ജാമി ഓവര്‍ട്ടണ്‍ ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ്, ഇനി താരം പോകുന്നത് സറേയിലേക്ക്

ജാമി ഓവര്‍ട്ടണ്‍ ഈ സീസണ്‍ അവസാനത്തോടെ കൗണ്ടി ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്. ഈ സീസണിന് ശേഷം താരം സറേയിലേക്കാവും ചേക്കേറുന്നത്. 26 വയസ്സുകാരന്‍ ഫാസ്റ്റ് ബൗളര്‍ ഇതുവരെ 152 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 2012ല്‍ ആണ് താരം കൗണ്ടിയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

താരം വിട വാങ്ങുന്നത് സങ്കടകരമായ കാര്യമാണെന്നാണ് സോമര്‍സെറ്റ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റര്‍ ആന്‍ഡി ഹറി വ്യക്തമാക്കിയത്. 16ാം വയസ്സില്‍ സോമര്‍സെറ്റ് അക്കാഡമിയില്‍ ചേര്‍ന്ന താരം ക്ലബ്ബിലെ കാണികള്‍ക്കിടയിലെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

9 വര്‍ഷത്തിന് ശേഷം ക്ലബ് വിടുന്നതില്‍ വിഷമമുണ്ടെങ്കിലും പുതിയ വെല്ലുവിളികള്‍ക്കായാണ് ഇതെന്നത് ആകാംക്ഷ നല്‍കുന്നുണ്ടെന്ന് താരം വ്യക്തമാക്കി.

കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. താരം ഈ ടി20 ബ്ലാസ്റ്റ് സീസണിലെ എല്ലാ മത്സരങ്ങളിലും ടീമിനായി കളിക്കാനിരുന്നതാണ്. ഇരുവരും നിലവിലെ സ്ഥിതിയ്ക്ക് അനുയോജ്യമായ തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും തീരുമാനം അംഗീകരിച്ചതിന് താരത്തോട് നന്ദി പറയുന്നുവെന്നും സോമര്‍സെറ്റ് ഡയറക്ടര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 1 വരെ ഇംഗ്ലണ്ടില്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ക്ലബുകളെല്ലാം ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തരത്തില്‍ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുകയാണ്.

ഫിലാന്‍ഡറിന്റെ കൊല്‍പക് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെറോണ്‍ ഫിലാന്‍ഡറിന്റെ കൊല്‍പക് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൗണ്ടിയും താരവും തമ്മില്‍ സംയുക്തമായ തീരുമാനത്തിലാണ് ഈ റദ്ദാക്കല്‍ തീരുമാനം അംഗീകരിച്ചതെന്നാണ് അറിയുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാണ് ഫിലാന്‍ഡര്‍ സോമര്‍സെറ്റുമായി കരാറിലെത്തിയത്.

ഏപ്രില്‍ ആദ്യം ക്ലബില്‍ ചേരുവാനിരുന്ന താരത്തിന് എന്നാല്‍ അതിന് സാധിച്ചില്ല. ജൂലൈ 1 വരെ ഇംഗ്ലണ്ടില്‍ യാതൊരു വിധ ക്രിക്കറ്റും നടത്തേണ്ടതില്ല എന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചതോടെ കൗണ്ടി മത്സരങ്ങള്‍ നീളുകയായിരുന്നു. ഇതിന് പുറമെ പല കൗണ്ടികളും തങ്ങളുടെ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുകയും വേതനിമില്ലാത്ത അവധി താരങ്ങള്‍ക്ക് നല്‍കുന്ന സാഹചര്യം ഉടലെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലും കൂടി 101 മത്സരങ്ങളാണ് ഫിലാന്‍ഡര്‍ കളിച്ചിട്ടുള്ളത്. ഇതില്‍ താരം കൂടുതല്‍ പ്രഭാവം ഉണ്ടാക്കിയത് ടെസ്റ്റ് ക്രിക്കറ്റിലാണ്. 64 ടെസ്റ്റുകളില്‍ നിന്ന് താരം 224 വിക്കറ്റാണ് നേടിയത്.

