എല്ലിസിന് 4 വിക്കറ്റ്!!! പൊരുതി വീണ് രാജസ്ഥാന്‍ റോയൽസ്

രാജസ്ഥാന്‍ റോയൽസിനെതിരെ 5 റൺസ് വിജയം നേടി പഞ്ചാബ് കിംഗ്സ്. 198 റൺസ് നേടിയ പ‍ഞ്ചാബിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും നഥാന്‍ എല്ലിസ് നേടിയ നാല് വിക്കറ്റുകളാണ് രാജസ്ഥാന്റെ താളം തെറ്റിച്ചത്.

ഏഴാം വിക്കറ്റിൽ ഷിമ്രൺ ഹെറ്റ്മ്യറും ധ്രുവ് ജുറെലും ചേര്‍ന്ന് 62 റൺസ് നേടി ടീമിനെ വിജയത്തിന് അടുത്തെത്തിച്ചുവെങ്കിലും 5 റൺസ് വിജയം പഞ്ചാബ് കൈക്കലാക്കി. അവസാന ഓവറിൽ 16 റൺസായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നതെങ്കിലും മൂന്നാം പന്തിൽ ഹെറ്റ്മ്യര്‍ റണ്ണൗട്ടായത് രാജസ്ഥാന് തിരിച്ചടിയായി.

ഓപ്പണിംഗിൽ യശസ്വി ജൈസ്വാളിനൊപ്പം രവിചന്ദ്രന്‍ അശ്വിനെയാണ് രാജസ്ഥാന്‍ പരീക്ഷിച്ചത്. ജൈസ്വാള്‍ കഴിഞ്ഞ മത്സരത്തിലെ പോലെ അതിവേഗം തുടങ്ങിയെങ്കിലും 8 പന്തിൽ 11 റൺസ് നേടിയ താരത്തെ അര്‍ഷ്ദീപ് പുറത്താക്കി.

അശ്വിനെയും അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 26/2 എന്ന നിലയിലായി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ജോസ് ബട്‍ലറും മടങ്ങിയപ്പോള്‍ രാജസ്ഥാന്‍ 57/3 എന്ന സ്ഥിതിയിലേക്ക് വീണു. 11 പന്തിൽ 19 റൺസായിരുന്നു ബട്‍ലര്‍ നേടിയത്. നഥാന്‍ എല്ലിസിനായിരുന്നു വിക്കറ്റ്.

പത്തോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ റോയൽസ് 89 റൺസാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. നഥാന്‍ എല്ലിസ് വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ താരം സഞ്ജുവിനെ പുറത്താക്കിയാണ് മത്സരത്തിലെ വലിയ നിമിഷം സൃഷ്ടിച്ചത്. 25 പന്തിൽ 42 റൺസാണ് സഞ്ജുവിന്റെ സംഭാവന.

ഒരു വശത്ത് ദേവ്ദത്ത് പടിക്കൽ റൺസ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അതിവേഗ സ്കോറിംഗുമായി റിയാന്‍ പരാഗ് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാൽ 12 പന്തിൽ 20 റൺസിന്റെ ഇന്നിംഗ്സ് നഥാന്‍ എല്ലിസ് അവസാനിപ്പിക്കുകയായിരുന്നു. അതേ ഓവറിൽ തന്നെ ദേവ്ദത്ത് പടിക്കലിനെ നഥാന്‍ എല്ലിസ് പുറത്താക്കി. 26 പന്തിൽ 21 റൺസ് മാത്രമാണ് ദേവ്ദത്ത് നേടിയത്.

കളിയിൽ പഞ്ചാബ് മേൽക്കൈ നേടിയെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഷിമ്രൺ ഹെറ്റ്മ്യറും ധ്രുവ് ജുറെലും ചേര്‍ന്ന് രാജസ്ഥാന്‍ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.

അവസാന നാലോവറിൽ 69 റൺസ് എന്ന വലിയ ലക്ഷ്യം ആയിരുന്നു രാജസ്ഥാന് മുന്നിൽ. ധ്രുവ് ജുറെലും ഷിമ്രൺ ഹെറ്റ്മ്യറും ഓരോ സിക്സ് വീതം നഥാന്‍ എല്ലിസിന്റെ അവസാന ഓവറിൽ നേടിയപ്പോള്‍ 16 റൺസാണ് ഓവറിൽ നിന്ന് പിറന്നത്.

ഇതോടെ മൂന്നോവറിൽ 53 റൺസായി ലക്ഷ്യം മാറി. സാം കറനെറിഞ്ഞ ഓവറിൽ ഹെറ്റ്മ്യര്‍ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ 19 റൺസ് ഓവറിൽ നിന്ന് വന്നു. ഇതോടെ രണ്ടോവറിലെ ലക്ഷ്യം 34 റൺസായി.

