ഫോം തുടര്‍ന്ന് റോയി, ഇംഗ്ലണ്ടിന് 164 റണ്‍സ്

അഹമ്മദാബാദിലെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 164 റണ്‍സ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നല്‍കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. പിന്നീട് ജേസണ്‍ റോയിയും ജോസ് ദാവിദ് മലനും ചേര്‍ന്ന് 63 റണ്‍സ് നേടിയെങ്കിലും മലനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചഹാല്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരം നല്‍കി.

ജേസണ്‍ റോയി തന്റെ മികവ് തുടര്‍ന്ന് ആദ്യ മത്സരത്തില്‍ നഷ്ടമായ അര്‍ദ്ധ ശതകം തികയ്ക്കുമെന്ന് തോന്നിയ നിമിഷത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ താരത്തെ പുറത്താക്കി ഇന്ത്യയ്ക്ക് വീണ്ടും ബ്രേക്ക്ത്രൂ നല്‍കി. 35 പന്തില്‍ നിന്ന് 46 റണ്‍സാണ് റോയി നേടിയത്.

20 പന്തില്‍ 28 റണ്‍സ് നേടിയെങ്കിലും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും അധികം സമയം ക്രീസില്‍ നില്‍ക്കുവാനായില്ല. ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് മോര്‍ഗന്റെ വിക്കറ്റ് നേടിയത്. 24 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റും ശര്‍ദ്ധുല്‍ തന്നെ വീഴ്ത്തി.

6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് നേടിയത്.

 

ഉമേഷ് യാദവ് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശര്‍ദ്ധുല്‍ താക്കൂറിന് പകരം ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉമേഷ് യാദവ് തിരികെ എത്തുന്നു. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച താരം പിന്നീട് പരിക്കേറ്റ് പുറത്തിരിക്കുകയായിരുന്നു.

കെഎല്‍ രാഹുലിനെയും സ്ക്വാഡില്‍ ‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ഇനിയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കുക. ഉമേഷ് യാദവ് ഫിറ്റ്നെസ്സ് ടെസ്റ്റിന് ശേഷം മാത്രമാകും ഇന്ത്യന്‍ സ്ക്വാഡിനൊപ്പം ചേരുക.

ഫെബ്രുവരി 24ന് ആണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് അരങ്ങേറുക. പിങ്ക് ബോള്‍ ഫോര്‍മാറ്റിലാണ് മത്സരം നടക്കുക.

ഇന്ത്യ: Virat Kohli (Captain), Rohit Sharma, Mayank Agarwal, Shubman Gill, Cheteshwar Pujara, Ajinkya Rahane (Vice-captain), KL Rahul, Hardik Pandya, Rishabh Pant (wicket-keeper), Wriddhiman Saha (wicket-keeper), R Ashwin, Kuldeep Yadav, Axar Patel, Washington Sundar, Ishant Sharma, Jasprit Bumrah, Md. Siraj.

സിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4, ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്

ബ്രിസ്ബെയിനില്‍ വിജയം സ്വന്തമാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 328 റണ്‍സ്. ഇന്ന് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ ഈ ലക്ഷ്യം തേടിയിറങ്ങുന്നത്.

Thakur

മുഹമ്മദ് സിറാജ് അഞ്ചും ശര്‍ദ്ധുല്‍ താക്കൂര്‍ നാലും വിക്കറ്റ് നേടി ആണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്ത് 55 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 37 റണ്‍സും നേടിയപ്പോള്‍ ടിം പെയിന്‍(27) റണ്‍സ് നേടി പുറത്തായി.

അവസാന ഓവറുകളില്‍ പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയുടെ ലീഡ് ഉയര്‍ത്തുവാന്‍ സഹായിച്ചത്. താരം പുറത്താകാതെ 28 റണ്‍സ് നേടി.

ഇന്ത്യയുടെ ചെറുത്ത്നില്പ് അവസാനിപ്പിച്ച് ഹാസല്‍വുഡ്, അഞ്ച് വിക്കറ്റ്

ശര്‍ദ്ധുല്‍ താക്കൂര്‍ – വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ടിന്റെ പ്രതിരോധം ഒടുവില്‍ ഓസ്ട്രേലിയ ഭേദിച്ചു. 67 റണ്‍സ് നേടിയ താക്കൂറിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ആണ് ഓസ്ട്രേലിയയ്ക്ക് ആശ്വാസമായ പ്രകടനം പുറത്തെടുത്തത്. അധികം വൈകാതെ ഇന്ത്യയുടെ ഇന്നിംഗ്സിന് അവസാനം കുറിയ്ക്കുാന്‍ ഓസീസ് ബൗളര്‍മാര്‍ക്കായി.

