ബിഗ് ബാഷിൽ കളിക്കാനായി സ്മൃതിയും ദീപ്തിയും, ഇരുവരെയും സ്വന്തമാക്കി സിഡ്നി തണ്ടര്‍

വനിത ബിഗ് ബാഷിൽ ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ഥാനയും ദീപ്തി ശര്‍മ്മയും കളിക്കും. സിഡ്നി തണ്ടര്‍ ആണ് ഇരു താരങ്ങളുമായി കരാറിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹീത്തര്‍ നൈറ്റ്, താമി ബ്യൂമോണ്ട് എന്നിവര്‍ക്ക് പകരമാണ് ഇന്ത്യന്‍ താരങ്ങളെ ടീമിലേക്ക് സിഡ്നി തണ്ടര്‍ എത്തിച്ചിരിക്കുന്നത്.

സ്മൃതി മന്ഥാന മുമ്പ് ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടിയും ഹോബാര്‍ട്ട് ഹറികെയിന്‍സിന് വേണ്ടിയും കളിച്ചിട്ടുള്ളപ്പോള്‍ ദീപ്തി ശര്‍മ്മ ഇതാദ്യമായാണ് ബിഗ് ബാഷിലേക്ക് എത്തുന്നത്.

സ്മൃതിയുടെ മികവിൽ ഇന്ത്യയ്ക്ക് 274 റൺസ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 274 റൺസ് നേടി ഇന്ത്യ. സ്മൃതി മന്ഥാന നേടിയ 86 റൺസിനൊപ്പം റിച്ച ഘോഷ്(44), ദീപ്തി ശര്‍മ്മ(23), ഷഫാലി വര്‍മ്മ(22), പൂജ വസ്ട്രാക്കര്‍(29), ജൂലന്‍ ഗോസ്വാമി(28*) എന്നിവരുടെ പ്രകടനമാണ് 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെ 274 റൺസിലേക്ക് എത്തിച്ചത്.

ഓപ്പണിംഗ് കൂട്ടുകെട്ട് 74 റൺസ് നേടിയ ശേഷം തുടരെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തിയെങ്കിലും സ്മൃതിയും റിച്ചയും ചേര്‍ന്ന് ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കര്‍ – ജൂലന്‍ ഗോസ്വാമി കൂട്ടുകെട്ട് 53 റൺസ് നേടി ഇന്ത്യയ്ക്കായി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി താഹ്‍ലിയ മക്ഗ്രാത്ത് 3 വിക്കറ്റ് നേടി.

വനിത ഐപിഎൽ ആരംഭിക്കണം – സ്മൃതി മന്ഥാന

വനിതകളുടെ ഐപിഎൽ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ വനിത താരം സ്മൃതി മന്ഥാന. വനിത ടി20 ചലഞ്ച് ബിസിസിഐ ആരംഭിച്ചുവെങ്കിലും പിന്നീട് കൊറോണ കാരണം ടൂര്‍ണ്ണമെന്റ് ഇപ്രാവശ്യം നടത്തേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

രാജ്യത്ത് 5-6 ടീമുകള്‍ക്കുള്ള വനിത താരങ്ങളുണ്ടെന്നും വിദേശ താരങ്ങള്‍ കൂടിയെത്തുമ്പോള്‍ വനിത ഐപിഎൽ ആരംഭിക്കേണ്ട സമയം ആയെന്നും സ്മൃതി വ്യക്തമാക്കി. ഇത് ഇന്ത്യന്‍ വനിത ക്രിക്കറ്റിനെ മെച്ചപ്പെടുത്തുവാനും സഹായിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും സ്മൃതി വ്യക്തമാക്കി.

