ഹെറ്റ്മ്യര്‍-ബ്രാവോ കൂട്ടുകെട്ട് കളി മാറ്റി മറിച്ചു – ആരോൺ ഫിഞ്ച്

തങ്ങളുടെ ഓപ്പണര്‍മാര്‍ തുടക്കത്തിൽ തന്നെ പുറത്തായതാണ് തിരിച്ചടിയായതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. ഇത് മധ്യനിരയ്ക്ക് മേൽ കൂടുതൽ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെന്നും വിന്‍ഡീസ് ബാറ്റിംഗിൽ 103 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ – ഡ്വെയിന്‍ ബ്രോവോ കൂട്ടുകെട്ടാണ് മത്സരം മാറ്റിയതെന്നും ഫിഞ്ച് പറഞ്ഞു.

ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ വിജയിക്കുവാനാണ് ടീം നോക്കുന്നതെന്നും അതിന് വേണ്ടിയുള്ള കഠിനാധ്വാനം തുടരുമെന്നും ആരോൺ‍ ഫിഞ്ച് വ്യക്തമാക്കി. 56 റൺസിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്.

വിന്‍ഡീസിന്റെ രക്ഷയ്ക്കെത്തി ഹെറ്റ്മ്യര്‍ – ബ്രാവോ കൂട്ടുകെട്ട്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിൽ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഭേദപ്പെട്ട സ്കോറിലേക്കെത്തി വിന്‍ഡീസ്. തുടക്കത്തിൽ ലെന്‍ഡൽ സിമ്മൺസ് 21 പന്തിൽ 31 റൺസ് നേടിയെങ്കിലും 7.4 ഓവറിനുള്ളിൽ 59/3 എന്ന നിലയിലേക്ക് കരീബിയന്‍ സംഘം വീഴുകയായിരുന്നു.

നാലാം വിക്കറ്റിൽ ഒത്തുചേര്‍ന്ന ഷിമ്രൺ ഹെറ്റ്മ്യര്‍ – ഡ്വെയിന്‍ ബ്രാവോ കൂട്ടുകെട്ട് മത്സരത്തിൽ വിന്‍ഡീസിന്റെ ബാറ്റിംഗ് തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു. 36 പന്തിൽ 61 റൺസ് നേടിയ ഹെറ്റ്മ്യറിന് മികച്ച പിന്തുണയാണ് ഡ്വെയിന്‍ ബ്രാവോ നല്‍കിയത്.

103 റൺസ് നാലാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 18ാം ഓവറിൽ റണ്ണൗട്ട് രൂപത്തിലാണ് ഹെറ്റ്മ്യര്‍ പുറത്തായത്. ബ്രാവോ 34 പന്തിൽ 47 റൺസും ആന്‍ഡ്രേ റസ്സൽ 8 പന്തിൽ 24 റൺസും നേടി വിന്‍ഡീസിനെ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഇരുവരുടെയും അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 13 പന്തിൽ 34 റൺസാണ് നേടിയത്.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചു, ഷിമ്രൺ ഹെറ്റ്മ്യര്‍ തിരികെ എത്തുന്നു

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കെതിരെ മാര്‍ച്ചിൽ നടന്ന പരമ്പരയിൽ പരിഗണിക്കാതിരുന്ന ഷിമ്രൺ ഹെറ്റ്മ്യര്‍, ഷെൽഡൺ കോട്രെൽ, റോസ്ടൺ ചേസ് എന്നിവരെ ഈ പരമ്പരയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 അംഗ സംഘത്തെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള ടീമിലുണ്ടായിട്ടും ഒരു കളി പോലും കളിക്കാനവസരം ലഭിയ്ക്കാതിരുന്ന കൈൽ മയേഴ്സ്, കെവിന്‍ സിന്‍ക്ലയര്‍ എന്നിവരെ ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വെസ്റ്റിന്‍ഡീസ് : Kieron Pollard (Captain), Shai Hope (Vice Captain), Fabian Allen, Darren Bravo, Roston Chase, Sheldon Cottrell, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Evin Lewis, Jason Mohammed, Anderson Philip, Nicholas Pooran, Romario Shepherd

മൂന്ന് ഏകദിനങ്ങളും ഐസിസി ലോക കപ്പ് സൂപ്പര്‍ ലീഗിന്റെ ഭഗാമായിട്ടുള്ളതാണ്. പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളും അഞ്ച് ടി20 മത്സരങ്ങളിലും ഏറ്റുമുട്ടും.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അരങ്ങേറ്റം നടത്തും

യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വെസ്റ്റിന്‍ഡീസ് താരം ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിക്കും. താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ അരങ്ങേറ്റം ആയിരിക്കും ഇത്. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ആണ് താരത്തെ സ്വന്തമാക്കിയത്.