അര്‍ഷ്ദീപിനെ ഒരു ഫോറും ഒരു സിക്സും പറത്തി ധ്രുവ് ജുറെൽ കസറിയപ്പോള്‍ അവസാന പന്തിൽ സിക്സര്‍ നേടി ഹെറ്റ്മ്യറും തിളങ്ങി. ഇതോടെ അവസാന ഓവറിൽ 16 റൺസെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

അവസാന ഓവറിൽ വലിയ ഷോട്ടുകള്‍ പിറക്കാതെ വന്നപ്പോള്‍ മൂന്നാം പന്തിൽ ഹെറ്റ്മ്യര്‍ റണ്ണൗട്ടായതും രാജസ്ഥാന് തിരിച്ചടിയായി. 3 പന്തിൽ 12 റൺസെന്ന നിലയിൽ നിന്ന് അവസാന പന്തിൽ 10 റൺസ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയപ്പോള്‍ അവസാന പന്തിൽ ബൗണ്ടറി നേടി ധ്രുവ് ജുറെൽ തോൽവി 5 റൺസാക്കി കുറച്ചു.

ഹെറ്റ്മ്യർ 18 പന്തിൽ 36 റൺസും ധ്രുവ് ജുറെൽ 15 പന്തിൽ 32 റൺസുമായി പുറത്താക്കാതെ നിന്നു.

ഫ്ലൈറ്റ് മിസ്സായി!!!! ഷിമ്രൺ ഹെറ്റ്മ്യറിനെ ലോകകപ്പ് സ്ക്വാ‍ഡിൽ നിന്ന് ഒഴിവാക്കി

വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷിമ്രൺ ഹെറ്റ്മ്യറെ ലോകകപ്പ് സ്ക്വാഡിൽ നിന്ന് പുറത്താക്കി ബോര്‍ഡ്. പകരം ടീമിലേക്ക് ഷമാര്‍ ബ്രൂക്ക്സിനെ ചേര്‍ത്തിട്ടുണ്ട്. ടീമിനൊപ്പം യാത്ര ചെയ്യാതിരുന്നതാണ് ഹെറ്റ്മ്യറിനെ ഒഴിവാക്കുവാനുള്ള കാരണം.

ഒക്ടോബര്‍ 1ന് ഓസ്ട്രേലിയയിലേക്ക് ടീം യാത്രയാകേണ്ട സാഹചര്യത്തിൽ താരം ബോര്‍ഡിനോട് അതിന് കുടുംബപരമായ കാരണങ്ങളാൽ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് താരത്തിനോട് തിങ്കളാഴ്ച ഫ്ലൈറ്റിൽ കയറി എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് താരം ആ ഫ്ലൈറ്റിലും എത്താനാകില്ലെന്ന് ബോര്‍ഡിനെ അറിയിച്ചതോടെ താരത്തെ ഒഴിവാക്കകയല്ലാതെ വേറെ മാര്‍ഗം ഇല്ലായിരുന്നുവന്ന് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ജിമ്മി ആഡംസ് വ്യക്തമാക്കി.

ഓസ്ട്രേലിയയുമായുള്ള വെസ്റ്റിന്‍ഡീസിന്റെ രണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 5, 7 തീയ്യതികളിലാണ് നടക്കാനിരിക്കുന്നത്. അതിന് ശേഷം ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ സ്ക്ടോ‍ലാന്‍ഡ്, സിംബാബ്‍വേ, അയര്‍ലണ്ട് എന്നിവരാണ് വെസ്റ്റിന്‍ഡീസിന്റെ എതിരാളികള്‍.

ഹെറ്റ്മ്യര്‍ രാജസ്ഥാന്‍ റോയൽസ് ക്യാമ്പിൽ നിന്ന് പുറത്തേക്ക്, കാരണം കുഞ്ഞിന്റെ ജനനം

ഐപിഎലിൽ ഇന്നലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് പുറത്തെടുത്ത ഷിമ്രൺ ഹെറ്റ്മ്യര്‍ നാട്ടിലേക്ക് മടങ്ങി. താരം തന്റെ കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്നതിനാലാണ് ഗയാനയിലേക്ക് മടങ്ങിയത്.

താരം ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. രാജസ്ഥാന്റെ അടുത്ത മത്സരം ഡൽഹി ക്യാപിറ്റൽസിനെതിരെ മേയ് 11ന് ആണ്. താരം അതിനിടയ്ക്ക് ടീമിനൊപ്പം ചേരുമോ എന്ന് ഉറപ്പില്ല.

14 പോയിന്റുള്ള രാജസ്ഥാന്‍ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണെങ്കിലും ടീമിന് പ്ലേ ഓഫ് സ്ഥാനം ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. ഫിനിഷറുടെ റോളിൽ മിന്നും പ്രകടനം ആണ് ഹെറ്റ്മ്യര്‍ ടീമിനായി പുറത്തെടുത്തിട്ടുള്ളത്.