ആറാം വിക്കറ്റില്‍ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഓസ്ട്രേലിയയ്ക്ക് വെറും 33 റണ്‍സ് ലീഡ് മാത്രമേ ലഭിച്ചുവെന്ന് ഈ കൂട്ടുകെട്ട് ഉറപ്പാക്കുകയായിരുന്നു. ശര്‍ദ്ധുല്‍ പുറത്തായി അധികം വൈകാതെ 62 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.

ഇന്ത്യ 111.4 ഓവറില്‍ 336 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസല്‍വുഡ് അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 13 റണ്‍സ് നേടി സിറാജ് അവസാന വിക്കറ്റായി പുറത്തായപ്പോള്‍ നടരാജന്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.

വാഷിംഗ്ടണ്‍ സുന്ദറിന്റെയും ശര്‍ദ്ധുല്‍ താക്കൂറിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ പൊരുതുന്നു

ഓസ്ട്രേലിയയ്ക്കെതിരെ മുന്‍ നിര ബാറ്റ്സ്മാന്മാര്‍ എല്ലാം മടങ്ങിയെങ്കിലും ഇന്ത്യയ്ക്കായി ചെറുത്തുനില്പുയര്‍ത്തി വാഷിംഗ്ടണ്‍ സുന്ദറും ശര്‍ദ്ധുല്‍ താക്കൂറും. മയാംഗ് അഗര്‍വാളിനെയും(38), ഋഷഭ് പന്തിനെയും(23) നഷ്ടമായി 186/6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ചുരുങ്ങിയ സ്കോറിന് പുറത്താക്കാമെന്നാണ് ഓസ്ട്രേലിയ കരുതിയതെങ്കിലും അവരുടെ പ്രതീക്ഷ തകര്‍ത്ത് ഏഴാം വിക്കറ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന പ്രകടനമാണ് ഈ യുവ താരങ്ങള്‍ പുറത്തെടുത്തത്.

ജോഷ് ഹാസല്‍വുഡ് ആണ് അഗര്‍വാളിനെയും പന്തിനെയും പുറത്താക്കിയത്. 67 റണ്‍സാണ് സുന്ദര്‍ – ശര്‍ദ്ധുല്‍ കൂട്ടുകെട്ട് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 38 റണ്‍സും ശര്‍ദ്ധുല്‍ താക്കൂര്‍ 33 റണ്‍സുമാണ് നേടിയിട്ടുള്ളത്.

മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനും 116 റണ്‍സ് പിന്നിലാണ്. ഇന്ത്യ 253/6 എന്ന സ്കോറാണ് ചായയ്ക്ക് പിരിയുമ്പോള്‍ നേടിയിട്ടുള്ളത്.

ടിം പെയിനിന് അര്‍ദ്ധ ശതകം, ഓസ്ട്രേലിയ 369 റണ്‍സിന് ഓള്‍ഔട്ട്

ബ്രിസ്ബെയിനില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 369 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ. ടിം പെയിനിനെയും കാമറൂണ്‍ ഗ്രീനിനെയും നഷ്ടമായ ശേഷം ഓസ്ട്രേലിയയുടെ വാലറ്റം നേടിയ നിര്‍ണ്ണായകമായ 56 റണ്‍സാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കായി ടി നടരാജന്‍, ശര്‍ദ്ധുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

274/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ * റണ്‍സാണ് നേടിയിട്ടുള്ളത്. തലേ ദിവസത്തെ ബാറ്റ്സ്മാന്മാരായ ടിം പെയിനിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

പെയിനിനെ(50) താക്കൂറും ഗ്രീനിനെ(47) വാഷിംഗ്ടണ്‍ സുന്ദറുമാണ് പുറത്താക്കിയത്. പാറ്റ് കമ്മിന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ശര്‍ദ്ധുല്‍ താക്കൂര്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

39 റണ്‍സുമായി ഓസ്ട്രേലിയയുടെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 24 റണ്‍സ് നേടിയ നഥാന്‍ ലയണിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഈ കൂട്ടുകട്ട് തകര്‍ത്തു. സുന്ദറിന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. മിച്ചല്‍ സ്റ്റാര്‍ക്ക് 20 റണ്‍സ് നേടിയപ്പോള്‍ ജോഷ് ഹാസല്‍വുഡിനെയാണ് അവസാന വിക്കറ്റായി നടരാജന്‍ പുറത്താക്കിയത്. താരം 11 റണ്‍സാണ് നേടിയത്.

ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം, ഓരോ വിക്കറ്റുമായി സിറാജും താക്കുറും

ഇന്ത്യയ്ക്കെതിരെ ഗാബയില്‍ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തിരിച്ചടി. ഡേവിഡ് വാര്‍ണറെയും മാര്‍ക്കസ് ഹാരിസിനെയും നഷ്ടമായ ടീമിനെ അവിടെ നിന്ന് മാര്‍നസ് ലാബൂഷാനെ – സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. വാര്‍ണറെ(1) സിറാജ് പുറത്താക്കിയപ്പോള്‍ മാര്‍ക്കസ് ഹാരിസിന്റെ വിക്കറ്റ്(5) ശര്‍ദ്ധുല്‍ താക്കൂര്‍ നേടി.

