“ധോണി കളി തുടരണം, അദ്ദേഹത്തിന്റെ കീഴിൽ വളരണം” – ദൂബെ

ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റിംഗ് താരം ശിവം ദുബെ ധോണി കളി തുടരണം എന്ന് പറഞ്ഞു, ധോണിയുടെ കീഴിൽ വളരാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അതുകൊണ്ട് ക്യാപ്റ്റൻ എംഎസ് ധോണിയെ ആവശ്യമുണ്ട് എന്ന് ദൂബെ പറഞ്ഞു. ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ധോണി സിഎസ്‌കെയെ അവരുടെ അഞ്ചാം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു.

“ധോണി അടുത്ത സീസണിൽ കളിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾക്ക് അവനെ വേണം, അങ്ങനെ എങ്കിൽ ഞങ്ങൾക്ക് അവന്റെ കീഴിൽ വളരാൻ കഴിയും. മഹി ഭായ് എനിക്ക് എന്റെ ചിന്തകളിൽ വ്യക്തത നൽകി” ദുബെ പറഞ്ഞു.

.

“എന്റെ റോൾ എന്താണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്റെ റൺ റേറ്റ് ഞാൻ വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഞാൻ നേരത്തെ പുറത്തുപോയാലും ഒരു പ്രശ്നവുമില്ല, എന്നാൽ തന്നിരിക്കുന്ന ടാസ്ക്ക് പൂർത്തിയാക്കാൻ ശ്രമിക്കുക. അതായിരുന്നു നിർദ്ദേശം ”ദുബെ കൂട്ടിച്ചേർത്തു.

ധോണി അടുത്ത വര്‍ഷം കളിക്കുമോ എന്നറിയില്ല, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ വേണം – ശിവം ഡുബേ

എംഎസ് ധോണി അടുത്ത വര്‍ഷം ചെന്നൈയ്ക്കായി കളിക്കുമോ ഇല്ലയോ എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ശിവം ഡുബേ. പക്ഷേ ടീമിലെ ഓരോ അംഗങ്ങള്‍ക്കും അദ്ദേഹം ടീമിനൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം എന്നും താരത്തിന് കീഴിൽ വളരുക എന്നതാണ് ഏവരുടെയും ആഗ്രഹം എന്നും ശിവം ഡുബേ വ്യക്തമാക്കി.

തനിക്ക് ഈ സീസണിൽ തന്റെ റോളിനെക്കുറിച്ച് വ്യക്തമായ ക്ലാരിറ്റി മഹി ഭായി നൽകിയിരുന്നുവെന്നും താന്‍ വേഗത്തിൽ പുറത്തായാലും അത് പ്രശ്നമായി കരുതേണ്ട പക്ഷേ തന്റെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ആണ് ആവശ്യപ്പെട്ടതെന്നും തനിക്ക് തന്ന റോളിനെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ടായിരുന്നുവെന്നും ഡുബേ പറഞ്ഞു.

തന്റെ പിതാവ് ആവശ്യത്തിന് പ്രൊട്ടീന്‍ നൽകുമായിരുന്നു, തന്റെ കരുത്തിന്റെ കാരണം പറഞ്ഞ് ശിവം ഡുബേ

തന്റെ കരുതുറ്റ ഹിറ്റിംഗിന്റെ രഹസ്യം വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ഡുബേ. ഇന്നലെ ആര്‍സിബിയ്ക്കെതിരെ 111 മീറ്റര്‍ സിക്സര്‍ പറത്തിയ താരം പറഞ്ഞത് കുട്ടിക്കാലത്ത് തന്റെ പിതാവ് തനിക്ക് നൽകിയിരുന്ന പ്രൊട്ടീന്‍ ആണ് തന്റെ കരുത്തിന് കാരണം എന്നാണ്.

