ഓസ്ട്രേലിയയെ ബുദ്ധിമുട്ടിക്കാതെ ഇന്ത്യയുടെ കീഴടങ്ങല്‍, റണ്‍സ് കണ്ടെത്തിയത് പാണ്ഡ്യയും ധവാനും മാത്രം

ഓസ്ട്രേലിയ നല്‍കിയ 375 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ പരാജയം. 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. മയാംഗ് അഗര്‍വാളും(22) ശിഖര്‍ ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 5.2 ഓവറില്‍ നിന്ന് 53 റണ്‍സ് നേടിയെങ്കിലും പിന്നീട് റണ്‍സ് കണ്ടെത്തുന്നത് പ്രയാസമായി മാറി.

Adamzampa

തുടരെ വിക്കറ്റുകളും വീണപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി. വിരാട് കോഹ്‍ലി(21), ശ്രേയസ്സ് അയ്യര്‍(2), ലോകേഷ് രാഹുല്‍(12) എന്നിവരും വേഗത്തില്‍ പുറത്തായപ്പോല്‍ ഇന്ത്യ 101/4 എന്ന നിലയിലായി. അതിന് ശേഷം ശിഖര്‍ ധവാനും ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസിലെത്തി ഇന്ത്യയുടെ തിരിച്ചുവരവിന് പാതയൊരുക്കുമെന്ന് തോന്നിപ്പിച്ചു.

ഹാര്‍ദ്ദിക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ശിഖര്‍ ധവാനും മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 128 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. 74 റണ്‍സ് നേടി ധവാനെ ആഡം സംപ പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. അധികം വൈകാതെ 90 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും സംപ തന്നെ മടക്കി.

രവീന്ദ്ര ജഡേജയുടെ വിക്കറ്റ് കൂടി വീഴ്ത്തി സംപ തന്റെ നാലാം വിക്കറ്റ് നേടി. നവ്ദീപ് സൈനി പുറത്താകാതെ 29 റണ്‍സുമായി നിന്നു.

ക്യാച്ചുകള്‍ കൈവിട്ട് ഡല്‍ഹിയുടെ ബാറ്റിംഗ് എളുപ്പമാക്കി സണ്‍റൈസേഴ്സ്, ധവാന്‍, സ്റ്റോയിനിസ്, ഹെറ്റ്മ്യര്‍ മികവില്‍ ഡല്‍ഹിയ്ക്ക് വലിയ സ്കോര്‍

മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി പരീക്ഷിക്കുവാനുള്ള തീരുമാനം വിജയം കണ്ടപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഡല്‍ഹി നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ്, ശിഖര്‍ ധവാന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് 86 റണ്‍സാണ് 8.2 ഓവറില്‍ നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ തുടക്കത്തില്‍ സ്റ്റോയിനിസിന്റെ ക്യാച്ച് കൈവിട്ട ശേഷം ആണ് താരം അടിച്ച് തകര്‍ക്കാന്‍ തുടങ്ങിയത്. താരത്തിന്റെ വ്യക്തിഗത സ്കോര്‍ 3ല്‍ നില്‍ക്കുമ്പോളാണ് ഈ അവസരം ഹോള്‍ഡര്‍ കൈവിട്ടത്.

27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ സ്റ്റോയിനിസിനെ റഷീദ് ഖാന്‍ ആണ് പുറത്താക്കിയത്. പിന്നീട് ശ്രേയസ്സ് അയ്യര്‍ ശിഖര്‍ ധവാനോടൊപ്പം ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍സ് ആണ് നേടിയത്.

ഹോള്‍ഡറെ കടന്നാക്രമിക്കുവാന്‍ തീരുമാനിച്ച ശ്രേയസ്സ് അയ്യറിന്റെ ശ്രമകരമായ ക്യാച്ച് കെയിന്‍ വില്യംസണ്‍ കൈവിട്ടുവെങ്കിലും തൊട്ടടുത്ത പന്തില്‍ തന്നെ അയ്യര്‍ പുറത്തായി(21). അയ്യരുടെ വിക്കറ്റ് വീണത് ഡല്‍ഹിയ്ക്ക് ഒരു തരത്തില്‍ ഗുണമായി മാറുകയായിരുന്നു.

