ചെന്നൈയുടെ ഒന്നാം സ്ഥാനം മോഹങ്ങള്‍ കൈവിട്ട് കൃഷ്ണപ്പ ഗൗതം, അവസരം മുതലാക്കി ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ച് ഷിമ്രൺ ഹെറ്റ്മ്യര്‍

18 പന്തിൽ 28 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് ഡല്‍ഹിയ്ക്ക് വിജയവും ഐപിഎലിലെ ഒന്നാം സ്ഥാനവും നേടിക്കൊടുത്ത് ഷിമ്രൺ ഹെറ്റ്മ്യര്‍. താരം നല്‍കിയ ക്യാച്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി എത്തിയ കൃഷ്ണപ്പ ഗൗതം കൈവിട്ടതാണ് മത്സരം ചെന്നൈയ്ക്ക് നഷ്ടമാകുവാനുള്ളതില്‍ ഒരു കാരണമായത്.

ഹെറ്റ്മ്യര്‍ പുറത്താകാതെ 18 പന്തിൽ 28 റൺസ് നേടിയപ്പോള്‍ അവസാന ഓവറില്‍ ആണ് ഡല്‍ഹിയുടെ വിജയം സാധ്യമായത്. 7 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കെയാണ് ടീമിന്റെ വിജയം.

പൃഥ്വി ഷാ തന്റെ പതിവ് ശൈലിയിൽ തുടങ്ങി വേഗത്തിൽ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 12 പന്തിൽ 18 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 24 റൺസാണ് നേടിയത്. അവിടെ നിന്ന് ശിഖര്‍ ധവാന്‍ ദീപക് ചഹാറിന്റെ ബൗളിംഗിനെ അതിര്‍ത്തി കടത്തി ഡല്‍ഹിയെ പവര്‍പ്ലേയിൽ മികച്ച സ്കോറിലേക്ക് എത്തിച്ചുവെങ്കിലും ശ്രേയസ്സ് അയ്യരെ പവര്‍പ്ലേയ്ക്കുള്ളിൽ ഡല്‍ഹിയ്ക്ക് നഷ്ടമായി.

27 റൺസ് കൂട്ടുകെട്ട് ശിഖറും ശ്രേയസ്സും ചേര്‍ന്ന് നേടിയപ്പോള്‍ അതിൽ ശ്രേയസ്സ് അയ്യരുടെ സംഭാവന വെറും 2 റൺസ് ആയിരുന്നു. 20 റൺസ് മൂന്നാം വിക്കറ്റിൽ നേടിയ ശേഷം ഋഷഭ് പന്തിനെയും(15) ഡല്‍ഹിയ്ക്ക് നഷ്ടമായപ്പോള്‍ ടീം 71/3 എന്ന നിലയിലേക്ക് വീണു.

ശിഖറിനൊപ്പം അരങ്ങേറ്റക്കാരന്‍ റിപൽ പട്ടേൽ 22 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ ഈ കൂട്ടുകെട്ടിൽ കൂടുതൽ സ്കോറിംഗും റിപൽ ആണ് നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ശിഖര്‍ ധവാന്റെ താളം തെറ്റിയ്ക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിനെയും ശിഖര്‍ ധവാനെയും ഒരേ ഓവറിൽ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ മത്സരത്തിൽ ചെന്നൈയ്ക്ക് മേൽക്കൈ നല്‍കുകയായിരുന്നു. 93/3 എന്ന നിലയിൽ നിന്ന് 99/6 എന്ന നിലയിലേക്ക് ഡല്‍ഹി വീഴുന്ന കാഴ്ചയാണ് മധ്യ ഓവറുകളിൽ കണ്ടത്.

Shardulthakur

ശിഖര്‍ ധവാന്‍ 39 റൺസാണ് നേടിയത്.  തന്റെ നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ട് നല്‍കിയാണ് ശര്‍ദ്ധുൽ താക്കൂര്‍ 2 വിക്കറ്റ് നേടിയത്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ 18 പന്തിൽ 28 റൺസായിരുന്നു ഡല്‍ഹി വിജയത്തിനായി നേടേണ്ടിയിരുന്നത്.

