സഞ്ജുവിനും ശ്രേയസ്സിനും അര്‍ദ്ധ ശതകം, അക്സര്‍ പട്ടേലിന്റെ മികവിൽ 2 വിക്കറ്റ് വിജയം നേടി ഇന്ത്യ

 

വെസ്റ്റിന്‍ഡീസിനെതിരെ 2 പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയവുമായി ഇന്ത്യ. അക്സര്‍ പട്ടേൽ പുറത്താകാതെ 35 പന്തിൽ 64 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

ശിഖര്‍ ധവാനെ വേഗത്തിൽ പുറത്തായെങ്കിലും ശുഭ്മന്‍ ഗില്ലും(43) ശ്രേയസ്സ് അയ്യരും മികച്ച രീതിയില്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ 79/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ ശ്രേയസ്സ് അയ്യരും സഞ്ജു സാംസണും ചേര്‍ന്ന് 4ാം വിക്കറ്റിൽ 99 റൺസ് നേടിയാണ് തിരികെ ട്രാക്കിലെത്തിച്ചത്.

അയ്യര്‍ 63 റൺസ് നേടി പുറത്തായപ്പോള്‍ 54 റൺസ് നേടിയ സഞ്ജു റണ്ണൗട്ടായാണ് പുറത്തായത്. 45ാം ഓവറിന്റെ ആദ്യ പന്തിൽ ദീപക് ഹൂഡയെ(33) നഷ്ടമാകുമ്പോള്‍ ഇന്ത്യ 256/6 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് വാലറ്റത്തെക്കൂട്ടുപിടിച്ച് അക്സര്‍ പട്ടേലിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ഇന്ത്യയെ അവസാന ഓവറിൽ വിജയത്തിലേക്ക് നയിച്ചത്. 5 സിക്സ് ഉള്‍പ്പെടെയായിരുന്നു അക്സര്‍ പട്ടേലിന്റെ നിര്‍ണ്ണായക ഇന്നിംഗ്സ്.

 

ധവാന് ശതകം നഷ്ടം, അര്‍ദ്ധ ശതകങ്ങളുമായി ഗില്ലും ശ്രേയസ്സ് അയ്യരും

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിൽ 308 റൺസ് നേടി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും മികച്ച രീതിയിലാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 119 റൺസാണ് നേടിയത്.

64 റൺസ് നേടിയ ഗിൽ റണ്ണൗട്ടായപ്പോള്‍ പകരമെത്തിയ ശ്രേയസ്സ് അയ്യരെ കൂട്ടുപിടിച്ച് ധവാന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ച്. സ്കോര്‍ 213ൽ നിൽക്കവേേ 97 റൺസ് നേടിയ ധവാന്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഗുഡകേശ് മോട്ടി ആണ് വിക്കറ്റ് നേടിയത്. അധികം വൈകാതെ 57 റൺസ് നേടിയ അയ്യരെയും മോട്ടി പുറത്താക്കി.

പിന്നീട് വന്ന സൂര്യകുമാര്‍ യാദവിനും(13), സഞ്ജു സാംസണും(12) അധിക സമയം ക്രീസിൽ ചെലവഴിക്കാനാകാതെ പോയതോടെ ഇന്ത്യ 252/5 എന്ന നിലയിലേക്ക് വീണു. അക്സര്‍ പട്ടേൽ(21), ദീപക് ഹൂഡ(27) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ 308 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

ഹാര്‍ദ്ദിക്കിന്റെ ഓള്‍റൗണ്ട് മികവിനൊപ്പം തിളങ്ങി മില്ലറും ഗില്ലും, ഗുജറാത്ത് ടൈറ്റന്‍സിന് അരങ്ങേറ്റ സീസണിൽ തന്നെ കിരീടം