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോളാണ് സ്മൃതി തന്റെ അഭിപ്രായം പങ്കുവെച്ചത്. ടൂര്‍ണ്ണമെന്റ് ആരംഭിച്ചാൽ അത് 100% വിജയം ആകുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

സ്മൃതി മന്ഥാന ദി ഹണ്ട്രെഡിന്റെ ഫൈനലിനില്ല, നാട്ടിലേക്ക് മടങ്ങും

ഇന്ത്യന്‍ താരം സ്മൃതി മന്ഥാന സതേൺ ബ്രേവിന്റെ ഫൈനലുള്‍പ്പെടെയുള്ള ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ടീമിനൊപ്പം കാണില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യന്‍ താരം നാട്ടിലേക്ക് മടങ്ങുന്നത്.

മികച്ച ഫോമില്‍ ആണ് ദി ഹണ്ട്രെഡിൽ മന്ഥാന കളിക്കുന്നത്. ഓസ്ട്രേലിയന്‍ ടൂറിന് യാത്രയാകുന്നതിന് മുമ്പ് തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുവാന്‍ വേണ്ടിയാണ് മന്ഥാന ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ലഭിയ്ക്കുന്ന വിവരം.

മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മ്മന്‍പ്രീത് കൗര്‍ പരിക്ക് മൂലം നാട്ടിലേക്ക് മടങ്ങുന്നുണ്ട്.

മന്ഥാനയുടെ മികവിൽ സതേൺ ബ്രേവ് ഫൈനലിലേക്ക്

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിന്റെ ഫൈനലിൽ കടന്ന് സതേൺ ബ്രേവ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്. 52 പന്തിൽ 78 റൺസ് നേടിയ സ്മൃതി മന്ഥാനയും 34 പന്തിൽ 53 റൺസ് നേടിയ ഡാനിയേൽ വയട്ടുമാണ് ബ്രേവിനായി തിളങ്ങിയത്. സോഫിയ ഡങ്ക്ലി 13 പന്തിൽ 23 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വെല്‍ഷ് ഫയര്‍ 127 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ബ്രയോണി സ്മിത്ത്(33), ജോര്‍ജ്ജിയ റെഡ്മയിന്‍(35), സോഫിയ ലഫ്(30) എന്നിവരാണ് വെല്‍ഷിന് വേണ്ടി റൺസ് കണ്ടെത്തിയത്.

സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ സതേൺ ബ്രേവിന് വിജയം

സ്മൃതി മന്ഥാനയുടെ മികവിൽ സതേൺ 8 വിക്കറ്റ് വിജയം. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ വെൽഷ് ഫയര്‍ 110 റൺസാണ് നൂറ് പന്തിൽ നേടിയത്. 33 റൺസ് നേടിയ ഹെയില് മാത്യൂസും 23 റൺസുമായി പുറത്താകാതെ നിന്ന ജോര്‍ജ്ജിയ ഹെന്നെസ്സിയും ആണ് വെൽഷ് നിരയിൽ റൺസ് കണ്ടെത്തിയത്. ലോറന്‍ ബെല്ലും അമാന്‍ഡ വെല്ലിംഗ്ടണും രണ്ട് വിക്കറ്റ് വീതം സതേൺ ബ്രേവിനായി നേടി.

39 പന്തിൽ 61 റൺസ് നേടി പുറത്താകാതെ നിന്ന സ്മൃതി മന്ഥാനയുടെ മികവിലാണ് സതേൺ ബ്രേവിന്റെ വിജയം. 84 പന്തിൽ ആണ് അവരുടെ വിജയം. സോഫിയ ഡങ്ക്ലി 16 റൺസും സ്റ്റഫാനി ടെയിലര്‍ 17 റൺസും നേടി പുറത്താകാതെ നിന്നു.

