ബാസ്ബോളിന് മറുപടി ജയ്സ്ബോൾ!! യശസ്വി ജയ്സ്വാളിന്റെ മികവിൽ ഇന്ത്യ കുതിക്കുന്നു

യശസ്വി ജയ്സ്വാളിന്റെ മികവിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 196-2 എന്ന നിലയിലാണ് ഉള്ളത്. ഇന്ത്യയുടെ ലീഡ് 322ൽ എത്തി. ജയ്സ്വാളിന്റെ തകർപ്പൻ സെഞ്ച്വറി ആണ് ഇന്ത്യക്ക് ബലമായത്. തുടക്കത്തിൽ മെല്ലെ കളിച്ച ജയ്സ്വാൾ പതിയെ ഗിയർ മാറ്റിയതോടെ റൺ ഒഴുകി. 133 പന്തിൽ 104 റൺസുമായി നിൽക്കെ പരിക്ക് കാരണം ജയ്സ്വാൾ റിട്ടയർ ചെയ്തു കളം വിട്ടു.

ജയ്സ്വാൾ 5 സിക്സും 9 ഫോറും അടിച്ചിട്ടുണ്ട്. താരത്തിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഗിൽ 120 പന്തിൽ നിന്ന് 65 റൺസ് എടുത്തു ക്രീസിൽ നിൽക്കുന്നുണ്ട്. റൺ ഒന്നും എടുക്കാത്ത പടിദറിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് അവസാനം തിരിച്ചടിയായി. 3 റൺസുമായി കുൽദീപും ക്രീസിൽ നിൽക്കുന്നു. 19 റൺസ് എടുത്ത രോഹിത് ശർമ്മയെയും നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു.

നേരത്തെ ഇംഗ്ലണ്ടിനെ 319 റൺസിൽ എറിഞ്ഞിട്ട് ഇന്ത്യ 126 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ഇന്ത്യക്ക് ആയി സിറാജ് നാലു വിക്കറ്റും കുൽദീപ്, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഗില്ലിന്റെ സെഞ്ച്വറിയാണ് നിർണായകമായത് എന്ന് ഡി വില്ലിയേഴ്സ്

വിശാഖപട്ടണത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസമായത് ശുഭ്മാൻ ഗില്ലിന്റെ രണ്ടാം ഇന്നിംഗ്‌സിലെ സെഞ്ചുറിയാണ് എന്ന് എബി ഡിവില്ലിയേഴ്‌സ്. ഗിൽ 147 പന്തിൽ 11 ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 104 റൺസ് എടുത്ത് ഇന്ത്യയെ ഭേദപ്പെട്ട സ്കോർ ഉയർത്താൻ സഹായിച്ചിരുന്നു.

“ഗിൽ രണ്ടാം ഇന്നിംഗ്സിൽ വന്ന് അവിശ്വസനീയമായ രീതിയിൽ കളിച്ചു. എന്തൊരു അവിശ്വസനീയമായ കളിക്കാരൻ ആണ് ഗിൽ. അവൻ തൻ്റെ ശൈലിയിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഈ ഇന്നിംഗ്സ് ഗില്ലിന്റെ മികവ് കാണിക്കുന്നു.” ഡി വില്ലിയേഴ്സ് പറഞ്ഞു.

“ഒരു വലിയ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ഒരു സെഞ്ച്വറി,അതായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം,” ഡിവില്ലിയേഴ്സ് പറഞ്ഞു.

ശുഭ്മൻ ഗില്ലിന് പരിക്ക്, ഫീൽഡിന് ഇറങ്ങില്ല

ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിൻ്റെ നാലാം ദിനം ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ഫീൽഡിന് ഇറങ്ങില്ല. ഫീൽഡിങ്ങിനിടെ വലത് ചൂണ്ടുവിരലിന് പരിക്കേറ്റതിനാൽ ആണ് ഗിൽ പുറത്തിരിക്കേണ്ടി വരുന്നത്. പരിക്ക് എത്ര സാരമുള്ളതാണ് എന്ന് വ്യക്തമല്ല. നേരത്തെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിക്കൊണ്ട് ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു ശുഭ്മൻ ഗിൽ.

പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സർഫറാസ് ഖാൻ ഫീൽഡിന് ഇറങ്ങി. സർഫറാസ് ആകും ഇന്ന് ശുഭ്മൻ ഗിൽ ആകും ഇന്ന് മൊത്തമായും ഫീൽഡ് ചെയ്യുക. ഗില്ലിന്റെ പരിക്കിനെ കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ ബി സി സി ഐ നൽകിയിട്ടില്ല.

