സച്ചിനും പോണ്ടിംഗും, തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാന്മാര്‍ , ഫുട്ബോളില്‍ പ്രിയ താരം മെസ്സി – ശുഭ്മന്‍ ഗില്‍

സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിംഗുമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാന്മാരെന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാനായി സച്ചിനെയും വിദേശ താരങ്ങളില്‍ ഏറ്റവും പ്രിയങ്കരന്‍ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും ആണെന്ന് ഗില്‍ പറഞ്ഞു.

മെസ്സിയാണോ റൊണാള്‍ഡോയാണോ തന്റെ പ്രിയ താരമെന്ന ഫുട്ബോള്‍ സംബന്ധമായ ചോദ്യത്തിന് താരം മെസ്സിയെ തിരഞ്ഞെടുത്തു കൊണ്ട് ഉത്തരം നല്‍കി.

പന്തിനെയും ഗില്ലിനെയും ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്തു, സാഹയ്ക്ക് സ്റ്റാന്‍ഡ് ബൈ ആയി ഭരത്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മത്സരിക്കുവാനുള്ള അവസരത്തിനായി ശുഭ്മന്‍ ഗില്ലിനെയും ഋഷഭ് പന്തിനെയും ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്ത് ഇന്ത്യ. അതേ സമയം വൃദ്ധിമന്‍ സാഹയ്ക്ക് സ്റ്റാന്‍ഡ് ബൈ എന്ന നിലയില്‍ കെഎസ് ഭരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയുടെ അടുത്ത രണ്ട് സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ പന്തിന് കളിക്കാനാകും. നവംബര്‍ 24ന് ഹരിയാനയ്ക്കും നവംബര്‍ 27ന് രാജസ്ഥാനുമായുള്ള മത്സരങ്ങളിലാണ് താരം കളിക്കുക. ഡല്‍ഹി സെമിയിലേക്കും ഫൈനലിലക്കും യോഗ്യത നേടിയാല്‍ ആ മത്സരങ്ങളിലും പന്ത് കളിക്കും.

പഞ്ചാബിന് വേണ്ടി നവംബര്‍ 24ന് കര്‍ണ്ണാടകയ്ക്കും നവംബര്‍ 25ന് തമിഴ്നാടുമായിട്ടാണ് ശുഭ്മന്‍ ഗില്ലിന്റെ മത്സരങ്ങള്‍.

യുവരാജും ഗുര്‍കീരത്ത് മന്നും പഞ്ചാബ് ടീമിലെ പിതൃതുല്യ സ്ഥാനീയര്‍

തന്റെ വളര്‍ച്ചയില്‍ യുവരാജ് സിംഗിന് വലിയ പങ്കുണ്ടെന്നും പഞ്ചാബ് ടീമില്‍ പിതൃ തുല്യരായ സ്ഥാനമുള്ള താരങ്ങളാണ് യുവരാജ് സിംഗും, ഗുര്‍കീരത്ത് മന്നും എന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍. ഒട്ടനവധി ആളുകള്‍ തന്നെ ഉപദേശിക്കാറുണ്ട്, താന്‍ വളരെ അധികം അടുപ്പമുള്ളയാളാണ് തന്റെ പിതാവ്, അദ്ദേഹവും തന്റെ ഉപദേശകരില്‍ ഒരാളാണെന്നും ഗില്‍ പറഞ്ഞു. യുവരാജ് സിംഗ് തന്നോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടരുതെന്നും കളിയില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞിരുന്നു, താന്‍ അത് അനുസരിക്കുകയും ചെയ്തുവെന്ന് ഗില്‍ പറഞ്ഞു.

