ഹെറ്റ്മ്യര്‍ വെടിക്കെട്ടോടെ കരീബിയന്‍ പ്രീമിയര്‍ ലീഗിന് തുടക്കം, 144 റണ്‍സ് നേടിയ ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ വാരിയേഴ്സിന് മികച്ച സ്കോര്‍. മഴ കാരണം 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് 144 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

44 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യറിനൊപ്പം 33 റണ്‍സുമായി റോസ് ടെയിലറും ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കീമോ പോള്‍ പുറത്താകാതെ 15 റണ്‍സും നിക്കോളസ് പൂരന്‍ 18 റണ്‍സും നേടിയാണ് ആമസോണിന് കരുത്തേകിയത്.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അലി ഖാന്‍, ജെയ്ഡന്‍ സീല്‍സ്, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

റസ്സല്‍ വെടിക്കെട്ടില്‍ വീണ് ലങ്ക, പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

ശ്രീലങ്കയ്ക്കെതിരെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ആന്‍ഡ്രേ റസ്സല്‍ കത്തിക്കയറിയപ്പോള്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയെ പരാജയപ്പടുത്തി പരമ്പര സ്വന്തമാക്കി വിന്‍ഡീസ്. 14 പന്തില്‍ 6 സിക്സുകളുടെ സഹായത്തോടെ പുറത്താകാതെ റസ്സല്‍ 40 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ കിംഗ്(21 പന്തില്‍ 43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(43*) എന്നിവരാണ് ടീമിനായി തിളങ്ങിയ മറ്റു താരങ്ങള്‍. റോവ്മന്‍ പവല്‍ 17 റണ്‍സ് നേടി. ശ്രീലങ്ക ഒരുക്കി നല്‍കിയ 156 റണ്‍സെന്ന വിജയ ലക്ഷ്യം 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് മറികടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി 31 റണ്‍സ് നേടി പുറത്താകാതെ നിന്ന ദസുന്‍ ഷനക ആണ് ടോപ് സ്കോറര്‍. ആഞ്ചലോ മാത്യൂസ് 23 റണ്‍സ് നേടിയപ്പോള്‍ 13 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ തിസാര പെരേരയുടെ പ്രകടനം ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിലേക്ക് നയിച്ചു. ഫാബിയന്‍ അല്ലെന്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.

റസ്സലാണ് പരമ്പരയിലെ താരവും കളിയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ടി20യില്‍ റസ്സല്‍ 14 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.

ഷിമ്രണ്‍ ഹെറ്റ്മ്യറിനായി മൂന്ന് ടീമുകള്‍ രംഗത്ത്, ഒടുവില്‍ താരത്തെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

വിന്‍ഡീസ് വെടിക്കെട്ട് താരം ഷിമ്രണ്‍ ഹെറ്റ്മ്യറിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് . 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 7.75 കോടി രൂപ നല്‍കിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയില്‍ ആയിരുന്ന താരത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല.

തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലായിരുന്നു പോരെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്തെത്തിയതോടെ കൊല്‍ക്കത്ത പിന്മാറുന്നതാണ് കണ്ടത്. പിന്നീട് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ഹെറ്റ്മ്യറിനായി രംഗത്തെത്തിയതോടെ ലേലം വിളി കൊഴുക്കുകയായിരുന്നു.

വെടിക്കെട്ട് പ്രകടനവുമായി ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഹെറ്റ്മ്യറിനൊപ്പം ശതകം നേടി ഷായി ഹോപും, ആദ്യ ഏകദിനം സ്വന്തമാക്കി വിന്‍ഡീസ്

ടീമിനെ വിജയത്തിലെത്തിക്കുന്നതിന് മുമ്പ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും 106 പന്തില്‍ നിന്ന് 139 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്കെതിരെ വിന്‍ഡീസിന്റെ വിജയം ഉറപ്പാക്കുവാന്‍ പോന്നതായിരുന്നു. താരം പുറത്താകുമ്പോള്‍ 68 പന്തില്‍ നിന്ന് 59 റണ്‍സായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. അത് വലിയ ബുദ്ധിമുട്ടില്ലാതെ ഷായി ഹോപും നിക്കോളസ് പൂരനും കൂടി നേടുകയായിരുന്നു. 151 പന്തില്‍ നിന്ന് ഹോപ് 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ നിക്കോളസ് പൂരന്‍ 29 റണ്‍സ് നേടി. 47.5 ഓവറിലാണ് വിന്‍ഡീസ് തങ്ങളുടെ 8 വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിയത്.