ഹെറ്റ്മ്യര്‍ പിന്നീട് തകര്‍ത്തടിക്കുന്നത് കണ്ടപ്പോള്‍ ഡല്‍ഹി വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഹെറ്റ്മ്യറും ധവാനും ചേര്‍ന്ന് 52 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ധവാനെ പുറത്താക്കി സന്ദീപ് ശര്‍മ്മ കൂട്ടുകെട്ട് തകര്‍ത്തു. ഇതിനിടെ സണ്‍റൈസേഴ്സ് ഹെറ്റ്മ്യറിന്റെയും ധവാന്റെയും ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ധവാന്‍ 50 പന്തില്‍ 78 റണ്‍സും ഹെറ്റ്മ്യര്‍ 22 പന്തില്‍ 42 റണ്‍സും നേടുകയായിരുന്നു.

രണ്ടാം സ്ഥാനക്കാരായി ഡല്‍ഹിയുടെ പ്ലേ ഓഫ് ഉറപ്പാക്കി സീനിയര്‍ താരങ്ങള്‍, റണ്‍റേറ്റിന്റെ മികവില്‍ ആര്‍സിബിയും പ്ലേ ഓഫില്‍

ആര്‍സിബി നല്‍കിയ 153 റണ്‍സ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നപ്പോള്‍ ഡല്‍ഹി പ്ലേ ഓഫിലേക്ക് രണ്ടാം സ്ഥാനക്കാരായി ഇടം പിടിച്ചു. ടീമിലെ സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഡല്‍ഹി 6 പന്ത് ബാക്കി നില്‍ക്കെ ചേസ് പൂര്‍ത്തിയാക്കി. ഒരു ഘട്ടത്തില്‍ അനായാസം ഡല്‍ഹി ജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകളുമായി ബാംഗ്ലൂര്‍ മത്സരത്തില്‍ പൊരുതി നില്‍ക്കുകയായിരുന്നു.

17.3 ഓവറിന് ശേഷം മാത്രം ഡല്‍ഹിയ്ക്ക് വിജയം നേടാനയതിനാല്‍ തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചു. പ്ലേ ഓഫിലെ നാലാം സ്ഥാനക്കാര്‍ ആരാണെന്ന് നാളത്തെ മത്സര ശേഷം മാത്രമേ തീരുമാനമാകുകയുള്ളു.

പൃഥ്വി ഷായെ നഷ്ടമായെങ്കിലും ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും ചേര്‍ന്ന് മികച്ച രീതിയിലാണ് ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 53 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടിയത്. അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് നേടി ഡല്‍ഹിയെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. 41 പന്തില്‍ 54 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ പുറത്താകുമ്പോള്‍ ലക്ഷ്യം 46 റണ്‍സ് മാത്രം അകലെയായിരുന്നു. ഷഹ്ബാസ് അഹമ്മദിനായിരുന്നു വിക്കറ്റ്.

ശ്രേയസ്സ് അയ്യരുടെയും രഹാനെയുടെയും വിക്കറ്റുകള്‍ വീഴ്ത്തി ആര്‍സിബി മത്സരം കൂടുതല്‍ ആവേശകരമാക്കി. 46 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയപ്പോള്‍ അയ്യരെ ഷഹ്ബാസ് ആണ് പുറത്താക്കിയത്.

സ്റ്റോയിനിസും(5 പന്തില്‍ 10) ഋഷഭ് പന്ത് 8 റണ്‍സും നേടി ഒരോവര്‍ ബാക്കി നില്‍ക്കെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

13 വര്‍ഷത്തില്‍ ആദ്യമായി തന്റെ ഐപിഎല്‍ ശതകം നേടി ശിഖര്‍ ധവാന്‍

ചെന്നൈ നല്‍കിയ നാല് അവസരങ്ങള്‍ മുതലാക്കി ശിഖര്‍ ധവാന് തന്റെ ആദ്യത്തെ ഐപിഎല്‍ ശതകതം. 58 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ശിഖര്‍ 14 ഫോറും 1 സിക്സുമാണ് താരം നേടിയത്. ഈ നാല് അവസരങ്ങള്‍ക്ക് പുറമെ 19ാം ഓവറില്‍ രണ്ട് പന്ത് അവശേഷിക്കെ താരത്തെ അമ്പയര്‍ അനന്തപദ്മനാഭന്‍ ഔട്ട് വിധിച്ചുവെങ്കിലും തീരുമാനം പുനഃപരിശോധിക്കുവാന്‍ ശിഖര്‍ ധവാന്‍ തീരുമാനിച്ചത് വഴിത്തിരിവായി.