മന്ഥാനയുടെ മികവിനും രക്ഷിക്കാനായില്ല ഇന്ത്യയെ, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരെ എട്ട് വിക്കറ്റ് വിജയത്തിന്റെ ബലത്തിൽ ടി20 പരമ്പര 2-1ന് സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ഥാനയുടെ മികവിന്റെ ബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് ലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

മന്ഥാന 51 പന്തിൽ 70 റൺസ് നേടിയപ്പോള്‍ മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ആദ്യ ഓവറിൽ തന്നെ ഷഫാലി പുറത്തായി ശേഷം ഹര്‍ലീന്‍ ഡിയോളിനെയും ഇന്ത്യയ്ക്ക് വേഗത്തിൽ നഷ്ടമാകുകയായിരുന്നു.

Kathrinebrunt

13/2 എന്ന നിലയിൽ നിന്ന് 68 റൺസ് നേടി മന്ഥാന – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും 36 റൺസ് നേടിയ കൗറും പുറത്തായതോടെ ഇന്ത്യയുടെ ബാറ്റിംഗിന്റെ താളം തെറ്റി. 8 ഫോറും 2 സിക്സും നേടിയ സ്മൃതിയെ കാത്തറിന്‍ ബ്രണ്ടാണ് പുറത്താക്കിയത്. ഷഫാലിയുടെ വിക്കറ്റും ബ്രണ്ടിനായിരുന്നു. റിച്ച ഘോഷ് 20 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോൺ മൂന്ന് വിക്കറ്റിനുടമയായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഡാനിയേൽ വയട്ട് 56 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയപ്പോള്‍ നത്താലി സ്കിവര്‍ 42 റൺസ് നേടി താരത്തിന് മികച്ച പിന്തുണ നല്‍കി.

ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം ഉണ്ടാകണം – സ്മൃതി മന്ഥാന

ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നിന്ന് സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം ഉണ്ടാകണമെന്ന് അറിയിച്ച് സ്മതി മന്ഥാന. രണ്ടാം മത്സരത്തിൽ മികച്ച വിജയം ഇന്ത്യ നേടിയെടുത്തുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് പ്രകടനം മികച്ച രീതിയിൽ പുറത്തെടുക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞ മത്സരത്തിലെ വിജയം ഇന്ത്യന്‍ ടീമിന് ഏറെ നിര്‍ണ്ണായകമാണെന്നും അത് ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്നും പറ‍ഞ്ഞ സ്മൃതി ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരേണ്ടതുണ്ടെന്നും വ്യക്തമാക്കി.

ഹര്‍മ്മന്‍പ്രീത് കൗര്‍ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ഏറ്റവും വലിയ കാര്യമെന്നും അടുത്ത മത്സരത്തിൽ ിന്ത്യന്‍ ടീമിന് ജയിക്കുവാന്‍ ബാറ്റിംഗ് സംഘത്തിന്റെ പ്രകടനം നിര്‍ണ്ണായകമാണെന്നും ഇന്ത്യന്‍ ഓപ്പണര്‍ സൂചിപ്പിച്ചു.

അരങ്ങേറ്റ ടെസ്റ്റ് അര്‍ദ്ധ ശതകവുമായി ഷഫാലി വര്‍മ്മ, മന്ഥാനയ്ക്കും അര്‍ദ്ധ ശതകം, ഓപ്പണര്‍മാരുടെ ശതക കൂട്ടുകെട്ട്

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ അര്‍ദ്ധ ശതകം നേടി ഷഫാലി വര്‍മ്മ. ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം. ഇംഗ്ലണ്ട് 396/9 എന്ന സ്കോറിന് ഡിക്ലയര്‍ ചെയ്ത ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.

ചായയ്ക്ക് പിരിയുമ്പോള്‍ 63/0 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അതിവേഗത്തിലാണ് അവസാന സെഷനിൽ സ്കോറിംഗ് നടത്തിയത്. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 30 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 112 റൺസാണ് നേടിയത്. 56 റൺസുമായി ഷഫാലി വര്‍മ്മയും 51 റൺസുമായി സ്മൃതി മന്ഥാനയുമാണ് ക്രീസിൽ.