288 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ സുനില്‍ അംബ്രിസിനെ നഷ്ടമായി. 9 റണ്‍സ് നേടിയ താരത്തെ ദീപക് ചഹാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറും ഷായി ഹോപും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരു അവസരം പോലും നല്‍കാതെ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. 218 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ വെടിക്കെട്ട് ബാറ്റിംഗിലേക്ക് ഗിയര്‍ മാറ്റിയ നിമിഷത്തിലാണ് ഷമിയ്ക്ക് വിക്കറ്റ് നേടാനായത്.

67 റണ്‍സ് വിജയവുമായി ഇന്ത്യയ്ക്ക് പരമ്പര സ്വന്തം

വിന്‍ഡീസിനെതിരെ വാങ്കഡേയില്‍ 67 റണ്‍സ് ജയം സ്വന്തമാക്കിയതോടെ പരമ്പര 2-1ന് നേടി ഇന്ത്യ. കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 240/3 എന്ന സ്കോര്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ കീറണ്‍ പൊള്ളാര്‍ഡും ഷിമ്രണ്‍ ഹെറ്റ്മ്യറും മാത്രമാണ് കസറിയത്. വിന്‍ഡീസിന്റെ ഇന്നിംഗ്സ് 173/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ 74 റണ്‍സ് നേടി വിന്‍ഡീസിന് ഇരുവരും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും 24 പ്തില്‍ നിന്ന് 41 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യറിനെ കുല്‍ദീപ് യാദവ് പുറത്താക്കിയതോടെ വിന്‍ഡീസിന്റെ സാധ്യതകള്‍ മങ്ങി. കീറണ്‍ പൊള്ളാര്‍ഡ് വീണ്ടും ബാറ്റിംഗ് മികവ് തുടര്‍ന്നുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ടീമിന് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു.

39 പന്തില്‍ 68 റണ്‍സ് നേടിയ പൊള്ളാര്‍ഡും പുറത്തായതോടെ ഇന്ത്യന്‍ വിജയം മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉറപ്പാകുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്.

ഇന്ത്യന്‍ ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദിലെ ആദ്യ ടി20 മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ബൗളിംഗ് നിരയെ തല്ലി തകര്‍ക്കുകയായിരുന്നു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 207 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെ നഷ്ടമായെങ്കിലും പിന്നീട് വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ പിടിമുറുക്കി.

എവിന്‍ ലൂയിസ് 17 പന്തില്‍ നിന്ന് 40 റണ്‍സും കീറണ്‍ പൊള്ളാര്‍ഡ് 19 പന്തില്‍ 37 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 9 പന്തില്‍ 24 റണ്‍സും നേടിയപ്പോള്‍ 41 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആണ് വിന്‍ഡീസിലെ ടോപ് സ്കോറര്‍. ബ്രണ്ടന്‍ കിംഗ് 31 റണ്‍സ് നേടി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ യൂസുവേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് പ്രകടനം, 8 വിക്കറ്റ് വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ ഗയാന മറികടന്നു. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 47 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഒപ്പം 23 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കും മികച്ച പിന്തുണ നല്‍കി. ചന്ദ്രപോള്‍ ഹേംരാജ്(39), ബ്രണ്ടന്‍ കിംഗ്(27) എന്നിവരാണ് ഗയാനയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 62 റണ്‍സ് നേടിയ ഡെവണ്‍ തോമസ് ആണ് 153 എന്ന സ്കോറിലേക്ക് നയിച്ചത്. ഫാബിയന്‍ അല്ലെന്‍ 19 പന്തില്‍ 33 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഗയാനയ്ക്ക് വേണ്ടി ഷദബ് ഖാനും ബെന്‍ ലൗഗ്ലിനും രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.