ഐപിഎൽ 2022 കിരീട ജേതാക്കളായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ബൗളിംഗിലെ പോലെ ബാറ്റിംഗിലും ഹാര്‍ദ്ദിക് കസറിയപ്പോള്‍ 131 റൺസെന്ന വിജയ ലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ബാറ്റിംഗ് തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാര്‍ അവസാനം വരെ പൊരുതി നോക്കുമെന്ന പ്രതീതി നൽകിയെങ്കിലും മില്ലര്‍ ക്രീസിലെത്തിയ ശേഷം കാര്യങ്ങള്‍ ഗുജറാത്തിന് അനുകൂലമായി മാറി മറിയുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ നൽകിയ അവസരം യൂസുവേന്ദ്ര ചഹാൽ കൈവിട്ടപ്പോള്‍ സാഹയെയും വെയിഡിനെയും യഥാക്രമം പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. പവര്‍പ്ലേയ്ക്കുള്ളിൽ ഗുജറാത്തിനെ വരുതിയിൽ നിര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും പിന്നീട് ശുഭ്മന്‍ ഗില്ലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നിലയുറപ്പിച്ചാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്.

53 പന്തിൽ 63 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ 14ാം ഓവറിലെ രണ്ടാം പന്തിൽ ചഹാല്‍ തകര്‍ക്കുമ്പോള്‍ 45 റൺസ് കൂടി മാത്രമേ ഗുജറാത്തിന് വേണ്ടിയിരുന്നുള്ളു. 34 റൺസാണ് ഹാര്‍ദ്ദിക് നേടിയത്. ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയതോടെ ഗുജറാത്തിന് വേഗത്തിൽ റൺസ് നേടുവാന്‍ സാധിക്കുകയായിരുന്നു.

ഗിൽ 45 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ 19 പന്തിൽ 32 റൺസ് നേടി വിജയികള്‍ക്കായി തിളങ്ങി. ഗില്ലും മില്ലറും ചേര്‍ന്ന് 47 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇന്ന് നാലാം വിക്കറ്റിൽ നേടിയത്.

ഗില്ലിന് അര്‍ദ്ധ ശതകം, ഗുജറാത്തിന് നേടാനായത് 144 റൺസ് മാത്രം

ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സിന് നേടാനായത് 144 റൺസ്. ശുഭ്മന്‍ ഗില്‍ നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ലക്നൗ ബൗളര്‍മാര്‍ മത്സരത്തിൽ പിടി മുറുക്കിയപ്പോള്‍ ഡേവിഡ് മില്ലറുമായി നാലാം വിക്കറ്റിൽ ഗിൽ നേടിയ 52 റൺസാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്.

ഗിൽ 49 പന്തിൽ 63 റൺസ് നേടിയപ്പോള്‍ മില്ലര്‍ 26 റൺസ് നേടി പുറത്തായി. രാഹുൽ തെവാത്തിയ 22 റൺസ് നേടി അഞ്ചാം വിക്കറ്റിൽ 41 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് ഗില്ലുമായി പുറത്തെടുത്തപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 144 റൺസ് നേടി.അവേശ് ഖാന്‍ 2 വിക്കറ്റ് നേടി.

ഓപ്പണറെന്ന നിലയിൽ താന്‍ ഇന്നിംഗ്സ് മുഴവന്‍ കളിച്ചാൽ ഹിറ്റര്‍മാര്‍ക്ക് അത് കാര്യം എളുപ്പമാക്കും – ശുഭ്മന്‍ ഗിൽ

ഓപ്പണറെന്ന നിലയിൽ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുക എന്നതും ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതും പ്രധാനമാണെന്ന് പറഞ്ഞ് ശുഭ്മന്‍ ഗിൽ. താന്‍ അങ്ങനെ ബാറ്റ് ചെയ്യുകയാണെങ്കിൽ ടീമിലെ ബിഗ് ഹിറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും താരം വ്യക്തമാക്കി.

താന്‍ തന്റെ ഡോട്ട് ബോളുകളുടെ എണ്ണം കുറയ്ക്കുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഇത്തവണ ഗ്യാപ്പുകള്‍ കണ്ടെത്തുവാന്‍ തനിക്കായതിനാൽ തന്നെ സ്കോറിംഗ് അവസരങ്ങള്‍ അനവധി ആയിരുന്നുവെന്നും ഗിൽ സൂചിപ്പിച്ചു.