തനിക്ക് കുട്ടിക്കാലം മുതലേ മികച്ച ശക്തിയുണ്ടായിരുന്നുവെന്നും അതിന് കാരണം തന്റെ പിതാവിന് എത്രത്തോളം ശക്തി ഈ നിലയിൽ കളിക്കുമ്പോള്‍ ആവശ്യമാണെന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ ആവശ്യത്തിന് പ്രൊട്ടീന്‍ തനിക്ക് ലഭിയ്ക്കുന്നു എന്നുറപ്പാക്കിയിരുന്നുവെന്നും ഡുബേ സൂചിപ്പിച്ചു.

ഡുബേ ക്ലീന്‍ ഹിറ്റര്‍ – ധോണി

ശിവം ഡുബേ ക്ലീന്‍ ഹിറ്റര്‍ ആണെന്ന് പറഞ്ഞ് എംഎസ് ധോണി. ഇന്നലെ ചെന്നൈയുടെ സ്കോര്‍ 226 റൺസിലേക്ക് എത്തിച്ചതിൽ ഡെവൺ കോൺവേയ്ക്കൊപ്പം അര്‍ദ്ധ ശതകം നേടിയ ഡുബേയുടെ ഇന്നിംഗ്സിനും വലിയ പങ്കാണുണ്ടായിരുന്നത്.

ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിൽ അല്പം ബുദ്ധിമുട്ട് താരത്തിനുണ്ടെങ്കിലും സ്പിന്നര്‍മാര്‍ക്കെതിരെ താരം ക്ലീന്‍ ഹിറ്റര്‍ ആണെന്നും ധോണി കൂട്ടിചേര്‍ത്തു. താരം ചെന്നൈ നിരയിൽ എത്തിയത് മുതൽ താരത്തിന് പ്രത്യേക റോളുകള്‍ വിഭാവനം ചെയ്തിരുന്നുവെന്നും എന്നാൽ താരം പരിക്കിന്റെ പിടിയിലായിരുന്നുവെന്നും അതിനാൽ തന്നെ അധികം കാര്യങ്ങള്‍ താരത്തിനോടൊപ്പം ചെയ്യുവാന്‍ സാധിച്ചിരുന്നില്ലെന്നും ധോണി സൂചിപ്പിച്ചു.

മധ്യ ഓവറുകളിൽ ചെന്നൈയ്ക്ക് അധികം റൺസ് നൽകുന്ന താരമാണ് ശിവം ഡുബേ എന്നത് ടീമിന് അറിയാവുന്ന കാര്യമായിരുന്നുവെന്നും താരത്തിനും ആ വിശ്വാസം കുറച്ച് കൂടുതലായി വേണമെന്നും ധോണി പറഞ്ഞു.

ചിന്നസ്വാമിയിൽ റണ്ണടിച്ച് കൂട്ടി ചെന്നൈ, കോൺവേയ്ക്കും ഡുബേയ്ക്കും അര്‍ദ്ധ ശതകം

ചിന്നസ്വാമി സ്റ്റേഡിയത്തൽ റൺ മല തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് നേടിയത്. ഡെവൺ കോൺവേയും ശിവം ഡുബേയും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ചെന്നൈയ്ക്ക് മികച്ച സ്കോര്‍ നൽകിയത്.

തുടക്കത്തിൽ തന്നെ റുതുരാജ് ഗായക്വാഡിനെ നഷ്ടമായ ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഡെവൺ കോൺവേയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. 74 റൺസാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.

20 പന്തിൽ 37 റൺസ് നേടിയ അജിങ്ക്യ രഹാനെയെ വനിന്‍ഡു ഹസരംഗയാണ് പുറത്താക്കിയത്. പിന്നീട് ശിവം ഡുബേയ്ക്കൊപ്പം കോൺവേ 80 റൺസ് കൂടി മൂന്നാം വിക്കറ്റിൽ നേടി.