മൂന്ന് റണ്ണൗട്ടുകള്‍, വിന്‍ഡീസിന്റെ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തെ പഴിച്ച് നായകന്‍

മൂന്ന് താരങ്ങളാണ് വിന്‍ഡീസ് നിരയില്‍ റണ്ണൗട്ടായത് ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് പിന്നെ സുപ്രധാന വിക്കറ്റായി ഫാബിയന്‍ അല്ലെനും. ഒരു മത്സരത്തില്‍ മൂന്ന് റണ്ണൗട്ടുകള്‍ വന്നാല്‍ തന്നെ ടീമിന്റെ താളം തെറ്റുമെന്നാണ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ പറയുന്നത്. കളിക്കളത്തിന് പുറത്ത് നിന്ന് നിയന്ത്രിക്കാന്‍ പറ്റാത്ത കാര്യമാണ് റണ്ണൗട്ടുകള്‍. ചില കാര്യങ്ങള്‍ കാണുമ്പോള്‍ ബാറ്റ്സ്മാന്മാര്‍ ചെയ്യുന്നത് ശരിയല്ലെന്നും സംയമനം പാലിക്കുവാനും സന്ദേശം അയയ്ക്കാനാകും പക്ഷേ ഈ ബാറ്റ്സ്മാന്മാര്‍ തന്നെയാണ് ഇവയെ കൈകാര്യം ചെയ്യേണ്ടത്.

മത്സരത്തിലെ മൂന്ന് റണ്ണൗട്ടുകള്‍ പരിശോധിക്കുകയാണെങ്കില്‍ മൂന്നും അനാവശ്യമാണെന്ന് കണ്ടെത്താനാകും, അതില്‍ തന്നെ മത്സരഗതിയ്ക്കെതിരെയാണ് ഫാബിയന്‍ അല്ലെന്റെ വിക്കറ്റ് നഷ്ടമായത്. മത്സരം വിന്‍ഡീസ് പക്ഷത്തേക്ക് തിരിയുന്ന സമയത്താണ് ഈ റണ്ണൗട്ട്. അതിനെത്തുടര്‍ന്ന് വിന്‍ഡീസ് താളം തെറ്റുകയും ചെയ്തുവെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിലും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ വിക്കറ്റ് മത്സരത്തില്‍ വലിയ പ്രഭാവമായി മാറിയിരുന്നു.

ബ്രാത്‍വൈറ്റിന്റെ പോരാട്ടം വിഫലം, 5 റണ്‍സ് അകലെ കീഴടങ്ങി കരീബിയന്‍ കരുത്ത്

ഒരു ഘട്ടത്തില്‍ കൈവിട്ട കളി ഒറ്റയ്ക്ക് തിരികെ വിന്‍ഡീസിനു അനുകൂലമാക്കി തിരിച്ചുവെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സ് അകലെ കാര്‍ലോസ് ബ്രാത്‍വൈറ്റിനു കാലിടറിയപ്പോള്‍ ത്രസിപ്പിക്കുന്ന വിജയം കൈവിട്ട് വിന്‍ഡീസ്. ഇന്ത്യയെ പോലെ ന്യൂസിലാണ്ടും മത്സരത്തിന്റെ അവസാനത്തില്‍ കടന്ന് കൂടുന്ന കാഴ്ചയാണ് ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്. 82 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് കാര്‍ലോസ് ബ്രാത്‍വൈറ്റ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്.

 

ക്രിസ് ഗെയില്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ വിന്‍ഡീസിനായി പൊരുതി നോക്കിയെങ്കിലും ട്രെന്റ് ബോള്‍ട്ടിന്റെ കനത്ത പ്രഹരങ്ങള്‍ക്ക് മുന്നില്‍ പത്തി മടക്കി വിന്‍ഡീസ്. മത്സരത്തില്‍ 49 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു. 286 റണ്‍സിന് ടീമിന്റെ ചേസിംഗ് അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ടിന് 5 റണ്‍സിന്റെ വിജയം കൈവരിക്കാനായി. മാറ്റ് ഹെന്‍റിയുടെ ഓവറില്‍ 25 റണ്‍സ് നേടി മത്സരം കീഴ്മേല്‍ മറിച്ചുവെങ്കിലും ജെയിംസ് നീഷം എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ അഞ്ച് പന്തില്‍ നിന്ന് 2 റണ്‍സ് നേടിയ ശേഷം കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ കൂറ്റനടി ട്രെന്റ് ബോള്‍ട്ട് പിടിച്ചപ്പോള്‍ കരീബിയന്‍ കരുത്ത് വാടിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.

