രാജസ്ഥാന്റെ രക്ഷയ്ക്കെത്തി ശിവം ഡുബേ – റിയാന്‍ പരാഗ് കൂട്ടുകെട്ട്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി രാഹുല്‍ തെവാത്തിയയും

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരു ഘടത്തില്‍ 18/3 എന്ന നിലയിലേക്കും പിന്നീട് 43/4 എന്ന നിലയിലേക്കും വീണ രാജസ്ഥാനെ 177 റണ്‍സിലേക്ക് എത്തിച്ച് ശിവം ഡുബേ, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ് എന്നിവരുടെ ബാറ്റിംഗ് പ്രകടനം. നൂറിന് താഴെ റണ്‍സിന് ടീം ഓള്‍ഔട്ട് ആവും എന്ന സ്ഥിതിയില്‍ നിന്ന് ഡുബേ 32 പന്തില്‍ 46 റണ്‍സും തെവാത്തിയ 23 പന്തില്‍ 40 റണ്‍സും നേടിയപ്പോള്‍ റിയാന്‍ പരാഗ് 25 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവന നല്‍കി.

ജോസ് ബട്ലറെയും(8) ഡേവിഡ് മില്ലറെയും വീഴ്ത്തി മുഹമ്മദ് സിറാജ് ആണ് പവര്‍പ്ലേയില്‍ രാജസ്ഥാന് തിരിച്ചടി നല്‍കിയത്. മനന്‍ വോറ(7) വീണ്ടും പരാജയപ്പെട്ടപ്പോള്‍ കൈല്‍ ജാമിസണ്‍ താരത്തെ പുറത്താക്കി. 18/3 എന്ന നിലയിലേക്ക് വീണ രാജസ്ഥാനെ സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് മെല്ലെ മുന്നോട്ട് നയിക്കുകയായിരുന്നു.

Mohammadsiraj

സഞ്ജു സിക്സര്‍ അടിച്ച് വാഷിംഗ്ടണ്‍ സുന്ദറിനെ വരവേറ്റുവെങ്കിലും തൊട്ടടുത്ത ഓവറില്‍ സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചടിക്കുകയായിരുന്നു. 18 പന്തില്‍ 21 റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന. 25 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 43/4 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്റെ രക്ഷയ്ക്കെത്തിയത് ശിവം ഡുബേയും യുവതാരം റിയാന്‍ പരാഗുമായിരുന്നു.

ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ടീമിന്റെ സ്കോര്‍ നൂറ് കടത്തുവാന്‍ ഇരുവര്‍ക്കുമായി. 37 പന്തില്‍ 66 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 16 പന്തില്‍ 25 റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സ്കോര്‍. 109/5 എന്ന നിലയിലായിരുന്നു പരാഗ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്.

24 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശിവം ഡുബേ സ്കോറിംഗ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ സിറാജ് തന്റെ മൂന്നാം വിക്കറ്റ് നേടി. പിന്നീട് രാഹുല്‍ തെവാത്തിയ ഒറ്റയ്ക്കായിരുന്നു രാജസ്ഥാനെ മുന്നോട്ട് നയിച്ചത്. ക്രിസ് മോറിസുമായി 37 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ താരം 19ാം ഓവറിന്റെ അവസാന പന്തില്‍ പുറത്തായി. സ്കോര്‍ 170ല്‍ നില്‍ക്കവെ മൂന്ന് വിക്കറ്റ് നഷ്ടമായ രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ബാംഗ്ലൂരിന് വേണ്ടി സിറാജും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു.

പൃഥ്വി തുടങ്ങി, ആദിത്യ താരെ അവസാനിപ്പിച്ചു, വിജയ് ഹസാരെ ചാമ്പ്യന്മാരായി മുംബൈ

ഉത്തര്‍ പ്രദേശ് നല്‍കിയ 313 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം 41.3 ഓവറില്‍ മറികടന്ന് മുംബൈ. പൃഥ്വി ഷായുടെ വെടിക്കെട്ട് 73 റണ്‍സിന് ശേഷം ആദിത്യ താരെയും ശിവം ഡുബേയും ഉത്തര്‍ പ്രദേശ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ മുംബൈ 6 വിക്കറ്റ് വിജയം നേടുകയായിരുന്നു. 107 പന്തില്‍ നിന്ന് ആദിത്യ താരെ 118 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 28 പന്തില്‍ 42 റണ്‍സ് നേടി ശിവം ഡുബേയും മികവ് പുലര്‍ത്തി.