45 പന്തിൽ 6 വീതം ഫോറും സിക്സും നേടി കോൺവേ 83 റൺസാണ് നേടിയത്. കോൺവേ പുറത്തായ ശേഷവും വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന ഡുബേ 27 പന്തിൽ 52 റൺസ് നേടി പുറത്താകുകയായിരുന്നു. മോയിന്‍ അലി(9 പന്തിൽ പുറത്താകാതെ 19), രവീന്ദ്ര ജഡേജ(10), അമ്പാട്ടി റായിഡു(6 പന്തിൽ 14) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനം ചെന്നൈയെ 226/6 എന്ന സ്കോറിലേക്ക് എത്തിച്ചു.

വീണ്ടും ഓപ്പണര്‍മാരുടെ മിന്നും തുടക്കം, 200 കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഡൽഹി ക്യാപിറ്റൽസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഡെവൺ കോൺവേയുടെ 87 റൺസിനൊപ്പം റുതുരാജ്(41), ശിവം ഡുബേ(32), എംഎസ് ധോണി(21*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 200 കടത്തിയത്. 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ചെന്നൈ നേടിയത്.

ഇന്ന് ഐപിഎലില്‍ ടോസ് നേടി ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഡെവൺ കോൺവേയും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് 110 റൺസ് 11 ഓവറിൽ നേടി മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്.

41 റൺസ് നേടിയ റുതുരാജ് പുറത്തായ ശേഷം ഡൽഹി ബൗളര്‍മാര്‍ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. ടീമിലേക്ക് തിരികെ എത്തിയ ശിവം ഡുബേ നിലയുറപ്പിക്കുവാന്‍ പാടുപെട്ടപ്പോള്‍ താരം നൽകിയ അവസരം അക്സര്‍ പട്ടേൽ കൈവിട്ടു.

എന്നാൽ ഇതിന് ശേഷം ആ ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടി ഡുബേ ഡൽഹിയ്ക്ക് കനത്ത തിരിച്ചടി നൽകി. എന്നാൽ അധികം വൈകാതെ താരം പുറത്തായി. 32 റൺസ് നേടിയ ഡുബേയെ മാര്‍ഷ് ആണ് പുറത്താക്കിയത്.

കൺക്കറ്റ് പ്രഹരം ഡൽഹി ബൗളര്‍മാര്‍ ഏറ്റുവാങ്ങിയപ്പോള്‍ ഖലീൽ അഹമ്മദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. തന്റെ നാലോവറിൽ 28 റൺസ് വഴങ്ങി 2 വിക്കറ്റാണ് താരം നേടിയത്. ഇതിൽ അവസാന ഓവറിലാണ് താരം 16 റൺസ് വഴങ്ങിയത്.

അവസാന ഓവറിൽ മോയിന്‍ അലിയെയും റോബിന്‍ ഉത്തപ്പയെയും പുറത്താക്കി ആന്‍റിക് നോര്‍ക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടി. എംഎസ് ധോണി 8 പന്തിൽ നിന്ന് 21 റൺസുമായി പുറത്താകാതെ നിന്നു.

റെഡ് ഹോട്ട് റോബിൻ ഉത്തപ്പ!!! ഡിഷ്യും ഡിഷ്യും ഡുബേ, റണ്ണടിച്ച് കൂട്ടി ചെന്നൈ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച സ്കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ചെന്നൈയോട് ബാംഗ്ലൂര്‍ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 216 റൺസാണ് നേടിയത്.

റുതുരാജിനെ(17) ജോഷ് ഹാസൽവുഡും മോയിന്‍ അലി റണ്ണൗട്ട് രൂപത്തിലും പുറത്തായപ്പോള്‍ 36/2 എന്ന നിലയിലേക്ക് വീണ ചെന്നൈയ്ക്ക് പിന്നീട് മത്സരത്തിൽ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മൂന്നാം വിക്കറ്റിൽ റോബിന്‍ ഉത്തപ്പയും ശിവം ഡുബേയും ആര്‍സിബി ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു.