ഡ്വെയിന്‍ ബ്രാവോയുടെ ഓവറിൽ ഷിമ്രൺ ഹെറ്റ്മ്യര്‍ നല്‍കിയ അവസരം ലോംഗ് ഓണിൽ കൃഷ്ണപ്പ ഗൗതം കൈവിട്ടപ്പോള്‍ ആ പന്ത് ബൗണ്ടറി കൂടി പോയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് പിറന്നു. ഇതോടെ ലക്ഷ്യം 12 പന്തിൽ 16 ആയി മാറി. 4 പന്തിൽ 2 റൺസ് ജയത്തിനായി വേണ്ടപ്പോള്‍ അക്സര്‍ പട്ടേലിനെ മോയിന്‍ അലിയുടെ കൈകളിലെത്തിച്ച് ബ്രാവോ മത്സരം വീണ്ടും ആവേശകരമാക്കി.

റബാഡ നാലാം പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ ചെന്നൈയെ പിന്തള്ളി ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

 

രാജസ്ഥാന്‍ ഓൺ ഫയര്‍!!! ചെന്നൈയുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ടീമിനെ സഹായിച്ചത് ശിവം ഡുബേയും യശസ്വി ജൈസ്വാളും

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 190 റൺസ് വിജയ ലക്ഷ്യത്തെ 3 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ മറികടന്ന് പോയിന്റ് പട്ടികയിൽ പത്ത് പോയിന്റ് നേടി തങ്ങളുടെ പ്ലേ ഓഫ് സാധ്യത രാജസ്ഥാന്‍ നിലനിര്‍ത്തുകയായിരുന്നു.

യശസ്വി ജൈസ്വാളും എവിന്‍ ലൂയിസും നല്‍കിയെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ റൺറേറ്റ് വരുതിയിൽ നിര്‍ത്തിയാണ് രാജസ്ഥാന്‍ മത്സരത്തിൽ തങ്ങളുടെ സാധ്യത സജീവമാക്കി നിര്‍ത്തിയത്. ലൂയിസും ജൈസ്വാളും ചേര്‍ന്ന് 77 റൺസാണ് 5.2 ഓവറിൽ കൂട്ടിചേര്‍ത്തത്. 12 പന്തിൽ 27 റൺസ് നേടിയ എവിന്‍ ലൂയിസിനെ താക്കൂര്‍ പുറത്താക്കിയപ്പോള്‍ ജൈസ്വാള്‍ 19 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു. എന്നാൽ മലയാളി താരം കെഎം ആസിഫ് തൊട്ടടുത്ത ഓവറിൽ ജൈസ്വാളിനെ ധോണിയുടെ കൈകളിൽ എത്തിച്ചപ്പോള്‍ 81/2 എന്ന നിലയിലായിരുന്നു.

പതിവ് പോലെ രാജസ്ഥാന്‍ മധ്യനിര തകരുമോ എന്ന ഭയം ആരാധകരില്‍ വന്നുവെങ്കിലും ശിവം ഡുബേയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് പിന്നീട് കണ്ടത്. ചെന്നൈ ബൗളര്‍മാരെ തിരിഞ്ഞുപിടിച്ച് പ്രഹരിച്ച ഡുബേയ്ക്ക് പിന്തുണ നല്‍കുവാന്‍ സഞ്ജു തീരുമാനിച്ചതോടെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ രാജസ്ഥാന്‍ അടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ 28 റൺസ് നേടി സഞ്ജുവിനെ രാജസ്ഥാന് മൂന്നാം വിക്കറ്റായി നഷ്ടമായി. മൂന്നാം വിക്കറ്റിൽ 89 റൺസാണ് ഡുബേയും സഞ്ജുവും ചേര്‍ന്ന് നേടിയത്.