മടങ്ങി വരവ് ആഘോഷമാക്കി ജൈസ്വാല്‍, രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച് ഹെറ്റ്മ്യര്‍

ഐപിഎലില്‍ പഞ്ചാബ് കിംഗ്സ് നൽകിയ 190 റൺസ് ലക്ഷ്യം 4 വിക്കറ്റുകളുടെ നഷ്ടത്തിൽ മറികടന്ന് രാജസ്ഥാന്‍ റോയൽസ്. യശസ്വി ജൈസ്വാലിനൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക സംഭാവനകള്‍ നൽകിയപ്പോള്‍ 19.4 ഓവറിലാണ് ടീമിന്റെ 6 വിക്കറ്റ് വിജയം. ജൈസ്വാൽ വിജയത്തിന് 49 റൺസ് അകലെ പുറത്തായെങ്കിലും നാലാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കൽ – ഷിമ്രൺ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് 27 പന്തിൽ 41 റൺസ് നേടി ടീമിനെ വിജയത്തിനരികിലേക്ക് എത്തിച്ചു.

ദേവ്ദത്ത് 18ാം ഓവറിൽ അര്‍ഷ്ദീപിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ 31 റൺസാണ് താരം നേടിയത്. അവസാന ഓവറിൽ 8 റൺസ് വേണ്ടപ്പോള്‍ ആദ്യ പന്തിൽ വൈഡ് എറിഞ്ഞ ചഹാറിനെ അടുത്ത പന്തിൽ സിക്സര്‍ പറത്തിയ ഹെറ്റ്മ്യര്‍ 2 പന്ത് അവശേഷിക്കവെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 16 പന്തിൽ പുറത്താകാതെ 31 റൺസാണ് ഹെറ്റ്മ്യര്‍ നേടിയത്.

ഓപ്പണിംഗ് വിക്കറ്റിൽ 4 ഓവറിൽ ജോസ് ബട്‍ലറും യശസ്വി ജൈസ്വാലും ചേര്‍ന്ന് 46 റൺസാണ് നേടിയത്. 16 പന്തിൽ 30 റൺസ് നേടിയ ബട്‍ലര്‍ റബാഡയെ ആ ഓവറിൽ 20 റൺസിന് അടിച്ച് പറത്തിയെങ്കിലും അവസാന പന്തിൽ പുറത്താകുകയായിരുന്നു. സഞ്ജു പതിവ് പോലെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും താരം തന്റെ വിക്കറ്റ് വലിച്ചെറിയുന്നതാണ് കണ്ടത്.

12 പന്തിൽ 23 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. 85/2 എന്ന നിലയിൽ നിന്ന് യശസ്വി ജൈസ്വാളിന് കൂട്ടായി എത്തിയ ദേവ്ദത്ത് പടിക്കൽ നിലയുറപ്പിക്കുവാന്‍ സമയം എടുത്തപ്പോള്‍ ജൈസ്വാള്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി.

ജയിക്കുവാന്‍ രാജസ്ഥാന് 49 റൺസ് കൂടി വേണ്ടപ്പോള്‍ യശസ്വി ജൈസ്വാൽ സിക്സര്‍ ശ്രമിച്ച് പുറത്താകുകയായിരുന്നു. 41 പന്തിൽ 68 റൺസ് നേടിയ താരം 9 ഫോറും 2 സിക്സുമാണ് നേടിയത്. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്. 37 പന്തിൽ 56 റൺസായിരുന്നു ജൈസ്വാൽ – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് നേടിയത്.

ജൈസ്വാൽ പുറത്തായ ശേഷം എത്തിയ ഷിമ്രൺ ഹെറ്റ്മ്യര്‍ വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ലക്ഷ്യം 18 പന്തിൽ 27 റൺസായി മാറി.

റബാഡ എറിഞ്ഞ 18ാം ഓവറിൽ ഫോറടിച്ച് ദേവ്ദത്ത് പടിക്കൽ ആരംഭിച്ചപ്പോള്‍ ഓവറിൽ നിന്ന് ഒരു സിക്സ് കൂടി റബാഡ നേടി അവസാന പന്തിൽ ഒരു ബൗണ്ടറി കൂടി ദേവ്ദത്ത് നേടിയപ്പോള്‍ ഓവറിൽ നിന്ന് 16 റൺസ് വന്നു. ഇതോടെ 12 പന്തിൽ 11 റൺസായി രാജസ്ഥാന്റെ ലക്ഷ്യം മാറി.

അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ താരം 3 റൺസ് മാത്രം വിട്ട് നൽകി ദേവ്ദത്ത് പടിക്കലിനെ പുറത്താക്കിയപ്പോള്‍ അവസാന ഓവറിൽ 8 റൺസ് ആയിരുന്നു രാജസ്ഥാന്‍ വേണ്ടിയിരുന്നത്.

സെറ്റായ ബാറ്റ്സ്മാന്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ ചഹാറിനെ സിക്സര്‍ പറത്തി സ്കോറുകള്‍ ഒപ്പമാക്കി ഒരു സിംഗിൽ കൂടി നേടി വിജയത്തിലേക്ക് ടീമിനെ നയിച്ചു.