99 റണ്‍സില്‍ നില്‍ക്കുകയായിരുന്ന ശിഖര്‍ ധവാന്‍ അടുത്ത പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 13 വര്‍ഷമായി ഐപിഎല്‍ കളിക്കുന്ന താരം 168 മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഇന്ന് ഈ നേട്ടം സ്വന്തമാക്കാനായത്. 39 അര്‍ദ്ധ ശതകങ്ങളാണ് താരം ഇതുവരെ ഐപിഎലില്‍ നേടിയിട്ടുള്ളത്. 4900ലധികം റണ്‍സും ധവാന്‍ ഈ ടൂര്‍ണ്ണമെന്റില്‍ നേടിയിട്ടുണ്ട്.

ധവാന്റെ ശതകത്തിന് ശേഷം ഹീറോ ആയി സിക്സര്‍ അക്സര്‍, അവസാന ഓവറില്‍ 17 റണ്‍സ് നേടി ഡല്‍ഹിയ്ക്ക് വിജയം

അവസാന ഓവറില്‍ ധോണിയ്ക്ക് പിഴച്ചപ്പോള്‍ ബൗളിംഗിനെത്തിയ രവീന്ദ്ര ജഡേജയെ മൂന്ന് സിക്സറുകള്‍ക്ക് പറത്തി ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി അക്സര്‍ പട്ടേല്‍. 5 പന്തില്‍ 21 റണ്‍സ് നേടിയ അക്സറിന്റെ മികവില്‍ 17 റണ്‍സെന്ന വലിയ ലക്ഷ്യം ആണ് ഡല്‍ഹി മറികടന്നത്. ശതകം നേടിയ ശിഖര്‍ ധവാന്‍ ആണ് ഡല്‍ഹിയുടെ വിജയത്തിന്റെ അടിത്തറ.

58 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ശിഖര്‍ ധവാനെ 19ാം ഓവറില്‍ അമ്പയര്‍ ഔട്ട് വിധിച്ചുവെങ്കിലും തീരുമാനം ഉടന്‍ തന്നെ റിവ്യൂ ചെയ്ത് ധവാന്‍ തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു. 3 സിക്സുകളുടെ സഹായത്തോടെ അക്സര്‍ പട്ടേല്‍ 21 റണ്‍സ് നേടി. ധവാന്റെ മൂന്നോളം ക്യാച്ചുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നഷ്ടപ്പെടുത്തിയത്.

ദീപക് ചഹാറിന്റെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് ഡല്‍ഹിയെ മുന്നോട്ട് നയിച്ചത്. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പൃഥ്വി ചഹാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഏതാനും ഓവറുകള്‍ക്ക് ശേഷം ചഹാര്‍ രഹാനയെയും പുറത്താക്കി.

എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ തുടര്‍ച്ചയെന്നവണ്ണം ധവാന്‍ ബാറ്റ് വീശിയപ്പോള്‍ പത്തോവറില്‍ 76 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. 23 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ ടീമിന് നഷ്ടപ്പെടുമ്പോള്‍ 94 റണ്‍സായിരുന്നു സ്കോര്‍ ബോര്‍ഡില്‍. ഡ്വെയിന്‍ ബ്രാവോയ്ക്കായിരുന്നു വിക്കറ്റ്.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 51 റണ്‍സായിരുന്നു ഡല്‍ഹി നേടേണ്ടിയിരുന്നത്. ശര്‍ദ്ധുല്‍ താക്കൂറിനെ ഒരു കൂറ്റന്‍ സിക്സര്‍ പായിച്ച സ്റ്റോയിനിസിനെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി താരം തിരിച്ചടിച്ചപ്പോള്‍ ചെന്നൈയ്ക്ക് നാലാം വിക്കറ്റ് ലഭിച്ചു. ധവാനും സ്റ്റോയിനിസും ചേര്‍ന്ന് 43 റണ്‍സാണ് 25 പന്തില്‍ നിന്ന് നേടിയത്.