88 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ന്നത് ഡുബേ പുറത്തായപ്പോളാണ്. ഷംസ് മുലാനി(36), യശസ്വി ജൈസ്വാല്‍(29) എന്നിവരും മുംബൈയ്ക്കായി റണ്‍സ് കണ്ടെത്തി. ആദിത്യ താരെ ഇന്ന് തന്റെ കന്നി ലിസ്റ്റ് എ ശതകം ആണ് നേടിയത്. 41.3 ഓവറില്‍ 315 റണ്‍സാണ് മുംബൈ നേടിയത്.

ശിവം ഡുബേ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കും

ശിവം ഡുബേയ്ക്ക് 4.40 കോടി രൂപ വിലയിട്ട് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരത്തിനായി മൂന്ന് ടീമുകളാണ് രംഗത്തെത്തിയതെങ്കിലും യുവ താരത്തെെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

സണ്‍റൈസേഴ്സ് ഹൈദ്രാബാദും രാജസ്ഥാന്‍ റോയല്‍സും ആണ് ശിവം ഡുബേയ്ക്കായി ആദ്യ രംഗത്തെത്തിയത്. പിന്നീട് സണ്‍റൈസേഴ്സ് പിന്മാറിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്തെത്തിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് 4.40 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി.

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍ മുംബൈ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 7 വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.

യശസ്വി ജൈസ്വാലും ആദിത്യ താരെയും ചേര്‍ന്ന് 88 റണ്‍സാണ് 9.5 ഓവറില്‍ മുംബൈയ്ക്കായി നേടിയത്. 42 റണ്‍സ് നേടിയ ആദിത്യ താരെയെ ജലജ് സക്സേന പുറത്താക്കിയപ്പോളാണ് കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ ലഭിച്ചത്. അധികം വൈകുന്നതിന് മുമ്പ് 40 റണ്‍സ് നേടിയ ജൈസ്വാലിനെ മുംബൈയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 101 റണ്‍സാണ് നേടിയത്. നിധീഷിനായിരുന്നു വിക്കറ്റ്.

അതിന് ശേഷം സൂര്യകുമാര്‍ യാദവും സിദ്ധേഷ് ലാഡും ചേര്‍ന്ന് 49 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 21 റണ്‍സ് നേടിയ ലാഡിനെ പുറത്താക്കി ജലജ് സക്സേന തന്റെ രണ്ടാം വിക്കറ്റ് നേടി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവിനെയും(38) പുറത്താക്കി ജലജ് സക്സേന മുംബൈയുടെ കുതിപ്പിന് തടയിട്ടു.

അവസാന ഓവറുകളില്‍ സര്‍ഫ്രാസ് ഖാനും ശിവം ഡുബേയും കേരള ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ചപ്പോള്‍ മുംബൈ ഇരുനൂറും കടന്ന് മുന്നോട്ട് പോകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെഎം ആസിഫ് മുംബൈയെ 196 റണ്‍സില്‍ ഒതുക്കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 43 റണ്‍സാണ് നേടിയത്.

ശിവം ഡുബേ 13 പന്തില്‍ 26 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 9 പന്തില്‍ 17 റണ്‍സുമാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ സര്‍ഫ്രാസിനെയും ശിവം ഡുബേയെയും ആസിഫ് പുറത്താക്കിയെങ്കിലും താരത്തിന് ഹാട്രിക് നേടാനായില്ല. അവസാന പന്തില്‍ അഥര്‍വ്വയുടെ വിക്കറ്റ് വീഴ്ത്തി താരം തന്റെ മൂന്ന് വിക്കറ്റ് നേട്ടം തികച്ചു.

ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ച് ക്യാപ്റ്റന്‍ കോഹ്‍ലി

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മെല്ലെ ബാറ്റിംഗ് തുടങ്ങിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍. ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ വിരാട് കോഹ‍്‍ലി തന്റെ ഇന്നിംഗ്സ് പക്വതയോടെ മുന്നോട്ട് നയിച്ച ശേഷം അവസാന ഓവറുകള്‍ തകര്‍ത്തടിയ്ക്കുകയായിരുന്നു. കോഹ്‍ലിയ്ക്കൊപ്പം ശിവം ഡുബേയും നിര്‍ണ്ണായക ഇന്നിംഗ്സ് കാഴ്ചവെച്ചപ്പോള്‍ ബാംഗ്ലൂര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി.