17/2 എന്ന നിലയില്‍ നിന്ന് 39/2 എന്ന നിലയിലാണ് ഇപ്പോള്‍ 17 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ. സ്മിത്ത് 15 റണ്‍സും മാര്‍നസ് ലാബൂഷാനെ 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു. ഇന്ത്യയ്ക്കായി നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട് ബ്രിസ്ബെയിനിലെ ഈ നാലാം ടെസ്റ്റില്‍.

ഉമേഷ് യാദവ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്, പകരക്കാരായി ഉയര്‍ന്ന് വരുന്നത് രണ്ട് പേരുകള്‍

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബൗളിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ഉമേഷ് യാദവ് ഇനി ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. താരത്തിന് പകരം സിഡ്നിയില്‍ ആര് ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിയ്ക്കുമെന്നതില്‍ വ്യക്തതയില്ലെങ്കിലും ടി നടരാജന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

രണ്ട് ടെസ്റ്റില്‍ നിന്നായി 4 വിക്കറ്റാണ് ഉമേഷ് യാദവ് നേടിയത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 4 ഓവര്‍ മാത്രം എറിഞ്ഞ ഉമേഷ് ജോ ബേണ്‍സിനെ പുറത്താക്കുകയായിരുന്നു. താരം നാട്ടിലേക്ക് ഉടന്‍ മടങ്ങുമെന്നും വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

നടരാജന് പകരം ശര്‍ദ്ധുല്‍ താക്കൂറിന് ഇന്ത്യ സിഡ്നി ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

രവീന്ദ്ര ജഡേജ ടി20 പരമ്പരയില്‍ നിന്ന് പുറത്ത്, ശര്‍ദ്ധുല്‍ താക്കൂര്‍ പകരക്കാരനായി ടീമില്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് രവീന്ദ്ര ജഡേജ പുറത്ത്. ഇന്ന് മത്സരത്തിനിടെ ഇന്ത്യയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരത്തിന് ഹാംസ്ട്രിംഗ് പരിക്ക് അലട്ടുകയും പിന്നീട് കണ്‍കഷന് ടെസ്റ്റിന് വിധേയനായി താരം പരാജയപ്പെടുകയും ചെയ്തതോടെ ഇന്ത്യ സബ് ആയി യൂസുവേന്ദ്ര ചഹാലിനെ ഇറക്കിയിരുന്നു.

ബിസിസിഐ മെഡിക്കല്‍ ടീം ആണ് താരത്തെ കണ്‍കഷനില്‍ പരാജയപ്പെട്ടുവെന്ന് വിധി എഴുതിയത്. താരത്തിന് നാളെ രാവിലെ ഇനിയും സ്കാനുകള്‍ നടത്തുമെന്നും അതിനാല്‍ തന്നെ പരമ്പരയിലെ ഇനിയുള്ള ടി20 മത്സരങ്ങളില്‍ താരം കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു.

പകരം താരമായി ശര്‍ദ്ധുല്‍ താക്കുറിനെ ഇന്ത്യ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസ ജയം

ആരോണ്‍ ഫിഞ്ചിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും വെല്ലുവിളിയെ അതിജീവിച്ച് ഇന്ത്യയ്ക്ക് ആശ്വാസ ജയം. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 302 റണ്‍സ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ 28 റണ്‍സില്‍ ഒതുക്കി 13 റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ ആരോണ്‍ ഫിഞ്ചും ഇന്നിംഗ്സിന്റെ അവസാനത്തോടെ ഗ്ലെന്‍ മാക്സ്വെല്ലും ഉയര്‍ത്തിയ വെല്ലുവിളിയെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ അതിജീവിച്ചത്. ഫിഞ്ച് 75 റണ്‍സ് നേടിയപ്പോള്‍ 38 പന്തില്‍ നിന്ന് 59 റണ്‍സുമായി ഗ്ലെന്‍ മാക്സ്വെല്‍ മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ ജസ്പ്രീത് ബുംറ താരത്തെ പുറത്താക്കിയ ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകളുമായി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

അലെക്സ് കാറെ(38), ആഷ്ടണ്‍ അഗര്‍(28) എന്നിവരും പൊരുതി നോക്കിയെങ്കിലും വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു. ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്നും ടി നടരാജന്‍ 2 വിക്കറ്റും നേടി ഓസ്ട്രേലിയയുടെ പതനം ഉറപ്പാക്കി. ജസ്പ്രീത് ബുംറയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