42 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ഡുബേയും 14 റൺസുമായി ഗ്ലെന്‍ ഫിലിപ്പ്സും കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നിര്‍ണ്ണായക വിക്കറ്റുകളുമായി ലോര്‍ഡ് ശര്‍ദ്ധുൽ, ത്രിപാഠിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം താളം തെറ്റിയ കൊല്‍ക്കത്തയെ തിരികെ എത്തിച്ച് ഡികെയും റാണയും

ശര്‍ദ്ധുൽ താക്കൂര്‍ ആന്‍ഡ്രേ റസ്സലിന്റെയും വെങ്കിടേഷ് അയ്യരുടെയും വിക്കറ്റുകള്‍ നേടി ചെന്നൈ ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 171 റൺസ്. അവസാന ഓവറുകളിൽ ദിനേശ് കാര്‍ത്തിക്കിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ റണ്ണൗട്ടായ ശേഷം വെങ്കടേഷ് അയ്യരും രാഹുല്‍ ത്രിപാഠിയും കൊല്‍ക്കത്തയെ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 50 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും 18 റൺസ് നേടിയ അയ്യരെ പുറത്താക്കി താക്കൂര്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

ഓയിന്‍ മോര്‍ഗനെ ഹാസൽവുഡ് വീഴ്ത്തിയപ്പോള്‍ 33 പന്തിൽ 45 റൺസ് നേടി അപകടകാരിയായ മാറുകയായിരുന്ന രാഹുല്‍ ത്രിപാഠിയെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. 89/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയ്ക്ക് റസ്സൽ ക്രീസിലുള്ളത് പ്രതീക്ഷയായി നിലകൊണ്ടു.

നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും 36 റൺസ് കൂട്ടുകെട്ട് നേടി അവസാന ഓവറിലേക്ക് മത്സരം കൊണ്ടെത്തിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് താക്കൂര്‍ റസ്സലിനെ പുറത്താക്കിയത്. 15 പന്തിൽ 20 റൺസാണ് റസ്സൽ നേടിയത്.

റസ്സൽ പുറത്തായ ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് അടിച്ച് തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത മികച്ച സ്കോര്‍ നേടുകയായിരുന്നു. 11 പന്തിൽ 26 റൺസാണ് ദിനേശ് കാര്‍ത്തിക് നേടിയത്. ജോഷ് ഹാസൽവുഡിനാണ് വിക്കറ്റ്. നിതീഷ് റാണ് 27 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു.

അവസാന ഓവറുകളിൽ ബാറ്റിംഗ് മറന്ന് ആര്‍സിബി, ദേവ്ദത്ത് – കോഹ്‍ലി വെടിക്കെട്ടിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ചെന്നൈ ബൗളര്‍മാര്‍

കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ആര്‍സിബിയെ അവസാന ഓവറുകളിൽ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാര്‍ ഒരു ഘടത്തിൽ 16.4 ഓവറിൽ 140/1 എന്ന നിലയിൽ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ ഗതി നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

20 ഓവറിൽ 156/6 എന്ന നിലയിലേക്ക് ആര്‍സിബിയെ ഒതുക്കിയാണ് ധോണിയും സംഘവും മത്സരത്തിൽ പിടിമുറുക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 90/0 എന്ന നിലയിലായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

സ്കോര്‍ 111ൽ എത്തിയപ്പോള്‍ ഡ്വെയിന്‍ ബ്രാവോ 41 പന്തിൽ 53 റൺസ് നേടിയ വിരാട് കോഹ്‍ലിയെ പുറത്താക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും എബി ഡി വില്ലിയേഴ്സും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 29 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഒരേ ഓവറിൽ എബി ഡി വില്ലിയേഴ്സിനെയും ദേവ്ദത്ത് പടിക്കലിനെയും പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ചെന്നൈയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരവിന് അവസരം നല്‍കുകയായിരുന്നു. 140/1 എന്ന നിലയിൽ നിന്ന് 140/3 എന്ന നിലയിലേക്ക് ആര്‍സിബി വീഴുന്ന കാഴ്ചയാണ് പിന്നീട് മത്സരത്തിൽ കണ്ടത്.

താക്കൂറിനൊപ്പം ദീപക് ചഹാറും ഡ്വെയിന്‍ ബ്രാവോയും വിക്കറ്റുകളുമായി എത്തിയതോടെ ആര്‍സിബിയുടെ റണ്ണൊഴുക്ക് നിലച്ചു. ബ്രാവോ മൂന്നും താക്കൂര്‍ 2 വിക്കറ്റുമാണ് നേടിയത്.