34 പന്തില്‍ നിന്ന് 76 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി അഞ്ചാം വിക്കറ്റില്‍ കോഹ്‍ലിയും ശിവം ഡുബേയും നേടിയത്. കോഹ്‍ലി 52 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയപ്പോള്‍ ശിവം ഡുബേ 14 പന്തില്‍ നിന്ന് 22 റണ്‍സ് നേടി. അവസാന നാലോവറില്‍ നിന്ന് 66 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്.

ആരോണ്‍ ഫിഞ്ച് വേഗത്തില്‍ മടങ്ങിയെങ്കിലും 53 റണ്‍സ് കൂട്ടുകെട്ടുമായി ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ പതിവ് ശൈലിയില്‍ ബാറ്റ് വീശുവാന്‍ ദേവ്ദത്ത് പടിക്കലിനും കോഹ്‍ലിയ്ക്കും സാധിച്ചിരുന്നില്ല. പത്തോവറില്‍ 65 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

സ്കോറിംഗിന് വേഗത കൂട്ടുവാന്‍ ശ്രമിച്ച് ദേവ്ദത്ത് പുറത്താകുമ്പോള്‍ 34 പന്തില്‍ 33 റണ്‍സാണ് നേടിയത്. അതേ ഓവറില്‍ തന്നെ എബി ഡി വില്ലിയേഴ്സിനെ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ ചെന്നൈയ്ക്ക് വമ്പന്‍ ആധിപത്യം മത്സരത്തില്‍ നേടിക്കൊടുക്കുകയായിരുന്നു.

കോഹ്‍ലിയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് 26 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും സാം കറന്‍ സുന്ദറിനെ ധോണിയുടെ കൈകളിലെത്തിച്ച് ആ കൂട്ടുകെട്ടിനെ തകര്‍ത്തു. 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ വിരാട് കോഹ്‍ലിയും ശിവം ഡുബേയും ചേര്‍ന്ന് ** റണ്‍സ് കൂട്ടുകെട്ടുമായി റോയല്‍ ചലഞ്ചേഴ്സിനെ അവസാന ഓവറുകളില്‍ മുന്നോട്ട് നയിക്കുകയായിരുന്നു.

സാം കറന്‍ എറിഞ്ഞ 18ാം ഓവറിന്റെ ആദ്യ പന്തില്‍ ശിവം ഡുബേ നല്‍കിയ അവസരം എന്‍ ജഗദീഷന്‍ കൈവിടുക മാത്രമല്ല പന്ത് അതിര്‍ത്തി കടക്കുവാനും അനുവദിച്ചു. അതേ ഓവറില്‍ വിരാട് കോഹ്‍ലിയും സാം കറനെ സിക്സറുകള്‍ പറത്തിയപ്പോള്‍ ഓവറില്‍ നിന്ന് 24 റണ്‍സ് പിറന്നു.

ബൈര്‍സ്റ്റോ വെല്ലുവിളി അവസാനിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍, ആര്‍സിബിയ്ക്ക് വിജയം

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 164 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ജോണി ബൈര്‍സ്റ്റോയിലൂടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും യൂസുവേന്ദ്ര ചഹാലിന്റെ ഒറ്റയോവറില്‍ കളി മാറി മറിയുകയായിരുന്നു. ബൈര്‍സ്റ്റോയെയും വിജയ് ശങ്കറെയും പുറത്താക്കിയ ചഹാലിന്റെ ഓവറിന് ശേഷം ഹൈദ്രാബാദ് നിര തകരുകയായിരുന്നു.

അവസാന ഓവറില്‍ 18 റണ്‍സ് ജയിക്കാന്‍ നേടേണ്ടിയിരുന്ന സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10 റണ്‍സിന്റെ വിജയം നേടി.

ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഡേവിഡ് വാര്‍ണറെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം പിന്നീട് കണ്ടത് ജോണി ബൈര്‍സ്റ്റോ – മനീഷ് പാണ്ടേ കൂട്ടുകെട്ട് ബാംഗ്ലൂര്‍ ബൗളര്‍മാരെ ആക്രമിക്കുന്നതായിരുന്നു. ഉമേഷ് യാദവിനെയാണ് ഇരുവരും കൂടുതലായി തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്.

