപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ഉപദേശകന്‍ സൗരവ് ഗാംഗുലി. ആന്‍ഡ്രേ റസ്സലാണ് ഈ ലോകകപ്പിലെ താരമാകുവാന്‍ പോകുന്നതെന്നാണ് തന്റെ വിലയിരുത്തല്‍. ടീമില്‍ ഷായി ഹോപ്, ക്രിസ് ഗെയില്‍, ഒഷെയ്ന്‍ തോമസ് കൂടാതെ മറ്റു വെടിക്കെട്ട് താരങ്ങളുമുണ്ട്, അതിനാല്‍ തന്നെ ലോകകപ്പ്ിലെ കറുത്ത കുതിരകള്‍ വിന്‍ഡീസ് തന്നെയാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഗാംഗുലി വ്യക്തമാക്കി.

ടെണ്ടുല്‍ക്കര്‍ക്കും ലക്ഷമണിനും ഗാംഗുലിയ്ക്കും ബിസിസിഐ ഓംബുഡ്സ്മാന്റെ നോട്ടീസ്

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് നോട്ടീസ് നല്‍കി ബിസിസിഐയുടെ ഓംബുഡ്സ്മാന്‍-കം-എത്തിക്സ് ഓഫീസര്‍ ഡികെ ജെയിന്‍. ഈ മൂന്ന് താരങ്ങളും ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെയും(സിഎസി) ഭാഗം ആണെന്നതിനാല്‍ “താല്പര്യങ്ങളിലെ വൈരുദ്ധ്യം” ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്‍കിയത്.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. ഏപ്രില്‍ 28നകം ഇതിനു മറുപടി നല്‍കണണെന്നാണ് ആവശ്യം. ഇതിനുള്ളില്‍ മറുപടിയില്ലെങ്കില്‍ ഇവരില്‍ നിന്ന് പിന്നീട് വിശദീകരണം സ്വീകരിക്കുകയില്ലെന്നും അറിയുന്നും.

അതേ സമയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലം വാങ്ങുന്നില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നാണ് ബിസിസിഐയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. ഇവര്‍ മൂവരും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലും പ്രതിഫലം വാങ്ങാതെ സ്വന്തം ഇഷ്ടപ്രകാരം നല്‍കുന്ന സേവനമാണ് ഇതെന്നും അറിയുന്നു.

അത് “ബോള്‍ ഓഫ് ദി ഐപിഎല്‍”

ആന്‍ഡ്രേ റസ്സലിനെ സൂപ്പര്‍ ഓവറില്‍ പുറത്താക്കുവാന്‍ കാഗിസോ റബാഡ എറിഞ്ഞ യോര്‍ക്കറിനെ ഐപിഎലിലെ പന്തെന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത് റബാഡ മണിക്കൂറില്‍ 147 കിലോമീറ്റര്‍ വേഗതയിലുള്ള പന്തെറിഞ്ഞ് കുറ്റിതെറിപ്പിച്ചായിരുന്നു. ആ ഇന്‍സ്വിംഗിംഗ് യോര്‍ക്കറിനു മുന്നില്‍ റസ്സലിന്റെ മിഡില്‍ സ്റ്റംപാണ് തെറിച്ചത്.

കാഗിസോ റബാഡയുടെ സൂപ്പര്‍ ഓവറും ആന്‍ഡ്രേ റസ്സിലനെതിരെയുള്ള ആ യോര്‍ക്കറും മിക്കവാറും ഐപിഎലിലെ പന്തായി മാറിയെക്കും. റസ്സലിനെതിരെ അത്തരത്തിലൊരു പന്തെറിയുന്നത് അവിശ്വസനീയമാണ്. കാരണം റസ്സല്‍ തന്റെ കരിയറിലെ തന്നെ മികച്ച ഫോമിലാണിപ്പോള്‍ കളിയ്ക്കുന്നതെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

ടീമീനു ഈ വിജയം അനിവാര്യമായിരുന്നു. ഇതൊരു യുവനിരയാണ്. ഇത്തരത്തിലുള്ള വിജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും. എനിയും മത്സരങ്ങള്‍ ഏറെയുണ്ട് എന്നാലും വിജയം എപ്പോളും വിജയം തന്നെയാണ്. ആ നിമിഷങ്ങളെ ആഘോഷിക്കുക തന്നെ വേണം. പൃഥ്വി ഷായ്ക്ക് ശതകം നഷ്ടമായതില്‍ തനിക്ക് സങ്കടമുണ്ടെന്നും താരത്തിനു ഐപിഎലിലും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇനിയും ശതകങ്ങള്‍ ലഭിയ്ക്കട്ടേ എന്നും ഗാംഗുലി ആശംസിച്ചു.