യുവരാജ് തന്നോട് എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും ഉപദേശിക്കാറുണ്ടെന്നും ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടറെക്കുറിച്ച് ശുഭ്മന്‍ ഗില്‍ പറഞ്ഞു. തന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച താരമാണ് യുവരാജ് സിംഗെന്നും ശുഭ്മന്‍ ഗില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെിതിരെയുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ, ശുഭ്മന്‍ ഗില്‍ ടെസ്റ്റ് ടീമില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ഗാന്ധി-മണ്ടേല ട്രോഫിയ്ക്കായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. പേടിഎം ഫ്രീഡം സീരീസില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് ഏറ്റുമുട്ടുന്നത്. ശുഭ്മന്‍ ഗില്ലിന് ടെസ്റ്റ് ടീമില്‍ ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. അതേ സമയം വിന്‍ഡീസില്‍ ഓപ്പണറുടെ റോള്‍ ഏറ്റെടുത്ത കെഎല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

വിന്‍ഡീസിനെതിരെ ടെസ്റ്റ് കളിച്ച ടീമിന് ഏറെക്കുറെ സമാനമായ ടീമിനെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുലിന് പകരം രോഹിത് ശര്‍മ്മയെ ഓപ്പണറായി പരിഗണിക്കുമോ അതോ പുതുമുഖ താരം ശുഭ്മന്‍ ഗില്ലിനെ ആ ദൗത്യത്തിനായി ഉപയോഗിക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ഇന്ത്യ: വിരാട് കോഹ്‍ലി, മയാംഗ് അഗര്‍വാല്‍, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ

ശതകം പത്ത് റണ്‍സ് അകലെ നഷ്ടമായി ഗില്‍, ഇന്ത്യയ്ക്കും ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ശതകത്തിന് പത്ത് റണ്‍സ് അകലെ പുറത്തായ ശേഷം ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 205/7 എന്ന നിലയില്‍. 177/3 എന്ന നിലയില്‍ വലിയ സ്കോറിലേക്ക് ഇന്ത്യ കുതിയ്ക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്ലിനെ നഷ്ടമായത്. 90 റണ്‍സ് നേടിയ താരത്തെ ഡെയിന്‍ പിഡെട് ആണ് പുറത്താക്കിയത്.

പിന്നെ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ ഇന്ത്യ 199/7 എന്ന നിലയിലേക്ക് വീണു. മത്സരത്തില്‍ ഇന്ത്യയ്ക്ക് 41 റണ്‍സ് ലീഡാണ് കൈവശമുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 164 റണ്‍സിന് അവസാനിച്ചിരുന്നു.

164 റണ്‍സിന് ദക്ഷിണാഫ്രിക്ക എ ഓള്‍ഔട്ട്, ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലീഡിന് 35 റണ്‍സ് പിന്നിലായി ഇന്ത്യ

ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 129/2 എന്ന നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനെ 164 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ കരുത്തുറ്റ പ്രകടനം പുറത്തെടുത്തത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ എയ്ഡന്‍ മാര്‍ക്രത്തെയും പീറ്റര്‍ മലനെയും നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക പിന്നീട് ആ പ്രഹരത്തില്‍ നിന്ന് കരകയറിയില്ല. മാര്‍ക്കത്തെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ പീറ്റര്‍ മലനെ ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക 70/7 എന്ന നിലയിലേക്ക് വീണു.

മാര്‍ക്കോ ജാന്‍സെന്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന് ഡെയിന്‍ പീഡെറ്റുമായി(33) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 31 റണ്‍സും ആറാം വിക്കറ്റില്‍ വിയാന്‍ മുള്‍ഡറും ഡെയിന്‍ പീഡെറ്റും നേടിയ 30 റണ്‍സുമാണ് ദക്ഷിണാഫ്രിക്ക നടത്തിയ ചെറുത്തുനില്പുകളില്‍ എടുത്ത് പറയാവുന്നത്. 51.5 ഓവറില്‍ 164 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും കൃഷ്ണപ്പ ഗൗതമും മൂന്ന് വീതം വിക്കറ്റും ഷഹ്ബാസ് നദീം രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ 66 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ഓപ്പണ്‍ റുതുരാജ് ഗായ്ക്വാഡ്, റിക്കി ഭുയി എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗായ്ക്വാഡ് 30 റണ്‍സും റിക്കി ഭുയി 26 റണ്‍സും നേടി. അങ്കിത് ഭാവനേ ആണ് ശുഭ്മന്‍ ഗില്ലിനൊപ്പം ക്രിസീലുള്ളത്. 38 ഓവറില്‍ 129 റണ്‍സാണ് ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

