മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ഇന്ത്യ, ആദ്യ ടി20യില്‍ പരാജയം

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ പരാജയം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന് ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ഇന്ത്യയുടെ റണ്ണൊഴുക്ക് നഷ്ടമാവുകയും ഇന്ത്യ 23 റണ്‍സ് തോല്‍വിയിലേക്ക് വീഴുകയുമായിരുന്നു. 160 റണ്‍സ് വിജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് പ്രിയ പൂനിയയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാന-ജെമീമ റോഡ്രിഗസ് കൂട്ടുകെട്ട് 98 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

തന്റെ ഏറ്റവും വേഗതയേറിയ ടി20 അര്‍ദ്ധ ശതകം തികച്ച ശേഷം പുറത്തായ സ്മൃതിയ്ക്ക്(58) തൊട്ടുപിന്നാലെ ജെമീമയും(39) പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ലിയ തഹാഹുവും അമേലിയ കെറും ഇന്ത്യയെ വരിഞ്ഞു മുറുക്കി വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പൊരുതി നോക്കി. 17 റണ്‍സ് നേടി താരവും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 19.1 ഓവറില്‍ ഇന്ത്യ 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു . ലിയ തഹുഹു മൂന്ന് വിക്കറ്റും അമേലിയ കെര്‍ രണ്ട് വിക്കറ്റുമാണ് നേടിയത്. ലെയ്ഗ് കാസ്പെറെക്കിനു രണ്ട് വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി സോഫി ഡിവൈന്‍ 62 റണ്‍സ് നേടിയപ്പോള്‍ ആമി സാറ്റെര്‍ത്‍വൈറ്റ്(33), കേറ്റി മാര്‍ട്ടിന്‍(27*) എന്നിവരും തിളങ്ങി. 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്.

53 പന്തില്‍ 99 റണ്‍സ് നേടിയിട്ടും ടീം ജയിച്ചില്ല, ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ആ കര്‍ത്തവ്യം നിര്‍വഹിച്ച് സോഫി ഡിവൈന്‍, തോല്‍വിയിലും തിളങ്ങി മന്ഥാന

വനിത ബിഗ് ബാഷില്‍ ഇന്ന് നടന്ന അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്-ഹോബാര്‍ട്ട് ഹറികെയന്‍സ് മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ വിഫലമായെന്ന് തോന്നിയത് അഡിലെയ്ഡിന്റെ സോഫി ഡിവൈന്റെ പുറത്താകാതെ നേടിയ 99 റണ്‍സായിരുന്നു. 53 പന്തില്‍ നിന്ന് 10 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു ഡിവൈന്റെ പ്രകടനം. ഒപ്പം താഹില മഗ്രാത്ത് 63 റണ്‍സ് നേടിയപ്പോള്‍ 189/5 എന്ന ജയിക്കുവാന്‍ പോന്ന സ്കോര്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് നേടിയിരുന്നു.

എന്നാല്‍ ഹോബാര്‍ട്ടിനു വേണ്ടി സ്മൃതി മന്ഥാനയും ജോര്‍ജ്ജിയ റെഡ്മെയിനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ ടീം 189 റണ്‍സ് നേടി. ജോര്‍ജ്ജിയ 54 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സ്മൃതി 25 പന്തില്‍ നിന്ന് 52 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. സാറ കോയ്ടേ മൂന്ന് വിക്കറ്റുമായി അഡിലെയ്ഡിനു വേണ്ടി തിളങ്ങി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനു വേണ്ടി സ്മൃതി ആദ്യ പന്തില്‍ സിക്സ് നേടി . എന്നാല്‍ ഓവറില്‍ നിന്ന് 12 റണ്‍സ് മാത്രമേ ഒരു വിക്കറ്റ് നഷ്ടത്തില്‍ ടീമിനു നേടാനായുള്ളു. സാറ കോയ്ടെയാണ് ഓവര്‍ എറിഞ്ഞത്. ബാറ്റിംഗിനിറങ്ങിയ സോഫി ആദ്യ മൂന്ന് പന്തില്‍ നിന്ന് തന്നെ അഡിലെയ്ഡിനെ സൂപ്പര്‍ ഓവര്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആദ്യ രണ്ട് പന്തും സിക്സര്‍ പറത്തി സോഫി സ്കോര്‍ ഒപ്പമെത്തിച്ച ശേഷം മൂന്നാം പന്തില്‍ ബൗണ്ടറി നേടി വിജയം ഉറപ്പാക്കി.

22 പന്തില്‍ അര്‍ദ്ധ ശതകം നേടി സോഫി ഡിവൈന്‍, ജയത്തോടെ ന്യൂസിലാണ്ടിനു മടക്കം

വനിത ലോക ടി20യുടെ സെമിയില്‍ കടക്കാനായില്ലെങ്കിലും തങ്ങളുടെ ആധികാരികത ഉറപ്പാക്കുന്ന ജയത്തോടെ ന്യൂസിലാണ്ടിനു മടക്കം. അവസാന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ആധികാരിക ജയം ഉറപ്പാക്കിയാണ് ന്യൂസിലാണ്ട് ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 79/9 എന്ന നിലയില്‍ പിടിച്ചുകെട്ടിയ ശേഷം 7.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ന്യൂസിലാണ്ട് സ്വന്തമാക്കി.

22 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 3 സിക്സും സഹിതം 51 റണ്‍സ് നേടിയ സോഫി ഡിവൈന്റെ വെടിക്കെട്ട് പ്രകടനമാണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനായി ഗാബി ലൂയിസ് 39 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ന്യൂസിലാണ്ടിനായി ലെയ്ഗ കാസ്പെറെക് മൂന്നും ലിയ തഹാഹു അമേലിയ കെര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version