വെയ്ഡിന്റെ പരിക്ക്, കൗണ്ടിയില്‍ താരം കളിക്കില്ല

സോമര്‍സെറ്റിന് വേണ്ടി ഈ സീസണ്‍ കൗണ്ടിയില്‍ ഓസ്ട്രേലിയന്‍ താരം മാത്യു വെ്ഡ് കളിക്കില്ലെന്ന് അറിയിച്ച് കൗണ്ടി. ക്ലബ്ബിനായി ഏഴ് മത്സരങ്ങള്‍ കളിക്കേണ്ടിയിരുന്ന താരത്തിന്റെ പങ്കാളിത്തം കൊറോണ വ്യാപനത്തെ തുടര്‍ന്ന് നേരത്തെ തന്നെ സംശയത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ മുട്ടിനേറ്റ പരിക്കാണ് താരം ഈ സീസണില്‍ ടീമിനൊപ്പം ചേരില്ലെന്ന കാര്യത്തില്‍ സ്ഥിരീകരണത്തിലെത്തുവാന്‍ കാരണമായത്.

ഈ നഷ്ടമാകുന്നത് തനിക്ക് വലിയ തിരിച്ചടിയാണെന്ന് വെയ്ഡ പറഞ്ഞു. ഈ സമ്മറില്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നതിനെക്കുറിച്ച് താന്‍ ഉറ്റു നോക്കുകയായിരുന്നുവെന്നും വെയ്ഡ് പറഞ്ഞു. ഏപ്രില്‍ 12ന് ആരംഭിക്കേണ്ട കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കൊറോണ കാരണം വൈകുവാനാണ് സാധ്യത.

വിരമിക്കലിന് ശേഷം കൊല്‍പക് കരാറിലൂടെ സോമര്‍സെറ്റിലേക്ക് ചേക്കേറുവാന്‍ ഫിലാന്‍ഡര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമന്ന് അറിയിച്ച വെറോണ്‍ ഫിലാന്‍ഡര്‍ കൊല്‍പക് കരാറിലൂടെ സോമര്‍സെറ്റിലേക്ക് എത്തുമെന്ന് സൂചന. കൗണ്ടിയുമായുള്ള കരാര്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് സോമര്‍സെറ്റ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

2012ല്‍ സോമര്‍സെറ്റിനായി അഞ്ച് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. സോമര്‍സെറ്റ് ഉള്‍പ്പെടെ അഞ്ച് ഇംഗ്ലീഷ് കൗണ്ടികളില്‍ താരം ഇതിന് മുമ്പ് കളിച്ചിട്ടുണ്ട്.

മാത്യൂ വെയ്ഡുമായി കരാറിലെത്തി സോമര്‍സെറ്റ്

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ താരം മാത്യൂ വെയ്ഡുമായി കരാറിലെത്തി ഇംഗ്ലീഷ് കൗണ്ടി ടീമായ സോമര്‍സെറ്റ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഏഴ് മത്സരങ്ങളിലാണ് താരത്തിനെ ടീം കരാറിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്നുള്ള അനുമതിയും താരത്തിനുള്ള വിസയും ലഭിയ്ക്കേണ്ടതായിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കായി 30 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരം 4 ശതകങ്ങള്‍ നേടിയിട്ടുണ്ട്. അടുത്ത് കാലത്തായി മികച്ച ഫോമിലുള്ള താരം ഓസ്ട്രേലിയന്‍ ടീമില്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സ്ഥാനം നേടിയിട്ടുള്ളത്. ആഷസില്‍ ഓസ്ട്രേലിയന്‍ നിരയില്‍ 337 റണ്‍സോടെ മൂന്നാം സ്ഥാനത്തായിരുന്നു താരം.

ഏപ്രിലില്‍ വാര്‍വിക്ക്ഷയറിനെതിരെയാണ് സോമര്‍സെറ്റിന്റെ ആദ്യ മത്സരം. പിച്ച് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ക്ലബ് 12 പോയിന്റ് പിന്നില്‍ നിന്നാവും സീസണ്‍ ആരംഭിക്കുന്നത്.

കൗണ്ടിയിലെ നിര്‍ണ്ണായ മത്സരത്തില്‍ മോശം പിച്ച്, സോമര്‍സെറ്റിന് പിഴ

അടുത്ത വര്‍ഷത്തെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റ് പിന്നിലായാവും സീസണ്‍ സോമര്‍സെറ്റ് ആരംഭിക്കുന്നത്. ഈ സെപ്റ്റംബറില്‍ എസ്സെക്സുമായുള്ള ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ മോശം പിച്ച് തയ്യാറാക്കിയതിനാണ് ടീമിനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി.