അനൗദ്യോഗിക ടെസ്റ്റ് ഇന്ത്യയെ ഗില്ലും സാഹയും നയിക്കും

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ ശുഭ്മന്‍ ഗില്ലും വൃദ്ധിമന്‍ സാഹയും നയിക്കും. സെപ്റ്റംബര്‍ 9ന് തിരുവനന്തപുരത്താണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗില്‍ ആദ്യ മത്സരത്തിലും സാഹ രണ്ടാം മത്സരത്തിലുമാണ് ടീമിനെ നയിക്കുക. രണ്ട് മത്സരങ്ങള്‍ക്കും ഏറെക്കുറെ വ്യത്യസ്തമായ ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് താരങ്ങള്‍ ഇരു ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്. ശുഭ്മന്‍ ഗില്‍, അന്മോല്‍പ്രീത് സിംഗ്, ഷാബാസ് നദീം, മുഹമ്മദ് സിറാജ്, ശിവം ഡുബേ, കൃഷ്ണപ്പ ഗൗതം, വിജയ് ശങ്കര്‍ എന്നിവര്‍ ഇരു ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്.

ആദ്യ മത്സരം: Shubman Gill (Captain), Ruturaj Gaikwad, Anmolpreet Singh, Ricky Bhui, Ankeet Bawne, KS Bharat (wicket-keeper), K Gowtham, Shahbaz Nadeem, Shardul Thakur, Mohammed Siraj, Tushar Deshpande, Shivam Dube, Vijay Shankar

രണ്ടാം മത്സരം: Priyank Panchal, Abhimanyu Easwaran, Shubman Gill, Anmolpreet Singh, Karun Nair, Wriddhiman Saha (Captain & wicket-keeper), K Gowtham, Kuldeep Yadav, Shahbaz Nadeem, Vijay Shankar, Shivam Dube, Umesh Yadav, Mohammed Siraj, Avesh Khan

ഇന്ത്യൻ ടീമിൽ ഇടം കിട്ടാത്തതിൽ നിരാശ മറച്ചുവെക്കാതെ ശുഭ്മാൻ ഗിൽ

വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പരയിൽ അവസരം ലഭിക്കാത്തിൽ നിരാശ പ്രകടിപ്പിച്ച് യുവതാരം ശുഭ്മാൻ ഗിൽ. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പരമ്പരയിലെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ തനിക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ശുഭ്മാൻ ഗിൽ പറഞ്ഞു. ഇന്ത്യൻ എ ടീമിന്റെ വെസ്റ്റിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗിൽ ഇന്ത്യൻ ടീമിൽ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. പരമ്പരയിൽ 218 റൺസ് എടുത്ത ഗിൽ മികച്ച പ്രകടനം പുറത്തെടുത്തവരുടെ പട്ടികയിൽ ഇടം നേടിയിരുന്നു.

അതെ സമയം ടീമിൽ ഇടം നേടാനാവാത്തതിൽ നിരാശ ഉണ്ടെങ്കിലും അത് ആലോചിച്ച് നിൽക്കാൻ താനില്ലെന്നും ഗിൽ പറഞ്ഞു. താൻ എനിയും മികച്ച പ്രകടനം പുറത്തെടുത്ത് സെലക്ടർമാരിൽ മതിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു. “തനിക്കും ടീമിനും വെസ്റ്റിൻഡീസ് പരമ്പര വളരെ മികച്ചതായിരുന്നു, 4-1 ന് പരമ്പര സ്വന്തമാക്കാനും കഴിഞ്ഞു. പരമ്പരയിൽ നേടിയ അർദ്ധ സെഞ്ചുറികൾ സെഞ്ചുറികൾ ആക്കി മാറ്റാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ അനുഭവത്തിൽ നിന്ന് ഞാൻ പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവാൻ ശ്രമിക്കും” ഗിൽ പറഞ്ഞു.