മൂന്നാം ടി20യില്‍ ആശ്വാസ വിജയം നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യില്‍ ആധികാരിക വിജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്ക നല്‍കിയ വിജയ ലക്ഷ്യമായ 112 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 ഓവറിലാണ് ഇന്ത്യ മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്.

28 പന്തില്‍ 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാന പുറത്താകാതെ നിന്നപ്പോള്‍ 30 പന്തില്‍ 60 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഷഫാലി വര്‍മ്മ പുറത്തെടുത്തത്. 5 സിക്സും ഏഴ് ഫോറുമാണ് താരം നേടിയത്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 96 റണ്‍സാണ് നേടിയത്.

രാജേശ്വരി ഗായക്വാഡിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂനേ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ലോറ ഗുഡോള്‍ പുറത്താകാതെ 25 റണ്‍സ് നേടി.

അവസാന പന്തിലെ തോല്‍വി ഉള്‍ക്കൊള്ളുവാന്‍ ഏറെ പ്രയാസമുള്ളത് – സ്മൃതി മന്ഥാന

ഇന്ത്യ ദക്ഷിണാഫ്രിക്കയോട് രണ്ടാം ടി20യില്‍ പരാജയപ്പെട്ടത് അവസാന ഓവറിലാണ്. ഈ തോല്‍വി ഉള്‍ക്കൊള്ളുവാന്‍ ഏറെ പ്രയാസമുള്ള ഒന്നാണെന്നെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥാന പറഞ്ഞത്. ഈ അവസാന പന്തിലെ വിജയത്തോടെ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക തങ്ങളുടെ ടി20 ചരിത്രത്തിലെ തന്നെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരം 80 ശതമാനത്തോളം ഇന്ത്യയുടെ കൈവശമായിരുന്നുവെന്നും അതിനാല്‍ തന്നെ അവസാന നിമിഷം അത് കൈവിട്ടത് ഏറെ ദുഖകരമായ അവസ്ഥയാണെന്നും സ്മൃതി പറഞ്ഞു.

ഇന്ത്യയുടെ മോശം ഫീല്‍ഡിംഗിന്റെ ഗുണം ഉപയോഗിച്ച് ലിസെല്ലേ ലീ 45 പന്തില്‍ നിന്ന് 70 റണ്‍സാണ് നേടിയത്. താരത്തിനെ 30 റണ്‍സിലും 50 റണ്‍സിലും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിടുകയായിരുന്നു. ഇന്ത്യയുടെ ഫീല്‍ഡിംഗ് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇന്ത്യ ഫീല്‍ഡ് ചെയ്ത രീതിയില്‍ ടീമിന് വിജയം അര്‍ഹിച്ചിരുന്നില്ലെന്നും സ്മൃതി സൂചിപ്പിച്ചു.

ഹര്‍മ്മന്‍പ്രീത് കൗറിന് പരിക്ക്, ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുണ്ടാവില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ കളിക്കില്ല. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍മ്മന്‍പ്രീത് കൗര്‍. കൗറിന്റെ അഭാവത്തില്‍ സ്മൃതി മന്ഥാന ടീമിനെ നയിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 31ാം ഓവറില്‍ ഹര്‍മ്മന്‍പ്രീതിന്റെ സ്കോര്‍ 30ല്‍ നില്‍ക്കുമ്പോള്‍ ആണ് താരം പിന്മാറിയത്. പിന്നീട് മത്സരത്തില്‍ ഫീല്‍ഡിംഗിനും താരം രംഗത്തെത്തിയില്ല.

താരത്തിന്റെ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാത്രമേ അറിയുള്ളുവെന്നും അത് ടീം മാനേജ്മെന്റും മെഡിക്കല്‍ ടീമും പറയുന്നതാവും കൂടുതല്‍ വ്യക്തത തരിക എന്ന് ടീമിനെ നയിക്കുവാനൊരുങ്ങുന്ന സ്മൃതി മന്ഥാന പറഞ്ഞു.

Exit mobile version