അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് ഗില്ലിനെ നഷ്ടം

ഇംഗ്ലണ്ടിനെ 205 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഒന്നാം ദിവസം അവശേഷിക്കുന്ന ഓവറുകള്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടം. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ശുഭ്മന്‍ ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ അക്കൗണ്ടില്‍ പൂജ്യം റണ്‍സായിരുന്നു.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 12 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ 24/1 എന്ന നിലയില്‍ ആണ്. 15 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 8 റണ്‍സ് നേടി രോഹിത് ശര്‍മ്മയുമാണ് ക്രീസിലുള്ളത്.

ചെറിയ ലക്ഷ്യം മറികടന്ന് ഇന്ത്യ, അഹമ്മദാബാദ് ടെസ്റ്റിന് രണ്ട് ദിവസത്തില്‍ അവസാനം

ഇംഗ്ലണ്ടിനെ 81 റണ്‍സിന് ഓള്‍ഔട്ട് ആക്കി 49 റണ്‍സ് വിജയ ലക്ഷ്യം 7.4 ഓവറില്‍ ഇന്ത്യ നേടി. ഇതോടെ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം വിജയിച്ച് ഇന്ത്യ 2 – 1 ന്റെ ലീഡ് മത്സരത്തില്‍ കൈവരിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെയാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്.

25 റണ്‍സുമായി രോഹിത് ശര്‍മ്മയും 15 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യയുടെ വിജയം അതിവേഗത്തിലാക്കിയത്. .

ഗില്‍ മടങ്ങി, ഇന്ത്യ 54/1

ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 54/1 എന്ന നിലയില്‍. മത്സരത്തില്‍ 249 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഇപ്പോള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ദിവസത്തെ കളി അവശേഷിക്കെ ഈ മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍വിയേറ്റ് വാങ്ങാതെ രക്ഷപ്പെടുക എന്നത് ഏറെ ശ്രമകരമായ കാര്യമായിട്ട് വേണം കരുതുവാന്‍.

ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ ഇന്ത്യ അനായാസം റണ്‍സ് കണ്ടെത്തുന്നതാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കാണാനായത്. ശുഭ്മന്‍ ഗില്ലിനെ(14) ഇന്ത്യയ്ക്ക് നഷ്ടമാകുമ്പോളേക്ക് 42 റണ്‍സ് ഒന്നാം വിക്കറ്റില്‍ ഗില്ലും രോഹിത്തും ചേര്‍ന്ന് നേടിയിരുന്നു.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ രോഹിത് 25 റണ്‍സും ചേതേശ്വര്‍ പുജാര 7 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ജാക്ക് ലീഷിനാണ് ഗില്ലിന്റെ വിക്കറ്റ്.

രോഹിത്തിനെ ആദ്യ ഓവറുകളില്‍ തന്നെ നഷ്ടം, ഗില്ലിന് അര്‍ദ്ധ ശതകം, ബൗണ്‍സറുകളുടെ ഒരു സെഷന്‍ അതിജീവിച്ച് ഇന്ത്യ

ബ്രിസ്ബെയിന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ നല്‍കിയ 328 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ദിവസം തുടങ്ങി അധികം വൈകാതെ രോഹിത് ശര്‍മ്മയെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം ആദ്യ സെഷന്‍ അതിജീവിക്കുകയായിരുന്നു. ഇന്ന് അഞ്ചാം ദിവസം ലഞ്ചിന്റെ സമയത്ത് ഇന്ത്യ 83/1 എന്ന നിലയിലാണ്.

ശുഭ്മന്‍ ഗില്‍ നേടിയ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ ആദ്യ സെഷനില്‍ റണ്‍സ് നേടുവാന്‍ സഹായിച്ചതെങ്കില്‍ മറുവശത്ത് കോട്ട കെട്ടി ചേതേശ്വര്‍ പുജാര കാവല്‍ നില്‍ക്കുകയായിരുന്നു. വിജയത്തിനായി ഇന്ത്യ ഇനിയും 245 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

ശുഭ്മന്‍ ഗില്‍ 117 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ പുജാര 90 പന്ത് നേരിട്ടാണ്റ 8 റണ്‍സ് നേടിയത്. 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇവര്‍ നേടിയത്. പാറ്റ് കമ്മിന്‍സിനാണ് രോഹിത്തിന്റെ വിക്കറ്റ്.