ഗില്ലിന് സെഞ്ച്വറി, ഇന്ത്യയുടെ 7 വിക്കറ്റുകൾ നഷ്ടം

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം മൂന്നാം സെഷനിലേക്ക് കടന്നു. ഇന്ത്യ ഇപ്പോൾ 228-7 എന്ന നിലയിലാണ്. ശുഭ്മാൻ ഗിൽ ഫോമിൽ എത്തിയതാണ് ഇന്ത്യക്ക് രക്ഷയായത്. ഗിൽ 147 പന്തിൽ നിന്ന് 104 റൺസുമായി പുറത്തായി. 11 ഫോറും 2 സിക്സും ഗിൽ അടിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗിൽ ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടുന്നത്.

ഇന്ന് രാവിലെ ഇന്ത്യയുടെ രണ്ട് ഓപ്പണർമാരെയും ആൻഡേഴ്സൺ പുറത്താക്കിയി. ജയ്സ്വാൾ 17 റൺസ് എടുത്തും രോഹിത് 13 റൺസ് എടുത്തും ആൻഡേഴ്സണ് മുന്നിൽ കീഴടങ്ങി. ശ്രേയസ് 29 റൺസ് എടുത്ത് ഹാർട്ലിയുടെ പന്തിൽ പുറത്തായി. 9 റൺസ് എടുത്ത രജത് പടിദാറിനെ രെഹാൻ അഹമ്മദും പുറത്താക്കി.

അക്സർ പട്ടേൽ 84 പന്തിൽ നിന്ന് 45 റൺസുമായി നല്ല സംഭാവന നൽകി. വിക്കറ്റ് കീപ്പർ ഭരത് 6 റൺസുമായി നിരാശപ്പെടുത്തി. ഇന്ത്യ ഇപ്പോൾ 371 റണ്ണിന്റെ ലീഡിൽ നിൽക്കുകയാണ്.

അവസാനം ഗിൽ ഫോമിൽ, ഇന്ത്യയുടെ ലീഡ് 300ലേക്ക് അടുക്കുന്നു

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യ ഇപ്പോൾ 130-4 എന്ന നിലയിലാണ്. ശുഭ്മാൻ ഗിൽ ഫോമിൽ എത്തിയതാണ് ഇന്ത്യക്ക് ആശ്വാസം. ഗിൽ 78 പന്തിൽ നിന്ന് 60 റൺസുമായി ക്രീസിൽ ഉണ്ട്. 8 ഫോറും 1 സിക്സും ഗിൽ അടിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗിൽ ടെസ്റ്റിൽ ഒരു അർധ സെഞ്ച്വറി നേടുന്നത്. ഗില്ലിനൊപ്പം 2 റൺസുമായി അക്സർ പട്ടേലും ക്രീസിൽ ഉണ്ട്.

ഇന്ന് രാവിലെ ഇന്ത്യയുടെ രണ്ട് ഓപ്പണർമാരെയും ആൻഡേഴ്സൺ പുറത്താക്കിയി. ജയ്സ്വാൾ 17 റൺസ് എടുത്തും രോഹിത് 13 റൺസ് എടുത്തും ആൻഡേഴ്സണ് മുന്നിൽ കീഴടങ്ങി. ശ്രേയസ് 29 റൺസ് എടുത്ത് ഹാർട്ലിയുടെ പന്തിൽ പുറത്തായി. 9 റൺസ് എടുത്ത രജത് പടിദാറിനെ രെഹാൻ അഹമ്മദും പുറത്താക്കി. ഇന്ത്യ ഇപ്പോൾ 273 റണ്ണിന്റെ ലീഡിൽ നിൽക്കുകയാണ്.

പൂജാര അവസരത്തിനായി കാത്തിരിക്കുന്നുണ്ട് എന്ന് ഗില്ലിനെ ഓർമ്മിപ്പിച്ച് രവി ശാസ്ത്രി

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലുൻ വലിയ സ്കോർ എടുക്കുന്നതിൽ പരാജയപ്പെട്ട ശുഭ്മൻ ഗില്ലിനെ വിമർശിച്ച് രവി ശാസ്ത്രി. പൂജാര അവസരത്തിനായി കാത്തിരിക്കുന്നുണ്ട് എന്ന് രവി ശാസ്ത്രി പറഞ്ഞു.

