ഓപ്പണര്‍മാരുടെ മികച്ച തുടക്കത്തിന് ശേഷം കൊല്‍ക്കത്ത പതറി, ഫൈനലിലേക്ക് കടന്ന് കൂടി

ഡല്‍ഹി ക്യാപിറ്റൽസ് നൽകിയ 136 റൺസ് വിജയ ലക്ഷ്യത്തെ അനായാസം മറികടക്കുമെന്ന നിലയിൽ നിന്ന് 17 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് കൈവിട്ട് സ്വന്തം കുഴിതോണ്ടിയ ശേഷം രാഹുല്‍ ത്രിപാഠി നേടിയ സിക്സിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിലെ ബാറ്റിംഗ് പ്രയാസകരമായ വിക്കറ്റിൽ 19.5 ഓവറിലാണ് കൊല്‍ക്കത്തയുടെ 3  വിക്കറ്റ് വിജയം.

Iyergill

ഓപ്പണര്‍മാര്‍ അനായാസം റൺസ് കണ്ടെത്തിയപ്പോള്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസാണ് കൊല്‍ക്കത്ത നേടിയത്. 38 പന്തിൽ വെങ്കിടേഷ് അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ശുഭ്മന്‍ ഗിൽ മറുവശത്ത് സ്ട്രൈക്ക് കൃത്യമായി റൊട്ടേറ്റ് ചെയ്ത് മത്സരത്തിൽ ഡല്‍ഹി ബൗളര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെ മുന്നോട്ട് നയിക്കുകയായിരുന്നു.

96 റൺസാണ് കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നേടിയത്. 55 റൺസ് നേടിയ വെങ്കടേഷ് അയ്യരെ റബാഡ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നിതീഷ് റാണയെ(13) അടുത്തതായി കൊല്‍ക്കത്തയ്ക്ക് നഷ്ടമായെങ്കിലും താരവും ഗില്ലും ചേര്‍ന്ന് 27 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ കൊല്‍ക്കത്ത ലക്ഷ്യത്തിന് 13 റൺസ് അകലെ എത്തിയിരുന്നു.

46 റൺസ് നേടിയ ഗില്ലിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം വെറും 11 റൺസ് അകലെയായിരുന്നു. അവേശ് ഖാന്‍ എറിഞ്ഞ ഓവറിൽ വെറും 2 റൺസാണ് പിറന്നത്. നേരത്തെ അവേശ് ഖാന്റെ മുമ്പത്തെ ഓവറിൽ നിതീഷ് റാണ നല്‍കിയ അവസരം രവിചന്ദ്രന്‍ അശ്വിന്‍ കൈവിടുകയായിരുന്നു.

18ാം ഓവറിൽ വെറും ഒരു റൺസ് മാത്രം വിട്ട് നല്‍കി കാഗിസോ റബാഡ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയതോടെ കൊല്‍ക്കത്ത 126/4 എന്ന നിലയിലേക്ക് വീണു. ഒരു ഘട്ടത്തിൽ 123/1 എന്ന നിലയിൽ നിന്നാണ് കൊല്‍ക്കത്ത ക്യാമ്പിൽ പരിഭ്രാന്തി പരത്തിയ പ്രകടനം ബാറ്റ്സ്മാന്മാരിൽ നിന്ന് വന്നത്.

അടുത്ത ഓവറിൽ ആന്‍റിക് നോര്‍ക്കിയ 3 റൺസ് മാത്രം വിട്ട് നല്‍കി ഓയിന്‍ മോര്‍ഗന്റെ വിക്കറ്റ് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 7 റൺസായി മാറി. അടുത്ത ഓവറിൽ ആദ്യ മൂന്ന് പന്തിൽ ഒരു റൺസ് നേടിയ കൊല്‍ക്കത്തയ്ക്ക് ഷാക്കിബിനെയും നഷ്ടമായതോടെ ലക്ഷ്യം മൂന്ന് പന്തിൽ ആറായി മാറി. അടുത്ത പന്തിൽ സുനിൽ നരൈനും പുറത്തായതോടെ ഡല്‍ഹിയ്ക്കനുകൂലമായി മത്സരം തിരിഞ്ഞു. എന്നാൽ അടുത്ത പന്തിൽ സിക്സര്‍ നേടി രാഹുല്‍ ത്രിപാഠി മത്സരം അവസാനിപ്പിച്ചു.