Patcumminsaus

ബൗണ്‍സറുകളും ബോഡി ലൈന്‍ ഷോര്‍ട്ട് ബോളുകളും എറിഞ്ഞ് ഇന്ത്യന്‍ ബാറ്റ്സ്മാരെ വരിഞ്ഞുകെട്ടുക എന്ന നയം ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ സ്വീകരിച്ചത്. രണ്ട് സെഷന്‍ അവസാനിക്കെ വിജയത്തിനായി അവര്‍ക്ക് നേടേണ്ടത് 9 വിക്കറ്റാണ്.

കന്നി അര്‍ദ്ധ ശതകം തികച്ച് അധികം വൈകാതെ പുറത്തായി ഗില്‍, രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 96/2 എന്ന നിലയില്‍

ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 96 റണ്‍സ് നേടി ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും(26) ശുഭ്മന്‍ ഗില്ലിനെയും(50) ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ ഗില്ലും രോഹിത്തും ചേര്‍ന്ന് 70 റണ്‍സാണ് നേടിയത്. രോഹിത്ത് പുറത്തായി അധികം വൈകാതെ ഗില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായി.

ഇന്ത്യയ്ക്കായി 9 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 5 റണ്‍സ് നേടി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ സ്കോറായ 338 റണ്‍സിന് 242 റണ്‍സ് പിറകിലായാണ് ഇന്ത്യ ഇപ്പോള്‍ നില്‍ക്കുന്നത്. ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇന്ത്യയ്ക്കായി വിക്കറ്റ് നേടിയത്.

രോഹിത്തിനെയും സംഘത്തിനെയും കരുതല്‍ ഐസൊലേഷനിലേക്ക് മാറ്റി

മെല്‍ബേണില്‍ ന്യൂ ഇയറിന്റെ അന്ന് ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവരോട് കരുതലെന്ന രീതിയില്‍ ഐസൊലേഷനിലേക്ക് നീങ്ങുവാന്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ഈ സംഭവത്തെ അന്വേഷിക്കുകയാണെന്ന് അറിയിച്ചു.

ഇന്ത്യന്‍ ഓസ്ട്രേലിയന്‍ മെഡിക്കല്‍ ടീമുകളുടെ നിര്‍ദ്ദേശപ്രകാരമാണ് താരങ്ങളോട് കരുതലെന്ന നിലയില്‍ ഐസൊലേഷനിലേക്ക് നീങ്ങുവാന്‍ ആവശ്യപ്പെട്ടത്. പരിശീലനത്തിനായി ഇന്ത്യന്‍ ഓസ്ട്രേലിയന്‍ ടീമുകള്‍ യാത്രയാകുമ്പോളും ഈ താരങ്ങള്‍ വേറെ സംഘമായി തുടരേണ്ടതുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കുറിപ്പില്‍ അറിയിച്ചു.

അടുത്തിടെ ബിഗ് ബാഷില്‍ ക്രിസ് ലിന്‍, ഡാന്‍ ലോറന്‍സ് എന്നിവരും സമാനമായ ലംഘനം നടത്തിയപ്പോള്‍ ഇതേ നടപടിയാണ് ഓസ്ട്രേലിയ സ്വീകരിച്ചത്.

ഒരു ആരാധകന്‍ ഇവര്‍ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആ ആരാധകന്‍ ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചുവെന്നും ട്വീറ്റ് ചെയ്തുവെങ്കിലും പിന്നീട് അത് തിരുത്തുകയായിരുന്നു.

താരങ്ങള്‍ക്ക് പൊതു വേദികളില്‍ പോകുവാന്‍ അനുവാദമുണ്ടെങ്കിലും ഭക്ഷണശാലകളില്‍ ഓപ്പണ്‍-എയര്‍ സ്പേസില്‍ ഇരുന്നേ ഭക്ഷണം കഴിക്കാവൂ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കോവിഡ് പ്രൊട്ടോക്കോള്‍.

ഇന്ത്യയ്ക്ക് മയാംഗിനെ നഷ്ടം, അരങ്ങേറ്റത്തിന്റെ പരിഭ്രമമില്ലാതെ ശുഭ്മന്‍ ഗില്‍

ഓസ്ട്രേലിയയെ 195 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മെല്‍ബേണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍. മയാംഗ് അഗര്‍വാളിനെ ടീമിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണൊന്നും പിറന്നിരുന്നില്ല. അതിന് ശേഷം അരങ്ങേറ്റക്കാരന്‍ ശുഭ്മന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 36 റണ്‍സ് നേടുകയായിരുന്നു.മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു നഷ്ടം.