74 പന്തിൽ 165 റൺസ് നേടിയ കൂട്ടുകെട്ട് ഹസരംഗ തകര്‍ക്കുമ്പോള്‍ 19ാം ഓവറായിരുന്നു ഇന്നിംഗ്സിൽ പുരോഗമിച്ചിരുന്നത്. 50 പന്തിൽ 88 റൺസ് നേടിയ ഉത്തപ്പ 4 ഫോറും 9 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. തൊട്ടടുത്ത പന്തിൽ ഹസരംഗ രവീന്ദ്ര ജഡേജയെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 3 ഓവറിൽ താരം 35 റൺസാണ് വഴങ്ങിയത്.

ഹാസൽവുഡ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഫാഫ് ഡുബേയുടെ ക്യാച്ച് വിട്ട് കളഞ്ഞപ്പോള്‍  46 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്ന താരത്തിന്റെ മികവിൽ 216 റൺസാണ് ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഡുബേ 8 സിക്സും 5 ഫോറുമാണ് നേടിയത്.

വിന്റേജ് ഉത്തപ്പ!!! ചെന്നൈയുടെ ബാറ്റിംഗ് ആറാടുകയാണ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ആദ്യ രണ്ട് പന്തിൽ തന്നെ ബൗണ്ടറി നേടി റോബിന്‍ ഉത്തപ്പ തുടങ്ങിയപ്പോള്‍ തുടര്‍ന്നങ്ങോട്ട് അതിന്റെ തുടര്‍ച്ചയാണ് കണ്ടത്.

റുതുരാജ് ഗായക്വാഡ് റണ്ണൗട്ടായി പുറത്തായെപ്പോള്‍ ചെന്നൈ 28 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. ഇതിൽ 1 റൺസായിരുന്നു റുതുരാജിന്റെ സംഭാവന. റോബിന് കൂട്ടായി എത്തിയ മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

27 പന്തിൽ 50 റൺസ് നേടി റോബിന്‍ ഉത്തപ്പ പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റിൽ താരം മോയിന്‍ അലിയുമായി 56 റൺസ് കൂട്ടിചേര്‍ത്തിരുന്നു. 22 പന്തിൽ 35 റൺസ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അവേശ് ഖാന്‍ നേടിയപ്പോളേക്കും 10.1 ഓവറിൽ ചെന്നൈ 106 റൺസ് നേടിയിരുന്നു.

അതിന് ശേഷം ക്രീസിലെത്തിയ ശിവം ഡുബേയും അമ്പാട്ടി റായിഡുവും അതിവേഗത്തിൽ തന്നെ സ്കോറിംഗ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ നാലാം വിക്കറ്റിൽ ഇവര്‍ 37 പന്തിൽ 60 റൺസ് നേടി. 27 റൺസ് നേടിയ റായിഡുവിന്റെ വിക്കറ്റ് വീഴ്ത്തി രവി ബിഷ്ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

30 പന്തിൽ 49 റൺസ് നേടി ശിവം ഡുബേയും മികച്ച രീതിയിൽ ബാറ്റ് വീശിയ ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്. അവേശ് ഖാനാണ് വിക്കറ്റ് ലഭിച്ചത്. രവീന്ദ്ര ജഡേജ 9 പന്തിൽ 17 റൺസും എംഎസ് ധോണി 16 റൺസും നേടിയപ്പോള്‍ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.

മുന്‍ രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ ശിവം ഡുബേയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്

മുന്‍ രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ ശിവം ഡുബേയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. താരത്തിനെ 4 കോടിയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ലക്നൗ ആണ് ആദ്യം താരത്തിനായി രംഗത്തെത്തിയത്. ഉടന്‍ തന്നെ മുന്‍ ടീം രാജസ്ഥാന്‍ റോയൽസും എത്തിയെങ്കിലും അധികം വൈകാതെ ടീം ലേലത്തിൽ നിന്ന് പിന്മാറിയപ്പോള്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് പകരം എത്തി.