ഷിമ്രണ്‍ ഹെറ്റ്മ്യറിന് പിന്നാലെ ജോണ്‍സണ്‍ ചാള്‍സ്, ഹമ്മദ് അസം, മുഹമ്മദ് വസീം എന്നിവരെയും മുല്‍ത്താന്‍ സുല്‍ത്താന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

ഹെറ്റ്മ്യര്‍ കാരണമാണ് തന്റെ ടീം ലക്ഷ്യത്തിന് അടുത്തെത്തിയത് – ഋഷഭ് പന്ത്

ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പരാജയം ഏറ്റു വാങ്ങേണ്ടി വന്നതില്‍ ഏറെ വിഷമമുണ്ടെന്ന് പറഞ്ഞ് ഋഷഭ് പന്ത്. അവസാന ഓവറില്‍ 14 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന ടീമിന് 12 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ നിന്ന് വെറും 4 റണ്‍സ് മാത്രമാണ് ഡല്‍ഹിയ്ക്ക് നേടാനായത്. അവസാന രണ്ട് പന്തില്‍ 10 റണ്‍സ് വേണ്ടപ്പോള്‍ ഋഷഭ് പന്തിന് രണ്ട് ബൗണ്ടറി മാത്രമേ നേടാനായുള്ളു.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മനോഹരമായ രീതിയിലാണ് ബാറ്റ് വീശിയതെന്നും താരത്തിന്റെ ഇന്നിംഗ്സ് കാരണമാണ് തന്റെ ടീം ലക്ഷ്യത്തിന് അടുത്തെത്തിയതെന്നും പന്ത് പറഞ്ഞു. അവസാന ഓവറില്‍ ആര്‍ക്കാണോ സ്ട്രൈക്ക് ലഭിയ്ക്കുന്നത് അവര്‍ പന്ത് അതിര്‍ത്തി കടത്തുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും എന്നാലതിന് വിചാരിച്ച പോലെ സാധിച്ചില്ലെന്നും പന്ത് അഭിപ്രായപ്പെട്ടു. അവസാന ഒരു റണ്‍സ് അകലെ ടീം വീഴകുയായിരുന്നുവെന്നും പന്ത് പറഞ്ഞു.

മാര്‍ക്കസ് സ്റ്റോയിനിസിന് അവസാന ഓവര്‍ നല്‍കിയത് സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിയ്ക്കാതിരുന്നതിനാലാണെന്നും ഋഷഭ് പന്ത് പറഞ്ഞു.

 

ഹെറ്റ്മ്യര്‍ പൊരുതി, പന്ത് പതറി

അവസാന നാലോവറിലേക്ക് മത്സരം കടക്കുമ്പോള്‍ 24 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നേടേണ്ടിയിരുന്നത്. വമ്പനടിക്കാരായ ഷിമ്രണ്‍ ഹെറ്റ്മ്യറും ഋഷഭ് പന്തും ആയിരുന്നു ക്രീസിലെങ്കിലും ആരും ഡല്‍ഹിയ്ക്ക് അവിടെ സാധ്യത കല്പിച്ചിരുന്നില്ല ആ ഘട്ടത്തില്‍. 37 പന്തില്‍ 39 റണ്‍സ് നേടി പന്തും 12 പന്തില്‍ 18 റണ്‍സ് നേടി ഹെറ്റ്മ്യറും ആയിരുന്നു ആ ഘട്ടത്തില്‍ ക്രീസില്‍.

പന്തിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റണ്‍സ് കണ്ടെത്തുവാന്‍ അതുവരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് 11 പന്ത് നേരിട്ട താരം 21 റണ്‍സ് നേടിയെങ്കിലും തുടക്കത്തില്‍ താരത്തിന് സ്കോറിംഗ് വേഗത ഉയര്‍ത്തുവാന്‍ കഴിയാതെ പോയതിന് വലിയ വിലയാണ് ഡല്‍ഹി കൊടുക്കേണ്ടി വന്നത്.