തുടക്കത്തില്‍ മനീഷാണ് ആക്രമിച്ച് കളിച്ചതെങ്കിലും അധികം വൈകാതെ ജോണി ബൈര്‍സ്റ്റോ തന്റെ ഉഗ്രരൂപം പുറത്തെടുത്ത് ആക്രമോത്സുക ബാറ്റിംഗ് പുറത്തെടുത്തു. പത്തോവറില്‍ സണ്‍റൈസേഴ്സിന് 78 റണ്‍സാണ് നേടാനായത്. ഇത് ബാംഗ്ലൂരിന്റെ പത്തോവര്‍ സ്കോറിനെക്കാള്‍ 8 റണ്‍സ് മാത്രമായിരുന്നു കുറവ്.

ഇതിനിടെ ബൈര്‍സ്റ്റോ 40ല്‍ നില്‍ക്കുമ്പോള്‍ താരത്തിന്റെ ക്യാച്ച് ആരോണ്‍ ഫിഞ്ച് കൈവിട്ടു. പത്താം ഓവറിന് ശേഷം സണ്‍റൈസേഴ്സിന്റെ കുതിപ്പിന് തടയിടുവാന്‍ ചഹാലിനും നവ്ദീപ് സൈനിയ്ക്കും സാധിക്കുകയും ചഹാല്‍ മനീഷ് പാണ്ടേയെ പുറത്താക്കുകയും ചെയ്തപ്പോള്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും സാധ്യതയുയര്‍ന്നു. 33 പന്തില്‍ നിന്ന് 34 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

പത്താം ഓവറിന് ശേഷമുള്ള മൂന്ന് ഓവറില്‍ വെറും 16 റണ്‍സ് വിട്ട് നല്‍കിയ ആര്‍സിബി മനീഷ് പാണ്ടേയെ പുറത്താക്കി മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെ ശിവം ഡുബേ ഒരോവര്‍ എറിഞ്ഞ് വെറും മൂന്ന് റണ്‍സ് വിട്ട് മാത്രം നല്‍കി പ്രിയം ഗാര്‍ഗിനെ സമ്മര്‍ദ്ദത്തിലാക്കി.

അടുത്ത ഓവര്‍ എറിയാനെത്തിയ ഉമേഷ് യാദവ് ബൈര്‍സ്റ്റോയുടെ വിക്കറ്റ് നേടുവാന്‍ വീണ്ടും അവസരം സൃഷ്ടിച്ചുവെങ്കിലും ഡെയില്‍ സ്റ്റെയിന്‍ ശ്രമകരമായൊരു അവസരം കൈവിടുകയായിരുന്നു. അതിന് ശേഷം ജോണി ബൈര്‍സ്റ്റോ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

മത്സരം അവസാന 5 ഓവറിലേക്ക് കടന്നപ്പോള്‍ ലക്ഷ്യം 30 പന്തില്‍ 43 റണ്‍സായിരുന്നു. ചഹാലെറിഞ്ഞ ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ താരം പുറത്താക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 61 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. തൊട്ടടുത്ത പന്തില്‍ വിജയ് ശങ്കറെ പുറത്താക്കി ചഹാല്‍ സണ്‍റൈസേഴ്സിനെ കൂടുതല്‍ കുഴപ്പത്തിലാക്കി.

നവ്ദീപ് സൈനി എറിഞ്ഞ അടുത്ത ഓവറില്‍ സണ്‍റൈസേഴ്സിന് ഭുവനേശ്വര്‍ കുമാറിനെയും റഷീദ് ഖാനെയും നഷ്ടമായി. ലക്ഷ്യത്തിന്10 റണ്‍സ് അകലെ സണ്‍റൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാംഗ്ലൂരിന് വേണ്ടി യൂസുവേന്ദ്ര ചഹാല്‍ മൂന്നും നവ്ദീപ് സൈനി, ശിവം ഡുബേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഒരു ഓവറിൽ 34 റൺസ്, നാണക്കേടുമായി ശിവം ഡുബെ

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ബൗളർ ശിവം ഡുബെ. ന്യൂസിലാൻഡിനെതിരെ ഒരു ഓവറിൽ 34 റൺസ് വഴങ്ങിയ ഡുബെ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഇന്ത്യൻ താരമെന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി. ഒരു ഓവറിൽ 34 റൺസ് വഴങ്ങിയ ശിവം ഡുബെ തുടർന്ന് ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞിരുന്നില്ല.

ഇന്ത്യയുടെ പത്താം ഓവർ എറിയാൻ വന്ന ഡുബെ ആ ഓവറിൽ നാല് സിക്‌സും രണ്ടു ഫോറും ഒരു നോ ബോളും അടക്കമാണ് 34 റൺസ് നൽകിയത്. ന്യൂസിലാൻഡ് താരം സെയ്ഫെർട്ട് 17 റൺസും റോസ് ടെയ്‌ലർ 16 റൺസുമാണ് ഡുബെയുടെ പന്തിൽ നേടിയത്.