ഡല്‍ഹിയുടെ ബൗളര്‍മാര്‍ അവസാന ഓവറുകളിൽ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയപ്പോള്‍ ആന്‍റിക് നോര്‍ക്കിയ, രവിചന്ദ്രന്‍ അശ്വിന്‍, കാഗിസോ റബാഡ എന്നിവര്‍ 2 വിക്കറ്റ് വീതം നേടുകയായിരുന്നു.

അവസാന ഓവറിലെ സിക്സ് പിറക്കുന്നതിന് മുമ്പ് 17 റൺസ് വിട്ട് നല്‍കുന്നതിനിടെ 6 വിക്കറ്റാണ് ഡല്‍ഹി ബൗളര്‍മാര്‍ നേടിയത്.

ഗില്ലിന് അര്‍ദ്ധ ശതകം, കരുത്തുറ്റ ബാറ്റിംഗ് പ്രകടനവുമായി ഷാര്‍ജ്ജയിലെ ഈ സീസണിലെ ഉയര്‍ന്ന സ്കോറുമായി കൊല്‍ക്കത്ത

ശുഭ്മന്‍ ഗില്ലിന്റെയും വെങ്കിടേഷ് അയ്യരിന്റെയും മികച്ച പ്രകടനങ്ങള്‍ക്കൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയൽസിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിൽ റൺസ് കണ്ടെത്താന്‍ പാടുപെടുന്ന പിച്ചിൽ ആണ് കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയത്. ഈ സീസണിൽ ഷാര്‍ജ്ജയിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇത്. 102 റൺസാണ് അവസാന പത്ത് ഓവറിൽ രാജസ്ഥാന്‍ വഴങ്ങിയത്.

ഗില്‍ – അയ്യര്‍ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 79 റൺസാണ് നേടിയത്. 38 റൺസ് നേടിയ അയ്യരെ തെവാത്തിയ ആണ് പുറത്താക്കിയത്. നിതീഷ് റാണയെ(5 പന്തിൽ 12) വേഗത്തിൽ നഷ്ടമായെങ്കിലും ശുഭ്മന്‍ ഗിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. 56 റൺസ് നേടിയ ഗില്ലിനെ ക്രിസ് മോറിസ് ആണ് പുറത്താക്കിയത്.

അവസാന ഓവറുകളിൽ ത്രിപാഠിയും ദിനേശ് കാര്‍ത്തിക്കും വേഗത്തിൽ റൺ കണ്ടെത്തുവാന്‍ ശ്രമിച്ചുവെങ്കിലും ത്രിപാഠി 13 പന്തിൽ 21 റൺസ് നേടി മടങ്ങി. മോര്‍ഗനും കാര്‍ത്തിക്കും പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാം വിക്കറ്റിൽ നിര്‍ണ്ണായകമായ 26 റൺസ് പിറന്നു. മോര്‍ഗന്‍ 13 റൺസും ദിനേശ് കാര്‍ത്തിക് 14 റൺസുമാണ് നേടിയത്.

കൊല്‍ക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവം, അര്‍ദ്ധ ശതകം നേടി ശുഭ്മന്‍ ഗില്‍

സൺറൈസേഴ്സ് നേടിയ 115/8 എന്ന സ്കോര്‍ മറികടക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനത്തിൽ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വെങ്കടേഷ് അയ്യരെയും രാഹുൽ ത്രിപാഠിയെയും നഷ്ടമായ ശേഷം ശുഭ്മന്‍ ഗിൽ നേടിയ അര്‍ദ്ധ ശതകം ആണ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പാക്കിയത്.