ആ ഘട്ടത്തില്‍ നിന്ന് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഒറ്റയ്ക്ക് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയെങ്കിലും സിറാജ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ വലിയ ഷോട്ടുകള്‍ പിറക്കാതെ പോയത് ഡല്‍ഹിയ്ക്ക് തിരിച്ചടിയായി. പിന്നീടുള്ള 11 പന്തില്‍ 35 റണ്‍സാണ് ഹെറ്റ്മ്യര്‍ നേടിയതെങ്കിലും അവസാന ഓവറില്‍ താരത്തിന് ഒരു പന്താണ് സ്ട്രൈക്ക് കിട്ടിയത്.

ഡല്‍ഹിയ്ക്ക് പ്രതീക്ഷ നല്‍കി ഹെറ്റ്മ്യര്‍, അവസാന ഓവറില്‍ ഒരു റണ്‍സ് വിജയം നേടി ആര്‍സിബി

അവസാന ഓവറില്‍ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 14 റണ്‍സായിരുന്നുവെങ്കില്‍ സിറാജ് എറിഞ്ഞ ഓവറില്‍ 12 റണ്‍സ് മാത്രം പിറന്നപ്പോള്‍ ഒരു റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ‍ആര്‍സിബിയുടെ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സേ നേടിയുള്ളു. ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 78 റണ്‍സ് നേടിയെങ്കിലും അവസാന കടമ്പ കടക്കുവാന്‍ ടീമിന് സാധിച്ചില്ല. ഹെറ്റ്മ്യര്‍ 23 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ പന്ത് 48 പന്തില്‍ 58 റണ്‍സാണ് നേടിയത്. പന്ത് തുടക്കത്തില്‍ അതിവേഗത്തില്‍ സ്കോര്‍ ചെയ്യാത്തത് ടീമിന് തിരിച്ചടിയാകുകയായിരുന്നു.

അവസാന ഓവറിലെ ആദ്യ നാല് പന്തുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ ഡല്‍ഹി താരങ്ങള്‍ക്ക് കഴിയാതെ പോയതോടെ ലക്ഷ്യം രണ്ട് പന്തില്‍ 10 റണ്‍സായി മാറി. ഋഷഭ് പന്ത് രണ്ട് ബൗണ്ടറി നേടിയെങ്കിലും 1 റണ്‍സ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്.

കൃത്യമായ ഇടവേളകളില്‍ ഡല്‍ഹിയുടെ വിക്കറ്റുകള്‍ വീണപ്പോള്‍ ഒരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചില്ല. 47/3 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ ഋഷഭ് പന്തും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് 45 റണ്‍സ് നാലാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിച്ചുവെങ്കിലും പന്തിന് തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശുവാനാകാതെ പോയതും ഡല്‍ഹിയ്ക്ക് കാര്യം പ്രയാസമാക്കി.

24 പന്തില്‍ 56 റണ്‍സായിരുന്നു മത്സരത്തില്‍ രണ്ടാമത്തെ സ്ട്രാറ്റജിക് ബ്രേക്ക് അവസാനിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ 17ാം ഓവറില്‍ 10 റണ്‍സാണ് ഡല്‍ഹി നേടിയത്. 18 പന്തില്‍ 46 റണ്‍സെന്ന നിലയില്‍ കാര്യങ്ങള്‍ വളരെ പ്രയാസമേറിയ സ്ഥിതിയില്‍ കൈല്‍ ജാമിസണ്‍ എറിഞ്ഞ ഓവറില്‍ മൂന്ന് സിക്സ് അടക്കം 21 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം 2 ഓവറില്‍ 25 റണ്‍സായി മാറി.

23 പന്തില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19ാം ഓവറില്‍ 11 റണ്‍സ് വന്നപ്പോള്‍ അവസാന ഓവറില്‍ 14 റണ്‍സായി ലക്ഷ്യം.