ആ ഓവറില്‍ നിന്ന് 10 റണ്‍സ് മാത്രം പിറന്നപ്പോള്‍ 24 പന്തില്‍ നിന്ന് 41 റണ്‍സായി മാറി ഡല്‍ഹിയുടെ ലക്ഷ്യം. 12 പന്തില്‍ 21 റണ്‍സ് നേടേണ്ടിയിരുന്നു ഡല്‍ഹിയ്ക്ക് സാം കറന്‍ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് 4 റണ്‍സ് മാത്രമേ നേടാനായുള്ളു. അലെക്സ് കാറെയെ നഷ്ടമാകുകയും ചെയ്തു ഡല്‍ഹിയ്ക്ക്. ഇതിനിടെ 57 പന്തില്‍ നിന്ന് ധവാന്‍ തന്റെ ശതകം നേടി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഡല്‍ഹി നേടേണ്ടിയിരുന്നത്.

ഡ്വെയിന്‍ ബ്രാവോ പൂര്‍ണ്ണമായും ഫിറ്റല്ലാതിരുന്നതിനാല്‍ രവീന്ദ്ര ജഡേജയ്ക്ക് പന്തെറിയുവാന്‍ നല്‍കിയ ധോണിയുടെ തീരുമാനം അക്സര്‍ പട്ടേല്‍ തെറ്റിക്കുന്ന കാഴ്ചയാണ് പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും മറികടന്ന് ശിഖർ ധവാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാൻ. രാജസ്ഥാൻ റോയൽസിനെതിരെ വെറും 30 പന്തിൽ സെഞ്ചുറി നേടിയ ശിഖർ ധവാൻ ഐ.പി.എല്ലിലെ തന്റെ 39മത്തെ ഐ.പി.എൽ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്ന എന്നിവരൊയോക്കെ മറികടന്നാണ് ഈ നേട്ടം ശിഖർ ധവാൻ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന എന്നിവർ ഐ.പി.എല്ലിൽ 38 അർദ്ധ സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. 46 അർദ്ധ സെഞ്ചുറികൾ നേടിയ ഡേവിഡ് വാർണർ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ നേടിയ താരം.

മത്സരത്തിൽ 33 പന്തിൽ 57 റൺസ് എടുത്ത ശിഖർ ധവാന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ 13 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഐ.പി.എല്ലിൽ ഇത് ശിഖർ ധവാന്റെ തുടർച്ചയായ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയായിരുന്നു. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ ശിഖർ ധവാൻ 52 പന്തിൽ 69 റൺസ് എടുത്തിരുന്നു.

ജോഫ്രയുടെ പ്രഹരത്തിന് ശേഷം ഡല്‍ഹിയെ മുന്നോട്ട് നയിച്ച് ഗബ്ബറും ക്യാപ്റ്റനും

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 161 റണ്‍സ്. ജോഫ്ര ആര്‍ച്ചര്‍ പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തകര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ സീനിയര്‍ താരം ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് മുന്നോട്ട് നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ അധികം നേടാനാകാതെ പോയതും ടീമിന് തിരിച്ചടിയായി. അവസാന നാലോവറില്‍ വെറും 29 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ പുറത്താക്കിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ രണ്ടാം ഓവറിനെത്തിയപ്പോള്‍ അജിങ്ക്യ രഹാനയെയും പുറത്താക്കി. 2 റണ്‍സാണ് 9 പന്തുകള്‍ നേരിട്ട രഹാനെ നേടിയത്. 10 റണ്‍സിന് 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്നോട്ട് നയിച്ചത് ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുമായിരുന്നു. അയ്യര്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ ശിഖര്‍ ധവാന്‍ യഥേഷ്ടം ബൗണ്ടറികള്‍ നേടി സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവറില്‍ ഡല്‍ഹി 79 റണ്‍സാണ് നേടിയത്.

30 പന്തില്‍ നിന്ന് ശിഖര്‍ തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഐപിഎലില്‍ തന്റെ 39ാമത്തെ അര്‍ദ്ധ ശതകമാണ് ശിഖര്‍ ധവാന്‍ നേടിയത്. 33 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ 12ാം ഓവറില്‍ ശ്രേയസ്സ് ഗോപാലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഡല്‍ഹിയുടെ 85 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അവസാനമായി.