സഞ്ജുവിന് അര്‍ദ്ധ ശതകം!!! മതിയാകുമോ രാജസ്ഥാന് ഈ റൺസ്

ഐപിഎലില്‍ ഇന്ന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് രാജസ്ഥാന്‍ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ടീമിന് 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് മാത്രമാണ് നേടുവാനായത്. സഞ്ജു സാംസൺ 49 പന്തിൽ 54 റൺസ് നേടിയതൊഴിച്ചാൽ മറ്റു താരങ്ങള്‍ക്കാര്‍ക്കും ക്രീസിൽ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ വരുന്ന കാഴ്ചയാണ് വാങ്കഡേയിൽ കണ്ടത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ 13 പന്തിൽ 27 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ ആണ് ടീമിനെ 150 റൺസ് കടത്തിയത്.

മൂന്നാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെ നഷ്ടമായ ശേഷം സഞ്ജുവും ജോസ് ബട്‍ലറും ചേര്‍ന്ന് 48 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ജോസ് ബട്‍ലര്‍(22) ഇത്തവണയും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ താരം ഒരു സിക്സര്‍ നേടിയ ശേഷം വീണ്ടും അതാവര്‍ത്തിക്കുവാന്‍ ശ്രമിച്ചപ്പോള്‍ സൗത്തിയ്ക്ക് വിക്കറ്റ് നൽകി മടങ്ങി.

കരുൺ നായരും സഞ്ജുവും ചേര്‍ന്ന് 35 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ രാജസ്ഥാന്‍ ബുദ്ധിമുട്ടി. 13 റൺസ് നേടിയ കരുൺ നായരെ പുറത്താക്കി അനുകുൽ റോയ് തന്റെ ആദ്യ ഐപിഎൽ വിക്കറ്റ് നേടി. റിയാന്‍ പരാഗ് 12 പന്തിൽ 19 റൺസ് നേടി വലിയ ഷോട്ടിന് ശ്രമിച്ച് പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തിൽ സഞ്ജുവും വീണു. പരാഗിനെ സൗത്തിയും സഞ്ജുവിനെ ശിവം മാവിയും ആണ് പുറത്താക്കിയത്.

ടിം സൗത്തി എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും വൈഡുകളും എല്ലാം ലഭിച്ചപ്പോള്‍ 20 റൺസാണ് ഓവറിൽ നിന്ന് വന്നത്. ഹെറ്റ്മ്യറും അശ്വിനും ചേര്‍ന്ന് ആറാം വിക്കറ്റിൽ 18 പന്തിൽ 37 റൺസ് നേടിയാണ് സഞ്ജു പുറത്താകുമ്പോള്‍ 115/5 എന്ന നിലയിലായിരുന്ന രാജസ്ഥാനെ 152 റൺസിലേക്ക് എത്തിച്ചത്.

കൊല്‍ക്കത്തയ്ക്കായി തന്റെ അവസാന ഓവറിൽ 20 റൺസ് വഴങ്ങിയെങ്കിലും ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. ശിവം മാവി, അനുകുൽ റോയ്, ഉമേഷ് യാദവ് എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും സുനിൽ നരൈന്‍ വെറും 19 റൺസ് ആണ് തന്റെ സ്പെല്ലിൽ വിട്ട് നൽകിയത്.

രാജസ്ഥാനെ തകര്‍ച്ചയിൽ നിന്ന് കരകയറ്റി ഹെറ്റ്മ്യർ – അശ്വിൻ കൂട്ടുകെട്ട്

67/4 എന്ന നിലയിലേക്ക് വീണ രാജസ്ഥാനെ 165/6 എന്ന സ്കോറിലേക്ക് എത്തിച്ച് ഷിമ്രൺ ഹെറ്റ്മ്യർ – രവിചന്ദ്രൻ അശ്വിൻ കൂട്ടുകെട്ട്. 42/0 എന്ന നിലയില്‍ മികച്ച രീതിയിൽ രാജസ്ഥാന്‍ തുടങ്ങിയെങ്കിലും ക്ഷണ നേരം കൊണ്ട് ടീമിന് നാല് വിക്കറ്റുകള്‍ നേടുകയായിരുന്നു. ഹെറ്റ്മ്യര്‍ 36 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ പൊരുതാവുന്ന സ്കോറിലേക്ക് രാജസ്ഥാന്‍ എത്തി.

ജോസ് ബട്‍ലറെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ സഞ്ജുവിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജേസൺ ഹോള്‍ഡര്‍ രണ്ടാം വിക്കറ്റ് നേടി. പത്താം ഓവര്‍ എറിയാനെത്തിയ കൃഷ്ണപ്പ ഗൗതം ആണ് തന്റെ മുന്‍ ടീമിന്റെ താളം തെറ്റിച്ചത്.