പരിക്ക് മാറി ശര്‍ദ്ധുൽ താക്കൂര്‍, മൂന്നാം ടെസ്റ്റിനുള്ള സെലക്ഷന് താരത്തെയും പരിഗണിക്കും

രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂരിന്റെ പരിക്ക് ഭേദമായിയെന്നും താരം സെലക്ഷന് പരിഗണിക്കപ്പെടുമെന്നും അറിയിച്ച് ഇന്ത്യന്‍ ഉപ നായകന്‍ അജിങ്ക്യ രഹാനെ. ആദ്യ ടെസ്റ്റിൽ കളിച്ച ശര്‍ദ്ധുൽ താക്കൂര്‍ പേശി വലിവ് കാരണം താരം ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.

താരത്തെ മൂന്നാം ടെസ്റ്റിലെ അന്തിമ ഇലവനിൽ കളിപ്പിക്കുമോ എന്നത് ഉറപ്പല്ലെങ്കിലും താരം സെലക്ഷന് ലഭ്യമായിരിക്കുമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി നാല് വിക്കറ്റാണ് താക്കൂര്‍ നേടിയത്.

ടീം കോമ്പിനേഷന്‍ ഏതാണ് തീരുമാനിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും താരത്തിന്റെ അവസാന ഇലവനിലെ സ്ഥാനം എന്നും രഹാനെ വ്യക്തമാക്കി.

ശര്‍ദ്ധുൽ താക്കൂര്‍ ലോര്‍ഡ്സ് ടെസ്റ്റിൽ കളിക്കില്ലെന്ന് സൂചന

ലോര്‍ഡ്സ് ടെസ്റ്റിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂര്‍ കളിക്കില്ലെന്ന് സൂചന. താരം പരിക്കിന്റെ പിടിയിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം. പകരം രവിചന്ദ്രന്‍ അശ്വിന്‍ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിസിസിഐ ഔദ്യോഗിക സ്ഥിതീകരണം ഈ വിഷയത്തിൽ നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഓഗസ്റ്റ് 12ന് ആണ് രണ്ടാം ടെസ്റ്റ് ലോര്‍ഡ്സിൽ നടക്കുന്നത്. പരിശീലനത്തിനിടെ താരത്തിനിടെ ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ് വന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

ട്രെന്റ് ബ്രിഡ്ജിൽ നിറഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ട് ഓള്‍ഔട്ട്

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 183 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടാനായത്. 64 റൺസ് നേടിയ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.

ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റും ശര്‍ദ്ധുൽ താക്കൂര്‍ ജോ റൂട്ടിന്റെ ഉള്‍പ്പെടെ 2 സുപ്രധാന വിക്കറ്റുകളും നേടി. 2018ലെ പരമ്പരയിലെ പോലെ വാലറ്റത്തിൽ സാം കറന്‍ നിര്‍ണ്ണായകമായ സേവനം നടത്തുകയായിരുന്നു. 27 റൺസുമായി സാം കറന്‍ പുറത്താകാതെ നിന്നു.

 

ശര്‍ദ്ധുല്‍ മാന്‍ ഓഫ ദി മാച്ചും, ഭുവി മാന്‍ ഓഫ് ദി സീരീസും ആവാത്തതില്‍ അത്ഭുതം – കോഹ്‍ലി

ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും ഇംഗ്ലണ്ടും ആധികാരിക വിജയങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ഇരു പക്ഷത്തിനും വിജയ സാധ്യത ലഭ്യമായ ഒരു മത്സരമാണ് ഏവരും സാക്ഷ്യം വഹിച്ചത്. ബ്രേക്ക്ത്രൂകളുമായി ശര്‍ദ്ധുല്‍ താക്കൂറും ഭുവനേശ്വര്‍ കുമാറും മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും സാം കറന്റെ മിന്നും പ്രകടനം ഇവരെ നിഷ്പ്രഭമാക്കുകയായിരുന്നു. മത്സരം ഇന്ത്യ വിജയിച്ചുവെങ്കിലും മത്സരത്തിലെ താരമായി സാം കറനും പരമ്പരയിലെ താരമായി ജോണി ബൈര്‍സ്റ്റോയും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