148 റണ്‍സ് വിജയം, ഇന്ത്യ എ യ്ക്ക് പരമ്പര, മനീഷ് പാണ്ടേയ്ക്ക് ശതകം, ക്രുണാലിന് അഞ്ച് വിക്കറ്റ്

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് എ ടീമിനെ തകര്‍ത്ത് മൂന്നാമത്തെ അനൗദ്യോഗിക ഏകദിനവും സ്വന്തമാക്കി ഇന്ത്യ എ. ഇന്നലെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ടേയുടെ ശതകവും ക്രുണാല്‍ പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് നേട്ടവും തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 295 റണ്‍സാണ് നേടിയത്. അതേ സമയം വിന്‍ഡീസ് 147 റണ്‍സിന് ഓള്‍ഔട്ട് ആയി.

ഓപ്പണര്‍ അന്മോല്‍പ്രീത് പൂജ്യത്തിന് പുറത്തായെങ്കിലും ശ്രേയസ്സ് അയ്യരും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അയ്യര്‍ 47 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 109 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍ 77 റണ്‍സ് നേടി പുറത്തായി. ഇരുവരെയും റഖീം കോണ്‍വാല്‍ ആണ് പുറത്താക്കിയത്. 87 പന്തില്‍ നിന്ന് അതിവേഗത്തില്‍ തന്റെ 100 റണ്‍സ് തികച്ച് മനീഷ് പാണ്ടേയും പുറത്തായപ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിലാണ് 295 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 89/2 എന്ന നിലയില്‍ നിന്ന് 117/9 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ 34.2 ഓവറില്‍ 147 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ എ 148 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

ഐപിഎല്‍ യുവതാരങ്ങളില്‍ ഏറ്റവും അധികം അര്‍ദ്ധ ശതകങ്ങളുടെ റെക്കോര്‍ഡില്‍ പൃഥ്വി ഗില്ലിനൊപ്പം

ഐപിഎലില്‍ പ്രായം കുറഞ്ഞ താരങ്ങളില്‍ ഏറ്റവും അധികം അര്‍ദ്ധ ശതകങ്ങള്‍ നേടിയ റെക്കോര്‍ഡിനൊപ്പം എത്തി പൃഥ്വി ഷായും. ശുഭ്മന്‍ ഗില്‍ നേടിയ നാല് അര്‍ദ്ധ ശതകങ്ങളുടെ റെക്കോര്‍ഡിനൊപ്പമാണ് പൃഥ്വി ഷായും ഇന്നലത്തെ തന്റെ ഇന്നിംഗ്സിലൂടെ ഒപ്പമെത്തിയത്. 31 പന്തില്‍ നിന്ന് 50 റണ്‍സ് തികച്ച പൃഥ്വി 56 റണ്‍സ് നേടിയാണ് ഇന്നലെ പുറത്തായത്.

രണ്ടാം സ്ഥാനത്ത് മൂന്ന് വീതം അര്‍ദ്ധ ശതകങ്ങളുമായി സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരാണ്. പന്തിനു ഇന്നലെ തലനാരിഴയ്ക്ക് അര്‍ദ്ധ ശതകം നഷ്ടമാകുകയായിരുന്നു. 21 പന്തില്‍ നിന്ന് 49 റണ്‍സ് നേടി പന്ത് പുറത്തായപ്പോള്‍ പൃഥ്വിയ്ക്കും ഗില്ലിനുമൊപ്പം എത്തുവാനുള്ള അവസരമാണ് പന്തിനു നഷ്ടമായത്.

ഐപിഎലില്‍ തന്റെ ഈ വര്‍ഷത്തെ പ്രിയപ്പെട്ട താരം ശുഭ്മന്‍ ഗില്‍, ഗില്ലും പൃഥ്വി ഷായും ഇന്ത്യയുടെ ഭാവി താരങ്ങള്‍

ഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം ശുഭ്മന്‍ ഗില്‍ ആണെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. താരത്തില്‍ ഒരു എക്സ്-ഫാക്ടര്‍ ഉണ്ടെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. ശുഭ്മന്‍ ഗില്ലും പൃഥ്വി ഷായുമാണ് ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലും വരും കാലങ്ങളില്‍ തിളങ്ങാന്‍ പോകുന്ന താരമെന്നും ഗാംഗുലി പറഞ്ഞു.