ജയ്ദേവ് ഉന‍ഡ്കടിനെ 14ാം ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തി 40 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ശ്രേയസ്സ് അയ്യരും തികയ്ക്കുകയായിരുന്നു.15 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 129 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. എന്നാല്‍ ധവാനെ പോലെ തന്നെ അയ്യരും തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ പുറത്താകുകയായിരുന്നു. 43 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് കാര്‍ത്തിക് ത്യാഗിയാണ് നേടിയത്.

അയ്യരും പുറത്തായതോടെ അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കുവാനുള്ള ചുമതല മാര്‍ക്കസ് സ്റ്റോയിനിസും അലെക്സ് കാറെയിലുമാണ് വന്നെത്തിയത്. എന്നാല്‍ കാര്‍ത്തിക് ത്യാഗി, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ എറിഞ്ഞ 18, 19 ഓവറില്‍ വെറും 5 വീതം റണ്‍സ് മാത്രമാണ് ഡല്‍ഹിയ്ക്ക് നേടാനായത്.

ജോഫ്ര തന്റെ സ്പെല്ലിലെ അവസാന പന്തില്‍ 18 റണ്‍സ് നേടിയ സ്റ്റോയിനിസിനെ പുറത്താക്കിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് എറിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിയ്ക്ക് വെറും 8 റണ്‍സാണ് നേടാനായത്. താരം കാറെയുടെ(14)യും അക്സര്‍ പട്ടേലിന്റെയും വിക്കറ്റുകള്‍ ആ ഓവറില്‍ നേടി. അക്സര്‍ 4 പന്തില്‍ 7 റണ്‍സ് നേടി.

ജോഫ്ര ആര്‍ച്ചര്‍ തന്റെ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്. ഉനഡ്കടിന് രണ്ട് വിക്കറ്റ് ലഭിച്ചു. കാര്‍ത്തിക് ത്യാഗിയും ശ്രേയസ്സ് ഗോപാലും ഓരോ വിക്കറ്റ് വീതം നേടി.

ഗബ്ബര്‍ ഈസ് ബാക്ക്, ഡല്‍ഹിയ്ക്കായി റണ്‍സ് കണ്ടെത്തി ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ശ്രേയസ്സ് അയ്യരുടെ ബാറ്റിംഗ് കൂടിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തളയ്ക്കുവാന്‍ ഈ സ്കോര്‍ മതിയാകുമോ എന്നതാണ് വലിയ ചോദ്യം. 52 പന്തില്‍ നിന്നാണ് 69 റണ്‍സ് ശിഖര്‍ ധവാന്‍ നേടിയത്. 9 പന്തില്‍ നിന്ന് അലെക്സ് കാറെ 14 റണ്‍സ് നേടി അവസാന ഓവറുകളില്‍ ഡല്‍ഹിയ്ക്ക് ആവശ്യമായ റണ്‍സ് കണ്ടെത്തി കൊടുത്തു.

ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറുമില്ലാതെ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ പൃഥ്വി ഷായെയും(4) അജിങ്ക്യ രഹാനെയെയും(15) നഷ്ടമായിരുന്നു. 4.2 ഓവറില്‍ 24/2 എന്ന നിലയില്‍ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരുമായിരുന്നു..

പത്തോവറില്‍ ടീമിനെ 80 റണ്‍സിലേക്ക് അയ്യരും ശിഖര്‍ ധവാനും കൂടി ടീമിനെ എത്തിച്ചു. 85 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ അയ്യരും ധവാനും ചേര്‍ന്ന് നേടിയത്. 42 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ ക്രുണാല്‍ പുറത്താക്കിയാണ് ഡല്‍ഹിയുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ മുംബൈ തകര്‍ത്തത്.

കഴിഞ്ഞ മത്സരത്തിലെ പോലെ മികച്ച ഫോമിലാണെന്ന് മാര്‍ക്കസ് സ്റ്റോയിനിസ് ക്രീസിലെത്തിയ ഉടനെ തെളിയിച്ചുവെങ്കിലും താരം റണ്ണൗട്ടായി 13 റണ്‍സമായി മടങ്ങി. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ശിഖര്‍ ധവാനിലായിരുന്നു അവസാന ഓവറുകളിലെ റണ്‍ സ്കോറിംഗ് ദൗത്യം മുഴുവന്‍.