“പുജാര ഒരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ഇതൊരു പുതിയ ടീമാണ്, യുവനിരയാണ്. ഈ ചെറുപ്പക്കാർ സ്വയം തെളിയിക്കണം. മറക്കരുത്, പൂജാര കാത്തിരിക്കുകയാണ്. രഞ്ജി ട്രോഫിയിൽ അദ്ദേഹം കഴിവ് തെളിയിക്കുന്നുണ്ട്, എപ്പോഴും സെലക്ഷൻ കമ്മിറ്റിയുടെ റഡാറിൽ അദ്ദേഹം ഉണ്ട്,” ശാസ്ത്രി പറഞ്ഞു.

ഗില്ലിൻ്റെ ടെസ്റ്റിലെ സമീപനത്തെയും ശാസ്ത്രി വിമർശിച്ചു. “ഇതൊരു ടെസ്റ്റ് മത്സരമാണ്; നിങ്ങൾ അവിടെ നിൽക്കണം. അല്ലെങ്കിൽ, നിങ്ങൾ എല്ലാത്തരം പ്രശ്‌നങ്ങളിലും അകപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു. ഗിൽ 46 പന്തിൽ നിന്ന് 34 റൺസ് എടുത്താണ് പുറത്തായത്. അവസാന ഒരരു വർഷത്തുൽ ഗില്ലിന് ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടാൻ ആയിട്ടില്ല.

ഗില്ലും ശ്രേയസ് അയ്യറും ഫോമിലേക്ക് എത്തും എന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച്

ഫോമിൽ ഇക്കാത്ത ശുഭ്മാൻ ഗില്ലിനെയും ശ്രേയസ് അയ്യരെയും പിന്തുണച്ച് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. ഇരുവരും ഫോമിലേക്ക് ഉടൻ തിരികെയെത്തും എന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്തായി ടെസ്റ്റിൽ ഗില്ലും അയ്യരും വളരെ മോശം ഫോമിലാണ്. മൂന്നാം സ്ഥാനത്തേക്ക് മാറിയ ഗില്ലിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇതുവരെ ആയിട്ടില്ല. കഴിഞ്ഞ വർഷത്തിൻ്റെ തുടക്കത്തിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന വലിയ സ്‌കോർ, അതിനുശേഷം അദ്ദേഹം ഫിഫ്റ്റി സ്‌കോർ ചെയ്‌തിട്ടില്ല.

ശ്രേയസ് ടീമിലേക്ക് തിരികെ എത്തിയ ശേഷം അർധ സെഞ്ച്വറി നേടിയില്ല‌‌. എങ്കിലും റാത്തോർ ഇരുവരെയും പിന്തുണച്ചു. “അവരുടെ കഴിവിനെക്കുറിച്ച് ഒരു ചോദ്യവുമില്ല, ഇരുവരും വളരെ മികച്ച കളിക്കാരാണ്,” റാത്തൂർ പറഞ്ഞു.

“ആളുകൾ മോശം ഫോമുകളിലൂടെ കടന്നുപോകുന്നു, നിങ്ങൾ ആഗ്രഹിക്കുന്നത്ര റൺസ് സ്കോർ ചെയ്യാത്ത മോശം പാച്ചുകൾ ഉണ്ടാകും. ഞങ്ങൾ നോക്കുന്നത് അവർ എങ്ങനെ തയ്യാറെടുക്കുന്നു, അവരുടെ മാനസികാവസ്ഥ എങ്ങനെയെന്നതാണ്.” അദ്ദേഹം പറഞ്ഞു.

“അവർ നന്നായി തയ്യാറെടുക്കുന്നു, അവർ നെറ്റ്‌സിൽ കഠിനാധ്വാനം ചെയ്യുന്നു. ഇരുവരിൽ നിന്നും ഒരു വലിയ പ്രകടനം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ഗില്ലിന്റെ ടീമിലെ സ്ഥാനം പോകുമെന്ന് കരുതില്ല എന്ന് സഹീർ ഖാൻ

മോശം ഫോമിൽ ആണെങ്കിലും ഗിൽ ടീമിൽ തുടരും എന്നാണ് തന്റെ വിശ്വാസം എന്ന് സഹീർ ഖാൻ. താരത്തിനു മേൽ സമ്മർദ്ദം ഉണ്ടെങ്കിലും ഗില്ലിനെ ടീം ഇന്ത്യ വിശ്വസിക്കുന്നുണ്ട് എന്ന് സഹീർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഗിൽ പരാജയപ്പെട്ടിരുന്നു. അവസാന 14 ടെസ്റ്റ് ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി പോലും താരത്തിന് നേടാൻ ആയിട്ടില്ല.