അന്തർദേശീയ ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ രണ്ടാമത്തെ താരം കൂടിയാണ് ഡുബെ. 2007 ടി20 ലോകകപ്പിൽ ഒരു ഓവറിൽ ആറ് സിക്സുകൾ അടക്കം 36 റൺസ് വഴങ്ങിയ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. അന്ന് ഇന്ത്യൻ താരം യുവരാജ് സിങ് ആണ് ബ്രോഡിനെതിരെ ഒരു ഓവറിൽ 6 സിക്സുകൾ നേടിയത്. ഇത്രയും കാലം ഒരു ഇന്ത്യൻ താരം ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് 2016 ലോകകപ്പിൽ ഒരു ഓവറിൽ 32 റൺസ് വഴങ്ങിയ സ്റ്റുവർട്ട് ബിന്നിയായിരുന്നു.

ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീം, വിന്‍ഡീസ് പരമ്പരയും ജയിക്കുമെന്ന ആത്മവിശ്വാസം

ഇന്ത്യ ഇപ്പോള്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ ശിവം ഡുബേ. വരുന്ന വിന്‍ഡീസ് ടി20 പരമ്പരയും തങ്ങള്‍ക്ക് ജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും താരം വ്യക്തമാക്കി.

വിന്‍ഡീസിന് മികച്ച ടി20 ടീമാണുള്ളതെങ്കിലും തങ്ങളുടെ തയ്യാറെടുപ്പുകള്‍ മികച്ചതാണെന്നും ഈ പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നും താരം പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിലാണ് 26 വയസ്സുകാരന്‍ താരം തന്റെ അരങ്ങേറ്റം നടത്തിയത്. പരമ്പര 2-1 എന്ന നിലയിലാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകള്‍ – ശ്രേയസ്സ് അയ്യര്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നാഗ്പൂര്‍ ടി20യില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകളാണുണ്ടായതെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. ദീപക് ചഹാറിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീണതും പിന്നീട് നിലയുറപ്പിച്ച് മുന്നേറിയ ബംഗ്ലാദേശിന്റെ റണ്ണൊഴുക്ക് തടഞ്ഞ് ശിവം ഡുബേ നേടിയ വിക്കറ്റുകളുമാണ് മത്സരത്തിലെ വഴിത്തിരിവായതെന്ന് അയ്യര്‍ പറഞ്ഞു. തങ്ങള്‍ മത്സരത്തില്‍ സമ്മര്‍ദ്ദത്തിലായ ഘട്ടത്തിലാണ് ഈ വഴിത്തിരിവുകള്‍ പിറക്കുന്നത്.

ബംഗ്ലാദേശ് ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയതെന്നും അവര്‍ മികച്ച ടീമാണെന്നത് ഞങ്ങള്‍ക്ക് അറിയാവുന്നതാണെന്നും അയ്യര്‍ പറഞ്ഞു. അവര്‍ കളിച്ച ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ന്നതാണെന്ന് ഈ പരമ്പരയില്‍ കണ്ടെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു. തുടക്കത്തില്‍ തങ്ങള്‍ അല്പം അലസരായിരുന്നുവെങ്കിലും രോഹിത്തിന്റെ പെപ് ടോക്കിന് ശേഷം മത്സരം വിജയിക്കുവാനുറപ്പിച്ചാണ് തങ്ങള്‍ കളത്തിലിറങ്ങിയതെന്നും താരം പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗില്‍ 33 പന്തില്‍ നിന്ന് 62 റണ്‍സ് നേടി അയ്യരാണ് ഇന്ത്യയുടെ സ്കോര്‍ 174 റണ്‍സിലേക്ക് എത്തിച്ചത്.

ഇന്ത്യയ്ക്ക് വിജയം ഒരുക്കി ദീപക് ചഹാറിന്റെ ഹാട്രിക്കടക്കുമുള്ള അവിസ്മരണീയ സ്പെല്ലും ശിവം ഡുബേയുടെ നിര്‍ണ്ണായക വിക്കറ്റുകളും

ഇന്ത്യ നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 12/2 എന്ന നിലയില്‍ പരുങ്ങലിലായിരുന്നുവെങ്കിലും മുഹമ്മദ് നയിം-മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ പ്രകടനം ടീമിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ദീപക് ചഹാറിന്റെ അവിസ്മരണീയ ബൗളിംഗ് സ്പെല്ലിന്റെ മികവില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ. മുഹമ്മദ് നയിം ഒറ്റയ്ക്ക് ഇന്ത്യന്‍ ക്യാമ്പുകളില്‍ ഭീതി പരത്തിയെങ്കിലും ചഹാര്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തതോടെ മേല്‍ക്കൈ ബംഗ്ലാദേശിന് നഷ്ടമാകുകയായിരുന്നു. 98 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ബംഗ്ലാദേശ് നേടിയത്.