ഗിൽ കില്ലാടി!!! പക്ഷേ ഹീറോ തെവാത്തിയ

ഗുജറാത്തിന്റെ അപരാജിത കുതിപ്പിന് പഞ്ചാബ് അവസാനം കുറിച്ചുവെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന പന്തിൽ രണ്ട് സിക്സ് വേണ്ടപ്പോള്‍ ഒഡിയന്‍ സ്മിത്തിനെ രണ്ട് സിക്സര്‍ പറത്തി ഗുജറാത്തിന്റെ മൂന്നാം വിജയം നേടിക്കൊടുത്ത് രാഹുല്‍ തെവാത്തിയ.

അവസാന ഓവറിൽ 19 റൺസ് വേണ്ടപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ നഷ്ടമായ ഗുജറാത്തിന് ലക്ഷ്യം രണ്ട് പന്തിൽ 12 ആയപ്പോള്‍ തെവാത്തിയ ടീമിന്റെ വിജയം എണ്ണം പറഞ്ഞ രണ്ട് സിക്സിലൂടെ പൂര്‍ത്തിയാക്കുകയായിരുന്നു.

Shubmangill
മാത്യു വെയിഡിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന് ശുഭ്മന്‍ ഗിൽ ബാറ്റിംഗ് അനായാസമാക്കിയപ്പോള്‍ താരത്തിന് പിന്തുണയായി അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശനും ക്രീസിൽ നിലയുറപ്പിച്ചു.

106 റൺസാണ് ഈ കൂട്ടുകെട്ട് 68 പന്തിൽ നേടിയത്. 35 റൺസ് നേടിയ സായി സുദര്‍ശനെ രാഹുല്‍ ചഹാര്‍ പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. അതിന് ശേഷം ഗില്ലും ഹാര്‍ദ്ദിക്കും 37 റൺസ് മൂന്നാം വിക്കറ്റിൽ നേടി.

ഗിൽ 96 റൺസ് നേടി 19ാം ഓവറിന്റെ അഞ്ചാം പന്തിൽ പുറത്തായപ്പോള്‍ അവസാന ഓവറിൽ 19 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടേണ്ടിയിരുന്നത്. ഒഡിയന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതോടെ കാര്യങ്ങള്‍ ഗുജറാത്തിന് പ്രയാസകരമായി മാറി. 27 റൺസാണ് പാണ്ഡ്യ നേടിയത്.

ഈ ശുഭ്മൻ ഗില്ലിനെയാണ് ഏവർക്കും കാണേണ്ടത് – ഹാർദ്ദിക് പാണ്ഡ്യ

ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിംഗിനെ 171 റൺസിലേക്ക് എത്തിച്ചതിൽ 84 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമായിരുന്നു. മത്സരത്തിലെ താരമായി മാറിയത് ലോക്കി ഫെര്‍ഗൂസണാണെങ്കിലും നിര്‍ണ്ണായകമായ സ്കോറിലേക്ക് ടീമിനെ എത്തിച്ചതിൽ ഗില്ലിന്റെ സംഭാവന വലുതായിരുന്നു.

ഈ ശുഭ്മന്‍ ഗില്ലിനെയാണ് ഏവരും ഉറ്റുനോക്കുന്നതെന്നാണ് താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്. താരത്തിന്റെ പ്രകടനം കണ്ട് മറ്റു ബാറ്റ്സ്മാന്മാര്‍ക്കും ആത്മവിശ്വാസം ലഭിയ്ക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഹാർദ്ദിക് കൂട്ടിചേര്‍ത്തു.

സബ്‍ലൈം ശുഭ്മണ ഗിൽ!!! ഗുജറാത്തിന് 171 റൺസ്

ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്‍ നേടിയ 84 റൺസാണ് ഗുജറാത്തിന് തുണയായത്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ മാത്യു വെയിഡിനെ നഷ്ടമായി.

പിന്നീട് ഗില്ലും വിജയ് ശങ്കറും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 42 റൺസ് നേടിയെങ്കിലും 13 റൺസ് മാത്രമായിരുന്നു ശങ്കറിന്റെ സംഭാവന. അതിന് ശേഷം ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഗില്ലും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 65 റൺസ് നേടി ഗുജറാത്തിനെ മുന്നോട്ട് നയിച്ചു.