51 പന്തിൽ 57 റൺസ് നേടിയ ഗില്ലിന്റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് അടുത്തതായി നഷ്ടമായത്. 55 റൺസാണ് ഗില്ലും നിതീഷ് റാണയും കൂടി മൂന്നാം വിക്കറ്റിൽ നേടിയത്. ലക്ഷ്യം പത്ത് റൺസ് അകലെ നില്‍ക്കുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് 25 റൺസ് നേടിയ നിതീഷ് റാണയെയും നഷ്ടമായി. ജേസൺ ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്.

അവസാന ഓവറിൽ ജയിക്കുവാന്‍ 3 റൺസായിരുന്നു കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. ദിനേശ് കാര്‍ത്തിക് 2 പന്ത് അവശേഷിക്കെ ടീമിന്റെ 6 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു. 18 റൺസാണ് കാര്‍ത്തിക് 12 പന്തിൽ നേടിയത്.

ശുഭ്മന്‍ ഗിൽ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് ബിസിസിഐ

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗിൽ ഇംഗ്ലണ്ട് പരമ്പരയിലെ ഒരു മത്സരത്തിലും കളിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ. താരത്തെ ഉടന്‍ നാട്ടിലേക്ക് മടക്കി അയയ്ക്കുമെന്നും ബിസിസിഐ അറിയിച്ചു. പകരം ഓപ്പണറായി ഇന്ത്യ പൃഥ്വി ഷായെ പരിഗണിക്കുന്നുണ്ട്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഗിൽ കളിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇന്ത്യ കരുതൽ താരമായി അഭിമന്യു ഈശ്വരനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നിവരെ ഇംഗ്ലണ്ടിലെത്തിക്കുവാന്‍ ടീം മാനേജ്മെന്റ് ശ്രമിക്കുകയാണെന്നാണ് അറിയുന്നത്. അതേ സമയം ഈശ്വരന് മോശം രഞ്ജി സീസണായിരുന്നു 2019-20 സീസണില്‍ ഉണ്ടായത്. അത് കൂടാതെ ഇന്ത്യയുടെ എ ടീമിനൊപ്പം ന്യൂസിലാണ്ടിലും താരം റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി.

ശുഭ്മന്‍ ഗിൽ മാച്ച് ഫിറ്റ് ആകുവാന്‍ മൂന്ന് മാസത്തോളം സമയം എടുക്കുമെന്നാണ് അറിയുന്നതെന്നും ബിസിസിഐ വക്താവ് അറിയിച്ചു. ടീം മാനേജര്‍ രണ്ട് ഓപ്പണര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഈ വ്യക്തി വെളിപ്പെടുത്തി.

ആദ്യ ടെസ്റ്റിൽ ശുഭ്മന്‍ ഗിൽ കളിച്ചേക്കില്ലെന്ന് സൂചന

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്ലിന്റെ സേവനം ലഭിയ്ക്കില്ലെന്ന് സൂചന. താരത്തിന് ഇന്റേണൽ ഇഞ്ച്വറിയുണ്ടെന്നും അത് അത്യാവശ്യം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

ഓഗസ്റ്റ് 4ന് നോട്ടിംഗാമിലാണ് ആദ്യ ടെസ്റ്റ്. ആദ്യ രണ്ട് ടെസ്റ്റുകളിൽ താരം കളിച്ചേക്കില്ലെന്നാണ് അറിയുന്നത്. താരം ടൂറിംഗ് സംഘത്തോടൊപ്പം തുടരുമെന്നും അറിയുന്നു. അതിനര്‍ത്ഥം പരമ്പരയിൽ ഏതെങ്കിലും ടെസ്റ്റിൽ ഗില്ലിനെ കളിപ്പിക്കാനാകുമെന്ന് മാനേജ്മെന്റ് കരുതുന്നുണ്ടെന്നാണ്.