യുവതാരങ്ങള്‍ പുറത്ത് പോയതിന് കാരണം ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ – റോജര്‍ ഹാര്‍പ്പര്‍

വിന്‍ഡീസിന്റെ ടി20 സ്ക്വാഡില്‍ ക്രിസ് ഗെയില്‍, ഫിഡല്‍ എഡ്വേര്‍ഡ്സ് പോലുള്ള പ്രായമേറിയ താരങ്ങള്‍ക്ക് ഇടം ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയിന്‍ തോമസ് എന്നിവര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് കാരണം വ്യക്തമാക്കി സെലക്ടര്‍മാരുടെ ചെയര്‍മാന്‍ റോജര്‍ ഹാര്‍പ്പര്‍.

ടീമില്‍ ഇടം പിടിക്കാത്ത യുവ താരങ്ങള്‍ക്ക് അവര്‍ക്ക് ഫിറ്റ്നെസ്സ് നിലവാരം ഇല്ലാത്തതിനാലാണ് അവരെ ഒഴിവാക്കിയതെന്നും ഇത് യുവതാരങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുവാന്‍ ഉദ്ദേശിച്ച് ചെയ്തതാണെന്നും ഇവരും മറ്റു യുവ താരങ്ങളുമെല്ലാം തങ്ങളുടെ ഫിറ്റ്നെസ്സിനും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും ഹാര്‍പ്പര്‍ വ്യക്തമാക്കി.

ഹാര്‍പ്പറിന്റെ സമീപനത്തെ ശരി വയ്ക്കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ജിമ്മി ആഡംസും. താരങ്ങളുടെ പ്രശസ്തിയോ നിലവിലെ ഫോമോ ഒന്നും ഫിറ്റ്നെസ്സിനെ അവഗണിക്കുവാനുള്ള ഒരു കാരണം അല്ലെന്ന് ജിമ്മി ആഡംസ് സൂചിപ്പിച്ചു.

ഫിറ്റ്നെസ്സ് പരിശോധനയിലെ മിനിമം നിലവാരം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അവയില്‍ പരാജയപ്പെടുകയാണെങ്കില്‍ താരങ്ങള്‍ക്ക് സെലക്ഷന് യോഗ്യതയുണ്ടാകുകയില്ലെന്നും ആഡംസ് വ്യക്തമാക്കി.

ക്യാച്ചുകള്‍ കൈവിട്ട് ഡല്‍ഹിയുടെ ബാറ്റിംഗ് എളുപ്പമാക്കി സണ്‍റൈസേഴ്സ്, ധവാന്‍, സ്റ്റോയിനിസ്, ഹെറ്റ്മ്യര്‍ മികവില്‍ ഡല്‍ഹിയ്ക്ക് വലിയ സ്കോര്‍

മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി പരീക്ഷിക്കുവാനുള്ള തീരുമാനം വിജയം കണ്ടപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഡല്‍ഹി നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ്, ശിഖര്‍ ധവാന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് 86 റണ്‍സാണ് 8.2 ഓവറില്‍ നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ തുടക്കത്തില്‍ സ്റ്റോയിനിസിന്റെ ക്യാച്ച് കൈവിട്ട ശേഷം ആണ് താരം അടിച്ച് തകര്‍ക്കാന്‍ തുടങ്ങിയത്. താരത്തിന്റെ വ്യക്തിഗത സ്കോര്‍ 3ല്‍ നില്‍ക്കുമ്പോളാണ് ഈ അവസരം ഹോള്‍ഡര്‍ കൈവിട്ടത്.

Stoinisdhawan

27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ സ്റ്റോയിനിസിനെ റഷീദ് ഖാന്‍ ആണ് പുറത്താക്കിയത്. പിന്നീട് ശ്രേയസ്സ് അയ്യര്‍ ശിഖര്‍ ധവാനോടൊപ്പം ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍സ് ആണ് നേടിയത്.

ഹോള്‍ഡറെ കടന്നാക്രമിക്കുവാന്‍ തീരുമാനിച്ച ശ്രേയസ്സ് അയ്യറിന്റെ ശ്രമകരമായ ക്യാച്ച് കെയിന്‍ വില്യംസണ്‍ കൈവിട്ടുവെങ്കിലും തൊട്ടടുത്ത പന്തില്‍ തന്നെ അയ്യര്‍ പുറത്തായി(21). അയ്യരുടെ വിക്കറ്റ് വീണത് ഡല്‍ഹിയ്ക്ക് ഒരു തരത്തില്‍ ഗുണമായി മാറുകയായിരുന്നു.