ഇന്നിംഗ്സിന്റെ അവസാനം വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട താരമല്ലെങ്കിലും ഇന്നിംഗ്സ് മുഴുവന്‍ ബാറ്റേന്തി ടീമിനെ 162 റണ്‍സിലേക്ക് എത്തിക്കുവാന്‍ ശിഖര്‍ ധവാന് സാധിച്ചു. മുംബൈ നിരയില്‍ 4 ഓവറില്‍ 26 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് തിളങ്ങിയത്. ട്രെന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റ് ലഭിച്ചു. സ്റ്റോയിനിസിന്റെ വിക്കറ്റ് റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്.

സൂപ്പര്‍ സ്ട്രൈക്കര്‍ സ്റ്റോയിനിസ്, റോയല്‍ ചലഞ്ചേഴ്സിന് വെല്ലുവിളി ഉയര്‍ത്തുന്ന സ്കോറുമായി ഡല്‍ഹി ക്യാപിറ്റല്‍സ്

ഒരു ഘട്ടത്തില്‍ 170ന് മേലുള്ള സ്കോര്‍ നേടുവാന്‍ പ്രയാസപ്പെടുമെന്ന തോന്നിപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ 196 റണ്‍സിലേക്ക് എത്തിച്ച് മാര്‍ക്കസ് സ്റ്റോയിനിസ്. 26 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ താരത്തിനൊപ്പം പൃഥ്വി ഷായും ഋഷഭ് പന്തും തിളങ്ങിയപ്പോള്‍ ആര്‍സിബിയ്ക്കെതിരെ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറായി ഇത്. വ്യക്തിഗത സ്കോര്‍ 30ല്‍ നില്‍ക്കവെ സ്റ്റോയിനിസിന്റെ ക്യാച്ച് ചഹാല്‍ കൈവിടുകയായിരുന്നു.

ഓപ്പണര്‍മാര്‍ ഡല്‍ഹിയ്ക്ക് മിന്നും തുടക്കമാണ് നല്‍കിയത്. തന്റെ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന പൃഥ്വി ഷാ ഈ മത്സരത്തിലും വെടിക്കെട്ടോടു കൂടിയാണ് ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ യൂസുവേന്ദ്ര ചഹാലിനെ വിരാട് കോഹ്‍ലി രംഗത്തിറക്കിയെങ്കിലും പൃഥ്വിയും ധവാനും ചേര്‍ന്ന് ഓവറില്‍ നിന്ന് 18 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ 63 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. ഡല്‍ഹിയുടെ ഈ സീസണിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്കോര്‍ കൂടിയാണ് ഇത്.

പവര്‍പ്ലേയ്ക്ക് ശേഷം ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് പൃഥ്വി ഷായെ പുറത്താക്കി ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 23 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ പൃഥ്വി ഷാ 5 ഫോറും 2 സിക്സുമാണ് നേടിയത്. പൃഥ്വിയും ശിഖര്‍ ധവാനും കൂടി 68 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്.

പൃഥ്വി പുറത്തായ ശേഷം റണ്ണൊഴുക്ക് തടഞ്ഞ റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍മാര്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അധികം വൈകാതെ ഡല്‍ഹിയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെയും നഷ്ടമായി. 28 പന്തില്‍ നിന്ന് 32 റണ്‍സാണ് താരം നേടിയത്. ഇസ്രു ഉഡാനയ്ക്കായിരുന്നു വിക്കറ്റ്. പത്തോവര്‍ അവസാനിക്കുമ്പോള്‍ ഡല്‍ഹി 85/2 എന്ന നിലയിലായിരുന്നു.

റണ്‍റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ച ശ്രേയസ്സ് അയ്യര്‍ മോയിന്‍ അലിയെ സിക്സര്‍ പറത്തുവാന്‍ ശ്രമിച്ചുവെങ്കിലും ബൗണ്ടറി ലൈനില്‍ മികച്ചൊരു ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കല്‍ കൈയ്യിലൊതുക്കിയപ്പോള്‍ ഡല്‍ഹിയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 68/0 എന്ന നിലയില്‍ നിന്ന് 90/3 എന്ന നിലയിലേക്ക് ഡല്‍ഹി വീഴുകയായിരുന്നു.