“നിങ്ങൾ പറയുന്ന സമ്മർദ്ദം ഈ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഗില്ലിൽ വന്നതായി ഞാൻ കരുതുന്നില്ല, കാരണം അവൻ ബാറ്റിംഗിൻ്റെ ക്ലാസ് ഉണ്ട്, ആദ്യ ഇന്നിംഗ്സിൽ അവന്റെ ക്ലാസ് വന്നില്ല. അവിടെ നല്ല പ്ലാറ്റ്‌ഫോം ഉണ്ടായിട്ടും വലിയ ഇന്നിങ്സ് കളിക്കാൻ ഗില്ലിനായില്ല.” സഹീർ പറഞ്ഞു.

“അവനിൽ ഇപ്പോൾ സമ്മർദ്ദമുണ്ട്, പക്ഷേ നിങ്ങൾ അത് കൈകാര്യം ചെയ്യണം. ക്രിക്കറ്റിൽ നമ്മൾ പറയുന്നതുപോലെ, ഒരു നല്ല കളിക്കാരൻ ഉയർന്നുവരുന്നത് സമ്മർദ്ദത്തിൽ നിന്നാണ്. ടീം ശുഭ്മാനെ അങ്ങനെ കാണും, ആരാധകരും അവനെ അങ്ങനെ കാണും, അതിനാൽ അദ്ദേഹത്തിന് ഇനിയും അവസരം നൽകും. ഇപ്പോൾ ടീമിൽ അദ്ദേഹത്തിൻ്റെ സ്ഥാനത്തെ കുറിച്ച് ഒരു ചോദ്യവും വേണ്ടെന്ന് ഞാൻ കരുതുന്നു. അവൻ നമ്പർ 3ൽ കളിക്കും.” സഹീർ ഖാൻ പറഞ്ഞു.

ഗിൽ ഫോമിലേക്ക് ഉയരും, പിന്തുണയുമായി കെ എൽ രാഹുൽ

ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി കെ എൽ രാഹുൽ. ആദ്യ ഇന്നിംഗ്സിൽ പെട്ടെന്ന് പുറത്തായ ഗിൽ അവസാന 13 ഇന്നിങ്സിൽ അർധ സെഞ്ച്വറി നേടിയിട്ടില്ല. ഒരു വർഷം മുമ്പായിരുന്നു അവസാനം ഗിൽ ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയത്. അതുകൊണ്ട് തന്നെ ഗില്ലിന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

“ശുബ്മാന് ആദ്യ ദിവസം കളിയുടെ അവസാനം വരെ പ്രതിരോധിക്കേണ്ട ഒരു സാഹചര്യത്തിലാണ് ക്രീസിൽ എത്തേണ്ടി വന്നത്. ചിലപ്പോൾ നിങ്ങൾ അങ്ങനെയൊരു മാനസികാവസ്ഥയിൽ എത്തുമ്പോൾ, നിങ്ങൾക്ക് അതിൽ നിന്ന് രക്ഷപ്പെടുക പ്രയാസമായിരിക്കും. ആ ഡിഫൻസിൽ നിന്ന് മാറാൻ അദ്ദേഗത്തിന് ഒരു ഷോട്ട് മതിയായിരുന്നു. അത് വന്നില്ല.” രാഹുൽ പറഞ്ഞു.

“ഞാൻ പറഞ്ഞതുപോലെ, അവൻ ഫോമിലേക്ക് എത്തും. അവൻ ഒരു ക്ലാസ് ക്രിക്കറ്ററാണ്. അവൻ ശരിക്കും നന്നായി സ്പിൻ കളിക്കുന്നു. വൈറ്റ്ബോൾ ക്രിക്കറ്റിൽ ഞങ്ങൾ അത് കണ്ടു. ടെസ്റ്റിലും അത് കാണാൻ ആകും.” രാഹുൽ പറഞ്ഞു

ഗിൽ വിമർശനങ്ങൾ നേരിടേണ്ടി വരും എന്ന് സഹീർ ഖാൻ

ശുഭ്മാൻ ഗില്ലിന്റെ മോശം ഫോം വിമർശിക്കപ്പെടുമെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ 153 റൺസിന് പുറത്തായപ്പോൾ ഗിൽ 36 റൺസ് നേടിയിരുന്നു. എങ്കിലും അത്ര നല്ല ഫോമിൽ അല്ല ഗിൽ ഉള്ളത്.