ഹെറ്റ്മ്യര്‍ പിന്നീട് തകര്‍ത്തടിക്കുന്നത് കണ്ടപ്പോള്‍ ഡല്‍ഹി വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഹെറ്റ്മ്യറും ധവാനും ചേര്‍ന്ന് 52 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ധവാനെ പുറത്താക്കി സന്ദീപ് ശര്‍മ്മ കൂട്ടുകെട്ട് തകര്‍ത്തു. ഇതിനിടെ സണ്‍റൈസേഴ്സ് ഹെറ്റ്മ്യറിന്റെയും ധവാന്റെയും ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ധവാന്‍ 50 പന്തില്‍ 78 റണ്‍സും ഹെറ്റ്മ്യര്‍ 22 പന്തില്‍ 42 റണ്‍സും നേടുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ച് ഹെറ്റ്മ്യറും വാലറ്റവും

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 79/4 എന്ന നിലയിലേക്ക് വീണുവെങ്കിലും 184/8 എന്ന മികച്ച സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ജോഫ്ര ആര്‍ച്ചറുടെ സ്പെല്ലില്‍ ഡല്‍ഹിയുടെ തുടക്കം പാളിയെങ്കിലും മാര്‍ക്കസ് സ്റ്റോയിനസും ഷിമ്രണ്‍ ഹെറ്റ്മ്യറും വാലറ്റവും ചേര്‍ന്നാണ് ടീമിനെ ഈ സ്കോറിലേക്ക് പോയത്. ഷിമ്രണ്‍ ഹെറ്റ്മ്യറുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഡല്‍ഹിയെ ഈ ലക്ഷ്യത്തിലേറക്ക് നയിച്ചത്. 24 പന്തില്‍ നിന്ന് 5 സിക്സ് അടക്കമാണ് ഹെറ്റ്മ്യര്‍ തന്റെ 45 റണ്‍സ് നേടിയത്.

രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ(5) യശസ്വി ജൈസ്വാളിന്റെ കൈകളിലെത്തിച്ച് ജോഫ്ര ഡല്‍ഹിയ്ക്ക് ആദ്യ പ്രഹരം നല്‍കി. പൃഥ്വിയുടെ സ്കോര്‍ 9ല്‍ നില്‍ക്കവെ വരുണ്‍ ആരോണിന്റെ ഓവറില്‍ പൃഥ്വി നല്‍കിയ അവസരം ഫൈന്‍ ലെഗില്‍ യുവ താരം കാര്‍ത്തിക് ത്യാഗി കൈവിടുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി പൃഥ്വി തനിക്ക് നല്‍കിയ അവസരം മുതലാക്കി. എന്നാല്‍ അധികം വൈകാതെ പൃഥ്വിയെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇന്നിംഗ്സിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

10 പന്തില്‍ 19 റണ്‍സ് നേടിയ പൃഥ്വിയുടെ വിക്കറ്റ് വീഴുമ്പോള്‍ 4.2 ഓവറില്‍ 42 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. യശ്വസി ജൈസ്വാല്‍ വീണ്ടും ഫീല്‍ഡില്‍ തിളങ്ങിയപ്പോള്‍ 22 റണ്‍സ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരെ റണ്ണൗട്ടാക്കിയതോടെ പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്നാമത്തെ വിക്കറ്റും ഡല്‍ഹിയ്ക്ക് നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഡല്‍ഹി 51/3 എന്ന നിലയിലായിരുന്നു.

29 റണ്‍സ് നാലാം വിക്കറ്റില്‍ നേടി മാര്‍ക്കസ് സ്റ്റോയിനിസ് – ഋഷഭ് പന്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റിനിടയിലെ ഓട്ടത്തിലുണ്ടായ പിഴവ് പന്തിന്റെ ഇന്നിംഗ്സിന് അവസാനം കുറിച്ചു. 87 റണ്‍സാണ് പത്തോവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.

അഞ്ചാം വിക്കറ്റില്‍ ഹെറ്റ്മ്യറിനൊപ്പം 30 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും സ്റ്റോയിനിസ് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ തെവാത്തിയയ്ക്ക് തന്റെ ആദ്യ വിക്കറ്റ് നേടി.30 പന്തില്‍ നിന്ന് 39 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 15 ഓവര്‍ അവസാനിച്ചപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.