എന്നാല്‍ ഇരുവര്‍ക്കും ഈ ബഹുമതികള്‍ ലഭിയ്ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. ഇന്നലെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു വിരാട് കോഹ്‍ലി. തന്റെ സ്പെല്ലിലെ അവസാന ഓവറില്‍ ശര്‍ദ്ധുല്‍ 18 റണ്‍സ് വഴങ്ങിയത് ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി തീപാറും സ്പെല്ലാണ് ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്തെടുത്തത്. 67 റണ്‍സ് വഴങ്ങിയ താരം 4 വിക്കറ്റാണ് നേടിയത്.

അതേ സമയം ഭുവനേശ്വര്‍ കുമാര്‍ പരമ്പരയിലുടനീളം തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് നടത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ 42 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. ആദ്യ ഓവറില്‍ ജേസണ്‍ റോയ് താരത്തിനെതിരെ 14 റണ്‍സ് നേടിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ ഭുവി നടത്തിയത്.

 

സാം കറന്റെ വീരോചിത ഇന്നിംഗ്സിനെ മറികടന്ന് ഇന്ത്യ, പരമ്പര സ്വന്തം

പൂനെയിലെ മൂന്നാം ഏകദിനത്തില്‍ 7 റണ്‍സ് ജയം സ്വന്തമാക്കി ഇന്ത്യ. വിജയത്തോടെ പരമ്പര 2 – 1 ന് ഇന്ത്യ കൈക്കലാക്കി. സാം കറന്റെ ഒറ്റയാള്‍ പോരാട്ടത്തെ മറികടന്നാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്. 83 പന്തില്‍ നിന്ന് 95 റണ്‍സാണ് നേടി പുറത്താകാതെ നിന്ന സാം കറന് ഇംഗ്ലണ്ടിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സിലേക്ക് എത്തിയ്ക്കാനെ ആയുള്ളു. തുടക്കത്തിലെ വിക്കറ്റുകള്‍ക്ക് ശേഷം വാലറ്റത്തോടൊപ്പം സാം കറന്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന് മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്.

നാലോവറില്‍ 41 റണ്‍സ് ജയത്തിനായി വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ 18 റണ്‍സാണ് ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 47ാം ഓവറില്‍ നേടിയത്. ഇതോടെ ലക്ഷ്യം 18 പന്തില്‍ 23 റണ്‍സെന്ന നിലയിലേക്ക് മാറി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 12 പന്തില്‍ 19 റണ്‍സായി മാറി.

ഹാര്‍ദ്ദിക് എറിഞ്ഞ 19ാം ഓവറില്‍ മാര്‍ക്ക് വുഡും സാം കറനും നല്‍കിയ അവസരങ്ങള്‍ ഇന്ത്യ കൈവിട്ടപ്പോള്‍ ഓവറില്‍ നിന്ന് 5 റണ്‍സാണ് വന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 14 ആയി മാറി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച ഓവറില്‍ മാര്‍ക്ക് വുഡിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ 59 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു.

ആദ്യ മൂന്നോവറില്‍ തന്നെ ഓപ്പണര്‍മാരെ മടക്കിയയച്ച് ഭുവനേശ്വര്‍ കുമാര്‍ ആണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ ആദ്യ അഞ്ച് പന്തില്‍ നിന്ന് 14 റണ്‍സ് അടിച്ച ജേസണ്‍ റോയിയെ ആറാം പന്തില്‍ മടക്കിയ ഭുവി തന്റെ അടുത്ത ഓവറില്‍ ജോണി ബൈര്‍സ്റ്റോയെയും മടക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഇംഗ്ലണ്ട് 28 റണ്‍സാണ് നേടിയിരുന്നത്.

ബെന്‍ സ്റ്റോക്സ്(35) നടരാജന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ജോസ് ബട്‍ലറുടെ വിക്കറ്റ് താക്കൂര്‍ വീഴ്ത്തി. 95/4 എന്ന നിലയില്‍ നിന്ന് അഞ്ചാം വിക്കറ്റില്‍ ലിയാം ലിംവിംഗ്സ്റ്റണ്‍ – ദാവിദ് മലന്‍ കൂട്ടുകെട്ടില്‍ ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും പുറത്താക്കി താക്കൂര്‍ വീണ്ടും മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് മാറ്റി.