ദേവ്ദത്ത് പടിക്കലിനെയും(29) റാസ്സി വാന്‍ ഡെര്‍ ഡൂസനെയും നഷ്ടപ്പെട്ട ടീം പതറുന്ന കാഴ്ച കണ്ടപ്പോള്‍ റിയാന്‍ പരാഗിന് മുമ്പ് രാജസ്ഥാന്‍ ആശ്വിനെ ഇറക്കി. ഹെറ്റ്മ്യറുമായി ചേര്‍ന്ന് 68 റൺസ് നേടിയ ശേഷം 19ാം ഓവറിന്റെ രണ്ടാം പന്തിൽ അശ്വിനെ രാജസ്ഥാന്‍ റിട്ടേര്‍ഡ് ഔട്ട് ആക്കുകയായിരുന്നു. 28 റൺസാണ് അശ്വിന്‍ നേടിയത്. അതിന് മുമ്പ് കൃഷ്ണപ്പ ഗൗതം തന്റെ മൂന്നോവറിൽ 15 റൺസ് മാത്രം വിട്ട് നല്‍കിയപ്പോള്‍ സ്പെല്ലിലെ അവസാന ഓവറിൽ താരത്തെ അശ്വിൻ രണ്ട് സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസ് പിറന്നു.

അവേശ് ഖാന അടുത്ത രണ്ട് പന്തിൽ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം ഹെറ്റ്മ്യര്‍ തികച്ചപ്പോള്‍ ക്രുണാൽ പാണ്ഡ്യ കൈവിട്ട ക്യാച്ച് ലക്നൗവിനെ തിരിഞ്ഞു കൊത്തുകയായിരുന്നു. പത്തോവർ പിന്നിടുമ്പോള്‍ 67/4 എന്ന നിലയിലായിരുന്ന രാജസ്ഥാന്‍ അടുത്ത പത്തോവറിൽ 98 റൺസ് നേടി ബൗളര്‍മാർക്ക് പൊരുതാവുന്ന സ്കോര്‍ നൽകി.

തുണയായത് ബട്‍ലര്‍ – ഹെറ്റ്മ്യര്‍ കൂട്ടുകെട്ട്, രാജസ്ഥാന് 169 റൺസ്

അവസാന രണ്ടോവറിൽ നിന്ന് രാജസ്ഥാന്‍ റോയൽസ് 42 റൺസ് നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീം 169 റൺസ് നേടി. 3 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് രാജസ്ഥാനെ എത്തുവാന്‍ സഹായിച്ചത് നാലാം വിക്കറ്റിൽ 83 റൺസ് നേടിയ ജോസ് ബട്‍ലര്‍ – ഷിമ്രൺ ഹെറ്റ്മ്യര്‍ കൂട്ടുകെട്ടാണ്. 51 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് ഇത്ര റൺസ് നേടിയത്.

അവസാന രണ്ടോവര്‍ വരെ മത്സരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളര്‍മാരുടെ കൈയ്യിലായിരുന്നു. മികച്ച ഫോമിലുള്ള ജോസ് ബട്‍ലര്‍ വരെ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോള്‍ ഒരു ഘട്ടത്തിൽ രാജസ്ഥാന്‍ 11.4 ഓവറിൽ 86/3 എന്ന നിലയിലായിരുന്നു.

ജോസ് ബട്‍ലറുടെ ക്യാച്ച് ഡേവിഡ് വില്ലി കൈവിട്ടതിനെത്തുടര്‍ന്ന് താരം 70 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 42 റൺസ് നേടി.

യശ്വസി ജൈസ്വാൽ തന്റെ മോശം ഫോം തുടര്‍ന്ന് വേഗത്തിൽ മടങ്ങിയ ശേഷം ദേവ്ദത്ത് പടിക്കലും ജോസ് ബട്‍ലറും ചേര്‍ന്ന് 70 റൺസ് രണ്ടാം വിക്കറ്റിൽ നേടി രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.

പടിക്കൽ 37 റൺസ് നേടിയപ്പോള്‍ പത്തോവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ 76 റൺസായിരുന്നു നേടിയത്. ദേവ്ദത്തിനെ ഹ‍‍ർഷൽ പട്ടേൽ പുറത്താക്കിയപ്പോള്‍ സഞ്ജുവിനെ വനിന്‍ഡു ഹസരംഗ വേഗം മടക്കി. സിറാജ് എറിഞ്ഞ 19ാം ഓവറിൽ ജോസ് ബട്‍ലര്‍ രണ്ട് സിക്സ് അടിച്ച് തന്റെ ഫിഫ്റ്റി തികയ്ക്കുകയായിരുന്നു. ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്. ആകാശ് ദീപ് എറിഞ്ഞ 20ാം ഓവറിൽ 23 റൺസും നേടിയപ്പോള്‍ രാജസ്ഥാന് പൊരുതാവുന്ന സ്കോറിലേക്ക് എത്താനായി.

ജോസ് ദി ബോസ്സ്!!! പിന്നെ ഷിമ്രൺ ഷോ

മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ മികച്ച ബാറ്റിംഗ് പ്രകടനം. ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം ഷിമ്രൺ ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് പ്രകടനവും വന്നപ്പോള്‍ രാജസ്ഥാന്‍ 193 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.