31 റൺസ് നേടിയ ഹാര്‍ദ്ദിക് പുറത്തായ ശേഷവും ബാറ്റിംഗ് തുടര്‍ന്ന ഗിൽ മില്ലറുമായി 19 പന്തിൽ 36 റൺസ് കൂടി നേടിയെങ്കിലും ഖലീൽ അഹമ്മദ് താരത്തെ പുറത്താക്കി. 46 പന്തിൽ 84 റൺസ് നേടിയ താരം 4 സിക്സും 6 ഫോറുമാണ് നേടിയത്.

ഡേവിഡ് മില്ലര്‍ 20 റൺസ് നേടി പുറത്താകാതെ നിന്നു. ഡൽഹിയ്ക്ക് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് നേടി.

ശുഭ്മന്‍ ഗില്ലിനെ നിലനിര്‍ത്താനാകാത്തത് തീരാനഷ്ടം – ബ്രണ്ടന്‍ മക്കല്ലം

ശുഭ്മന്‍ ഗില്ലിനെ കൊല്‍ക്കത്ത ടീമിലേക്ക് തിരികെ എത്തിക്കാനാകില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണെന്ന് പറഞ്ഞ് ബ്രണ്ടന്‍ മക്കല്ലം. തങ്ങള്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളിൽ ഗില്ലിനെ കൊല്‍ക്കത്ത ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ അഹമ്മദാബാദ് ഫ്രാ‍ഞ്ചൈസി താരത്തെ സ്വന്തമാക്കിയതോടെ ലേലത്തിൽ താരത്തെ തിരികെ പിടിക്കാമെന്ന പ്രതീക്ഷ കൊല്‍ക്കത്തയ്ക്ക് ഇല്ലാതായി.

8 കോടി രൂപയ്ക്കാണ് അഹമ്മദാബാദ് ശുഭ്മന്‍ ഗില്ലിനെ സ്വന്തമാക്കിയത്. 15 കോടി വീതം രൂപയ്ക്ക് ഹാര്‍ദ്ദിക് പാണ്ഡ്യയെയും റഷീദ് ഖാനെയും അഹമ്മദാബാദ് സ്വന്തമാക്കിയിരുന്നു.

അതേ സമയം കൊല്‍ക്കത്ത ആന്‍ഡ്രേ റസ്സൽ(12 കോടി), വരുൺ ചക്രവര്‍ത്തി(8 കോടി), വെങ്കിടേഷ് അയ്യര്‍(8 കോടി), സുനിൽ നരൈന്‍(6 കോടി) എന്നിവരെയാണ് നിലനിര്‍ത്തിയത്.

ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 111/3 എന്ന നിലയിൽ, മയാംഗിന് അര്‍ദ്ധ ശതകം

അജാസ് പട്ടേലിന്റെ സ്പിന്‍ കുരുക്കിൽ വീണ ഇന്ത്യയ്ക്ക് ആശ്വാസമായി മയാംഗ് അഗര്‍വാളിന്റെ അര്‍ദ്ധ ശതകം. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ഇന്ത്യ 111/3 എന്ന നിലയിലാണ്.

52 റൺസ് നേടി മയാംഗും 7 റൺസുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിലുള്ളത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റിൽ 80 റൺസ് നേടിയെങ്കിലും അജാസ് ഇന്ത്യയെ 80/3 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു.

44 റൺസ് നേടി ഗിൽ ആണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്കോറര്‍.

ഗില്ലിന് അര്‍ദ്ധ ശതകം നഷ്ടം

ന്യൂസിലാണ്ടിനെതിരെ മുംബൈ ടെസ്റ്റിന്റെ ആദ്യ ദിവസം 28 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 80/1 എന്ന നിലയിൽ. 80 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അജാസ് പട്ടേൽ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയാണ് ന്യൂസിലാണ്ടിന് ബ്രേക്ക്ത്രൂ നല്‍കിയത്.

ഗിൽ 44 റൺസ് നേടിയപ്പോള്‍ മയാംഗ് അഗര്‍വാള്‍ 32 റൺസും ചേതേശ്വര്‍ പുജാര റണ്ണൊന്നുമെടുക്കാതെയുമാണ് ക്രീസിലുള്ളത്.

കൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍

ഐപിഎലില്‍ തങ്ങളുടെ നാലാം കിരീടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ലോര്‍ഡ് ശര്‍ദ്ധുൽ താക്കൂര്‍ വെങ്കിടേഷ് അയ്യരെയും നിതീഷ് റാണയെയും ഒരേ ഓവറിൽ പുറത്താക്കിയ തുടക്കമിട്ട കൊല്‍ക്കത്തയുടെ തകര്‍ച്ചയ്ക്ക് രവീന്ദ്ര ജഡേജയും ആക്കം കൂട്ടിയപ്പോള്‍ 27 റൺസ് വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് കൊല്‍ക്കത്ത നേടിയത്.

31 പന്തിൽ അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തിൽ കൊല്‍ക്കത്തയ്ക്ക് ശുഭ്മന്‍ ഗില്ലിനെ നഷ്ടമാകുകയായിരുന്നു. എന്നാൽ പന്ത് സ്പൈഡര്‍ കാം കേബിളിൽ കൊണ്ടതിനാൽ തന്നെ ഗില്ലിന് ജീവന്‍ ദാനം ലഭിച്ചു.

എന്നാൽ അടുത്ത ഓവറിൽ വെങ്കിടേഷ് അയ്യരുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. താക്കൂറിനാണ് വിക്കറ്റ്. അയ്യരുടെ സ്കോര്‍ പൂജ്യത്തിലുള്ളപ്പോള്‍ എംഎസ് ധോണി താരത്തെ കൈവിട്ടിരുന്നു. 64 പന്തിൽ 91 റൺസാണ് വെങ്കിടേഷ് അയ്യരും ശുഭ്മന്‍ ഗില്ലും നേടിയത്. അതേ ഓവറിൽ തന്നെ നിതീഷ് റാണയെ പിടിച്ച് ലോര്‍ഡ് താക്കൂര്‍ ചെന്നൈയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

91/0 എന്ന നിലയിൽ നിന്ന് 97/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുന്ന കാഴ്ചയാണ് ദുബായിയിൽ പിന്നീട് കണ്ടത്. ഇതിനിടെ ശുഭ്മന്‍ ഗിൽ തന്റെ അര്‍ദ്ധ ശതകം 40 പന്തിൽ തികച്ചു. തൊട്ടടുത്ത ഓവറിൽ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ദീപക് ചഹാര്‍ ചെന്നൈയ്ക്ക് മത്സരത്തിൽ മുന്‍തൂക്കം നേടിക്കൊടുത്തു.

മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 76 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. സ്കോറിംഗ് വേഗത കൂട്ടുവാന്‍ ശ്രമിച്ച് ദിനേശ് കാര്‍ത്തിക്ക്(9) രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ കൊല്‍ക്കത്ത ക്യാമ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. അതേ ഓവറിൽ ഷാക്കിബ് അല്‍ ഹസനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ചെന്നൈയെ കിരീടത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

ശര്‍ദ്ധുൽ താക്കൂര്‍ എറിഞ്ഞ 19ാം ഓവറിൽ 17 പിറന്നപ്പോള്‍ താരം 10 ബോളാണ് ആ ഓവറിൽ എറിഞ്ഞത്. ആ ഓവര്‍ ക്യാപ്റ്റന്‍ കൂള്‍ ധോണി തന്റെ കൂള്‍ നഷ്ടമാകുന്നത് കാണികള്‍ക്ക് കാണാനായി. ഒമ്പതാം വിക്കറ്റിൽ ശിവം മാവി – ലോക്കി ഫെര്‍ഗൂസൺ കൂട്ടുകെട്ട് 39 റൺസ് നേടിയാണ് കൊല്‍ക്കത്തയുടെ തോല്‍വിയുടെ ഭാരം കുറച്ചത്.

മാവി 20 റൺസ് നേടി അവസാന ഓവറിൽ ബ്രാവോയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസൺ 18 റൺസുമായി പുറത്താകാതെ നിന്നു. താക്കൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹാസൽവുഡും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version