മയാംഗ് അഗര്‍വാൽ, കെഎൽ രാഹുല്‍ എന്നിവരുടെ സേവനം ടീമിന് ഉറപ്പിക്കാനാകും എന്നതിനാൽ തന്നെ ഗില്ലിന്റെ അഭാവം ടീമിന് വലിയ പ്രശ്നം സൃഷ്ടിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗിൽ തന്റെ ഫുട് മൂവ്മെന്റ് ശരിയാക്കണം – ലക്ഷ്മൺ

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ശുഭ്മന്‍ ഗിൽ തന്റെ ഫുട് മൂവ്മെന്റ് ശരിയാക്കണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മൺ. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ താരത്തെ ഈ പ്രശ്നം കാരണം ബുദ്ധിമുട്ടിച്ചുവെന്നും അത് പരിഹരിച്ചില്ലെങ്കില്‍ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും അത് ആവര്‍ത്തിക്കുമെന്ന് വിവിഎസ് ലക്ഷ്മൺ പറഞ്ഞു.

ഇന്‍കമിംഗ് ഡെലിവറികള്‍ക്ക് മുന്നിൽ ഫുട് മൂവ്മെന്റ് ഇല്ലാതെ ശുഭ്മന്‍ ഗിൽ പതറുന്നുണ്ടെന്നും ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഗില്ലിന് ആവശ്യത്തിന് സമയം ഉണ്ട് ഈ പിഴവ് തിരുത്തുവാനെന്നും ലക്ഷ്മൺ സൂചിപ്പിച്ചു. ഗില്ലിൽ നിന്ന് മികച്ച പ്രകടനം വരുന്നില്ലെങ്കിൽ ഇന്ത്യ മയാംഗ് അഗര്‍വാള്‍, കെഎൽ രാഹുല്‍ എന്നിവരെ പരീക്ഷിക്കുവാനും കാരണമായേക്കാമെന്നും ലക്ഷ്മൺ സൂചിപ്പിച്ചു.

റൺസ് സ്കോര്‍ ചെയ്യുവാന്‍ ശ്രമിക്കുക തന്നെയാണ് ലക്ഷ്യം – ശുഭ്മന്‍ ഗിൽ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പരമ്പരയിലും തന്റെ ലക്ഷ്യം റൺസ് സ്കോര്‍ ചെയ്യുക എന്നത് തന്നെയാണെന്ന് പറഞ്ഞ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗിൽ. താന്‍ ഒരിക്കലും ബാക്ക് സീറ്റിലേക്ക് പോകുകയില്ലെന്നും ക്രീസിൽ സമയം ചെലവഴിക്കുമ്പോളും റൺസ് സ്കോര്‍ ചെയ്യണമെന്നാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും ഗിൽ പറഞ്ഞു.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ അല്പം സമയം ക്രീസിൽ ചെലവഴിക്കുന്നത് നല്ലതാണ്, എന്നാൽ റൺസ് വരികയാണെങ്കിൽ ബൗളര്‍മാര്‍ ബാക്ക് ഫുടിൽ പോകുമെന്നും അത് അവരെ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഗിൽ വ്യക്തമാക്കി. എങ്ങനെയും കടിച്ച് തൂങ്ങുകയാണ് എന്നതാണ് ലക്ഷ്യമെങ്കിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പന്തുകള്‍ കളിക്കേണ്ട സാഹചര്യം വരുമെന്നും ഗിൽ സൂചിപ്പിച്ചു.