292 റണ്‍സ് വിജയ ലക്ഷ്യം തേടിയറങ്ങിയ വിന്‍ഡീസിന് ആദ്യ പ്രഹരങ്ങള്‍ നല്‍കിയത് ട്രെന്റ് ബോള്‍ട്ട് തന്നെയായിരുന്നു. ഷായി ഹോപിനെയും നിക്കോളസ് പൂരനെയും മടക്കിയ ശേഷം ക്രിസ് ഗെയിലും ഷിമ്രണ്‍ ഹെറ്റ്മ്യറും തുടങ്ങി വെച്ച ബാറ്റിംഗ് വെടിക്കെട്ട് കാര്‍ലോസ് ബ്രാത്‍വൈറ്റ് തുടര്‍ന്ന് വിന്‍ഡീസിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും കളി അവസാന ഓവറിനു തൊട്ട് മുമ്പ് വിന്‍ഡീസ് കൈവിട്ടു.

മൂന്നാം വിക്കറ്റായി 54 റണ്‍സ് നേടിയ ഹെറ്റ്മ്യറുടെ വിക്കറ്റ് വീഴ്ത്തി ലോക്കി ഫെര്‍ഗൂസണ്‍ ആണ് വീണ്ടും ന്യൂസിലാണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 122 റണ്‍സാണ് ഗെയില്‍-ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് നേടിയത്. അടുത്ത പന്തില്‍ ജേസണ്‍ ഹോള്‍റുടെ വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി.

142/2 എന്ന നിലയില്‍ നിന്ന് 152/5 എന്ന നിലയിലേക്ക് ഓവറുകളുടെ വ്യത്യാസത്തില്‍ വിന്‍ഡീസ് വീണപ്പോള്‍ ക്രിസ് ഗെയിലിന്റെ ഇന്നിംഗ്സിനു പരിസമാപ്തി വരികയായിരുന്നു. 8 ഫോറും 6 സിക്സും അടക്കം 84 പന്തില്‍ നിന്നായിരുന്നു വിന്‍ഡീസ് ഓപ്പണറുടെ ഇന്നിംഗ്സ്. കോളിന്‍ ഡി ഗ്രാന്‍ഡോമിനാണ് വിക്കറ്റ്. ട്രെന്റ് ബോള്‍ട്ട് ആഷ്‍ലി നഴ്സിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയതോടെ വിന്‍ഡീസിന്റെ നില പരിതാപകരമായി. ഏഴ് വിക്കറ്റുകള്‍ വീണപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 164 റണ്‍സാണ് പിറന്നത്.

പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് കാര്‍ലോസ് ബ്രാ‍ത്‍വൈറ്റ് നടത്തിയ ചെറുത്ത് നില്പാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ക്ക് കാണാനായത്. കെമര്‍ റോച്ചുമായി(14) 47 റണ്‍സും ഷെല്‍ഡണ്‍ കോട്രെല്ലുമായി(15) 34 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയ ബ്രാത്‍വൈറ്റ് ഒരു വശത്ത് നില്‍ക്കുന്നുണ്ടെങ്കിലും മറുവശത്ത് ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയിക്കുവാന്‍ അവസാന അഞ്ചോവറില്‍ നിന്ന് വിന്‍ഡീസ് 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ഒഷയ്ന്‍ തോമസിനെ കൂട്ടുപിടിച്ച് അവസാന വിക്കറ്റില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് നടത്തിയ ചെറുത്ത്നില്പിന്റെ ഫലമായി ലക്ഷ്യം 18 പന്തില്‍ നിന്ന് 33 റണ്‍സായി മാറുകയായിരുന്നു. 48ാം ഓവര്‍ എറിഞ്ഞ മാറ്റ് ഹെന്‍റിയുടെ ഓവറില്‍ തുടരെ മൂന്ന് സിക്സുകളും ഒരു ബൗണ്ടറിയും നേടി ലക്ഷ്യം 9 റണ്‍സാക്കി മാറ്റിയ കാര്‍ലോസ് ബ്രാത്‍വൈറ്റ് അവസാന പന്തില്‍ സിംഗിള്‍ എടുത്തപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 25 റണ്‍സായിരുന്നു. ഇതോടെ ലക്ഷ്യം രണ്ടോവറില്‍ 8 റണ്‍സായി മാറി.