ആദ്യ മത്സരങ്ങളില്‍ കൊല്‍ക്കത്ത നിരയില്‍ ബാറ്റിംഗ് അവസരം ശുഭ്മന്‍ ഗില്ലിനു അധികം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് താരത്തിനു ഓപ്പണറായി സ്ഥാനക്കയറ്റം നല്‍കിയതിനു ശേഷമാണ് താരം ഐപിഎലില്‍ തന്റെ മിന്നും ഫോമിലേക്ക് എത്തുന്നത്. അതേ സമയം പൃഥ്വി ഷാ ഒരു മത്സരത്തില്‍ 99 റണ്‍സ് നേടിയ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഐപിഎലില്‍ കണ്ടത്.

മുംബൈ ബൗളിംഗിനെ തവിടുപൊടിയാക്കി കൊല്‍ക്കത്ത, ഗില്ലിനും ലിന്നിനും ഒപ്പം അടിച്ച് തകര്‍ത്ത് റസ്സലും കാര്‍ത്തിക്കും

മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ക്രിസ് ലിന്നും ശുഭ്മന്‍ ഗില്ലും ആന്‍ഡ്രേ റസ്സലും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ നിന്ന് 232 റണ്‍സാണ് 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ആന്‍ഡ്രേ റസ്സല്‍ പുറത്താകാതെ 40 പന്തില്‍ നിന്ന് 80 റണ്‍സാണ് നേടിയത്. 6 ഫോറും 8 സിക്സുമാണ് റസ്സല്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ മുംബൈ കൊല്‍ക്കത്തയോട് ആവശ്യപ്പെടുകയായിരുന്നു. ഓപ്പണിംഗില്‍ ക്രിസ് ലിന്നും ശുഭ്മന്‍ ഗില്ലും സ്ഫോടനാത്മകമായ തുടക്കം നല്‍കിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 9.3 ഓവറില്‍ 96 റണ്‍സാണ് ലിന്‍-ഗില്‍ കൂട്ടുകെട്ട് നേടിയത്. 29 പന്തില്‍ നിന്ന് 54 റണ്‍സാണ് ക്രിസ് ലിന്‍ നേടിയത്. 8 ഫോറും 2 സിക്സുമാണ് താരം നേടിയത്. രാഹുല്‍ ചഹാറിനാണ് ലിന്നിന്റെ വിക്കറ്റ് നേടിയത്.

ലിന്‍ പുറത്തായപ്പോള്‍ ആന്‍ഡ്രേ റസ്സലിനെയാണ് കൊല്‍ക്കത്ത വണ്‍ ഡൗണില്‍ കൊണ്ടുവന്നത്. ആദ്യ പന്തുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ റസ്സല്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ശുഭ്മന്‍ ഗില്‍ തകര്‍പ്പനടികള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. 45 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ പുറത്താകുമ്പോള്‍ 158 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 62 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശുഭ്മന്‍ ഗില്‍-റസ്സല്‍ കൂട്ടുകെട്ട് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ എവിന്‍ ലൂയിസ് മികച്ചൊരു ക്യാച്ച് നേടിയാണ് ഗില്ലിനെ പുറത്താക്കിയത്.

ഗില്‍ പുറത്തായ ശേഷം തന്റെ പതിവു ശൈലിയിലേക്ക് റസ്സല്‍ ചുവട് മാറ്റുന്നത് കണ്ടു. ഒപ്പം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും മികച്ച പിന്തുണ നല്‍കിയപ്പോള്‍ കൊല്‍ക്കത്തയുടെ സ്കോര്‍ 19ാം ഓവില്‍ 200 കടന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ് റസ്സലില്‍ നിന്ന് കണക്കറ്റ് അടി വാങ്ങിയത്. അവസാന ഓവറില്‍ മലിംഗയെ 20 റണ്‍സാണ് റസ്സല്‍ ഒറ്റയ്ക്ക് നേടിയത്. അതില്‍ തന്നെ രണ്ട് പന്തുകളില്‍ സിംഗിള്‍ നേടുവാനുള്ള അവസരം റസ്സലും ദിനേശ് കാര്‍ത്തിക്കും കൂടി ഉപയോഗിച്ചതുമില്ല.

Exit mobile version