ഗില്‍ 28 റണ്‍സും പുജാര 7 റണ്‍സും നേടിയാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 159 റണ്‍സ് പിന്നിലായാണ് ഇന്ത്യ നിലകൊള്ളുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 195 റണ്‍സിന് പുറത്താക്കുകയായിരുന്നു. 48 റണ്‍സ് നേടിയ ലാബൂഷാനെ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യൂ വെയിഡ്(30), ട്രാവിസ് ഹെഡ്(38) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ഗില്ലിനും സിറാജിനും അരങ്ങേറ്റം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു

എംസിജിയില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നാല് മാറ്റങ്ങളാണ് ടീമിലുള്ളത്. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങുകയും ഷമി പരിക്കേറ്റ് പുറത്തായതും മാറ്റി നിര്‍ത്തിയാല്‍ വൃദ്ധിമന്‍ സാഹയെയും പൃദ്ധി ഷായെയും ടീമില്‍ നിന്ന് പുറത്താക്കുകയാണ്.

ഷായ്ക്ക് പകരം ശുഭ്മന്‍ ഗില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ സാഹയുടെ സ്ഥാനം ഋഷഭ് പന്ത് സ്വന്തമാക്കുന്നു. അതെ സമയം മുഹമ്മദ് ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജ് തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. വിരാട് കോഹ്‍ലിയുടെ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജ എത്തുന്നു.

ആദ്യ സെഷന്‍ കഴിയുമ്പോള്‍ ഇന്ത്യ കരുതുറ്റ നിലയില്‍, അര്‍ദ്ധ ശതകം നേടി ശുഭ്മന്‍ ഗില്‍

ഓസ്ട്രേലിയ എ യ്ക്കെതിരെ സിഡ്നിയില്‍ നടക്കുന്ന ഡേ നൈറ്റ് സന്നാഹ മത്സരത്തില്‍ കൂറ്റന്‍ ലീഡിലേക്ക് ഇന്ത്യ നീങ്ങുന്നു. ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 27 ഓവറില്‍ നിന്ന് 111 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ടീമിന് 197 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

പൃഥ്വി ഷായെ വേഗത്തില്‍ നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മന്‍ ഗില്ലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് 104 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. ആദ്യ സെഷന്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് 65 റണ്‍സ് നേടിയ ഗില്ലിനെ ടീമിന് നഷ്ടമായത്.

മയാംഗ് 38 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ഹനുമ വിഹാരിയാണ്(0*) താരത്തിന് കൂട്ടായി ക്രീസിലുള്ളത്. ഓസ്ട്രേലിയ എ യ്ക്കായി മിച്ചല്‍ സ്വെപ്സണും മാര്‍ക്ക് സ്റ്റെകേറ്റിയും ഓരോ വിക്കറ്റ് വീതം നേടിയിട്ടുണ്ട്.

തുടക്കത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി കൊല്‍ക്കത്ത, രക്ഷകനായി നായകന്‍ കാര്‍ത്തിക്

ടോസ് നേടി കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി കൊല്‍ക്കത്തയുടെ ടോപ് ഓര്‍ഡര്‍. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കൊല്‍ക്കത്തയെ 164 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു. തുടക്കം പതറിയെങ്കിലും വിക്കറ്റുകള്‍ മറുവശത്ത് വീണെങ്കിലും നിലയുറപ്പിച്ച് തന്റെ അര്‍ദ്ധ ശതകം നേടിയ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനവും നിര്‍ണ്ണായകമായിരുന്നു.

29 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് അവസാന പന്തില്‍ റണ്ണൗട്ട് ആകുകയായിരുന്നു. കിംഗ്സ് ഇലവന്‍ നിരയില്‍ യുവ താരം അര്‍ഷ്ദീപ് സിംഗ് ആണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്.

കഴിഞ്ഞ ഇന്നിംഗ്സില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠി ഇന്ന് ക്രീസില്‍ പ്രയാസപ്പെടുന്നതാണ് ആദ്യ ഓവറുകളില്‍ കണ്ടത്. ഷമി താരത്തിന്റെ കുറ്റി തെറിപ്പിക്കുമ്പോള്‍ 10 പന്തില്‍ നിന്ന് 4 റണ്‍സാണ് ത്രിപാഠി നേടിയത്. നിതീഷ് റാണ റണ്ണൗട്ട് രൂപത്തില്‍ അടുത്ത ഓവറില്‍ പുറത്തായപ്പോള്‍ 14/2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത പ്രതിരോധത്തിലായി.