പവര്‍പ്ലേയിൽ ജോസ് ബട്‍ലര്‍ തകര്‍ത്തടിച്ചപ്പോള്‍ ബേസിൽ തമ്പി ഒരോവറിൽ വഴങ്ങിയത് 26 റൺസാണ്. യശസ്വി ജൈസ്വാലിനെയും ദേവ്ദത്ത് പടിക്കലിനെയും നഷ്ടമായെങ്കിലും ജോസ് അടിച്ച് തകര്‍ത്തപ്പോള്‍ പത്തോവറിൽ 87 റൺസാണ് രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

50 പന്തിൽ 82 റൺസ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് കീറൺ പൊള്ളാര്‍ഡ് ആയിരുന്നു. 21 പന്തിൽ 30 റൺസ് നേടിയ സഞ്ജുവിനെയാണ് താരം പുറത്താക്കിയത്. കീറൺ പൊള്ളാര്‍ഡ് എറിഞ്ഞ 17ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും ഷിമ്രൺ ഹെറ്റ്മ്യര്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 26 റൺസായിരുന്നു.

തൈമൽ മിൽസ് എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ ഷിമ്രൺ സിക്സര്‍ പറത്തിയപ്പോള്‍ താരത്തിനെ അടുത്ത പന്തിൽ അമ്പയര്‍ നിതിന്‍ മേനോന്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായി വിധിക്കുകയായിരുന്നു. തീരുമാനം പുനപരിശോധിക്കുവാന്‍ തീരുമാനിച്ച ഷിമ്രൺ അടുത്ത പന്തിൽ ബൗണ്ടറിയും നേടി.

14 പന്തിൽ 35 റൺസാണ് ഷിമ്രൺ ഹെറ്റ്മ്യര്‍ നേടിയത്. 53 റൺസാണ് ഹെറ്റ്മ്യര്‍ – ബട്‍ലര്‍ കൂട്ടുകെട്ട് നേടിയത്. അതേ ഓവറിൽ 68 പന്തിൽ നൂറ് റൺസ് നേടിയ ജോസ് ബട്‍ലറെയും വീഴ്ത്തി ജസ്പ്രീത് ബുംറ തന്റെ മൂന്നാം വിക്കറ്റ് ആഘോഷിച്ചു. 183/3 എന്ന നിലയിൽ നിന്ന് 10 റൺസ് നേടുന്നതിനിടെ 5 വിക്കറ്റാണ് അവസാന രണ്ടോവറിൽ രാജസ്ഥാന് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കൊപ്പം തൈമൽ മിൽസും 3 വിക്കറ്റ് നേടി.

കത്തിക്കയറി രാജസ്ഥാൻ ബാറ്റിംഗ്, സൺറൈസേഴ്സ് കടക്കേണ്ടത് റൺ മല

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിൽ കൂറ്റന്‍ സ്കോര്‍ നേടി രാജസ്ഥാന്‍ റോയൽസ്. സഞ്ജു സാംസണിന്റെ(55) അര്‍ദ്ധ ശതകത്തിനൊപ്പം ജോസ് ബട്‍ലര്‍(35), ദേവ്ദത്ത് പടിക്കൽ(41), ഷിമ്രൺ ഹെറ്റ്മ്യര്‍(32) എന്നിവരും അതിവേഗത്തിൽ സ്കോര്‍ ചെയ്തപ്പോള്‍ രാജസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്.

സ്വന്തം സ്കോര്‍ പൂജ്യത്തിൽ നില്‍ക്കുമ്പോള്‍ ജോസ് ബട്‍ലറെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയെങ്കിലും നോബോള്‍ കാരണം താരത്തിന് ജീവന്‍ ദാനം ലഭിയ്ക്കുകയായിരുന്നു.

ഉമ്രാന്‍ മാലികിന്റെ ഓവറിൽ ജോസ് ബട്‍ലര്‍ ഉഗ്രരൂപം പൂണ്ടപ്പോള്‍ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 21 റൺസാണ് പിറന്നത്. 5 ഓവറിൽ 50 റൺസ് കടന്ന രാജസ്ഥാന് പവര്‍പ്ലേയ്ക്ക് ശേഷം യശസ്വി ജൈസ്വാലിനെ നഷ്ടമായി.

20 റൺസാണ് താരം നേടിയത്. ഒന്നാം വിക്കറ്റിൽ ബട്‍ലര്‍ ജൈസ്വാൽ കൂട്ടുകെട്ട് 58 റൺസ് കൂട്ടിചേര്‍ത്തു. 35 റൺസ് നേടി ബട്‍ലര്‍ പുറത്താകുമ്പോള്‍ 75 റൺസായിരുന്നു രാജസ്ഥാന്‍ നേടിയത്. ബട്‍ലര്‍ പുറത്തായ ശേഷവും മികവ് തുടര്‍ന്ന സഞ്ജു 10.5 ഓവറിൽ രാജസ്ഥാനെ നൂറ് കടത്തി.

41 പന്തിൽ 73 റൺസ് നേടി കുതിയ്ക്കുകയായിരുന്നു സഞ്ജു – പടിക്കൽ കൂട്ടുകെട്ടിനെ ഉമ്രാന്‍ മാലിക് ആണ് തകര്‍ത്തത്. 29 പന്തിൽ 41 റൺസ് നേടിയ പടിക്കലിനെ ഉമ്രാന്‍ മാലിക് തന്റെ സ്പെല്ലിലെ അവസാന പന്തിൽ ആണ് പുറത്താക്കിയത്. 4 ഫോറും 2 സിക്സുമാണ് താരം നേടിയത്.