34 പന്തില്‍ തന്റെ അര്‍ദ്ധ ശതകം നേടിയ നയിം ഗിയര്‍ മാറ്റി വെടിക്കെട്ട് പ്രകടനം പുറത്തടുക്കുന്നതിനിടയിലാണ് മുഹമ്മദ് മിഥുനെയും(27), മുഷ്ഫിക്കുര്‍ റഹിമിനെയും ബംഗ്ലാദേശിന് നഷ്ടമായത്. താന്‍ നേരിട്ട ആദ്യ പന്തിലാണ് റഹിം പൂജ്യത്തിന് പുറത്തായത്. ശിവം ഡുബേയ്ക്കായിരുന്നു വിക്കറ്റ്. 48 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ നയിമിന്റെ വിക്കറ്റും വീഴ്ത്തി ശിവം ഡുബേയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

അധികം വൈകാതെ അഫിഫ് ഹൊസൈനെ പുറത്താക്കി ശിവം ഡുബേ തന്റെ മൂന്നാം വിക്കറ്റ് നേടി. 30 റണ്‍സ് മാത്രമാണ് ഡുബേ വിട്ട് നല്‍കിയത്. ദീപക് ചഹാറാകാട്ടെ അവിസ്മരണീയമായ സ്പെല്ലാണ് പുറത്തെടുത്തത്. 3.2 വെറും 7 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ചഹാര്‍ ആറ് വിക്കറ്റ് നേടിയത്.

19.2 ഓവറില്‍ 144 റണ്‍സിന് ബംഗ്ലാദേശ് പുറത്തായപ്പോള്‍ ഇന്ത്യ 30 റണ്‍സിന്റെ വിജയവും പരമ്പരയും സ്വന്തമാക്കി.

417 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, ജലജ് സക്സേന പുറത്താകാതെ 48 റണ്‍സ്

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ 417 റണ്‍സിന് പുറത്തായി ഇന്ത്യ. 339/5 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ. 78 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. ശിവം ഡുബേ 68 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന പുറത്താകാതെ 48 റണ്‍സുമായി നിന്നു. 24 റണ്‍സ് നേടിയ ഉമേഷ് യാദവുമായി ചേര്‍ന്ന് ജലജ് എട്ടാം വിക്കറ്റില്‍ നേടിയ 35 റണ്‍സാണ് ഇന്ത്യയെ 400 കടക്കുവാന്‍ സഹായിച്ചത്.

ഉമേഷ് റണ്ണൗട്ടായി അധികം വൈകാതെ ഇന്ത്യ എ ഇന്നിംഗ്സ് അവസാനിച്ചു. 13 പന്തില്‍ നിന്ന് 2 വീതം സിക്സും ഫോറും നേടിയാണ് ഉമേഷ് തന്റെ 24 റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയിന്‍ പീഡെട്, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

അര്‍ദ്ധ ശതകവുമായി വൃദ്ധിമാന്‍ സാഹയും ശിവം ഡുബേയും, ഇന്ത്യ അതിശക്തമായ നിലയില്‍

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ മികച്ച നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 100 ഓവറില്‍ 339/5 എന്ന നിലയിലാണ്. 63 റണ്‍സ് നേടിയ ശിവം ഡുബേയും 14 റണ്‍സുമായി ജലജ് സക്സേനയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 233/3 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 78 റണ്‍സ് നേടിയ കരുണ്‍ നായരെ 6 റണ്‍സ് കൂടി നേടുന്നതിനിടെ നഷ്ടമായി.

73 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ ശേഷം വിയാന്‍ മുള്‍ഡര്‍ ആണ് കരുണ്‍ നായരെ പുറത്താക്കിയത്. 47 റണ്‍സ് കൂടി അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം സാഹയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. താരം 60 റണ്‍സാണ് നേടിയ്. വെറോണ്‍ ഫിലാന്‍ഡറിനായിരുന്നു വിക്കറ്റ്.

Exit mobile version