ഓയിന്‍ മോര്‍ഗനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയെ മൂന്നാം വിക്കറ്റില്‍ മുന്നോട്ട് നയിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ അവസാനിക്കുമ്പോള്‍ 25 റണ്‍സ് നേടിയ കൂട്ടുകെട്ട് രവി ബിഷ്ണോയി 10.4 ഓവറില്‍ തകര്‍ക്കുകയായിരുന്നു. 24 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗന്‍ പുറത്താകുമ്പോള്‍ ഈ കൂട്ടുകെട്ട് 49 റണ്‍സ് കൂടി സ്കോറിനോട് കൂട്ടി ചേര്‍ത്തിരുന്നു.

നാലാം വിക്കറ്റില്‍ ഗില്ലിനൊപ്പം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ക്രീസിലെത്തിയപ്പോളാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന് വേഗത കൈവന്നത്. 22 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ ദിനേശ് കാര്‍ത്തിക്കിന് ശുഭ്മന്‍ ഗില്‍ പിന്തുണ കൊടുത്തപ്പോള്‍ കൊല്‍ക്കത്ത മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.

57 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ റണ്ണൗട്ടായപ്പോളാണ് ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്. 43 പന്തില്‍ നിന്ന് 81 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അടുത്ത ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ഗില്ലിന് പകരം ക്രീസിലെത്തിയ റസ്സലിനെ മടക്കിയയ്ക്കുകയായിരുന്നു.

ഓപ്പണറെന്ന നിലയില്‍ ടീമിനെ ലക്ഷ്യത്തിലെത്തിയ്ക്കുക എന്നതാണ് തന്റെ ദൗത്യം – ശുഭ്മന്‍ ഗില്‍

ഓപ്പണറെന്ന റോളില്‍ തന്റെ ലക്ഷ്യം ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നതാണെന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍. ഇന്നിംഗ്സ് മുഴുവന്‍ നിലകൊള്ളേണ്ട ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യുക എന്നതായിരുന്നു താന്‍ ഉന്നംവെച്ച കാര്യമെന്ന് ഗില്‍ പറഞ്ഞു. പന്ത് അധികം സ്പിന്‍ ചെയ്യാത്തോണ്ട് ലോംഗ് ഓണ്‍ -ലോംഗ് ഓഫ് എന്നിടങ്ങളിലേക്ക് പന്ത് അടിക്കുവാന്‍ എളുപ്പമായിരുന്നുവെന്നും ഗില്‍ സൂചിപ്പിച്ചു.

താനും ഓയിന്‍ മോര്‍ഗനുമായി വലിയ ചര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ലെന്നും ബൗളര്‍മാര്‍ എന്ത് ചെയ്തേക്കാം ഈ സാഹചര്യത്തില്‍ എന്ന് മാത്രമാണ് തങ്ങള്‍ ശ്രദ്ധിച്ചതെന്നും ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി. ഈ വിജയം ടീമിന് ഏറെ അനിവാര്യമായിരുന്നുവെന്നും ബൗളര്‍മാരുടെ പ്രകടനത്തിന് ശേഷം ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നുവെന്നുമാണ് കരുതുന്നതെന്ന് ഗില്‍ പറഞ്ഞു.

ഗില്ലിനോട് റസ്സലുമായുള്ള ബാറ്റിംഗ് അനുഭവം പങ്കുവയ്ക്കുവാന്‍ ആവശ്യപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍

#AskShubman എന്ന ടാഗില്‍ ആരാധകരില്‍ നിന്നുള്ള ചോദ്യം സ്വീകരിച്ച് മറുപടി നല്‍കി പോരുകയായിരുന്നു ശുഭ്മന്‍ ഗില്ലിന് വന്ന ചോദ്യങ്ങളില്‍ ഒന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു. ഓള്‍റൗണ്ടറും വെടിക്കെട്ട് താരവുമായ ആന്‍ഡ്രേ റസ്സലിനൊപ്പമുള്ള ബാറ്റിംഗ് അനുഭവം എങ്ങനെയായിരുന്നുവെന്നാണ് കൊല്‍ക്കത്ത ഹാന്‍ഡിലില്‍ നിന്ന് വന്ന ചോദ്യം.

നോണ്‍-സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന് റസ്സലിനെ കാണുന്നത് ടിവിയില്‍ ഹൈലൈറ്റ്സ് കാണുന്നത് പോലെയാണെന്നാണ് താരത്തിന്റെ മറുപടി.

കൊല്‍ക്കത്തയുടെ വെടിക്കെട്ട് താരം ഐപിഎലില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ബൗളര്‍മാരുടെ പേടി സ്വപ്നമാണ്. സ്വന്തം ടീമിന് വേണ്ടി നിമിഷ നേരം കൊണ്ട് വിജയം കൈപ്പിടിയിലാക്കുകയെന്നതാണ് റസ്സലിന്റെ ശൈലി.

Exit mobile version