80 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ബ്രാത്‍വൈറ്റ് ജെയിംസ് നീഷം എറിഞ്ഞ ഓവര്‍ കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ അവസാന പന്തില്‍ ബ്രാതവൈറ്റ് പുറത്തായപ്പോള്‍ ഓവറില്‍ നിന്ന് വെറും രണ്ട് റണ്‍സാണ് വിന്‍ഡീസിനു നേടാനായത്. ലക്ഷ്യത്തിന് 5 റണ്‍സ് അകലെ വിന്‍ഡീസ് പൊരുതി വീഴുകയായിരുന്നു.

പത്തോവറില്‍ വെറും 30 റണ്‍സ് വിട്ട് നല്‍കിയ ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ ഇതില്‍ ഒരോവറില്‍ മെയ്ഡന്‍ ആയിരുന്നു. മൂന്ന് വിക്കറ്റുമായി ലോക്കി ഫെര്‍ഗൂസണും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചുവെങ്കിലും താരം ഏറെ റണ്‍സ് വഴങ്ങുകയായിരുന്നു. എന്നാല്‍ 9 ഓവറില്‍ നിന്ന് 76 റണ്‍സ് വഴങ്ങിയ മാറ്റ് ഹെന്‍റിയ്ക്കാണ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ കണക്കറ്റ് പ്രഹരം ലഭിച്ചത്. ഇതില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റാണ് താരത്തെ ഒരോവറില്‍ നിന്ന് 25 റണ്‍സ് നേടി മത്സരം മാറ്റി മറിച്ചത്.

നങ്കൂരമിട്ട് ഹോപ്, വെടിക്കെട്ട് പ്രകടനവുമായി ഹെറ്റ്മ്യര്‍

ഒരു ഘട്ടത്തില്‍ ഹെറ്റ്മ്യര്‍ ക്രീസില്‍ നിന്നപ്പോള്‍ 350 റണ്‍സിനടുത്ത സ്കോറിലേക്ക് എത്തുമെന്ന പ്രതീക്ഷ വിന്‍ഡീസ് പുലര്‍ത്തിയെങ്കിലും മുസ്തഫിസുറിന്റെ രണ്ടാം സ്പെല്ലില്‍ ഹെറ്റ്മ്യറിനെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കി താരം തിരിച്ചടിച്ച ശേഷം റണ്ണൊഴുക്ക് നിലച്ച് വിന്‍ഡീസ്.  ഷായി ഹോപിന്റെ 96 റണ്‍സിന്റെ ബലത്തില്‍ ടീം 50 ഓവര്‍ പിന്നിട്ടപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടുകയായിരുന്നു. ഹോപ് തന്റെ ശതകത്തിന് 4 റണ്‍സ് അകലെ വെച്ചാണ് പുറത്തായത്. മുസ്തഫിസുറിനു തന്നെയാണ് ഹോപിന്റെ വിക്കറ്റും.

ക്രിസ് ഗെയിലിനെ പൂജ്യത്തിനു നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 116 റണ്‍സുമായി എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടാണ് വിന്‍ഡീസ് സ്കോറിനു അടിത്തറ പാകിയത്. 67 പന്തില്‍ നിന്ന് 70 റണ്‍സ് നേടി ലൂയിസിനെ ഷാക്കിബ് പുറത്താക്കിയപ്പോള്‍ അടുത്തതായി എത്തിയ നിക്കോളസ് പൂരനും(25) ഷാക്കിബിനു വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീട് ഷായി ഹോപ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത് നാലാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തില്‍ തന്നെ ഹെറ്റ്മ്യര്‍ പുറത്തായപ്പോള്‍ അതേ ഓവറില്‍ തന്നെ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി.