ടൂര്‍ണ്ണമെന്റിലെ ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ടൊണ്ടണിലെ പിച്ച് വളരെ മോശമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

വിധിയ്ക്കെതിരെ അപ്പീല്‍ പോകുവാന്‍ 14 ദിവസം സമയം സോമര്‍സെറ്റിനുണ്ട്.

മുരളി വിജയ് കൗണ്ടിയിലേക്ക്, സോമര്‍സെറ്റുമായി കരാര്‍

അസ്ഹര്‍ അലിയ്ക്ക് പകരം മുരളി വിജയ്‍യെ കൗണ്ടി കളിയ്ക്കാനായി തിരഞ്ഞെടുത്ത് സോമര്‍സെറ്റ്. മൂന്ന് കൗണ്ടി മത്സരങ്ങള്‍ക്കായാണ് ടീം വിജയിനെ എടുത്തിരിക്കുന്നത്. അസ്ഹര്‍ അലിയെ പാക്കിസ്ഥാന്‍ ദേശീയ ടീമിലേക്ക് യാത്രയാകുമ്പോള്‍ പകരം എത്തുന്നതാണ് മുരളി വിജയ്. തനിക്ക് അവസരം ലഭിയ്ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മുരളി വിജയ് പറഞ്ഞത്. സോമര്‍സെറ്റിന് കിരീടം നേടിക്കൊടുക്കുവാനുള്ള ശ്രമങ്ങളില്‍ തനിക്കും ഭാഗമാകുവാനുള്ള അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും മുരളി വിജയ് പറഞ്ഞു.

എസ്സെക്സിന് വേണ്ടി കഴിഞ്ഞ വര്‍ഷം കളിച്ച് മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മുരളി വിജയ്. താരത്തിനെ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യവും പരിഗണിച്ചിട്ടുണ്ടെന്ന് സോമര്‍സെറ്റ് അധികൃതര്‍ അറിയിച്ചു.

ലോക ടി20യിലെ ഒന്നാം നമ്പര്‍ താരത്തെ ടി20 ബ്ലാസ്റ്റിനു സ്വന്തമാക്കി സോമര്‍സെറ്റ്

ലോക ടി20യിലെ ഒന്നാം നമ്പര്‍ താരമായ ബാബര്‍ അസമിനെ വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റ് സീസണിനു വേണ്ടിയുള്ള ടീമിലേക്ക് തിരഞ്ഞെടുത്ത് ഇംഗ്ലീഷ് കൗണ്ടിയായ സോമര്‍സെറ്റ്. ജൂലൈ 18നു ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിനു വേണ്ടിയാണ് താരത്തെ സോമര്‍സെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 21നു നടക്കുന്ന ഫൈനലിലേക്ക് ടീം യോഗ്യത നേടിയാല്‍ താരം കളിയ്ക്കാനുണ്ടാകുമോ എന്നതില്‍ ഉറപ്പില്ല.

തനിയ്ക്ക് ലഭിച്ച പുതിയ അവസരത്തെ താന്‍ ഉറ്റു നോക്കുകയാണെന്നാണ് അസം ഈ നീക്കത്തെക്കുറിച്ച് പറഞ്ഞത്. മുമ്പ് അസമിന്റെ സഹ കളിക്കാര‍ന്‍ അസ്ഹര്‍ അലി സോമര്‍സെറ്റിനു വേണ്ടി കളിച്ചിട്ടുണ്ട്, അന്ന് അസ്ഹറില്‍ നിന്ന് സോമര്‍സെറ്റിനെക്കുറിച്ച് നല്ല കാര്യങ്ങളാണ് കേട്ടിട്ടുള്ളതെന്നും ബാബര്‍ അസം പറഞ്ഞു. താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് സോമര്‍സെറ്റ് നല്‍കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നു ബാബര്‍ അസം പറഞ്ഞു.