അധികം വൈകാതെ 27 പന്തിൽ സഞ്ജു 55 റൺസ് നേടിയപ്പോള്‍ ഭുവനേശ്വര്‍ താരത്തെ പുറത്താക്കി. പിന്നീട് ഷിമ്രൺ ഹെറ്റ്മ്യര്‍ അടിച്ച് തകര്‍ത്തപ്പോള്‍ രാജസ്ഥാന്‍ 200 കടന്നു. 13 പന്തിൽ 32 റൺസാണ് താരം നേടിയത്. 19 പന്തിൽ 44 റൺസാണ് പരാഗുമായി ചേര്‍ന്ന് ഹെറ്റ്മ്യര്‍ നേടിയത്.

ഹെറ്റ്മ്യര്‍ ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കാത്തത് മോശം പ്രവണത – ഫിൽ സിമ്മൺസ്

ഷിമ്രൺ ഹെറ്റ്മ്യര്‍ തന്റെ ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കാതെ സ്വയവും ടീമിനെയും ആണ് കൈവെടിയുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് മുഖ്യ കോച്ച് ഫിൽ സിമ്മൺസ്. ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കുമുള്ള വിന്‍ഡീസിന്റെ പരിമിത ഓവര്‍ പരമ്പരകള്‍ക്കുള്ള ടീമിൽ താരത്തിന് ഇടം ലഭിച്ചിരുന്നില്ല.

ഫിറ്റ്നെസ്സ് ടെസ്റ്റ് പാസാകാത്തതിനാലായിരുന്നു ഈ നടപടി. വിന്‍ഡീസിന്റെ ടി20 ലോകകപ്പിലെ ടോപ് സ്കോറര്‍ ആയിരുന്ന ഹെറ്റ്മ്യര്‍ക്ക് എന്നാലിപ്പോളുള്ള ഏകദിന, ടി20 സ്ക്വാഡിൽ അവസരം വിന്‍ഡീസ് ബോര്‍ഡ് നല്‍കിയില്ല.

ഏറ്റവും കുറഞ്ഞ നിലവാരം പോലും താരം ഫിറ്റ്നെസ്സിൽ നിലനിര്‍ത്തുന്നില്ലെന്നത് ഹൃദയഭേദകമായ കാഴ്ചയാണെന്നാണ് സിമ്മൺസ് വ്യക്തമാക്കിയത്.

ഗയാനയിൽ നടന്ന ടെസ്റ്റിൽ താരത്തിനെ ഫിറ്റ്നെസ്സ് ആവശ്യത്തിലും വളരെ താഴെയായിരുന്നുവെന്നും ഇത് ആദ്യത്തെ സംഭവം അല്ലെന്നും സിമ്മൺസ് വ്യക്തമാക്കി.

പൊരുതി നോക്കിയത് പൂരനും ഹെറ്റ്മ്യറും മാത്രം, വിന്‍ഡീസിനെതിരെ 20 റൺസ് വിജയവുമായി ശ്രീലങ്ക

ടി20 ലോകകപ്പിൽ വെസ്റ്റിന്‍ഡീസിന്റെ സെമി സാധ്യതകള്‍ ഇല്ലാതാക്കി ശ്രീലങ്ക. ഇന്ന് വിന്‍ഡീസിന് മുന്നിൽ 190 റൺസ് വിജയ ലക്ഷ്യം വെച്ച ശ്രീലങ്ക എതിരാളികളെ 169 റൺസിന് ഒതുക്കി 20 റൺസ് വിജയം സ്വന്തമാക്കുകയായിരുന്നു. 8 വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.

നിക്കോളസ് പൂരനും ഷിമ്രൺ ഹെറ്റ്മ്യറും മാത്രമാണ് വിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയത്. ഇവര്‍ക്ക് മറ്റു താരങ്ങളിൽ നിന്ന് യാതൊരുവിധത്തിലുമുള്ള പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ വിന്‍ഡീസിന്റെ പതനം വേഗത്തിലായി. 54 പന്തിൽ 81 റൺസാണ് ഹെറ്റ്മ്യര്‍ നേടിയത്. നിക്കോളസ് പൂരന്‍ 34 പന്തിൽ 46 റൺസ് നേടി.