36 റണ്‍സ് നേടിയ ലിയാമിനെയും 50 റണ്‍സ് തികച്ച ദാവിദ് മലനെയും തുടരെ തുടരെയുള്ള ഓവറുകളിലാണ് താക്കൂര്‍ വീഴ്ത്തിയത്. ദാവിദ് മലന്‍ തന്റെ കന്നി ഏകദിന ശതകം തികച്ച ഉടനെ പുറത്താകുകയായിരുന്നു. മോയിന്‍ അലിയുടെ(29) വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഭീതി പരത്തി സാം കറന്‍ – ആദില്‍ റഷീദ് കൂട്ടുകെട്ട് 57 റണ്‍സ് നേടിയെങ്കിലും കോഹ്‍ലി ശര്‍ദ്ധുല്‍ താക്കൂറിന് വീണ്ടും പന്തേല്പിച്ചപ്പോള്‍ 19 റണ്‍സ് നേടിയ ആദില്‍ റഷീദിനെ ഇംഗ്ലണ്ടിന് നഷ്ടമായി. തകര്‍പ്പന്‍ ക്യാച്ചിലൂടെ വിരാട് കോഹ്‍ലിയാണ് ഈ വിക്കറ്റ് സാധ്യമാക്കിയത്.

റഷീദുമായി 57 റണ്‍സും മാര്‍ക്ക് വുഡുമായി(14) 59 റണ്‍സിന്റെയും കൂട്ടുകെട്ടുകളാണ് സാം കറന്‍ നേടിയത്. ലക്ഷ്യം അവസാന ഓവറില്‍ 14 ആയി മാറിയെങ്കിലും ഓവറില്‍ നിന്ന് ഒരു ബൗണ്ടറി മാത്രം പിറന്നപ്പോള്‍ ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബ്രേക്ക്ത്രൂക്കളുമായി ശര്‍ദ്ധുല്‍ താക്കൂര്‍ നാല് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും നേടുകയായിരുന്നു.

ക്യാച്ചുകള്‍ കൈവിട്ടും ഇന്ത്യ ഇംഗ്ലണ്ടിനെ സഹായിച്ചപ്പോള്‍ മത്സരം അവസാന ഓവര്‍ വരെ ആവേശകരമായി നീളുകയായിരുന്നു.

 

 

ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം താളം തെറ്റി ഇംഗ്ലണ്ട് ബാറ്റിംഗ്, ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം

പൂനെയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള്‍ഔട്ട് ആയി.

66 പന്തില്‍ 94 റണ്‍സ് നേടി ബൈര്‍സ്റ്റോയും 35 പന്തില്‍ 46 റണ്‍സ് നേടിയ ജേസണ്‍ റോയിയും ഒന്നാം വിക്കറ്റില്‍ 14.2 ഓവറില്‍ 135 റണ്‍സ് നേടിയെങ്കിലും റോയിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കി. തന്റെ അടുത്ത ഓവറില്‍ സ്റ്റോക്സിനെയും കൃഷ്ണ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയുടെ ആരംഭം ആയിരുന്നു അത്.

പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം സ്വന്തമാക്കുകയായിരുന്നു. 6 ഫോറും ഏഴ് സിക്സും അടക്കം തന്റെ ശതകത്തിലേക്ക് നീങ്ങുകയായിരുന്നു ബൈര്‍സ്റ്റോയെ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ വലിയ വിക്കറ്റാണ് ഇന്ത്യയ്ക്കായി നേടിയത്.

പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ഇംഗ്ലണ്ട് 251 റണ്‍സിന് ഓള്‍ഔട്ട് ആയി. പ്രസിദ്ധ് കൃഷ്ണ നാലും ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്നും വിക്കറ്റ് നേടിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

നിര്‍ണ്ണായക പ്രഹരങ്ങളുമായി ഭുവിയും താക്കൂറും, ഇന്ത്യയ്ക്ക് അഞ്ചാം ടി20യില്‍ മിന്നും വിജയം

ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ 36 റണ്‍സ് വിജയം നേടി ഇന്ത്യ. ഇന്ത്യ നേടിയ 224 റണ്‍സ് ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ജേസണ്‍ റോയിയെ നഷ്ടമായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ 130 റണ്‍സ് കൂട്ടുകെട്ടുമായി ബട്‍ലര്‍ – മലന്‍ കൂട്ടുകെട്ടാണ് ആദ്യ ഓവറില്‍ തന്നെ നേരിട്ട തിരിച്ചടിയില്‍ നിന്ന് ഇംഗ്ലണ്ടിനെ കരകയറ്റിയത്.

34 പന്തില്‍ 52 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂ നല്‍കിയത്. അധികം വൈകാതെ ജോണി ബൈര്‍സ്റ്റോയെയും ദാവിദ് മലനെയും ഒരേ ഓവറില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. ഹാര്‍ദ്ദിക് പാണ്ഡ്യ ഓയിന്‍ മോര്‍ഗനെയും വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് 130/1 എന്ന നിലയില്‍ നിന്ന് 142/5 എന്ന നിലയിലേക്ക് വീണു.

20 ഓവര്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് മാത്രമേ നേടിയുള്ളു. ഇന്ത്യയ്ക്കായി താക്കൂര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് നേടി.

സ്റ്റോക്സിന്റെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ, കളി മാറ്റിയത് ശര്‍ദ്ധുലിന്റെ ഓവര്‍

ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ടീമിനെ മൂന്നാമത്തെ വിജയത്തിലേക്ക് നയിച്ച് പരമ്പര സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ നിന്ന് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 177 റണ്‍സേ 8 വിക്കറ്റ് നഷ്ടത്തില്‍ നേടുവാനായുള്ളു. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-2ന് ഒപ്പമെത്തി.

ജോസ് ബട്‍ലറും(9) ദാവിദ് മലനും(14) വേഗത്തില്‍ പുറത്തായെങ്കിലും ജേസണ്‍ റോയ് 27 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ റണ്‍റേറ്റ് വരുതിയില്‍ തന്നെ നിര്‍ത്തുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയ റോയിയെ പുറത്താക്കുമ്പോള്‍ 66/3 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

65 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുവാന്‍ നോക്കിയപ്പോളാണ് 25 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ രാഹുല്‍ ചഹാര്‍ പുറത്താക്കിയത്. ലക്ഷ്യം അവസാന നാലോവറില്‍ 46 റണ്‍സെന്ന നിലയില്‍ എത്തി നില്‍ക്കുമ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂ ഇന്ത്യയ്ക്ക് നല്‍കിയത്. 23 പന്തില്‍ 46 റണ്‍സ് നേടി അപകടകാരിയായ സ്റ്റോക്സിനെ പുറത്താക്കിയ ശര്‍ദ്ധുല്‍ അതേ ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും വീഴ്ത്തി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.

അവസാന മൂന്നോവറില്‍ ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 39 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് എറിഞ്ഞ 18ാം  ഓവറില്‍ ഇംഗ്ലണ്ടിന് സാം കറനെയും നഷ്ടമായി. തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്.

അവസാന ഓവറില്‍ 23 റണ്‍സ് ജയത്തിനായി വേണ്ട ഘട്ടത്തില്‍ ഒരു ബൗണ്ടറിയും സിക്സും നേടി ജോഫ്ര ആര്‍ച്ചര്‍ ലക്ഷ്യം മൂന്ന് പന്തില്‍ 12 റണ്‍സാക്കിയതോടെ ഇംഗ്ലണ്ട് ക്യാമ്പില്‍ വീണ്ടും പ്രതീക്ഷയായി. ഇതിനൊപ്പം താക്കുര്‍ രണ്ട് വൈഡ് കൂടി എറിഞ്ഞപ്പോള്‍ ഇന്ത്യ മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആ ഓവറില്‍ ജോര്‍ദ്ദന്റെ വിക്കറ്റും വീഴ്ത്തി താക്കൂര്‍ ഇന്ത്യയെ 8 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

Exit mobile version