സൗരവ് ഗാംഗുലിക്ക് ഡൽഹി ക്യാപിറ്റൽസിൽ പുതിയ ഇന്നിംഗ്സ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഉപേദശകനായി നിയമിക്കപ്പെട്ടു. ഡൽഹി പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ കൂടെ ടീമിനെ മുൻപോട്ട് കൊണ്ടുപോവുക എന്ന ദൗത്യമാവും ഗാംഗുലിക്ക് ഡൽഹി ക്യാപിറ്റൽസിൽ ഉണ്ടാവുക. 2008ലെ പ്രഥമ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റൻ ആയിരുന്നു ഗാംഗുലി. നേരത്തെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിനെ ടീമിന്റെ സഹ പരിശീലകനായി ഡൽഹി നിയമിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായിയിരുന്നു ഐ.പി.എല്ലിൽ ഡൽഹിയുടെ സ്ഥാനം. എന്നാൽ ഈ വർഷം ഡൽഹി ഡെയർഡെവിൾസ് എന്ന പേരു മാറ്റി ഡൽഹി ക്യാപിറ്റൽസ് എന്ന പുതിയ പേരിലാണ് ഡൽഹി ഇറങ്ങുന്നത്. മാർച്ച് 24നാണ് ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് മത്സരം.

ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല

ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനോട് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2019 ഏകദിന ക്രിക്കറ്റ് 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റാണ്. ഇതില്‍ തന്നെ എല്ലാ ടീമുകളും പരസ്പരം കളിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇന്ത്യ പാക്കിസ്ഥാനോട് കളിച്ചില്ലെങ്കില്‍ അത് വലിയ പ്രശ്നമാകില്ല.

ഐസിസിയ്ക്ക് ഇന്ത്യയില്ലാത്തൊരു ലോകകപ്പ് കളിക്കുക സാധ്യമല്ല, അതിനാല്‍ തന്നെ ഇന്ത്യ ശക്തമായ സന്ദേശം കൈമാറേണ്ട സാഹചര്യം കൂടിയാണ് ഇത്. പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് മാത്രമല്ല എല്ലാ കായിക ഇനങ്ങളില്‍ നിന്നും ഇന്ത്യ വിട്ട് നില്‍ക്കണമെന്നും ഗാംഗുലി പറഞ്ഞു.

ജേക്കബ് മാര്‍ട്ടിനു സാമ്പത്തിക സഹായവവുമായി ദാദയും മറ്റു താരങ്ങളും

ജീവന്‍ പിന്തുണ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ എത്തുവാന്‍ ശ്രമിക്കുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിനു പിന്തുണയായി സൗരവ് ഗാംഗുലി. സഹായത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഗാംഗുലി വെളിപ്പിെടുത്തിയില്ലെങ്കിലും മാര്‍ട്ടിന്റെ കുടുംബത്തോട് അവര് ഒറ്റയ്ക്കല്ലെന്നും തന്റെ പ്രാര്‍ത്ഥനയും സാമ്പത്തിക സഹായവും ഉണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു.

നേരത്തെ ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ എന്നിവരും സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. ബിസിസിഐ 5 ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ 3 ലക്ഷവും താരത്തിന്റെ കുടുംബത്തിനു നല്‍കും.

പുജാര വിരാട് കോഹ്‍ലിയ്ക്ക് തുല്യം: സൗരവ് ഗാംഗുലി

ഇന്ത്യന്‍ ടീമിനു വിരാട് കോഹ്‍ലി എത്ര വിലപ്പെട്ടതാണോ അത്രയും തന്നെ വിലപ്പെട്ടതാണ് ചേതേശ്വര്‍ പുജാരയെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ചേതേശ്വര്‍ പുജാരയുടെ ഈ ഓസ്ട്രേലിയന്‍ പര്യടനത്തിലെ പ്രകടനം അത് ശരി വയ്ക്കുന്നതാണെന്നാണ് ഗാംഗുലി പറയുന്നത്. പരമ്പരയില്‍ മൂന്ന് ശതകങ്ങളാണ് പുജാര നേടിയത്. 2014-15ല്‍ കോഹ്‍ലിയുടെ ഓസ്ട്രേലിയന്‍ പ്രകടനത്തിനു ഒപ്പം പിടിയ്ക്കുന്നതാണ് ഇപ്പോളത്തെ പുജാരയുടെ പ്രകടനമെന്ന് സൗരവ് പറഞ്ഞു.

ചരിത്രപരമായ ഒരു ടെസ്റ്റ് പരമ്പര നേടുന്നതിനു അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഈ മത്സരം ഇവിടെ നിന്ന് ഇന്ത്യ പരാജയപ്പെടുവാന്‍ സാധ്യതയില്ലെന്നാണ് തന്റെ വിശ്വാസം. അതിനാല്‍ തന്നെ ഈ പരമ്പര വിജയത്തില്‍ നിര്‍ണ്ണായകമായതില്‍ പുജാരയുടെ ആ മൂന്ന് ശതകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മറ്റു താരങ്ങളുടെ പ്രകടനത്തിനൊപ്പം ഏറെ നിര്‍ണ്ണായകമായത് ഈ പ്രകടനമാണെന്നും ഗാംഗുലി പറഞ്ഞു.