വനിന്‍ഡു ഹസരംഗ പതിവു പോലെ മികച്ച സ്പെല്ലും നിര്‍ണ്ണായക വിക്കറ്റുകളും നേടി. 4 ഓവറിൽ 19 റൺസ് വഴങ്ങിയാണ് താരം 2 വിക്കറ്റ് നേടിയത്. ബിനൂര ഫെര്‍ണാണ്ടോ വിന്‍ഡീസ് ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ ക്രിസ് ഗെയിലിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയാണ് വിന്‍ഡീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ചമിക കരുണാരത്നേയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

 

ചെന്നൈയുടെ ഒന്നാം സ്ഥാനം മോഹങ്ങള്‍ കൈവിട്ട് കൃഷ്ണപ്പ ഗൗതം, അവസരം മുതലാക്കി ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ച് ഷിമ്രൺ ഹെറ്റ്മ്യര്‍

18 പന്തിൽ 28 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് ഡല്‍ഹിയ്ക്ക് വിജയവും ഐപിഎലിലെ ഒന്നാം സ്ഥാനവും നേടിക്കൊടുത്ത് ഷിമ്രൺ ഹെറ്റ്മ്യര്‍. താരം നല്‍കിയ ക്യാച്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി എത്തിയ കൃഷ്ണപ്പ ഗൗതം കൈവിട്ടതാണ് മത്സരം ചെന്നൈയ്ക്ക് നഷ്ടമാകുവാനുള്ളതില്‍ ഒരു കാരണമായത്.

ഹെറ്റ്മ്യര്‍ പുറത്താകാതെ 18 പന്തിൽ 28 റൺസ് നേടിയപ്പോള്‍ അവസാന ഓവറില്‍ ആണ് ഡല്‍ഹിയുടെ വിജയം സാധ്യമായത്. 7 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കെയാണ് ടീമിന്റെ വിജയം.

പൃഥ്വി ഷാ തന്റെ പതിവ് ശൈലിയിൽ തുടങ്ങി വേഗത്തിൽ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 12 പന്തിൽ 18 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 24 റൺസാണ് നേടിയത്. അവിടെ നിന്ന് ശിഖര്‍ ധവാന്‍ ദീപക് ചഹാറിന്റെ ബൗളിംഗിനെ അതിര്‍ത്തി കടത്തി ഡല്‍ഹിയെ പവര്‍പ്ലേയിൽ മികച്ച സ്കോറിലേക്ക് എത്തിച്ചുവെങ്കിലും ശ്രേയസ്സ് അയ്യരെ പവര്‍പ്ലേയ്ക്കുള്ളിൽ ഡല്‍ഹിയ്ക്ക് നഷ്ടമായി.

27 റൺസ് കൂട്ടുകെട്ട് ശിഖറും ശ്രേയസ്സും ചേര്‍ന്ന് നേടിയപ്പോള്‍ അതിൽ ശ്രേയസ്സ് അയ്യരുടെ സംഭാവന വെറും 2 റൺസ് ആയിരുന്നു. 20 റൺസ് മൂന്നാം വിക്കറ്റിൽ നേടിയ ശേഷം ഋഷഭ് പന്തിനെയും(15) ഡല്‍ഹിയ്ക്ക് നഷ്ടമായപ്പോള്‍ ടീം 71/3 എന്ന നിലയിലേക്ക് വീണു.

ശിഖറിനൊപ്പം അരങ്ങേറ്റക്കാരന്‍ റിപൽ പട്ടേൽ 22 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ ഈ കൂട്ടുകെട്ടിൽ കൂടുതൽ സ്കോറിംഗും റിപൽ ആണ് നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ശിഖര്‍ ധവാന്റെ താളം തെറ്റിയ്ക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിനെയും ശിഖര്‍ ധവാനെയും ഒരേ ഓവറിൽ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ മത്സരത്തിൽ ചെന്നൈയ്ക്ക് മേൽക്കൈ നല്‍കുകയായിരുന്നു. 93/3 എന്ന നിലയിൽ നിന്ന് 99/6 എന്ന നിലയിലേക്ക് ഡല്‍ഹി വീഴുന്ന കാഴ്ചയാണ് മധ്യ ഓവറുകളിൽ കണ്ടത്.

ശിഖര്‍ ധവാന്‍ 39 റൺസാണ് നേടിയത്.  തന്റെ നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ട് നല്‍കിയാണ് ശര്‍ദ്ധുൽ താക്കൂര്‍ 2 വിക്കറ്റ് നേടിയത്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ 18 പന്തിൽ 28 റൺസായിരുന്നു ഡല്‍ഹി വിജയത്തിനായി നേടേണ്ടിയിരുന്നത്.

ഡ്വെയിന്‍ ബ്രാവോയുടെ ഓവറിൽ ഷിമ്രൺ ഹെറ്റ്മ്യര്‍ നല്‍കിയ അവസരം ലോംഗ് ഓണിൽ കൃഷ്ണപ്പ ഗൗതം കൈവിട്ടപ്പോള്‍ ആ പന്ത് ബൗണ്ടറി കൂടി പോയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് പിറന്നു. ഇതോടെ ലക്ഷ്യം 12 പന്തിൽ 16 ആയി മാറി. 4 പന്തിൽ 2 റൺസ് ജയത്തിനായി വേണ്ടപ്പോള്‍ അക്സര്‍ പട്ടേലിനെ മോയിന്‍ അലിയുടെ കൈകളിലെത്തിച്ച് ബ്രാവോ മത്സരം വീണ്ടും ആവേശകരമാക്കി.

റബാഡ നാലാം പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ ചെന്നൈയെ പിന്തള്ളി ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

 

Exit mobile version