വീണ്ടും തിളങ്ങി കെഎല്‍ രാഹുല്‍, പൂരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിന് 178 റണ്‍സ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ക്രീസിലെത്തിയ മന്‍ദീപ് സിംഗും നിക്കോളസ് പൂരനുമെല്ലാം വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കിംഗ്സ് ഇലവന്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ ചെന്നൈ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. രാഹുലിനെയും പൂരനെയും പുറത്താക്കിയ ശര്‍ദ്ധുല്‍ താക്കൂറും റണ്‍സ് വിട്ട് നല്‍കാതെ ബ്രാവോയും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

8.1 ഓവറില്‍ 61 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് പിയുഷ് ചൗളയാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ മന്‍ദീപ് സിംഗും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 33 റണ്‍സ് നേടി. 16 പന്തില്‍ 27 റണ്‍സ് നേടിയ മന്‍ദീപിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 15ാം ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം നേടിയ കെഎല്‍ രാഹുല്‍ അടുത്ത രണ്ട് പന്തുകളില്‍ നിന്ന് ബൗണ്ടറിയും നേടി. 17 പന്തില്‍ 33 റണ്‍സ് നേടിയ നിക്കോളസ് പൂരനെ മികച്ച ക്യാച്ചിലൂടെ ജഡേജ കൈപ്പിടിയിലൊതുക്കിയപ്പോള്‍ താക്കൂറിന് തന്റെ ആദ്യ വിക്കറ്റ് ലഭിച്ചു.

അടുത്ത പന്തില്‍ രാഹുലിനെയും പുറത്താക്കി താക്കൂര്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 152/2 എന്ന നിലയില്‍ നിന്ന് 152/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. 52 പന്തില്‍ നിന്ന് 63 റണ്‍സാണ് രാഹുലിന്റെ സ്കോര്‍. അടുത്ത പന്തില്‍ സര്‍ഫ്രാസിനെ എഡ്ജ് ചെയ്യിപ്പിക്കുവാന്‍ സര്‍ഫ്രാസിന് സാധിച്ചുവെങ്കിലും സ്ലിപ്പിലേക്ക് പന്ത് എത്താതിനാല്‍ താരത്തിന് ഹാട്രിക് നേടുവാന്‍ സാധിച്ചില്ല.

അവസാന ഓവറുകളില്‍ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കുവാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ മത്സരത്തില്‍ 200നടുത്തുള്ള സ്കോറിലേക്ക് എത്തുവാന്‍ പഞ്ചാബിന് സാധിച്ചില്ലെങ്കിലും മാക്സ്വെല്ലും സര്‍ഫ്രാസും ചേര്‍ന്ന് ടീം സ്കോര്‍ 178 ലേക്ക് എത്തിയ്ക്കുകയായിരുന്നു.

ശര്‍ദ്ധുല്‍ താക്കൂറിന്റെ പരിശീലനം, ചോദ്യം ചെയ്യുവാന്‍ ഒരുങ്ങി എംസിഎ

ലോക്ക്ഡൗണിലെ പുതിയ ഘട്ടത്തില്‍ ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കുവാന്‍ ബിസിസിഐ അനുമതി നല്‍കിയെങ്കിലും അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മാത്രമാകണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കൊറോണ ഏറ്റവും അധികം ബാധിച്ച മഹാരാഷ്ട്രയില്‍ ശര്‍ദ്ധുല്‍ താക്കൂര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത് ഈ മാനദണ്ഡം പാലിച്ചായിരുന്നില്ല.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ ഈ നടപടിയ്ക്കെതിരെ അന്വേഷണത്തിന് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും താരത്തില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അറിയുന്നത്. പല്‍ഗാര്‍ ജില്ല മഹാരാഷ്ട്രയിലെ റെഡ് സോണില്‍ പെടുന്നതല്ലെങ്കിലും താരത്തില്‍ നിന്ന് നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായതെന്നാണ് ബിസിസിഐയും എംസിഎയും പറയുന്നത്.

താക്കൂറിന് പുറമെ വേറെ മൂന്ന് താരങ്ങളും പുറത്ത് പരിശീലനം നടത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇതില്‍ തന്നെ ശര്‍ദ്ധുല്‍ താക്കൂര്‍ ബിസിസിഐയുടെ കേന്ദ്ര കരാര്‍ ഉള്ള താരമാണ്. 11 ഏകദിനത്തിലും 15 ടി20യിലും 1 ടെസ്റ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരം ഇന്ത്യയുടെ സി ഗ്രേഡ് കരാറിന് ഉടമയാണ്.

ഇത്തരത്തിലുള്ള താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശനമായ നിയമാവലി കൊടുത്തിട്ടുള്ളപ്പോള്‍ അത് കാറ്റില്‍ പറത്തിയ താരത്തിനെതിരെ നടപടിയുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Exit mobile version