കൈവിടുമെന്ന തോന്നിച്ച മത്സരം ഡല്‍ഹി പക്ഷത്തേക്ക് തിരിച്ചത് സ്റ്റോയിനിസും പന്തും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. 89 റണ്‍സ് കൂട്ടുകെട്ട് നേടിയ ഈ കൂട്ടുകെട്ട് ഡല്‍ഹിയെ തിരിച്ച് മത്സരത്തിലേക്ക് കൊണ്ടുവരുകിയായിരുന്നു. 24 പന്തില്‍ നിന്ന് ഈ ടൂര്‍ണ്ണമെന്റിലെ തന്റെ രണ്ടാം അര്‍ദ്ധ ശതകം സ്റ്റോയിനിസ് നേടുകയായിരുന്നു.

25 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് തന്റെ 37 റണ്‍സ് നേടിയത്. താരത്തെ പുറത്താക്കി മുഹമ്മദ് സിറാജ് തന്റെ രണ്ടാം വിക്കറ്റ് നേടി. 11 റണ്‍സുമായി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ നിര്‍ണ്ണായക സംഭാവന അവസാന ഓവറുകളില്‍ നല്‍കുകയായിരുന്നു.

ആര്‍സിബി നിരയില്‍ സൂപ്പര്‍ ഓവര്‍ ഹീറോ നവ്ദീപ് സൈനിയ്ക്ക് ഇത് മറക്കാനാഗ്രഹിക്കുന്ന മത്സരമാണ്. വിക്കറ്റ് ലഭിയ്ക്കാതിരുന്ന താരം 3 ഓവറില്‍ നിന്ന് 48 റണ്‍സാണ് വഴങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് ആര്‍സിബി നിരയിലെ ഏറ്റവും മികച്ച ബൗളര്‍. വിക്കറ്റ് ലഭിച്ചില്ലെങ്കിലും താരം നാലോവറില്‍ വെറും 20 റണ്‍സാണ് വിട്ട് നല്‍കിയത്.

ഷാര്‍ജ്ജയില്‍ ഷാ ഷോയ്ക്ക് ശേഷം താണ്ടവമാടി അയ്യരും പന്തും, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഷാര്‍ജ്ജയില്‍ റണ്‍ മല തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഷാര്‍ജ്ജയിലെ പതിവ് തെറ്റിക്കാതെ റണ്‍സ് യഥേഷ്ടം പിറന്ന മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 228 റണ്‍സാണ് നേടിയത്. ശ്രേയസ്സ് അയ്യര്‍ 38 പന്തില്‍ നിന്ന് 88 റണ്‍സ് നേടിയെങ്കിലും അവസാന ഓവറില്‍ താരത്തിന് സ്ട്രൈക്ക് കിട്ടാതെ പോയപ്പോള്‍ അയ്യറിന് ശതകം നേടുവാന്‍ ശ്രമിക്കാന്‍ കഴിയാതെ പോയി.

മിന്നും തുടക്കമാണ് ഡല്‍ഹി ഓപ്പണര്‍മാര്‍ ടീമിന് നല്‍കിയത്. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാരെ ഷാര്‍ജ്ജയിലെ ചെറിയ ഗ്രൗണ്ടില്‍ തിരഞ്ഞ് പിടിച്ച് അടിയ്ക്കുകയായിരുന്നു. 5.5 ഓവറില്‍ 56 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു. 16 പന്തില്‍ നിന്ന് 26 റണ്‍സാണ് ധവാന്‍ നേടിയത്.

പവര്‍പ്ലേയ്ക്ക് ശേഷവും പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും റണ്‍സ് കണ്ടെത്തിയപ്പോള്‍ 10 ഓവറില്‍ നിന്ന് 89/1 എന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എത്തി.കമലേഷ് നാഗര്‍കോടിയെ സിക്സര്‍ പറത്തി 35 പന്തില്‍ നിന്ന് 53 റണ്‍സ് നേടി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

41 പന്തില്‍ നിന്ന് 73 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 41 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പൃഥ്വി ഷാ കമലേഷ് നാഗര്‍കോടിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഷാ പുറത്തായ ശേഷം ക്രീസിലെത്തിയ ഋഷഭ് പന്ത് ശ്രേയസ്സ് അയ്യരോടൊപ്പം ബാറ്റ് വീശി ഡല്‍ഹി സ്കോര്‍ 15 ഓവറില്‍ 151 റണ്‍സിലേക്ക് എത്തിച്ചു.