ഷായി ഹോപിനൊപ്പം എത്തിയ ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു പിന്നീട് അടിച്ച് തകര്‍ക്കുന്ന കാഴ്ച ടോണ്ടണില്‍ കണ്ടത്. വെറും 15 പന്തില്‍ നിന്ന് 33 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ഡാരെന്‍ ബ്രാവോ 19 റണ്‍സുമായി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

മൂന്ന് വീതം വിക്കറ്റുമായി മുസ്തഫിസുറും മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റ് നേടി.

വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്‍-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ റൂട്ട് ആയിരുന്നു. ടോപ് ഓര്‍ഡറില്‍ ക്രിസ് ഗെയില്‍ 36 റണ്‍സ് നേടിയെങ്കിലും പൂരന്‍-ഹെറ്റ്മ്യര്‍ എന്നിവരൊഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

നിക്കോളസ് പൂരന്‍ 63 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 39 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും ജോ റൂട്ട് കൂട്ടുകെട്ട് തകര്‍ത്തു. 55/3 എന്ന നിലയില്‍ നിന്ന് 144/3 എന്ന നിലയിലേക്ക് എത്തിയ ശേഷമായിരുന്നു വിന്‍‍ഡീസിന്റെ തകര്‍ച്ച. ഹെറ്റ്മ്യറിനെയും ജേസണ്‍ ഹോള്‍ഡറിനെയും റിട്ടേണ്‍ ക്യാച്ചിലൂടെ ജോ റൂട്ട് പുറത്താക്കി.

16 പന്തില്‍ 21 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിന്റെ ഇന്നിംഗ്സിനു അധികം ആയുസ്സില്ലാതെ പോയപ്പോള്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും മൂന്ന് വീതം വിക്കറ്റ് നേടി വിന്‍ഡീസ് വാലറ്റത്തെ തുടച്ച് നീക്കി. 44.4 ഓവറിലാണ് വിന്‍ഡീസ് 212 റണ്‍സിനു ഓള്‍ഔട്ട് ആയത്.

ഹെറ്റ്മ്യര്‍ ഇതുപോലെ അടുത്ത വര്‍ഷവും കളിയ്ക്കണമെന്ന് ആഗ്രഹിക്കുന്നു

റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി സണ്‍റൈസേഴ്സിനെതിരെ 47 പന്തില്‍ 65 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ച് പട്ടം നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ സമാനമായ രീതിയില്‍ അടുത്ത വര്‍ഷവും കളിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്‍ലി. താനും എബിഡിയും പുറത്തായപ്പോള്‍ വേറൊരാള്‍ ഇന്ന് മുന്നോട്ട് വരണമെന്ന് താന്‍ എബിഡോയ് ഡ്രസ്സിംഗ് റൂമിലരുന്ന് പറഞ്ഞിരുന്നു. ഷിമ്രണും ഗുര്‍കീരത്തും ഇന്നലെ മികച്ച രീതിയിലാണ് കളിച്ചത്.

ഷിമ്രണ്‍ ഹെറ്റ്മ്യറിനു ഇതുപോലെ കളിയ്ക്കാനാകുമെന്ന് നമുക്ക് എല്ലാവ്ര‍ക്കും അറിയാവുന്നതാണ്, ഗുര്‍കീരത്തും വളരെ പക്വതയാര്‍ന്ന ഇന്നിംഗ്സാണ് കാഴ്ചവെച്ചതെന്നും കോഹ്‍ലി പറഞ്ഞു. ലഭിച്ച അവസരങ്ങളെല്ലാം ഗുര്‍കീരത്ത് ഉപയോഗപ്പെടുത്തി. ഈ മത്സരത്തിലെ നിര്‍ണ്ണായകമായ ഘടകമായിരുന്നു ഗുര്‍കീരത്തെന്നും കോഹ്‍ലി പറഞ്ഞു.

Exit mobile version