ലേലം മുറുകിയപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ വില 2 കോടി കടന്ന് മുന്നേറി. ലേലം പഞ്ചാബിന് 2.20 കോടിയ്ക്ക് ഉറപ്പിക്കുവാന്‍ പോയപ്പോള്‍ ചെന്നൈ താല്പര്യം അറിയിച്ചെത്തി. പഞ്ചാബ് 3.8 വരെ ലേലത്തിൽ തുടര്‍ന്നുവെങ്കിലും ഒടുവിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ 4 കോടിയ്ക്ക് സ്വന്തമാക്കി.

രാജസ്ഥാന്‍ ഓൺ ഫയര്‍!!! ചെന്നൈയുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ടീമിനെ സഹായിച്ചത് ശിവം ഡുബേയും യശസ്വി ജൈസ്വാളും

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 190 റൺസ് വിജയ ലക്ഷ്യത്തെ 3 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ മറികടന്ന് പോയിന്റ് പട്ടികയിൽ പത്ത് പോയിന്റ് നേടി തങ്ങളുടെ പ്ലേ ഓഫ് സാധ്യത രാജസ്ഥാന്‍ നിലനിര്‍ത്തുകയായിരുന്നു.

യശസ്വി ജൈസ്വാളും എവിന്‍ ലൂയിസും നല്‍കിയെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ റൺറേറ്റ് വരുതിയിൽ നിര്‍ത്തിയാണ് രാജസ്ഥാന്‍ മത്സരത്തിൽ തങ്ങളുടെ സാധ്യത സജീവമാക്കി നിര്‍ത്തിയത്. ലൂയിസും ജൈസ്വാളും ചേര്‍ന്ന് 77 റൺസാണ് 5.2 ഓവറിൽ കൂട്ടിചേര്‍ത്തത്. 12 പന്തിൽ 27 റൺസ് നേടിയ എവിന്‍ ലൂയിസിനെ താക്കൂര്‍ പുറത്താക്കിയപ്പോള്‍ ജൈസ്വാള്‍ 19 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു. എന്നാൽ മലയാളി താരം കെഎം ആസിഫ് തൊട്ടടുത്ത ഓവറിൽ ജൈസ്വാളിനെ ധോണിയുടെ കൈകളിൽ എത്തിച്ചപ്പോള്‍ 81/2 എന്ന നിലയിലായിരുന്നു.

പതിവ് പോലെ രാജസ്ഥാന്‍ മധ്യനിര തകരുമോ എന്ന ഭയം ആരാധകരില്‍ വന്നുവെങ്കിലും ശിവം ഡുബേയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് പിന്നീട് കണ്ടത്. ചെന്നൈ ബൗളര്‍മാരെ തിരിഞ്ഞുപിടിച്ച് പ്രഹരിച്ച ഡുബേയ്ക്ക് പിന്തുണ നല്‍കുവാന്‍ സഞ്ജു തീരുമാനിച്ചതോടെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ രാജസ്ഥാന്‍ അടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ 28 റൺസ് നേടി സഞ്ജുവിനെ രാജസ്ഥാന് മൂന്നാം വിക്കറ്റായി നഷ്ടമായി. മൂന്നാം വിക്കറ്റിൽ 89 റൺസാണ് ഡുബേയും സഞ്ജുവും ചേര്‍ന്ന് നേടിയത്.

42 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ഡുബേയും 14 റൺസുമായി ഗ്ലെന്‍ ഫിലിപ്പ്സും കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മികച്ച തുടക്കം ഉപയോഗിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്, 171 റണ്‍സ്

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 4 നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 200നടുത്തുള്ള സ്കോര്‍ ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ലഭിച്ച തുടക്കം രാജസ്ഥാന്‍ താരങ്ങള്‍ക്ക് വലിയ സ്കോറിലേക്ക് മാറ്റാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ജോസ് ബട്‍ലറും യശസ്വി ജൈസ്വാലും ചേര്‍ന്ന് കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ പതറിയെങ്കിലും ജോസ് ബ‍ട്ലര്‍ പിന്നെ വേഗത്തില്‍ സ്കോറിംഗ് നടത്തുകയായിരുന്നു.