ഓപ്പണിംഗിൽ രോഹിത്തും ഗില്ലുമായിരിക്കും ഇറങ്ങുക, യുവിയുടെ പ്രവചനം ഇപ്രകാരം

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയിൽ ഓപ്പണിംഗിൽ ഇറങ്ങുക രോഹിത്ത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലുമായിരിക്കുമെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ഡ്യൂക്ക് ബോളിൽ തുടക്കം നന്നാവണമെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെങ്കിലും രാജ്യാന്തര ക്രിക്കറ്റിലെ പുതുമുഖമായ ഗില്ലിനും അടുത്തിടെ ടെസ്റ്റ് ഓപ്പണിംഗിലേക്ക് തിരികെയെത്തിയ രോഹിത്തിനുമാവും ഇന്ത്യന്‍ മാനേജ്മെന്റ് അവസരം നല്‍കുകയെന്ന് യുവരാജ് അഭിപ്രായം പങ്കുവെച്ചു.

രോഹിത് ശര്‍മ്മയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് തുണയാകുമെന്നും താരം ഓപ്പണിംഗിൽ ഏഴ് ശതകങ്ങള്‍ ടെസ്റ്റിൽ നേടിയിട്ടുണ്ടെന്നുള്ളതും മറക്കരുതെന്ന് യുവി പറഞ്ഞു. എന്നാൽ ഇരുവരും ഇംഗ്ലണ്ടിൽ ഇതുവരെ ഓപ്പൺ ചെയ്തിട്ടില്ലെന്നതും പരിഗണിക്കേണ്ട കാര്യമാണെന്ന് യുവി പറഞ്ഞു.

ഇന്ത്യ മത്സരത്തെ ഓരോ സെഷനായി സമീപിക്കണമെന്നാണ് യുവരാജ് സിംഗ് പറ‍ഞ്ഞത്. ബോള്‍ വളരെ അധികം സ്വിംഗ് ചെയ്യുമെന്നത് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും സാഹചര്യവുമായി പൊരുത്തപ്പെട്ടുവാന്‍ എത്രയും വേഗം സാധിക്കുന്നുവോ അതാണ് പ്രധാനമെന്നും യുവരാജ് കൂട്ടിചേര്‍ത്തു.

ശുഭ്മൻ ഗിൽ കംപ്ലീറ്റ് അത്‍ലീറ്റ് – ആര്‍ ശ്രീധര്‍

താൻ കണ്ടതിൽ വെച്ച് കംപ്ലീറ്റ് അത്‍ലീറ്റ് ആയ ഒരു താരമാണ് ശുഭ്മൻ ഗിൽ എന്ന് പറ‍‍ഞ്ഞ് ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. താരത്തിന്റെ ബാറ്റിംഗും ഫീൽഡിംഗും ഒരു പോലെ മികച്ചതാണെന്ന് ശ്രീധര്‍ പറഞ്ഞു. മെലിഞ്ഞ് ഉയരമുള്ള താരം വളരെ വേഗത്തിലോടുകയും ചെയ്യുമെന്നും മികച്ച ഹാൻഡ്-ഐ കോ‍ര്‍ഡിനേഷനുമുള്ള ഒരു കളിക്കാരനാണെന്നും ശ്രീധ‍ര്‍ സൂചിപ്പിച്ചു.

മികച്ച റിഫ്ലക്സ് ഉള്ള താരം സ്പിന്നര്‍മാര്‍ പന്തെറയിുമ്പോൾ സ്ഥിരമായി ക്ലോസ് ഇൻ ഫീൽഡ‍ര്‍ ആയും നിൽക്കാറുണ്ട്. താരത്തിന് ഡീപിൽ നിന്ന് ത്രോ ചെയ്യുവാനും മികച്ച ബോൾ സെന്‍സും ഉണ്ടെന്ന് ശ്രീധര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വേഗത്തില്‍ മനസ്സിലാക്കുകയാണ് പ്രധാനം – ശുഭ്മന്‍ ഗില്‍

ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്തുവാന്‍ താരങ്ങള്‍ ആദ്യം ചെയ്യേണ്ടത് അവിടുത്തെ സാഹചര്യവുമായി ഏറ്റവും വേഗത്തില്‍ പുറത്തെടുക്കുകയെന്നതാണെന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉള്‍പ്പെടെ ആറ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്.