“ശുബ്മാൻ ഗില്ലിന് കഴിവുണ്ട്, അതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ വർഷം ശുഭ്മാന് മികച്ച വർഷമായിരുന്നു, കൂടാതെ എല്ലാ ഫോർമാറ്റുകളിലും തന്റെ പ്രാഗത്ഭ്യം പ്രകടിപ്പിക്കുകയും ചെയ്തു. അവൻ റൺസ് നേടി, കഴിവുണ്ട്, ”സഹീർ പറഞ്ഞു.

“എന്നാൽ നിങ്ങൾ റൺസ് സ്‌കോർ ചെയ്യുന്നില്ലെങ്കിൽ മോശം ഫോമിലാണ് എങ്കിൽ, നിങ്ങൾ വിമർശനം നേരിടും. പ്രതീക്ഷകൾ കാരണം, ആ സമ്മർദ്ദത്തിൽ കളിക്കേണ്ടി വരും. മികച്ച തുടക്കം ലഭിച്ചതിന് ശേഷം നിങ്ങളുടെ വിക്കറ്റ് നഷ്‌ടപ്പെടുകയാണെങ്കിൽ, അത് ആശങ്കാജനകമാണ്.” സഹീർ കൂട്ടിച്ചേർത്തു.

ഗുജറാത്തിന്റെ ക്യാപ്റ്റൻ ആകുന്നതിൽ അഭിമാനം ഉണ്ടെന്ന് ഗിൽ

ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത് അഭിമാനകരമാണെന്ന് ശുഭ്മാൻ ഗിൽ‌. ഈ വേഷം ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും തന്നിൽ വിശ്വാസമർപ്പിച്ച ഫ്രാഞ്ചൈസിക്ക് നന്ദിയുണ്ടെന്നും ഗിൽ പറഞ്ഞു.

“ഗുജറാത്ത് ടൈറ്റൻസിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഇത്രയും മികച്ച ടീമിനെ നയിക്കാൻ ഫ്രാഞ്ചൈസിക്ക് എന്നിലുള്ള വിശ്വാസത്തിന് എനിക്ക് നന്ദി പറയാനാവില്ല. നമുക്ക് ഇത് അവിസ്മരണീയമാക്കാം! എല്ലാ ആരാധകർക്കും… #AavaDe,” ഗിൽ X-ൽ കുറിച്ചു.

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് പോയത് കൊണ്ടാണ് ഗിൽ ഇപ്പോൾ ഗുജറാത്തിന്റെ ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ടത്. 33 ഇന്നിങ്‌സുകളിൽ നിന്ന് 47.34 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും എട്ട് അർധസെഞ്ചുറികളും സഹിതം 1373 റൺസ് ഇതുവരെ ഗുജറാത്ത് ടൈറ്റൻസിനായി നേടിയിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം വന്നു, ഗിൽ ഇനി ഗുജറാത്തിന്റെ ക്യാപ്റ്റൻ, ഹാർദിക് മുംബൈയിൽ

ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയി യുവതാരം ശുഭ്മൻ ഗിൽ നിയമിക്കപ്പെട്ടു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതായും ഗുജറാത്ത് ടൈറ്റൻസ് സ്ഥിരീകരിച്ചു. കാഷ് ഇൻ ട്രേഡിൽ ആണ് ഹാർദിക് മുംബൈയിലേക്ക് പോവുന്നത്. 15 കോടിയോളം മുംബൈ ഇന്ത്യൻസ് ഗുജറാത്തിന് നൽകും.

മുംബൈ ഇന്ത്യൻസിൽ ദീർഘകാലം കളിച്ചിട്ടുള്ള ഹാർദിക് രണ്ട് സീസൺ മുമ്പ് ആയിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയത്.

ഗുജറാത്തിന് ഒരു ഐ പി എൽ കിരീടം നേടിക്കൊടുക്കാനും ഒരു ഫൈനലിൽ എത്തിക്കാനും ഹാർദികിന് ആയിരുന്നു. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ആകും ഇത്. ഇത്ര വലിയ തുകയ്ക്ക് ഒരു ക്ലബും ഇതുവരെ ഐ പി എല്ലിൽ താരത്തെ കൈമാറ്റം ചെയ്തിട്ടില്ല.

ഹാർദിക് ഗുജറാത്ത് ടൈറ്റൻസിനൊപ്പം രണ്ട് സീസണിൽ നിന്ന് 833 റൺസും 11 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഹാർദിക് നേരത്തെ മുംബൈ ഇന്ത്യൻസിനൊപ്പം നാലു ഐ പി എൽ കിരീടങ്ങളും നേടിയിട്ടുണ്ട്.

Exit mobile version