2014ല്‍ കോഹ്‍ലി അവിസ്മരണീയ പ്രകടനമാണ് ഓസ്ട്രേലിയയില്‍ പുറത്തെടുത്തത്. നാല് ശതകങ്ങളാണ് നാല് ടെസ്റ്റില്‍ നിന്ന് അന്ന് കോഹ്‍ലി സ്വന്തമാക്കിയത്. അന്നത്തെ പ്രകടനത്തെ അപേക്ഷിച്ച് പുജാരയുടെ പ്രകടനത്തിനു കൂടുതല്‍ പ്രഭാവമുണ്ടെന്ന് പറയുവാന്‍ കാരണം പുജാര ശതകം അടിച്ച മത്സരങ്ങളെല്ലാം ഇന്ത്യ വിജയിച്ചു എന്നതാണ്. സിഡ്നിയിലും അത് സംഭവിക്കട്ടെയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

വിദേശ ടെസ്റ്റ് വിജയങ്ങളില്‍ ഗാംഗുലിയ്ക്കൊപ്പം കോഹ്‍ലിയും

ഏറ്റവും അധികം വിദേശ ടെസ്റ്റുകളില്‍ വിജയം സ്വന്തമാക്കുന്ന നായകനെന്ന നേട്ടത്തിനു ഇനി സൗരവ് ഗാംഗുലിയ്ക്കൊപ്പം വിരാട് കോഹ്‍ലിയും അര്‍ഹന്‍. 11 വീതം വിജയങ്ങളാണ് നായകരായി ഇവര്‍ വിദേശം പിച്ചുകളില്‍ നിന്ന് നേടിയിട്ടുള്ളത്. കോഹ്‍ലി 24 മത്സരങ്ങളില്‍ നിന്ന് 11 ടെസ്റ്റ് വിജയങ്ങളാണ് നേടിയത്. 28 മത്സരങ്ങളില്‍ നിന്ന് സൗരവ് ഗാംഗുലിയും 11 വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്

എംഎസ് ധോണി ആറ് വിജയം(30 ടെസ്റ്റുകള്‍), രാഹുല്‍ ദ്രാവിഡ് 5(17 മത്സരങ്ങള്‍) ആണ് പട്ടികയില്‍ തൊട്ടുപുറകെയുള്ള മറ്റു താരങ്ങള്‍.

ഇന്ത്യന്‍ യുവനിരയെ അഭിനന്ദനം അറിയിച്ച് സൗരവ് ഗാംഗുലി

ഏഷ്യ കപ്പ് ഫൈനലിലെ വലിയ വിജയത്തിനു ഇന്ത്യന്‍ U-19 ടീമിനെ അഭിനന്ദനം അറിയിച്ച് സൗരവ് ഗാംഗുലി. ശ്രീലങ്കയെ 144 റണ്‍സിനു കീഴടക്കി കിരീടം നേടിയ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ ബുദ്ധിമുട്ടിയത് സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് മാത്രമാണ്. അന്ന് രണ്ട് റണ്‍സ് വിജയം നേടി ഇന്ത്യ ഫൈനലിലേക്ക് കടന്ന് കൂടിയെങ്കിലും ഫൈനലില്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് വിടുകയായിരുന്നു.

6 വിക്കറ്റ് നേടിയ ഹര്‍ഷ് ത്യാഗി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യശ്വസി ജയ്സ്വാല്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ യുവ നിര എന്നും ശക്തരാണെന്നുള്ളത് തന്നെയാണ് ഇന്ത്യയുടെ സീനിയര്‍ ടീം എല്ലാക്കാലവും മികച്ച് നില്‍ക്കുവാന്‍ കാരണമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ക്രിക്കറ്റിനെ ഇന്ത്യയില്‍ മികച്ച വളര്‍ച്ച നല്‍കുന്നതും ഇതുപോലെ ഭാവി താരങ്ങളുടെ സാന്നിധ്യമാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഈ ടീമുകളുടെ പ്രകടനം ഏഷ്യയിലെ ക്രിക്കറ്റിനെ പിന്നോട്ടടിച്ചു: ഗാംഗുലി

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും പോരാട്ട വീര്യം പ്രകടിപ്പിച്ച് ഏഷ്യയുടെ യശസ്സുയര്‍ത്തുമ്പോളും പാക്കിസ്ഥാനും ശ്രീലങ്കയും ഏഷ്യ കപ്പില്‍ പുറത്തെടുത്ത ക്രിക്കറ്റ് നിലവാരം ഏറെ താഴ്ന്ന നിലവാരത്തിലുള്ളതാണെന്ന് തുറന്നടിച്ച് സൗരവ് ഗാംഗുലി. ഇരു രാജ്യങ്ങളുടെയും ഏഷ്യ കപ്പിലെ ക്രിക്കറ്റ് ലോക ക്രിക്കറ്റിനും പ്രധാനമായും ഏഷ്യയുടെ നിലവാരത്തെയും ഇടിച്ച് താഴ്ത്തുന്നതാണെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ട് ശ്രീലങ്ക ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ രണ്ട് വട്ടമാണ് ബദ്ധ വൈരികളായ ഇന്ത്യയോട് ടൂര്‍ണ്ണമെന്റില്‍ വലിയ മാര്‍ജിനില്‍ പരാജയമേറ്റു വാങ്ങിയത്. നിര്‍ണ്ണായകമായ മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു.

Exit mobile version