ഹര്‍ഷല്‍ പട്ടേലിനെ കൂട്ടുപിടിച്ച് ആറാം വിക്കറ്റില്‍ 40 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മത്സരം രാജസ്ഥാന്റെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബൗണ്ടറിയില്‍ മികച്ചൊരു ക്യാച്ചിലൂടെ രാഹുല്‍ തെവാത്തിയ കാര്‍ത്തിക് ത്യാഗിയ്ക്ക് തന്റെ ആദ്യ വിക്കറ്റ് നേടി.

വാലറ്റത്തില്‍ ഹര്‍ഷല്‍ പട്ടേല്‍(16), അക്സര്‍ പട്ടേല്‍(8 പന്തില്‍ 17 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് 184 റണ്‍സിലേക്ക് എത്തിയത്.

സൂക്ക്സിനെയും വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, അര്‍ദ്ധ ശതകം നേടി ഹെറ്റ്മ്യര്‍

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സെയിന്റ് ലൂസിയ സൂക്ക്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് ടീം കരസ്ഥമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ സൂക്ക്സിനൊപ്പമെത്തിയ ഗയാന റണ്‍റേറ്റിന്റെ മികവില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. ഇരു ടീമുകള്‍ക്കും പത്ത് പോയിന്റാണുള്ളത്.

ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് വേണ്ടി ടോപ് ഓര്‍ഡറില്‍ 13 പന്തില്‍ 21 റണ്‍സുമായി റഖീം കോണ്‍വാല്‍ തിളങ്ങിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ യഥേഷ്ടം വീഴുകയായിരുന്നു. വാലറ്റത്തില്‍ ജാവെല്ലേ ഗ്ലെന്നും(23*) സ്കോട്ട് കുജ്ജെലൈനും(13*) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 33 റണ്‍സാണ് ടീമിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സിലേക്ക് നയിച്ചത്. ഗയാനയ്ക്ക് വേണ്ടി നവീന്‍ ഉള്‍ ഹക്കും കീമോ പോളും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ താഹിര്‍ തന്റെ നാലോവറില്‍ വെറും 10 റണ്‍സാണ് വിട്ട് നല്‍കിയത്. ഒരു വിക്കറ്റും നേടി.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പുറത്താകാതെ 36 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയാണ് ഗയാനയുടെ വിജയം എളുപ്പമാക്കിയത്. 13.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഗയാന വിജയം കരസ്ഥമാക്കിയത്. ചന്ദ്രപോള്‍ ഹേംരാജ് 26 റണ്‍സ് നേടി.

കീമോ പോളിന്റെ ബൗളിംഗ് മികവില്‍ പാട്രിയറ്റ്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, വെടിക്കെട്ട് ബാറ്റിംഗുമായി ഹെറ്റ്മ്യര്‍

ബൗളര്‍മാരുടെ മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ മികവാര്‍ന്ന ജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 127/8 എന്ന സ്കോറാണ് നേടിയത്. ലക്ഷ്യം പതിനേഴ് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗയാന മറികടന്നു.

മികച്ച തുടക്കത്തിന് ശേഷം സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയത് കീമോ പോളിന്റെ ബൗളിംഗ് പ്രകടനം ആണ്. എവിന്‍ ലൂയിസ് 18 പന്തില്‍ 30 റണ്‍സ് നേടി പുറത്താകുമ്പോള്‍ 5.4 ഓവറില്‍ 53/2 എന്ന നിലയിലായിരുന്ന ടീമിനെ പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി കീമോ പോള്‍ ആണ് പ്രതിസന്ധിയിലാക്കിയത്.

ബെന്‍ ഡങ്ക് 29 റണ്‍സ് നേടി. റയാദ് എമ്രിറ്റ്(17), ക്രിസ് ലിന്‍(16) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഗയാനയ്ക്ക് വേണ്ടി കീമോ പോള്‍ നാലും ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റും നേടി.

മറ്റു താരങ്ങളുടെ ബാറ്റിംഗ് പ്രകടനം മോശമായെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ 44 പന്തില്‍ നിന്നുള്ള 71 റണ്‍സാണ് ഗയാനയുടെ വിജയത്തിന്റെ അടിത്തറ. പാട്രിയറ്റ്സിന് വേണ്ടി റയാദ് എമ്രിറ്റ് മൂന്ന് വിക്കറ്റ് നേടി.

Exit mobile version