റഷ്യന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ചാമ്പ്യനായി സൗരഭ് വര്‍മ്മയുടെ ശക്തമായ തിരിച്ചുവരവ്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് പിന്നീടുള്ള രണ്ട് ഗെയിമിലും തന്റെ സാന്നിധ്യം അറിയിച്ച് സൗരഭ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ജപ്പാന്റെ കോകി വാറ്റാന്‍ബേയെയാണ് സൗരഭ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്.
60 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. 18-21, 21-12, 21-17 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.
റഷ്യന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ സെമി പോരാട്ടത്തില്‍ മിഥുന്‍ മഞ്ജുനാഥിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് ഫൈനലില്‍ കടന്നത്. സ്കോര്‍ഛ 21-9, 21-15.
ഫൈനലില്‍ കൊറിയയുടെ കോകി വാറ്റാന്‍ബേ ആണ് സൗരഭിന്റെ എതിരാളി.
റഷ്യന്‍ ഓപ്പണ്‍ 2018 ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സില്‍ മിഥുന്‍ മഞ്ജുനാഥും സൗരഭ് വര്‍മ്മയും സെമിയില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം ശുഭാങ്കര്‍ ഡേയ്ക്ക് ക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല. സൗരഭ് വര്‍മ്മ ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മനെ 36 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-14, 21-16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
മിഥുന്‍ മഞ്ജുനാഥ് മലേഷ്യയുടെ സതീശ്ധരന്‍ രാമചന്ദ്രനെ 21-18, 21-12 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. റഷ്യയുടെ വ്ലാഡിമര്‍ മാല്‍കോവിനോട് 48 മിനുട്ട് പോരാട്ടത്തില്‍ 22-20, 21-15 എന്ന സ്കോറിനാണ് ശുഭാങ്കര്‍ അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം കാഴ്ചവെച്ചുവെങ്കിലും രണ്ടാം ഗെയിമില്‍ അത് തുടരാന്‍ ശുഭാങ്കറിനായില്ല.
റഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം തുടരുന്നു. സൗരഭ് വര്‍മ്മ, ശുഭാങ്കര്‍ ഡേ, മിഥുന്‍ മഞ്ജുനാഥ് എന്നിവര്‍ പുരുഷ സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ വനിത സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ എത്തി.
മിഥുന്‍ മഞ്ജുനാഥ് 21-16, 21-13 എന്ന സ്കോറിനു ജപ്പാന്‍ താരത്തെ പരാജയപ്പെടുത്തിയപ്പോള്‍ ശുഭാങ്കര്‍ ഡേ ഇന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗിനെയാണ് പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തത്. സ്കോര്‍ 21-11, 21-19. സൗരഭ് വര്‍മ്മ റഷ്യയുടെ സെര്‍ജേ സിരാന്റിനെ 21-11, 21-9 എന്ന സ്കോറിനു പരാജയപ്പെടുത്തി. വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മലേഷ്യയുടെ യിംഗ് യിംഗ് ലീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് താരം പരാജയപ്പെടുത്തിയത്. 53 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം 13-21നു അടിയറവു പറഞ്ഞ ശേഷമാണ് മത്സരം 13-21, 21-17, 21-19 എന്ന സ്കോറിനു താരം ജയിച്ചത്.
മിക്സഡ് ഡബിള്‍സില്‍ രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഡ് എന്നിവര്‍ 21-10, 21-14 എന്ന സ്കോറിനു ജയം നേടി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല 21-12, 21-13 എന്ന സ്കോറിനു എതിരാളികളെ അടിയറവു പറയിപ്പിച്ചു.
ലോക 44ാം നമ്പര്‍ താരത്തെ വീഴ്ത്തി ഇന്ത്യയുടെ റുത്വിക ശിവാനി ഗാഡേ സിംഗപ്പൂര്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ലിന്‍ഡ സെച്ചിരിയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്കോര്‍: 21-15, 17-21, 21-16. ആദ്യ ഗെയിം നേടിയെങ്കിലും രണ്ടാം ഗെയിം റുത്വിക നഷ്ടപ്പെടുത്തി. മൂന്നാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരം ലക്ഷ്യം നേടുകയായിരുന്നു. 47 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം.
രണ്ടാം റൗണ്ടില്‍ കടുത്ത മത്സരമാണ് റുത്വികയെ കാത്തിരിക്കുന്നത്. അഞ്ചാം സീഡ് സയാക തകാഷിയാണ് റുത്വികയുടെ എതിരാളി. അതേ സമയം പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ വാക്ക്ഓവര്‍ ലഭിച്ചു. മറ്റൊരു ഇന്ത്യന്‍ താരം പാരുപള്ളി കശ്യപുമായായിരുന്നു സൗരഭിന്റെ മത്സരം. കശ്യപിനു പരിക്കേറ്റതാണോ കാരണമെന്ന് വ്യക്തമല്ല.
മറ്റൊരു ഇന്ത്യന്‍ താരം ഋതുപര്‍ണ ദാസും രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. മത്സരത്തില്‍ നിന്ന് എതിരാളി ആദ്യ ഗെയിമിനിടെ പിന്മാറിയതിനാലാണ് താരത്തിനു അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചത്.