സോമെര്‍സെറ്റില്‍ 2019 വരെ തുടരുവാന്‍ തീരുമാനിച്ച് മാര്‍ക്കസ് ട്രെസ്കോത്തിക്ക്

ഇംഗ്ലണ്ടിന്റെ മുന്‍ ഓപ്പണറും 42 വയസ്സുകാരനുമായി മാര്‍ക്കസ് ട്രെസ്ക്കോത്തിക്ക് ഒരു വര്‍ഷം കൂടി കൗണ്ടിില്‍ തുടരുവാന്‍ തീരുമാനിച്ചു. സോമെര്‍സെറ്റുമായി 2019 വരെ കരാര്‍ പുതുക്കിയതോടെ ക്ലബ്ബില്‍ തന്റെ 27ാം വര്‍ഷമാവും ട്രെസ്കോത്തിക്ക് കളിക്കുന്നത്. സോമെര്‍സെറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ബഹുമതിയും ട്രെസ്കോത്തിക്കിനാണ്. 52 ഫസ്റ്റ് ക്ലാസ് ശതകങ്ങളാണ് ഈ സീനിയര്‍ താരം കൗണ്ടിയ്ക്കായി നേടിയിട്ടുള്ളത്.

1993ല്‍ സോമെര്‍സെറ്റിനായി അരങ്ങേറ്റം കുറിച്ച താരം 26018 ഫസ്റ്റ് ക്ലാസ് റണ്‍സാണ് ടീമിനായി നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി 76 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 5825 റണ്‍സ് നേടിയ താരം 123 ഏകദിനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് 4335 റണ്‍സ് നേടിയിട്ടുണ്ട്.

ടി20 ബ്ലാസ്റ്റ്, സോമര്‍സെറ്റുമായി കരാറിലേര്‍പ്പെട്ട് ജെറോം ടെയിലര്‍

സോമര്‍സെറ്റിന്റെ ശേഷിക്കുന്ന 9 മത്സരങ്ങള്‍ക്കായി ടീമുമായി കരാറിലേര്‍പ്പെട്ട് ജെറോം ടെയിലര്‍. ജൂലൈ 27നു സറേയുമായുള്ള ഫിക്സ്ച്ചറിലും ടീം നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ ആ മത്സരങ്ങളിലുമാവും ടെയിലറുടെ സേവനം സോമര്‍സെറ്റിനു ലഭ്യമാവുക. 2016 ടി20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമിലെ അംഗമായിരുന്നു ജെറോം ടെയിലര്‍. ഇംഗ്ലണ്ടില്‍ മുമ്പ് സസ്സെക്സ്, ലെസെസ്റ്റര്‍ഷയര്‍ എന്നിവര്‍ക്കായി കളിച്ച് പരിചയമുള്ള താരമാണ് ജെറോം ടെയിലര്‍.

ടി20 ബ്ലാസ്റ്റ് സൗത്ത് ഡിവിഷനില്‍ സോമര്‍സെറ്റ് നിലവില്‍ ആറാം സ്ഥാനത്താണ്. രണ്ട് വിജയങ്ങളും രണ്ട് പരാജയങ്ങളുമാണ് ടീമിന്റെ അക്കൗണ്ടില്‍ ഇതുവരെയുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെന്‍ഷായ്ക്ക് പകരം പാക്കിസ്ഥാന്‍ താരത്തെ ടീമിലെത്തിച്ച് സോമര്‍സെറ്റ്

പരിക്കേറ്റ് പുറത്തായ മാറ്റ് റെന്‍ഷായ്ക്ക് പകരം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ താരം അസ്ഹര്‍ അലിയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് കൗണ്ടി സോമര്‍സെറ്റ്. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് പകരമാണ് സോമര്‍സെറ്റ് റെന്‍ഷായെ ടീമിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം സറേയ്ക്കെതിരെയുള്ള മത്സരത്തില്‍ താരത്തിനു പരിക്കേറ്റിരുന്നു. ഇതോടെ കൗണ്ടിയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം പങ്കെടുക്കില്ലെന്ന് ഉറപ്പാകുകയായിരുന്നു.

പാക്കിസ്ഥാനു വേണ്ടി 65 ടെസ്റ്റില്‍ നിന്നായി 5202 റണ്‍സ് നേടിയിട്ടുള്ള താരമാണ് 33 വയസ്സുകാരന്‍ അസ്ഹര്‍ അലി. വിന്‍ഡീസിനെതിരെ ഡേ നൈറ്റ് ടെസ്റ്റില്‍ (2016) ട്രിപ്പിള്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു അസ്ഹര്‍ അലി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version