എട്ടാം ഓവറില്‍ 32 പന്തില്‍ 41 റണ്‍സ് നേടിയ ജോസ് ബട‍്ലര്‍ പുറത്താകുമ്പോള്‍ 66 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഒന്നാം വിക്കറ്റില്‍ നേടിയത്. 20 പന്തില്‍ 32 റണ്‍സ് നേടിയ യശസ്വി ജൈസ്വാലിനെയും രാഹുല്‍ ചഹാര്‍ പുറത്താക്കിയതോടെ രാജസ്ഥാന്‍ 9.5 ഓവറില്‍ 91/2 എന്ന നിലയിലായിരുന്നു.

പിന്നീട് സഞ്ജു സാംസണും ശിവം ഡുബേയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് നേടിയത്. 27 പന്തില്‍ 42 റണ്‍സ് നേടിയ സഞ്ജുവിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയാണ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്.

തൊട്ടടുത്ത ഓവറില്‍ ശിവം ഡുബേയും(35) പുറത്താകുകയായിരുന്നു. അവസാന പത്തോവറില്‍ വെറും 80 റണ്‍സാണ് രാജസ്ഥാന് നേടാനായത്. അതും അവസാന ഓവറില്‍ പിറന്ന 12 റണ്‍സാണ് ടീമിനെ 171/4 എന്ന സ്കോറിലേക്ക് എത്തിച്ചത്.

 

രാജസ്ഥാന്റെ വിജയം ഉറപ്പാക്കി കരുതലോടെ സഞ്ജുവിന്റെ ഇന്നിംഗ്സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയെ 133 റണ്‍സിന് ഒതുക്കിയ ശേഷം 18.5 ഓവറില്‍ 4 നഷ്ടത്തിലാണ് രാജസ്ഥാന്റെ വിജയം. സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയ്ക്ക് കടിഞ്ഞാണിട്ട് റിസ്ക് എടുക്കാതെ ക്രീസില്‍ നിലയുറപ്പിച്ചാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. സഞ്ജുവിന് പിന്തുണയുമായി ഡേവിഡ് മില്ലര്‍, ശിവം ഡുബേ, യശസ്വി ജൈസ്വാല്‍ എന്നിവരാണ് നിര്‍ണ്ണായക സംഭാവന നല്‍കിയത്.

ജോസ് ബട്‍ലറുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും മറുവശത്ത് ഈ സീസണിലെ ആദ്യാവസരം ലഭിച്ച യശസ്വി ജൈസ്വാല്‍ 22 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ താരത്തിനെ പുറത്താക്കി ശിവം മാവി മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാമത്തെ ബ്രേക്ക്ത്രൂ നേടിക്കൊടുത്തു.

പകരം ക്രീസിലെത്തിയ ശിവം ഡുബേയും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 9ാം ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 77/2 എന്ന നിലയിലായിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷം അധികം വൈകാതെ ശിവം ഡുബേയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 45 റണ്‍സാണ് സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് നേടിയത്. ശിവം ഡുബേ 18 പന്തില്‍ 22 റണ്‍സ് നേടിയാണ് പുറത്തായത്.

ഡുബേ പുറത്തായപ്പോള്‍ മില്ലറിന് പകരം രാഹുല്‍ തെവാത്തിയെയാണ് രാജസ്ഥാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയത്. എന്നാലത് വിജയം കണ്ടില്ല. 5 റണ്‍സ് മാത്രം നേടിയ താരത്തിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡ് 100/4 എന്ന നിലയിലായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജുവിനൊപ്പം അഞ്ചാം വിക്കറ്റില്‍ നേടിയ 34 റണ്‍സിന്റെ ബലത്തില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സഞ്ജു 41 പന്തില്‍ 42 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 24 റണ്‍സും നേടിയാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്.

34 റണ്‍സാണ് മില്ലര്‍ – സഞ്ജു കൂട്ടുകെട്ട് നേടിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി.

Exit mobile version