ഇംഗ്ലണ്ടില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുവാനായി എത്രയും വേഗത്തില്‍ അവിടുത്തെ സാഹചര്യവുമായി പരുത്തപ്പെടുകയാണെന്നും ഓപ്പണറെന്ന നിലയില്‍ സെഷനുകള്‍ അതിജീവിക്കുവാന്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഗില്‍ പറഞ്ഞു. ഓപ്പണര്‍മാര്‍ ആദ്യ സെഷനെ വിജയകരമായി നേരിടുകയെന്നത് ഇംഗ്ലണ്ടില്‍ മാത്രമല്ല ഏത് സാഹചര്യത്തിലും ചെയ്യേണ്ട കാര്യമാണെന്നും ഗില്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ക്ലൗഡി സാഹചര്യമാണെങ്കില്‍ ബോള്‍ കൂടുതല്‍ സ്വിംഗ് ചെയ്യും സൂര്യന്‍ പുറത്ത് വരുമ്പോള്‍ ബാറ്റിംഗ് അനായാസമാകും അപ്പോള്‍ സാഹചര്യം മനസ്സിലാക്കുക എന്നത് ഏറെ പ്രധാനമാണെന്നും ഗില്‍ പറഞ്ഞു.

പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലിനും മാനേജ്മെന്റിന്റെ പിന്തുണയുണ്ടാകണം

പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലിനും ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പിന്തുണയുണ്ടാകണമെന്ന് അറിയിച്ച് മുന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ്. ഇരു താരങ്ങള്‍ക്കും പരാജയം നേരിടേണ്ടി വന്നാലും ടീമിന്റെ ബാക്കിംഗ് വേണ്ടവരാണെന്നും ഇരുവരും മികച്ച പ്രതിഭകളായതിനാല്‍ തന്നെ ടീം അവരെ പിന്തുണയ്ക്കുവാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് പൃഥ്വിയെ പരിഗണിച്ചില്ലെങ്കിലും ശുഭ്മന്‍ ഗില്ലിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന് അധികം റണ്‍സ് കണ്ടെത്തുവാന്‍ സാധിച്ചില്ല. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്കും ഇംഗ്ലണ്ട് പര്യടനത്തിനും പൃഥ്വിയ്ക്ക് അവസരമില്ലെങ്കിലും ഗില്ലിന് അവസരം ലഭിച്ചിട്ടുണ്ട്.

ഐപിഎല്‍ അവസാനിക്കുമ്പോള്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒരാള്‍ ഗില്‍ ആയിരിക്കും – ഡേവിഡ് ഹസ്സി

മോശം ഫോമിലൂടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് യുവതാരം ശുഭ്മന്‍ ഗില്‍ കടന്ന് പോകുന്നത്. ഇത് വരെ അഞ്ച് മത്സരങ്ങള്‍ കളിച്ച താരം രണ്ട് മത്സരങ്ങളില്‍ മാത്രമാണ് 20ന് മേലെയുള്ള സ്കോര്‍ നേടിയത്.

താരം ഐപിഎല്‍ അവസാനിക്കുമ്പോള്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരങ്ങളില്‍ ഒരാളായിരിക്കുമെന്നാണ് ശുഭ്മന്‍ ഗില്ലിന് പിന്തുണയുമായി എത്തിയ കൊല്‍ക്കത്തയുടെ ചീഫ് മെന്റര്‍ ഡേവിഡ് ഹസ്സി പറഞ്ഞത്.

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരം നെറ്റ്സിലും അതേ തീവ്രതയോടെയാണ് പരിശീലനം നടത്തുന്നതെന്നും മികച്ച വര്‍ക്ക് എത്തിക്സ് ഉള്ള താരം ഒരു ക്ലാസ്സ് ആക്ട് ആണെന്നും ഹസ്സി വ്യക്തമാക്കി.

Exit mobile version