അധികം വൈകാതെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത ശേഷം ഋഷഭ് പന്ത് 17 പന്തില്‍ നിന്ന് 38 റണ്‍സ് നേടി പുറത്താകുകയായിരുന്നു. റസ്സലിനായിരുന്നു വിക്കറ്റ്. പന്ത് 5 ഫോറും ഒരു സിക്സുമാണ് നേടിയത്. 72 റണ്‍സ് കൂട്ടുകെട്ടാണ് പന്തും അയ്യരും ചേര്‍ന്ന് നേടിയത്.

 

ഡല്‍ഹി ഓപ്പണര്‍മാരുടെ മികവിന് ശേഷം ചെന്നൈ ബൗളര്‍മാരുടെ തിരിച്ചുവരവ്

പവര്‍പ്ലേയിലെ മോശം തുടക്കത്തിന് ശേഷം പത്തോവറില്‍ 88/0 എന്ന നിലയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ എത്തിക്കുവാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചുവെങ്കിലും ആ തുടക്കം തുടരുവാനാകാതെ പിന്നെ വന്ന ബാറ്റ്സ്മാന്മാര്‍. ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ ടീം 3 വിക്കറ്റ് നഷ്ടപ്പെടുത്തി 87 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഡല്‍ഹിയുടെ സ്കോര്‍ 175/3 എന്ന നിലയില്‍ അവസാനിച്ചു.

ഒരു ഘട്ടത്തില്‍ 200നടുത്തേക്ക് സ്കോര്‍ എത്തുമെന്ന് കരുതിയെങ്കിലും പിയൂഷ് ചൗളയുടെ വിക്കറ്റുകള്‍ ആണ് കളിയുടെ ഗതി മാറ്റിയത്. 25 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ ഋഷഭ് പന്തും ശ്രദ്ധേയമായ ഇന്നിംഗ്സ് പുറത്തെടുത്തു.

94 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം പിയൂഷ് ചൗള ഇരു ഓപ്പണര്‍മാരെയും പുറത്താക്കിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 103/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് നേടിയെങ്കിലും ഡല്‍ഹി ഇന്നിംഗ്സിന് വേണ്ടത്ര വേഗത നല്‍കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. 26 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ 19ാം ഓവറില്‍ സാം കറന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

 

പൃഥ്വി ഷായ്ക്ക് അര്‍ദ്ധ ശതകം, 10 ഓവറില്‍ ഡല്‍ഹിയ്ക്ക് 88 റണ്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച തുടക്കവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് തുടക്കം അത്ര മികച്ചതല്ലായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെട്ടില്ലെങ്കിലും 36 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. സീനിയര്‍ താരം ശിഖര്‍ ധവാന്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പൃഥ്വി ഷായ്ക്കായിരുന്നു സ്കോറിംഗ് ദൗത്യം.

എന്നാല്‍ പേസര്‍മാര്‍ കളം വിട്ട് സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ഡല്‍ഹി ഓപ്പണര്‍മാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 35 പന്തില്‍ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷായും 24 പന്തില്‍ 30 റണ്‍സുമായി ശിഖര്‍ ധവാനും ക്രീസില്‍ നില്‍ക്കുമ്പോള്‍ പത്തോവറില്‍ ഡല്‍ഹി വിക്കറ്റ് നഷ്ടപ്പെടാതെ 88 റണ്‍സ് നേടിയിട്ടുണ്ട്.

പവര്‍പ്ലേയ്ക്ക് ശേഷമുള്ള നാലോവറില്‍ 52 റണ്‍സാണ് ഡല്‍ഹി നേടിയത്.  ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ചഹാറിനെ പൃഥ്വി ഷാ നേരിട്ടപ്പോള്‍ ചെറിയൊരു എഡ്ജ് ഉണ്ടായിരുന്നുവെങ്കിലും അതാരും കേള്‍ക്കാതെ പോയപ്പോള്‍ പൃഥ്വി ഷാ രക്ഷപ്പെടുകയായിരുന്നു. അത് മുതലാക്കിയ താരം മികച്ചൊരു അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

Exit mobile version